ജനാധിപത്യത്തിൽനിന്ന് ദൈവാധിപത്യത്തിലേക്ക് – എം.എൻ. കാരശ്ശേരി

സ്വാതന്ത്ര്യം ഒരു ഇടിത്തീപോലെ എന്നിൽ പതിച്ചിരിക്കുന്നു. – ജീൻ പോൾ സാർത്ര്


സ്വാതന്ത്ര്യമാണോ അടിമത്തമാണോ നല്ലത്? ഈ ചോദ്യത്തിന് മിക്ക ആളുകളും പുറമേയ്ക്ക് പറയാനുള്ള ഉത്തരം സ്വാതന്ത്ര്യം എന്നായിരിക്കും. പക്ഷേ, അവരുടെ അകമേ പുലരുന്ന ഉത്തരം അടിമത്തം എന്നായിരിക്കും. കാരണം ലളിതമാണ്: സ്വാതന്ത്ര്യത്തിൽ അവകാശങ്ങൾക്കൊപ്പം ചുമതലകളുമുണ്ട്. ചുമതലകൾക്കൊപ്പമല്ലാതെ ഒരു അവകാശം നിലനില്ക്കുകയില്ല. ചുമതലകൾ നിങ്ങളെ സ്വന്തമായി ആലോചിക്കാനും തീരുമാനം എടുക്കാനും അതു നടപ്പാക്കാനും നിർബന്ധിക്കും. അടിമത്തത്തിൽ സ്വന്തമായി ആലോചിക്കുക, തീരുമാനിക്കുക, നടപ്പാക്കുക തുടങ്ങിയ ഭാരങ്ങൾ ഒന്നുമില്ല; കല്പനപോലെ പ്രവർത്തിച്ചാൽ മാത്രം മതി. ഗുണമായാലും ദോഷമായാലും നമുക്ക് ഉത്തരവാദിത്വമൊന്നുമില്ല. പറഞ്ഞതുപോലെ ചെയ്തു. പണികഴിഞ്ഞു. അവിടെ അവകാശങ്ങളില്ല. ചുമതലകൾ മാത്രമേ ഉള്ളൂ. ആ ചുമതല നിർവഹിച്ചതിന്റെ പ്രത്യാഘാതങ്ങളൊക്കെ യജമാനൻ നോക്കിക്കൊള്ളും. അവനവന് അങ്ങനെ വല്ലതും വന്നുചേർന്നാൽ ‘വിധി’ എന്നുവച്ച് അടങ്ങാനും അടിമകൾക്കറിയാം. ഇത് അതിശയോക്തിയാണ് എന്നു വിചാരിക്കുന്നവരോട് ഞാൻ ചോദിക്കട്ടെ: നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന മതഭക്തന്മാരിൽ കാണുന്നത് ഈ അടിമത്തം അല്ലേ? അവർ സ്വയം ദൈവത്തിന്റെ അടിമകൾ എന്നു വിളിക്കുന്നു; പുരോഹിതന്മാർ പറയുന്നത് അനുസരിക്കുന്നു; വിശുദ്ധ ഗ്രന്ഥങ്ങളെയോ അവയുടെ വ്യാഖാനങ്ങളെയോ പിന്തുടരുന്നു. ഈ ലോകത്തും പരലോകത്തും ക്ഷേമം കൊണ്ടുവരാൻ ഈ ഭക്തിക്ക് സാധിക്കും എന്നാണ് അവരുടെ വിശ്വാസം.


സ്വന്തം യുക്തി ഉപയോഗിച്ച് കണ്ടതും കേട്ടതും വിശകലനം ചെയ്തു നോക്കാനുള്ള ഉത്തരവാദിത്വം ഒരു ഭക്തനും കൈയേല്ക്കുന്നില്ല. ഭക്തിക്കു വിപരീതമാണ് യുക്തി എന്നാണ് അവരുടെ വിചാരം. യുക്തിയുടെ വഴിക്കുപോയാൽ സങ്കല്പസ്വർഗങ്ങളൊക്കെ നഷ്ടമായിപ്പോകും എന്നാണ് പേടി. ബുദ്ധൻ നിർദേശിച്ചപോലെ കാര്യകാരണബന്ധത്തെപ്പറ്റി ആലോചിക്കാൻ സാധാരണനിലയ്ക്ക് മതഭക്തന്മാർ തയാറാകുകയില്ല. സക്കറിയയുടെ പ്രസിദ്ധ കഥാപാത്രമുണ്ടല്ലോ – ‘തൊമ്മി’. അയാളുടെ മാനസികനിലയാണ് മതകാര്യങ്ങളിൽ മിക്കവർക്കും പുരോഹിതന്മാരുടെ അടിമക്കൂട്ടമായി മുന്നേറുന്നതിൽ ആനന്ദം അനുഭവിക്കുകയാണ് അവരുടെ സ്വഭാവം.


ഞാനിതൊക്കെ ഓർത്തിരുന്നുപോയതിനു കാരണം ആ വാർത്തയാണ്. പ്യൂ റിസർച്ച് സെന്ററിന്റെ 2003-ലെ സർവേയിൽ കണ്ടെത്തിയിരിക്കുന്നു:


1. ഇരുപത്തിനാല് രാഷ്ട്രങ്ങളിൽ നടത്തിയ പഠനങ്ങളിൽ ഒട്ടുമിക്ക രാജ്യങ്ങളിലും ജനാധിപത്യം ദുർബലമായിവരികയാണ്.


2. പ്രാതിനിധ്യജനാധിപത്യത്തെ മുൻ സർവേയിൽ (2017) പങ്കെടുത്ത ഇന്ത്യക്കാരിൽ 44% അനുകൂലിച്ചിരുന്നു. ഇപ്പോൾ (2023) അവരുടെ എണ്ണം 36 ശതമാനമായി കുറഞ്ഞിരിക്കുന്നു.


3. ഇപ്പോഴത്തെ സർവേയിൽ പങ്കെടുത്ത ഇന്ത്യക്കാരിൽ 85 ശതമാനവും ആഗ്രഹിക്കുന്നത് സൈനികാധിപത്യമോ സ്വേച്ഛാധിപത്യമോ ആണ്. ശക്തനായ ഭരണാധികാരി ഉണ്ടെങ്കിലേ കാര്യങ്ങൾ നേരേ ചൊവ്വേ നടക്കൂ എന്നാണവർ അഭിപ്രായപ്പെട്ടത്. (PEW Research Centre’s Global Attitude Survey : 2023)


ഇതു വായിച്ച് ഞാൻ അമ്പരന്നില്ല. ഗൾഫ് നാടുകളിൽ ജോലിചെയ്യുന്ന കൂട്ടുകാരും നാട്ടുകാരുമായ പലരും ആ ദേശങ്ങളിലെ സമാധാനജീവിതത്തെയും പുരോഗതിയെയും വാഴ്ത്തിപ്പറയുന്നത് അരനൂറ്റാണ്ടായി കേട്ടുകൊണ്ടിരിക്കുന്നവനാണ് ഞാൻ. ആ പ്രവാസികൾ പലരും രാജാധിപത്യത്തിന്റെ ആരാധകരാണ്. ഭരണത്തെ വിമർശിക്കുവാൻ സ്വാതന്ത്ര്യമില്ല എന്നതൊഴിച്ചാൽ അവിടെ ആർക്കും ഒന്നിനും ഒരു വിഷമവുമില്ല എന്നാണ് അവർ പറയാറ്.


അരനൂറ്റാണ്ടു മുമ്പ് ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിച്ചേല്പിച്ച അടിയന്തരാവസ്ഥ(1975-77)യെ അക്കാലത്ത് പലരും പുകഴ്ത്തിയിരുന്നത് എനിക്കോർമയുണ്ട്. ‘ഇപ്പോൾ ഇവിടെ ഒരു ഭരണമുണ്ടല്ലോ’ എന്നാണ് പലരും ആശ്വസിച്ചിരുന്നത്. അന്നു സർക്കാർ പുറപ്പെടുവിച്ച ‘നാവടക്കൂ പണിയെടുക്കൂ’ എന്ന ശാസന വലിയൊരു കെടുതിയാണ് എന്നല്ല, നേട്ടമാണ് എന്നാണ് മിക്കവർക്കും തോന്നിയത്. അന്നു തീവണ്ടികൾ സമയത്ത് ഓടി; ഉദ്യോഗസ്ഥന്മാർ നേരത്തും കാലത്തും ഓഫീസുകളിൽ ഹാജരായി; കൈക്കൂലി വാങ്ങാൻ എല്ലാവരും പേടിച്ചു… മറ്റും മറ്റും. പൗരാവകാശത്തെക്കാൾ പ്രധാനമാണ് നിയമവാഴ്ച എന്നാണ് മിക്കവരും കരുതിയത്. 1977-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുണച്ച മുഴുവൻ സ്ഥാനാർഥികളും കേരളത്തിൽനിന്നു ജയിച്ചുകയറി എന്നോർത്താൽ അടിയന്തരാവസ്ഥയെ എത്രമാത്രം മലയാളികൾ അംഗീകരിച്ചിരുന്നു എന്നു വ്യക്തമാകും.


എന്റെ കുട്ടിക്കാലത്ത്, അതായത് 1960-കളിൽ, കോൺഗ്രസുകാരനായിരുന്ന ബാപ്പ പലപ്പോഴും ‘നമ്മക്ക് നന്നായിരുന്നത് ബ്രിട്ടീഷ് ഭരണം തന്നെ’ എന്ന് ഖേദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് – അക്രമം, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത, അരാജകത്വം മുതലായവയെപ്പറ്റി ‘മാതൃഭൂമി’യിൽ വായിക്കുമ്പോഴാണ് ബാപ്പയിൽനിന്ന് ഈ ആത്മഗതം പുറപ്പെട്ടിരുന്നത്. ആ നിലപാടുകാരായി അദ്ദേഹത്തിന്റെ തലമുറയിൽ വേറെയും പലരും ഉണ്ടായിരുന്നു.


നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും രാജാധിപത്യം അവസാനിച്ചുപോയതിൽ ഖേദിക്കുന്ന ‘പ്രജകൾ’ ഉണ്ടായിരുന്നു. തിരുവിതാംകൂർ രാജകുടുംബത്തോട് ഭക്തിപുലർത്തുന്ന ആളുകൾ ഇപ്പോഴുമുണ്ട്. ആ രാജകുലത്തിന്റെ ചരിത്രകാരൻ എന്നു വിശേഷിപ്പിക്കാവുന്ന സി.വി.രാമൻപിള്ളയുടെ സാഹിത്യകൃതികളോടും അവിടത്തുകാർ പലരും കാണിക്കുന്ന ഇമ്പത്തിൽ ഈയൊരംശം ഉൾച്ചേർന്നു കിടപ്പുണ്ടാവണം.


നമ്മുടെ സ്വാതന്ത്ര്യസമരനായകരിൽ പ്രധാനിയായ സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാർ പോയാൽ അഞ്ചുകൊല്ലത്തേക്ക് നമുക്ക് സ്വേച്ഛാധിപത്യം വേണം, അതുകഴിഞ്ഞുമതി ജനാധിപത്യമെന്ന് അഭിപ്രായപ്പെട്ടിരുന്നു. നവഭാരതസൃഷ്ടിക്കുവേണ്ടി അഞ്ചുകൊല്ലം മറ്റെല്ലാം മാറ്റിവച്ച് നമ്മളെല്ലാം ശക്തമായ ഒരു നേതൃത്വത്തിനു കീഴിൽ പണിയെടുക്കേണ്ടതുണ്ട് എന്ന അർഥത്തിലാണ് നേതാജി അതു പറഞ്ഞത്.


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൊടുക്കുന്നതിന് എന്നും എതിർത്തുപോന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ അതിനു പറഞ്ഞിരുന്ന ന്യായം: “ഇന്ത്യയിൽ അധികാരം വഷളന്മാരുടെയും തെമ്മാടികളുടെയും കവർച്ചക്കാരുടെയും കൈയിൽ എത്തിച്ചേരും. ഇന്ത്യയിലെ നേതാക്കന്മാരെല്ലാം നിസ്സാരന്മാരും കാര്യശേഷിയില്ലാത്തവരുമാണ്.” ഇതു പറഞ്ഞത് 1947-ലാണ്: ഗാന്ധിജിയും നെഹ്‌റുവും പട്ടേലും ആസാദും ജീവിച്ചിരിക്കുമ്പോൾ.


പക്ഷേ, കാലം ചെല്ലുന്നതിനനുസരിച്ച് ചർച്ചിൽ ആക്ഷേപിച്ചുപറഞ്ഞ കൂട്ടരിലേക്കു അധികാരം ചെന്നുചേർന്നുകൊണ്ടിരിക്കുകയല്ലേ? ക്രിമിനൽക്കേസിൽ പ്രതികളായ എത്രയോപേർ എത്രയോ സംസ്ഥാനങ്ങളിൽ മന്ത്രിമാരായി നാടുഭരിച്ചു? ആ കൂട്ടത്തിലെ എത്രപേർ ഏതെല്ലാം മണ്ഡലങ്ങളിൽനിന്ന് എം.പിമാരും എം.എൽ.എമാരുമായി? ലോക്‌സഭയിലേക്കു മത്സരിക്കുന്ന ഒരു കൊള്ളക്കാരൻ തോക്കുധാരികളായ സ്വന്തം സംഘത്തോടൊപ്പം വോട്ടുചോദിക്കാൻ പോകുന്നതിന്റെ ഒരു ഫോട്ടോ ഒരു ഇംഗ്ലീഷ് പത്രത്തിൽ വന്നത് ഞാനോർക്കുന്നു.


ജനങ്ങളെ ഭീഷണിപ്പെടുത്തിയോ, ജാതിപറഞ്ഞോ ഇളക്കിവിട്ടോ, മതത്തിന്റെപേരിൽ ലഹളയുണ്ടാക്കിയോ, പണംകൊടുത്തു കൈക്കലാക്കിയോ, പുരോഹിതനെ വിട്ട് പ്രേരിപ്പിച്ചോ വോട്ടുനേടുക എന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ ഇപ്പോൾ സാധാരണ കാര്യമായിരിക്കുന്നു. അതിനൊന്നും വാർത്താമൂല്യം പോലുമില്ല.


എനിക്കു തോന്നുന്നത് ‘ജനാധിപത്യം’ കൃത്യമായ അർഥത്തിൽ നമ്മുടെ ആളുകൾക്ക് മനസ്സിലാകുന്നില്ല എന്നാണ്. രാജാധിപത്യം സൃഷ്ടിച്ച അടിമമനോഭാവവുമായാണ് ഭൂരിപക്ഷം ഇന്ത്യക്കാർ ഇപ്പോഴും ജീവിക്കുന്നത്. അവർ ഇപ്പോഴും ചുമതലകൾ മാത്രമുള്ള ‘പ്രജകൾ’ ആണ്; ‘അവകാശങ്ങൾ കൂടിയുള്ള പൗരന്മാർ’ ആയിട്ടില്ല. രാജാവിന്റെ മകൻ രാജാവ് എന്ന ഘടനയിലാണ് നമ്മളിപ്പോഴും ആലോചിക്കുന്നത് – മുഖ്യമന്ത്രിയുടെ മകൻ മുഖ്യമന്ത്രി, മന്ത്രിയുടെ മകൻ മന്ത്രി, എം.പിയുടെ മകൻ എം.പി. എന്ന മട്ടിൽ.


ജാതിഘടനയുടെ സ്വാധീനമാണ് ഈ മനോഭാവത്തിൽ കുടിപാർക്കുന്നത്. ജാതിയുടെ അടിസ്ഥാനം ജന്മമാണ്; കർമമല്ല. നിങ്ങളൊരു പ്രത്യേക കുലത്തിൽ ജനിച്ചാൽ നിങ്ങൾ പുരോഹിതനോ, രാജ്യപാലകനോ, കച്ചവടക്കാരനോ, കർഷകത്തൊഴിലാളിയോ ആയിത്തീരും; ആയിത്തീരണം എന്നതാണ് കണക്ക്. നിങ്ങളുടെ ബുദ്ധിശക്തി, ഓർമശക്തി, കാര്യശേഷി, വാസനാശേഷി മുതലായവയ്‌ക്കൊന്നും അവിടെ ഒരു വിലയുമില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീർണതകളിൽ പ്രധാനം ഈ ‘മക്കൾ രാഷ്ട്രീയം’ ആണ്. ഇതിന്റെ ഏറ്റവും വലിയ പ്രതീകം ഇന്ദിരാഗാന്ധിയുടെ രണ്ടാമത്തെ പുത്രൻ സഞ്ജയ് ഗാന്ധിയാണ്. ഈ ദുഷ്പ്രവണത ഏറിയ അളവിലോ കുറഞ്ഞ അളവിലോ എല്ലാ പാർട്ടികളിലുമുണ്ട് – ചിലപ്പോൾ മക്കൾക്കു പകരം ഭാര്യയോ സഹോദരനോ ‘അനന്തരാവകാശി’ ആയിവരും എന്നൊരു വ്യത്യാസം കണ്ടേക്കാം. ‘കുടുംബവാഴ്ച’ എന്ന സങ്കല്പത്തിൽനിന്ന് സാധാരണക്കാർ മാത്രമല്ല നേതാക്കന്മാർപോലും മുക്തരല്ല.


ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാണവായു മതേതരത്വമാണ്. മതേതരത്വമില്ലെങ്കിൽ നമ്മുടെ ജനാധിപത്യം ഇല്ല; ജനാധിപത്യമില്ലെങ്കിൽ നമ്മുടെ മതേതരത്വം ഇല്ല. ഇതു രണ്ടുമില്ലെങ്കിൽ നമ്മുടെ ദേശീയതയുമില്ല. മതവർഗീയത വളരെ ലളിതമാണ്. അതു മനസ്സിലാക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. ജോണും വേലായുധനും ഹുസൈനും വേറേവേറേയാണ് എന്നു മനസ്സിലാക്കാൻ എന്താ പ്രയാസം? മറിച്ച് അവർ മൂന്നും ഒന്നാണ് എന്നു കേട്ടാൽ പ്രശ്‌നം സങ്കീർണമാവും. ‘ഈശ്വരൻ എന്നതും അല്ലാഹു എന്നതും നിന്റെ പേരുതന്നെ.’ (ഈശ്വർ അല്ലാ തേരേ നാം) എന്ന് ഗാന്ധി പാടുമ്പോൾ എത്രപേർക്ക് അത് ‘ശരിക്ക്’ മനസ്സിലാവും?


‘മതേതരത്വം’ എന്നത് ആധുനികമായൊരു രാഷ്ട്രീയമൂല്യമാണ്. അതിന്റെ അടിസ്ഥാനം ഭക്തിയല്ല, യുക്തിയാണ്. അവനവനോ അന്യർക്കോ ഉപദ്രവമാകാത്ത ഏതു വിശ്വാസത്തെയും പൊറുപ്പിക്കുക എന്നതാണ് അതിന്റെ സ്വഭാവം. നരബലി, സതി, അയിത്തം മുതലായവയെ നിരോധിക്കുക എന്നതും അതിന്റെ വഴിയാണ്. കാലത്തിനും ദേശത്തിനും അനുസരിച്ച് പരിഷ്‌കരിച്ചുകൊണ്ട് മതവിശ്വാസങ്ങൾക്ക് പുലരാം എന്നതാണതിന്റെ രീതി. ഒപ്പം ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഏതു മതത്തെയും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യംകൂടി അതനുവദിക്കുന്നു. പശുവിനെ ആരാധിക്കുവാനും പശുവിനെ ആഹരിക്കുവാനും ഉള്ള സ്വാതന്ത്ര്യം ഒരേസമയം നിലനിറുത്തുന്ന ജനാധിപത്യസമ്പ്രദായമാണ് മതേതരത്വം. വിശ്വാസം കൊണ്ടുമാത്രം അതു മനസ്സിലാകില്ല. അതിനു ജനാധിപത്യബോധം കൂടിവേണം.


സമുദായപരിഷ്‌കരണത്തെയും സാമൂഹികനവോത്ഥാനത്തെയും ഏറ്റെതിർക്കുന്ന പണിയാണ് മതപൗരോഹിത്യം പതിറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ ചെയ്തുകൊണ്ടിരിക്കുന്നത്. മതേതരവിരുദ്ധമായ ഈ ജനാധിപത്യധ്വംസനത്തെ കുറെക്കാലം മൗനംകൊണ്ട് അനുവദിച്ചിരുന്ന രാഷ്ട്രീയക്കാർ ഇപ്പോൾ അതിനെ വാക്കുകൊണ്ട് അനുകൂലിക്കാൻ തുടങ്ങിയിരിക്കുന്നു. ആർക്കും ആലോചിച്ചാൽ അറിയാം, ആചാരലംഘനമാണ് നവോത്ഥാനം. ഇന്ന് ഇന്ത്യയിൽ എവിടെയും കേൾക്കുന്നതോ: ‘ആചാരസംരക്ഷണമാണ് നവോത്ഥാനം.’ ബഷീർ ‘സമാധാനപരമായ യുദ്ധം’ എന്നു പരിഹസിച്ചപോലെ. പൗരോഹിത്യത്തിന്റെ ദാസ്യവൃത്തി ചെയ്യുന്ന രാഷ്ട്രീയക്കാരാണ് മതേതരത്വത്തിന്റെ അന്തകന്മാർ.


നമ്മുടെ ജനാധിപത്യം ധനാധിപത്യത്തിന് വഴി ഒഴിഞ്ഞുകൊടുത്തുകൊണ്ടിരിക്കുകയാണ്. അദാനി, അംബാനി, ടാറ്റ, ബിർള മുതലായ കുത്തകമുതലാളിമാരാണ് സത്യത്തിൽ നമ്മുടെ നാടുഭരിക്കുന്നത്. കൈക്കൂലി ഒരു ജീവിതരീതിയായി മാറിക്കഴിഞ്ഞു. കൃഷി, വ്യാപാരം, വ്യവസായം എന്നിവപോലെ ആദായം തരുന്ന ഒരു ഏർപ്പാടായി രാഷ്ട്രീയ തരംകെട്ടു. ഏതു പാർട്ടിയിലും കൈക്കൂലി വാങ്ങുന്നവരുണ്ട്. ഏതു പാർട്ടിയിലും അതു വാങ്ങാത്തവരുമുണ്ട്. പക്ഷേ, എല്ലാ പാർട്ടിയിലും വാങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ‘ജനസേവനം’ എന്ന പദം എടുക്കാത്ത നാണയംപോലെ കാലഹരണപ്പെട്ടുകഴിഞ്ഞു. എല്ലാറ്റിനുംമേലെ, എവിടെയും പുജ കിട്ടുന്നത് ധനദേവതയ്ക്കാണ്.


‘ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന സർക്കാരിനെ കിട്ടുന്നു’ എന്നൊരു ചൊല്ലുണ്ട്. വാസ്തമാണത്. നമ്മുടെ മതവും രാഷ്ട്രീയവും സമൂഹവും കലയും എല്ലാം നമ്മെ കൃത്യമായി പ്രതിഫലിപ്പിക്കും. ജനാധിപത്യത്തിൽ നമ്മളാണ് സർക്കാരിനെ സൃഷ്ടിക്കുന്നത്. ഓരോ സമൂഹവും സ്വന്തം ഇച്ഛയ്ക്കും സങ്കല്പത്തിനുമനുസരിച്ച് ദൈവങ്ങളെ ഉത്പാദിപ്പിക്കുംപോലെ സർക്കാരുകളെയും ഉത്പാദിപ്പിക്കുന്നു.


ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തോല്പിച്ചോടിച്ച മഹത്തായ പാരമ്പര്യമുള്ള ഇന്ത്യൻ ജനാധിപത്യമാണ് ജാതിയോടും മതത്തോടും ധനത്തോടും തോറ്റു പിൻവാങ്ങിക്കൊണ്ടിരിക്കുന്നത്. അഹിംസാനിഷ്ഠമായ സമരത്തിലൂടെ ജനാധിപത്യത്തിന്റെ സമാധനപാഠങ്ങൾ ലോകത്തെ പഠിപ്പിച്ച ഒരു രാഷ്ട്രമാണ് ഇപ്പോൾ ജാത്യാചാരങ്ങളുടെയും മതാനുഷ്ഠാനങ്ങളുടെയും പേരിൽ കലാപങ്ങളുണ്ടാക്കി അധികാരസമ്പാദനം നടത്തിക്കൊണ്ടിരിക്കുന്നത്.


ലേഖനാരംഭത്തിൽ സൂചിപ്പിച്ച മട്ടിലുള്ള അടിമമനോഭാവത്തിന്റെ ആലസ്യത്തിലേക്കും അലസതയിലേക്കും തിരിച്ചുനടക്കുകയാണോ നാം? ജനാധിപത്യത്തിൽനിന്നു പൗരോഹിത്യം വാഴ്ചകൊള്ളുന്ന ദൈവാധിപത്യത്തിലേക്കാണോ നമ്മൾ തീവ്രവേഗതയിൽ ‘പുരോഗമി’ക്കുന്നത്? മതേതരരാഷ്ട്രത്തിൽനിന്ന് മതരാഷ്ട്രത്തിലേക്കാണോ നമ്മുടെ പോക്ക്? പാക്കിസ്ഥാനിൽനിന്ന് നാം എന്തു പഠിച്ചു? പൗരവകാശവും തുല്യതയും നീതിയും ഇല്ലാത്ത ആ ഇസ്ലാമികരാഷ്ട്രംപോലെ ഒരു ഹിന്ദുരാഷ്ട്രം പണിയാനാണോ ഇപ്പോൾ ഇന്ത്യ പിടഞ്ഞുകൊണ്ടിരിക്കുന്നത്? നടുക്കമുണ്ടാക്കുന്ന ചോദ്യങ്ങളാണ് ഇവയെല്ലാം.


ഞാൻ വിചാരിക്കുന്നു: കുത്തകമുതലാളിത്തം വിലകൊടുത്തുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമാണ് ഇന്ന് ഇന്ത്യ. അതിന് കനത്ത പുകമറസൃഷ്ടിക്കാൻ പാകത്തിലുള്ള പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം. ജാതിവിവേചനവും സാമ്പത്തികചൂഷണവും ആണധികാരവും നിർബാധം വാഴ്ചകൊള്ളുന്ന ഒരു ഹിന്ദുരാഷ്ട്രം പടുത്തുയർത്തുന്ന പണിയാണ് യവനികയ്ക്കു മുന്നിലും പിന്നിലുമായി നടന്നുകൊണ്ടിരിക്കുന്നത്. മതവും കച്ചവടവും രാഷ്ട്രീയവും ഒറ്റയൊന്നായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ പ്രാതിനിധ്യ ജനാധിപത്യം വേണ്ടാ എന്നു പറയുന്നവരെ എനിക്ക് കുറ്റപ്പെടുത്താനാവില്ല.


ഇതിന്റെ പാഠം ലളിതമാണ്: ഈ സാഹചര്യം ജനാധിപത്യവിശ്വാസികളുടെ ഉത്തരവാദിത്വം വർധിപ്പിക്കുന്നു. അവർ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം. ഒരു രണ്ടാംസ്വാതന്ത്ര്യസമരം അനിവാര്യമായിത്തീരുകയാണ്.