കൊടുത്തുമുടിഞ്ഞ മാവ്
ദിനവൃത്താന്തം
അപ്രശസ്തമായ കോളെജുകളിലും അപൂർവമായി ചിലപ്പോൾ നല്ല അധ്യാപകർ ഉണ്ടാകും. സിനിമയിൽ പാടാൻ അവസരം ലഭിക്കാത്തതുകൊണ്ടുമാത്രം പ്രശസ്തിയുടെ വെള്ളിവെളിച്ചം സ്പര്‍ശിക്കാതെ കടന്നുപോയ ഗായകരെപ്പോലെ. അതുപോലൊരു അധ്യാപകനായിരുന്നു കൊച്ചിൻ കോളെജിൽ ഞങ്ങളെ സാമ്പത്തികശാസ്ത്രം പഠിപ്പിച്ച ടി. പി. ജോര്‍ജ്. 1975 ആണ് കാലം, അടിയന്തരാവസ്ഥ. കൊച്ചിൻ കോളെജ് അന്ന് പ്രീഡിഗ്രി മാത്രം പഠിപ്പിക്കുന്ന ഒരു ജൂനിയർ കോളെജാണ്. നഗരത്തിലെ അതികായന്മാരായ സാമ്പത്തികശാസ്ത്ര അധ്യാപകരെല്ലാം മഹാരാജാസ് കോളെജിലാണ്. അവിടെ ഇക്കണോമിക്സ് എം.എയും ഉണ്ട്.
സ്‌കൂള്‍ക്ലാസിൽ സാമ്പത്തികശാസ്ത്രം പഠിച്ചിട്ടില്ലാത്തവരും മലയാളം മീഡിയത്തിൽ പഠിച്ചവരുമായ ഞങ്ങൾ ആശയക്കുഴപ്പങ്ങളുമായാണ് പ്രീഡിഗ്രി ക്ലാസിൽ ഹാജരാകുന്നത്. ക്ലാസുമുറിയിലെ ഇംഗ്ലീഷ് ലക്ച്ചറിങ് മനസ്സിലാകുമോ എന്ന സംശയം. മാത്രമല്ല, ഞങ്ങൾ പഠിച്ച സ്കൂളിൽ ആ വര്‍ഷം എസ്.എസ്.എൽ.സി വിജയം എട്ടു ശതമാനം മാത്രമായിയിരുന്നു. പരീക്ഷയെഴുതുന്ന മുഴവൻ വിദ്യാര്‍ഥികളെയും പാസാക്കുന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ചിട്ടില്ലാത്ത കാലമാണ്. ക്ലാസുമുറിയിലേക്ക് ആദ്യമായി കടന്നുചെന്ന ഞങ്ങളോട് അധ്യാപകൻ മലയാളത്തിലാണ് സംസാരിച്ചുതുടങ്ങിയത്: “രണ്ടും രണ്ടും കൂട്ടിയാൽ ഉത്തരം നാലായിരിക്കുമെന്നു മനസ്സിലാക്കാൻ പ്രൈമറി നിലവാരത്തിൽ ഗണിതം പഠിച്ച ആര്‍ക്കും കഴിയും. നിങ്ങളൊക്കെ അതിനുശേഷവും പഠിച്ചതുകൊണ്ടാണല്ലോ പ്രീഡിഗ്രി ക്ലാസിൽ എത്തിയത്. അത്തരം ലളിതഗണിതത്തെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ നിത്യജീവിതം. നിത്യജീവിതത്തിലെ സാമ്പത്തിക ക്രയവിക്രയങ്ങൾ വിശദീകരിക്കുന്ന മേഖലയാണ് ധനതത്ത്വശാസ്ത്രം. പ്രാഥമികഗണിതവും സാമാന്യയുക്തിയുമുള്ള ആര്‍ക്കും സാമ്പത്തികശാസ്ത്രം മനസ്സിലാകും.” ഞങ്ങളുടെ നിലവാരത്തിലുള്ള കുട്ടികള്‍ക്കും സാമ്പത്തികശാസ്ത്രം മനസ്സിലാകുമെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം.
80 കുട്ടികളാണ് ക്ലാസിൽ. ഇംഗ്ലീഷ് ലക്ച്ചറിങ് ആരംഭിക്കുന്നതിനുമുമ്പ് കുട്ടികള്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കാൻ വേണ്ടിയായിരിക്കണം പതിവില്ലാതെ അദ്ദേഹം മലയാളത്തിൽ സംസാരിച്ചത്. ഡിഗ്രി ക്ലാസിൽ ഞാൻ സാഹിത്യം തിരഞ്ഞെടുത്തെങ്കിലും പ്രീഡിഗ്രി ക്ലാസിൽ അധ്യാപകൻ പഠിപ്പിച്ച പ്രാഥമിക ധനതത്ത്വപാഠങ്ങളൊന്നും മറന്നില്ല. മാത്രമല്ല, ധനതത്ത്വശാസ്ത്ര വിഷയങ്ങളിൽ ജ്ഞാനികളായ അധ്യാപകരുമായി സംസാരിക്കാൻ ലഭിച്ച ഒരവസരവും പാഴാക്കിയുമില്ല. അതിന്റെയൊക്കെ പിന്‍ബലത്തിൽ ആയിരിക്കണം, പിന്നീടൊരു ജർമൻ ഇക്കണോമിസ്റ്റുമായി ഞാനൊരു അഭിമുഖ സംഭാഷണം നടത്തി പ്രസിദ്ധപ്പെടുത്തിയത്. കാര്യങ്ങൾ ലളിതമായി വിശദീകരിക്കുന്ന അധ്യാപകർ പഠിപ്പിക്കുന്ന പാഠങ്ങൾ ജീവിതകാലം മുഴുവൻ നമ്മളെ പിന്തുടരുമെന്നു തോന്നുന്നു. പരിമിതമായ വരുമാനംകൊണ്ട് കുടുംബം നടത്തിക്കൊണ്ടുപോകാൻ പാടുപെടുന്ന വീട്ടമ്മമാർ മൈക്രോലെവലിലും ധനമന്ത്രിമാർ മാക്രോലെവലിലും അനുഭവിക്കുന്ന പ്രയാസങ്ങൾ അടിസ്ഥാനപരമായി ഒന്നുതന്നെ. കൈയിൽ പണമില്ല, പണമുണ്ടാക്കാൻ എന്തുചെയ്യണം, കിട്ടിയപണം എങ്ങനെ വിതരണം ചെയ്യണം, എന്നതാണ് എല്ലാക്കാലത്തും ധനമന്ത്രിമാരുടെ തലവേദന. എങ്കിലും, രണ്ടും രണ്ടും കൂട്ടിയാൽ ഉത്തരം എത്രയായിരിക്കുമെന്നറിയാൻ ആരും സുപ്രീംകോടതിയെ സമീപിക്കില്ല. കണക്കുകളിൽ വൈരുധ്യങ്ങളുണ്ടെങ്കിൽ അതു പരിശോധിക്കാൻ ഒരു ധനകാര്യ വിദഗ്ദന്‍പോലും വേണ്ട, പരമാവധി നല്ലൊരു കണക്കുടീച്ചർ മതി. എന്നിട്ടും പ്രശ്നം നമ്മൾ സുപ്രീംകോടതിയിലെത്തിച്ചു. അപ്പോൾ, കേവല ഗണിതമല്ല പ്രശ്നം.
ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കരുതെന്ന് കരുതി, സാമ്പത്തികപ്രതിസന്ധിയുടെ യഥാർഥ കാരണം ഒരു സര്‍ക്കാരും ജനങ്ങളോട് തുറന്നുപറയില്ല. അതിന്റെ പരിണതിയാണ് ശമ്പളം വൈകുന്ന അവസ്ഥയിൽ കേരളത്തെ എത്തിച്ചത്. ധനകാര്യ യാഥാർഥ്യങ്ങളെക്കാൾ നമുക്ക് താത്പര്യം മുട്ടുശാന്തി പരിപാടികളിലാണ്.
സംസ്ഥാനത്തിന്റെ വരവുകോളത്തിൽ മുഖ്യസ്ഥാനമുണ്ടായിരുന്ന കൃഷി, മത്സ്യബന്ധനം, റബർ എന്നിവ മിക്കവാറും തകര്‍ന്നുകഴിഞ്ഞു. കേരളം മുഴുവൻ സഞ്ചരിച്ചവര്‍ക്ക് പ്രത്യേകിച്ചൊരു കണക്കുപുസ്തകവും പരിശോധിക്കാതെ അതുമനസ്സിലാകും. ഇത്രയും കടുത്ത സാമ്പത്തികപ്രതിസന്ധി നമ്മൾ അറിയാതെ പോയതിനു പ്രാധാനകാരണം നമുക്ക് ലഭിച്ചിരുന്ന ഗള്‍ഫ് പണമായിരുന്നു. ആ രംഗവും ഇപ്പോൾ പൊലിമ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഗള്‍ഫിൽ പൗരത്വം കിട്ടാൻ വിഷമമുള്ളതുകൊണ്ട് ആളുകൾ വീടുവയ്ക്കാനും വീട്ടുചെലവിനും നാട്ടിലേക്ക് പണമയക്കുമായിരുന്നു. എന്നാൽ, മറ്റുവിദേശരാജ്യങ്ങളിലേക്ക് കുതിക്കുന്ന കുട്ടികള്‍ക്ക് അവിടെ പൗരത്വംലഭിക്കാൻ സാധ്യതയുള്ളതുകൊണ്ട് വീടുവയ്ക്കാനും വീട്ടുചെലവിനും പണം ഇങ്ങോട്ടയക്കേണ്ട ആവശ്യമില്ല.
പിന്നെയുള്ള വരവ് വായ്പകളാണ്. പക്ഷേ, വായ്പകള്‍ക്കൊരു പ്രശ്നമുണ്ട്, തിരിച്ചടയ്ക്കണം. ധൂര്‍ത്തടിച്ചാൽ വായ്പയും പ്രശ്നമാകുമെന്ന് പഴയൊരു കഥയുടെ ആമുഖത്തിൽ സക്കറിയ സൂചിപ്പിച്ചിട്ടുണ്ട്.
“കണക്കപ്പിള്ളയുടെ വീട്ടിൽ വറക്കലും പൊരിക്കലും കണക്കുനോക്കുമ്പോൾ കരച്ചിലും പിഴിച്ചിലും.” ഇപ്പോൾ നമ്മുടെ അവസ്ഥയതാണ്. അല്ലെങ്കിൽ വായ്പയെടുക്കുന്ന തുക സാമ്പത്തിക വരുമാനമുണ്ടാക്കാൻ പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം. റോഡ് പണിയാൻ കടമെടുക്കുന്ന പണം ടോള്‍പിരിച്ച് തിരിച്ചടയ്ക്കാം. പക്ഷേ, ടോൾ പിരിവ് നമുക്കിഷ്ടമല്ല. സര്‍ക്കാർ ആശുപത്രികൾ നന്നായി നടക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, വരുമാനമുള്ളവര്‍പോലും ആശുപത്രികളിൽ യഥാർഥ ചികിത്സാചെലവ് നല്കുന്നത് ഇഷ്ടപ്പെടുന്നില്ല. സ്‌കൂളുകളും കോളെജുകളും നന്നായി നടക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അവ നടത്തിക്കൊണ്ടുപോകാൻ ആവശ്യമായ യാഥാർഥ ചെലവ് ഫീസായി നല്കാൻ വരുമാനമുള്ളവര്‍പോലും തയാറല്ല. ഇതുപോലെ എത്രയോ വിഷയങ്ങളുണ്ട്.
ജനങ്ങളിൽ മഹാഭൂരിപക്ഷവും പരമദരിദ്രരായിരുന്ന കാലത്ത് ആനുകൂല്യങ്ങൾ വാരിവിതറുന്നതിന് ഒരർഥമുണ്ടായിരുന്നു. കേരളത്തിലെ സ്‌കൂളുകളിലും കോളെജുകളിലും നിസ്സാരതുക ഫീസായി മുടക്കുന്നവരാണ് ഭാരിച്ച പണംമുടക്കി പഠിക്കാൻ വിദേശങ്ങളിലേക്ക് പറക്കുന്നതും വലിയ സ്വകാര്യ ആശുപത്രികളിൽ ഭാരിച്ച പണംമുടക്കി ചികിത്സിക്കുന്നതും കേന്ദ്രസര്‍ക്കാർ പണിത റോഡുകളിലൂടെ ടോൾ കൊടുത്ത് യാത്രചെയ്യുന്നതും. പക്ഷേ, കേരളത്തിൽ സർവര്‍ക്കും സർവതും സൗജന്യമായിരിക്കണം.
ഇക്കണോമിക്സിന് നൊബേൽ സമ്മാനം ലഭിച്ച ബംഗ്ലാദേശി പ്രഫസർ മുഹമ്മദ് യൂനുസ് പാവങ്ങളുടെ ബാങ്കർ എന്നാണ് അറിയപ്പെട്ടത്. Banker to the Poor എന്ന പേരിൽ അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകവുമുണ്ട്. അതിൽ അദ്ദേഹം എഴുതി: “ദരിദ്രരെയും ദരിദ്രരല്ലാത്തവരെയും ഒരേ പദ്ധതിക്കുകീഴിൽ കൊണ്ടുവന്നാൽ ദരിദ്രരല്ലാത്തവർ ദരിദ്രരെ പുറത്താക്കും. അല്പമാത്രദാരിദ്ര്യമുള്ളവർ കടുത്തദാരിദ്ര്യമുള്ളവരെ പുറത്താക്കും. തുടക്കത്തില്‍ത്തന്നെ സുരക്ഷാമാര്‍ഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ ഈ പ്രക്രിയ അനന്തമായി തുടരും.”
കൊടുത്തുമുടിഞ്ഞ മാവ്, എന്ന ശീര്‍ഷകത്തിൽ മഹാകവി പി. കുഞ്ഞിരാമന്‍നായരുടെ പ്രശസ്തമായൊരു കവിതയുണ്ട്. ഉള്ളതെല്ലാം ചോദിച്ചവര്‍ക്ക് വാരിക്കോരിക്കൊടുത്ത് അവസാനം മുടിഞ്ഞുപോയ മാവ് പഴയ ഇന്ത്യയാണ്, ഒടുവിൽ അന്യാധീനപ്പെട്ട ഇന്ത്യ. അന്യാധീനപ്പെടാതെ, തുടര്‍ന്നും ദരിദ്രരെ സഹായിക്കണമെന്നുണ്ടെങ്കിൽ വരുമാനം വര്‍ധിപ്പിക്കുന്നകാര്യവും നമ്മൾ ആലോചിക്കണം.
തിരഞ്ഞെടുപ്പ്
യൂജിൻ അയനെസ്കോയുടെ വിഖ്യാത നാടകമാണ് ‘റൈനോസറസ്’, കാണ്ടാമൃഗം. ‘നെറ്റിക്കൊമ്പൻ’ എന്നപേരിൽ അതിനൊരു മലയാള പരിഭാഷയുമുണ്ട് . പരിചിതരായ മനുഷ്യർ നെറ്റിയിൽ കൊമ്പുമുളച്ച് പെട്ടെന്ന് കാണ്ടാമൃഗമായി മാറുന്ന കാഴ്ചയാണ് നാടകത്തിൽ. ഫാസിസ്റ്റ് വിരുദ്ധധ്വനിയുള്ള നാടകമാണ്. അതുവരെ മറ്റേതെങ്കിലും പാര്‍ട്ടിയിൽ പ്രവര്‍ത്തിച്ച് മേല്‍വിലാസം ഉണ്ടാക്കിയവരോ, അവരുടെ മക്കളോ ആണ്, നെറ്റിയിൽ കൊമ്പുമുളച്ച് പെട്ടെന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയിലേക്ക് ഓടുന്നത്. രാഷ്ടീയത്തിൽ കൂട്ടയോട്ടം ഇതാദ്യമല്ല. 69-ൽ കോണ്‍ഗ്രസ് പിളര്‍ന്നപ്പോൾ സംഘടനാപക്ഷത്തുനിന്ന് ഇന്ദിരാപക്ഷത്തേക്ക് ഇതുപോലൊരു കൂട്ടയോട്ടം ഉണ്ടായിരുന്നു. 64 -ൽ സി.പി.ഐ പിളര്‍ന്നപ്പോൾ സി.പി.എം പക്ഷത്തേക്കും കൂട്ടയോട്ടമായിരുന്നു. കൂടുതല്‍പ്പേർ ഓടിയെത്തിയ ഭാഗം തിരഞ്ഞെടുപ്പിൽ വിജയിക്കും. ശരിതെറ്റുകൾ അവിടെ പ്രസക്തമല്ല. വിജയം സർവതും ന്യായീകരിക്കും.
സ്ഥാനാര്‍ഥികളുടെ യോഗ്യതകളെക്കുറിച്ച് പാര്‍ട്ടികൾ മേനിപറയുമെങ്കിലും അതിനെ അടിസ്ഥാനമാക്കിയാണോ ജനങ്ങൾ വോട്ടുചെയ്യുന്നതെന്ന് അന്വേഷിച്ചത് യുവാൽ നോവ ഹരാരിയാണ്. രാജ്യഭരണത്തെക്കുറിച്ചോ രാജ്യാന്തര ബന്ധങ്ങളെക്കുറിച്ചോ ധാരണയില്ലാത്തവര്‍ക്കും വോട്ടുണ്ട്. വോട്ടുചെയ്യുമ്പോഴുള്ള വോട്ടര്‍മാരുടെ വികാരമാണ് മുഖ്യം.
ബംഗാളിലെ സന്ദേശ്ഖാലി, കേരളത്തിലെ വന്യജീവി ആക്രമണം, സി.ബി.ഐ അന്വേഷണം ആരംഭിച്ച സിദ്ധാര്‍ത്ഥൻ കേസ്, അഭിമന്യുവിന്റെ കാണാതായ കോടതി രേഖകൾ, പൂഞ്ഞാർ പള്ളിമുറ്റത്ത് പരിക്കേറ്റ അച്ചൻ, പത്മജ ഉള്‍പ്പെടെയുള്ളവരുടെ പാര്‍ട്ടിമാറ്റം, ഇന്‍തിഫാദ തടങ്ങിയ എത്രയോ വിഷയങ്ങൾ തിരഞ്ഞെടുപ്പിനുമുമ്പ് നമ്മൾ കേട്ടു. എങ്കിലും അവസാനലാപ്പ് കേരളത്തിലെ മൂന്നുമുന്നണികളും വോട്ടര്‍മാരെ വൈകാരികമായി സ്വാധീനിക്കാൻ കഴിയുന്ന മൂന്നുവിഷയങ്ങൾ ഫോക്കസ് ചെയ്യുമെന്നാണ് തോന്നുന്നത്. ഒന്നാം പിണറായി സര്‍ക്കാരിനോളം നന്നല്ല രണ്ടാം പിണറായി സര്‍ക്കാരെന്ന് യുഡിഎഫും, ഏതുനിമിഷവും ബി.ജെ.പിയിലേക്ക് കൂറുമാറാൻ ഇടയുള്ള കോണ്‍ഗ്രസ് എം.പിമാരെ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുത്തുവിട്ടിട്ട് കാര്യമില്ലെന്ന് എൽ.ഡി.എഫും വാദിക്കും. ഹിന്ദുവികാരവും മോഡിപ്രതിച്ഛായയും എൻ.ഡി.എ ഉത്തേജിപ്പിക്കും. ചിലപ്പോൾ ഇതിനെയെല്ലാം മറികടന്ന് ഇലക്ടറല്‍ബോണ്ടും പൗരത്വപ്രശ്നവും തിരഞ്ഞെടുപ്പിന്റെ കേന്ദ്രബിന്ദുവായി മാറിയെന്നും വരാം. എവിടെ ഫോക്കസ് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് വോട്ടര്‍മാരാണ്.
ചിഹ്നശാസ്ത്രം
ലോകവ്യവഹാരങ്ങൾ ചിഹ്നങ്ങള്‍കൊണ്ട് വ്യാഖ്യാനിക്കാൻ കഴിയുമെന്ന് സെമിയോട്ടിക്സ് പഠിച്ചവർ പറയുന്നു. തിരഞ്ഞെടുപ്പുകളിൽ വോട്ടര്‍മാരുടെ കൈയിൽ മഷിപുരട്ടുന്നത് ചൂണ്ടുവിരലിലാണ്. സ്ഥാനാര്‍ഥിയെ ചൂണ്ടിക്കാട്ടാനാണല്ലോ വോട്ടര്‍മാർ പോളിങ് ബൂത്തിൽ ചെല്ലുന്നത്. ചൂണ്ടുവിരൽ നഷ്ടപ്പെട്ടവർ കൈയുടെ ഏതുഭാഗങ്ങൾ ഉപയോഗിച്ചാണോ ചൂണ്ടിക്കാട്ടുന്നത്, ആ ക്രമത്തിൽ വേണം മഷിപുരട്ടാനെന്ന് ഇലക്ഷൻ കമ്മീഷന്റെ പറയുന്നു. പ്രപഞ്ചം ചിഹ്നങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നത് പഠിപ്പിക്കുന്ന ശാസ്ത്രശാഖയാണ് സെമിയോട്ടിക്സ്. ഗാന്ധിജിയുടെ വേഷത്തിൽ നമുക്ക് ചെഗുവേരയെ സങ്കല്പിക്കാൻ പററില്ല; മറിച്ചും. അച്ചന്റെ കസേരയിൽ കപ്യാർ ഇരിക്കില്ല, ബിഷപ്പിന്റെ കസേരയിൽ അച്ചനും. ഓഫീസിലായാലും പാര്‍ട്ടിയിലായാലും മറ്റെവിടെയായാലും ചിഹ്നങ്ങള്‍കൊണ്ട് അധികാരഘടന വ്യക്തമാകും. അതുകൊണ്ടാണ് സാർ വിളി വേണ്ടെന്നു പറയുന്ന മന്ത്രിയും പോലീസിന്റെ സല്യൂട്ട് സ്വീകരിക്കുന്നത്. പലപല അധികാര ചിഹ്നങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ് ലോകം.
ഒന്നുകൂടി വ്യക്തമാക്കാം, ഡാൻ ബ്രൗൺ എഴുതിയ ഡാവിഞ്ചി കോഡ് വായിക്കണം. സെമിയോട്ടിക്സിന്റെ സാധ്യതകൾ ഉപയോഗിച്ചെഴുതിയ നോവലായതുകൊണ്ട് സെമിയോട്ടിക്സ് മനസ്സിലാക്കാൻ വേണ്ടിയും ഡാവിഞ്ചി കോഡ് വായിക്കാം. മീറ്റിങ്ങുകള്‍ക്കുമുണ്ട് പഴയൊരു അധികാരഘടന. സ്വാഗതം, ഉപക്രമപ്രസംഗം, ഉദ്ഘാടനം, പ്രസംഗങ്ങൾ, ഉപസംഹാരപ്രസംഗം, കൃതജ്ഞത എന്നിങ്ങനെ. ഉപക്രമവും ഉപസംഹാരവും അധ്യക്ഷന്റെ കൈയിലായതുകൊണ്ട് കഥകളിയിലെ പാട്ടുകാരനെപ്പോലെ കളി നിയന്ത്രിക്കുന്നത് അദ്ദേഹമാണ്. യൂറോപ്പിൽ ജനാധിപത്യം കൂടുതൽ ശക്തമായപ്പോൾ അധ്യക്ഷന്റെ ആശയക്കുത്തക മീറ്റിങ്ങുകളിൽ ആവശ്യമില്ലെന്ന് അവർ തീരുമാനിച്ചു, പകരം കോമ്പയറർ വന്നു. കോമ്പയറർ പ്രാസംഗികരെ ക്ഷണിക്കും. ഓരോ പ്രാസംഗികനും അവരവരുടെ ആശയങ്ങൾ അവതരിപ്പിക്കുന്നതോടെ യോഗം അവസാനിച്ചതായി കോമ്പയറർ അറിയിക്കും.
നമ്മുടെ നാട്ടിൽ കോമ്പയറർ വന്നെങ്കിലും പഴയ വച്ചുകെട്ടുകൾ ഒന്നും പോയില്ല. കോമ്പയറർ പോസിറ്റീവായി പറഞ്ഞ കമന്റിനോടും മുഖ്യമന്ത്രി അനിഷ്ടം പ്രകടിപ്പിച്ചതാണ് കഴിഞ്ഞമാസത്തെ വാര്‍ത്ത. മുഖ്യമന്ത്രി ക്ഷോഭിക്കുന്നത് കേരളത്തിൽ സാധാരണ കാര്യമായതുകൊണ്ട് കാരണം നമുക്ക് ഈഹിക്കാൻ മാത്രമേ കഴിയൂ. പ്രായം, ഭരണ സമ്മർദങ്ങൾ, രോഗം, അനാരോഗ്യം തൂടങ്ങി പലതുമുണ്ടാകാം. പക്ഷേ, മന്ദസ്മിതത്തോടെ വിയോജിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
കവിയച്ഛൻ
1956-ൽ, അകിര കുറസോവ സംവിധാനംചെയ്ത വിഖ്യാത ജാപ്പനീസ് ചലച്ചിത്രമാണ് ‘റാഷമോൺ’. ഒരേകഥ നാലുപേർ പറയുമ്പോൾ നാലായി മാറുന്നതാണ് സിനിമയുടെ മര്‍മം. ഓരോരുത്തരും കാണുന്ന പ്രതലമനുസരിച്ച് കഥയും കഥയുടെ ആഖ്യാനവും മാറും. ആത്മകഥ എഴുതിയയാൾ അതിൽ മുഴുവൻ സത്യമാണെന്ന് ശഠിച്ചിട്ടു കാര്യമില്ല. വേറൊരു ദൃശ്യതലത്തിൽ ആത്മകഥാകാരന്റെ ജീവിതം മറ്റൊരാൾ മറ്റൊരു രീതിയിൽ നിരീക്ഷിച്ചിട്ടുണ്ടാകാം. അയാൾ അതെഴുതുകയും ചെയ്യും. പരമമായ സത്യമല്ല, സത്യത്തിലേക്കുള്ള വഴികൾ മാത്രമാണ് എല്ലാ എഴുത്തുകളും. ബൈബിളിൽ യേശുദേവന്റെ കഥ നാലുപേർ പറയുന്ന ആഖ്യാനസവിശേഷത കുറസോവയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ചലച്ചിത്രനിരൂപകർ പറയുന്നത്. മൂന്നോ നാലോ തരത്തിലുള്ള ആഖ്യാന മാതൃകകൾ മാത്രം പരിചയമുള്ള മലയാള സാഹിത്യത്തിന് മുപ്പതിലേറെ ആഖ്യാന മാതൃകകൾ പരിചയപ്പെടുത്തുന്ന നരേറ്റോളജി ഒരു പരിചിത മേഖലയല്ല.
ആഖ്യാനകലയിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും, കവിയുടെ ആത്മകഥ കവിയെഴുതുന്നതും, കവിയുടെ മകളോ മകളുടെ മകളോ കവിയുമായുള്ള ഓര്‍മകൾ പങ്കുവയ്ക്കുന്നതും നമ്മളെ ആകര്‍ഷിക്കും. അതുകൊണ്ടാണ് ഈയിടെ വെളിച്ചംകണ്ട, ‘ഓര്‍മയിലെ കവിയച്ഛൻ’ എന്ന പുസ്തകം ശ്രദ്ധേയമായത്.
മഹാകവി പി. കുഞ്ഞിരാമന്‍നായരുടെ മകൾ വി. ലീല അമ്മാൾ, മകളുടെ മകൾ ജയശ്രീ വടയക്കളം എന്നിവർ ചേര്‍ന്നെഴുതിയ ഈ ചെറുപുസ്തകം നമ്മുടെ ഓര്‍മകളിലേക്ക് മഹാകവിയെ പൂനരാനയിക്കുന്നു. പണ്ട്, അതിമനോഹരമായ ഒരാത്മകഥ, ‘കവിയുടെ കാല്പാടുകൾ’ എന്നപേരിൽ മഹാകവി എഴുതിയിട്ടുണ്ട്. ഉന്മാദസദൃശമായ കവിയുടെ കാവ്യജീവിതം, ‘നിത്യകന്യകയെ തേടി’ എന്ന ശീര്‍ഷകത്തിലും നമുക്കു വായിക്കാം. ഒരുപാട് എഴുത്തുകാർ മഹാകവിയെക്കുറിച്ച് ഓര്‍മക്കുറിപ്പുകളും എഴുതിയിട്ടുണ്ട്. അതിൽ ചിലതെങ്കിലും മഹാകവിയുടെ മഹത്ത്വം മനസ്സിലാക്കാത്ത എഴുത്തായതുകൊണ്ടായിരിക്കണം ഇപ്പോൾ ഇങ്ങനെയൊരു പുസ്തകം. പഴയ ഗ്രാമീണകേരളത്തിലെ ആഹാരം, വസ്ത്രം, ബന്ധങ്ങൾ, വിശ്വാസം, രാഷ്ടീയം, നടപ്പുവഴികൾ തുടങ്ങി പലതും ഈ പുസ്തകത്തിൽ വായിക്കാം. സ്വന്തം കുടുംബത്തെ ഹൃദയപൂര്‍വം സ്നേഹിച്ച മഹാകവിയുടെ ചിത്രമാണ് ഈ പുസ്തകത്തിൽ തെളിയുന്നത്.
സ്‌കോട്ടിഷ് യാത്ര
ലോകം മാസ്‌കിൽ വീർപ്പുമുട്ടുന്ന കാലത്താണ് ഞാന്‍, കുടുംബസമേതം സ്‌കോട്ട്‌ലാൻഡിലേക്ക് യാത്രതിരിച്ചത്. ആറുമാസം അവിടെയായിരുന്നു. എലിസബത്ത് രാജ്ഞി അന്തരിക്കുമ്പോൾ ഞങ്ങൾ സ്‌കോട്ട്‌ലാന്‍ഡിലുണ്ട്. മാസ്‌ക് ധരിച്ച് വീട്ടില്‍നിന്ന് നെടുമ്പാശ്ശേരി, ദുബായ്, ഇംഗ്ലണ്ടിലെ ന്യൂ കാസിൽ, സ്‌കോട്ട്‌ലാന്‍ഡിലെ എഡിന്‍ബര്‍ഗ് വഴി ഡന്‍ഡിവരെ നീളുന്ന യാത്ര. പൊതുവിൽ തണുത്തുറഞ്ഞ കാലാവസ്ഥയാണ് യൂറോപ്പിൽ. സ്കോട്ട്‌ലാന്‍ഡിൽ ശൈത്യം കൂടും. വീട്ടില്‍നിന്ന് ന്യൂ കാസിൽ എയര്‍പോര്‍ട്ടിൽ വിമാനമിറങ്ങുംവരെ സർവസ്ഥലങ്ങളിലും മാസ്‌ക് ധരിച്ചവരുടെ ലോകമാണ്. പക്ഷേ, ന്യൂ കാസിൽ എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തുകടന്നപ്പോൾ മാസ്‌ക് ധരിച്ചവരെ കാണാനില്ല. തണുപ്പം മാസ്‌ക് ധരിച്ചവരുടെ അഭാവവുമാണ് നമ്മൾ ആദ്യം ശ്രദ്ധിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഭരണത്തിന്റെ നാളുകളാണ്. കോവിഡ്കാലത്ത് എല്ലായിടത്തും ഭരാണാധികാരികൾ പൗരന്മാരെ കാര്യമായി പരിഗണിച്ചിരുന്നു, ബോറിസ് ജോണ്‍സനും. ഇവിടെ കിറ്റ് നല്കിയിരുന്നെങ്കിൽ അവിടെ ഹോട്ടൽ ഭക്ഷണത്തിന് പകുതി പണം നല്കിയാൽ മതിയായിരുന്നു. ബാക്കി പണം സര്‍ക്കാർ നല്കും. ഓരോ നാട്ടിലും ഭരണാധികാരികൾ അങ്ങനെ ശ്രദ്ധിച്ചതുകൊണ്ടാണ് ലോകത്തൊരിടത്തും കോവിഡ്കാലത്ത് പട്ടിണിമരണം ഉണ്ടാകാതിരുന്നത്.
എല്ലാം ശരിയായി നടന്നുവെങ്കിലും ആയിടയ്ക്ക് ബോറിസ് ജോണ്‍സൺ മാസ്ക് ധരിക്കാതെ ഒരു പാര്‍ട്ടിയിൽ പ്രത്യക്ഷപ്പെട്ടത് വാര്‍ത്തയായി. ബ്രിട്ടീഷുകാര്‍ക്ക് ജനാധിപത്യബോധം കലശലാണ്. നാട്ടുകാരെ മുഴുവൻ മാസ്ക് ധരിപ്പിച്ച പ്രധാനമന്ത്രി മാസ്‌ക് ധരിക്കാതെ പാര്‍ട്ടിയിൽ പ്രത്യക്ഷപ്പെടുകയോ? മാസ്ക് ധരിക്കാതെതന്നെ ജനം തെരുവിലിറങ്ങി. പ്രധാനമന്ത്രിക്ക് ബാധകമല്ലാത്ത മാസ്‌ക് പൗരന്മാര്‍ക്കും ബാധകമല്ലെന്ന് പ്രഖ്യാപിച്ചാണ് അവർ തെരുവിലിറങ്ങിയത്. ലോകം മുഴുവൻ മാസ്ക് ഉണ്ടായിരുന്നപ്പോഴും ബ്രിട്ടനിലെ മാസ്‌ക് യുഗം അവസാനിച്ചത് അങ്ങനെയാണ്. അധികം താമസിയാതെ ബോറിസ് ജോണ്‍സൻ രാജിവെച്ച് ഒഴിയുകയും ചെയ്തു. നമ്മുടേതുപോലെ നിത്യവും പ്രകടനങ്ങൾ അരങ്ങേറുന്ന നാടല്ല യൂറോപ്പ്. നടന്നാൽ വലിയ പ്രകമ്പനമായി അതുവികസിക്കുകയും ചെയ്യും. ഓരോ ദേശത്തിനും അതിന്റേതായ യുക്തികളുണ്ടെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നത് അത്തരം സന്ദര്‍ഭങ്ങളാണ്.