സംസ്കാരത്തെ പുതുക്കിപ്പണിയുന്നവർ – സുനിൽ പി. ഇളയിടം

സംസ്കാരത്തെ പുതുക്കിപ്പണിയുന്നവർ  – സുനിൽ പി. ഇളയിടം

ഇന്നു ഭരണകൂടത്തിന്റെ മുൻകൈയിൽ നടക്കുന്ന സാംസ്കാരികമായ പുനരുജ്ജീവന ശ്രമങ്ങൾ വാസ്തവത്തിൽ സംസ്കാരത്തിന്റെ ഊർജസ്വലതയിലേക്ക് നയിക്കും എന്നു കരുതാവുന്നതല്ല. കാരണം, അടിസ്ഥാനപരമായി മനുഷ്യസംസ്കൃതിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതം അത് വൈവിധ്യപൂർണവും ബഹുസ്വരവുമാണ് എന്നതാണ്. അതിന്റെ ഏറ്റവും സൂക്ഷ്മരൂപം മുതൽ സ്ഥൂലരൂപം വരെ ഈ വൈവിധ്യവും ബഹുസ്വരതയും അതുണ്ടാക്കുന്ന സങ്കീർണതകളും ഉണ്ട്. ആ വൈവിധ്യത്തെ വൈരുധ്യങ്ങളിലേക്ക് ശത്രുതാപരമായ സംഘർഷങ്ങളിലേക്കൊ വികസിക്കാനോ പടരാനോ അനുവദിക്കാതെ എന്നാൽ വൈവിധ്യങ്ങൾക്കെല്ലാം നിലനില്പു  നല്കുന്ന  അവയുടെയൊക്കെ സഹവർത്തിത്വം ഉറപ്പാക്കുന്ന ഒരു സമൂഹമാണ് വാസ്തവത്തിൽ സാംസ്കാരികമായി നവീകരിക്കപ്പെട്ട സമൂഹം. ഇപ്പോഴത്തെ സ്ഥിതി അതല്ല. നമ്മുടെ സമൂഹരൂപീകരണത്തിന്റെ ഏറ്റവും പ്രാഥമിക ദശമുതൽ ഉണ്ടായിരുന്ന കൈമാറ്റങ്ങളുടെയും പങ്കുവയ്പുകളുടെയും കൂടിക്കലരുകളുടെയും ഒരു ചരിത്രത്തെ അപ്പാടെ തമസ്കരിച്ചു വളരെ കൃത്രിമമായ ഒരു ഏകശിലാത്മക സംസ്കാരമാണ് ഇന്ത്യയുടേത് എന്ന ഒരു ധാരണ അടിച്ചേല്പിക്കാനും അതു കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ വ്യാപകമായി നടക്കുന്നത്.


‘ഔട്ട് ഓഫ് ആഫ്രിക്ക തീസിസി’ൽ സൂചിപ്പിക്കുന്ന കുടിയേറ്റങ്ങൾ മുതൽ ഇന്‍ഡസ് വാലിയിലേക്ക്, മധ്യേഷ്യയിലേക്ക്, സ്റ്റെപ്പിമേഖലകളിൽനിന്നു വന്ന കാര്‍ഷികസമൂഹങ്ങൾ, പിന്നാലെ ആര്യന്മാർ ക്രിസ്തുവർഷാരംഭഘട്ടത്തിൽ ഉണ്ടായ ശാകന്മാർ, കുശാനന്മാര്‍, ഇൻഡോ-പാർത്തിയന്മാർ, ബാക്ട്രിയൻ ഗ്രീക്കുകാർ പിന്നീട് തുർക്കികൾ, അറബികൾ, മുഗളന്മാര്‍ ഇങ്ങനെ എത്രയോ വ്യത്യസ്ത സമൂഹങ്ങൾ ഓരോരോ കാലങ്ങളിലായി ഇന്ത്യയിലേക്ക് വരുകയും അവർ നല്കിയ നാനാവിധമായ സംഭാവനകൾ നമ്മുടെ സാംസ്കാരികജീവിതത്തിന്റെ സ്വാഭാവിക ഭാഗമായി മാറുകയും ചെയ്തു. നമ്മുടെ ഭക്ഷണം,വസ്ത്രധാരണ രീതി, ആഘോഷങ്ങൾ,ദൈവസങ്കല്പങ്ങൾ   ഇതിലൊക്കെ ഈ നാനാതരം കൂടിക്കലരുകൾ കാണാം. ഋഗ്വേദത്തിലെ മിക്കവാറും എല്ലാ ദേവതാരൂപങ്ങളെയും ഇറാനിയൻ വേദഗ്രന്ഥത്തിലും നമുക്ക് കാണാൻ പറ്റും.


അങ്ങനെ നോക്കിയാൽ നമ്മുടെ ഭക്ഷണശീലത്തിൽ, വിഭവങ്ങളിൽ, വസ്ത്രധാരണത്തിൽ, സംഗീതത്തിൽ, വാസ്തുശില്പത്തിലൊക്കെ ഏതെല്ലാം തരത്തിലുള്ള പങ്കുവയ്പുകളുടെ ചരിത്രമാണുള്ളത്? കഥകളിയിലെ മിനുക്ക്‌ വേഷത്തിലും ഹനുമാൻ വേഷത്തിലും ഈ കലര്‍പ്പ് കാണാൻ പറ്റും. അങ്ങനെ ഏറ്റവും സൂക്ഷ്മതലം മുതൽ ഏറ്റവും സ്ഥൂലംവരെയുള്ള ഒരു ജീവിതത്തിന്റെ ഏതു പ്രകാരത്തിലും അടിസ്ഥാനപരമായിട്ടുള്ളത് വൈവിധ്യങ്ങളും കൂടിക്കലരുകളും പങ്കുവയ്ക്കലുകളുമാണ്.. അതിനെ പ്രധാനമായി ഉയർത്തുന്നതിനുപകരം അതിനെയെല്ലാം തമസ്കരിച്ചും ചിലതിനെ അധിനിവേശമെന്ന് മുദ്രകുത്തി പുറത്താക്കാൻ ശ്രമിച്ചുമൊക്കെയാണ് നമ്മുടെ പുതിയ ഒരു ദേശീയ സംസ്കാരിക നിര്‍മിതി നടക്കുന്നത്. അതു വാസ്തവത്തിൽ സാംസ്കാരികനിർമിതി എന്നുതന്നെ പറയാൻ പറ്റുന്നതല്ല. അതു സംസ്കാരത്തിന്റെ വൈവിധ്യങ്ങളെ അടിച്ചമർത്താനും ഏകതാനമായ ഒരു അന്തരീക്ഷം രൂപപ്പെടുത്താനുമുള്ള ശ്രമമാണ്. വിശാലാർഥത്തിൽ നമ്മുടെ ജീവിതത്തിന്റെ സമൃദ്ധിയെ ഇല്ലാതാക്കുന്ന ഒന്നായിട്ടാണ് അത് മാറിത്തീരുക. ഒരർഥത്തിൽ മുമ്പ് കൊളോണിയൽ ഭരണാധികാരികൾ ചെയ്തതുപോലെ കൊളോണിയലിസത്തിന്റെ യുക്തിയിലേക്ക് തദ്ദേശീയ ജനതയെ കൊണ്ടുപോവുക. അല്ലാത്തതിനെയെല്ലാം അപരിഷ്കൃതരായി തിരസ്കരിക്കുക എന്ന  കൊളോണിയൽ പ്രാക്ടീസിന്റെ മറ്റൊരു നിലയിലുള്ള തുടർച്ചയാണ്. ആഭ്യന്തരകോളനീകരണംപോലെയാണു തദ്ദേശീയമായി ഉണ്ടായിട്ടുള്ള വൈവിധ്യങ്ങളെ മുഴുവൻ തിരസ്കരിച്ച് ഒരു ഏകാത്മകസംസ്കാരം അടിച്ചേല്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അത് ഏതെങ്കിലും നിലയിൽ നമ്മുടെ ഇന്ത്യൻസമൂഹത്തെ മെച്ചപ്പെട്ട ഒരു ജനാധിപത്യ അന്തരീക്ഷത്തിലേക്കോ സാംസ്കാരിക ജീവിതത്തിലേക്കോ കൊണ്ടുപോകില്ല. മറിച്ച്, ഒരു ഫാസിസ്റ്റ് പ്രകൃതമുള്ള ഒരു ഏകതാനതയുടെ അന്തരീക്ഷമായിരിക്കും അതു രൂപപ്പെടുത്തുക.


പുതുതലമുറ


പുതുതലമുറയുടെ ജീവിതഗതി തെറ്റായതാണെന്നോ അവര്‍ ആകമാന അപചയത്തിലേക്കാണ് നീങ്ങുന്നതെന്നോ ഒന്നും വ്യക്തിപരമായി ഞാൻ കരുതുന്നില്ല. എന്നുമാത്രമല്ല മുന്‍തലമുറയുടെ ജീവിതമൂല്യങ്ങളും അവർ സംരക്ഷിക്കുന്നതായി കരുതിയിരുന്ന ആശയങ്ങളും വാസ്തവത്തിൽ അത്രമേൽ മികവുറ്റതാണെന്ന തോന്നലും എനിക്കില്ല. വ്യക്തിപരമായി പറഞ്ഞാൽ, മുന്‍തലമുറ എന്നു പറയാവുന്ന ഏതാണ്ട് ഇപ്പോൾ മധ്യവയസ്സിൽ എത്തി നില്ക്കുന്ന ആളുകൾ പരിപാലിച്ചുപോരുന്ന ജീവിതമൂല്യങ്ങളിൽ വലിയ അളവ് യാഥാസ്ഥിതികത്വവും വലിയ അളവിലുള്ള മതപരമായ വിഭാഗീയതകളും ജാതീയമായ ശത്രുതാഭാവങ്ങളും എല്ലാംകൂടി കലര്‍ന്നതായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്. ഒരുപക്ഷേ, പുറമേക്ക് അതിനെ മറച്ചുപിടിക്കുന്ന ഒരു ഔപചാരിക രീതി അവരിൽ വലിയൊരു പങ്ക് സ്വീകരിച്ചിട്ടുണ്ടെങ്കിലും, അടിസ്ഥാനപരമായി ജീവിതത്തിനുണ്ടാകേണ്ട തുറസ്സ് പലപ്പോഴും നമ്മുടെ ആ വ്യവസ്ഥാപിത ജീവിതത്തിലില്ല.


നമ്മുടെ കുടുംബഘടനയിലേക്ക് നോക്കിയാൽ ഏതെല്ലാം തരത്തിലുള്ള ആധിപത്യങ്ങളാണ് അതിനകത്ത് നിലനില്ക്കുന്നത്? പുരുഷാധികാരം, കുട്ടികള്‍ക്കു മേലുള്ള മാതാപിതാക്കളുടെ ബലപ്രയോഗം, വൃദ്ധജനങ്ങൾക്കു മേലുള്ള മക്കളുടെ അധികാരപ്രയോഗങ്ങൾ, പൊതുസമൂഹത്തിൽ നടക്കുന്ന വിവേചനങ്ങൾ ഇതെല്ലാം യാഥാർഥ്യങ്ങളാണ്. അപ്പോൾ, അതെല്ലാം നിലനില്ക്കുന്ന ജീവിതക്രമത്തെ ആദര്‍ശവത്ക്കരിച്ച് പുതിയ തലമുറ വഴിതെറ്റുന്നു എന്ന നിലയിൽ പറയുന്നതിൽ കാര്യമില്ല. മാത്രമല്ല പുതിയ തലമുറ ഈ വിവേചനങ്ങളെക്കുറിച്ച് വലിയ അളവിൽ ബോധമുള്ളവരാണ്. അവര്‍ അതിനോട് സ്വന്തം നിലയ്ക്ക് ഇടയാൻ ശ്രമിക്കുന്നവരുമാണ്. പക്ഷേ, അതൊരു വലിയൊരു സാമൂഹികമായ പരിവര്‍ത്തനത്തിലേക്ക് എത്തിയോ എന്നതു മറ്റൊരു കാര്യമാണ്. കാരണം, പുതിയ തലമുറയുടെ അത്തരം ജീവിതബോധ്യങ്ങളെ അഭിസംബോധന ചെയ്യാൻ വാസ്തവത്തിൽ നമ്മുടെ വ്യവസ്ഥാപിത സംവിധാനങ്ങൾക്കു കഴിയുന്നില്ല. രാഷ്ട്രിയപ്രസ്ഥാനങ്ങളാകട്ടെ, സാമുദായിക പ്രസ്ഥാനങ്ങളാകട്ടെ, മതങ്ങളാകട്ടെ, അവയൊക്കെ മിക്കവാറും പഴയ ചട്ടക്കൂടുകളെ ഏറക്കുറെ ആവര്‍ത്തിക്കാനും അതിലേക്ക് പുതിയ തലമുറയെ കൊണ്ടുവരാനുമാണ് ശ്രമിക്കുന്നത്. അതു ഫലപ്രദമാകുന്നില്ല.


ഇപ്പോള്‍ കുട്ടികൾ പഠിക്കാനും ജോലിതേടിയും പുറത്തേക്ക് ധാരാളമായി പോകുന്നതിനെച്ചൊല്ലിയുള്ള ഉത്കണ്ഠകളുണ്ട്. വാസ്തവത്തിൽ ആ പുറത്തേക്കുള്ള പോക്കിൽ നമ്മുടെ സാമൂഹിക പരിസരങ്ങളിലുള്ള അതിയാഥാസ്ഥിതികത്വത്തിന് വലിയ പങ്കുണ്ടെന്നാണ് എന്റെ വിശ്വാസം. കുട്ടികളിലെ സ്വാതന്ത്ര്യബോധത്തെ അംഗീകരിക്കാത്ത അവരുടെ ആവിഷ്‌ക്കാരങ്ങളെ മാനിക്കാത്ത അവരെ മുഴുവൻ വഴിതെറ്റിയവരായി കാണുന്ന ഒരു രീതി. നിശ്ചയമായിട്ടും മയക്കുമരുന്നിന്റെയോ അതുപോലുള്ള പ്രശ്‌നങ്ങളോ ഇതിനിടയിലുണ്ട്, അത് നമ്മൾ ഇല്ലെന്നു കരുതേണ്ട കാര്യമില്ല. പക്ഷേ, അത് ആകമാനം പുതുതായി പൊട്ടിപ്പുറപ്പെട്ടതാണ് മുമ്പെല്ലാം ഭദ്രമായിരുന്നു എന്നൊന്നും നമ്മൾ അതിനെ വിലയിരുത്താനും പാടില്ല. മറിച്ച് പുതിയ തലമുറ താരതമ്യേന ശ്രദ്ധാപൂർവം  സ്വാതന്ത്ര്യത്തിന്റെ ലിംഗഭേദമില്ലാത്ത സൗഹൃദങ്ങളായാലും  പുതിയ സാമൂഹിക അനുഭവങ്ങളിലേക്കുള്ള അവരുടെ സഞ്ചാരങ്ങളായാലും രാഷ്ട്രീയത്തിന്റെ സൂക്ഷ്മതലങ്ങളെക്കുറിച്ചുള്ള അവരുടെ തിരിച്ചറിവായാലും ഒക്കെ വളരെ പോസിറ്റീവായിട്ടാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. അതുപോലെ സിനിമയിലും സാഹിത്യോത്സവത്തിലുമൊക്കെ ഉള്ള അവരുടെ ഉത്സാഹവും ഗുണകരമാണെന്ന അഭിപ്രായക്കാരനുമാണ്


അങ്ങനെ വരുമ്പോള്‍ പഴയ തലമുറ വിശുദ്ധമെന്ന് കരുതിയതിനെ പുതിയ തലമുറ അതേപടി വിശുദ്ധം എന്ന് കരുതണ്ടല്ലോ? പഴയ തലമുറ എന്ന് ഇപ്പോൾ വിളിക്കുന്നവരും വിശേഷിപ്പിക്കുന്നവരും അവരുടെ മുന്‍തലമുറ മൂല്യങ്ങളെ നിരസിച്ചല്ലേ അവിടേക്ക് എത്തിയത്? അതുപോലെ ഇവരും സ്വന്തം വഴിയിലൂടെ സഞ്ചരിക്കുന്നു എന്നേ കരുതേണ്ടതുള്ളു. അതിനെ വലിയ സാംസ്കാരിക തകര്‍ച്ചയായി കാണേണ്ടതില്ല. വാസ്തവത്തിൽ നമ്മൾ നേരിടുന്ന പ്രശ്‌നം നമ്മുടെ മത-സാംസ്‌ക്കാരിക-മുഖ്യരാഷ്ട്രീയ സ്ഥാപനങ്ങളെല്ലാം വലിയ തോതിലൊരു യാഥാസ്ഥിതികത്വത്തിലേക്കും നിശ്ചലതയിലേക്കും കൂപ്പുകുത്തിയിരിക്കുന്നു എന്നതാണ്. ആ സ്തംഭനത്തെ മുതലാക്കുന്നമട്ടിൽ കമ്പോളത്തിന്റെയും വിപണിയുടെയും ഒക്കെ താത്പര്യങ്ങൾ വലിയ തോതിൽ അവിടെ കടന്നു കയറുന്നു. വാസ്തവത്തിൽ അതിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് യാഥാസ്ഥിതികത്വത്തിൽനിന്ന് തുറസ്സിലേക്ക് സ്വയം നവീകരിക്കുന്ന സമൂഹമായി മാറാൻ വേണ്ട മുന്‍കൈ മേല്‍പറഞ്ഞ പ്രസ്ഥാനങ്ങളൊക്കെ ഏറ്റെടുക്കണമെന്നുള്ളതാണ്. അതു നടക്കുന്നില്ല. പകരം പലപ്പോഴും നമ്മൾ പുതിയ തലമുറയെ അവർ ശ്രദ്ധാലുക്കളല്ല എന്നൊക്കെ കുറ്റം പറയുന്നു.


വായനാശീലങ്ങൾ അല്ലെങ്കിൽ സാങ്കേതികവിദ്യകൊണ്ടുവന്ന മാറ്റങ്ങൾ അതൊക്കെ അംഗീകരിക്കാം. അതൊന്നും പക്ഷേ, സാമൂഹികബോധ്യമില്ലായ്മയാണ് എന്നൊന്നും നമുക്ക് കരുതാൻ പറ്റില്ല. പത്രം വായിക്കുന്നവരെല്ലാം വളരെ ഉജ്വലമായ സാമൂഹികബോധമുളളവരാണെന്നും അല്ലാത്ത പുതിയ തലമുറക്കാർ പത്രം ഒന്നും ശ്രദ്ധിക്കാതെ സാമൂഹികബോധ്യമില്ലാതെ ജീവിക്കുന്നു എന്നും കരുതാൻ വയ്യ. അവര്‍ അവരുടേതായ നിലയിൽ മനസ്സിലാക്കുന്നുണ്ട്. ഒരുപക്ഷേ, നമ്മുടെ ടെലിവിഷൻ ചര്‍ച്ചകൾപോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലായെന്നുള്ള കാര്യം ഗുണമായി കാണേണ്ടതാണ്.  കാരണം, അത്രയും നിരർഥകമാണല്ലോ നമ്മുടെ പത്രങ്ങളുടെയും മാധ്യമങ്ങളുടെയും ആവിഷ്‌ക്കാരരീതികൾ. അതിൽ പുതിയ തലമുറ ശ്രദ്ധാലുക്കളല്ല എന്നുള്ളതിനെ നെഗറ്റീവായിട്ടാണോ കാണേണ്ടത് അല്ലെങ്കിൽ അതിലൊരു ഗുണകരമായ അംശമില്ലേ എന്നു പോലും സംശയിക്കേണ്ട സ്ഥിതിയാണ്.


45-50 വര്‍ഷത്തോളം കാലത്തെ പത്രവായനയുടെ ചരിത്രാനുഭവമുള്ള ആളെന്ന നിലയ്ക്ക് എനിക്ക് പുതിയ തലമുറയുടെ ഈ വായനയിൽനിന്നുള്ള വഴിമാറൽ, അതിലൊരു കാമ്പുണ്ടെന്നു തോന്നുന്നു. കാരണം, അത്രമേൽ അർഥശൂന്യമായ തലത്തിലേക്ക് നമ്മുടെ മാധ്യമമണ്ഡലം മാറിയിട്ടുണ്ട്. അപ്പോൾ നമ്മളത് കാണാതെ ഇവർ പത്രം വായിക്കുന്നില്ലെന്നോ ടെലിവിഷൻ ശ്രദ്ധിക്കുന്നില്ലെന്നോ പറയുന്നതിൽ വല്ല കാര്യമുണ്ടോ? മുന്‍കാലങ്ങളിലൊക്കെ അത്രയും ശ്രദ്ധാപൂർവം ടെലിവിഷനും മറ്റും കണ്ടിരുന്ന അതിലെ ചര്‍ച്ചകൾ ശ്രദ്ധിച്ചിരുന്ന എന്റെയൊക്കെ തലമുറയിൽപ്പെട്ട എത്രപേർ ഇപ്പോൾ അതു ശ്രദ്ധിക്കുന്നുണ്ട്, ശ്രദ്ധിക്കാൻ പാകത്തിന് എന്തുണ്ട്? അങ്ങനെ നോക്കിയാൽ നമ്മൾ പഴയ തലമുറയെ ആദര്‍ശവത്കരിക്കേണ്ട ഒരു കാര്യവും ഇല്ല.


നവമാധ്യമങ്ങൾ


നവമാധ്യമങ്ങളുടെ കടന്നുവരവ് പല നിലയിലാണത് സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നത്. ഒന്ന് പുതിയതരത്തിലുള്ള രാഷ്ട്രീയ സാമൂഹിക ബോധം രൂപപ്പെടുത്തുന്നതിന് അത് കാരണമാകുന്നുണ്ട്. അതേസമയം തന്നെ രാഷ്ട്രീയ സാമൂഹിക ബോധ്യങ്ങളെ തകിടംമറിക്കാൻ പോന്ന മട്ടിൽ അതിന്റെ വിപരീതരൂപത്തിൽ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഒക്കെ ആശയം പ്രചരിപ്പിക്കുന്ന ഒരു വേദിയായിട്ടും നമ്മുടെ നവമാധ്യമങ്ങൾ മാറിയിട്ടുണ്ട്. അതുകൊണ്ട് അതു രണ്ടു തലങ്ങളിലേക്ക് നീങ്ങുന്നുണ്ട്. പൊതുവിൽപ്പറഞ്ഞാൽ  സംസ്കാര വ്യവസായം എന്നുള്ളത് അതിന്റെ ഉച്ചസ്ഥാനത്ത് എത്തി. സംസ്കാരത്തെക്കുറിച്ച് നമ്മൾ മുൻപ് കരുതിയിരുന്ന എല്ലാ സങ്കല്പങ്ങളെയും ഒട്ടൊക്കെ ദുർബലപ്പെടുത്തിക്കൊണ്ട് സംസ്കാര വ്യവസായം എന്നുള്ള ആശയം അതിന്റെ ഒരു പൂർണതയിലേക്ക് എത്തിയ ഒരു ഘട്ടമാണ്. പൊതുവിൽ കമ്പോളവത്കരണം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിക്കഴിഞ്ഞൊരു ഘട്ടത്തിലാണ് കാര്യങ്ങൾ നില്ക്കുന്നത്. അതിന് പുതിയ തലമുറയെ നമ്മൾ  കുറ്റം പറയുന്നതിൽ കാര്യമില്ലല്ലോ?   നിശ്ചയമായിട്ടും നവമാധ്യമങ്ങൾക്ക് അകത്തൊരു വിഭാഗീയത വളരെ ശക്തമായിട്ടുണ്ട്. ഉപരിപ്ലവതയും വിഭാഗീയതയും അതിലെ വലിയൊരു പങ്കിനെ വിഴുങ്ങിയിട്ടുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷേ, ആ വിഴുങ്ങലിൽനിന്ന് അതിനെ വീണ്ടെടുക്കുകയാണല്ലോ പ്രധാനം. അതിനെ വീണ്ടെടുക്കാനുള്ള  ശ്രമങ്ങൾ നടത്തണം. വെർച്വൽ റിയാലിറ്റിയിൽനിന്ന് നമ്മുടെ സാമൂഹികാന്തരീക്ഷത്തെ മോചിപ്പിക്കണം എന്നു കരുതുമ്പോൾ, വെർച്വൽ റിയാലിറ്റി എന്നു പറയുന്നതുതന്നെ ഇന്നു നമ്മുടെ പുതുയാഥാർഥ്യം കൂടിയായി മാറുന്നു എന്നുള്ളതാണ് വാസ്തവത്തിൽ അതിലുള്ള ഒരു പ്രശ്നം. പ്രതീതിപരത വാസ്തവത്തിൽ നമ്മുടെ മുഖ്യധാരാ ജീവിതത്തെതന്നെ വലിയ അളവിൽ നിയന്ത്രിക്കുന്ന സ്ഥിതി  ഉണ്ടായല്ലോ. അപ്പോൾ അത് നവമാധ്യമങ്ങളെ മുൻനിറുത്തി മാത്രമല്ല, നമ്മുടെ മുഖ്യധാര രാഷ്ട്രീയ പ്രയോഗങ്ങൾ തന്നെ നോക്കൂ. എത്രമേൽ വലിയ വ്യാജമായ നാട്യങ്ങളുടെയും പ്രകടനപരതയുടെയും അന്തരീക്ഷമാണ് അതിലുള്ളത്. അതല്ലാതെ  യാഥാർഥ്യവുമായിട്ടോ വസ്തുതയുമായിട്ടോ വലിയ ബന്ധമൊന്നും അതിനില്ലല്ലോ. അങ്ങനെ വരുമ്പോൾ പ്രതീതിപരത നവമാധ്യമങ്ങളിൽ മാത്രമല്ല. പിന്നെ നവമാധ്യമങ്ങൾ ഉണ്ടാക്കുന്ന വിഭാഗീയതയുടെ യുക്തി വലിയൊരു പങ്ക് നമ്മുടെ മുഖ്യധാരയിൽനിന്ന് അവിടേക്ക് എത്തിയതാണ്. തിരിച്ച് നവമാധ്യമങ്ങളുടെ വിഭാഗീയത മുഖ്യധാരയുടെ വിഭാഗീയതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അങ്ങനെ പരസ്പരപൂരകമായ നിലയിലാണ് അത് നിലനില്ക്കുന്നത് .


സാംസ്കാരിക വിമർശനം


സാംസ്കാരിക വിമർശനാന്തരീക്ഷം  മൊത്തത്തിൽ ഒരു ജനതയുടെ സ്വത്വബോധത്തെ കുറെകൂടി ഉന്നതവും ഊഷ്മളവും ആക്കുമെന്നുതന്നെയാണ് കരുതുന്നത്.  പക്ഷേ, പ്രശ്നം സാംസ്കാരികപഠനം എന്നുപറയുന്നത് വാസ്തവത്തിൽ ഒരു വിശകലന യുക്തിക്കപ്പുറം രാഷ്ട്രീയമായ ജാഗ്രതയിലേക്കും സാമൂഹികമായ തിരിച്ചറിവുകളിലേക്കും കൂടി എത്തേണ്ടതാണ്. അങ്ങനെയാണോ സാംസ്കാരികപഠനം വളർന്നത് എന്ന കാര്യത്തിൽ അതിന്റെ പ്രയോക്താക്കൾക്കുതന്നെ  വലിയ സംശയം കഴിഞ്ഞകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. അതു വർധിച്ചുവരുന്നതാണ് നമ്മൾ കാണുന്നത്. കാരണം, കൾച്ചറൽ സ്റ്റഡീസ് എന്നു പറഞ്ഞു തുടങ്ങിയതിന്റെ അടിസ്ഥാന ഊന്നലുകളിൽനിന്ന് മാറിപ്പോവുകയും പലപ്പോഴും സർവകലാശാലകളിലെയും അക്കാദമിക് സ്ഥാപനങ്ങളിലെയും  വരേണ്യ ബുദ്ധിജീവികൾക്ക് തങ്ങളുടെ  ഒരു പ്രദർശനമേഖലയായിട്ട്  മാറുകയും അതു മുൻപോട്ടു വച്ച രാഷ്ട്രീയത്തെ  ഉള്ളിൽനിന്ന് അട്ടിമറിക്കുകയും ചെയ്ത ധാരാളം അനുഭവങ്ങളുണ്ട്. ഇപ്പോൾ  ഏതിനെയും ഒരു സിദ്ധാന്തമാക്കി മാറ്റുക, ഏതു സിദ്ധാന്തവും ഒരുപോലെ ഒരു ജഡ സമാന വസ്തുതകളാക്കി മാറ്റുക എന്നതാണ് അവസ്ഥ. അതിന് സാമൂഹികമായ ഒരു ഫലവും ഇല്ലാതിരിക്കുക എന്നു വരുമ്പോൾ സിദ്ധാന്തം അതിൽത്തന്നെ ശൂന്യമാണ്, ജഡമാണ്. അങ്ങനെയൊരു ജഡാവസ്ഥ സിദ്ധാന്തപഠനങ്ങൾക്ക്, സൈദ്ധാന്തിക ധാരണകൾക്ക്  കൂടുതലായിട്ടുണ്ട്.. കാരണം, ഇത്രയും സർവകലാശാലകളും  അധ്യാപകരും   വിജ്ഞാനചർച്ചകളും ഒക്കെ നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖലയിൽ നടക്കുമ്പോഴും വളരെ യാഥാസ്ഥിതികമായ രാഷ്ട്രീയനീക്കങ്ങൾ പൊതുസമൂഹത്തിൽ പൊട്ടിപ്പുറപ്പെടുമ്പോൾ അതിനെ പ്രതിരോധിക്കാനോ അതിനെതിരെ ഉറച്ചു നില്ക്കാനോ ഈ പണ്ഡിതന്മാരെ പലപ്പോഴും കാണാറില്ല . അപ്പോൾ ഇവർ ആർജിച്ച അറിവിന് എന്തു സംഭവിച്ചുവെന്നത് ആലോചിക്കേണ്ട ഒരു കാര്യമാണ് .


വാസ്തവത്തിൽ അതിയാഥാസ്ഥിതികത്വത്തിന്റെ ഒരു എക്സ്ട്രീം കൺസർവേറ്റിസം എന്നു വിളിക്കാവുന്ന ഒന്നിന്റെ  അലയടി കഴിഞ്ഞൊരു പതിറ്റാണ്ടിനിടയിൽ കേരളീയസമൂഹത്തിൽ ശക്തമാണ്. അതിനെ പ്രതിരോധിക്കാൻ നമ്മുടെ സാംസ്കാരികപഠിതാക്കൾ, സൈദ്ധാന്തികർ എങ്ങനെ  വന്നു. അവർ അവരുടെ സ്വകാര്യമേഖലകളിൽ ഇത് ആവർത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു എന്നതിനപ്പുറം അത് മുന്നോട്ട് നീങ്ങിയോ എന്ന കാര്യത്തിൽ സംശയമുണ്ട്. രാഷ്ട്രീയ ശാസ്ത്രജ്ഞരോ സാമൂഹിക ശാസ്ത്രജ്ഞരോ സാമൂഹിക ഇടപെടലിന്റെ ശക്തി കാണിച്ചോ?  അത് ആവശ്യമായ സമയത്ത് അവരുടെ വിജ്ഞാനത്തിനെ സാമൂഹികമായ ഒരു സമരായുധമാക്കാൻ അവർക്ക് കഴിഞ്ഞോ? അതോ അവരുടെ കരിയർ വളർച്ചയെ ലക്ഷ്യംവയ്ക്കുന്ന പ്രബന്ധാവതരണങ്ങൾ ,അറിവ് നേടൽ അങ്ങനെയൊരു യുക്തിയിലേക്ക് പോയോ? ഈ കാര്യം വിശകലനം ചെയ്യേണ്ടതാണ്.  അതുകൊണ്ട് സാംസ്കാരിക പഠനം ഒരു ജ്ഞാനശാഖ എന്ന നിലയിൽ നിശ്ചയമായിട്ടും വലിയ സാധ്യതകൾ ഉള്ളതാണ് .പക്ഷേ, ആ ജ്ഞാനശാഖയുടെ അടിസ്ഥാനപരമായ രാഷ്ട്രീയ ഉള്ളടക്കത്തെ കൈയൊഴിഞ്ഞു കഴിഞ്ഞാൽ അതു പിന്നെ ഒരു നേരമ്പോക്കുപോലെ, ഒരു ഉപജീവന വഴിപോലെ ആയിത്തീരും. ഏതാണ്ട് ആ ഒരു സ്ഥിതി അതിൽ വലിയൊരു അളവോളം സംഭവിച്ചിട്ടുണ്ടെന്നു തോന്നുന്നു.