ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖല – വർത്തമാനവും ഭാവിയും പ്രഫ. കെ. അരവിന്ദാക്ഷൻ

ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖല – വർത്തമാനവും ഭാവിയും  പ്രഫ. കെ. അരവിന്ദാക്ഷൻ

ഇന്ത്യയ്ക്ക് അതിവിപുലവും വൈവിധ്യമാർന്നതുമായൊരു ഉന്നത വിദ്യാഭ്യാസ വ്യവസ്ഥയാണ് ഇന്നുള്ളത്. മൊത്തം എൻറോൾമെന്റ് 42 മില്ല്യനിലേറെ വരുന്നു. അതായത് ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസമേഖലയെ ആശ്രയിക്കുന്നവർ ആഗോളതലത്തിൽത്തന്നെ മൂന്നിലൊന്നുവരുന്ന രാജ്യങ്ങളിലെ ജനസംഖ്യയെക്കാളധികവുമാണ്. ആയിരക്കണക്കിന് എൻജിനീയറിംഗ് കോളെജുകളും മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും അതിലേറെ കോളെജുകളും എൻജിനീയർമാരെയും ശാസ്ത്ര-സാങ്കേതിക മാനേജ്‌മെന്റ് വിദഗ്ധന്മാരെയും വിവിധ ശാസ്ത്ര,മാനവികശാസ്ത്ര,വാണിജ്യ,ചരിത്ര,ധനശാസ്ത്ര,സാമൂഹികശാസ്ത്ര ബിരുദധാരികളെയുമാണ് ഓരോ വർഷവും ഈ മേഖലയിൽനിന്നു സമൂഹത്തിലേക്ക് ഒഴുക്കിവിടുന്നത്. വലുപ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല, വൈവിധ്യത്തിന്റെ കാര്യത്തിലും ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസമേഖല ലോകരാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് നിലകൊള്ളുന്നത്.


ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപകമായ സാന്നിധ്യമുള്ള നിരവധി കേന്ദ്രസർവകലാശാലകളും പ്രവർത്തനം നടത്തിവരുന്നുണ്ട്. സംസ്ഥാന സർവകലാശാലകളുമായി അക്കാദമിക്ക് തലങ്ങളിൽ ഈ രണ്ടുതരം സ്ഥാപനങ്ങളും സഹകരണത്തോടെയാണ് പ്രവർത്തിച്ചുവരുന്നതും. ഇതിനുപുറമെയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM), ഐസർ (IISER) തുടങ്ങിയ ഉന്നതനിലവാരവും ആഗോളതല അംഗീകാരവുമുളള മറ്റു നിരവധി ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും ഭാരതത്തിൽ ഉടനീളം കാണാൻ കഴിയുന്നു. ഇവയെല്ലാം നിലവിൽ വന്നിട്ടുള്ളത് പാർലമെന്റ് അംഗീകാരം നല്കിയ പ്രത്യേക നിയമനിർമാണത്തിന്റെ അടിസ്ഥാനത്തിലുമാണ്. അതേ അവസരത്തിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍സ് (NID) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിംസ് ആന്റ് ടെലിവിഷൻ (NIFT) എന്നിവ സ്വതന്ത്ര കേന്ദ്രസർക്കാർ സ്ഥാപനങ്ങളായി തുടരുന്നുണ്ടെങ്കിലും അവ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ കീഴിലല്ല ഏറെക്കാലമായി പ്രവർത്തനം നടത്തിവരുന്നതെന്നാണ് അറിയാൻ കഴിയുന്നത്. ഇതിനെല്ലാം ഉപരിയായിട്ടാണ് അതിവിപുലമായൊരു സ്വകാര്യ സംവിധാനമുള്ളത്. ഇതിന്റെ ഭാഗമായ നിരവധി സ്വകാര്യസ്ഥാപനങ്ങൾ, വിശിഷ്യാ പ്രഫഷനൽ സ്ഥാപനങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്യപ്പെട്ടവയായി പ്രവർത്തിച്ചുവരുകയുമാണ്. ഇതിനെല്ലാം പുറമേ, കല്പിത സർവകലാശാലകൾ എന്ന പേരിൽ പുതിയൊരു ഇനം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടിയാണ് ജന്മമെടുത്തിട്ടുള്ളത്. സർവകലാശാല പദവിക്കായി ധർമസ്ഥാപനങ്ങൾ എന്ന പേരിൽ സ്വന്തം സ്വാധീനം വിനിയോഗിച്ച് ഒരുകൂട്ടം സ്വകാര്യ സർവകലാശാലകൾ കൂടി വിവിധ സംസ്ഥാനങ്ങളിൽ നിലവിൽവന്നിട്ടുണ്ട്. ഇവ ഒന്നുകിൽ അതതു സംസ്ഥാന സർവകലാശാലകളോടോ, നിലവിലുള്ള കേന്ദ്ര സർവകലാശാലകളോടോ അഫിലിയേറ്റ് ചെയ്യുന്നതിലൂടെ ദേശീയതല അംഗീകാരത്തിനായി തുനിഞ്ഞിറങ്ങിയിരിക്കുകയുമാണ്.


ഏതു വിധത്തിലുള്ള നയമാണ് കേന്ദ്രസർക്കാർ വിഭാവനം ചെയ്യുക എങ്കിലും യഥാർഥ പ്രശ്‌നം ഇത്രയേറെ വിപുലവും, വൈവിധ്യമാർന്നതുമായൊരു ഉന്നത വിദ്യാഭ്യാസമേഖലയിലൂടെ ഗുണമേന്മ ഉയർത്താൻ അതിലൂടെ കഴിയുമെന്ന് ഉറപ്പാക്കുകയാണ്. ഗുണമേന്മയ്ക്കു പുറമേ, പിന്നിട്ട നാലുപതിറ്റാണ്ടുകൾക്കിടയിൽ സ്വകാര്യ പ്രഫഷനൽ മേഖലയിൽ വന്നുചേർന്നിട്ടുള്ള വളർച്ചയ്ക്ക് ആനുപാതികമായ പരിവർത്തനം അതിലൂടെ സാധ്യമാകുമോ എന്ന് ഉറപ്പാക്കുകകൂടി വേണമെന്നതാണ്. പില്ക്കാലത്ത് പലപ്പോഴായി ഗുണമേന്മാ വർധനവ് ലക്ഷ്യമാക്കി പല പരീക്ഷണങ്ങളും നാം നടത്തിനോക്കിയിട്ടുള്ളതാണ്; എന്നാൽ ഇതൊന്നും പ്രതീക്ഷിച്ച വിജയത്തിലെത്തിക്കാൻ കഴിഞ്ഞിട്ടുമില്ല. ഒരു ഘട്ടത്തിൽ സ്വയംഭരണം അനുവദിക്കാനുള്ള പരീക്ഷണത്തിനും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ മുതിരുകയുണ്ടായി. ഈ പരീക്ഷണവും ഭാഗികമായി മാത്രമേ വിജയിക്കുകയുണ്ടായിട്ടുള്ളു. അക്കാദമിക്ക് സ്വയംഭരണം മുതൽ ഏറക്കുറെ പരിപൂര്‍ണമായ തോതിലുള്ള സ്വയംഭരണവും പ്രതീക്ഷിച്ച വിജയം കണ്ടതായി പരസ്യമായി തീർത്തു സമ്മതിക്കാൻ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനോ, മുൻകാലത്തുപോലും കേന്ദ്രഭരണകൂടങ്ങളോ നാളിതുവരെ മുന്നോട്ടുവന്നിട്ടുമില്ല. ചില സംസ്ഥാനങ്ങൾ സ്വയംഭരണം ഭരണപരമായ കാര്യങ്ങളിലൊഴികെ അംഗീകരിക്കാൻ തയാറായപ്പോൾ, മറ്റു ചില സംസ്ഥാനങ്ങൾ നടത്തിപ്പു ചുമതല ഗവേഷണ-പഠന ഫണ്ടിംഗിൽ മാത്രം ഒതുക്കിനിറുത്തുകയായിരുന്നു. ഫണ്ടിംഗിന്റെ കാര്യത്തിൽ പൊതു-സ്വകാര്യ വിവേചനമൊന്നും നടത്തിയിരുന്നുമില്ല. അതേസമയംതന്നെ, അനുദിനം പെരുകിവരുന്ന വൈവിധ്യത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും ഫലമായി, നിക്ഷേപമേഖലയിൽ സ്റ്റേറ്റിന്റെ പങ്കാളിത്തം കാലക്രമത്തിൽ കുറയ്‌ക്കേണ്ടതായി വരുകയും ചെയ്യും.


ഇന്നത്തെ നിലയിൽ, 6000 എൻജിനീയറിംഗ് കോളെജുകളും, 3000 മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നവയാണ്. ഇവയുടെ പ്രവർത്തനമികവ് ഉയർന്നതിന് പൊതു ഏജൻസികൾ വഴിയുള്ള നിർബന്ധിതമായ മോണിറ്ററിംഗും വിലയിരുത്തലും അനിവാര്യമാണ്. അങ്ങനെയെങ്കിൽ, ഇവർക്ക് വിപണികളിലെ കടുത്തമത്സരം അതിജീവിക്കുക പ്രയാസകരമാവില്ല. വിദ്യാർഥികളും രക്ഷകർത്താക്കളും തങ്ങളുടെ കുട്ടികളെ ഗുണമേന്മയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കുകയും ചെയ്യും. ഇതിന് സാധ്യതയില്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തിവെക്കാൻ നിർബന്ധിതരാകുകയും ചെയ്യും. അതേ അവസരത്തിൽ ഗുണമേന്മയുടെ അടിസ്ഥാനത്തിൽ മാത്രം ഒരു സ്ഥാപനത്തെ ദീർഘകാലം പഴയപടി നിലനിറുത്തിക്കൊണ്ടുപോകാൻ കഴിയുമോ എന്നതും സംശയമാണ്. ഒരുകാര്യം വ്യക്തമാണ് എന്താണിങ്ങനെന്നോ? വിദ്യാർഥികളുടെ ഭാവിക്ക് ഗുണകരമല്ലാത്തവിധം ഏതൊരു ഉന്നത വിദ്യാഭ്യാസ സ്ഥാപനവും നിലനില്പിന് അർഹമല്ല എന്നുള്ളതുതന്നെയാണിത്.


ദേശീയതലത്തിൽ മികവുറ്റ നിരവധി ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇന്ത്യയിലിപ്പോൾ നിലനിന്നുവരുന്നുണ്ട്. നമ്മുടെ ഐ.ഐ.ടികൾ, ഐ.ഐ.എംകൾ, എൻ.ഐ.സികൾ മുൻകാലത്തേതിനെ അപേക്ഷിച്ച് നമ്മുടെ ദേശീയ പ്രതിച്ഛായയുടെ ഉത്തമമാതൃകകൾ തന്നെയാണ് എന്ന് അവകാശപ്പെടാൻ കഴിയുകയുമില്ല. എന്നാൽ, സ്ഥാപനങ്ങളുടെ ഭാവിസുരക്ഷിതമാക്കാൻ മാത്രമല്ല കരുതിക്കൂട്ടിയില്ലെങ്കിലും സംഭവിച്ചുപോയ പിഴവുകളെപ്പറ്റി നിരന്തരമായ പരിശ്രമങ്ങളും ഇതോടൊപ്പം ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ്. സ്വയംഭരണാവകാശം നല്കി അവയിൽ ഏതെങ്കിലും ഒരു സ്ഥാപനം കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം നടത്താൻ പ്രാപ്തമാവുമെങ്കിൽ, അതിനാവശ്യമായ തുടർനടപടികളും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാവുകയും വേണം.


മോദി സർക്കാർ അധികാരത്തിലെത്തിയതിനെ തുടർന്ന് 2017-ൽ ആണ് ഐ.ഐ.എം.കളെ സർക്കാർ നിയന്ത്രണത്തിൽനിന്നു പൂർണമായി മോചിപ്പിക്കുകയും അവർക്ക് സ്വതന്ത്രമായി പ്രവർത്തനം നടത്താൻ കളമൊരുക്കുകയും ചെയ്തത്. മാനേജ്‌മെന്റ് ബോർഡിൽ ഡയറക്ടർമാരെ തിരഞ്ഞെടുക്കാനും ചെയർമാനെ നേരിട്ട് കണ്ടെന്നു നിയോഗിക്കാനും മറ്റു സ്ഥാനങ്ങളിലേക്കെല്ലാം സ്വന്തംനിലയിൽ അനുയോജ്യരായവരെ നിയമിക്കാനും അന്നുമുതൽ ഈ സ്ഥാപനങ്ങൾക്ക് അനുമതി കിട്ടുകയായിരുന്നു. എന്നാൽ, ഈ സംവിധാനമാണിപ്പോൾ കീഴ്‌മേൽ മറിക്കപ്പെട്ടിരിക്കുന്നത്. ഒരുമാസം മുമ്പാണ് ഈ പരിഷ്‌ക്കാരം നിലവിൽവന്നതും. ഇതോടെ, കാര്യങ്ങളെല്ലാം പഴയപടി ബ്യൂറോക്രാറ്റുകളുടെ ഇഷ്ടാനിഷ്ടങ്ങൾക്കു വിധേയമാക്കപ്പെടുന്ന സംവിധാനത്തിലേക്ക് തിരികെ എത്തുകയും ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലാണിപ്പോൾ ഐ.ഐ.എമ്മുകൾ പ്രവർത്തനം നടത്തിവരുന്നത്. അനാവശ്യ ഭരണവർഗ രാഷ്ട്രീയത്തിന്റെ നിയന്ത്രണത്തിൽതന്നെ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭാവിവികസനത്തെ ഈ മാറ്റം എത്രമാത്രം പ്രതികൂലമായി ബാധിക്കുമെന്നതാണ് ഇപ്പോൾ യഥാർഥ പ്രശ്‌നമായിരിക്കുന്നതും. ഏതാനും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവയുടെ പ്രവർത്തനത്തിൽ പാളിച്ചകൾ സംഭവിച്ചിരിക്കാം. അതെല്ലാം തിരുത്തപ്പെടേണ്ടതുമാണ്. ഇതിനുപകരം ഒരു സംവിധാനത്തെ ആകെത്തന്നെ തകിടംമറിക്കുന്നതിനിടയാക്കിയേക്കാവുന്ന പരിഷ്‌ക്കാരത്തിന് വിധേയമാക്കുന്നതിലാണ് ശരികേട് മാത്രമല്ല ദുഷ്ടലാക്കും കാണാൻ കഴിയുന്നത്. ചിലപ്പോൾ ധനകാര്യമാനേജ്‌മെന്റിൽ പാകപ്പിഴകൾ വരാൻ സാധ്യതയുണ്ട്. അത്തരം അപൂർവഘട്ടങ്ങളിൽ പ്രശ്‌നപരിശോധനയ്ക്കും പരിഹാരത്തിനുമായി ഒരു ഓംബുഡ്‌സ്മാനെ നിയോഗിക്കുന്നതായിരിക്കില്ലേ കരണീയമായിരിക്കുക? അങ്ങനെയെങ്കിൽ, ഭരണപരവും അക്കാദമികവുമായ സ്വയംഭരണത്തിന് കോട്ടം വരുത്താതെതന്നെ ഒരു താത്കാലിക സംവിധാനം വഴി പ്രശ്‌നം പരിഹരിക്കാവുന്നതല്ലേ ഉള്ളൂ?


എൻജിനീയറിംഗ്, കംപ്യൂട്ടർ സയൻസ്, മെഡിസിൻ തുടങ്ങിയ പ്രഫഷനൽ വിദ്യാഭ്യാസമേഖലകളിൽ വർധിച്ചതോതിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നതിന്റെ ആഘാതം പലപ്പോഴും ഏൽക്കേണ്ടിവരുന്നത് സാമൂഹികശാസ്ത്ര, ചരിത്ര,മാനവികശാസ്ത്രമേഖലകൾക്കായിരിക്കും. ഏതൊരു ആധുനിക സമൂഹത്തിന്റെയും സമഗ്രപുരോഗതി എന്നത് ഈ രണ്ടുവിഭാഗം വിജ്ഞാനമേഖലകളുടെയും സമതുലിതവും, ഒരു പരിധിവരെ ഏകോപിതവുമായ വികസനത്തെ ആശ്രയിച്ചായിരിക്കും. സമ്പദ്‌വ്യവസ്ഥയുടെ സമഗ്രവികസനത്തിന്റെയും ഗതിവേഗം നിർണയിക്കുന്നതും സാങ്കേതികവും, സാങ്കേതികേതരവുമായി പഠനകോഴ്‌സുകളുടെ പ്രത്യേക പദവികൾതന്നയായിരിക്കും. വ്യത്യസ്ത സ്വഭാവമുള്ള സേവനമേഖലകളുടെ വികസനം തുല്യമായ വിധത്തിൽ സാധ്യമായിരിക്കുകയും വേണം. ഇത്തരമൊരു ഘട്ടത്തിൽ എത്തിയതിനുശേഷം മാത്രമേ ലോകനിലവാരമുള്ള സർവകലാശാലകൾക്ക് രൂപംനല്കുന്നതിനെപ്പറ്റി നാം ചിന്തിക്കാൻ പാടുള്ളു. അതായത്, ഉയർന്നനിലവാരം പുലർത്തുന്ന ഐ.ഐ.ടികളും, ഐ.ഐ.എസ്.സികളും, ഐ.ഐ.എംകളും മുൻകാലത്തെന്നപോലെ നിലവിൽ ഉണ്ടെന്ന് ഉറപ്പാക്കിയതിനുശേഷമായിരിക്കണം അവയെക്കൂടി സഹകരിപ്പിച്ചുകൊണ്ടുള്ള വിദേശ സർവകലാശാലകളെ സംബന്ധിച്ച് നമുക്ക് ചിന്തിക്കാൻപോലും സാധ്യമാകൂ. ഇത്തരം സ്ഥാപനങ്ങളിൽ ഗ്രാജ്വേറ്റ്, അണ്ടർഗ്രാജ്വേറ്റ് കോഴ്‌സുകളും, ശാസ്ത്ര-എൻജിനീയറിംഗ് സാമൂഹികശാസ്ത്ര കോഴ്‌സുകളും ചരിത്ര, മാനവികശാസ്ത്രകോഴ്‌സുകളും തുല്യമായവിധം ഉയർന്ന ഗുണമേന്മയോടെ പ്രവർത്തനത്തിലുണ്ടായിരിക്കുകയും വേണം. ഈവിധത്തിൽ വൈവിധ്യമാർന്നൊരു ഉന്നത വിദ്യാഭ്യാസ സംവിധാനം വെറും ലക്ഷ്യപ്രഖ്യാപനങ്ങളിൽ ഒതുങ്ങിനിന്നതുകൊണ്ടു കാര്യമില്ല. വരുന്ന രണ്ടു ദശകക്കാലം ഇവ ഏതുവിധേനയും യാഥാർഥ്യമാക്കാനാവശ്യമായ കൂട്ടായപരിശ്രമങ്ങൾ കൂടിയേ തീരൂ. ഇതിനുവേണ്ടതായ ബൗദ്ധിക നേതൃത്വവും അനിവാര്യമാണ്. ഇതൊന്നും ഭാരതത്തിൽ ഇപ്പോൾ നിലവിലുണ്ടെന്ന് പറയാനും സാധ്യമല്ല.


ഉന്നതനിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾ ഉൾച്ചേർന്ന് സർവകലാശാലകൾ അക്കാദമിക്ക് പഠനമികവിന്റെ കേന്ദ്രങ്ങളായി വളർന്നുവന്നതുകൊണ്ടുമാത്രം മതിയാവില്ല. പഠനത്തോടൊപ്പം ഗവേഷണ സൗകര്യങ്ങളും നിലവിലുണ്ടായിരിക്കുന്നു. ഈ ലക്ഷ്യം മുൻനിറുത്തിയാണ് നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (NRF) എന്നൊരു സംവിധാനത്തിന് രൂപംനല്കാനുള്ള തീരുമാനമുണ്ടായത്. സ്റ്റേറ്റ് ഫണ്ടിങ്ങോടുകൂടി നിലവിൽവരുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഗവേഷണസ്ഥാപനം, ഗവേഷണ-പഠനമേഖലകളിൽ വൻതോതിലുള്ള പരിവർത്തനത്തിന് വഴിയൊരുക്കുമെന്നാണ് കരുതേണ്ടത്. മൊത്തം 50,000 കോടിയോളം രൂപയാണ് മൂലധനനിക്ഷേപമായി കണക്കാക്കപ്പെട്ടിട്ടുള്ളതും. എന്നാൽ, ഈ പദ്ധതിയുടെ നടത്തിപ്പിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടൊരു കാര്യമാണ്. ഇതിന്റെ നടത്തിപ്പു ചുമതല പൂർണമായും അക്കാദമിക്ക് വിദഗ്ധന്മാർക്കും, ശാസ്ത്രജ്ഞന്മാർക്കും, മാനേജ്‌മെന്റ് വിദഗ്ധന്മാർക്കും ആയിരിക്കണമെന്നത്. രാഷ്ട്രീയക്കാർക്കോ, ബ്യൂറോക്രാറ്റുകൾക്കോ ഇതിലൊന്നും ഒരു തരത്തിലുള്ള സ്വാധീനവും ഉണ്ടായിരിക്കുകയുമരുത്. ഈ വ്യവസ്ഥയിൽ ഒരവസരത്തിലും വെള്ളംചേർക്കാൻ ഇടവരാനും പാടുള്ളതല്ല. ഫണ്ടിംഗിന്റെ സ്രോതസ്സ് ഒരുപക്ഷേ, ഒരു കോർപ്പറേറ്റ് സ്ഥാപനമായിരിക്കാം. ഈ ഫണ്ട് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഫണ്ടിൽ(CSR)നിന്നു ലഭ്യമാകുന്നതുമാകാം. അതിൽ തകരാറില്ല. ഫണ്ടിന്റെ മാനേജ്‌മെന്റ് അക്കാദമിക്ക് വിദഗ്ധന്മാരുടെ ചുമതലയിൽ മാത്രമായിരിക്കണമെന്നേയുള്ളൂ. ഇതിൽ വിട്ടുവീഴ്ചയ്ക്ക് ഇടം ഉണ്ടാകാനും പാടില്ല. ഡിഗ്രിതല വിദ്യാഭ്യാസംമുതൽ ഗവേഷണംവരെ ഇതായിരിക്കണം ഫണ്ട് വിനിയോഗമാതൃക. മറിച്ചാണെങ്കിൽ, ഉന്നത വിദ്യാഭ്യാസമേഖലാവികസനം ആരോഗ്യകരമായവിധമായിരിക്കില്ല നടക്കുന്നത്.


ഇതിനെല്ലാം പുറമേ, അതു തിരിച്ചറിയേണ്ട വസ്തുത എന്തെന്നോ? രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ചുക്കാൻ പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന സർവകലാശാലാ ധനസഹായ കമ്മീഷൻ (UGC) നടത്തിയ പഠനത്തിന്റെ ആശങ്കാജനകമായ കണ്ടെത്തലുകളാണിത്. ഉന്നത വിദ്യാഭ്യാസമേഖലയിലെ നിരവധി സ്ഥാപനങ്ങൾ നടത്തിവന്നിട്ടുള്ള ഗുരുതരമായ അധാർമികവും, മാനുഷിക മൂല്യനിഷേധപരവുമായ നടപടികൾ ഇതിൽപ്പെടുന്നു. അക്കാദമിക്ക് തലത്തിലുള്ള നിയമനങ്ങൾ നടത്തുമ്പോൾപോലും കഴിവുകളും അർഹതയും പരിഗണിക്കാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റുക, പരിശീലനത്തിനും ഉന്നതതല ഗവേഷണപഠനങ്ങൾക്കുമായി അക്കാദമിക്ക് ഇതര പരിഗണനകളുടെ അടിസ്ഥാനത്തിൽ വ്യക്തികളെ തിരഞ്ഞെടുക്കുക എന്നതു മാത്രമല്ല, നിയമനത്തിനും സ്ഥാനക്കയറ്റത്തിനും അപേക്ഷിക്കുന്ന വനിതകളെ ലൈംഗികചൂഷണത്തിനും മറ്റു തരത്തിലുള്ള പീഡനത്തിനും വിധേയമാക്കുക, രാഷ്ട്രീയാടിസ്ഥാനത്തിൽമാത്രം നിയമനങ്ങൾ നടത്തുക. അതിലേക്കായി ചാൻസലറായ ഗവർണറെ സ്വാധീനിക്കുക എന്നിങ്ങനെയുള്ള വഴിവിട്ട മാര്‍ഗങ്ങൾ സ്വീകരിക്കുന്നതിന്റെ ഫലമായി അക്കാദമിക്ക് മേഖലയിൽ അച്ചടക്കംതന്നെ നഷ്ടപ്പെടുത്തുന്നതിലേക്ക് ഉന്നത വിദ്യാഭ്യാസമേഖലയെ തരംതാഴ്ത്തലിലേക്ക് നയിച്ചിരിക്കുകയാണ്. ഏറ്റവുമൊടുവിൽ യു.ജി.സിയുടേതായി പുറത്തുവന്നൊരു തീരുമാനം ഉന്നത വിദ്യാഭ്യാസമേഖലാ നിയമനങ്ങളിൽ സംവരണതത്ത്വം പാലിക്കേണ്ടതില്ല എന്നായിരുന്നു. ഇതിന്റെ ലക്ഷ്യം വ്യക്തമാണ്. എന്തായാലും രാഷ്ട്രീയ തിരിച്ചടി ഭയന്ന് ഈ തീരുമാനം പിൻവലിച്ചതായാണ് അറിയുന്നത്. ആധുനിക ഭാരതീയസമൂഹത്തിൽ ധാര്‍മികതയും, തുല്യനീതിയും മാത്രമല്ല, സുതാര്യതയും അന്യമായിമാറിയിരിക്കുന്നു. സ്വാഭാവികമായും നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖലയും ഇതിന്റെ സ്വാധീനത്തിലായിരിക്കുകയാണ്. ‘മൂല്യപ്രവാഹ്’ എന്ന ലക്ഷ്യപ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ല. ഈ ലക്ഷ്യം പ്രാവർത്തികമാക്കാൻ ചുമതലപ്പെട്ടവർക്ക് അതിനോട് പൂർണമായ പ്രതിബദ്ധതയും അനിവാര്യമാണ്. അഴിമതിയോട് സീറോ ടോളറൻസ് പ്രഖ്യാപിക്കുന്നതിൽ മാത്രം അർഥമില്ല. ഈ പ്രഖ്യാപനം നടത്തുന്നവർതന്നെ അതിനുള്ള മാതൃകയായിരിക്കുകയും വേണം. സ്വകാര്യതാത്പര്യത്തിനല്ല, പൊതുതാത്പര്യത്തിനാണ് ഭരണകർത്താക്കൾ ഊന്നൽ നല്കേണ്ടത്.


ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ, സ്വയം പൊതുപരിശോധനയ്ക്കും വിലയിരുത്തലിനും അഥവാ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയരാവുകയും വേണം. ഭരണഘടന വിഭാവനംചെയ്യുന്ന ‘അറിയാനുള്ള അവകാശം’ സമൂഹത്തിന് നിഷേധിക്കപ്പെടരുത്. അധ്യാപനം എന്നതുപോലെത്തന്നെ വിദ്യാഭ്യാസ സ്ഥാപനവും അതിന്റെ ചുമതല വഹിക്കുന്ന അധ്യാപകരും സ്ഥാപനമേധാവികളും സമൂഹത്തിന്റെയാകെ വിശ്വാസമാർജിക്കാൻ പോന്നവിധം റോൾ മോഡലുകളായിരിക്കുകയും വേണം. അലംനൈ അസോസിയേഷനുകൾക്കും ഈ മേഖലയിൽ നിർണായകപങ്കാണ് വഹിക്കാനുള്ളത്. മാതൃകാപരമായ പങ്കുതന്നെയാണിത്. ഇതൊക്കെ സ്വപ്നങ്ങളായി തുടരാനാണ് സാധ്യതകൾ കാണുന്നതെന്നുമാത്രം.