നവകേരള ചിന്തകളിൽ ചിലത്‌ – കല്പറ്റ നാരായണൻ

നവകേരള ചിന്തകളിൽ ചിലത്‌  – കല്പറ്റ നാരായണൻ

എന്റെ നാട്ടിൽ  സദാ, അമ്മേ ഭഗവതീ എന്ന്‌ ഉരുവിട്ട്‌ കൂന്നു നടക്കുന്ന ഒരു ഭക്തയുണ്ടായിരുന്നു. ഏകമകൻ മുപ്പതാം പിറന്നാളിന്‌ റോഡ്‌ മുറിച്ചുകടക്കുമ്പോൾ ബസ്സ്‌ തട്ടി മരിച്ചു. ഭഗവതിയോട്‌ അവര്‍ക്ക്‌ ക്ഷമിക്കാനായില്ല. മകന്റെ ക്ഷേമമല്ലാത്തതൊന്നും ആ ഭക്ത അമ്മയോടാവശ്യപ്പെട്ടിരുന്നില്ല. ഒരുനിമിഷം മുന്‍പോ പിന്‍പോ ആണ്‌ റോഡ്‌ മുറിച്ചു കടന്നിരുന്നെങ്കിൽ ഒരു ജലദോഷംപോലും പിടിപെടാതെ താൻ കാത്തുസൂക്ഷിച്ച മകൻ ഒന്നും പറ്റാതെ തിരിച്ചു വരുമായിരുന്നു. അത്ര ലഘുവായതുപോലും അമ്മേ നിനക്ക്‌ പറ്റില്ലെങ്കിൽ? അവർ പിന്നെ മരിക്കുന്നതുവരെ ക്ഷേത്രത്തിൽ പോയില്ല. അമ്പലത്തിൽ ഉത്സവാരവങ്ങൾ ഉയരുമ്പോൾ ജനലും വാതിലും കൊട്ടിയടച്ച്‌ കാതിൽ തുണി തിരുകി അവരകത്തിരുന്നു. കഠിനമായ നടുവേദനകൊണ്ട്‌ കഷ്ടപ്പെട്ടപ്പോൾ ഒരിക്കല്‍പ്പോലും ഭഗവതിയെ വിളിച്ചില്ല. പക്ഷേ, അതൊരൊറ്റപ്പെട്ട കഥ. കോവിഡ്‌ കാലത്തെ ദുരിതങ്ങളും മരണങ്ങളും അക്കാലം ജനശൂന്യമായിരുന്ന ക്ഷേത്രങ്ങളെ എന്നേക്കും ജനശൂന്യമാക്കുമെന്ന്‌ ഞാൻ കരുതി. പക്ഷേ, ഉണ്ടായതോ തീറ്റകിട്ടാതെ മാസങ്ങളോളം കഴിഞ്ഞ കന്നുകാലികളെപ്പോലെ തുറന്നു വിട്ടപ്പോൾ ദേവാലയങ്ങളിലെ ഇടുങ്ങിയ വാതിലുകളിലൂടെ മനുഷ്യർ അകത്തേക്ക്‌ ഇരച്ചുകയറി. സകലദേവാലയങ്ങളിലും പൂര്‍വാധികം ജനത്തിരക്കായി. കൈയറ്റവൻ കാൽ ബാക്കി തന്നുവല്ലോ, അമ്മയെയും സഹോദരനെയും എടുത്തപ്പോൾ തന്നെ ബാക്കി വച്ചുവല്ലോ ഭഗവാനേ, മണികണ്ഠാ, കൃഷ്ണാ നിന്റെ കൃപ, അവർ മനം കുളിരെ പ്രാര്‍ഥിക്കുന്നു. സ്വാർഥം സാധിക്കാനാണോ ദൈവം എന്നൊന്നും ഓര്‍ത്തിട്ടല്ലാ, സ്വാർഥമല്ലാത്തതൊന്നും പിന്നെയും പ്രാര്‍ഥിച്ചിട്ടുമില്ല.


രാഷ്ട്രിയപ്പാര്‍ട്ടികളുടെ അണികളും ഈ ഭക്തജനങ്ങളെപ്പോലെയാണ്‌. അവരുടെ ദൈവങ്ങൾ എന്ത്‌ ക്രുരത ചെയ്താലും അവർ പൊറുക്കുമെന്നല്ല, കൂടുതൽ ഭക്തിപാരവശ്യവും കാട്ടും. വിദ്യാര്‍ഥിസംഘടനകൾ, തൊഴിലാളി സംഘടനകൾ ഒക്കെ അവരുടെ മാതൃസംഘടനാദേവന്റെ മുന്നിൽ സദാ മുട്ടുകത്തും. ദൈവത്തിനെതിരെ ആരെങ്കിലും പറഞ്ഞാൽ സോഷ്യൽമീഡിയയിൽ തെറികൾ വര്‍ഷിക്കും. കേരളീയര്‍ക്ക്‌ ഭക്തി മുഴുത്തിരിക്കുന്നു.


മതങ്ങളുടെയോ രാഷ്ട്രിയപാര്‍ട്ടികളുടെയോ അണികൾ തമ്മിൽ ഒരന്തരവുമില്ല. മോദി റെയില്‍വേസ്റ്റേഷനുകൾ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ഫുൾസൈസിൽ ചിരിച്ചുകൊണ്ട്‌ നില്ക്കുന്നു. ഒരു ജില്ലയിൽ ഉള്ള മൊത്തം ആളുകളുടെ എണ്ണത്തിലധികം മോദികൾ ഫ്ളക്സുകളായും സഞ്ചികളിലെ ചിത്രങ്ങളായും കോവിഡ്‌ വാക്‌സിൻ സര്‍ട്ടിഫിക്കറ്റുകളിലുള്‍പ്പെടെ അധികാര ചിഹ്നമായും ഭാരതത്തിന്റെ പൊതുസ്ഥലങ്ങളിലുണ്ട്‌. ദൃശ്യതയാണ്‌ മാനദണ്ഡമെങ്കിൽ മോദിയോളം വലിയ ഒരു മഹാത്മാവും ഭാരതത്തിലുണ്ടായിട്ടില്ല. നെഹ്റുവിന്റെ ഛായാചിത്രങ്ങള്‍ക്കോ അപൂര്‍വം പ്രതിമകള്‍ക്കോ ചെക്ക്‌ പറയാൻ നിര്‍മിച്ച പട്ടേലിന്റെയും പണിതുകൊണ്ടിരിക്കുന്ന വിവേകാനന്ദന്റെയും മഹാപ്രതിഷ്ഠകൾ മോദിയുടെ തന്നെ ഇച്ഛയുടെ പ്രതിഷ്ഠകൾ. ഭൂതകാലത്തെ മായ്ച്ചുകളയുന്ന റബ്ബറിൽ പണിയപ്പെട്ടതാണ്‌ എല്ലാ മോദികളും. മോദി അധികാരത്തിൽ വന്നപാടെ ചെന്നൈയിൽ ഒരു കര്‍ണാടക സംഗീതക്കച്ചേരി നടന്നു. മോദി എന്ന പദം എവിടെയെങ്കിലുമുള്ള കീര്‍ത്തനങ്ങൾ മാത്രം ആലപിച്ചു കൊണ്ടൊരു കച്ചേരി. മോദി എന്ന പദം ഇല്ലാത്ത കീര്‍ത്തനങ്ങൾ രാജ്യദ്രോഹക്കുറ്റം ചുമത്തി നീക്കാനുള്ള ശ്രമങ്ങൾ ആസന്നഭാവിയിലുണ്ടാവാം. അധികാരം ജനസേവനത്തിന്റെ രൂപത്തിലല്ലാതെ അധികാരികളുടെ രൂപത്തിൽ നഗ്നമായി പ്രത്യക്ഷപ്പെടരുതെന്ന്‌ ലാവോട്‌ സെ താവോതെ ചിങ്ങിലൂടേയും ഗാന്ധി സ്വജീവിതത്തിലൂടെയും നമ്മളോട്‌ പറഞ്ഞിട്ടുണ്ട്‌. ഫോട്ടോഗ്രാഫര്‍മാരോട്‌ സൗഹൃദം കാണിച്ചിട്ടില്ല ഗാന്ധി.


മുമ്പൊരു മുഖ്യമന്ത്രിക്കും ലഭിച്ചിട്ടില്ലാത്ത രാജകീയമായ ദൃശ്യത ദൈവമെന്നും സൂര്യനെന്നും വാഴ്ത്തപ്പെടുന്ന പിണറായിക്കുമുണ്ട്‌. വാക്കുകൾ കൊണ്ടുള്ള വിഗ്രഹവത്കരണം അതിലേറെ. വിഗഹവത്കരണത്തിന്റെ പൊളളത്തരം വിഗ്രഹത്തിനുള്ളിൽ ഒന്നുമില്ല എന്നതാണ്‌. അത്‌ ഗാന്ധിയോ നെഹ്റുവോ പട്ടേലോപോലുള്ള പൂർവ രാഷ്ട്രീയപ്രവര്‍ത്തകരെയും മോദിയെയും താരതമ്യപ്പെടുത്തിയാൽ മനസ്സിലാകും. ഇരിപ്പിടത്തിന്റെ പ്രാധാന്യത്തിൽ കവിഞ്ഞൊന്നും വിഗ്രഹങ്ങള്‍ക്ക്‌ യഥാർഥത്തിലില്ല. ദൈവങ്ങള്‍ക്കും മനുഷ്യദൈവങ്ങള്‍ക്കും രാഷ്ട്രീയ ദൈവങ്ങള്‍ക്കും ഇതിൽ വ്യത്യാസമൊന്നുമില്ല. ഒന്നിലും പൊരുളില്ല.


എല്ലാം കാണുന്ന ഒരുയരത്തിൽനിന്ന്‌ നോക്കിയാൽ ഭക്തന്മാർ പുഴുത്തിരിക്കുന്നു കേരളക്കരയിൽ എന്നു കാണാം. അന്ധമായ വിശ്വാസത്താൽ ഹല്ലേലുയ പാടുന്ന ചെറുതുംവലുതുമായ പെന്തക്കോസ്തുസഭകൾ നിറഞ്ഞിരിക്കുന്നു. കളമശ്ശേരിയിൽ മാർട്ടിൻ ചെയ്തത്‌ ചെയ്യാൻ ധൈര്യമില്ലാത്തവരുടെ കരുണയിൽ അതിജീവിക്കുകയാണ്‌ നമ്മൾ.


കേരളത്തിൽ കുടുംബം ശിഥിലമാവുകയാണ്‌, ബന്ധങ്ങൾ അപവിത്രമാവുകയാണ്‌ എന്ന സത്യത്തിന്‌ നേരെ നമ്മളത്ര കണ്ണ്‌ തുറന്നിട്ടില്ല. രാഷ്ട്രീയകേരളത്തിന്‌ അതൊരു വിഷയവുമല്ല. അമിതമായ കക്ഷി രാഷ്ട്രീയം അധികാരമൊഴിച്ചുള്ള എല്ലാ മേഖലകളെയും അദൃശ്യമാക്കുകയും മലയാളികളെ അന്ധരാക്കുകയും ചെയ്തിട്ടുണ്ട്‌.


2016-മുതൽ 2023-വരെ പോലീസ്‌ എഫ്‌.ഐ.ആർ ഇട്ട പോക്സോ കേസുകളുടെ എണ്ണം 26991(കേരളാ പോലീസിന്റെ വെബ്‌സൈറ്റ്‌). എഫ്‌.ഐ.ആർ ഇടാത്ത കേസുകൾ എത്രയോ മടങ്ങ്‌ അധികം. അതിലെ ഇരകൾ (പ്രതികളില്ല, ഇരകളേ ഉള്ളൂ പോക്സോ കേസുകളിൽ.) സമൂഹമധ്യത്തിൽ വരാറില്ല. കേസുകൾ വഴിയിൽവച്ച്‌ തേഞ്ഞുമാഞ്ഞുപോവുന്നതിനാലും സമൂഹത്തെ നിലനിറുത്തുന്ന സന്മാർഗത്തെ ലംഘിക്കുന്നവര്‍ക്ക്‌ ദൃശ്യത നല്കാൻ സമൂഹം ഇഷ്ടപ്പെടാത്തതിനാലും അതോര്‍മിക്കാൻപോലും സമൂഹം മടിക്കുന്നതിനാലും അതിനു പൊതുഇടങ്ങളിൽ വിനോദമൂല്യമില്ലാത്തതിനാലും (entertainment value) അതു ചര്‍ച്ചചെയ്യപ്പെടാറില്ല. പോക്സോയുടെ രണ്ടു പ്രധാന വേദികളിലൊന്ന്‌ വീടും പിന്നെ സ്കൂളുമാണ്‌. കുടുംബാംഗങ്ങൾ ദുഷ്കീര്‍ത്തിയെ ഭയന്നും അധ്യാപകസംഘടനകൾ കുറ്റവാളികളെ ബ്ലാക്ക്‌മെയ്‌ൽ ചെയ്ത്‌ കൂടെ നിറുത്താനുള്ള അവസരമായി കാണുന്നതിനാലും ഒരു സംഘടനാമെമ്പറെ എങ്ങനെ കൈവിടും എന്ന ചിന്തയാലും അതു സംഭവിച്ചിട്ടില്ലെന്നു കാട്ടാൻ വേണ്ടതുചെയ്യുന്നു. ഇല്ലാ എന്നു കാണിച്ചാൽ ഇല്ലാതാവില്ല ഉള്ളതൊന്നും. ചിതൽ കയറുന്നപോലെ ഇതു കയറുന്നു. കുടുംബം എന്തിന്‌ എന്ന ചോദ്യം ഒരു കാര്‍ഷികവ്യവസ്ഥയിൽ ഉദിക്കുന്നതേ ഇല്ല. ബന്ധങ്ങളുടെ ഈട്‌ അതിന്റെ നിലനില്പിന് അനിവാര്യമായിരുന്നു. ആ അടിത്തറ തകര്‍ന്നു. കര്‍ഷകാത്മഹത്യകളും കര്‍ഷകകലാപങ്ങളും അതു തിരിച്ചറിയുന്നുണ്ട്. സദാചാരം കപടസദാചാരമായി. “ചേട്ടാ മടങ്ങിവരൂ, ഇനി ജാരസംസ്സർഗം ഞാൻ ചേട്ടനറിയാതെ ആയിക്കൊള്ളാം” എന്ന വി.കെ.എൻ വചനത്തിൽ ഈ കപടസദാചാര കേരളത്തിന്റെ ഓരോ മുക്കും മൂലയുമുണ്ട്‌.


ഇത്തവണയും എനിക്ക്‌ ഭാഗ്യക്കുറിയടിച്ചില്ല എന്ന കാര്യം ഞാനെന്നെപ്പോലും അറിയിച്ചില്ല. പാതി മനസ്സോടെ ഏന്തിനോക്കി എന്നത്‌ സത്യമാണ്‌. കിട്ടുമ്പോൾ എനിക്കുമാത്രം കിട്ടുകയും നഷ്ടപ്പെടുമ്പോൾ എല്ലാവര്‍ക്കും നഷ്ടപ്പെടുകയും ചെയ്യുന്നുവെന്നതാണ്‌ ഭാഗ്യക്കുറിയുടെ ആകര്‍ഷണം. കിട്ടാതിരിക്കുമ്പോൾ ഞാനാശ്വസിക്കുന്നു എത്ര പേര്‍ക്കാണ്‌ കിട്ടാത്തത്‌. വേദനിക്കാൻ മാത്രം അത്ര വലിയ തുകയുമല്ലല്ലോ ഞാൻ മുടക്കിയതും.


പക്ഷേ, പരിചിതനായ ഒരാള്‍ക്ക്‌, എന്റെ ബന്ധുവിനോ അയല്‍ക്കാരനോ ഭാഗ്യക്കുറിയടിക്കുമ്പോഴാണ്‌ എനിക്ക്‌ താങ്ങുവാനാവാത്തത്‌. ഒരപരിചിതനോ ഞാനറിയുന്ന ഒരു ധനികനോ ഭാഗ്യക്കുറിയടിച്ചാൽ എന്നെയത്‌ ദുഃഖിപ്പിക്കുകയില്ല. അപരിചിതർ എത്രപേർ അപകടത്തിൽ കൊല്ലപ്പെടുന്നു, ഉന്നതസ്ഥാനങ്ങളിൽ എത്തിപ്പെടുന്നു, അതിലെനിക്കെന്ത്‌ ? സമ്പന്നന്റെ അവസ്ഥ അതുകൊണ്ടുമാത്രം മെച്ചപ്പെടുകയൊന്നുമില്ല. അതുമെന്നെ ബാധിക്കുകയില്ല. എന്റെയതേ പ്രയാസങ്ങൾ അനുഭവിക്കുന്ന സഖാവിന്‌, അതേ വിശ്വാസം പങ്കിടുന്ന ചങ്ങാതിക്ക്‌, അതേ മേല്‍ക്കൂര പങ്കിടുന്ന സഹപ്രവർത്തകന്, അതേ രക്തം ഞരമ്പുകളിലൊഴുകുന്ന സഹോദരന്‌ ഭാഗ്യക്കുറിയടിച്ചാലാണ്‌ പ്രശ്‌നം. അതപ്പോഴത്‌ നിര്‍ഭാഗ്യക്കുറിയായി. അവനതിൽപ്പാതി എനിക്ക്‌ തന്നാല്‍പ്പോലും ഞാൻ സന്തോഷിക്കുകയില്ല. ഞാനവന്‌ നല്കുമ്പോലെയല്ലല്ലോ അവനെനിക്ക്‌ നല്കുന്നത്‌. എനിക്കാണ്‌ അടിച്ചതെങ്കിൽ പാതിയവൻ നല്കുമെന്ന്‌ ഞാൻ സ്വപ്നേപി കരുതിയിട്ടുമില്ല. കൊടുത്ത കടം തിരിച്ചുകിട്ടാൻ വൈകിയപ്പോൾ ഞാനനുഭവിച്ചത്‌ എനിക്കല്ലേ അറിയൂ. (കടം കൊടുത്ത തുകയുടെ മൂല്യം യഥാർഥ തുകയുടെ മൂല്യത്തെക്കാൾ എത്ര വലുതാണെന്ന്‌ ഞാനന്നാണ്‌ അറിഞ്ഞത്‌.) എനിക്കനുഭവിക്കാൻ കഴിയുന്നത്‌ അനുഭവിക്കാൻ അവസരംകിട്ടുന്നത്‌ വരെയേ ഒരുവനെന്റെ മിത്രമാവുന്നുള്ളു.


ഈ ലോട്ടറിയാണ്‌ മദ്യവില്പനപോലെ ഗള്‍ഫ്‌ മണിപോലെ നമ്മുടെ നാടിന്റെ സാമ്പത്തികാടിസ്ഥാനം. (മദ്യപിച്ച്‌ കരൾ രോഗം വന്ന്‌ ചാവുന്നവനു സര്‍ക്കാർ ചികിത്സ നല്കുകയോ അവന്റെ കുടുംബത്തിന്‌ ധനസഹായം നല്കുകയോ ചെയ്യില്ല. അവൻ കരൾ തന്നതുകൊണ്ടാണ്‌ തൊഴുത്ത്‌ നന്നായി കെട്ടാനാ യതെന്നൊന്നും സര്‍ക്കാർ കണക്കാക്കില്ല.) ക്ലാസ് കോണ്‍ഷ്യസ്‌നെസ്സിനെ ഹൈക്ലാസ്‌ കോണ്‍ഷ്യസ്നെസ്സാക്കി ഉയര്‍ത്തിയതിയതിൽ ലോട്ടറിക്കുള്ള പങ്ക്‌ ചെറുതല്ല. മദ്യവില്പനയ്ക്കും ഗള്‍ഫ്‌ മണിക്കുമുള്ള അതേ പങ്ക്.