ഭാഷ മലയാളിയുടേതാണെങ്കിലും ആശയം, മനുഷ്യന്റേതാണ്
അമേരിക്കയിൽ ജനിച്ചുവളർന്ന എന്റെ മകന് തിരിച്ചുപോകാനൊരിടമില്ലല്ലോ എന്ന വിഷമം ഒരു ദിവസം മനസ്സിൽ കയറിക്കൂടി. എനിക്ക് കേരളവും ഇന്ത്യയും ഉള്ളപോലെ അവനൊരിടമില്ലല്ലോ എന്നു തോന്നിയപ്പോൾ എന്തോ ഒരു വിഷമം. പക്ഷേ, അവന്റെ കേരളവും ഇന്ത്യയും ഒക്കെ ഇവിടമാണ്. എനിക്കുള്ളതുപോലെ ഒരു വലിയ കുടുംബം അവനുമുണ്ടെങ്കിലും അവനത് അവന്റെ ജീവിതത്തിന്റെ ഭാഗമായി കാണുന്നില്ല.
ഇവിടെ നമ്മുടെ സംസ്കാരം പഠിപ്പിക്കുക എന്ന രീതിയിൽ പലരും അവരുടെ കുട്ടികളെ കേരളത്തിന്റെയും ഇന്ത്യയുടെയും സംസ്കാരങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഞാൻ അതൊന്നും ചെയ്തില്ല. ഭാഷയും പഠിപ്പിച്ചില്ല. ഒരു പ്രത്യേക സ്ഥലവുമായി ഒരു സംസ്കാരവുമായി അവൻ കെട്ടുപിണഞ്ഞു കിടക്കരുത് എന്നതുകൊണ്ടാണ്. അവന് ജാതിചിന്തകൾക്കപ്പുറം ജീവിക്കാൻ കഴിയണം എന്നതുകൊണ്ടാണ്. ഇത് സംസ്കാരവും ജാതിവ്യവസ്ഥയും ഒരുമിച്ചു നില്ക്കുന്നു എന്നു കരുതിയിരുന്നതുകൊണ്ടാകാം.
ജാതിയിൽനിന്നു മാറാൻ സംസ്കാരത്തിൽനിന്നു തന്നെ മാറണം എന്ന ദയനീയത ലോകത്തിലെ ഏതെങ്കിലും നാട്ടിലെ ആളുകൾക്കുണ്ടാവുമോ എന്നെനിക്കറിയില്ല.. എന്റെ ചിന്തകൾ ശരിയാണോ എന്നെനിക്കറിയില്ല. ഏതായാലും അവന് കേരളവും ഇന്ത്യയും അവന്റെ അച്ഛനമ്മമാർ വന്ന സ്ഥലം മാത്രമാണ്. ഇന്ത്യൻ ഭക്ഷണം മാത്രമാണ് അവന് ഞങ്ങൾ നല്കിയ ഭാരതീയ സംസ്കാരം.
പക്ഷേ, എപ്പോഴോ അവൻ എവിടെ നിന്നോ ചില പുരാണകഥകളൊക്കെ വായിച്ചു മനസ്സിലാക്കി. ഞങ്ങളുടെ വീട്ടിലെ ആകെയുള്ള വിഗ്രഹങ്ങൾ അവന്റെ മുറിയിലാണ്. എപ്പോഴോ നാട്ടിൽ ചെന്നപ്പോൾ വാങ്ങിക്കൊണ്ടു വന്നതാണ്. പക്ഷേ, വിഗ്രഹങ്ങളല്ലല്ലോ സംസ്കാരങ്ങൾ. ആണെന്ന് ആക്കി തീർക്കാൻ ഇന്നു പലരും ശ്രമിക്കുന്നുണ്ട് എന്നത് യാഥാർഥ്യം. അതുകൊണ്ടുതന്നെ ഈ വിഗ്രഹങ്ങളല്ല എന്റെ സംസ്കാരം എന്നവനോടു ഞാൻ ഇടയ്ക്കിടയ്ക്ക് പറയും. അപ്പോൾ എന്റെ സംസ്കാരം എന്താണ് എന്ന ചോദ്യം എന്റെ മുൻപിൽ വന്നു നില്ക്കും.
എന്റെ സംസ്കാരം ചിന്തകളാണ്. ചിന്തിക്കാനുള്ള സ്വാതന്ത്ര്യമാണ് എന്ന് ഞാനവനോട് പറയാറുണ്ട്. സംസ്കാരം എന്ന വാക്കിനെ പലരും ദുരുപയോഗപെടുത്തുന്നുണ്ട് എന്നു തോന്നുന്നതുകൊണ്ടാണ്. എനിക്ക് വളരെ ലളിതമായ “രീതി” എന്ന വാക്കാണ് ഇഷ്ടം. അതിന് ഒരു വ്യക്തിപരമായ സ്വഭാവമുണ്ട്. എന്റേതായ രീതി എന്റേതായ സംസ്കാരം. അതിന് ആരുമായും കോർത്തിണങ്ങാം. ഏതു സംസ്കാരവും എന്റേതായി തോന്നാം. രീതികൾ നമ്മൾക്ക് മാറ്റാം നമ്മുടെ സംസ്കാരങ്ങളും.
എന്റെ സംസ്കാരത്തിന്റെ അളവ് നിശ്ചയിക്കാൻ ആർക്കും അനുവാദം കൊടുക്കാതെ സംസ്കാരശൂന്യനായി സ്വന്തം രീതിയിൽ ജീവിക്കുക. ഇന്നും സംസ്കാരശൂന്യൻ എന്നത് ഒരു മോശം പ്രയോഗമാണ്. പക്ഷേ, എനിക്കും എന്റെ മകനും ചേരുന്നത് അതാണ്. ഞങ്ങൾക്ക് സംസ്കാരമില്ല. രീതികളെ ഉള്ളൂ. മനുഷ്യരുടെ രീതി. അതു നിരന്തരം പുതിയ അറിവുകൾകൊണ്ട് മാറിക്കൊണ്ടിരിക്കുന്നു.
അതിനർഥം പഴയതൊന്നും എന്റെ രീതീയുടെ ഭാഗമല്ല എന്നല്ല. പുസ്തകങ്ങൾ, പാട്ടുകൾ, കഥകൾ, ആഘോഷങ്ങൾ… അങ്ങനെ പലതും എന്റെ രീതിയെ സ്വാധീനിക്കുന്നുണ്ട്. അതു കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും മാത്രമല്ല. ഞാൻ കണ്ടുമുട്ടുന്ന പലരുടെയും സംസ്കാരങ്ങൾ എന്റേതായി മാറുന്നുണ്ട്. എന്തിനാണ് നമ്മൾ ഈ സംസ്കാരം കാത്തുസൂക്ഷിക്കുന്നത്. ആർക്കുവേണ്ടിയാണ്? സംസ്കാരത്തിന് പുതിയ രൂപവും ഭാവവും വന്നു കൂടെ? വരുംതലമുറ മനുഷ്യനെ മനുഷ്യനായി ജാതിമതവർഗ വിവേചനമില്ലാതെ കാണുന്നവരാണെങ്കിൽ അവർക്ക് എന്തു സംസ്കാരമായാലെന്ത്? ഒരു പ്രത്യേക സംസ്കാരമുണ്ട് എന്നവകാശപ്പെടുന്ന നമ്മൾ നമ്മുടെ അടുത്ത തലമുറയ്ക്ക് വേണ്ടി തയാറാക്കുന്നത് എന്തുതരം ലോകമാണ്? അടുത്ത തലമുറയ്ക്ക് പകർന്നുനല്കേണ്ടത് കാത്തുസൂക്ഷിക്കാൻ ഒരു സംസ്കാരമാണോ അതോ മുന്നോട്ടുനീങ്ങി സ്വാതന്ത്ര്യവും സമാധാനവും ഉണ്ടാവുന്ന ഒരു ലോകം കാത്തുസൂക്ഷിക്കാനാണോ? നമ്മുടെ സംസ്കാരം ലോകത്തിലെ എല്ലാ മനുഷ്യരെയും തുല്യരായി കാണാൻ സഹായിക്കുന്നുണ്ടോ?
ജാതിവാൽ ഉള്ളത് ഒരു സംസ്കാരമാണ് എന്നു വിളമ്പുന്നവരും ഉണ്ട് ഈ കാലത്ത്. അവരുടെ മാതാപിതാക്കൾ ചേർക്കാതെപോയ ജാതിവാൽ സംസ്കാരത്തിന്റെ പേരിൽ മക്കളുടെ പേരിന്റെ പിന്നിൽ തുന്നിച്ചേർക്കുന്ന വൃത്തികേടാണ് ഇവിടെ അമേരിക്കയിൽ ചിലരുടെയൊക്കെ കാര്യത്തിൽ ഞാൻ കാണുന്നത്. എന്റെ മക്കൾക്ക് ആ സംസ്കാരത്തിന്റെ ഒരു അംശവും ഇല്ലെന്നത് ഒരു സമാധാനമായിട്ടാണ് എന്നും തോന്നിയിട്ടുണ്ട്.
ജാതി മാത്രമാണോ സംസ്കാരം എന്ന് ഇവിടെ ചിലർക്ക് തോന്നാം. അല്ല. മറ്റുപലതും ഉണ്ട്. കേരളത്തിലും ഇന്ത്യയിലും ഒരു വിദേശിക്കുപോലും അതെന്റെ സംസ്കാരമാണ് എന്നു തോന്നുന്ന കാര്യങ്ങൾ മാത്രമേ എന്റേതായും ഉള്ളൂ. ഗുഹാമനുഷ്യർ വരച്ച ചിത്രങ്ങളിൽ ഞാൻ എന്റെ സംസ്കാരം കാണുന്നു. ലോകത്തിന്റെ പല കോണുകളിലുമുള്ള നാടൻപാട്ടുകളിലും നൃത്തങ്ങളിലും ഞാൻ എന്റെ സംസ്കാരം കാണുന്നു. ചൈനയിലും ജപ്പാനിലും യുറോപ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഒക്കെ ഞാൻ എന്റെ സംസ്കാരം കാണുന്നു. അവിടെ കാണുന്ന അതെ സംസ്കാരമാണ് ഇന്ത്യയിലും കേരളത്തിലും എനിക്കുള്ളത്. മനുഷ്യനെന്ന രീതിയിൽ എനിക്കും ഇതു വായിക്കുന്ന നിങ്ങൾക്കും അഭിമാനിക്കാൻ കഴിയുന്ന സംസ്കാരം.
പുസ്തകങ്ങൾ നമ്മുടെ സംസ്കാരമാണ്. ഏതു ഭാഷയിലായാലും മനുഷ്യന്റെ കഥപറയാനുള്ള ആശയവിനിമയം നടത്താനുള്ള കഴിവിന്റെ സംസ്കാരമാണ് പുസ്തകങ്ങൾ. എല്ലാം എന്റേതാണ് എന്നാൽ ഞാൻ ഒന്നിന്റെയും ഭാഗമല്ല എന്നു കരുതാൻകഴിയുന്ന സംസ്കാരമാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഞാൻ ഇതെഴുതുമ്പോഴും ഭാഷ മലയാളിയുടേതാണെങ്കിലും ആശയം, അതു മലയാളിയുടേതല്ല മനുഷ്യന്റേതാണ്.
ഇന്നു ലോകത്ത് പലയിടത്തും സംസ്കാരം എന്നു പറയുമ്പോൾ നമ്മൾ കാണുന്നത് പലതിലേക്കും വളരുന്ന മനുഷ്യരെ അല്ല ചിലതിലേക്ക് മാത്രം ചുരുങ്ങുന്ന മനുഷ്യരെയാണ്. സാങ്കേതികവിദ്യയും നിർമിതബുദ്ധിയും ഒക്കെ ഒതുങ്ങുന്ന അഞ്ചും എട്ടും സംസ്കാരങ്ങളുടെ സമ്മിശ്രമായി വളരുന്ന കുട്ടികൾക്കും ഒരൊറ്റ ഭാഷയും രീതിയും അറിയുന്ന കുട്ടികൾക്കും ഒരുമിച്ചു മനസ്സിലാക്കാൻ മനുഷ്യന്റെ സംസ്കാരമാണ്. ചരിത്രത്തിൽനിന്നും ചുറ്റും നടക്കുന്ന കാര്യങ്ങളിൽനിന്നും ഭാവിയിലേക്ക് കുതിക്കുന്ന ആശയങ്ങളിൽനിന്നുമൊക്കെ മനസ്സിലാക്കാൻ കഴിയുന്ന സംസ്കാരം.
ഇന്നു നടക്കുന്ന സിനിമ, പാട്ട്, പുസ്തകം, കല, സംവാദങ്ങൾ എല്ലാം ഒരു സംസ്കാരത്തിന്റേതല്ല പല സംസ്കാരങ്ങളുടെയും ഉരുക്കുപാത്രങ്ങളായി മാറണം. അതിൽനിന്നു ചുറ്റും നടക്കുന്ന കാര്യങ്ങളെ മനസ്സിലാക്കാനുള്ള പുതിയ രീതികൾ ഉരുത്തിരിഞ്ഞു വരണം. ചിലപ്പോൾ തലമുറകൾ തമ്മിൽ ഇവിടെ ആശയപരമായി ഏറ്റുമുട്ടും. ഒരുവിഭാഗത്തിന് മനസ്സിലാവാത്ത വഴികളിൽക്കൂടെ മറുവിഭാഗം കൂവിവിളിച്ചു നടക്കും. മുൻപിൽക്കൂടി നടക്കുമ്പോഴും തിരിച്ചറിയാതെ പോകും. പക്ഷേ, ഈ ഉരുക്കുപാത്രങ്ങൾ അനിവാര്യമാണ്. കാരണം, ഇന്നു കാത്ത് സൂക്ഷിക്കപ്പെടുന്ന സംസ്കാരങ്ങൾ നാളെ അതിന്റെ ഇന്നത്തെ രൂപത്തിലുണ്ടാവില്ല.. എല്ലാം മാറും. മാറണം.
ഇന്നത്തെ കാര്യങ്ങൾ മനസ്സിലാക്കാൻ പഴയ സംസ്കാരങ്ങൾ മതിയാവില്ല എന്നതാണ് സത്യം. മനുഷ്യന്റെ കൂടെ ഹ്യൂമനോയിഡുകൾ ജീവിക്കാൻ തുടങ്ങിയാലോ. മലയാളം കവിതകളിൽ ഇടയ്ക്ക് ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിച്ചാൽ നെറ്റി ചുളിക്കുന്നവർ ഉണ്ട്.
എന്റെ സുഹൃത്ത് ഡാനിഷ് ഹുസ്സൈൻ നടത്തുന്ന കിസ്സാബാസി എന്ന കലാരൂപം രസകരമാണ്. നമ്മൾക്കറിയാത്ത ഭാഷയിലും നാട്യത്തിലും സംസ്കാരത്തിലുമുള്ള കഥകൾ ഹിന്ദിയും ഇംഗ്ലീഷും പോലുള്ള ബ്രിഡ്ജ് ഭാഷകൾ വഴി കാണികൾ മനസിലാക്കുന്നു. നമ്മൾ ഓരോരുത്തരും സംസ്കാരങ്ങളുടെ പാലങ്ങളാവുകയാണ് ചെയ്യുന്നത്.
എന്റെ മകൾക്ക് ഏറ്റവും പ്രിയം കൊറിയൻ സീരിയലുകളാണ്. ഒരു ദിവസം ഞാനും അല്പനേരം ഇരുന്നുകണ്ടു. നമ്മുടെ കഥകളായി എന്തൊരു സാമ്യത. എല്ലാം നമ്മുടേതാണ്. നമ്മൾ ഒന്നിന്റെയുമല്ല. കേരളവും ഇന്ത്യയും വിട്ടപ്പോൾ മനസ്സിലായത് എല്ലായിടത്തും നമ്മെപ്പോലുള്ളവരാണ് എന്നാണ്. മനുഷ്യന്റെ സംസ്കാരങ്ങൾ വ്യത്യസ്തനിറമുള്ള കടലാസ്സുകളിൽപ്പൊതിഞ്ഞ് തന്റേതെന്ന് കരുതുന്ന നമ്മളെപ്പോലെയുള്ളവർ.
ഇന്നു നമ്മുടെ മുന്നിൽ പല പ്രശ്നങ്ങളുമുണ്ട്. അതിൽ സംസ്കാരത്തിനല്ല ഏറ്റവും മുൻഗണന ലഭിക്കേണ്ടത്. നമ്മൾക്ക് ഒന്നും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇല്ല. മൂന്നോ നാലോ വർഷം മാത്രം മലയാളം പഠിച്ച ഞാൻ ഇത്രയും എഴുതിയത് മലയാളം എന്ന ഭാഷയെയോ മലയാളിയുടെ സംസ്കാരത്തെയോ സംരക്ഷിക്കാനല്ല. പകരം, മലയാളം എന്ന ഭാഷയെ ഇഷ്ടമായതുകൊണ്ടാണ്. അതിൽക്കൂടുതൽ അലങ്കാരങ്ങൾ ഈ എഴുത്തിനും ഇല്ല.