സംഭാഷണം – ടി.കെ.സന്തോഷ് കുമാർ /മനു അച്ചുതത്ത്
പരമ്പരാഗതമാധ്യമങ്ങൾക്ക് ഇന്നത്തെകാലത്ത് പ്രസക്തിയുണ്ടോ? അവയ്ക്ക് വിവരസാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ ഉള്‍ക്കൊള്ളാൻ സാധിച്ചിട്ടുണ്ടോ? പരമ്പരാഗത അച്ചടി–ദൃശ്യമാധ്യമങ്ങളുടെ ഭാവി എന്തായിരിക്കും?
ടെലിവിഷൻ ഗൃഹസദസ്സുകളെ കീഴടക്കിയ സമയത്ത് ഉയർന്ന ചോദ്യം, പത്രങ്ങളും പുസ്തകങ്ങളും ഇനി ആരെങ്കിലും വായിക്കുമോ എന്നതായിരുന്നു. അച്ചടിമുതലാളിത്തം (Print Capitalism) അവസാനിച്ചു എന്ന തോന്നലാണ് അന്നുണ്ടായത്. ഡിജിറ്റൽമുതലാളിത്തം (Digital Capitalism) ശക്തമായപ്പോൾ ദൃശ്യമുതലാളിത്തം (Visual Capitalism) തകർന്നു എന്ന തോന്നൽ ജനിച്ചു. ഇവിടെ അച്ചടി,ദൃശ്യമാധ്യമങ്ങൾ വിവരസാങ്കേതികവിദ്യയുടെ കുതിപ്പോടെ പരമ്പരാഗതമാധ്യമങ്ങളുടെ ശ്രേണിയിൽ ആയിത്തീർന്നു. ഇത് ഒഴിവാക്കാനാകാത്ത മാറ്റമാണ്. ഇൻഫർമേഷൻ ടെക്നോളജി (IT)യുടെ മേഖലയിൽ അനുനിമിഷം സ്ഫോടനാത്മകമാറ്റങ്ങൾ സംഭവിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ പഠനഗവേഷണങ്ങൾ വിനിമയ പ്രക്രിയയെ നാളിതുവരെയില്ലാത്ത വിധം മാറ്റിമറിക്കുന്നു. സ്വാഭാവികമായും ഓരോ മാധ്യമത്തിനും സാങ്കേതികശക്തിയും ദൗർബല്യവും ഉണ്ടാവും. അച്ചടിമാധ്യമത്തിന് ഒരിക്കലും ദൃശ്യമാധ്യമത്തിന്റെ ചലനാത്മകത സൃഷ്ടിക്കാനാവില്ല. ദൃശ്യമാധ്യമത്തിന് -ടെലിവിഷന്- സോഷ്യൽമീഡിയയുടെ സ്വഭാവം സ്വീകരിക്കാനുമാവില്ല. ഉള്ളടക്കനിർമിതി, വിന്യാസരീതി എന്നിവയുടെ തലങ്ങളിൽ ഇപ്പോൾ മിക്കമാധ്യമങ്ങളും സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. അച്ചടി-ദൃശ്യമാധ്യമങ്ങൾ സൈബറിടം കാര്യമായി ഉപയോഗിക്കുന്നു. മിക്ക അച്ചടിപ്പതിപ്പുകളിലും ക്യു.ആർ.കോഡുവഴി ഉള്ളടക്കം കേൾക്കാൻ കഴിയുന്നു. ആഴ്ചപ്പതിപ്പുകളിൽ എഴുത്തുകാരുടെ ശബ്ദത്തിൽത്തന്നെ രചനകൾ ലഭ്യമാകുന്നു. ഓൺലൈനിൽ പത്രവാർത്തകൾ പൂർണമായും കാണുകയും വായിക്കുകയും കേൾക്കുകയും ചെയ്യാം. ഫോട്ടോകളിൽനിന്ന് വീഡിയോയിലേക്ക് ദൃശ്യങ്ങൾ ചലനപ്പെടുന്നു. ദൃശ്യമാധ്യമ ഉള്ളടക്കം തൽസമയം ഓൺലൈനിൽ ലഭിക്കുന്നു. പൊതുവിൽ നിരന്തരമാറ്റങ്ങൾക്ക് മാധ്യമരംഗം വിധേയമായിക്കഴിഞ്ഞു. സ്മാർട്ട്ഫോണിലേക്ക് എല്ലാ മാധ്യമങ്ങളും ചുരുങ്ങിയിരിക്കുന്നു. ഫോട്ടോയ്ക്കും വീഡിയോയ്ക്കും എഴുത്തിനും കാഴ്ചയ്ക്കും കേൾവിക്കുമെല്ലാം ഒറ്റ ഉപകരണം മതി. ഇപ്പോൾ എഴുതേണ്ടതില്ല. പറഞ്ഞാൽ എഴുതിക്കിട്ടുന്ന നിലയായി. ഖരാവസ്ഥയിൽനിന്ന് ദ്രവാവസ്ഥയിലേക്കുള്ള ഒഴുകിവിരിയലാണ് സംഭവിച്ചിരിക്കുന്നത്. ഇന്നു നാം ഒരു സ്ഥിരം മാറ്റത്തിന്റെ പരിതസ്ഥിതിയിലാണ് ജീവിക്കുന്നതെന്നും മനുഷ്യസമൂഹത്തിന്റെ സാധാരണസ്ഥിതിയായി ആ മാറ്റം സംഭവിച്ചിരിക്കുന്നുവെന്നും സിഗ്മൺഡ് ബൗമൻ ഈ ഒഴുകിപ്പരക്കലിനെ രേഖപ്പെടുത്തിയത് പ്രസക്തമാണ്. ഈ മാറ്റം പ്രധാനമാണ്. മാധ്യമങ്ങൾ വിഭിന്നതലങ്ങളിൽ ഈ മാറ്റത്തെ ഉൾക്കൊണ്ട് പുതുരൂപങ്ങളിൽ നിലനില്കുകതന്നെ ചെയ്യും. നമ്മുടെ വായനയുടെ ഉപകരണങ്ങളും മാറിക്കഴിഞ്ഞു. വായിക്കേണ്ടതില്ല, എല്ലാം കേൾക്കാം എന്ന നില അറിവിന്റെ ജനാധിപത്യവത്കരണത്തെയാണ് സൂചിപ്പിക്കുന്നത്. സാക്ഷരത അറിവിനെ കുത്തകവത്കരിച്ചു. നിരക്ഷരർക്കും അറിവു ലഭിക്കാൻ ഇലക്ട്രോണിക് മാധ്യമങ്ങൾ സഹായിച്ചു. മാർഷൽ മക്‌ലൂഹൻ ‘ഗുട്ടൻബർഗ് ഗാലക്സി’ എന്ന പുസ്തകത്തിൽ ഈ സ്ഥിതിവിശേഷത്തെ, മനുഷ്യസമൂഹത്തിന്റെ പുനർഗോത്രീകരണം എന്നാണ് വിശേഷിപ്പിച്ചത്. ഗോത്രകാലത്ത് വാമൊഴി വിനിമയമായിരുന്നല്ലോ പ്രധാനം. ഇനി മാധ്യമഗണങ്ങളിൽ പഴയത് പുതിയത് എന്ന സങ്കല്പം നിലനില്ക്കില്ല.
ഉള്ളടക്കത്തിന്റെ കാര്യത്തിൽ എഡിറ്ററുടെ നിയന്ത്രണത്തിലല്ലാതെ പ്രവർത്തിക്കുന്ന സൈബർ ഇടം ജനാധിപത്യത്തിലെ ഏറ്റവും വലിയ മാധ്യമതുറസ്സാണ്. ഒരേസമയം സിറ്റിസൺ ജേണലിസവും നെറ്റിസൺ ജേണലിസവും യാഥാർഥ്യമാകുന്നു. ഇതു മാധ്യമപ്രവർത്തനത്തിലെ വലിയ മുന്നേറ്റമാണ്. പക്ഷേ, ആധികാരികത, വിശ്വാസ്യത, സഭ്യത, ധാർമികത, നൈതികത തുടങ്ങിയ പരമ്പരാഗത മാധ്യമമൂല്യങ്ങൾ ഇല്ലാതാവുന്നു. വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നു. എങ്ങനെ നമുക്ക് ഇതിനെ മറികടക്കാന്‍ പറ്റും?
പൗരർ പൗരധർമം പാലിക്കുകയേ നിർവാഹമുള്ളൂ. ഉത്തരവാദിത്വബോധത്തോടെ മാധ്യമങ്ങളെ ജനം ഉപയോഗിക്കേണ്ടിയിരിക്കുന്നു. കാലോചിതനിയമങ്ങൾ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കാതെ രൂപപ്പെടുത്തേണ്ടതുണ്ട്. ഭരണഘടനയെ അടിസ്ഥാനമാക്കി നിലനില്ക്കുന്ന രാജ്യത്ത് പൗരസ്വാതന്ത്ര്യം പരമപ്രധാനമാണ്. അതു സംരക്ഷിക്കണം. ആധികാരികതയും ഉത്തരവാദിത്വവും ഇല്ലാതെ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ചേ മതിയാകൂ. എന്റെ സ്വാതന്ത്ര്യം മറ്റൊരാളിന്റെ മൂക്കിന്റെ തുമ്പത്ത് അവസാനിക്കുന്നതാണ്. ഭരണഘടന അനുവദിച്ചിട്ടുള്ള ‘ഫ്രീഡം ഓഫ് എക്സ്പ്രഷൻ’ എന്ന ഒറ്റ സ്വാതന്ത്ര്യം മാത്രമേ മാധ്യമങ്ങൾക്കുള്ളൂ. അത് എന്തും പറയാനും പ്രവർത്തിക്കാനുമുള്ള ലൈസൻസല്ല. മറിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള അധികാരമാണ്. ആധികാരികത, വിശ്വാസ്യത, സഭ്യത, ധാർമികത, നൈതികത എന്നിവയെല്ലാം സംരക്ഷിക്കപ്പെടണം. സാങ്കേതികവിദ്യ മനുഷ്യരാശിയുടെ കുതിപ്പിനാണ് ഉപയോഗിക്കേണ്ടത്. സഹവർത്തിത്വവും സഹിഷ്ണുതയും സമഭാവനയും സോദരത്വവും തുല്യതയുമാണ് പ്രധാനം.
ഇതോടൊപ്പം വളര്‍ന്നുവന്ന മറ്റൊരു സംഗതിയാണ് സൈബർസാഹിത്യം അല്ലെങ്കിൽ നവമാധ്യമസാഹിത്യം. ഇത് പുതിയ എഴുത്തുകാരില്‍ വലിയ ചലനംതന്നെ സൃഷ്ടിച്ചിട്ടുണ്ട്. വ്യവസ്ഥാപിത സാഹിത്യത്തിന്റെ ഭിന്നരൂപങ്ങൾ എല്ലാംതന്നെ ഇന്ന് നവമാധ്യമാങ്ങളിലും സാധ്യമാണ്. മാത്രമല്ല വ്യവസ്ഥാപിത സാഹിത്യത്തിന്റെ പ്രചരണോപാധിയും വിപണനം നിയന്ത്രിക്കുന്നതും ഈ മാധ്യമമാണ്. എങ്ങനെ ഈ പ്രതിഭാസത്തെ നോക്കിക്കാണുന്നു?
സാഹിത്യചരിത്രം സൂക്ഷ്മായി പരിശോധിച്ചാൽ മാധ്യമങ്ങളുടെ സ്വാധീനത ഭാഷയിലും സാഹിത്യത്തിലും സംഭവിച്ചതിന്റെ നേർരേഖകൾ കണ്ടെത്താം. ഭാഷയെയും ഭാവുകത്വത്തെയും മാധ്യമങ്ങൾ അഴിച്ചുപണിതിട്ടുണ്ട്. ഇപ്പോഴും അതു സംഭവിക്കുന്നു. ഡിജിറ്റൽ ക്യാപ്പിറ്റലിസത്തിന്റെ അപഹാരം എഴുത്തിനെ മാറ്റിക്കഴിഞ്ഞു. സാഹിത്യത്തിന്റെ ഉത്പാദന, വിനിമയ, വിതരണരംഗത്തെല്ലാം മാറ്റങ്ങൾ വന്നുകഴിഞ്ഞു. കാർണിവലുകളുടെ കാലമാണിത്. മിഖേയേൽ ബക്തിന്റെ ചിന്താസരണിയിലെ പ്രധാന ആശയമായ കാർണിവൽ തന്നെ. കെട്ടുകാഴ്ചകളുടെ ലോകം. എഴുത്തും അങ്ങനെയായിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അഥവാ നിർമിതബുദ്ധി (നിബു) ഭാഷയെയും സർഗാത്മകസാഹിത്യത്തെയും കീഴ്മേൽനിറുത്തുകയാണ്. യന്ത്രസരസ്വതിയുടെ തിറയാട്ടം. അല്ലെങ്കിൽ കോൽക്കളി. തോൽപ്പാവക്കൂത്ത് എന്നതായിരിക്കും കുറച്ചു കൂടി ഇണക്കം. നിഴൽനാടകം ആണല്ലോ. ഏതാണ് ഒറിജിനൽ, ഏതാണ് ഡ്യൂപ്ലിക്കേറ്റ് എന്നറിയാൻ കഴിയാത്തവിധമുള്ള കൃത്രിമപൂർണത. പ്രതീതി. ഒരു തരം കയോസ്. വാസ്തവത്തിൽ ഇതെല്ലാം മനുഷ്യാനുഭവത്തിന്റെ ചൂടും ചൂരും നിറഞ്ഞ ഭാഷാക്രമത്തിനു മുന്നിൽ തകർന്നു നില്ക്കുകയേയുള്ളൂ. യന്ത്രമനുഷ്യനെയും മനുഷ്യനാണ് പ്രവർത്തിപ്പിക്കുന്നത് എന്നതാണ് യഥാർഥ്യം. യന്ത്രസ്ത്രീയും യന്ത്രപുരുഷനും ഇണചേർന്ന് ഒരു ശിശു ജനിക്കുമോ? ജൈവാവസ്ഥ തന്നെയാണ് പ്രധാനം. കൃത്രിമത്വം നിലനില്ക്കില്ല. അപ്പോഴും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ജീവിതത്തെ വൈറലാക്കുകയാണ്. അതിനനുസരിച്ച് തഴച്ചുകൊഴുക്കുന്നുണ്ട് പ്ലാറ്റ്ഫോം ക്യാപ്പിറ്റലിസം. ഇനി പിറകോട്ടു പോകാനാകില്ല. ജീവിതം സ്വയം നവീകരണമാണ് ; ഒഴുകിപ്പരക്കലാണ്. അത് സ്ഥിരം വിപ്ലവത്തിന്റെ/ മാറ്റത്തിന്റെ തരംഗസ്ഥിതിയാണ്.
ഈ സന്ദര്‍ഭത്തിൽ സിനിമ റിവ്യുകൾക്ക് സമയപരിധി ഏർപ്പെടുത്തിയ കോടതിയുടെ നടപടിയെ ഒരു ജനാധിപത്യ-സംവാദവിരുദ്ധ നിലപാടായി കരുതേണ്ടിവരില്ലേ?
കോടതി നടപടിയെക്കുറിച്ച് പറയാൻ എനിക്ക് ധൈര്യമില്ല. കോടതിയലക്ഷ്യം പാടില്ലല്ലോ. ചലച്ചിത്രനിരൂപണങ്ങൾ വേണ്ടതു തന്നെയാണ്. പക്ഷേ, അത് ഫാൻസുകൾ കൊട്ടകകളിൽക്കയറി കൂക്കുവിളിക്കുന്നതുപോലെ ആകരുത്. ആ കൂകൽ കൂകിത്തോല്പിക്കലാണ്. റിവ്യൂ ചെയ്യാം. അതിന് ഒരു ഏസ്തേറ്റിക്സ് ഉണ്ടായാൽ മതി. അപ്പോൾ അതു പടം പൊളിക്കാൻ വേണ്ടി ചെയ്യുന്ന ഒന്നായി വരില്ല. വിമർശനം നിർമാണാത്മകമായിരിക്കണം.
സെൽഫിയിൽ അഭിരമിക്കുന്ന അഭിനവ നാർസിസ്റ്റുകളെയാണ് നവമാധ്യമങ്ങൾ സൃഷ്ടിക്കുന്നത് എന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്. ബിംബവത്കരണമെന്ന അശ്ലീലതയുടെ ദൃശ്യപരതയാണെങ്ങും. എന്തു തോന്നുന്നു?
ഇത്തരമൊരഭിപ്രായം ഞാൻ എഴുതിയിട്ടുണ്ട്. അന്തസ്സാരശൂന്യമായ ഉള്ളടക്കവും ആത്മപ്രദർശനപരമായ ചിത്രങ്ങളും വീഡിയോകളും മാത്രം പോസ്റ്റുചെയ്യുന്ന മനോഭാവം ആത്മരതിയുടേതാണ്. തന്റെ തന്നെ പ്രതിബിംബം കണ്ടുള്ള ആസ്വദിക്കൽ. അതുമാത്രമല്ല മറ്റുള്ളവരെക്കൂടിക്കാണിച്ചുള്ള സ്വയം ആനന്ദിക്കൽ. വേറൊന്നും ക്രിയാത്മമായി ചെയ്യാനില്ലാത്ത ഒരു വിഭാഗത്തിന്റെ ചെയ്തിയായിട്ടല്ല ഇതിനെ കാണേണ്ടത്. അവനവനിൽ മാത്രം അഭിരമിക്കുന്നതിന്റെ പ്രത്യക്ഷമാണിത്. അപരനെക്കുറിച്ചുള്ള ബോധം ഇത്തരക്കാർക്ക് ക്രമേണ നഷ്ടപ്പട്ടുപോകും. അതു സോഷ്യൽ ഡിസോഡർ സൃഷ്ടിക്കും. അതു താളംതെറ്റലാണ്. ആ താളംതെറ്റലിൽനിന്നാണ് ദുരഭിമാന- ആൾക്കൂട്ടക്കൊലകൾ ഉണ്ടാകുന്നത്. കോമൺസെൻസ് നഷ്ടപ്പെടുന്നതിന്റെ ലക്ഷണമാണ് സെൽഫിയിൽ അഭിരമിക്കൽ. ഇത് ആത്മവിശ്വാസം വളർത്തുന്നില്ല. സ്വയം പ്രതിരോധം തീർക്കുന്നില്ല. പരഹത്യപോലെത്തന്നെ ആത്മഹത്യയുടെ ശൂന്യത സൃഷ്ടിക്കുന്നു. ഇത് സാമൂഹികനിരുത്തരവാദിത്വത്തെയാണ് കാണിക്കുന്നത്. അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം എന്ന ചിന്തയുണ്ടാകുമ്പോഴേ മനുഷ്യർ സെൽഫിയിൽനിന്ന് പുറത്തുവരൂ.
വിനോദവ്യവസായത്തിൽ ലക്കുംലഗാനവുമില്ലാതെ എന്തും പറയാം എന്നതിന് പരക്കെ അംഗീകാരം കിട്ടിയതുപോലെയാണ് മലയാള ടെലിവിഷനിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന കോമഡി ഷോകളും മറ്റും. ടെലിവിഷന്‍ സറ്റയറിന് പുതിയ മാനം നല്കിയ വ്യക്തിയെന്ന നിലയ്ക്ക് ഇന്നത്തെ ടെലിവിഷൻ അവതരണങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
വിനോദവ്യവസായമാകുമ്പോൾ നാം അതിൽനിന്ന് ഏറ്റവും ചുരുങ്ങിയത് വിനോദമെങ്കിലും പ്രതീക്ഷിക്കും. പക്ഷേ, വിനോദത്തിനുവേണ്ടി അവതരിപ്പിക്കുന്ന മിക്ക കോമഡിഷോകളും വാസ്തത്തിൽ ട്രാജഡികളാണ്. മൂർച്ചപോയ ഈർച്ചവാളുപോലെ അപസ്വരം കേൾപ്പിക്കുന്നു. എന്തുചെയ്യണം എന്നറിയില്ല. എന്തെല്ലാമോ ചെയ്യുന്നു. പറയുന്നു, ഓടുന്നു, ചാടുന്നു. സ്ത്രീവിരുദ്ധതയുടെയും ദലിത് വിരുദ്ധതയുടെയും വെറിവേദികളായി ചില ഷോകൾ മാറിയിട്ടുണ്ട്. പൊതുബോധത്തിൽ വികസ്വരമായ രാഷ്ട്രീയ ശരികളെക്കുറിച്ചൊന്നും യാതൊരു വെളിവും കോമഡി ഷോകളിൽ കാണാനില്ല. ഭിന്നശേഷിയെ ഇപ്പോഴും മിമിക്കു ചെയ്യുന്ന സ്ഥിതിയുണ്ട്. ഞാൻ മലയാള ടെലിവിഷനിൽ 2006 മുതൽ 2011 വരെയാണ് ‘നാടകമേ ഉലകം’ എന്ന പൊളിറ്റിക്കൽ സറ്റയർ അവതരിപ്പിച്ചത്. അത് അവതാരകർ സ്ക്രീനിൽ നേരിട്ടു പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയ ആക്ഷേപഹാസ്യം അവതരിപ്പിച്ച ആദ്യത്തെ പരിപാടിയാണ്. അതു സംബന്ധിച്ച് വിശദമായി ഞാൻ ‘മലയാള ടെലിവിഷൻ ചരിത്രം 1985 – 2013’ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഞാൻ സറ്റയർ അവതരിപ്പിച്ചിരുന്ന കാലത്തു നിന്ന് ടെലിവിഷൻ ഒരു മാധ്യമം എന്ന നിലയിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ടെലിവിഷൻ മാത്രമല്ല, മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകൾക്കും മാറ്റം വന്നിരിക്കുന്നു. അധികാരത്തിന്റെ ബന്ധവ്യവസ്ഥകളിലെല്ലാം ഉടവു സംഭവിച്ചു. ഒരുവിഭാഗം മനുഷ്യരുടെ മനോനിലയിൽ വന്ന മാറ്റം, ആൾക്കൂട്ടക്കൊലകളിൽ സ്പഷ്ടമാണ്. രാത്രി 10-നുശേഷം ക്രൈം വാർത്തകൾ കാണുന്നവരുടെ മനോനില പരിശോധിക്കേണ്ടതാണ്. ഇവിടെ റേറ്റിംഗ് ആണ് ടെലിവിഷൻ ചാനലുകളെ പ്രചോദിപ്പിക്കുന്നത്. വിദ്യാഭ്യാസം, വിജ്ഞാനം, വിനോദം എന്നിങ്ങനെ വേർതിരിച്ച് പരിപാടികൾ ആസൂത്രണംചെയ്ത ദൃശ്യമാധ്യമകാലം ഉണ്ടായിരുന്നു. വിനോദത്തിന് ഇതരമേഖലകളേക്കാൾ ‘എയർടൈം’ കുറവായിരുന്നു. ഇപ്പോൾ സ്വകാര്യമേഖലയിലെ വാർത്താചാനലുകളിൽ ന്യൂസ് സ്റ്റോറികൾക്കിടയിൽത്തന്നെ ചലച്ചിത്രങ്ങളിലെ കോമഡി ക്ലിപ്പുകൾ എഡിറ്റുചെയ്ത് ചേർക്കുന്നു.
വാർത്താവതരണം എത്രമാത്രം മാറ്റത്തിന് വിധേയമായി എന്നതിന്റെ പ്രത്യക്ഷമാണത്. വാർത്തയുടെ ഉള്ളടക്കത്തെ ഇത്തരത്തിൽ തമാശയാക്കി മാറ്റാമോ എന്ന ചോദ്യം പ്രസക്തമാണ്. ഇതു വാർത്തയുടെ വസ്തുനിഷ്ഠതയെ ഇല്ലാതാക്കുന്നു. അതോടെ വാർത്ത ഫിക്ഷനായി മാറുന്നു. ഫാക്ട്സും ഫിഗേഴ്സും തന്നെയാകണം വാർത്തയുടെ ആധാരം. വാർത്താവതരണങ്ങളും വാർത്താധിഷ്ഠിതപരിപാടികളും ‘രസികൻ മൺട്ര’ങ്ങളാകരുത്. സത്യം ഇല്ലാതാകുന്നു എന്നതിനര്‍ഥം നീതിന്യായസംവിധാനം അപ്രസക്തമാകുന്നു, ഭരണഘടന ഇല്ലാതാകുന്നു എന്നാണ്. ഭരണഘടന ഇല്ലാതായാൽ രാജ്യമെന്ന നിലയിൽ നമുക്ക് എങ്ങനെയാണ് നിലനില്ക്കാൻ കഴിയുക.
പ്രേക്ഷകർക്കിടയിലെ പ്രതിലോമവാസനകളെ പരിപോഷിപ്പിക്കുന്നരീതിയിലല്ലേ ഇന്നത്തെ ടെലിവിഷൻ ചര്‍ച്ചകളും വാര്‍ത്താവതരണ രീതികളും എന്നു തോന്നിയിട്ടുണ്ടോ?
പലപ്പോഴും അങ്ങനെ സംഭവിക്കുന്നുണ്ട്. ആഗോള മൂലധനസാമ്രാജ്യത്വം എന്നത് യഥാർഥ്യമാണ്. മാധ്യമങ്ങളും ഇന്നതിന്റെ ഭാഗമാണ്. കയോസ് അഥവാ അവ്യവസ്ഥ സൃഷ്ടിച്ചെടുക്കുകയും അത് അനവരതം നിലനിറുത്തുകയും ചെയ്താൽ മാത്രമേ ചെറുത്തുനില്പ് അസാധ്യമാകുകയുള്ളൂ. ചെറുത്തുനില്പ് ചിന്താശേഷിയിൽനിന്നാണ് രൂപപ്പെടുന്നത്. വിമർശനാത്മകചിന്ത (Critical Thinking) ഇല്ലാതാക്കുന്ന വിധത്തിലാണ് പല വിദ്യാഭ്യാസപദ്ധതികളും രൂപപ്പെടുന്നതുതന്നെ. സത്യമേത് അസത്യമേത് എന്നു തിരിച്ചറിയാൻ കഴിയാത്തവിധം കലക്കം നിലനിറുത്തിയാൽ വേട്ടയാടലും അധികാര സംസ്ഥാപനവും അനായാസമാകും. അതുകൊണ്ട് ജനപ്രിയമാധ്യമങ്ങളെയൊന്നാകെ വരുതിയിലാക്കുകയും, ഉരുണ്ടുകളിക്കാരായി മാറ്റുകയും ചെയ്യുക. അതിനായി ഒളിഞ്ഞും തെളിഞ്ഞും മാധ്യമങ്ങളിൽ മൂലധനനിക്ഷേപം നടത്തുക. ഇന്ന് ഇന്ത്യയിലെ ചില പ്രധാന വാർത്താശ്യംഖലകൾ ചില ബഹുരാഷ്ട്രമുതലാളിമാരുടെ മൂലധനനിക്ഷേപത്തിലാണ്. ഇവിടെ കാണികളുടെ പ്രതിലോമവാസനകളെ പ്രചോദിപ്പിക്കുന്ന വിധത്തിലുള്ള ഉള്ളടക്കവും അവതരണവും റേറ്റിംഗ് എന്ന ആശയത്തെ കവിഞ്ഞു നില്ക്കുന്നതാണ്. ടെലിവിഷൻ ചർച്ചകളും വാർത്താവതരണങ്ങളും നോർമൽ ആയി മാറേണ്ടതുണ്ട്. അത് നോർമൽ ആയ സമൂഹനിർമിതിക്ക് അനിവാര്യമാണ്. ദൃശ്യമാധ്യമങ്ങൾക്ക് നോർമൽസി നഷ്ടമായതുകൊണ്ടാണ് കറുപ്പുനിറമുള്ളവർ മോഹിനിയാട്ടം പോലെയുള്ള കലാമത്സരങ്ങളിൽ പങ്കെടുക്കരുത് എന്നു പറഞ്ഞ ഒരു സ്ത്രീക്ക് ദൃശ്യത (visibility) നല്കിയതും അവരുടെ വാദഗതികൾ കൂടുതൽ ഉറപ്പിക്കാൻ അവസരം ലഭിക്കുന്നവിധം വാർത്തയിലും വാർത്താചർച്ചയിലും ഇടം നല്കിയത്. ആ വ്യക്തി പറഞ്ഞ കാര്യംതന്നെ ആവർത്തിച്ചപ്പോൾ, അവർ പറയുന്നതിന്റെ ദുരന്തഫലം എന്താണെന്ന് ബോധ്യപ്പെടുത്താൻ അത്തരം ചർച്ചകൾക്ക് സാധിക്കാതെ പോയി. ഇത് പ്രതിലോമകരമായ മാധ്യമ സ്ഥിതിവിശേഷമാണ്.
സത്യത്തിന്റെയും നുണയുടെയും അതിർവരമ്പുകള്‍ ഇല്ലാതാകുന്ന മാധ്യമലോകമാണ് ഇന്നത്തേത് എന്നാണല്ലോ പറയുന്നത്. ഒരേ വിഷയത്തില്‍ വെവ്വേറെ വാര്‍ത്തകളും വിവരങ്ങളും അനുസ്യൂതം പ്രവഹിക്കുമ്പോള്‍ ബഹുജനം സത്യം അറിയാതെ കഷ്ടപ്പെടുകയാണ്. എന്താണ് പ്രതിവിധി?
ഇത് ഒരു സവിശേഷ മാധ്യമസാഹചര്യമാണ്. ഒരേ വിഷയത്തിൽ ഓരോ മാധ്യമവും വെവ്വേറെ വിവരങ്ങൾ വാർത്തകളായി ബഹുജനത്തിന്റെ മുന്നിലേക്ക് എടുത്തിടുമ്പോൾ ഏതാണ് ശരി എന്നറിയാതെ ജനം നിശബ്ദരായിപ്പോകും. ഈ അവസ്ഥയെ അടിസ്ഥാനമാക്കിയാണ്, ഫ്രഞ്ച് ഫിലോസഫറായ ജീൻ ബോദ്രിലാർദ് ബഹുജനമാധ്യമങ്ങള ബഹുജനങ്ങളെ നിശ്ശബ്ദമാക്കുന്ന മാധ്യമം (Silencing the mass) എന്നു വിശേഷിപ്പിച്ചത്. ഈ നിശ്ശബ്ദീകരണം ബഹുരാഷ്ട്രമുതലാളിത്തം (Multinational Capitalism) നടത്തുന്ന ആഗോളപ്രക്രിയയാണ്. മാധ്യമങ്ങളുടെ സവിശേമായ ഇടപെടലിലൂടെ രൂപപ്പെട്ട രണ്ട് സംഭവങ്ങളെ – അമേരിക്കൻ പ്രസിഡന്റായുള്ള ഡൊണാൾഡ് ട്രംപിന്റെ വിജയം, യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ വിട്ടുപോരാനുള്ള തീരുമാനം – അടിസ്ഥാനമാക്കിയാണ് ഓക്സ്ഫെഡ് ഡിക് ഷ്ണറി , 2016-ലെ അന്തർദേശീയപദമായി പോസ്റ്റ് ട്രൂത്തിനെ തിരഞ്ഞെടുത്തത്. സ്വാഭാവികമായും പോസ്റ്റ് ട്രൂത്ത് സാഹചര്യം മാധ്യമനിർമ്മിതമാണ്. അവിടെ സത്യത്തിന്റെയും നുണയുടെയും അതിർവരമ്പുകള്‍ ഇല്ലാതാകുന്നു. ഇതിന്റെ പ്രതിവിധി രണ്ടിനെയും വേർതിരിച്ചു മനസ്സിലാക്കി പെരുമാറുക എന്നതാണ്.
വസ്തുതകളെ പരമാവധി നിഷ്പക്ഷമായി പൊതുസമക്ഷം എത്തിക്കുകയും അതിന്റെ ഇരുവശവും ധാർമികമായി ജനസമക്ഷം അവതരിപ്പിക്കുകയും ചെയ്യേണ്ട മാധ്യമപ്രവർത്തകർ പക്ഷംപിടിച്ചും അലറിവിളിച്ചും ഒരു സാമൂഹിക അജണ്ടകൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നില്ലേ?
സൃഷ്ടിച്ചെടുക്കുന്നുണ്ട്. അത്രമാത്രം ഉത്തരവാദിത്വരഹിതമായിട്ടുണ്ട് മാധ്യമപ്രവർത്തനം. അത് വ്യക്തികളുടെ പ്രശ്നം എന്നതിനെക്കാൾ മാധ്യമം രൂപപ്പെടുത്തുന്ന സമ്മർദമാണ്. അതു തികച്ചും മൂലധനാധിഷ്ഠിതരാഷ്ട്രീയത്തിന്റെ സമ്മർദമാണ്. അതിനെ ഉപജീവനത്തിനായി മാധ്യമപ്രവർത്തനം ഒരു തൊഴിലായി സ്വീകരിച്ചവർക്ക് ചെറുക്കാൻ സാധിക്കുകയില്ല. മാധ്യമസ്ഥാപനങ്ങൾക്കാണ് നിലപാടു വേണ്ടത്.
ഇന്ത്യയിൽ വിമർശനാത്മകവും അന്വേഷണാത്മകവുമായ പത്രപ്രവർത്തനത്തിനുള്ള ഇടം ചുരുങ്ങുന്നതിൽ ആശങ്കകളുണ്ടോ?
തീർച്ചയായും ആശങ്കയുണ്ട്. ജനാധിപത്യത്തിന്റെ നാലാംതൂൺ എന്ന സങ്കല്പം നിസ്സാരമല്ല. സ്വയം ജീർണിക്കാതെയും, മറ്റെല്ലാത്തൂണുകളും ജീർണിക്കാതെയും നോക്കേണ്ട ഉത്തരവാദിത്വം മാധ്യമങ്ങൾക്കുണ്ട്. ആ ഉത്തരവാദിത്വം അർഥപൂർണമായി നിർവഹിക്കാൻ സാധിച്ചാൽ ആർക്കും നമ്മെ ഭയപ്പെടുത്തി ഭരിക്കാൻ കഴിയില്ല. വാട്ടർഗേറ്റ് വാർത്തകളിലൂടെ കീർത്തി നേടിയ ബോബ് വുഡ്വർഡ്, ട്രംപിന്റെ കാലഘട്ടത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേര് ‘Fear : Trump in the White House’ എന്നാണ്. ഭയംകൊണ്ട് നിരന്തരം മുറിവേല്പിച്ചാൽ വിമർശനാത്മകവും അന്വേഷണാത്മകവുമായ മാധ്യമപ്രവർത്തനം ഇല്ലാതായിപ്പോകും. മാധ്യമങ്ങൾ കാതുപൊട്ടുംവിധം ഒച്ചവച്ചുകൊണ്ടിരിക്കുന്നത് ആന്തരികമായി അവരെ മൂടിയിരിക്കുന്ന ഭയത്തിന്റെ പ്രതിഫലനമാണ്. മുമ്പില്ലാത്തവിധം എപ്പോഴാണ് അന്വേഷണ ഏജൻസികൾ കടന്നുവരുന്നതെന്നും അകത്തായിപ്പോകുന്നതെന്നും നിശ്ചയമില്ലാത്ത കാലത്ത് ഇരിക്കാൻ പറഞ്ഞാൽ മാധ്യമങ്ങൾക്ക് മാത്രമല്ല ജനങ്ങൾക്കും മുട്ടിലിഴയുകയേ നിർവാഹമുള്ളൂ. ഐഡന്റിറ്റികാർഡുകൾ സുരക്ഷയെ ആധാരമാക്കിത്തുടങ്ങി. ഇപ്പോൾ നമ്മെ അത് പൗരത്വം എന്ന അരക്ഷിതത്വത്തിന്റെ രാഷ്ട്രീയത്തിൽ എത്തിച്ചിരിക്കുന്നു. വ്യക്തിവിവരം എന്ന ഡേറ്റ, ഇന്ന് ഡേറ്റാക്യാപ്പിറ്റലിസത്തിന്റെ ഇന്ധനമാണ്. ഡിജിറ്റൽ ഇക്കോണമി എല്ലാവിധത്തിലും വ്യക്തിയെ വലയ്ക്കുന്ന കണ്ണികളിൽ കുടുക്കിയിടുന്നു. നിരീക്ഷണത്തിന്റെ നെറ്റ്‌വർക്കിലുള്ള ജനതയ്ക്ക് ക്രിയാത്മകമായി ഒന്നും ചെയ്യാൻ കഴിയില്ല. വരിയുടയ്ക്കലാണത്. ക്ലാസ് മുറികളും ക്യാമ്പസ്സുകളും സുരക്ഷയുടെ പേരിൽ ക്യാമറയുടെ നിരീക്ഷണത്തിലാകുന്നു. ഇലക്ട്രോണിക് മാധ്യമ മുതലാളിത്തത്തെ പരിപോഷിപ്പിക്കലിനപ്പുറം സമൂഹത്തെ നിശ്ശബ്ദപ്പെടുത്തലിന്റെ രാഷ്ട്രീയം അതിന്റെ ഉള്ളടക്കത്തിലുണ്ട്.
ആഗോളവൈജ്ഞാനികമേഖലയില്‍ വളരെയധികം വികസിച്ചിട്ടുള്ള ഒരു പഠനശാഖയാണ് ‘ടെലിവിഷന്‍ സ്റ്റഡീസ്’. മലയാളത്തില്‍ ഇതിൽ കാര്യമായ ഇടപെടലുകൾ നടന്നിട്ടില്ല. അതിന്റെ മികച്ച മാതൃകകളാണ് താങ്കളുടെ പഠനങ്ങൾ. വെറുമൊരു അക്കാദമിക് പഠനങ്ങൾ എന്നതിനേക്കാൾ ഉപരി അത് സാമാന്യവായനയ്ക്കും ഉപകരിക്കുന്നു. അതിന്റെ തെളിവായി നിരവധി പുരസ്കാരങ്ങൾ. എന്തു തോന്നുന്നു?
എന്റെ ‘മലയാള ടെലിവിഷൻ ചരിത്രം 1985 – 2013’ (മീഡിയ അക്കാദമി) എന്ന പുസ്തകത്തിനാണ്, സംസ്ഥാനസർക്കാരിന്റെ മികച്ച ടെലിവിഷൻ പഠനഗ്രന്ഥത്തിനുള്ള 2014 – ലെ പുരസ്കാരം ലഭിച്ചത്. 2017-ൽ ‘എഴുത്ത് മാസിക’ പ്രസിദ്ധീകരിച്ച, സീരിയലുകളെ എന്തുകൊണ്ട് സെൻസർ ചെയ്യണം ? എന്ന പഠനം മികച്ച ലേഖനത്തിനുള്ള പുരസ്കാരം നേടി. 2017 – മുതൽ അഞ്ചുവർഷം ‘എഴുത്ത് മാസിക’യിൽ പ്രസിദ്ധീകരിച്ച ആഗോളഗ്രാമം എന്ന പംക്തി, ടെലിവിഷൻ സ്റ്റഡീസിൽ ആഴത്തിൽ ശ്രദ്ധിക്കാൻ എനിക്ക് പ്രേരണനല്കി. ആ അടിത്തറയിൽനിന്നുകൊണ്ടാണ് 2022-ൽ ‘പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ’ (ഡി.സി.ബുക്സ് ) എന്ന പുസ്തകം പുറത്തിറക്കാനായത്. അക്കാദമിക് രംഗത്തും സാധാരണക്കാരുടെ വായനയ്ക്കും എന്റെ പഠനങ്ങൾ പ്രയോജനപ്പെടുന്നു എന്നത് സന്തോഷം നല്കുന്നു. പുരസ്കാരങ്ങൾ വ്യക്തിപരമായി ആനന്ദിപ്പിക്കുന്നു. ഇത് എന്റെ കാഴ്ചപ്പാടുകളെയും എഴുത്തിനെയും കൂടുതൽ ഉത്തരവാദിത്വമുള്ളതാക്കി മാറ്റുന്നു.
കവി, പത്രപ്രവർത്തകൻ, നിരൂപകൻ,ടെലിവിഷൻ അവതാരകൻ, അധ്യാപകൻ ഇവയിൽ ഏതിനോടാണ് കൂടുതൽ താത്പര്യം?
എനിക്ക് എന്നിലെ കവിയെ ആണ് കൂടുതൽ ഇഷ്ടം. ‘എത്രത്തോളം’, ‘കാമറ’ എന്നീ രണ്ടു കവിതാസമാഹാരങ്ങൾ ഉൾപ്പെടെ 14 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അതിൽ സാഹിത്യനിരൂപണം, ചലച്ചിത്രവിമർശനം, ടെലിവിഷൻ-മാധ്യമപഠനം, ജീവചരിത്രം, സാസ്കാരികപഠനം എന്നീ മേഖലകൾ ഉൾപ്പെടുന്നു. ഞാൻ വ്യാപരിച്ചതും ഇപ്പോൾ വ്യാപരിക്കുന്നതുമായ മേഖലകളിലെ എന്റെ വ്യക്തിമുദ്ര കവിയുടെ സർഗാത്മകതയിൽനിന്നു കിട്ടിയതാണ്. ‘എഴുത്ത് മാസിക’യിൽ വന്ന ‘സൃഷ്ടി’ എന്ന എന്റെ കവിതയെപ്പറ്റി കവി ആലംകോട് ലീലാകൃഷ്ണൻ എഴുതിയത് ഓർക്കുന്നു, “ഉള്ളിൽക്കയറി ശ്വസിച്ചു പോകും വായു / കൺകതിരായി യരിച്ചിറങ്ങും വെട്ടം” പോലെ ഒരു കവിത. വളരെ മൗലികസുന്ദരമായ ഇത്തരം പ്രയോഗങ്ങൾ കവിതയെ മനോഹരമാക്കുന്നു. നല്ല ശയ്യാഗുണമുള്ള ശില്പം. കൈത്തഴക്കത്തോടുകൂടി ഛന്ദസ്സിൽ നിന്നുകൊണ്ട് താളനിബദ്ധമായി എഴുതുകയെന്നത് ചെറിയ കാര്യമല്ല.” എങ്ങനെയാണോ എന്റെ മനസ്സിൽ കവിത രൂപപ്പെടുന്നത് അങ്ങനെ ഞാൻ എഴുതുകയാണ്. ‘സൃഷ്ടി’ എന്ന കവിത വലിയ ഒരിടവേളയ്ക്കു ശേഷം എഴുതിയതാണ്. ‘സൃഷ്ടി’പോലെ, കലാകൗമുദിയിൽ വന്ന ‘ശൂന്യതപോലും ശൂന്യം’, മലയാളം വാരികയിൽ വന്ന ‘അറിയുമോ ആരേലും’, മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന ‘ശംഖുംമുഖം’ എന്നീ കവിതളും എന്റെ കവിതയുടെ പുതിയ വഴിയാണ്. ‘അറിയുമോ ആരേലും’ എന്ന കവിതയിലുള്ളത് എന്റെ അമ്മ തന്നെയാണ്. അത് ഒട്ടേറെപ്പേരുടെ അമ്മയായി വായിക്കപ്പെട്ടു. ‘ശംഖുംമുഖം’, കാലാവസ്ഥാവ്യതിയാനത്തിന്റെയും പാരിസ്ഥിതികനാശത്തിന്റെയും രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യുന്നു. “ശംഖുംമുഖം മുഖമില്ലാതായിട്ടോർമയിലൊരു/തീരത്തി, ന്നെല്ലിൻ കൂടു കണക്കെ വേച്ചുവിറ/ച്ചെന്തും തിന്നാൻ നാവും നീട്ടി വരുന്നൊരു ജന്തു” എന്ന സന്ദർഭം മനുഷ്യരാശിയെ തീണ്ടുന്ന സർവനാശത്തെയാണ് പ്രത്യക്ഷമാക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ കവിത എനിക്ക് എന്റെ അസ്തിത്വത്തിന്റെ മറുപിറവിയാണ്. ഞാൻ എന്നെ ആവിഷ്ക്കരിക്കുമ്പോൾ എന്റെ സഹജീവികളെയും ലോകത്തെയുമാണ് കോരിത്തെളിക്കുന്നത്.