ആളുകൾക്ക് ഉപകാരപ്പെടുന്ന വെയിലോ മഴയോ കാറ്റോ ആയാൽ മതി എനിക്ക് – ജോസഫ് അന്നംകുട്ടി ജോസ്/എഴുത്ത് ഡെസ്ക്
വായിച്ചതും കേട്ടതും എഴുതിയതുമായ കഥകൾ മനോഹരമായി പറയുന്ന ജോസഫ് അന്നംകുട്ടി ജോസ്. ഉള്ളുതുറന്ന കൊച്ചുവർത്തമാനങ്ങൾ. എഴുത്തുകാരൻ, റേഡിയോ ജോക്കി എന്നിങ്ങനെയുള്ള ടാഗ്‌ലൈനുകൾ. താങ്കൾക്കധികം താത്പര്യമില്ലെങ്കിലും മോട്ടിവേഷണൽ സ്പീക്കർ എന്നൊരു വിശേഷണവുമുണ്ട്. ഇന്ന് യുവതലമുറ ശ്രദ്ധയോടെ കാതോർക്കുന്ന ജോസഫ് അന്നംകുട്ടി ജോസിനെ എങ്ങനെയാണ് താങ്കൾ ഈ നിലയിൽ വികസിപ്പിച്ചെടുത്തത്? ഈ പോസിറ്റിവിറ്റിയുടെ ഉറവിടമെന്ത് ?
ഉള്ള് തുറന്നുള്ള കൊച്ചുവർത്തമാനങ്ങൾ ഒരാളുടെ ഹൃദയത്തെ മറ്റെന്തിനേക്കാളും സ്വാധീനിക്കും എന്ന് എന്നെ പഠിപ്പിച്ചത് കുമ്പസാരക്കൂടാണ്. പാപം മോചിക്കപ്പെടുന്ന ഇടം എന്ന് മതം എന്നെ പഠിപ്പിക്കുമ്പോൾ, ‘ഞാൻ സ്വാതന്ത്രനാക്കപ്പെടുന്ന ഇടം’ എന്നാണ് ചില നല്ല കുമ്പസാരങ്ങൾ എന്നെ പഠിപ്പിച്ചത്. മാതാപിതാക്കളോടും, സഹോദരങ്ങളോടും, സുഹൃത്തുക്കളോടും അധ്യാപകരോടും ഉള്ളിലുള്ളത് അതുപോലെ പങ്കുവയ്ക്കുക എന്നൊരു സ്വഭാവം എന്നിൽ ഉണ്ടായിരുന്നു. അതിന് അവർ നൽകിയ മറുപടികൾ, സജസ്റ്റ് ചെയ്ത പുസ്തകങ്ങൾ, സിനിമകൾ, അവരുടെ തന്നെ അനുഭവങ്ങൾ ഇതൊക്കെയാണ് എന്നെ രൂപപ്പെടുത്തിയത്. “കുറ്റബോധം ദൈവാനുഗ്രഹം ഉള്ളവർക്ക് മാത്രം തോന്നുന്ന കാര്യമാണ്”, “എടാ, ഈ വിശുദ്ധനായി ജീവിക്കുന്നത് ശരിക്കും നൈസ് പരിപാടിയല്ലേ”, ” ചിലതിനോടൊക്കെ നീ പറഞ്ഞ No കൾ ആണ് നിന്റെ ബലം”, “Every temptation is an invitation to show your mettle”. എന്റെ തുറന്നു പറച്ചിലുകൾക്ക്, ബലഹീനതകളുടെ സത്യസന്ധമായ ഏറ്റുപറച്ചിലുകൾക്ക് എനിക്ക് കിട്ടിയ ഉത്തരങ്ങളാണ് ഇതെല്ലാം. ജോസഫ് എന്ന പേരിന്റെ അർത്ഥം ‘He will enlarge’ എന്നാണ്. ഞാൻ സ്വയം വികസിപ്പിക്കുന്നത് എന്റെ അന്വേഷണങ്ങളിലൂടെയാണ്. എനിക്ക് കിട്ടുന്ന ഉത്തരങ്ങൾ എന്റെ ഉത്തരവാദിത്തങ്ങളായി ഞാൻ കാണുന്നു.
സെലിബ്രിറ്റി പ്രതിച്ഛായക്കുള്ളിൽ താങ്കൾ അനുഭവിച്ച വീർപ്പുമുട്ടില്‍നിന്നു പുറത്തിറങ്ങാനുള്ള ശ്രമമായിരുന്നോ ദൈവത്തിന്റെ ചാരന്മാർ, Buried Thoughts എന്നീ രചനകൾ. തനിക്ക് താനായിരിക്കുന്നതിന്റെ ത്രിൽ എഴുത്ത് എത്രത്തോളം നല്കുന്നുണ്ട് ?
ഞാൻ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്നത് എഴുത്തിലാണ്. ഞാനൊരു ഒരു മോശപ്പെട്ട മനുഷ്യനാണ് എന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കുന്നതിനേക്കാൾ അപകടം ഞാനൊരു നല്ല മനുഷ്യനാണ് എന്ന് മറ്റുളവർ തെറ്റിദ്ധരിക്കുന്നതിലാണ്. എഴുത്ത് ഈ വീർപ്പുമുട്ടലിന് ചെറിയൊരു പരിഹാരം എനിക്ക് നൽകിയിട്ടുണ്ട്. ‘സ്നേഹം, കാമം, ഭ്രാന്ത്’ എന്ന പുസ്തകം ഫിക്ഷൻ എന്നു പറയപ്പെടുമ്പോഴും എഴുതുന്ന ആളുടെ തോന്നലുകൾ, വിശ്വാസങ്ങൾ, ആഗ്രഹങ്ങൾ അവയെല്ലാം ആ കഥകളിൽ ഉണ്ടാകും. കാമം എന്ന വാക്കുള്ളത് കൊണ്ട് പുസ്തകം പൊതിഞ്ഞു കൊണ്ടുനടക്കുന്ന ചില സുഹൃത്തുക്കളെ ഞാൻ കണ്ടിട്ടുണ്ട്. നന്മയ്ക്ക് അല്ലെങ്കിൽ നന്മയെന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങൾക്ക് അസാധ്യ മാർക്കറ്റുള്ള ഒരിടത്തിൽ, സത്യത്തിന് വലിയ ഡിമാൻഡ് ഉണ്ടാകില്ല എന്നുതോന്നുന്നു. പക്ഷേ, ആ ചെറുപ്പക്കാരൻ പറഞ്ഞപോലെ സത്യം നിങ്ങളെ സ്വതന്ത്രരാക്കും, സത്യം മാത്രം.
സെൽഫി കാലത്താണ് നാം ജീവിക്കുന്നത്. എല്ലാവരും പ്രതിച്ഛായനിർമിതിയുടെ പുറകെ പായുന്ന കാലം. താങ്കൾ എന്തിനാണ് താരപരിവേഷം അഴിച്ചുവയ്ക്കാൻ ശ്രമിക്കുന്നത്. അതൊരു മണ്ടത്തരമല്ലേ. താരമല്ലാത്ത ഒരു വ്യക്തിയെ കേട്ടിരിക്കാൻ, വായിക്കാൻ ആൾക്കൂട്ടങ്ങൾ ഉണ്ടാകുമോ ?
മറ്റുള്ളവരുടെ സ്നേഹമാണോ ശ്രദ്ധയാണോ (Attention) വേണ്ടത് എന്ന് ചോദിച്ചാൽ എന്റെ ഉത്തരം സ്നേഹമാണ്. എന്നെ കാണുമ്പോൾ ഒരാൾക്കൂട്ടം ഉണ്ടാകുന്നതിനെക്കാൾ എനിക്കിഷ്ട്ടം ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ എന്നെ തിരിച്ചറിയുന്നതാണ്. ഒരിക്കൽ വല്ലാതെ തകർന്നിരുന്ന ഒരു ദിവസം ഞാൻ ഒരു യാത്രയുടെ ഭാഗമായി കൊച്ചിൻ എയർപോർട്ടിൽ ഗേറ്റ് നമ്പർ നാലിൽ നിരാശനായി ഇരിക്കുമ്പോൾ എനിക്ക് ഒരു ഫോൺകോൾ വന്നു. ഒരു പട്ടാളക്കാരനാണ്, “എടോ, പട്ടാളക്കാരനാണ് എന്നെ ഒള്ളൂ മനസ്സിന് വലിയ ബലമൊന്നുമില്ല. ഞങ്ങൾക്ക് ആത്മഹത്യ ചെയ്യാൻ വളരെ എളുപ്പമാണ്, എപ്പോഴും കൂടെയുള്ള ഗണ്ണിന്റെ കാഞ്ചി ഒറ്റ വലി, അത് മതി. എത്ര തവണ നീ എന്നെ പിടിച്ച് നിർത്തിയിട്ടുണ്ട് എന്നറിയോ? നാവ് കുഴയണ വരെ നിന്റെ വർത്തമാനങ്ങൾ നിർത്തരുത്. സോറി, ഞാൻ ഇച്ചിരി വെള്ളം അടിച്ചിട്ടുണ്ട്. എന്നാലും, ഞാൻ പറയണത് സത്യമാണ്”. വെറുതെ സിമ്പിൾ ചമയുന്നതല്ല, താരം അകലെയാണ് സുഹൃത്തേ. എനിക്ക് ആളുകൾക്ക് ഉപകാരപ്പെടുന്ന വെയിലോ, മഴയോ കാറ്റോ ഒക്കെ ആയാൽ മതി.
ഉയർന്ന ശമ്പളവും സ്ഥാനങ്ങളും ലഭിക്കുമായിരുന്ന ബിസിനസ് രംഗം വിട്ട് റേഡിയോ ജോക്കി ആയിത്തീർന്നു. ഈ യാത്രാവഴി എത്രമാത്രം എളുപ്പവും ആനന്ദകരവുമാണ്. താങ്കൾ പങ്കുവയ്ക്കുന്ന കണ്ടന്റ് സ്വയം ആയിത്തീരാനുള്ളതാണോ, അതോ മോട്ടിവേഷണൽ കണ്ടന്റ് ആണോ ?
എന്റെ എല്ലാ പറച്ചിലുകളുടെയും ആദ്യത്തെ കേൾവിക്കാരൻ ഞാൻ തന്നെയാണ്. കുട്ടിക്കാലത്ത് മദ്യവിരുദ്ധ വർഷം ഇടവകയിൽ ആഘോഷിച്ചത് ഓർക്കുന്നു. അന്ന് മദ്യത്തെ ഉപേക്ഷിക്കുന്നു എന്ന് ഇടവകജനം മുൻപാകെ പ്രതിജ്ഞയെടുക്കാൻ ഒരു ആഹ്വാനം ഉണ്ടായിരുന്നു. അയല്പക്കത്തെ ചേട്ടൻ പറഞ്ഞത് “എന്തായാലും എടുക്കാം, എടുത്ത് കഴിഞ്ഞാൽ പിന്നെ കുടിക്കുന്നത് നാണക്കേടാണ്. അതോർത്തെങ്കിലും ഞാൻ കുടിക്കാതിരുന്നാലോ”. ധ്യാനംകൊണ്ട് മാറാത്ത അഡിക്ഷൻ ധ്യാനപ്രസംഗകനായാൽ ചിലപ്പോൾ മാറിയേക്കും. മോട്ടിവേഷണൽ കണ്ടന്റ് അല്ല, ഞാൻ എന്നെത്തന്നെ ലോക്ക് ചെയ്യുന്ന കളിയാണ് ഇത്. റേഡിയോയിൽ എനിക്ക് നല്ല ശമ്പളം ലഭിക്കുന്നുണ്ട്. എല്ലാ ദിവസവും ഞാൻ എന്നെ കെണിയിലാക്കുന്ന കാര്യങ്ങളാണ് റേഡിയോയിൽ പറയുന്നത്. റേഡിയോ മിർച്ചി ഓഫീസ് എനിക്ക് വീടുപോലെയാണ്, ജോലി സന്തോഷം നല്കുന്നതും
ജീവിതം ഒരു ആഘോഷമാണെന്ന് തിരിച്ചറിയുന്ന യുവതലമുറ, പുതിയ അനുഭവങ്ങളും അറിവുകളും നേടാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്. യുവത സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങുമ്പോൾ കുടുംബവും സമൂഹവും നടത്തുന്ന ഇടപെടലുകൾ അവരെ എങ്ങനെയാണ് സ്വാധീനിക്കുന്നത് ?
ഇവാൻ പാവ്‌ലോവിന്റെ ക്ലാസ്സിക്കൽ കണ്ടീഷനിംഗ് ആണ് ഇന്ന് ശരിക്കും നടക്കുന്നത്. ഇന്ന് യുവതയെ സ്വാധീനിക്കുന്നത് ഇന്റർനാഷണൽ ഇൻഫ്ലുവൻസാണ്. ഏറ്റവുംകൂടുതൽ ആളുകളുള്ള മതം സോഷ്യൽ മീഡിയയാണ്. മതം മനുഷ്യനെ സ്വാധീനിക്കുന്നതിനെക്കാൾ കോടിക്കണക്കിന് മനുഷ്യരുടെ മതം (അഭിപ്രായം) പ്രകടിപ്പിക്കപ്പെടുന്ന പോസ്റ്റുകളും, റീലുകളും, കമന്റുകളും നമ്മുടെ യുവാക്കളെ സ്വാധീനിക്കുന്നുണ്ട്. കുടുംബവും, സമൂഹവും ഇന്ന് സോഷ്യൽ മീഡിയയിലാണ്. മുഖ്യധാര പത്രങ്ങൾ, വാർത്താ ചാനലുകൾ ഒക്കെ ഇപ്പോൾ പങ്കുവയ്ക്കുന്ന വാർത്തകൾ ശ്രദ്ധിച്ചിട്ടുണ്ടോ? “ജ്യൂസ് കൊടുത്തപ്പോൾ നടിയുടെ മകൾ ചെയ്തത് കണ്ടോ?” പണ്ടൊക്കെ ഇപ്പോൾ കിട്ടിയ വാർത്ത വല്ലപ്പോഴും ആയിരുന്നു, ഇപ്പോൾ എല്ലായ്പ്പോഴും ഇപ്പോൾ കിട്ടിയ വാർത്തയാണ്. കൂട്ടുകാരൻ ചോദിച്ചപോലെ ബ്രേക്കിംഗ് ന്യൂസിന് ഒരു ബ്രേക്കൊക്കെ വേണ്ടേ? ഇതിന്റെയൊക്കെ ഇടയിലാണ് നമ്മുടെ യുവാക്കൾ വളർന്നു വരുന്നത്. കൂടുതലൊന്നും പറയാനില്ല.
പുതിയ തലമുറയുടെ സ്വതന്ത്രചിന്തകളെയും പ്രവർത്തനങ്ങളെയും ഉൾക്കൊള്ളുന്ന, അതിനെ ബഹുമാനിക്കുന്ന ഒരു സമൂഹമാണോ ഇന്നുള്ളത് ? യുവതയെ വിശ്വാസത്തിലെടുക്കുന്ന ഒരു സമൂഹം എങ്ങനെ സൃഷ്ടിക്കാൻ കഴിയും ?
യുവതയെ വിശ്വാസത്തിൽ എടുക്കുന്ന ഒരു സമൂഹമല്ലേ നമുക്കുള്ളത്? ഏറ്റവും നല്ല സിനിമകൾ എടുക്കുന്നത് യുവതയാണ്. സ്പോർട്സിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് യുവതയല്ലേ? കേരളത്തിലെ യൂത്ത് മുഴുവൻ ഇന്ത്യ വിട്ട് പോകുന്നത് അവരുടെ തിരഞ്ഞെടുപ്പിനെ മാതാപിതാക്കളും സമൂഹവും റെസ്‌പെക്ട് ചെയ്യുന്നത് കൊണ്ടല്ലേ? സോഷ്യൽമീഡിയയുടെ ഭാഷയിൽ ഇന്ന് ലോകത്തുള്ള 70% ഇൻഫ്ളുവൻസേർസ് യൂത്തല്ലേ? എത്രയോ പുതിയ എഴുത്തുകാരാണ് ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം തേടുന്നത്. എനിക്കു തോന്നുന്നത് സമൂഹം യുവതയെ സീരിയസായി എടുക്കുന്നുണ്ട് എന്നാണ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിലും, മാതൃഭൂമിയുടെ ‘ക’ ഫെസ്റ്റിലും ഏറ്റവും കൂടുതൽ വരുന്നത് യുവാക്കളാണ്. നമ്മളുടെ ജീവിതത്തിന്റെ ഭാഗമായ എല്ലാ ആപ്പുകളുടെയും പുറകിൽ യുവതയാണ്. ഊബർ, സ്വിഗ്ഗി,ബുക്ക് മൈ ഷോ, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, അങ്ങനെ നീളുന്നു ലിസ്റ്റ്
മികച്ച ജീവിതവും ഉയർന്ന ശമ്പളവും സ്വാതന്ത്ര്യവും തേടി കേരളത്തിൽനിന്നു ചെറുപ്പക്കാർ നടത്തുന്ന വിദേശ കുടിയേറ്റത്തെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?
ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ടെന്ന് തോന്നുന്നു. മികച്ച ജീവിതം, ഉയർന്ന ശമ്പളം, സ്വാതന്ത്ര്യം ഇതിൽപ്പരം എന്തുവേണം? നമ്മുടെ നാട്ടിൽ ഇതു മൂന്നിനുമുള്ള സാഹചര്യങ്ങൾ താരതമ്യേന കുറവാണ് എന്ന തോന്നൽ ഉള്ളതുകൊണ്ടാണല്ലോ അവർ പോകുന്നത്. എന്റെ ചേട്ടന്മാർ ഓസ്ട്രലിയയിലാണ്, ഒരു ജോലി അവിടെ കിട്ടുക എളുപ്പമാണ് എനിക്ക്. പക്ഷേ, അതിൽ കൂടുതൽ സന്തോഷം എനിക്ക് ഇവിടെ കിട്ടുന്നുണ്ട്. I respect their choices
അറിവുള്ള വ്യക്തികളെക്കാൾ ഇന്റർനെറ്റിനെ കൂടുതൽ ആശ്രയിക്കുന്ന ഒരു തലമുറയെയാണ് ഇന്ന് കാണുന്നത്. ലൈക്ക് നോക്കി ജീവിതത്തെ വിലയിരുത്തുന്നവരും അഭിപ്രായം നിർമിക്കുന്നവരും – സോഷ്യൽ മീഡിയ അഡിക്ഷൻ യുവതലമുറയെ ബാധിച്ചിട്ടുണ്ടോ? ഇത് അവരെ വഴിതെറ്റിക്കുമെന്ന വിമർശനത്തോടുള്ള പ്രതികരണമെന്ത് ?
Death of Expertise (വൈദഗ്ധ്യത്തിന്റെ മരണം) അങ്ങനെയൊരു പുസ്തകം ഉണ്ട്. സോഷ്യൽമീഡിയ ട്രെയിനിങ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം എന്നാണ് ടോം നിക്കോളാസ് ആ പുസ്തകത്തിൽ പറയുന്നത്. ഒരാൾ പത്ത് വർഷം റിസർച്ച് നടത്തി, പഠിച്ച് കണ്ടെത്തിയ അറിവുകൾ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുമ്പോൾ അടിയിൽ “പിന്നെ കോപ്പാണ്, ഇയാൾ വെറും ഫ്രോഡാണ്” എന്ന ഒരു കമന്റ് മതി അയാളുടെ പത്തു വർഷത്തെ പഠനത്തെ പുച്ഛിക്കാനും സംശയിക്കാനും. ഗ്യാസിന്റെ പ്രശ്നത്തിന് ഡോക്ടറെ കാണാൻ ചെന്നിട്ട് ഡോക്ടറോട് ‘ഇത് ചായ ഒരുപാട് കുടിക്കുന്നതുകൊണ്ടാണോ, ഉറക്കം കുറയുന്നതിന്റെയാണോ, അതോ, കമിഴ്ന്നുകിടന്ന് ഉറങ്ങുന്നത് കൊണ്ടാണോ എന്നൊക്കെ ചോദിക്കുമ്പോൾ ഡോക്ടർ ചുമരിലെ ഒരു പോസ്റ്റർ കാണിക്കും അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ട് “Never compare your Google search with my medical degree”. സോഷ്യൽ മീഡിയ എല്ലാവരെയും വഴി തെറ്റിക്കുന്നില്ല, ഒരുപാട് പേർക്ക് പുതിയ വഴികൾ തുറന്നുകൊടുക്കുന്നുമുണ്ട്. ഉപയോഗിക്കുന്നവന്റെ ചോയ്‌സാണ് അത്. കണ്ടന്റിനെക്കാൾ കമെന്റ്സിനെ വിശ്വസിക്കുന്ന കാലമാണ്. ട്രെയിനിങ് ചെറുപ്പത്തിലേ കിട്ടുന്നത് നല്ലതായിരിക്കും.
സൗഹൃദം, പ്രണയം, ജീവിതം – ഇങ്ങനെയാണ് ദൈവത്തിന്റെ ചാരന്മാർ അവസാനിക്കുന്നത്. പ്രണയംപോലും ഒരുതരം Touch and go ആകുമ്പോൾ മനുഷ്യരായിരിക്കുക അത്ര സുഖമുള്ള ഒരു ഏർപ്പാടാണോ ?
മനുഷ്യൻ ആയിരിക്കുക ഒരു കാലത്തും എളുപ്പമുള്ള കാര്യം അല്ലല്ലോ. ഒരാളുടെ പ്രണയത്തെക്കുറിച്ചുള്ള നിര്‍വചനങ്ങൾ അയാൾ വളരുന്നതനുസരിച്ച് മാറാൻ സാധ്യതയുണ്ട്. ഓരോ തകർന്ന പ്രണയത്തിനുശേഷവും ഒരാൾക്ക് ഉറപ്പോടെ പറയാൻ പറ്റുന്നത് എന്തൊക്കെ വേണം എന്നുള്ളതല്ല എന്തൊക്കെ ഒരിക്കലും പാടില്ല എന്നുള്ളതാണ്. ഓരോ പ്രണയത്തകർച്ചയും ഒരാളെ കുറേക്കൂടി നല്ല കാമുകനോ കാമുകിയോ ആക്കുന്നു എന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. ‘ട്രിവാൻഡ്രം ലോഡ്ജ്’ സിനിമയിൽ അനൂപ് മേനോന്റെ കഥാപാത്രം ഹണി റോസിനോട് പറയുന്നുണ്ടല്ലോ “ഒരാളെ മാത്രം സ്നേഹിക്കാൻ, ഒരാളെ മാത്രം ഇന്റെൻസ് ആയി പ്രണയിക്കാൻ it demands a mind of quality, മനസ്സുകൊണ്ടും, ശരീരം കൊണ്ടും ഒരാൾ മാത്രം”. ഇതൊക്കെ എല്ലാവരെയുംകൊണ്ട് നടക്കുമോ? “സർ, സ്ത്രീയും പുരുഷനും പരസ്പരം ആകർഷിക്കപ്പെടുന്നത് പ്രകൃതി നിയമമാണ് എങ്കിൽ, ഈ പരസ്ത്രീ ബന്ധം, പരപുരുഷ ബന്ധം നെഗറ്റിവ് ആകുന്നത് എങ്ങനെയാണ്?” നിങ്ങൾ ആലോചിക്ക്, ഞാൻ അപ്പോഴേക്കും ഒരു ചായ കുടിച്ചിട്ട് വരാം.
ജീവിതത്തിൽനിന്നു മെല്ലെ, മനോഹരമായ ഒരു കടന്നുപോകൽ – Disappearing slowly. മരണത്തെ കൂടി ഉൾക്കൊള്ളുന്ന വാക്യം. മരിച്ചതിനുശേഷം നമ്മെ മറ്റുള്ളവർ ഓർത്തിരിക്കേണ്ടതുണ്ടോ ?
ഇതിനുള്ള ഏറ്റവും നല്ല ഉത്തരം കിയാനു റീവ്സ് പറഞ്ഞിട്ടുണ്ട്,
“What happens after we die?
Reeves: I know the ones who love us will miss us.”
നമ്മളെ സ്നേഹിച്ചവർ നമ്മളെ ഓർത്ത് നൊമ്പരപ്പെടും, അത്രയേ ഉള്ളു. എന്റെ ചേട്ടൻ മറഡോണ എന്ന് പറയുമ്പോൾ വാചാലനാകും പക്ഷേ, എനിക്കതിൽ വലിയ ഫീലൊന്നും തോന്നിയിട്ടില്ല, ഞാൻ അയാളുടെ കളികൾ കണ്ടിട്ടില്ല പക്ഷേ, ഒരുപാട് കേട്ടിട്ടുണ്ട്. എനിക്ക് മെസ്സി എന്നു പറഞ്ഞാൽ ആയിരംനാവാണ് പക്ഷേ, എനിക്കറിയാം, ഇന്നത്തെ മെസ്സി നാളത്തെ മറഡോണയാണ്. ഇന്നത്തെ വിരാട് കോലി നാളത്തെ സച്ചിനാണ്. എല്ലാവരും പതിയെ മറന്നു തുടങ്ങും. എഴുത്തുകാരന് മരണമില്ല എന്നൊക്കെ തോന്നിയിട്ടുണ്ട്, ദസ്തയെവിസ്‌കി ഇന്നും എനിക്ക് പ്രിയപ്പെട്ടവനാണ്, ഗബ്രിയേൽ മാർക്കസ് ഇന്നും എനിക്ക് മാജിക്കാണ്. ഒന്നുകിൽ വായിക്കാൻ കൊള്ളാവുന്ന എന്തെങ്കിലും എഴുതുക, അല്ലെങ്കിൽ മറ്റുള്ളവരെക്കൊണ്ട് എഴുതാൻ പ്രേരിപ്പിക്കുംവിധം ജീവിക്കുക. ബാക്കിയൊക്കെ…..? ആ അറിഞ്ഞിട്ട് ഇപ്പൊ എന്ത് കിട്ടാനാ?