ലോത് : ധർമവ്യഥകളുടെ തീച്ചൂളയിൽ – വി.വിജയകുമാർ
‘കറ’ എന്ന നോവൽ എഴുതുന്നതിനു മുന്നേ ബൈബിൾ പഴയനിയമത്തിലെ കഥകളെ ആധാരമാക്കുന്ന യൂനായുടെ ഒളിച്ചോട്ടങ്ങൾ, സാറായിയുടെ മറുദേശങ്ങൾ, എസ്‌തെർ എന്നീ നോവലൈറ്റുകൾ സാറാജോസഫ് എഴുതിയിരുന്നു. ഭാവിയിൽ എഴുതാനിരിക്കുന്ന നോവലുകളുടെ പ്രമേയസ്ഥലങ്ങളെ ആദ്യം സന്ദര്‍ശിക്കുന്ന നിരീക്ഷകന്മാരാണ് ആനന്ദിന്റെ കഥകൾ എന്ന കെ.സി. നാരായണന്റെ നിരീക്ഷണത്തെ ഓർമിച്ചുകൊണ്ടു പറയട്ടെ, ഇവിടെയും സമാനമായ ഒരു അനുഭവമുണ്ട്. എഴുതപ്പെടാനിരിക്കുന്ന മഹാനോവലിന്റെ പ്രമേയങ്ങളിലൂടെ എഴുത്തുകാരി ആദ്യം സഞ്ചരിക്കുന്നത് ഈ നോവലൈറ്റുകളിലൂടെയാണ്. സാറായിയുടെ മരുദേശങ്ങൾ എന്ന നോവലൈറ്റിന് എഴുതുന്ന ആമുഖക്കുറിപ്പിൽ തന്റെ വീട്ടിൽ അമ്മാമയോ മുതിര്‍ന്നവരാരെങ്കിലുമോ പുതിയനിയമം ഉറക്കെ വായിക്കുമായിരുന്നുവെന്നു സാറാജോസഫ് എഴുതുന്നുണ്ട്. കുട്ടികൾ പഴയനിയമം വായിക്കുന്നതിനെ അക്കാലത്തു നിരുത്സാഹപ്പെടുത്തിയിരുന്നു. സന്ധ്യാപ്രാർഥനയിലെ വായനയ്ക്കുശേഷം അടച്ചുവയ്ക്കുന്ന ബൈബിളിലെ പഴയനിയമം വായിക്കാൻ തന്റെ വായനാകൗതുകം നിലവിട്ടു കുതിച്ചുകൊണ്ടിരുന്നതായി എഴുത്തുകാരി പറയുന്നുണ്ട്. ആ കൗമാരകൂതൂഹലത്തിനു പില്ക്കാലത്തു സംഭവിക്കുന്ന സർഗാത്മകസാക്ഷാത്ക്കാരമായിക്കൂടി ‘കറ’ എന്ന നോവലിനെ കാണാം.
‘കറ’യിലെ നായകകഥാപാത്രം ലോതാണ്. സ്ത്രീപക്ഷദര്‍ശനത്തെ അകക്കാമ്പിൽപ്പേറുന്ന ഒരു കൃതിയിൽ ലോത് എന്ന കഥാപാത്രത്തിനു ലഭിക്കുന്ന പ്രാധാന്യം അത്ഭുതജനകമാണ്. വിശുദ്ധപത്രോസിന്റെ രണ്ടാം ലേഖനത്തിൽ ലോതിനെ ഒരു നീതിമാനായ മനുഷ്യനായി വിശേഷിപ്പിച്ചിരിക്കുന്നു. സോദോമിലെ ദുഷ്ടതയെക്കുറിച്ചു വ്യസനിച്ചതിന് ലോത് പ്രശംസിക്കപ്പെടുന്നു. ദൈവദൂതന്മാരെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും സോദോമിലെ ദുഷ്ടന്മാരിൽനിന്ന് അവര്‍ക്ക് സംരക്ഷണം നല്കുകയും ചെയ്യുന്നത് ലോതിന്റെ ആതിഥ്യമര്യാദയുടെ ലക്ഷണമായി ദൈവശാസ്ത്രവൃത്തങ്ങളിൽ വ്യാഖ്യാനിക്കപ്പെടുന്നു. സോദോമിലെ ജനങ്ങളുടെ അധാര്‍മികജീവിതത്തിൽനിന്നു വ്യത്യസ്തമായി ലോത് നീതിയുടെ ഒരു തലം നിലനിറുത്തുന്നു. പാപപൂര്‍ണമായ വഴികളിലൂടെ സഞ്ചരിക്കുന്ന നഗരമായ സോദോമിനടുത്ത് സ്ഥിരതാമസമാക്കുന്നത് ലോതിനെ ചില ധാര്‍മികപ്രതിസന്ധികളിലേക്കു നയിക്കുന്നുണ്ട്. സോദോമിന്റെ നാശത്തിനുമുമ്പ് അവനെ രക്ഷിക്കാൻ ദൂതന്മാരെ അയച്ച് ലോതിന്റെ ജീവിതത്തിൽ ദൈവം ഇടപെടുന്നു. എന്നാൽ, ഇതിനു ഒരു മറുപുറവുമുണ്ട്.
പില്ക്കാലത്തെ സദാചാരവ്യവസ്ഥക്കും നിയമ, മൂല്യചിന്തകള്‍ക്കും നിരക്കാത്തതു പലതും പഴയനിയമത്തിലുണ്ടായിരുന്നു. സ്വതന്ത്രരതിയും അഗമ്യഗമനങ്ങളും രക്തബന്ധ ലൈംഗികവേഴ്ചകളും വിവേചനങ്ങളേതുമില്ലാത്ത ആസക്തികളും പഴയനിയമം രേഖപ്പെടുത്തുന്നുണ്ട്. ഇപ്പോൾ പ്രാകൃതമെന്നു വിവക്ഷിക്കപ്പെടുന്ന ഒരു കാലത്തെ മനുഷ്യന്റെ ഗോത്രജീവിതത്തിന്റെ കഥകളായിരിക്കണം അത്. മനുഷ്യരുടെ സാമൂഹികജീവിതം രൂപപ്പെട്ടുവരുന്നതിന്റെ വിവിധ പടവുകൾ പഴയനിയമത്തിൽ കണ്ടെത്താനാകും. ലോതിന്റെ കഥകൾ സാറാജോസഫ് പുനര്‍രചിക്കുമ്പോൾ ഇതു കൂടുതൽ വ്യക്തമാകുന്നു. എന്റെ കൗമാരകാലത്ത് ചില കൂട്ടുകാർ അടക്കിയ സ്വരത്തിൽ, അരുതാത്തത് ചെയ്യുന്ന ഭാവത്തിൽ, എങ്കിലും ഗൂഢസ്മിതത്തോടെ ലോതിനെ കുറിച്ചു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. സമൂഹത്തിന്റെ സദാചാരദൃഷ്ടിയിൽ തന്റെ പെണ്‍മക്കളോടൊപ്പം ശയിച്ചവൻ വലിയ അപമാനത്തിന്റെ പാത്രമായി. പഴയനിയമത്തിലെ അഗമ്യഗമനത്തിന്റെ കഥയിലെ നായകൻ അനഭിമതനായി മാറി. ജ്യേഷ്ഠനിൽനിന്നു വാഗ്ദത്തഭൂമിയിലെ നല്ലഭാഗം നോക്കി വാങ്ങിച്ചെടുത്തവൻ പൊതുവിൽ അത്യാഗ്രഹിയോ സ്വാർഥനോ ആയിട്ടാണ് വ്യാഖ്യാനിക്കപ്പെട്ടത്. ദൈവത്തിന്റെ ശക്തമായ പരീക്ഷണങ്ങള്‍ക്കു നിരന്തരം വിധേയമായിക്കൊണ്ടിരുന്ന അയാൾ സുഖഭോഗങ്ങളിൽ മുങ്ങിത്താഴുന്ന, വീണ്ടുവിചാരങ്ങളില്ലാത്ത ലൗകികനായി ചില മതവ്യാഖ്യാനങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
കറ ബാധിച്ച ലോകത്തെ എഴുതാൻ ബൈബിൾക്കഥയെ തിരഞ്ഞെടുക്കുന്ന നമ്മുടെ എഴുത്തുകാരി ലോതിനെ തന്റെ ക്ലാസിക് നോവലിന്റെ നായകനാക്കുകയും അയാളുടെ കറകളെ കഴുകിയെടുത്തു നമ്മുടെ മുന്നിൽ നിറുത്തുകയും ചെയ്യുന്നു. ചരിത്രത്തിൽ പാര്‍ശ്വവത്കരിക്കപ്പെട്ടുപോയവവരോട് എപ്പോഴും സഹഭാവം പുലര്‍ത്താൻ ശ്രമിച്ചിട്ടുള്ള സാറാജോസഫ് ലോതിന്റെ മനസ്സിനുള്ളിലേക്കു കയറുന്നു. സ്ത്രീപക്ഷത്തു നില്ക്കുന്നതുപോലെത്തന്നെ ലോതിന്റെ പക്ഷത്തുനിന്നുകൊണ്ട് അയാളെ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ഇപ്പോൾ, ലോത് സങ്കീര്‍ണമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായി മാറിത്തീരുന്നു. അധ്വാനത്തിന്റെ, സാഹോദര്യത്തിന്റെ, നിസ്സഹായതകളുടെ, സന്ദേഹങ്ങളുടെ, എങ്കിലും ഉറച്ചബോധ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ, ആത്മവിമര്‍ശനങ്ങളുടെ മനുഷ്യനായി ലോത് സാറാജോസഫിന്റെ ആഖ്യാനത്തിൽ പ്രത്യക്ഷപ്പെടുന്നു. അയാൾ വ്യാപാരിയാണ്, കര്‍ഷകനാണ്, ഭിഷഗ്വരനാണ്, ഉടമ – അടിമഭേദമില്ലാത്ത ജനസേവകനാണ്, ധനവാനാണ്, സ്‌നേഹസമ്പന്നനായ കുടുംബസ്ഥനാണ്, ഭരണകൂടത്തിന്റെയും നടപ്പുവ്യവസ്ഥയുടേയും വിമര്‍ശകനാണ്, അബ്രഹാമിന്റെ ദൈവത്തിന്റെ വലിയ വിശ്വാസിയാണ്, എങ്കിലും ദൈവനീതിയെക്കുറിച്ച് ആശങ്കാകുലനും ധര്‍മാധർമവിചാരത്തിൽ മുഴുകുന്നവനും സന്ദേഹിയുമാണ്. ഒരുപക്ഷേ, ഈ നോവലിലെ ലോതിന്റെ ചിത്രണം ബൈബിൾ പഴയനിയമത്തിലെ ഇയ്യോബിന്റെ ആത്മസംഘര്‍ഷങ്ങളെയും അയാൾ നേരിട്ട പരീക്ഷണഘട്ടങ്ങളെയും നമ്മെ ഓർമിപ്പിച്ചേക്കാം. ലോതിന്റെ കഥയെയും സ്വഭാവചിത്രണത്തെയും നേര്‍ക്കുനേർ അഭിമുഖീകരിക്കാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.
അസാധാരണസൗന്ദര്യമുള്ള ഇബ്രായനാണ് ലോത്. പിതൃസഹോദരനായ അബ്രാമിനാൽ നന്നായി പരിശീലിപ്പിക്കപ്പെട്ട യോദ്ധാവ്. സാറാജോസഫ് ഈ വാക്കുകൾകൊണ്ട് ലോതിനെ പരിചയപ്പെടുത്തിത്തുടങ്ങുന്നു. നോവലിന്റെ അവസാനംവരെ ലോതിന്റെ വ്യക്തിത്വത്തിന്റെ വിവിധ അടരുകൾ വിവൃതമാക്കുന്ന യത്‌നം കഥാകാരി തുടരുന്നുമുണ്ട്. നേര്‍രേഖീയമല്ലാത്ത ശൈലിയിൽ രചിക്കപ്പെട്ടിരിക്കുന്ന നോവൽ, ലോതിന്റെ സോദോം ഗെമോറയിലെ ജീവിതകാലത്തെ എഴുതിക്കൊണ്ടാണ് ആരംഭിക്കുന്നത്. അടിമയായ ഒരു വിധവയുടെ കുഞ്ഞിനെ മരണത്തിൽനിന്നു രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന ഭിഷഗ്വരനായ ലോതിനെ ഇവിടെ നാം കാണുന്നു. സോദോം ഗൊമോറയിലെ അധികാരികൾ പരദേശിയെന്നു മുദ്രകുത്തി അകറ്റിനിറുത്തുന്നവൻ ആപത്തിൽ പെട്ടേക്കാമെന്ന് അറിഞ്ഞുകൊണ്ടുതന്നെ കറുപ്പിന്നടിമകളായി മരണത്തിലേക്ക് അടുക്കുന്നവരെ രഹസ്യമായി ചികിത്സിച്ചു. ഇക്കാര്യത്തിൽ അയാള്‍ക്ക് ഉറച്ച മനസ്സുണ്ടായിരുന്നു. ഏറെ കരുണയും പ്രതിജ്ഞാബദ്ധതയുമുള്ള ഒരു ഭിഷഗ്വരനായി അയാൾ പ്രത്യക്ഷപ്പെടുന്നു. ലോത് നിസ്വാർഥതയോടെ ഭിഷഗ്വരവൃത്തി ചെയ്യുന്നുവെന്നത് എഴത്തുകാരിയെ സംബന്ധിച്ചിടത്തോളം അയാളുടെ സ്വഭാവചിത്രണത്തിൽ പ്രാധാന്യമുള്ള കാര്യമായിരുന്നു. അദോണിയായും ഹൊദയയും അയാളെ ഭിഷഗ്വരവൃത്തിയിൽ സഹായിക്കുന്നുണ്ട്. അവർ വലിയൊരു ഔഷധത്തോട്ടം നിർമിച്ചിട്ടുണ്ട്. തുളസികൾ, പനിക്കൂര്‍ക്കകൾ, ഹിംഗുച്ചെടികൾ, റോഷെച്ചെടികളും അവിടെ വളര്‍ന്നു. ലോതിന്റെ പിതാവ് ഹാരാൻ മാന്ത്രികനാണെന്നതുപോലെ വൈദ്യനുമായിരുന്നു. തന്റെ വൈദ്യജ്ഞാനം അയാൾ ചുരുളുകളാക്കി സൂക്ഷിച്ചു. ലോതും അദോണിയയും ആ ചുരുളുകളിൽനിന്നു ചികിത്സാരീതികൾ പഠിച്ചു. ഹാരാൻ സൂക്ഷിച്ചിരുന്ന ഒരു ചുരുളിലെ കുറിപ്പിൽ കറുപ്പിനുള്ള പ്രതിവിധി എഴുതിയിരുന്നു. അത് സംസ്‌കൃതത്തിലായിരുന്നു. സിന്ധിൽനിന്നു വന്ന മന്ത്രവാദിയാണ് അതെഴുതിയത്. ഹിംഗുച്ചെടിയെ കുറിച്ചാണ് ആ കുറിപ്പിൽ പറയുന്നത്. ഏറെ നാൾ അന്വേഷിച്ചിട്ടും ആ മാന്ത്രികനെ കണ്ടെത്താൻ ലോതിനു കഴിഞ്ഞില്ല. പിന്നീട്, യാദൃച്ഛികമായി അവർ കണ്ടുമുട്ടുന്നു. കറുപ്പിനെ പ്രതിരോധിക്കാനുള്ള മരുന്ന് എങ്ങനെയാണ് നിർമിക്കുന്നതെന്ന് അയാളിൽനിന്നു ലോത് പഠിക്കുന്നു. കറുപ്പു വിളയിക്കുന്ന രഹസ്യസ്ഥലങ്ങളിൽ പണിയെടുക്കുകയും കറുപ്പുതീറ്റക്ക് അടിമയായിത്തീര്‍ന്ന് രോഗാതുരനാകുകയും ചെയ്ത യാഖീനെ രക്ഷിക്കാനായി ലോതും അദോണിയയും നടത്തുന്ന ശുശ്രൂഷകളുടെ വിശദമായ വാഗ്ചിത്രം നോവലിൽ എഴുതപ്പെടുന്നുണ്ട്.
പിന്നെ, അവർ യാഖീന്റെ ഗ്രാമത്തിലേക്കു പോകുന്നു. സോദോമിന്റെ ധനപ്പുളപ്പ് നഗരാതിര്‍ത്തി കടന്നതോടെ തീര്‍ന്നതായി സാറാജോസഫ് എഴുതുന്നു. എവിടെയും ദാരിദ്ര്യത്തിന്റെയും മടുപ്പിന്റെയും ലക്ഷണങ്ങൾ കാണാറായി. ഗ്രാമ-നഗരഭേദങ്ങൾ നാഗരികതയുടെ തുടക്കകാലംമുതലേയുണ്ടെന്ന് എഴുത്തുകാരി ധ്വന്യാത്മകമായി സൂചിപ്പിക്കുന്നു. ദാരിദ്ര്യത്തിൽക്കഴിയുന്ന ഗ്രാമങ്ങൾ, അവിടത്തെ ജനതയുടെ അധ്വാനത്തെ ചൂഷണംചെയ്തു കൊഴുക്കുന്ന നഗരജീവിതം. പഴയകാലത്തുനിന്നു സമകാലത്തേക്ക് പാലം നിർമിക്കുന്നതാണ് ഈ സൂചനകൾ. ലോതിന്റെ കഥ സമകാലജീവിതത്തിൽനിന്നാണ് പുനര്‍രചിക്കുന്നതെന്നും അതിന് സമകാലികമായ താത്പര്യങ്ങളുണ്ടെന്നും ഓർമപ്പെടുത്താനുള്ള എഴുത്തുകാരിയുടെ ശ്രമംകൂടിയായിരിക്കാം ഇത്. എല്ലാം വ്യാഖ്യാനങ്ങളാണെന്ന നീത്‌ഷെയുടെ വാക്കുകളെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന നിരവധി സന്ദര്‍ഭങ്ങളെ സാറാജോസഫിന്റെ ആഖ്യാനത്തിൽനിന്നു കണ്ടെടുക്കാം.
ഭക്ഷണവും രോഗശുശ്രൂഷകളും സാന്ത്വനവാക്കുകളും നല്കി ലോതിന്റെ സംഘം സോദോമിന്റെ ഗ്രാമങ്ങളിലെ അധഃകൃതരായ ജനതയുടെ മനസ്സിൽ ഇടം നേടുന്നു. വിശപ്പു സഹിയാതെ, എന്നാൽ ഭയത്തോട, ആരെയും അറിയിക്കാതെ ഒളിഞ്ഞുവന്ന് ആദ്യമായി ലോതിന്റെ കൈകളിൽനിന്നു മാവും എണ്ണയും സ്വീകരിച്ച സ്ത്രീയെ കഥാകാരി ഇങ്ങനെ എഴുതുന്നു: ”രഹസ്യമാക്കിവയ്ക്കാൻ അപേക്ഷിച്ച കാര്യം അല്പസമയത്തിനുള്ളിൽ അവൾതന്നെ പരസ്യമാക്കി. എണ്ണചേര്‍ത്ത് മാവുകുഴച്ച്, മാവു പുളിക്കാൻ കാത്തുനില്ക്കാതെ അവൾ അപ്പമുണ്ടാക്കി. മാവ് വിശേഷപ്പെട്ടതും എണ്ണ കലര്‍പ്പില്ലാത്തതുമായിരുന്നു. അപ്പം മൊരിയുന്ന സുഗന്ധം അതറായിൽനിന്ന് ചുറ്റുമുള്ള മരുപ്രദേശത്തേക്കുവരെ പരന്നുതുടങ്ങി. വിശപ്പുകൊണ്ടു ഭ്രാന്തുപിടിച്ച മനുഷ്യർ ആ സുഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ചു. അവളാകട്ടെ, ചൂടാറുംമുമ്പ് മക്കളെ ഊട്ടുകയും പെട്ടെന്നു വിളക്കുകെടുത്തി ഉറങ്ങാൻ കിടക്കുകയും ചെയ്തു.” ലോതിന്റെ സംഘം കൊണ്ടുവന്ന ധാന്യവും എണ്ണയും മറ്റും ആ ഗ്രാമജനത ആക്രമിച്ചു കൈക്കലാക്കുന്നതിന്റെ വിവരണമാണ് നാം പിന്നീടു വായിക്കുന്നത്. ദുസ്സാമർഥ്യം കാണിക്കാത്തതുകൊണ്ട് ധാന്യം ലഭിക്കാതെ പോയവര്‍ക്ക് നമുക്കുതന്നെ വിതരണം ചെയ്യാമെന്നു പറയുന്ന ലോതിനെ ഇവിടെ കാണുന്നു. രോഗശുശ്രൂഷകളുടെ ദീര്‍ഘവിവരണങ്ങളിൽ ഏറെ കാരുണ്യവാനായ ലോതിനെയാണ് കഥാകാരി എഴുതുന്നത്. ആഹാരമില്ലാത്ത ഗ്രാമജനതയുടെ ദുരിതത്തെ പങ്കിടാൻ അയാൾ ഭക്ഷണം ഒരു നേരത്തേക്കായി ചുരുക്കുന്നു, മരുന്നിനെക്കാളും ആഹാരം ആവശ്യമായിരിക്കുന്ന രോഗികള്‍ക്കിടയിൽ പ്രവര്‍ത്തിക്കുമ്പോൾ അവരെപ്പോലെയായിരിക്കണമെന്നു പറയുന്നു. ലോത് ഹൊദയയോടു പറയുന്നു: ”രോഗപ്പെട്ടത് പൊറുപ്പിക്കാം ഹൊദയ, കടുപ്പമുള്ളത് മയപ്പെടുത്താം. ആറിപ്പോയത് കാച്ചിയെടുക്കാം. മനോവേദനയുടെ ആഴം അളക്കാനാവില്ല.” പിന്നീട്, ഏറെ നാളുകള്‍ക്കുശേഷം തന്റെ നിന്ദ്യമായ ജീവിതാവസ്ഥയിൽ, കാമോഷിന്റെ പുരോഹിതൻ നെബുലിനെ ചികിത്സിക്കുന്ന വേളയിലും വിദഗ്ദ്ധനായ ഒരു ഭിഷഗ്വരനെ ലോതിൽ സാറാജോസഫ് കണ്ടെത്തുന്നുണ്ട്. ന്യായബുദ്ധിയോടെ പ്രവര്‍ത്തിക്കുമ്പോഴും ദൈവത്തിന്റെ മുമ്പിൽ താനിപ്പോഴും അയോഗ്യനാണെന്ന ചിന്ത അയാളിൽ മദിച്ചിരുന്നു. അതറായിയിലും ഷെമായിലും തന്റെ രോഗശുശ്രൂഷകളും സാന്ത്വനപ്രവര്‍ത്തനങ്ങളുമായി ഏറെനാൾ തുടരാൻ ലോതിനും സംഘത്തിനും കഴിഞ്ഞില്ല. സെറാക്കിന്റെ പടയാളികൾ അവർ തമ്പടിച്ച ഗ്രാമത്തിലെ ജനങ്ങളെയും അവരുടെ സംഘത്തെയും ആക്രമിക്കുന്നു. കൂട്ടക്കൊലകളാണ് നടന്നത്. ഹൊദയയെ അവർ ബലാല്ക്കാരം ചെയ്തു. പിന്നെ, അവളുടെ ദേഹം കുന്തത്തിന്മേൽ കുത്തിനിര്‍ത്തി. ഹൊദയയുടെ അപേക്ഷയെ മാനിച്ച് ലോത് അവിടെനിന്നു നേരത്തെ രക്ഷപ്പെട്ടിരുന്നു. നോക്കൂ, ബൈബിൾ പഴയനിയമത്തിൽ പരാമര്‍ശങ്ങളേതുമില്ലാത്ത കാര്യങ്ങളാണ് സാറാജോസഫ് ഇവിടെ എഴുതുന്നത്. എഴുത്തുകാരി ഭാവനയിൽ തന്റെ കഥാപാത്രമായി ലോതിനെ നിർമിച്ചെടുക്കുന്ന സന്ദര്‍ഭങ്ങളാണിവയെല്ലാം.
തന്റെ ഓരോ പ്രവൃത്തിയിലേയും നന്മ – തിന്മകളെ വിവേചിച്ചറിയാൻ ശ്രമിക്കുകയും ആ ശ്രമത്തിനിടയിൽ തന്നെത്താനേ ഉരുകുകയും സ്വയം വിമര്‍ശിക്കുകയും ചെയ്യുന്ന ലോതിനെ നിരവധി സന്ദര്‍ഭങ്ങളിലായി എഴുതുന്ന കഥാകാരിയെ നോവലിലുടനീളം കാണാം. ”വെള്ളപ്പറ്റുള്ള ഈ സമതലം അബ്രാമിനു കൊടുത്തിട്ട് ഞാൻ എന്തുകൊണ്ടാണ് മരുഭൂമി തിരഞ്ഞെടുക്കാതിരുന്നത് ഹൊദയാ?” എന്ന ചോദ്യത്തിൽ അയാൾ തന്റെ സ്വാർഥതയെ സ്വയംവിചാരണ ചെയ്യുന്നുണ്ട്. അബ്രാമിൽനിന്നുള്ള വേര്‍പിരിയൽ താൻ ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തെ സത്യസന്ധമായി നേരിടാൻ താൻ ഭയക്കുന്നതായി ലോത് മനസ്സിലാക്കുന്നു. പറുദീസാനഷ്ടം നല്ലതിനായിരുന്നുവെന്നു കരുതുന്ന കര്‍ഷകമനസ്സുള്ള ലോതിനെയും ഈ നോവലിൽ നാം കാണുന്നു. അബ്രാമിന്റെ ദൈവം നീതിയെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് ലോതിനു തോന്നുന്നുണ്ട്. അയാൾ യാഹ്‌വേയുടെ ഉന്നതമായ വിശ്വാസിയാകുന്നത് അതുകൊണ്ടാണെന്ന് ധരിക്കാൻ സാറാജോസഫിന്റെ ശൈലി നമ്മെ പ്രേരിപ്പിക്കുന്നു. എന്നാൽ, അബ്രാമിനോടു സംസാരിക്കുന്ന ദൈവം തന്നിൽനിന്നു അകന്നുനില്ക്കുന്നതിനെ കുറിച്ചോര്‍ക്കുമ്പോൾ ലോത് ആത്മനിന്ദയിൽ മുങ്ങിപ്പോകുന്ന പ്രകരണങ്ങളുമുണ്ട്. ദൈവവും ദുരാത്മാവും ഒരേസമയം പിടികൂടി പീഡാവ്യസനങ്ങളേല്പിക്കുന്ന മനുഷ്യനായി അയാൾ സ്വയം തിരിച്ചറിഞ്ഞു. നിസ്സഹായനായ മനുഷ്യൻ. നീതിക്കുവേണ്ടി വാദിക്കുകയും സോദോമിലെ മനുഷ്യരോടു അതിനെക്കുറിച്ചു പ്രസംഗിക്കുകയും ചെയ്യുന്ന ലോത് ഏകനാകുമ്പോൾ സ്ഥിതാവസ്ഥയോ അതിനെ തിരുത്താൻ ശ്രമിക്കുന്നതോ ശരി എന്ന സന്ദിഗ്ദ്ധതയിൽ പെട്ടുപോകുന്നുണ്ട്.
ശിശുബലിയെ ഓര്‍ത്ത് ഭയപ്പെടുന്ന ലോത്, സ്വയം തെളിഞ്ഞ് ”കൊല്ലാനല്ല, ജീവിപ്പിക്കാനാണ് ഒരു ദൈവത്തിന്റെ ആവശ്യമുള്ളതെ”ന്നു പറയുന്നുണ്ട്. ബാൽ ദേവന് ആദ്യജാതനെ ബലിയര്‍പ്പിക്കാൻ പോകുന്ന കര്‍ഷകകുടുംബത്തെ ആ ശ്രമത്തിൽനിന്നു തടയാൻ ലോത് ശ്രമിക്കുന്നതിനെ ആവിഷ്‌ക്കരിക്കുന്ന നോവലിലെ ഭാഗങ്ങൾ കാരുണ്യത്തിന്റെയും സന്മനസ്സിന്റെയും പ്രകാശംകൊണ്ട് അതീവ ഹൃദയാവർജകമായിരിക്കുന്നു. നിഷ്പ്രയോജനമായൊരു വിഗ്രഹത്തിന്റെ കത്തുന്ന ഉദരത്തിലേക്ക് ഒരു പൈതലിനെ നിങ്ങൾ എറിഞ്ഞുകൊടുക്കരുതെന്ന് ലോത് അവരോടു പറയുന്നു. ആ കര്‍ഷകരെ മാനസാന്തരപ്പെടുത്താനുള്ള യുദ്ധത്തിൽ തോറ്റ ലോത് ആ കുഞ്ഞിന്റെ മണം ഇപ്പോഴും എന്റെ കൈകളിലുണ്ടെന്നു പറയുന്നു. ഈ ഭാഗങ്ങളിൽ സാറയുടെ നോവൽ അപരനോടുള്ള സ്‌നേഹവും കാരുണ്യവുംകൊണ്ട് തിളങ്ങുന്നുണ്ട്. നോവലിലെ വളരെ സവിശേഷമായ ഭാഗവുമാണിത്.
തങ്ങളുടെ ദൈവമായ ബാലിനെ നിന്ദിക്കുന്നുവെന്നാരോപിച്ച് കര്‍ഷകർ ലോതിനെ കൈയേറ്റം ചെയ്യുന്നുണ്ട്. ശിശുബലി / ആദ്യജാതന്റെ ബലി ആവശ്യപ്പെടുന്ന ദൈവങ്ങൾ ലോതിനെ സംശയങ്ങളുടെ കുരുക്കിൽ പെടുത്തിക്കൊണ്ടിരുന്നു. മനുഷ്യക്കുഞ്ഞുങ്ങൾ ദൈവങ്ങളുടെ തീറ്റയായിരുന്ന ഒരു വ്യവസ്ഥയെ വലിയ വിശദീകരണങ്ങളോടെയാണ് കഥാകാരി എഴുതുന്നത്. കര്‍ഷകർ ലോതിനോടു പറയുന്ന ന്യായങ്ങൾ ഇങ്ങനെ വായിക്കാം: ”…ഒരിടത്ത് സ്ഥിരമായി ജീവിച്ച് മണ്ണിൽ പണിയെടുത്തു ഭൂമിയെ പരിപാലിച്ചു ജീവിക്കുന്നവരാണ്. മഴ കിട്ടിയാലേ ഞങ്ങള്‍ക്കു കൃഷി ചെയ്യാനാവൂ. മഴയുടെ ദൈവത്തെയാണ് ഞങ്ങള്‍ക്ക് ആവശ്യം. ബാൽ ഞങ്ങളുടെ മഴദൈവമാണ്…ഞങ്ങള്‍ക്ക് കനത്ത വിള ഉണ്ടാകുന്നത് ബാലിന്റെ മഹതിയാം പത്‌നി അശേറാദേവിയുടെ അനുഗ്രഹം കൊണ്ടാണ്.” പുത്രബലിയിലുള്ള മനുഷ്യരുടെ അന്ധവിശ്വാസംപോലും അവരുടെ ജീവിതസാഹചര്യങ്ങളുടെ സൃഷ്ടിയാണ്. ആദ്യജാതന്റെ രക്തം കുടിക്കുകയും മാംസം തീറ്റയാക്കുകയും ചെയ്യുന്ന പഴയദൈവങ്ങളുടെ ക്രൗര്യത്തെ എഴുതുന്ന സാറാജോസഫ് ബലികൊടുക്കുന്ന വിശ്വാസത്തെയും സമ്പ്രദായത്തെയും വിമര്‍ശസ്വരത്തിൽ കാണുന്ന നായകസ്വരൂപത്തെ സൃഷ്ടിക്കുക മാത്രമല്ല, ദൈവങ്ങൾ മനുഷ്യരുടെ തീറ്റയാകുന്ന സമകാല അവസ്ഥക്കുനേരെ വിരൽചൂണ്ടുകയും ചെയ്യുന്നു. ഇപ്പോൾ, ദൈവത്തെ ചന്തയിൽ വില്പനയ്ക്കു വച്ചിരിക്കുന്നവർ ഏറെയാണ്. ആള്‍ദൈവങ്ങൾ മുതൽ സാധാരണക്കാരായ പുരോഹിതർ വരെ ആ നിരയിലുണ്ട്. ദൈവവിശ്വാസത്തെ ചൂഷണംചെയ്ത് പണമുണ്ടാക്കുന്നവരിലേക്കു മാത്രമല്ല, ദൈവവിശ്വാസത്തെ തങ്ങളുടെ രാഷ്ട്രീയത്തിനും അധികാരത്തിനും ആവശ്യമായ കരുവായി ഉപയോഗിക്കുന്നവരിലേക്കുകൂടി ഈ വിചാരത്തെ വ്യാപിപ്പിക്കാവുന്നതാണല്ലോ? നോവൽ വായനക്കാരന്റെ മാനസികകാലം സഹസ്രാബ്ദങ്ങള്‍ക്കു മുന്നിലേക്കും വര്‍ത്തമാനത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു.
ഇണയായ ഈഡിത്തിനേയും മക്കളായ മിഹാലിനേയും ലേയയേയും തീവ്രമായി സ്‌നേഹിക്കുന്ന കുടുംബനാഥനായി ലോത് നോവലിൽ പ്രത്യക്ഷപ്പെടുന്നു. അബ്രാമിന്റെ ദൈവത്തോടുള്ള ഈഡിത്തിന്റെ വിമര്‍ശനങ്ങൾ സന്ദേഹങ്ങളും ന്യായബുദ്ധിയുമായി ലോതിൽ പടരുന്നുണ്ട്. അവളുടെ പരിഭവങ്ങള്‍ക്ക് ലോത് ശ്രദ്ധ നല്കുന്നുണ്ട്. സ്ത്രീ – ഈഡിത്തും മക്കളും ഹൊദയയും, ലോതിന്റെ സ്‌നേഹസൗഹൃദബുദ്ധിയിൽ കരുത്താർജിക്കുന്നതും അവർ തിരികെ ലോതിനെ ചിലപ്പോൾ തിരുത്തുന്നതും അയാളുടെ നല്ല ബുദ്ധിയെ പോഷിപ്പിക്കുന്നതും കഥാകാരിയുടെ വിവരണകലയിൽ പരോക്ഷമായി തെളിയുന്നു. ലോതിനെക്കുറിച്ചുള്ള മതവ്യാഖ്യാനങ്ങളുടെ വിരുദ്ധമായ ദിശയിലാണ് സാറാജോസഫിന്റെ ആഖ്യാനം നീങ്ങുന്നതെന്നു പറയണം. വ്യാഖ്യാനങ്ങളിൽ പത്രോസും സെന്റ് അഗസ്റ്റിനും ലോതിനു നേരെ കാണിക്കുന്ന മൃദുമനസ്സ് പില്ക്കാല വ്യാഖ്യാതാക്കൾ എല്ലാവരിലും കാണുന്നില്ല. ലൗകികജീവിതത്തിന്റെ ആസക്തികളിലും സുഖഭോഗങ്ങളിലും മുങ്ങിത്താഴാൻ ആഗ്രഹിക്കുന്ന മനസ്സായിരുന്നു ലോതിന്റേതെന്ന് വ്യാഖ്യാനിക്കുന്നവരാണ്, മതപണ്ഡിതന്മാരിലേറെയും. സോദോമിൽ താമസമുറപ്പിക്കാൻ ലോത് തീരുമാനിക്കുന്നത് ആ നഗരം നല്കുന്ന സുഖഭോഗങ്ങളുടെ പ്രേരണയിലാണെന്ന് അവർ വ്യാഖ്യാനിക്കുന്നു. സോദോം ഗൊമാറോയിലെ അധാർമികജീവിതം ലോതിലും കുടുംബത്തിലും ഉറച്ചിരുന്നുവെന്നാണ് ഈ വ്യാഖ്യാനം കാണുന്നത്. അവിവാഹിതരായ തന്റെ പെണ്‍മക്കളെ ലൈംഗികാതിക്രമത്തിനു വിട്ടുകൊടുക്കുകയാണെന്നു ചിന്തിക്കാൻപോലും ലോതിനു കഴിയുന്നില്ലെന്ന് ആരോപിക്കപ്പെടുന്നു. അവന്റെ ഭാര്യ മനസ്സില്ലാമനസ്സോടെ മാത്രം സോദോം വിട്ടുപോകുകയും മാലാഖമാരുടെ കല്പനയെ ധിക്കരിച്ചു പിന്തിരിഞ്ഞുനോക്കി ഉപ്പുതൂണായി മാറുകയും ചെയ്തു. അവനോടൊപ്പം രക്ഷപ്പെട്ട പെണ്‍മക്കൾ പിതാവിനാൽ ഗര്‍ഭംധരിക്കാനുള്ള വികൃതമായ പദ്ധതി നടപ്പിലാക്കുന്നവരായി മാറുന്നു. ഇവര്‍ക്കെല്ലാം ഇത്രയും ദുഷിച്ച സംസ്‌കാരം ലഭിച്ചത് അവർ സൊദോമിന്റെ അധഃപതനത്തിൽ ഉള്‍പ്പെട്ടതുകൊണ്ടാകണമെന്നാണ് മതപണ്ഡിതന്മാർ നിരീക്ഷിക്കുന്നത്. ധാർമികത അവര്‍ക്കു പ്രശ്‌നമല്ലാതാകുകയും പ്രായോഗികമായും പ്രയോജനപരമായും മാത്രം ചിന്തിക്കാൻ അവർ പരിശീലിപ്പിക്കപ്പെടുകയും ചെയ്തു. സോദോമിന്റെ സംസ്‌കാരം ലോതിന്റെ കുടുംബത്തെ പൂര്‍ണമായും പ്രതികൂലമായി ബാധിച്ചു. ലോതിന് വ്യക്തമായും തെറ്റായ മുന്‍ഗണനകളുണ്ടായിരുന്നുവെന്നാണ് ഈ മതപണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങൾ ഉറപ്പിക്കുന്നത്. സവിശേഷ കാല,ദേശങ്ങളുടെ ധാർമിക, സദാചാരവിചാരങ്ങൾ വിഭിന്നങ്ങളായ പല വ്യാഖ്യാനങ്ങളെയും സൃഷ്ടിക്കുമെന്നു തീര്‍ച്ചയാണല്ലോ?
മതപണ്ഡിതന്മാരുടെ ദോഷദൃഷ്ടിയോടെയുള്ള വ്യാഖ്യാനങ്ങൾ യുക്തിഭംഗത്തിൽപ്പെടുന്ന സന്ദര്‍ഭങ്ങളുണ്ട്. ലോതിനെ സത്യവേദപുസ്തകംതന്നെ നീതിമാൻ എന്നു വിളിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കുമെന്ന പ്രശ്‌നം അവരെ അലട്ടുന്നുണ്ടല്ലോ? സ്വയംചിന്തിക്കുന്ന മനുഷ്യനായിരുന്നില്ല ലോതെന്ന് വിശദീകരണം നല്കുന്ന പുരോഹിതന്മാരുണ്ട്. അത് അവന്റെ സ്വന്തം നീതിയല്ലെന്ന് വ്യക്തമാണെന്ന് അവർ പറയും. ഒരു വ്യക്തിക്കും സ്വയംനീതിയില്ല എന്നതിന്റെ ഓർമപ്പെടുത്തലാണ് ലോത് എന്നു കൂട്ടിച്ചേര്‍ക്കും. ലോതിന്റെ നീതി അബ്രഹാമിന്റെ നീതിയാണെന്നു പറയും. അതു ദൈവവിശ്വാസത്തിന്റെയാണെന്നു പറയും. അബ്രഹാമിനെപ്പോലെ ലോതിന്റെ നീതിയും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പരിഗണിക്കപ്പെട്ടതെന്നു പറയുകയാണ്, ഇവർ. ധാർമികമൂല്യങ്ങളെ ഉപേക്ഷിച്ചതായി ഉറപ്പിക്കപ്പെട്ട ലോതിനെ അവന്റെ ദൈവവിശ്വാസംകൊണ്ടുമാത്രം നീതിമാനായി കാണുന്ന ദൈവം അതീവ സ്വാർഥനായിരിക്കണം. ലോതിനെ നീതിമാൻ എന്നു വിളിക്കുന്നത് ദൈവകൃപയുടെ അത്ഭുതകരമായ ഉദാഹരണമാണെന്നു പറയുന്നവരുമുണ്ട്. തങ്ങളിലേക്കു സ്വയം തിരിഞ്ഞുകൊണ്ട് എത്രയോതവണ തങ്ങളും പ്രലോഭനങ്ങളാൽ സ്വാധീനിക്കപ്പെടുന്നുവെന്ന് പറയുകയും ലോതിന്റെ ജീവിതത്തെ തങ്ങളുടെ ജീവിതത്തിനുള്ള ന്യായീകരണമെന്നോണം അവതരിപ്പിക്കുകയും ചെയ്യുന്നവരുമുണ്ട്. തങ്ങളും നിരപരാധികളല്ല. തങ്ങൾ ലോതിനെക്കാളും നീതിമാന്മാരല്ല. എന്നിട്ടും ദൈവം ക്ഷമിക്കുന്നു. ദൈവത്തിനു നന്ദി, അവൻ തങ്ങളോട് അതേ രീതിയിൽ പെരുമാറുന്നു. ലോതിനോട് ചെയ്തതുപോലെ ദൈവം തങ്ങളോടും കരുണ കാണിക്കുന്നു.
മതവ്യാഖ്യാനങ്ങള്‍ക്കപ്പുറം ലോതിന്റെ ആന്തരികസംഘര്‍ഷങ്ങള്‍ക്കാണ് പ്രാധാന്യമേറെ. സാറായുടെ നോവൽ അതിലാണ് ഫോക്കസ് ചെയ്യുന്നത്. തീര്‍ച്ചയായും ലോതിന്റെ മനസ്സിനുള്ളിൽ വലിയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. അവന്റെ പല പ്രവൃത്തികളും സ്വന്തം ആത്മാവിനെത്തന്നെ ദണ്ഡിപ്പിക്കുന്നുണ്ടായിരുന്നു. അവനിലെ മനഃസാക്ഷി നിലവിളിക്കുന്നുണ്ടായിരുന്നു. ലോതിന്റെ കഥയിലെ മതാത്മകതലത്തെ സാറാജോസഫ് ഊരിക്കളയുന്നുവെന്നു പറയണം. ധാർമികതലത്തെ സ്വീകരിക്കുന്നു. മതധാർമികത മാനവികധാർമികതയ്ക്കു വഴിമാറുന്നു. മതത്തിന്റെ സാന്മാർഗികപാഠങ്ങള്‍ക്കപ്പുറം സാധാരണമനുഷ്യന്റെ ജീവിതപാഠങ്ങളും ആന്തരികസംഘര്‍ഷങ്ങളുമാണ് ബൈബിളിൽ സാറാജോസഫിന് പ്രേരണയും പ്രചോദനവുമാകുന്നത്. അതിഭൗതികമാനങ്ങളിലേക്കു പോകാതെ, മനുഷ്യനിൽത്തന്നെ തുടരുന്ന പാഠങ്ങള്‍ക്കും വിചാരങ്ങള്‍ക്കും കൂടുതൽ പ്രാധാന്യമുണ്ടെന്ന് സാറാജോസഫിന് അറിയാമായിരുന്നു. അതുകൊണ്ടാണ് ലോതിന്റെ ആന്തരികസംഘര്‍ഷങ്ങളെയും അയാൾ അഭിമുഖീകരിക്കുന്ന പ്രശ്‌നലോകങ്ങളെയും ചിത്രണംചെയ്യുന്ന രചനയായി നോവൽ മാറിത്തീര്‍ന്നത്. ലോതിന്റെ പാപകർമങ്ങളായി മതപണ്ഡിതന്മാർ വ്യാഖ്യാനിക്കുന്ന എല്ലാ പ്രകരണങ്ങളെയും തന്റെ ആഖ്യാനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിക്കൊണ്ടാണ് സാറാജോസഫ് ഇതു നിർവഹിക്കുന്നത്. ഒന്നിനെയും വിട്ടുകളയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. ഓരോ സന്ദിഗ്ദ്ധസന്ദര്‍ഭത്തിലും കഥാകാരി തന്റെ കഥാപാത്രത്തിന്റെ ഉള്ളിൽക്കടന്നു പരിശോധിക്കുകയും പുറംലോകത്തിന്റെ വിചാരണകളെ അയാളുടെ ആന്തരികസംഘര്‍ഷങ്ങളോടൊത്തു ചേര്‍ത്തുനിറുത്തുകയും ചെയ്യുന്നു. എന്നിട്ട്, മനുഷ്യന്റെ നിസ്സഹായവും സന്ദിഗ്ദ്ധവുമായ ജീവിതസന്ദര്‍ഭങ്ങളെ വിവൃതമാക്കുന്ന വാക്കുകളെ എഴുതുന്നു. മനുഷ്യമനസ്സെന്ന അത്ഭുതത്തിൽ, മനുഷ്യജീവിതത്തിന്റെ നിസ്സഹായതകളെക്കുറിച്ചുള്ള വിചാരങ്ങളിൽ മുഴുകാൻ വായനക്കാരെ പ്രേരിപ്പിക്കുന്നു.
ഇതുകൊണ്ട് സാറാജോസഫിന്റെ ആഖ്യാനം ലോതിന്റെ പ്രവൃത്തികളെ ന്യായീകരിക്കുന്ന പാഠങ്ങളാണ് എഴുതുന്നതെന്ന് ധരിക്കേണ്ടതില്ല. ലോതിന്റെ മകൾ ലേയതന്നെ അയാളുടെ പ്രവൃത്തിയെ വിചാരണചെയ്യുന്നതാണ് നോവലിൽക്കാണാൻ കഴിയുക. സോദോമിലെ അക്രമിക്കൂട്ടത്തിലേക്ക് പെണ്‍മക്കളെ ഇറക്കിവിടാൻ അബ്ബ തയാറായത് എന്തുകൊണ്ടാണെന്ന ചോദ്യത്തെ ലേയ ഉയര്‍ത്തുന്നു. അവളെ സാന്ത്വനിപ്പിക്കാനായി സഹോദരിയായ മിഹാൽ പറയുന്ന ഒഴിവുകഴിവുകളും ന്യായീകരണങ്ങളും ലേയക്ക് പഥ്യമാകുന്നതുമില്ല. സോദോം മുഴുവൻ നശിച്ചപ്പോഴും ദൈവം രക്ഷപ്പെടുത്തിയ ലോത് നീതിമാനാണെന്ന മിഹാലിന്റെ വാക്കുകളെ അവൾ പുച്ഛിക്കുന്നു. ഈ ചോദ്യം ലോതിനോടും ലേയ ചോദിക്കുന്നുണ്ട്. അവളുടെ ചോദ്യത്തിൽ ലോത് നടുങ്ങുന്നു. ഉത്തരം നല്കാനാകാതെ അയാൾ ഉലയുന്നു. ഈ ചോദ്യം എന്നിലുണ്ടെന്ന് അബ്ബ ഓര്‍ക്കണമെന്ന് അവൾ പറയുന്നു. സോദോമിന്റെ നാശത്തിനുശേഷം രണ്ടു പെണ്‍മക്കളോടൊപ്പം മനുഷ്യരാരും കടന്നെത്താത്ത മലയിടുക്കിൽ താമസിക്കേണ്ടി വരുന്ന ലോതാണ് സാറാജോസഫിന്റെ കല്പനയിൽ വരുന്നത്. ദുരിതംപിടിച്ച യാത്രയ്ക്കൊടുവിലാണ് ഇവിടെ അവർ എത്തിച്ചേരുന്നത്. ഹാരാനിൽനിന്നു പഠിച്ച സ്വപ്നവ്യാഖ്യാനതന്ത്രംകൊണ്ട് ലോത് മിഹാലിന്റെ സ്വപ്നം വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതും അവൾ കണ്ട ബാര്‍ലിച്ചെടികളെ അന്വേഷിച്ചിറങ്ങുന്നതും കഥാകാരി ഭാവനയിൽ നിർമിക്കുന്നു. ഏതൊരു കൊടിയദുരിതത്തിലും സ്വപ്നംകാണാനുള്ള മനുഷ്യന്റെ ശേഷിയെ, സ്വര്‍ഗകുമാരികളായ സ്വപ്നദര്‍ശനങ്ങൾ പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ പ്രേരകമാകുന്നതിനെ വളരെ സവിശേഷമായി നോവൽ ആവിഷ്‌ക്കരിക്കുന്നു.
അഗമ്യഗമനത്തിന്റെ കാരണം ലോതിന്റെ പെണ്‍മക്കളിലാണ്. വംശം നിലനിറുത്താനുള്ള ഉത്തരവാദിത്വപൂര്‍ണമായ ചുമതലയായാണ് സാറാജോസഫിന്റെ പെണ്‍കഥാപാത്രങ്ങൾ അതിനെക്കാണുന്നത്. മതാത്മകവും മനഃശാസ്ത്രപരവുമായ വിശകലനങ്ങൾ മറ്റു കാരണങ്ങളിലേക്കായിരിക്കും ചൂണ്ടുകയെന്നു തീര്‍ച്ച. മദ്യവും അഗമ്യഗമനവും അടുത്ത ബന്ധമുള്ളതായി പറയപ്പെടുന്നുണ്ട്. പതിനൊന്നാം നൂറ്റാണ്ടിലെ ഫ്രഞ്ച് റബ്ബിയായ റാഷിയുടെ വാക്കുകൾ മെഡ്‌ലിക്കോട്ട് ഒരു പഠനത്തിൽ ഉദ്ധരിക്കുന്നുണ്ട്. ‘വീഞ്ഞുകൊണ്ട് സ്വയം കീഴടക്കാൻ അനുവദിക്കുന്ന ഏതൊരാളും സ്വന്തം മാംസം തിന്നുന്നു.”ദി ബില്‍ഡർ ലെക്‌സിക്കൺ” (1961) ലോതിന്റെ കന്യകമാരായ പെണ്‍മക്കൾ പുരുഷാലിംഗനത്തിനു കൊതിക്കുന്നവരാണെന്നു പറയുന്നതിനെയും മെഡ്‌ലിക്കോട്ട് ഉദ്ധരിക്കുന്നു. ബോധപൂര്‍വമായ അഗമ്യഗമനത്തിന്റെ ഏറ്റവും പഴയ ഉദാഹരണമായി മാത്രമല്ല, സ്ത്രീലിംഗാക്രമണത്തിന്റെ ഫലമായ അഗമ്യഗമനമായും ലെക്‌സിക്കോൺ ലോതിന്റെ കഥയെ കാണുന്നു. ലോതിന്റെ കുടുംബത്തിന്റെ ഘടനയിലുണ്ടായ തകര്‍ച്ച, പുരുഷാധിപത്യം നഷ്ടപ്പെട്ട പിതാവ്, മദ്യത്തിന്റെ ദുരുപയോഗം, ഒന്നിലധികം മക്കളുടെ പങ്കാളിത്തം തുടങ്ങിയ സാഹചര്യങ്ങളോടൊപ്പം ആ സ്ത്രീകളുടെ അബോധത്തിൽ ദമിതമായിരുന്ന ഇലക്ട്രാകോംപ്ലക്‌സിന്റെ ബഹിര്‍ഗമനമായും ഇതു വ്യാഖ്യാനിക്കപ്പെടാം. പഴയനിയമത്തിലെ തന്നെ മറ്റൊരു കഥ; താമർ തന്റെ ഭര്‍ത്തൃപിതാവായ യൂദായെ വശീകരിക്കുന്നതും ഗര്‍ഭം ധരിക്കുന്നതും ലോതിന്റെയും മക്കളുടെയും കഥയോട് സാമ്യമുള്ളതാണ് (ഉല്പത്തി, 38).
വ്യഭിചാരിയായ പിതാവെന്ന നിലയിൽ ലോതിന്റെ വേഷം പിതാവിന്റെയും പുരുഷാധികാരത്തിന്റെയും പദവി നഷ്ടപ്പെട്ട ഒരു വ്യക്തിയുടേതാണ്. അയാൾ അങ്ങനെയായി മാറിത്തീരുന്ന രൂപത്തിൽത്തന്നെയാണ് കഥാകാരി തന്റെ നായകനെ പരിചരിക്കുന്നത്. അയാൾ തന്റെ മക്കളുടെ മുന്നിൽ അധികാരമില്ലാത്തവനാകുന്നുണ്ട്. പക്ഷേ, എഴുത്തുകാരിയുടെ ഊന്നൽ അയാളുടെ ധർമവ്യഥകളിലാണ്. ഈ ദുരിതകാലം ലോതിന്റെ വീണ്ടുവിചാരങ്ങളുടെയും ധർമവ്യസനങ്ങളുടെയും കാലമാണ്. അയാളുടെയും അബ്രഹാമിന്റെയും ദൈവമായ യാഹ്‌വേ അധാർമികമെന്നു വിലക്കിയ പ്രവൃത്തികളിലേക്കു അറിഞ്ഞും അറിയാതെയും അയാൾ വീണ്ടും വീണ്ടും നിപതിക്കുകയായിരുന്നല്ലോ? തന്റെ ജീവിതം വ്യർഥമായിരുന്നുവെന്ന് അയാള്‍ക്കു തോന്നുന്നുണ്ട്. സമ്പത്തിന്റെ ആധിക്യംകൊണ്ട് അബ്രഹാമിൽനിന്നു പിരിഞ്ഞവൻ ഇപ്പോൾ ഉടുതുണിയോ ആഹാരമോ ഇല്ലാതെ വലയുന്നു. ധർമബോധ്യങ്ങളുടെ മഹാഗോപുരങ്ങളിൽനിന്നുകൊണ്ട് സോദോം ജനതയോട് പ്രഭാഷണം നടത്തിയവൻ ഇപ്പോൾ സ്വയംനിന്ദയുടെയും ധർമലോപങ്ങളുടെയും കുഴിയിൽ വീണിരിക്കുന്നു. വിശ്വാസത്തിന്റെയും പ്രവൃത്തികളുടെയും വൈരുധ്യങ്ങളിൽപ്പെട്ട് ലോത് കൊടിയ പാപബോധത്തിൽപ്പെട്ടു തളരുന്നു. ഭൗതികമായും ആത്മീയമായും തകര്‍ന്ന ഒരു മനുഷ്യനെയാണ് കഥാകാരി ഇപ്പോൾ പരിചരിക്കുന്നത്. എന്നിട്ടും യാഹ്‌വേയിലുള്ള തന്റെ ഉറച്ച വിശ്വാസത്തെ അയാൾ നിലനിറുത്തുന്നു.
മിഹാൽ തന്റെ അബ്ബയിലുണ്ടായ മോവാബിനെ പ്രസവിക്കുന്ന നിമിഷങ്ങളിലെ ലോതിനെ കഥാകാരി എഴുതുന്നതു വായിക്കുക: ”കുഞ്ഞിന്റെ നിലവിളിക്കായി അയാൾ കാതോര്‍ത്തു. ഒന്നും സംഭവിച്ചില്ല. കുറേനേരത്തേക്ക് മിഹാലിന്റെ കരച്ചിലോ ശബ്ദമോ കേട്ടില്ല. സൂര്യനസ്തമിക്കുകയും ഭൂമിയിലാകെ ഒരു മഞ്ഞവെളിച്ചം പരക്കുകയും ചെയ്തു. തന്റെ ഹൃദയം കഠിനമായിരിക്കുന്നതിൽ ലോതിനു വ്യസനം തോന്നി. അകത്തു ജീവനുവേണ്ടി പിടയുന്നത് അയാളുടെ മകളാണ്. അയാളിൽ അനുകമ്പ വറ്റിപ്പോയിരിക്കുന്നു. ശപിക്കപ്പെട്ട തലമുറകളുടെ പിറവിയാണിത്. ഇതിൽ അനുകമ്പപ്പെടാൻ ഒന്നുമില്ല….”ആബ്ബാ!” ഗുഹാകവാടത്തിൽവന്ന് ലേയ വിളിച്ചു. ”മിഹാലിനെക്കൊണ്ട് അതു സാധിക്കുമെന്നു തോന്നുന്നില്ല. അവളുടെ കൈകൾ തണുത്തിരിക്കുന്നു…കാലുകളും.” … മിഹാൽ വേദന സഹിക്കാനാവാതെ അലറി. ലോത് കുറച്ചുകൂടെ അയാളുടെ കൈ അകത്തേക്കു കടത്തി. കുട്ടിയുടെ തലയ്ക്കു പിന്നിൽ കഴുത്തിനോടു ചേര്‍ന്ന് അയാള്‍ക്കു പിടികിട്ടി….അവനെ മെല്ലെ പുറത്തേക്കു വലിച്ചെടുത്തു. അവൻ കരഞ്ഞതും തീക്കുണ്ഡം ആളിക്കത്തിയതും ഗുഹയ്ക്കകം പ്രകാശമാനമായതും ഒന്നിച്ചായിരുന്നു.” തനിക്കു സ്വന്തം മകളിലുണ്ടാകുന്ന കുഞ്ഞിന്റെ പ്രസവശുശ്രൂഷകനായിത്തീരുന്ന, ഏറിയ ദൈവവിശ്വാസിയായ ഒരു പിതാവിന്റെ ധർമവ്യഥകളെ പ്രസവരംഗത്തിന്റെ പശ്ചാത്തലത്തിൽ എഴുതുന്ന സാറാജോസഫ് ഒരു നോവലിസ്റ്റും അഭിമുഖീകരിച്ചിട്ടില്ലാത്ത സന്ദര്‍ഭത്തെയാകണം ആവിഷ്‌ക്കരിച്ചത്. ‘ആലാഹയുടെ പെണ്‍മക്കൾ’ എന്ന നോവലിൽ, ആനിയുടെ വീട്ടിലെ മുഴുവൻ മണ്ണെണ്ണയും കത്തി തീയും പുകയും തുപ്പുന്ന ചിമ്മിണിവിളക്കിന്റെ ചെമന്ന ചീത്തവെളിച്ചത്തിൽ, ഒളിഞ്ഞുനിന്ന് ആനി കാണുന്ന ഗര്‍ഭച്ഛിദ്രരംഗത്തിന്റെ ബീഭത്സതയും പർവതാകാരംപൂണ്ട ക്രൗര്യവും നമുക്കു വെളിപ്പെടുത്തിയ തൂലിക ആവിഷ്‌ക്കരണകലയുടെ അത്ഭുതവിദ്യ ഇതരരൂപത്തിൽ ഇവിടെ ആവര്‍ത്തിക്കുന്നു.
ഹാഗാറിനും അബ്രഹാമിനും വെവ്വേറെ കിട്ടുന്ന ദൈവത്തിന്റെ അരുൾ പാലിക്കപ്പെടുന്നപോലെ കാട്ടുകഴുതയായി അലയുന്ന ഇശ്മായീലിനെയും ഇതിന്നിടയിൽ സാറാജോസഫ് എഴുതുന്നുണ്ട്. അയാൾ മലകൾ കയറി എത്തുന്നതും ലോതിനെയും മക്കളെയും കാണുന്നതും ഏറെ നാടകീയമായ ഒരു സന്ദര്‍ഭത്തിന്റെ സൃഷ്ടിയാണെന്നു പെട്ടെന്നു പറയാൻ തോന്നിയേക്കും. എങ്കിലും, ഒറ്റപ്പെട്ടുപോയ അവരെ സന്ദര്‍ശിക്കുന്ന ആദ്യത്തെ മനുഷ്യനായി ഇശ്മായീലിനെ സങ്കല്പിക്കുന്നതിൽ സ്വാഭാവികതയുണ്ട്. ഒരുപക്ഷേ, ഇവിടെ സൃഷ്ടിക്കാൻ കഴിയുന്ന സ്വാഭാവികമായ ഒരു സന്ദര്‍ശനപ്രകരണം അതുമാത്രമാണുതാനും. അയാൾ ആതിഥേയരോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോൾ കുട്ടികളുടെ കരച്ചിൽ കേള്‍ക്കുന്നു. കുഞ്ഞുങ്ങൾ മിഹാലിനും ലേയയ്ക്കും ലോതിൽ പിറന്ന മക്കളാണെന്നറിഞ്ഞ് ക്രോധത്തോടെ ഭക്ഷണം ഉപേക്ഷിച്ച് അവിടം വിട്ടുപോകുന്നു. യാഹ്‌വേയുടെ കല്പന ലംഘിച്ചവരെ ശപിച്ചുകൊണ്ടാണ് അയാൾ ഗുഹയ്ക്കു പുറത്തേക്കോടിപ്പോകുന്നത്. ലോതിന്റെ ആന്തരികസംഘര്‍ഷങ്ങളെ ഇശ്മായീലിന്റെ സന്ദര്‍ശനം മൂര്‍ച്ഛിപ്പിക്കുന്നുണ്ട്. ഇശ്മായീലിൽനിന്നു വഴിയരികിൽ ഉപ്പുതൂണായി നില്ക്കുന്ന ഈഡിതിനെ കുറിച്ചറിയുന്നത് അയാളുടെ മനോസംഘര്‍ഷങ്ങളെ വർധമാനമാക്കുന്നു. ഇശ്മായീലിനെ വീണ്ടും കണ്ടുമുട്ടണമെന്നും അയാളോടുതന്നെ കേള്‍ക്കാൻ ദയ കാണിക്കണമെന്ന് അപേക്ഷിക്കണമെന്നും അയാള്‍ക്കു തോന്നുന്നുണ്ട്. ”ഞാനിതാ അപമാനം കൊണ്ടും ലജ്ജ കൊണ്ടും പിടയുന്നു. വേദന എന്നെ കൊത്തിനുറുക്കുന്നു. പങ്കുവയ്ക്കാനാകാത്ത ദുഃഖത്തിന്റെ ചൂളയിൽ ഞാൻ കത്തിക്കൊണ്ടിരിക്കുന്നു. ഞാനായിരുന്ന അതല്ല ഇപ്പോൾ ഞാനായിരിക്കുന്നത്. വെറുക്കപ്പെട്ടവൻ. പതിതൻ.” ലോതിന്റെ ഭാവി എത്ര നിന്ദ്യമായത് എന്നയാൾ സ്വയം കേഴുന്നു.
സാറാജോസഫിന്റെ ആഖ്യാനത്തിന്റെ അവസാനഭാഗങ്ങളിൽ ബൈബിൾ പഴയനിയമത്തിൽ വായിക്കാൻ കഴിയാത്ത ലോതിന്റെ നിന്ദ്യമായ അനുഭവങ്ങളുടെ വിവരണങ്ങളുണ്ട്. അപകടത്തിൽപ്പെട്ട് വഴിയിൽക്കിടക്കുന്ന ഏമിയന്റെ മരണപ്പെട്ട കുതിരയുടെ തീറ്റച്ചാക്ക് കുത്തിത്തുറന്ന് ഗോതമ്പുമണികൾ ആര്‍ത്തിയോടെ വാരി വായിലേക്കു നിരയ്ക്കുന്ന മിഹാലിനെ അയാൾ കാണുന്നു. സമ്പന്നമായ സോദോം നഗരത്തിലെ രാജപാതകളിൽ ഏറ്റവും മുന്തിയ വസ്ത്രങ്ങൾ തേടി നടന്നിരുന്ന ആദോയുടെ പെണ്‍മക്കൾ ഉടുതുണിയില്ലാതെ ഒരു റെഫായീമിന്റെ മുന്നിൽ നിര്‍ലജ്ജം വില പേശുന്നതും പ്രാകൃതരായ മനുഷ്യരുടെ മുന്നിൽ വസ്ത്രവ്യസനികളായി നില്ക്കുന്നതും കാണുന്നു. കാമോഷ് ദേവന്റെ വിശ്വാസികളുടെ ഭവനത്തിൽ തന്റെ മക്കൾ ദാസിമാരായി പണിയെടുക്കുന്നതു കാണുന്നു. അബ്രഹാമിന്റെ ദൈവമായ യാഹ്‌വേയുടെ വിശ്വാസിയായ തന്റെ മകൾ ഒലീവിലക്കിരീടം ചൂടി കാമോഷ് ദേവന്റെ മുന്നിൽ നഗ്നനൃത്തം ചെയ്യുന്നതും അയാൾ കാണുന്നു. സോദോമിൽച്ചെന്ന് ഈഡിത് ഉപ്പുതൂണായി നില്ക്കുന്നതുകണ്ട് കണ്ണീർവാര്‍ക്കുന്നു. ലോതിനു കാമോഷ് വിശ്വാസികളുടെ ആട്ടിടയനാകേണ്ടി വരുന്നതും കഥാകാരി എഴുതുന്നുണ്ട്. അയാളുടെ ഉന്നതമായ ഭിഷഗ്വരവൃത്തിയോ യാഹ്‌വേയിലുള്ള അചഞ്ചലമായ വിശ്വാസമോ ജീവിതസാഹചര്യങ്ങളുടെ ഈ വിധിയിൽ നിന്നും അയാളെ രക്ഷിക്കുന്നില്ല. കഷ്ടജീവിതത്തിന്നിടയിലും അയാളുടെ മനസ്സ് തന്റെ പ്രവൃത്തികളിലെ ധര്‍മാധർമങ്ങളെക്കുറിച്ച് സൂക്ഷ്മവിചാരത്തിൽ മുഴുകുന്ന പല മുഹൂര്‍ത്തങ്ങളുംകൂടി എഴുത്തുകാരി ഇതിനോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നു. കാമോഷ് പുരോഹിതനെ കൈയുയര്‍ത്തുകയും പൊടുന്നനെ പിന്‍വലിക്കുകയും ചെയ്ത തന്റെ പ്രവൃത്തി അയാളെ ലജ്ജിപ്പിക്കുന്നുണ്ട്. കഥാകാരി അയാളുടെ വിചാരങ്ങളെ ഇങ്ങനെ എഴുതുന്നു: ”കൈ പിന്‍വലിച്ചത് എന്തിനാണ് ഞാൻ? മനുഷ്യർ മനുഷ്യരെ തടയുന്നതിൽനിന്നു തടയുന്നതു ദൈവങ്ങളോ? ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാവരുതെന്ന യാഹ്‌വേയുടെ കല്പന അയാള്‍ക്ക് വീര്‍പ്പുമുട്ടലുണ്ടാക്കി.”
ലോത് പില്ക്കാലത്തും നിരന്തരം മറ്റുള്ളവരാൽ നിന്ദിക്കപ്പെടുന്നതിന്റെ കഥകൾ ഞാൻ മുന്നേ പറഞ്ഞുവല്ലോ? ചില ദൈവശാസ്ത്രജ്ഞന്മാരുടെ പണ്ഡിതോചിതമായ വ്യാഖ്യാനങ്ങൾമുതൽ എന്റെ കൗമാരകാല സുഹൃത്തുക്കളുടെ ഒളിവിലെ വര്‍ത്തമാനങ്ങൾവരെ എത്രയോ വ്യവഹാരങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ലോതിനെ നിന്ദിക്കുന്നുണ്ട്. ഇപ്പോഴും പല രീതികളിൽ അതു തുടരുന്നുണ്ട്. കര്‍ത്താവിന്റെ ശബ്ദം അവനെ നീതിമാനെന്നു വിളിക്കുന്നതായി എഴുതുന്ന കഥാകാരി പത്രോസിനെപ്പോലെയോ അതിലുപരിയായോ ലോതിനോട് കരുണ കാണിക്കുന്ന ആഖ്യാനം ചമയ്ക്കുന്നു. കര്‍ത്താവു നല്കുന്ന സവിശേഷക്കാഴ്ചയിൽ തന്റെ മക്കൾ മോവാബ് ദേശത്തിനും അമ്മോൻ ദേശത്തിനും അവകാശികളായിത്തീരുന്ന ഭാവിയെക്കാണുന്ന ലോതിനെ സാറാജോസഫ് എഴുതുന്നുണ്ട്. മോവാബിയ യുവതിയായ റൂത്തിനെ, റൂത്തിന്റെ പൗത്രൻ യിശ്ശായെ, യിശ്ശായുടെ മകൻ ദാവീദിനെ അയാൾ ഭാവിയിൽക്കാണുന്നു. യാഹ്‌വേയുടെ പേരിൽ ദാവീദിനെ രാജാവായി വാഴിക്കുന്നതു കാണുന്നു. ദാവീദിന്റെ തലമുറകളോരോന്നും കടന്നുപോകുന്നതും ആ തലമുറകളിൽ ഏറ്റവും ശ്രേഷ്ഠനായവൻ യേശുനാഥൻ വരുന്നതും കാണുന്നു. തന്നെ ശ്രവിക്കാൻ കാത്തിരിക്കുന്നവര്‍ക്കു വേണ്ടി അവൻ മല മുകളിലേക്കു പോകുന്നതു കാണുന്നു. പ്രകാശരശ്മികള്‍ക്കു തുല്യം അവന്റെ ശബ്ദം ഉയരുന്നത് ”സ്‌നേഹിക്കുവിൻ” എന്നു കേള്‍ക്കുന്നു. കണ്ണിനു പകരം കണ്ണ് എന്ന ന്യായശാസ്ത്രം സ്‌നേഹത്തിന്റെ പുതിയ നീതിശാസ്ത്രത്തിനു വഴി മാറുന്നതായി നാം അനുഭവിക്കുന്നു. സ്‌നേഹത്തിനുവേണ്ടി ഉയരുന്ന യേശുനാഥന്റെ ശബ്ദത്തിൽ സാറയുടെ നായകന്റെ വ്യഥകൾ ശമിക്കുന്നുവെന്ന് നമുക്കു തോന്നുന്നു.
നോവൽ അവസാനിക്കുന്നത് ”ആദോ, എന്നെ വിളിക്കരുത്. എനിക്കുറങ്ങണം.” എന്ന വാക്കുകൾകൊണ്ടാണ്. ലോതിന്റെ വാക്കുകളാണ്. അയാൾ ഈഡിത്തിനെ വിളിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു ശേഷവും അയാളുടെ മനസ്സിൽനിന്നു ഈഡിത്ത് ഒഴിഞ്ഞു പോയിട്ടില്ല. അവര്‍ക്കിടയിലെ അഗാധസ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ശബ്ദമായി ലോതിന്റെ വാക്കുകളെ ശ്രവിക്കാം. സ്ത്രീവാദചിന്തകൾകൊണ്ട് മലയാളത്തിലെ കഥാസാഹിത്യത്തെ നവീകരിച്ച എഴുത്തുകാരി ഇവിടെ നമ്മോട് സവിശേഷമായി എന്താണ് പറയുന്നത്? ഫെമിനിസത്തിന്റെ പുരുഷാധിപത്യത്തോടുള്ള ശത്രുത പുരുഷനോടുള്ള ശത്രുതയല്ലെന്ന് ഇതരവാക്കുകളിൽ കഥാകാരി പറയുന്നതു നാം കേള്‍ക്കുന്നു.
അവലംബം:
- കറ (നോവൽ) – സാറാജോസഫ്, കറന്റ് ബുക്‌സ്, തൃശൂർ, ആഗസ്റ്റ് 2023
- തമസ്‌ക്കരിക്കപ്പെട്ട സ്ത്രീജീവിതങ്ങളുടെ കറ – വി.വിജയകുമാർ, സമകാലികമലയാളം വാരിക, 06, നവംബർ 2023
- സാറയുടെ ബൈബിൾ: അബ്രഹാം സ്മരണയിലൂടെ – വി.വിജയകുമാർ, ദേശാഭിമാനി വാരിക, 16, ജനുവരി 2024
- ആനന്ദിന്റെ കഥകൾ, കറന്റ് ബുക്‌സ്, തൃശൂർ, ഫെബ്രുവരി 2014
- ബൈബിൾ: പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ, കൊച്ചി, 1981
- Lot and His Daughters : Parent – Child Incest in the Bible and Mythology : R W Medlicott, Arrst. New Zealand . J . Psychiatry (1967) 1: 1 134
- 7. Abraham’s Nephew Lot: A Biblical Portrait – Raymond Harari, Tradition: A Journal of Orthodox Jewish Thought, Vol. 25, No. 1 (Fall 1989)
************************************************************************************************
വി.വിജയകുമാർ,
ബെറില്‍പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ്‌സ്, ഫ്‌ളാറ്റ് നമ്പർ – ഡി3,
വാരിയം റോഡ്, അരണാട്ടുകര, തൃശൂർ, 680618.
ഫോണ്‍: 9446152782
E-mail id: vijayakumar.niranjana@gmail.com