റെഡ് ഇന്ത്യൻ പണ്ടാരങ്ങളുടെ മായൻ മുടിയേറ്റ് – ഉദയശങ്കര്
ഇറ്റ്ഫോക്ക് 2024
ആഗോളവ്യാധികളുടെ ഉടൽവാക്കുകളാണ് 2024 ഇറ്റ്ഫോക്കിന്റെ രംഗപ്രതിരോധം. പലായനങ്ങൾ, വംശീയ ഉന്മൂലനങ്ങൾ, ആവാസഭൂമികയുടെ ചൂഷണങ്ങൾ, അഭയാർഥി പ്രവാഹങ്ങൾ, കോൺസൻട്രേഷൻ ക്യാമ്പുകൾ, പൗരത്വ വിദ്വേഷങ്ങൾ, രാജ്യഭ്രഷ്ടരുടെ അനാഥത്വങ്ങൾ, യുദ്ധക്കെടുതികൾ ഇവയെല്ലാം രംഗാവിഷ്കാരത്തിന് അരങ്ങ് ഉയിർക്കുന്നു. മായൻഗോത്രത്തെ നിർദയം ഇല്ലാതാക്കിയ കറുത്തചരിത്രത്തെ വ്യാഖാനിക്കുകയാണ് നാടകകൃത്ത് ഫ്യൂഗോ റോജോ. ആമസോൺ മഴക്കാടുകളിലെ റെഡ് ഇന്ത്യന്റെ രോദനം ഉടലിന്റെ ലിപികളിൽ ഈ നാടകം അന്വർഥമാക്കുന്നു. നാടകം സംവിധാനം ചെയ്തിരിക്കുന്നത് മാർട്ടിൻ ഇറാസൊ.
‘Our lives begin to end the day we become silent about things that matter.’ – Martin Luther
ശവപ്പെട്ടി ഒരു വാതായനമാണ്. നിഗൂഢതയിലേയ്ക്ക് തുറക്കുന്ന ഒരു വാൾവ്. പ്രാണന്റെ തുടിയിലേയ്ക്ക് പരേതാത്മാക്കൾ വിലയിക്കുന്നു. ശവപ്പെട്ടിയുടെ അരമ തുറക്കുന്നത് മായന്മാരുടെ അകഉടലിൽ പിതൃക്കൾ കൂടെ ഏറാനാണ്. ശവങ്ങൾ റെഡ് ഇന്ത്യന് ഒരഴുകിയ മാംസമല്ല. പ്രപിതാക്കന്മാരുടെ അസ്ഥിപഞ്ജരങ്ങളുടെ ഓരോ കുടിയിരിപ്പിനോടും ചേർന്ന് അറകൾ ഉണ്ട്. അക്കമിട്ട് വർഷമെഴുതി പേര് വച്ച് അടക്കിവച്ചിട്ടുള്ള എല്ല്കൂടം. അസ്ഥിപഞ്ജരങ്ങൾക്ക് പഞ്ചേന്ദ്രിയങ്ങളുണ്ട്. നിങ്ങൾ ആധുനികർക്ക് ഞങ്ങൾ പ്രാകൃതരാണ്. പക്ഷേ, ആനകളെ, പുലികളെ, മുതലകളെ, നാഗങ്ങളെ, കാട്ടുപോത്തുകളെ, ആമസോൺ കാടിനെ, ഈ പ്രകൃതിയെ എന്തിന് വസൂരിച്ചെള്ളിനെപ്പോലും മെരുക്കിയ ആദിമഗോത്രം ഞങ്ങളാണ്. നഗ്നരെന്നും നായാടികളെന്നും കാടരെന്നും പറഞ്ഞ് അവഹേളിക്കുന്ന മായന്മാർ അചേതനകൾക്കുപോലും ശ്വാസമുണ്ടെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ പറമേളത്തിലൂടെയാണ് പ്രണയം സ്വപ്നംകാണുന്നത്. അനന്തമായ വേർപാടുകളിലേക്ക് ഞങ്ങൾ മായരെ സ്പെയിൻകാർ ഭ്രഷ്ടരാക്കി. ആഫ്രിക്കയിൽനിന്നാണ് ആദിമനുഷ്യന്റെ പിറവി. ഞങ്ങൾ അലയുകയായിരുന്നു. ഓരോ വൻകരകളിലും ദ്വീപുകളിലും ഞങ്ങൾ നടന്ന് നടന്ന് എത്തി. ഈ ഇഹത്തെ മനുഷ്യകുലമാക്കിയത് ഞങ്ങൾ പ്രാകൃതരാണ്. നിങ്ങളോ കഴുകരൂപികളായ രാക്ഷസർ. ”പിള്ളതീനികൾ, ചാരനിറക്കഠാര വാലൻ, തന്തേം തള്ളേം തീനികൾ, കടൽ താണ്ടിപ്പറക്കുന്ന ചോരകുടിയൻ, സർവംതീനികൾ.
വീണ്ടും വീണ്ടും ഡോളറുകൾ എണ്ണിക്കൂട്ടുന്നു. പലിശയക്ക് കടം കൊടുക്കുന്നു.
നിങ്ങൾക്ക് മിസിസിപ്പിയിലെ കറുത്ത ഗോത്രം വെറും മഴക്കാടുകളിലെ ജന്തുക്കൾ. ആമസോണും റെഡ് ഇന്ത്യക്കാരും ഏതോ ഭീമാകാരമായ യന്ത്രത്തിൽ കുടുങ്ങിപ്പോകുന്നു. ആമസോണും മിസിസിപ്പിയും കാപ്പിരികളുടെ ബലി രക്തത്തിൽ മുങ്ങിപ്പോകുന്നു.
നദികൾ നിങ്ങൾ അണ കെട്ടിനിറുത്തുന്നു. ഞങ്ങൾക്ക് നദികൾ പിതൃക്കളുടെ സിരാവ്യൂഹമാണ്. ഭൂതവും ഭാവിയും ജലജ്യോതിഷത്തിൽ വ്യക്തമാക്കുന്നു. ആമസോണിലും മിസിസിപ്പിയിലും അപായങ്ങൾ വന്നുപെടുമെന്നും വംശനാശത്തിന് ഇടവരുമെന്നും ജലഎഴുത്തുകൾ നിമിത്തങ്ങൾ തന്നിരുന്നു. ചത്തുമലച്ച മത്സ്യകന്യകകൾ അതിനുദാഹരണമാണ്. പല വർണത്തിലുള്ള തവളകൾ, മുതലകൾ, ഉരഗങ്ങൾ. പക്ഷികൾ ചത്തുകെട്ടു. നിങ്ങൾ വിഷംവച്ചിരുന്നു. സർവജീവജാലങ്ങളും ഞങ്ങളുടെ രക്തബന്ധുക്കളാണ്. പുഴ സംസാരിക്കും. വന്യജീവികൾ സംസാരിക്കും. മഴ സംസാരിക്കും. മഞ്ഞുതുള്ളികൾ സംസാരിക്കും. കാറ്റ് സംസാരിക്കും. സസ്യങ്ങൾ സംസാരിക്കും. തൊട്ടാൽ വാടുന്നു. സ്പർശമാത്രയിൽ വിടരുന്നു. അടുത്തു വന്നാൽ തഴുകുന്നു. അപ്രകാരമുള്ള ആരണ്യങ്ങളെ, ചെടികളെ കണ്ടിട്ടുണ്ടോ? സൂക്ഷ്മജീവികളുടെ ഭാഷ ഞങ്ങൾക്കറിയാം. നാഗം വിളിച്ചാൽ അടുത്തുവരും. കല്ലുകൾ സംസാരിക്കും. പർവതങ്ങൾ, കാടുകൾ, മരുക്കാടുകൾ എല്ലാവരും സംസാരിക്കുന്നുണ്ട്. നിങ്ങൾക്ക് ഞങ്ങൾ പ്രാകൃതരായവർ, അറിവില്ലാത്തവർ, കാട്ടാളന്മാർ, നായാടികൾ. മനുഷ്യനോളം പിടയ്ക്കുന്ന ഒരു മീനും കടലിലില്ല. ഉടലിൽ ഉടൽ മാത്രമല്ല. ഒരു ശവം ഉടലായിട്ടുണ്ട്. ചർമത്തിനുള്ളിൽ ഉറക്കത്തിലാണ്ട ശവ പുഴുക്കളുണ്ട്. ശവ ഉറുമ്പുകളുണ്ട്. അഴുകിപ്പിക്കുന്ന സൂക്ഷ്മജീവികളുണ്ട്. മരണമുഹൂർത്തത്തിൽ അവ നിലയ്ക്കുന്ന ശ്വാസത്തിന്റെ അവസാനത്തെ എണ്ണം പറഞ്ഞു തരും. നിങ്ങളുടെ ശാസ്ത്രത്തിന് അത് കണ്ടെത്താനായിട്ടില്ല. ഞങ്ങൾ പ്രാകൃതരായ മലപണ്ടാരങ്ങൾക്ക് അതറിയും. പൊഴിയുന്ന ഓരോ ഇതളും ഓരോ ഇലയും പ്രാണനാണ്. പരേതാത്മാക്കളുടെ ശ്വാസമാണ്. നിങ്ങൾ ഖനികൾ മോഷ്ടിച്ചു. കാടുകളെ മോഷ്ടിച്ചു. പുഴകളെ മോഷ്ടിച്ചു. മഴയും ആകാശവും മോഷ്ടിച്ചു. ഞങ്ങളുടെ മണ്ണ് നിങ്ങൾ കൈവശപ്പെടുത്തി. കാട്ടിൽനിന്ന് ഭ്രഷ്ടരാക്കി. ജീവനുള്ള പച്ചത്തുരുത്തുകൾ, ചാരനിറത്തിലുള്ള കുറ്റിക്കാടുകൾ, മലദൈവങ്ങൾ പാർക്കുന്ന ആമസോൺകാടുകൾ എല്ലാം നിങ്ങൾ കീഴ്പ്പെടുത്തിയിരിക്കുന്നു. ഞങ്ങൾ ചുവന്ന മനുഷ്യർ, കറുത്ത മനുഷ്യർ, മഞ്ഞമനുഷ്യർ. നിർദയം വേട്ടയാടപ്പെടുന്നവർ. കാലിലും കൈയിലും ചങ്ങലയിട്ട് അടിമകളാക്കിയിരിക്കുന്നു. ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾ ക്രൂരമായി മാനഭംഗപ്പെടുത്തി. കൂട്ടത്തോടെ അറുത്തുകളഞ്ഞു. ചുട്ടുകൊന്നു. ആമസോണിലെ ആരണ്യവും മണ്ണും നിങ്ങൾ അധീനപ്പെടുത്തി. സ്പാനിഷ് സംസാരിക്കാനറിയാത്ത ഞങ്ങൾ പ്രകൃതിയുടെ ലിപികളാണ് ഉപയോഗിക്കുന്നത്. വേദം തുറന്നുവച്ച് കണ്ണടച്ച് പ്രാർഥിക്കൂവെന്ന് നിങ്ങൾ ആക്രോശിക്കുമ്പോൾ ജീവനോടെ ഞങ്ങൾ ദൈവത്തെ തൊടുന്നുണ്ട്. ആത്മഭാഷണം നടത്തുന്നുണ്ട്. ഉപദേശങ്ങൾ സ്വീകരിക്കുന്നുണ്ട്. ഞങ്ങൾ മായന്മാർ, കാടന്മാർ, റെഡ് ഇന്ത്യക്കാർ, അപരിഷ്കൃതർ ഭ്രാന്ത് പറയുകയാണെന്ന് പറയും. ഓരോ ധൂമകേതുക്കളും കൊല്ലപ്പെട്ട മായന്റെ ആത്മാവാണ്. ഓരോ മഴത്തുള്ളിയും വിരഹാർഥിയായ പ്രേതാത്മാവിന്റെ കണ്ണുനീരാണ്. ഇടിമിന്നലുള്ള കണ്ണുകൾ. നീണ്ടുകറുത്ത വാലുമായി ഒരു കാറ്റ് പെരുമ്പാമ്പുപോലെ നിങ്ങളെ വരിയും. കറുത്ത ബെൽറ്റുകളിട്ട മഞ്ഞ പട്ടാളയൂണിഫോമിട്ട കടുവ. അവൻ ക്രൂദ്ധനായി ചങ്കുതുറന്ന് ലോഹം കത്തിക്കുന്നു. ചുട്ടുപഴുക്കുന്നു. ഓരോ മായനിലും ഓരോ കടുവയുണ്ട്. അവന്റെ കറുത്ത പെണ്ണുങ്ങളുടെ മുടിയിഴകളിൽ അണലികൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ഞങ്ങളുടെ കുലത്തെ നിങ്ങൾ വൃഷണങ്ങൾ മുറിച്ചെടുത്ത് വരിയുടച്ചു. ജമൈക്കയിലെ വൻ പനകൾ മന്ത്രോച്ചാരണങ്ങൾ ഉരുവിട്ടു.
കനലിൽനിന്ന് ഉയിരുകൊണ്ട പക്ഷികൾ നെഞ്ചിൻകൂട്ടിൽ ഒളിപാർക്കുന്നുണ്ട്. ഞങ്ങളുടെ ഋതുക്കളെ, ഞങ്ങളുടെ ജീവജാലങ്ങളെ, ഞങ്ങളുടെ കുടിവെള്ളത്തെ, ഞങ്ങളുടെ സംസ്കാരത്തെ, ഞങ്ങളുടെ പ്രാക്തനാ അനുഷ്ഠാനങ്ങളെ, ഞങ്ങളുടെ ആവാസങ്ങളെ, നിങ്ങളുടെ പീനൽകോഡുകളാൽ പിടിച്ചെടുത്തു. മായന്മാർക്ക് കാടില്ല. റെഡ് ഇന്ത്യക്കാർക്ക് വാസസ്ഥലമില്ല. ഞങ്ങൾ കാടന്മാർക്ക് സ്വപ്നങ്ങളില്ല. നീഗ്രോകളുടെ കണ്ണുനീരാണ് കടലിനെ വറ്റാതെ നിർത്തുന്നത്. കറുത്ത കീടങ്ങൾ നായാടികൾ ഒരു രാഷ്ട്രീയ പ്രതിസന്ധി. പതിവു തീറ്റിയായ പൊരിച്ച നീഗ്രോ അരക്കില്ലങ്ങളിൽ അത്താഴത്തിന് എത്തിയിട്ടുണ്ട്. മൃദുവായ മാംസം മുലകളാണ്. ചില്ലി ഡ്രാഗൻ കിളുന്തുകുഞ്ഞുങ്ങളുടെയും വയസ്സറിയിച്ച പെൺകൊടികളുടെയും ചുണ്ടുകളാണ്. ഇവറ്റയെ തീറ്റിപ്പോറ്റുന്നതിനെക്കാൾ, സ്വയംഭരണ ആവശ്യങ്ങൾ നല്കുന്നതിനേക്കാൾ മായന്മാരെ കൊന്ന് തിന്നുന്നതാണ് നല്ലതെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ജീവനോടെ ട്രഞ്ചുകളിൽ കുഴിച്ച് മൂടുന്നു. വെടിയുണ്ടകൾ നഷ്ടപ്പെടില്ലല്ലോ. കാട് ഞങ്ങളുടെ സ്വപ്നമല്ല. ആകാശവും ഋതുക്കളും നദിയും സൂക്ഷ്മജീവികളും എല്ലാ ജീവജാലങ്ങളും ഞങ്ങളുടെ മനോരഥങ്ങളല്ല. ജീവിതവൃത്തത്തിൽ ഇഴചേർന്ന ഉണ്മയാണ്. പ്രാണവായുവാണ്. ഞങ്ങൾക്ക് പൗർണമി സ്മൃതികളുടെ ഓപ്പറേയാണ്. നിങ്ങൾക്ക് നിലാവ് മാത്രം. ഞങ്ങളുടെ ഓപ്പറേകൾ മേഘങ്ങളുടെ പ്രാചീന ഉടലാട്ടത്തിൽനിന്നാണ് രൂപപ്പെട്ടത്. ഓരോ വാക്കും ഓരോ ആചാരവും പ്രകൃതിയുടെ ബിംബങ്ങളിൽനിന്നാണ്. ഞങ്ങൾ മായന്മാർ ആമസോണിലെ മൃഗശാലയിലെ അംശങ്ങളാണെന്ന് നിങ്ങൾ ആക്ഷേപഹാസ്യമാക്കി പറയും. ഏതാണ്ട് മുഴുവനും മനുഷ്യനായ ഗോറില്ലയാണ് മായന്മാർ എന്ന് നിങ്ങൾ പരിഹസിച്ചു പറയും. ഞങ്ങളുടെ കറുപ്പിലും ആദിമന്റെ രൂപത്തിലും നെഗ്രിയുടെ സ്വത്വത്തിലും അഭിമാനംകൊള്ളുന്നു. നിങ്ങളുടെ മുന്നിലുള്ള മായൻ, വാലില്ലാത്ത വാനരൻ ഏതാണ്ട് മുഴുവനും ഗോറില്ലയാണ്. ശരിയായ ഉള്ളംകാലുകളില്ല. ചപ്പിയ മൂക്കാണ്. പിളർന്നുമലച്ച ചുണ്ടുകൾ. ശരിയായ ഉള്ളംകൈകളില്ല. രോമാവൃതമായ ഉടൽ. ഹോ.. മായന്മാർ തികച്ചും വാനരവംശം. നിങ്ങൾ ഞങ്ങളെ അപമാനിക്കുന്നു. പാർശ്വവത്കരിക്കുന്നു. മൃതി ഞങ്ങൾക്ക് ജാഗ്രതയാണ്. ആദിമർ മലമുടിയുടെ ഉത്തമാംഗത്തിൽ കയറുന്നു. അവരുടെ ഹൃദയമൊരു ആവാസ കാടുകാണുന്നു. പക്ഷിപാതാളത്തിൽനിന്ന് കിളികൾ ഒന്നൊന്നായി പറന്നുപന്തലിക്കും. പാടും. പരാഗമാലാഖമാരായ ചിത്രശലഭങ്ങൾ മേലാപ്പിൽ ദുപ്പട്ട വിരിക്കും. ആമ്പലിൽ തുടുത്ത കാമുകിയും ആലിപ്പഴത്തിൽ വെള്ളിമീനും മായരെ ചേർത്തുപിടിക്കും. അപ്പോൾ ബൊളീവിയയിൽ കൊല്ലപ്പെട്ട മൂപ്പൻ ഒരശരീരി വെള്ളിടിവാളിൽ റെഡ് ഇന്ത്യക്കാർക്ക് കുറിച്ച് കൊടുക്കും:
”ഇക്കുന്നിൻ നിര നമ്മളിറങ്ങിച്ചെല്ലും.
ഒരു കൈത്തോക്കിൻ കടലാകും പടനിലമാകെ.”