ജനാധിപത്യത്തെ കീഴടക്കുന്ന സ്വേച്ഛാധിപത്യം – ഇ. കെ. ദിനേശൻ
ആധുനിക രാഷ്ട്രനിര്മിതിയെ മുന്നോട്ടു നയിച്ചതിൽ ജനാധിപത്യം വഹിച്ച പങ്ക് ചെറുതല്ല. അതിനെ നിരാകരിച്ച് സമത്വാധിഷ്ഠിത ലോകക്രമത്തെക്കുറിച്ച് ഇന്നു ചിന്തിക്കാൻ കഴിയില്ല. എല്ലാ അർഥത്തിലും ജനാധിപത്യം Deep State രാഷ്ട്രീയത്തിനു കീഴ്പ്പെട്ട അവസ്ഥയിലും ഇന്ത്യയിൽ അവശേഷിക്കുന്ന പ്രതീക്ഷ ജനാധിപത്യം തന്നെയാണ്. ആ പ്രതീക്ഷയ്ക്ക് പരിക്കേൽപ്പിക്കുന്നതാണ് Pew Research Center’s Spring 2023 Global Attitudes Survey.
പ്രാചീന നാഗരികസംസ്കൃതിയെ ആധുനിക കാലഘടനയുമായി ബന്ധിപ്പിച്ച് ആശയപരമായും ഭൗതികപരമായും അതിനെ നവീകരിക്കുന്നതിൽ ജനാധിപത്യം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ദേശം, രാഷ്ട്രം, സമ്പത്ത്, തുടങ്ങിയവയെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ച് ജനത്തെ അധികാരത്തിന്റെ അതിർത്തിക്കുള്ളിൽ നിറുത്തിയത് രാജാധികാരമാണ്. ഇതു പിന്നീട് സ്വേച്ഛാധിപത്യ രാഷ്ട്രീയത്തിന് കരുത്തും ശക്തിയും നല്കി. നൂറ്റാണ്ടുകളായി രാജാധികാരത്തിന്റെ കാൽക്കീഴിലമർന്ന മനുഷ്യർ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദിക്കാൻ തുടങ്ങി. അതാകട്ടെ പൗരാവകാശങ്ങളുടെ വീണ്ടെടുപ്പിലേക്ക് വളർന്നു. ലോകത്തെമ്പാടും ഇങ്ങനെ നിരവധിയായ പോരാട്ടങ്ങൾ നടന്നു. ഈ എതിര്പ്പുകൾ പരിമിതമായ ഭൂപ്രദേശത്തുനിന്ന് ആഗോളവ്യാപകമായി വികാസംപ്രാപിച്ചു. അതു സാമ്രാജ്യത്തിനെതിരായ പ്രതിരോധമായി മാറി. ഈ പോരാട്ടം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നിരവധിരാജ്യങ്ങളെ സ്വതന്ത്രപദവിയിലേക്കും അതിനുശേഷം ജനാധിപത്യപ്രക്രിയയിലേക്കും നയിച്ചു. അതോടെ ഗ്രീസിലെയും സ്പെയിനിലെയും പോർച്ചുഗലിലെയും ഏകാധിപത്യ അധീശത്വത്തിന് അന്ത്യം സംഭവിച്ചു എന്നാണ് കരുതിയത്. ആ ധാരണയെ തിരുത്തുന്നുണ്ട് യുറോപ്പിൽ ശക്തിപ്രാപിക്കുന്ന തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങൾ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജനാധിപത്യവത്കരിക്കപ്പെട്ട രാജ്യങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അവിടെ രാഷ്ട്രീയ ജനാധിപത്യം നിലനില്ക്കുമ്പോഴും സാമൂഹികജനാധിപത്യം ഇപ്പോഴും പരിമിതമാണ്. ഈ യാഥാർഥ്യം നമുക്ക് മുമ്പിലുണ്ട്. ഈ സാഹചര്യത്തിലാണ് 1947 മുതൽ 2014 വരെയുള്ള 67 വർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഇന്ത്യൻ ജനാധിപത്യത്തിന്റെ രാഷ്ട്രീയസ്വഭാവം മാറുന്നത്. 2014-നുശേഷം ഇന്ത്യയിൽ നടന്ന രാഷ്ട്രീയമാറ്റങ്ങൾ ഏതു രീതിയിലാണ് ജനാധിപത്യത്തെ ബാധിച്ചത് എന്നുള്ളത് പ്രധാനപ്പെട്ട ചോദ്യമാണ്.
ഇന്ത്യൻ ജനത ഇപ്പോഴും ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ട്. അതിന്റെ യുക്തിയെ സാധൂകരിക്കുന്നത് ഓരോ തിരഞ്ഞെടുപ്പിലും കൂടിവരുന്ന വോട്ടിംഗ് ശതമാനത്തിന്റെ വർധനവാണ്. അതേസമയം, ജനാധിപത്യത്തിലൂടെ നിര്മിക്കപ്പെടുന്ന ഭരണകൂടത്തോട് ജനങ്ങൾക്കുള്ള സമീപനത്തിൽ കാര്യമായ മാറ്റം സംഭവിക്കുന്നുണ്ട്. അതായത് ജനായത്തപക്രിയയിൽ ഇടപെട്ടുകൊണ്ട് രാജാധികാരത്തെ, സ്വേച്ഛാധിപത്യ മനോഭാവത്തെ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം ഇന്ത്യയിൽ വർധിച്ചുവരുകയാണ്. ഇതിലേക്കാണ് Pew സർവേ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഇത് ഒരേസമയം സമ്പത്തിന്റെ കേന്ദ്രീകരണത്താലും അതിനെ സാധ്യമാക്കുന്ന മറയില്ലാത്ത ചൂഷണത്താലുമാണ് നടക്കുന്നത്. ഇന്ത്യയിലെ സവര്ണ മനോഭാവത്തിൽ അന്തർലീനമായി കിടക്കുന്നത് വംശീയതയുടെ ഏകാത്മക രാഷ്ട്രബോധമാണ്. ഇത് ഹിന്ദുത്വത്തിന്റെ രാജാധികാര പരികല്പനകളോടുള്ള ഐക്യപ്പെടൽ കൂടിയാണ്. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയിലെ പ്യൂ റിസർച്ച് സെന്റർ നടത്തിയ സർവേ ഫലം ഗൗരവമുള്ളതായി തിരിച്ചറിയേണ്ടത്. 2023-ലാണ് ലോകത്തെ 24 രാജ്യങ്ങളിൽ ജനാധിപത്യത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് പ്യൂ സർവേ നടത്തിയത്. അതായത് മാറിയ ലോകസാഹചര്യത്തിൽ ജനാധിപത്യത്തെ എത്രമാത്രം ജനങ്ങൾ ഗൗരവത്തിൽ കാണുന്നു എന്ന അന്വേഷണം. 2023 ഫെബ്രുവരി മുതൽ മേയ് വരെ 24-രാജ്യങ്ങളിലെ 30,861 ആളുകളിൽ നിന്നാണ് അഭിപ്രായങ്ങൾ തേടിയത്. കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഇതിന്റെ ഫലം പുറത്തുവന്നത്. 77 ശതമാനം ജനങ്ങൾ ജനാധിപത്യത്തെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും 59% ജനങ്ങൾ ജനാധിപത്യത്തിന്റെ രീതികളോട് വിയോജിപ്പുള്ളവരാണ്. 42 ശതമാനം ആളുകളും അവരുടെ രാജ്യത്തെ രാഷ്ട്രീയപ്പാർട്ടികൾ അവരുടെ അഭിപ്രായങ്ങളെ പ്രതിനിധീകരിക്കുന്നില്ല എന്നാണ് പറയുന്നത്. ഇതേ സാഹചര്യത്തിലാണ് 2017-ൽ ഇന്ത്യയിൽ 48 ശതമാനം ജനങ്ങൾ ജനാധിപത്യത്തെ പിന്തുണച്ചിരുന്നെങ്കിൽ 2023-ൽ അത് 36 ശതമാനമായി കുറഞ്ഞത്. 2017- ൽ ഇന്ത്യയിൽ 55 ശതമാനം പേർ സ്വേച്ഛാധിപതിയായ നേതാവ് പാർലമെന്റിന്റെയോ കോടതിയുടെയോ ഇടപെടില്ലാതെ ഭരിക്കുന്നതിനെ പിന്തുണച്ചിരുന്നു. പ്യൂ റിസർച്ചിന്റെ പുതിയ കണക്കുപ്രകാരം ഇന്ത്യയിലെ 67 ശതമാനം ജനങ്ങളും സ്വേച്ഛാധിപത്യഭരണത്തെയും 72 ശതമാനം പേർ പട്ടാളഭരണത്തെയും പിന്തുണയ്ക്കുന്നു എന്നാണ് പറയപ്പെടുന്നത്.
അതേസമയം, ഈ സർവേ എത്രമാത്രം അതിന്റെ ഘടനാസ്വഭാവത്തിൽ മൗലികത പുലർത്തി എന്ന ചോദ്യവും നിലനില്ക്കുന്നുണ്ട്. അതായത് ഒരു വിഷയത്തിൽ സർവേ നടത്തുമ്പോൾ 70,000 പേരെങ്കിലും അതിൽ പങ്കാളിത്തം നല്കേണ്ടതുണ്ട് എന്നാണ് പ്രശസ്ത സ്റ്ററ്റിസ്റ്റീഷ്യനായ പ്രണോബ് സെൻ മുമ്പ് അഭിപ്രായപ്പെട്ടത്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ നടന്ന സർവേയിൽ 27,285 പേർ മാത്രമേ പങ്കെടുത്തിട്ടുള്ളൂ എന്ന നിരീക്ഷണവും ചർച്ചയാവുന്നുണ്ട്. മറ്റൊന്ന് സർവേയിലെ പങ്കാളിത്തമാണ്. മധ്യ, ഉപരി വർഗങ്ങളെ കേന്ദ്രീകരിച്ച് ഇന്ത്യയിൽ നടക്കുന്ന സർവേയിലെ പ്രധാന ഘടകമാണ് ജാതി. ഇന്ത്യൻ സാമൂഹ്യവസ്ഥയെ നിർണയിക്കുന്ന സവര്ണജാതിയുടെ ഉത്ഭവംതന്നെ രാജാധികാരത്തിന്റെ ഭാഗമാണ്. അവർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല. മോദിയുടെ അധികാരവത്കരണത്തോടെ രാജ്യത്ത് സംഭവിച്ചത് അതാണ്. തീവ്രദേശീയതയ്ക്കും അതിന്റെ ആശയമായ തീവ്രഹിന്ദുത്വത്തിനും കിട്ടിക്കൊണ്ടിരിക്കുന്ന മേൽക്കോയ്മ, ജുഡീഷ്യറിയിലും ഫെഡറൽ സംവിധാനത്തിലും ഭരണകൂടം ജനാധിപത്യത്തിന്റെ സാധ്യതയെ അല്പംപോലും മാനിക്കുന്നില്ല. പ്രതിപക്ഷം എന്ന രാഷ്ട്രീയ ഇടത്തെ പാർലമെന്റെറിനകത്തും പുറത്തും എല്ലാ അർഥത്തിലും മാറ്റിനിർത്തി. ഇതൊക്കെ ഏകാധികാരത്തിന്റെ ഭാഗമാണ്.
ജനാധിപത്യത്തിലെ പ്രാതിനിധ്യസ്വഭാവത്തെ നിഷേധിക്കുന്ന എല്ലാത്തിനോടും ഭരണകൂടത്തിന് യോജിപ്പാണ്. അതിനെ നിയന്ത്രിക്കുന്ന ഹിന്ദുത്വസ്ഥാപനങ്ങൾക്കും അനുകൂല നിലപാടാണ്. ഇതു രാജാധികാരത്തിന്റെ പുരാതനബോധമാണ്. മറുഭാഗത്ത് ഇത്തരം സർവേ ദരിദ്രസമൂഹങ്ങളിൽ എത്തുമ്പോൾ ഉണ്ടാകുന്ന റിസൾട്ട് ആത്യന്തികമായി ആ സമൂഹത്തിന്റെ മൊത്തം പരിച്ഛേദമായി പരിഗണിക്കാൻ കഴിയില്ല. കാരണം, മധ്യ-ഉപരിവർഗത്തെ പ്രതിനിധാനം ചെയ്യുന്ന സാമൂഹിക അവസ്ഥയല്ല ഏറ്റവും അടിത്തട്ടിലെ മനുഷ്യരെ സ്വാധീനിക്കുന്നത്. ജനാധിപത്യപ്രക്രിയയിൽ ഒരിടത്തും പ്രാതിനിധ്യപരമായ പങ്കാളിത്തമോ സാന്നിധ്യമോ ഇല്ലാത്തവരാണ് കീഴ്ജാതി സമൂഹം. അവരെ സംബന്ധിച്ച് രാജാധികാരം എന്താണ്, ജനാധിപത്യം എന്താണ് എന്നതിന്റെ ക്രൈറ്റീരിയ സമൂഹവ്യവസ്ഥയുടെ ഭാഗമല്ല. അതു ജീവിതത്തെ സ്വാധീനിക്കുന്നില്ല. അതുകൊണ്ടുതന്നെ കേട്ടറിഞ്ഞതും അനുഭവത്തിൽ വന്നതുമായ രാഷ്ട്രീയ ജീർണാവസ്ഥയിൽനിന്നുള്ള മോചനം രാജാധികാരത്തിലോ പട്ടാളഭരണത്തിലോ പരിഹരിക്കപ്പെടും എന്നവർ വിശ്വസിച്ചാൽ തെറ്റുപറയാൻ കഴിയില്ല.
പ്യൂ നടത്തിയിട്ടുള്ള സർവേപ്രകാരം യുറോപ്യൻ രാജ്യങ്ങളിലും ജനാധിപത്യത്തോടുള്ള വിശ്വാസത്തിൽ കുറവു വന്നിട്ടുണ്ട്. അവരും സ്വേച്ഛാധിപത്യത്തെ ഇഷ്ടപ്പെടുന്നു. അതിലേക്കുള്ള ചിന്ത വളരുന്നതും മനുഷ്യത്വ വിരുദ്ധതയിലൂടെയാണ്. 2008-നുശേഷം യൂറോപ്പിൽ ഉണ്ടായിട്ടുള്ള സാമ്പത്തികമാന്ദ്യം ജനജീവിതത്തെ നേരിട്ടു ബാധിച്ചു. ലോകത്തെ വിവിധ ഇടങ്ങളിൽനിന്നു അഭയാർഥികളായി എത്തിയവരോടുള്ള യൂറോപ്യൻ സമൂഹത്തിന്റെ സമീപനവും ചർച്ച ചെയ്യേണ്ടതുണ്ട്. അതിന്റെ തുടർച്ചയായിരുന്നു 2001-ലെ വേൾഡ് ട്രെഡ്’ സെന്റർ ആക്രമണത്തിനുശേഷം രൂപപ്പെട്ട ഇസ്ലാമോഫോബിയ ഭീകരവാദത്തിന്റെ കേന്ദ്രസ്ഥാനത്ത് എത്തിപ്പെട്ടത്.
ഇത് യൂറോപ്പിലെ വലതുപക്ഷക്കാരെ തീവ്രദേശീയതയുടെ ഭാഗമാക്കി മാറ്റി. 1990-ശേഷം ഉണ്ടായിട്ടുള്ള പശ്ചിമേഷ്യയിലെ യുദ്ധങ്ങളും തുടർന്നുള്ള അഭയാർഥി കുടിയേറ്റവും പല യൂറോപ്യൻ രാഷ്ട്രത്തിലെ സാമ്പത്തികാവസ്ഥയെ ബാധിച്ചു എന്ന നിരീക്ഷണവും നിലനില്ക്കുന്നുണ്ട്. 2015-ൽ തുടങ്ങിയ അഭയാർഥി പ്രവാഹം ഒരു ദശലക്ഷം അഭയാർഥികളെ യൂറോപ്പിലെത്തിച്ചു എന്നാണ് പറയുന്നത്. ഈ സാഹചര്യം മുതലെടുത്ത്, യൂറോപ്പിലുടനീളം വലതുപക്ഷ, തീവ്ര ദേശീയ പാർട്ടികൾ ശക്തി പ്രാപിച്ചു. ഇറ്റലിയിലെ മാറ്റിയോ സാൽവിനിയുടെ ലീഗ് പാര്ട്ടി എന്ന വലതുപക്ഷ പാർട്ടി രംഗത്തു വന്നു. ഫ്രാൻസിലെ നാഷണൽ ഫ്രണ്ട്, ജർമനിയിലെ അൾട്ടർനേറ്റീവ് ഫോർ ജർമനി, സ്പെയിനിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ബോക്സിന്റെ വളർച്ച ഇതൊക്കെ യൂറോപ്യൻ രാജ്യങ്ങളിൽ കൃത്യമായി വിഭജനം ഉണ്ടാക്കിയിട്ടുണ്ട്. വംശീയതയുടെയും തീവ്ര ദേശീയതയുടെയും വളർച്ച യൂറോപ്യൻ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നു.
ജനാധിപത്യത്തിലെ പ്രാതിനിധ്യ സ്വഭാവമാണ് ഇത്തരത്തിലുള്ള മനുഷ്യർക്ക് അഭയം നല്കുന്നത് എന്ന ചിന്ത വളർന്നു. ജനാധിപത്യത്തെ നിരാകരിക്കുമ്പോൾ മാത്രമാണ് വംശീയവാദികൾക്ക് കുടിയേറ്റ മനുഷ്യരെയും അഭയാർഥികളെയും പാർശ്വവത്കൃത സമൂഹത്തെയും രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യാൻ കഴിയൂ. ഇതിനു ചരിത്രപരമായ തെളിവുകൾ ഏറെയാണ്. 15 ലക്ഷത്തോളം പേരുടെ വംശഹത്യക്ക് കാരണക്കാരനായ കമ്പോഡിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് പോൾ പോട്ട്, 2003 വരെ അഞ്ച് ലക്ഷം പേരെ വധിച്ച സുഡാൻ, ഇറാഖ്, ശ്രീലങ്ക, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിന്റെ ചരിത്രം വലുതാണ്.
ഇത്ര യാഥാർഥ്യങ്ങൾ നിലനില്ക്കെ എന്തുകൊണ്ട് വീണ്ടും ഒരു വിഭാഗം മനുഷ്യർ പട്ടാള ഭരണത്തെയും സ്വേച്ഛാധിപത്യത്തെയും ഇഷ്ടപ്പെടുന്നു. അതിന് ഉത്തരം നല്കേണ്ടത് ആധുനിക രാഷ്ട്ര തത്ത്വസംഹിതയാണ്. യൂറോപ്പിലായാലും ഏഷ്യയിലായാലും ഉത്തരം ഒന്നാണ്. എവിടെയും അധികാരത്തിന്റെ സ്വഭാവത്തിന് ഏകമുഖമാണ്. അവിടെയൊക്കെ രാഷ്ട്രീയത്തെ മറികടന്ന് ഭൂരിപക്ഷം മതമോ വംശീയചിന്തയോ ആണ് അധികാരത്തെ നിയന്ത്രിക്കുന്നത്. ശ്രീലങ്കയിലെയും അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാനിലെയും രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണം, തികഞ്ഞ മതതീവ്രതയാണ്. അവിടെയൊക്കെ പട്ടാളഭരണം സാധാരണ മനുഷ്യർക്ക് അല്പമെങ്കിലും നീതി നല്കുമെന്ന് തോന്നിപ്പിക്കാൻ കാരണം, ആധുനിക സാമൂഹികവ്യവഹാരങ്ങളിൽ രാഷ്ട്രീയം ഉണ്ടാക്കിയ പരിഹരിക്കാൻ പറ്റാത്ത ജീര്ണതയാണ്. ഈ ജീര്ണത ഇന്ത്യൻ പരിസരത്തേക്ക് എത്തുമ്പോൾ അവിടെ ജനാധിപത്യത്തെ കാർന്നുതിന്നുന്നത് തീവ്ര ഹിന്ദുത്വവും ദേശീയതയുമാണ്. ഇന്ത്യയ്ക്ക് ഒരിക്കലും ഏകാത്മക ദേശീയതയിലേക്ക് വളരാനോ നിലനില്ക്കാനോ കഴിയില്ല. അവിടെ ജനാധിപത്യം തന്നെയാണ് മുന്നോട്ടുള്ള പ്രയാണത്തെ ശക്തിപ്പെടുത്തുന്നത്. എന്നിട്ടും എന്തുകൊണ്ട് ജനം ഏകാധിപത്യത്തെയും പട്ടാളഭരണത്തെയും ആഗ്രഹിക്കുന്നു.
കഴിഞ്ഞ ദശകത്തെ ഇന്ത്യ
2014-നുശേഷം ഇന്ത്യയിൽ ഉണ്ടായിട്ടുള്ള അടിസ്ഥാനപരമായ രാഷ്ട്രീയമാറ്റം ജനാധിപത്യത്തെ പൂർണമായും നിഷേധിക്കുന്നതാണ്. രാമജന്മഭൂമി കോടതിവിധിയും, കാശ്മീർ വിഷയത്തിലെ നിലപാടും വലിയ രീതിയിൽ ഇന്ത്യയിലെ ഹിന്ദുത്വ വിശ്വാസികളിലും ഒരു പരിധിവരെ സാധാരണ ജനങ്ങളിലും ഭരണകൂടത്തോടുള്ള അദൃശ്യമായ ആത്മബന്ധം രൂപപ്പെടുത്തി. അവിടെ ഭരണകൂടം നിലനില്ക്കെ ജനാധിപത്യത്തെക്കാൾ തീരുമാനം നടപ്പാക്കുന്ന ‘വ്യക്തിയോട് ‘ അധികാര, ആരാധനാ മനോഭവം രൂപപ്പെട്ടു. വിശ്വാസമാണ് അതിനെ നിയന്ത്രിക്കുന്ന അദൃശ്യശക്തി എന്നു തിരിച്ചറിഞ്ഞ നേതാവ് രാഷ്ട്രീയത്തെ പൂർണമായി കൈയൊഴിഞ്ഞു. വിശ്വാസത്തെ ശക്തിപ്പെടുത്തി. ഇതോടെ രാഷ്ട്രീയത്തെ നിരാകരിച്ച ഭരണാധികാരികളിൽ വിശ്വാസികൾ (ജനം) രാജാധികാരിയെ കണ്ടു. ഇന്ത്യയെ സംബന്ധിച്ച് സവര്ണഹിന്ദുത്വത്തിന്റെ അധികാരപരിധിയിൽ ജനാധിപത്യം തികച്ചും അപ്രസക്തമാകുന്നത് ഇങ്ങനെയാണ്.
ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്താൽ രൂപപ്പെട്ട ആശയസംഹിത ഒരിക്കലും ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല. അതു സവര്ണമനുഷ്യരുടെ പൊതുജീവിതത്തിന്റെ ഭാഗമാകുമ്പോൾ സ്വേച്ഛാധിപത്യമോ പട്ടാളഭരണമോ അവരുടെ സാമൂഹികമേൽക്കോയ്മയെ ചോദ്യം ചെയ്യുന്നില്ല. മറിച്ച്, ജനാധിപത്യം നിലനില്ക്കുമ്പോൾ തിരഞ്ഞെടുപ്പിലൂടെ അവരുടെ ആധിപത്യം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടു ജനാധിപത്യത്തെ നിരാകരിക്കുകയും ഏകാധിപത്യത്തെ അംഗീകരിക്കുകയും ചെയ്യുന്നു. ഇതിനാവശ്യമായ ഭരണനിയന്ത്രണങ്ങൾ ഭരണകൂടം കൃത്യമായി ഉപയോഗിക്കുന്നുണ്ട്. വംശീയജനാധിപത്യം ഇതിന്റെ ഭാഗമാണ്. ജനാധിപത്യഭരണം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തി ദേശഭ്രഷ്ടരാക്കുന്ന സ്ഥിതി.
2023-ലെ കണക്കുപ്രകാരം മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ 180 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 161 ആണെന്ന് ഗ്ലോബൽ മീഡിയ വാച്ച് ഡോഗിന്റെ കണ്ടെത്തൽ ശ്രദ്ധേയമാണ്. മാത്രമല്ല, 2017 മുതൽ 2021 വരെ 6677 എൻ. ജി. ഒകളുടെ പ്രവർത്തനം രാജ്യത്ത് മരവിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ നമ്മുടെ ജനാധിപത്യത്തെ നിരാകരിക്കുന്നതിന്റെ ലക്ഷണമാണ്. മറ്റൊന്ന് 1950-ൽ രൂപംകൊണ്ട തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാക്കി. ഇതിനെതിരെ ശബ്ദിക്കാൻ പ്രതിപക്ഷത്തിനു കഴിയുന്നില്ല. പ്രതിപക്ഷത്തിന്റെ ഈ രാഷ്ട്രീയദൗർബല്യമാണ് ജനാധിപത്യത്തോടുള്ള വിശ്വാസം തകരാനുള്ള ഒരു പ്രധാന കാരണം. പ്രതിപക്ഷത്തിന്റെ സാന്നിധ്യം നിലനില്ക്കെ അതിനെ അപ്രസക്തമാക്കാൻ ജനാധിപത്യത്തിനു കഴിയുമെന്ന് 2014-നുശേഷം ഭരണകൂടം തെളിയിച്ചു. ജനാധിപത്യത്തിന്റെ സാധ്യതയെ ഉപയോഗിക്കുക എന്നുള്ളതാണ് പ്രതിപക്ഷത്തിന്റെയും പ്രധാന കർത്തവ്യം. ഇന്ത്യയിൽ സമീപകാലത്ത് നടക്കാതെപോയത് അതാണ്. മറ്റൊന്ന് ജനാധിപത്യ വ്യവസ്ഥയിൽ പൗരന്മാർക്ക് കിട്ടേണ്ട നീതിയുടെ സംരക്ഷണമാണ്. അതു ലഭിക്കാതിരിക്കുമ്പോൾ വ്യവസ്ഥിതിയെയാണ് ജനം വെറുക്കുന്നത്. സമൂഹത്തിൽ സാമ്പത്തികമായും സാമൂഹികമായും ഉന്നതരായവർ എല്ലാ നിയമങ്ങളെയും മറികടക്കുന്നു.
2023 ജൂലായിൽ കേന്ദ്ര നിയമമന്ത്രാലയം ലോകസഭയിൽ അവതരിപ്പിച്ച കണക്കുപ്രകാരം കഴിഞ്ഞ 30 വർഷത്തിനിടയിൽ 4,43,9236 കേസുകൾ തീർപ്പാകാതെ കിടക്കുന്നുണ്ട്. ഇതിൽ എത്രമാത്രം നിരപരാധികൾ ഉൾപ്പെടുന്നു എന്നുകൂടി ചിന്തിക്കാവുന്നതാണ്. ഇതൊക്കെ ജനാധിപത്യത്തോടുള്ള വിശ്വാസത്തെ സാധാരണ ജനങ്ങളിൽനിന്നു അകറ്റുന്നുണ്ട്. മറ്റൊന്ന് കഴിഞ്ഞ പാർലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ രാജാധികാര വാഴ്ചയാണ്. മതേതര ജനാധിപത്യരാഷ്ട്രത്തിൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ സംസാരിക്കുന്ന ഒരിടത്ത് എങ്ങനെ രാജാധികാരത്തെ പ്രദാനം ചെയ്യുന്ന അധികാരമുദ്ര സ്ഥാപിച്ചെടുക്കാൻ കഴിയും. ഇന്ദ്രപ്രസ്ഥത്തിൽ ചെങ്കോലും ദണ്ഡും കൈമാറ്റം നടന്നത് രാജാധിപത്യത്തിന്റെ സൂചന നല്കിക്കൊണ്ടാണ്. ചെങ്കോലിന്റെ സ്ഥാനം മ്യൂസിയത്തിലാണ് എന്ന് നെഹ്റുവിനു പറയാൻ കഴിഞ്ഞത് അദ്ദേഹം ഒരു ജനാധിപത്യ വിശ്വാസിയായതുകൊണ്ടാണ്. എന്നാൽ ഹിന്ദുത്വം പ്രദാനംചെയ്യുന്നത് രാജവാഴ്ചയായതുകൊണ്ട് നിലവിലെ ഭരണകൂടം അതിനോടു സമരസപ്പെട്ടു.
താഴെത്തട്ടുള്ള മനുഷ്യർക്ക് ജനാധിപത്യത്തിന്റെ അർഥമോ ഗുണമോ സമൂഹത്തിൽനിന്ന് അനുഭവിക്കാനോ ജീവിതത്തിന്റെ ഭാഗമാക്കാനോ കഴിഞ്ഞിട്ടില്ല. അങ്ങനെയുള്ള മനുഷ്യർക്ക് ജനാധിപത്യം വെറുമൊരു ഭംഗിവാക്ക് മാത്രമാണ്. അവർ കാണുന്നതാകട്ടെ രാഷ്ട്രീയ അധികാരവും അതുണ്ടാക്കിയ സാമൂഹിക അംഗീകാരവും സാധാരണമനുഷ്യരെ കൊള്ളയടിക്കാനാണ്. അവരോടുള്ള പ്രതികാരംതീർക്കാൻ അവർ പട്ടാളഭരണത്തെയാണ് മാടിവിളിക്കുന്നത്. അത്രമാത്രം ജനാധിപത്യ ഇന്ത്യ അരാഷ്ട്രവത്കരിക്കപ്പെട്ടു. 2023 മാർച്ചിൽ സ്വീഡനിലെ കൊത്തൻവർക്ക് സർവകലാശാലയുടെ വെറൈറ്റീസ് ഓഫ് ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ സമത്വസൂചികയിൽ ലോകത്ത് 123ാം സ്ഥാനത്തും തിരഞ്ഞെടുപ്പ് ജനാധിപത്യ സൂചികയിൽ 108 ാം സ്ഥാനത്തുമാണ് ഇന്ത്യ. ഇതൊക്കെ കാണിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആന്തരികസത്ത ജനങ്ങളിലേക്ക് എത്തുന്നില്ല എന്നതാണ്. ഈ അവസരത്തിൽത്തന്നെയാണ് 2022 ഡിസംബർവരെയുള്ള കണക്കുപ്രകാരം 2011 മുതൽ ഇന്ത്യയിൽനിന്ന് 16 ലക്ഷം പേർ പൗരത്വം ഉപേക്ഷിച്ചു എന്നത് കേന്ദ്രസർക്കാർ ലോകസഭയിൽ വ്യക്തമാക്കിയത്. ആ കണക്കുപ്രകാരം 2022-ൽ മാത്രം 1,83,741 പേർ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ 1,62,561 പേർക്ക് പൗരത്വം നല്കുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൽനിന്നു ജനങ്ങൾ പൗരത്വം ഉപേക്ഷിക്കുന്നു? ഇന്ത്യയെപ്പോലെ ബഹുസ്വരതയും നാനാത്വവും മതേതരത്വവും ലോകത്തെവിടെയാണ് കിട്ടുക? എന്നിട്ടും ജനം ജനാധിപത്യത്തെ വെറുക്കുന്നുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനകാരണങ്ങളെ കണ്ടെത്തേണ്ടത് ദൈനംദിന സാമൂഹികവ്യവഹാരങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ തന്നെയാണ്.