നന്മയെ ഇത്രക്ക് പേടിയോ! – സി. രാധാകൃഷ്ണൻ

നന്മയെ ഇത്രക്ക് പേടിയോ! – സി. രാധാകൃഷ്ണൻ

ഏതു ചർച്ചയിലും മനുഷ്യരായ നമുക്കുമുന്നിൽ രണ്ടു വഴികളുണ്ട്: ഒന്ന്: വിവേകത്തോടെയും സ്നേഹത്തോടെയും ചിന്തിച്ച് കണ്ടുകിട്ടുന്ന ലളിതമായ ഒരു പരിഹാരം. രണ്ട്: അവസാനമില്ലാത്ത ഗഹന ചിന്ത, കശപിശ, വാക്കേറ്റം, അടിപിടി, വെടി, കൊല….


(ഒരു തീരുമാനവും എടുക്കാൻ കഴിയാതിരിക്കുക എന്ന സൗകര്യത്തിനുവേണ്ടി ആവാം) ഈ രണ്ടാമത്തേതാണ് ഒരു ശീലം എന്ന നിലയിൽ നാം ഈ കാലങ്ങളിൽ തിരഞ്ഞെടുക്കാറ്. മറിച്ചാണെങ്കിൽ എത്ര നന്നായേനെ എന്ന് ആലോചിക്കുകപോലും അരുതാത്തതായി തീർന്നിരിക്കുന്നു. അതിലളിതവത്കരണം എന്ന ചീത്തപ്പേരാണ് അതിന് ഇന്നുള്ളത്.


സംസ്കാരം എന്ന വാക്കിന്റെ അർഥമല്ലേ നാം ആദ്യം നിശ്ചയിക്കേണ്ടത്. സോഡാക്കാരമാണോ അപ്പക്കാരമാണോ സത്കാരമാണോ ധിക്കാരമാണോ എന്താണ് ഈ സാധനം? ഈ കാര്യം ആദ്യമേ നിശ്ചയിക്കാതെ ചർച്ച തുടങ്ങിയാൽ കുരുടർ ആനയെ കണ്ടപോലെയല്ലേ ആവൂ?


ഞാൻ മറ്റു മനുഷ്യർ അടക്കമുള്ള പ്രകൃതിയോടും മൊത്തം പ്രപഞ്ചത്തോടും പുലർത്തുന്ന സമീപനരീതിയാണ് എന്റെ സംസ്കാരം എന്നു നിശ്ചയിച്ചുകൂടെ? അതായത് കൂടുതൽ പ്രധാനമായി ഞാൻ കാണുന്നത് എന്നെയാണോ എന്റെ ചുറ്റുപാടിനെയാണോ എന്ന ഒരേയൊരു ചോദ്യത്തിനുള്ള ഒറ്റവാക്കിലെ എന്റെ ഉത്തരമാണ് എന്റെ സംസ്കാരത്തെ നിശ്ചയിക്കുക.


എനിക്കുമാത്രമായി സുഖമായിയിരിക്കാൻ കഴിയില്ല, ചുറ്റുപാടുകൾ മൊത്തം നന്നായി ഇരുന്നാലേ എനിക്കത് സാധിക്കൂ എന്ന കാര്യം സ്പഷ്ടമല്ലേ?


ഞാൻ എന്നാൽ എന്റെ കൈയോ കാലോ തലയോ മാത്രമാണോ? അതുപോലെ ചുറ്റുപാട് എന്നാൽ ഒരു ജാതിയോ മതമോ വർണമോ ദേശമോ ഭാഷയോ മാത്രമൊന്നും ആയിരിക്കില്ലല്ലോ.


ലോകത്താകെ ഒരു മതമോ ജാതിയോ മാത്രമേ ഉള്ളൂവെങ്കിൽ പ്രശ്നങ്ങൾ അവസാനിക്കുമോ? വിവിധ മതത്തിലെ വിരുദ്ധ വിഭാഗങ്ങൾ തമ്മിൽ ആകെ കൊന്നത്ര വരില്ലല്ലോ ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ മൊത്തം മരിച്ചവർ.


എല്ലാ മതങ്ങളിലെയും ദൈവം പ്രപഞ്ചത്തിലെ എല്ലാറ്റിന്റെയും സൃഷ്ടികർത്താവായതുകൊണ്ട് എല്ലാ മതങ്ങളെയും സൃഷ്ടിച്ചതും ദൈവം തന്നെ (അത് ഏതു മതത്തിലെ ദൈവം ആയാലും) ആയിരിക്കണമല്ലോ? കുറച്ചുപേരെ അറിവുള്ളവരായും ബാക്കിയുള്ളവരെ അറിവില്ലാത്തവരായും സൃഷ്ടിച്ച് ആദ്യത്തെ ആളുകളെക്കൊണ്ട് രണ്ടാമത്തെ ആളുകളെ ഉന്മൂലനം ചെയ്യിക്കുന്ന ദൈവം എന്തൊരു ദൈവം.


ഭരിക്കുന്നവർ നല്ലവരാണെങ്കിൽ ഏത് ഭരണക്രമമായാൽ എന്താ കുഴപ്പം? തന്നെക്കാൾ പ്രധാനം തനിക്ക് ചുറ്റുമുള്ളവരും ലോകവും ആണ് എന്ന് ധരിക്കുന്ന ഒരു ഭരണാധികാരി പോരേ? ഇങ്ങനെ അല്ലെങ്കിൽ ഏത് ഭരണക്രമം ആയാലും എന്തുണ്ടാവാൻ മെച്ചം?


ശീലവും കോലവും നടപ്പും ഒക്കെ ആണ് സംസ്കാരം എന്നു വന്നാൽ ആകെ കുഴയും. അല്ല, നേരത്തെ പറഞ്ഞ വിവേകപൂർവമുള്ള നിലപാടാണ് സംസ്കാരമെങ്കിൽ മറ്റെല്ലാം താനേ ശരിയാവും.


ഞാനല്ല സമഷ്ടിയാണ് പ്രധാനം എന്ന ഒരേ ഒരു കാര്യമല്ലാതെ ഒരു വിധിയും നമുക്ക് ആവശ്യമില്ല. പ്രവൃത്തികൾ ഒക്കെ യഥാകാലം, യഥാസന്ദർഭം, യഥാസത്യം, യഥാശക്യം മതി. ഒരു കുഴപ്പവും ആർക്കും വരാനില്ല. എല്ലാ പ്രവാചകന്മാരും പറഞ്ഞത് ഇതുതന്നെയാണ് എന്ന നേര് നമുക്കിനിയും പിടികിട്ടിയിട്ടില്ല എന്നു നാം വെറുതെ നടിക്കുന്നത് എന്തിനാണ്?


പുരോഹിതന്മാർക്ക് ജനങ്ങളെ ചൂഷണംചെയ്ത് ജീവിക്കാൻ ആചാരങ്ങൾ വേണം. ഈ ആചാരങ്ങളിലാണ് വചനങ്ങളുടെ കാതലായ വിവേകത്തിൽ അല്ല ഇപ്പോൾ ജനം വിശ്വസിക്കുന്നത്. ഇങ്ങനെ തങ്ങളുടെ അന്ധമായ ജല്പനങ്ങളിൽ വിശ്വസിക്കുന്ന ജനങ്ങളെ ഭരണാധികാരിയുടെ കാൽക്കീഴിൽ കൊണ്ടുപോയി അടിയറവുവച്ച് പുരോഹിതന്മാർ മൊത്തക്കച്ചവടം ചെയ്യുന്നു. ജനസമ്മതികൊണ്ടാണ് ഭരിക്കുന്നത് എന്ന് ഈ കാട്ടുനേതാക്കന്മാർക്ക് മേനി നടിക്കാൻ ഇതു മതിയാവുന്നു.


വേഷവും ഭാഷയും ഭക്ഷണക്രമവും ആചാരവും നാട്ടുനടപ്പും മതവും ജാതിയും മറ്റെല്ലാതും താത്കാലികങ്ങളല്ലേ? പ്രപഞ്ചം മുഴുവൻ ദൈവത്തിന്റെയാണ് എന്ന് എന്തുകൊണ്ട് ചിന്തിക്കാനാവുന്നില്ല? സ്വന്തം ആർത്തിയെ നിയന്ത്രിക്കാൻ കഴിയാത്ത ഒരാൾക്ക് എത്ര കിട്ടിയാൽ മതിയാകാൻ? എപ്പോൾ എങ്ങനെ ശാന്തിയും സമാധാനവും ഉണ്ടാകാൻ?


ഓരോ വ്യക്തിയും മറ്റുള്ള ആരുടെയെങ്കിലുമൊക്കെ കഴുത്തിൽ ബലമായി പിടിച്ചു കീഴ്പ്പെടുത്തി നിറുത്തിയിരിക്കുന്ന അവസ്ഥയിൽ ഒന്ന് സമാധാനമായി ഉറങ്ങാൻ ആർക്കെങ്കിലും സാധിക്കുമോ.


വെറും ആചാരങ്ങളുടെ അസ്തിവാരങ്ങളിൽ നിലനില്ക്കുന്ന എല്ലാ മതങ്ങളുടെയും ചാരത്തിൽനിന്നേ യഥാർഥ മനുഷ്യസംസ്കാരം ഉയിർത്തെഴുന്നേല്ക്കൂ. ഭൂമിയിലെ എല്ലാവരുടെയും ചോരയ്ക്ക് ഞാനാണ് കാവൽക്കാരൻ എന്ന ബോധം – അതാണ് ഉദാത്തമായ മനുഷ്യസംസ്കാരം.