കുറ്റവാളി ഗോത്രങ്ങൾ – എം.വി.ബെന്നി

കുറ്റവാളി ഗോത്രങ്ങൾ – എം.വി.ബെന്നി

ശബ്ദതാരാവലിയുടെ രണ്ടാം പതിപ്പിന്‌ ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള എഴുതിയ ആമുഖകുറിപ്പിൽ കാവ്യാത്മകമായ ഒരു വാക്യമുണ്ട്‌, “സുഖം എന്ന പദത്തിന്റെ അർഥം എന്റെ നിഘണ്ടുവിൽ കൊടുത്തിട്ടുണ്ടെന്ന്‌ വരികിലും പരമാർഥത്തിൽ അതെങ്ങനെയിരിക്കുമെന്ന്‌ ഞാൻ ഇതുവരെ അറിഞ്ഞിട്ടുള്ളവനല്ല.” 34 വര്‍ഷം  പണിയെടുത്താണ്‌ ശ്രീകണ്ഠേശ്വരം, ശബ്ദതാരാവലി എഴുതി പൂര്‍ത്തിയാക്കിയത്‌. ഇന്നും ഒരു മലയാള വാക്കിന്റെ അർഥം ഉറപ്പുവരുത്തണമെങ്കിൽ വായനക്കാര്‍ക്ക്‌ ശബ്ദതാരാവലി മറിച്ചുനോക്കണം. നിഘണ്ടുക്കൾ മലയാളത്തിൽ വേറെയും ഉണ്ടെങ്കിലും ആധികാരികത ശബ്ദതാരാവലിക്കാണ്‌.


സുഖം എന്തെന്ന്‌ അനുഭവിച്ചിട്ടില്ലാത്ത ഒരു മനുഷ്യനാണ്‌; സുഖമെന്ന പദത്തിന്റെ അർഥം ഞാൻ അനുഭവിച്ചിട്ടല്ല എന്നു സാക്ഷ്യപ്പെടുത്തിയത്‌. സുഖവും ദുഃഖവും കുറിക്കുന്ന വാക്കുകൾ നിഘണ്ടുവിൽ ഉണ്ടെങ്കിലും നിങ്ങൾ അതനുഭവിച്ചിട്ടുണ്ടോ എന്നതാണ്‌ ചോദ്യം.


മനുഷ്യർ അവരുടെ ആശയങ്ങൾ പ്രധാനമായും വിനിമയംചെയ്യുന്നത്‌ ഭാഷയിലൂടെയായതുകൊണ്ട്‌ ഒരാൾ പതിവായി ഉപയോഗിക്കുന്ന വാക്കുകൾ പരതിയാൽ അയാളടെ അന്തർഗതംപോലും പിടിച്ചെടുക്കാം. രാഷ്ട്രീയ നിരീക്ഷകരായ ലിങ്ഗ്വിസ്റ്റുകള്‍ക്ക്‌ ലഭിക്കുന്ന ആഗോളപ്രാധാന്യം മറ്റുള്ളവര്‍ക്ക്‌ ലഭിക്കാറുമില്ല. വാക്കുകൾ സൂക്ഷ്മമായി വിശകലനംചെയ്ത് നോം ചോംസ്കി കണ്ടെത്തുന്ന നിഗമനങ്ങൾ മറികടക്കാൻ സാധാരണഗതിയിൽ പ്രഫഷണൽ രാഷ്ട്രീയ നിരീക്ഷകര്‍ക്ക്‌ കഴിയാറില്ല. ഭാഷയിൽ വരുന്ന മാറ്റം ലിങ്ഗ്വിസ്റ്റുകൾ ശ്രദ്ധിക്കും. ഏകവചനം ആവശ്യമുള്ളിടത്ത്‌ ആദരസൂചകമായി ബഹുവചനം ഉപയോഗിക്കുന്ന രീതി മലയാളം ഉള്‍പ്പെടെയുള്ള ഭാഷകള്‍ക്കുണ്ട്‌. വൈദ്യർ, ഭാഗവതർ, പത്രാധിപർ തുടങ്ങിയ വാക്കുകൾ നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാകും. പത്രാധിപരോട്‌ ബഹുമാനക്കുറവ്‌ ഉണ്ടായാലും പത്രാധിപൻ എന്ന്‌ എഴുതാൻ പറ്റില്ല, പത്രാധിപർ എന്നുതന്നെ എഴുതണം.


അന്യഭാഷാപദങ്ങൾ നാട്ടിൽ സ്വാധീനമുറപ്പിച്ചാൽ ആ വാക്കുകളും ഡിക്ഷണറിയിൽ സ്ഥാനംപിടിക്കണം. എത്രയോ അന്യഭാഷാപദങ്ങൾ മലയാളമായി മാറിക്കഴിഞ്ഞിരിക്കുന്നു, ഓക്സ്ഫഡ് ഡിക്ഷണറിയിൽ ഗുരുവെന്നപോലെ.


നാമപദങ്ങൾ അന്യഭാഷകളിൽനിന്നു സ്വീകരിക്കുന്ന മലയാളി പക്ഷേ, ക്രിയാപദങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ വിമുഖരാണ്‌. തമിഴരാകട്ടെ, നാമപദങ്ങളും ക്രിയാപദങ്ങളും തമിഴാക്കി മാറ്റിയശേഷമാണ്‌ ഉപയോഗിക്കുക. പണ്ട്‌, ഷട്ടിൽകോക്കിന്‌ ഉചിതമായൊരു തമിഴ്‌ വാക്കുതേടി തമിഴർ അലഞ്ഞപ്പോൾ കരുണാനിധിയാണ്‌ ‘പൂപ്പന്ത്‌’ എന്ന തമിഴ്‌ വാക്ക്‌ സൃഷ്ടിച്ചത്‌.


ഭാഷയുടെ കാര്യത്തിൽ നമ്മൾ തുറന്ന മനസുള്ളവരാണെങ്കിലും നിഘണ്ടുക്കൾ അപ്ഡേറ്റ്‌ ചെയ്യുന്ന കാര്യത്തിൽ അല്പം ഉദാസീനരാണ്‌. സോഷ്യൽമീഡിയയിൽ സാർവത്രികമായ പുതിയവാക്കുകളൊന്നും നമ്മുടെ ഡിക്ഷണറികളിൽ കണ്ടെന്നുവരില്ല. നവമാധ്യമങ്ങൾ വരുന്നതിനുമുമ്പുള്ള മലയാളമാണ്‌ ഇപ്പോഴും നമ്മുടെ ഡിക്ഷണറികളിൽ.


പഴയ പൂജകബഹുവചനങ്ങളുടെ സ്ഥാനത്ത്‌ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന പുതിയ പൂജകബഹുവചനങ്ങൾ (?) നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടൊകും. മാപ്ര, അന്തംകമ്മി, സംഘി, കോങ്കി, സുഡാപ്പി, ക്രിസംഘി എന്നിങ്ങനെയാണ്‌ സോഷ്യൽ മീഡിയയിലെ പുതുമലയാളം.


മാപ്ര എന്നുപറഞ്ഞാൽ മാധ്യമപ്രര്‍ത്തകരെന്നും, അന്തംകമ്മി എന്നുപറഞ്ഞാൽ മാര്‍ക്‌സിസ്റ്റ്‌ ന്യായീകരണക്കാരെന്നും, സംഘി എന്നുപറഞ്ഞാൽ ഹിന്ദുത്വ ന്യായീകരണക്കാരെന്നും, കോങ്കി എന്നുപറഞ്ഞാൽ കോണ്‍ഗ്രസ്‌ ന്യായീകരണക്കാരെന്നും, സുഡാപ്പി എന്നുപറഞ്ഞാൽ ഇസ്ലാമിസ്റ്റ്‌ ന്യായീകരണക്കാരെന്നും, ക്രിസംഘി എന്നുപറഞ്ഞാൽ ഹിന്ദുത്വ രാഷ്ട്രീയത്തെ ന്യായീകരിക്കുന്ന ക്രിസ്ത്യാനിയെന്നുമാണ്‌ ഏകദേശ അർഥം. ഈവക പദങ്ങൾ ഇപ്പോൾ നിഘണ്ടുവിൽ ഇല്ലെങ്കിലും ഭാവിയിൽ പ്രത്യക്ഷപ്പെട്ടേക്കാം.


ചിന്ത മലിനമാകുമ്പോൾ ഭാഷ മലിനമാകും, ഭാഷ മലിനമാകുമ്പോൾ സംസ്കാരം മലിനമാകും. ഭാഷാമാലിന്യങ്ങളും സംസ്കാരപഠനത്തിന്റെ ഭാഗമായതുകൊണ്ട്‌ ഡിക്ഷണറികളിൽ മാത്രമായി സംസ്കാരം എഡിറ്റുചെയ്യാൻ കഴിയില്ല.


നമുക്ക്‌ മാപ്രകളിലേക്ക്‌ മടങ്ങിവരാം


വാക്കുകള്‍കൊണ്ട്‌ ആശയങ്ങൾ അവതരിപ്പിക്കുന്ന എല്ലാവരും സൂക്ഷ്മാർഥത്തിൽ മാപ്രകളാണ്‌. മാപ്രകളെ വിമര്‍ശിച്ച്‌ നവമാധ്യമങ്ങളിൽ എഴുതുന്നവരും സംസാരിക്കുന്നവരും മാപ്രകൾ തന്നെ. മാത്രമല്ല, പൊതുതിരഞ്ഞെടുപ്പിൽ പത്രങ്ങളെക്കാളും ചാനലുകളെക്കാളും കണ്‍ഫ്യൂഷൻ സൃഷ്ടിക്കാൻ കഴിയുന്നതും നവമാധുമങ്ങള്‍ക്കാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിൽ വാട്‌സാപ്പും അതിനുമുന്നിലെ തിരഞ്ഞെടുപ്പിൽ ട്വിറ്ററും വരുന്ന തിരഞ്ഞെടുപ്പിൽ യൂട്യൂബും ആയിരിക്കും തിരഞ്ഞെടുപ്പുരംഗം സ്വാധീനിക്കുന്നതെന്ന്‌ മാധ്യമ വിശാരദന്മാർ പറയുന്നു. എല്ലാ മാപ്രകളെയും സൂക്ഷിക്കണം.


ചരിത്രം പറയുമ്പോൾ ഇന്ത്യകണ്ട ഏറ്റവും മഹാനായ പത്രാധിപർ പോത്തൻ ജോസഫിന്റെ കഥയും ഓർമിക്കണം. സ്വാതന്ത്ര്യ സമരത്തിനുമുമ്പ്‌, ഇന്ത്യയിൽ ആദിവാസികളുടെ സ്വാതന്ത്ര്യസമരം നയിച്ച നേതാവായിരുന്നു ബിര്‍സ മുണ്ട. ആദിവാസികള്‍ക്ക്‌ അദ്ദേഹം ദൈവമായിരുന്നു. ദൈവം പറഞ്ഞപ്പോൾ ആദിവാസികൾ ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി. മഹത്തായ ആ സമരേതിഹാസം മഹാശ്വേതാ ദേവി, ‘ആരണ്യേർ അധികാർ’ (ആരണ്യത്തിന്റെ അധികാരം, മലയാള പരിഭാഷ: ലീല സര്‍ക്കാർ) എന്ന വിശ്രുത നോവലിൽ വിവരിച്ചിട്ടുണ്ട്‌. വനത്തിൽ ഉപ്പ്‌ കിട്ടില്ല. വനത്തിന്‌ പുറത്തുകടന്ന്‌ ആദിവാസികൾ കടകളിലെ ഉപ്പുചാക്ക്‌ കൊതിയോടെ നോക്കുന്നത്‌ നോവലിലുണ്ട്‌.


1871-ൽ, ബ്രിട്ടീഷ്കാർ ചില ഗോത്രവർഗങ്ങളെ കുറ്റവാളി ഗോത്രങ്ങളായി മുദ്രകുത്തി കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. അതുസംബന്ധിച്ച നിരവധിപഠനങ്ങൾ ഇപ്പോൾ ലഭ്യമാണ്‌. അതിൽ, മീന രാധാക്യഷ്ണ എഴുതിയ ‘Dishonoured by History’ എന്ന പുസ്തകവും ശ്രദ്ധിക്കണം. കടൽത്തീരത്ത്‌ ഉപ്പുകുറുക്കി വിദൂരഗ്രാമങ്ങളിൽ കൊണ്ടുപോയി വിറ്റിരുന്ന ഗോത്രങ്ങള്‍ക്ക്‌, ഉപ്പിന്റെ കുത്തകാവകാശം ബ്രിട്ടീഷുകാർ ഏറ്റെടുത്തതോടെ ജീവിതം വഴിമുട്ടി. കാട്ടിൽ കയറി കായ്കനികൾ ഭക്ഷിക്കാമെന്നു വെച്ചാൽ കാടും സര്‍ക്കാരിന്റേതാണ്‌. ആഹാരത്തിനുവേണ്ടി കാടുകയറിയവർ കുറ്റവാളികളും, അവരുടെ ഗോത്രങ്ങൾ കുറ്റവാളി ഗോത്രങ്ങളുമായി. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തിന്റെ ചരിത്രപശ്ചാത്തലം അവിടെ തുടങ്ങുന്നു.


ഇന്ത്യകണ്ട ഏറ്റവും മഹാനായ പത്രാധിപർ പോത്തൻ ജോസഫ്‌ നിരവധി ഇംഗ്ലീഷ്‌ പത്രങ്ങളിൽ പത്രാധിപരായിരുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാൻ പത്രമുടമ അനുവദിക്കാതെ വരുമ്പോൾ നടുവളക്കാതെ അദ്ദേഹം പത്രാധിപസ്ഥാനം രാജിവെച്ച്‌ അടുത്ത പത്രത്തിലേക്ക്‌ മാറും.സ്വാതന്ത്ര്യത്തിനുമുമ്പ്‌ ഇരുപതുവര്‍ഷവും ശേഷം ഇരുപതുവര്‍ഷവും, നാല്പതുകൊല്ലം തുടര്‍ച്ചയായി അദ്ദേഹം ഒരു പ്രതിദിന പംക്തി, ‘ഓവർ എ കപ്പ്‌ ഓഫ്‌ ടീ’ എഴുതി. അതും ഒരു ലോകാത്ഭുതം.


ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും സീനിയർ ജേണലിസ്റ്റ്‌ ടി. ജെ. എസ്‌. ജോര്‍ജ്‌, പോത്തൻ ജോസഫിന്റെ ജീവചരിത്രം പുസ്തകമാക്കിയിട്ടുണ്ട്‌, ‘Lessons in Journalism: The story of Pothan Joseph’. പുസ്തകത്തിൽ പോത്തൻ ജോസഫിന്റെ മനോഹരമായ ഒരു വാക്യവുമുണ്ട്‌, “സര്‍ക്കാരിന്റെ കണ്ണിൽ നമ്മൾ ഒരു കുറ്റവാളി ഗോത്രമാണ്‌”


ഒരു സര്‍ക്കാരും മാധ്യമങ്ങളെ ഇഷ്ടപ്പെടുന്നില്ല. സര്‍ക്കാരുകള്‍ക്ക്‌ മാധ്യമങ്ങളോടുള്ള കലിപ്പ്‌ ഇന്നോ ഇന്നലെയോ: തുടങ്ങിയതല്ലെന്നർഥം. സര്‍ക്കാരായാലും മാധ്യമങ്ങളായാലും അവരുടെ ശരിപരിശോധിച്ചുവേണം വായനക്കാർ നിലപാടെടുക്കാൻ, തിരഞ്ഞെടുപ്പു കാലങ്ങളിൽ വിശേഷിച്ചും.


ഭാഷാന്തരങ്ങൾ


മദ്രാസ്‌ ഹൈക്കോടതിയിലെ ജസ്റ്റിസ്‌ ആനന്ദ്‌ വെങ്കിടേഷ്‌, ഭാഷാപരമായ ചെറിയൊരു പരാമര്‍ശം കോടതിമുറിയിൽ നടത്തിയപ്പോഴേക്കും അതൊരു വലിയ വാര്‍ത്തയായി. ഉള്ളടക്കത്തിൽ മാറ്റമില്ലാത്ത നിയമപുസ്തകങ്ങള്‍ക്ക്‌ ഹിന്ദി പേരിനുപകരം ഇംഗ്ലീഷ്‌ പേരുപറഞ്ഞാലും മതിയല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മുമ്പ്‌, കൊടിക്കുന്നിൽ സുരേഷ്‌ പാര്‍ലമെന്റ് അംഗമായി ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്യാൻ ശ്രമിച്ചപ്പോൾ, ഇംഗ്ലീഷിലോ മലയാളത്തിലോ മതിയെന്ന്‌ സോണിയ പറഞ്ഞതും വാര്‍ത്തയായിരുന്നു. രാഷ്ട്രീയം വിശകലനംചെയ്യാൻ ശ്രമിക്കുന്നവർ മതവും ജാതിവും അപഗ്രഥിക്കുമെങ്കിലും അതിനെക്കാൾ തീവ്രതയുള്ള ഭാഷയുടെ കാര്യം പലപ്പോഴും മറന്നുപോകും. വിവിധ ഭാഷാസമൂഹങ്ങൾ ഒന്നിച്ചുകഴിയുന്ന ഇന്ത്യപോലൊരു രാജ്യത്ത്‌ ഭാഷയും ശ്രദ്ധിക്കണം.


ഭാഷാസംസ്ഥാനങ്ങൾ അനുവദിക്കുന്നതിനുമുമ്പ്‌ ഇന്ത്യയിൽ അതിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങൾ ഓർമയുണ്ടാകുമല്ലോ. ഭാഷാസംസ്ഥാനങ്ങൾ അനുവദിച്ചതോടെയാണ്‌ ഇന്ത്യയിൽ ആ പ്രശ്നം മിക്കവാറും അസ്തമിച്ചത്‌.


മതാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട പാക്കിസ്ഥാൻ, ബംഗ്ലാദേശായി വിഭജിക്കപ്പെട്ടതിനു പിന്നിലെ പ്രധാനകാരണം മതമായിരുന്നില്ല, ഭാഷയായിരുന്നു. ശ്രീലങ്കയിലെ സിംഹള തമിഴ്‌ കൂട്ടക്കൊലകളും ആരും മറന്നിട്ടുണ്ടാകില്ല. നമുക്ക്‌ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളാണെങ്കിൽ യൂറോപ്പിൽ ഭാഷാടിസ്ഥാനത്തിൽ രാജ്യങ്ങളാണ്‌. നമ്മുടെ ഭരണഘടനയിൽ മതന്യുനപക്ഷങ്ങള്‍ക്കുള്ള പ്രിവിലേജുകൾ ഭാഷാന്യൂനപക്ഷങ്ങള്‍ക്കുമുണ്ട്‌.


ഒറ്റഭാഷമാത്രം സംസാരിച്ചിരുന്ന മനുഷ്യരാശി മാനംമുട്ടുന്ന ബാബേൽ ഗോപുരം പണിയാൻ പുറപ്പെട്ട്‌ ഒടുവിൽ പലഭാഷകൾ സംസാരിച്ച്‌ ചിതറിപ്പോയ കഥ ബൈബിളിലുണ്ട്‌. അതുപോലെ, മാനവരാശിക്ക്‌ ഒറ്റ ഭാഷയിലേക്ക്‌ മടങ്ങിപ്പോകാൻ കഴിയുമോ എന്നാലോചിച്ച ഒരു കത്തോലിക്ക പുരോഹിതൻ യൂറോപ്പിൽ പണ്ടുണ്ടായിരുന്നു, ജൊഹാൻ മാര്‍ട്ടിൻ ഷ്ലിയർ. ആദ്ദേഹം ആസൂത്രണം ചെയ്ത ഭാഷയാണ്‌ വൊളാപുക്‌. യൂറോപ്പിൽ വിജയിച്ചാൽ ലോകംമുഴുവൻ അതുനടപ്പാക്കാമെന്ന്‍ അദ്ദേഹം കരുതി. ആ ഭാഷയിൽ പുസ്തകങ്ങളും ഉണ്ടായി. പക്ഷേ, ലക്ഷ്യം വിജയിച്ചില്ല. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തെ കുറിച്ച്‌ രചിച്ച പുസ്തകമാണ്‌ വൊളാപുക്‌ ഭാഷയിലുണ്ടായ അവസാന പുസ്തകം.


ഉത്തരേന്ത്യക്കാർ കട്ടിങ്‌ സൗത്ത്‌ എന്ന രാഷ്ട്രീയ ആശയത്തെ കരുതിയിരിക്കുന്നതുകൊണ്ട്‌ ഭാഷാപരമായ നമ്മുടെ ചെറിയ പരാമര്‍ശങ്ങൾപോലും തെറ്റിദ്ധരിക്കപ്പെടാം, സൂക്ഷിക്കണം.


പണത്തിന്റെ വഴികൾ


പണം സഞ്ചരിക്കുന്നവഴി മനസ്സിലാക്കാനുള്ള ബുദ്ധിയും ബന്ധങ്ങളും നിങ്ങള്‍ക്കുണ്ടെങ്കിൽ ഏതുരാജ്യത്തെ രാഷ്ട്രീയചലനങ്ങളും നിങ്ങള്‍ക്ക്‌ പ്രവചിക്കാം. പണമില്ലാതെ ഒരു രാഷ്ട്രീയചലനവും ദീര്‍ഘകാലം ദേശവ്യാപകമായി ഒരിടത്തും നടക്കില്ല.


കമ്യൂണിസം ആഗോളവ്യാപകമായി തകര്‍ന്നടിഞ്ഞപ്പോൾ, അമേരിക്കൻചരിത്രകാരനായ റിച്ചാര്‍ഡ്‌ പൈപ്സ് എഴുതിയ പുസ്തകമാണ്‌, ‘Communism: A History’. എല്ലാം പൊതുവുടമയിലുള്ള കമ്യൂണിസ്റ്റ്‌ രാഷ്ട്രങ്ങളിൽ അധികാരത്തിനെതിരെ സമരംചെയ്യുന്നവർ പട്ടിണികിടന്നു മരിച്ചുപോകും. എങ്കിലും പഴയ പോളണ്ടിൽ ലെക്‌ വലേസയുടെ നേതൃത്വത്തിൽ ജനങ്ങൾ സമരം തുടര്‍ന്നിട്ടും പട്ടിണിമരണം ഉണ്ടായില്ല, സമരം കമ്യൂണിസത്തെ കടപുഴക്കുകയും ചെയ്തു.അപ്പോൾ, ആരാണ്‌ പോളണ്ടിലെ സമരം ഫണ്ട്‌ ചെയ്തത് എന്ന ചോദ്യം ഉയരുന്നു. പുസ്തകത്തിൽ അതിനുമറുപടിയില്ല. അതുപറയാൻ വേണ്ടിയല്ല പുസ്തകം.


അമേരിക്കൻ ചാരസംഘടനയിൽ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജോൺ പെര്‍കിന്‍സ്‌ എഴുതിയ പുസ്തകമാണ്‌, ‘Confessions of an Economic Hit Man’. ഒരു സാമ്പത്തിക ഗുണ്ടയുടെ കുമ്പസാരക്കുറിപ്പുകൾ എന്നു വേണമെങ്കിൽ അതു പരിഭാഷചെയ്യാം. പോളണ്ടിലല്ല, ആഗോള കാന്‍വാസിലാണ്‌ പുസ്തകം.


ആഗോള സമ്പദ്‌ഘടന കൈപ്പിടിയിലൊതുക്കാൻ അമേരിക്ക പയറ്റുന്ന കുതന്ത്രങ്ങൾ പുസ്തകത്തിലുണ്ട്‌. അമേരിക്കയുമായി കണ്ണിചേരാത്തവര്‍ക്ക്‌ ആഗോള സമ്പദ്‌ഘടനയിൽ പിടിച്ചുനില്ക്കാൻ എളുപ്പമല്ല. ലോകത്ത്‌ നടക്കുന്ന ധനകാര്യയുദ്ധങ്ങളാണ്‌ പുസ്തകത്തിൽ. ജൂത സോഷ്യലിസ്റ്റ്‌ യുവാൽ നോഹ ഹരാരി എഴുതിയ, ‘21 Lessons for the 21st Century’ എന്ന പുസ്തകവും വായിക്കണം. അധികാരകേന്ദ്രങ്ങള്‍ക്ക്‌ പിടിച്ചെടുക്കാൻ കഴിയാത്ത ഒരു രഹസ്യവും ഇപ്പോൾ ഭൂമിയിലില്ലെന്ന്‌ അപ്പോൾ നമുക്കും മനസ്സിലാകും, സാങ്കേതികവിദ്യകൾ അത്രമാത്രം വികസിച്ചകാലത്താണ്‌ നമ്മൾ ജീവിക്കുന്നത്‌. ഒന്നും വായിക്കാത്തവര്‍ക്ക്‌ മാത്രമാണ്‌ ഇക്കാലത്തും കള്ളംപറയാനുള്ള ധൈര്യമുണ്ടാകൂ. ഏറ്റവും നല്ല യുദ്ധതന്ത്രങ്ങൾ അരങ്ങേറുന്നത്‌ ഇന്നും ധനകാര്യ മേഖലയിലാണ്‌. എന്നിട്ടും, തെറ്റുചെയ്തിട്ടും, നിങ്ങള്‍ക്ക്‌ രക്ഷപെടണമെങ്കിൽ നിങ്ങള്‍ക്കനുകൂലമായ രാഷ്ട്രീയ പരിഹാരം ഉണ്ടാകണം, വീണ വിജയൻ ആയാലും.


അക്ബറും സീതയും


ആദര്‍ശധീരനായാലും അനാദര്‍ശധീരനായാലും, ഒരു അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേരളത്തിൽ മൂന്നുകോടി മുടക്കണം. ചില മണ്ഡലങ്ങളിൽ അല്പം കൂടുകയോ ചില മണ്ഡലങ്ങളിൽ അല്പം കുറയുകയോ ചെയ്യാം. എങ്കിലും ശരാശരി മൂന്നുകോടി വേണം. സംസ്ഥാനത്തെ 140 അസംബ്ലി മണ്ഡലങ്ങളിൽ മൂന്നുകോടിവീതം കണക്കാക്കിയാൽ അഞ്ചുവര്‍ഷംകൊണ്ട്‌ 420 കോടി ഉണ്ടാക്കണം.


ഇലക്ഷൻ കമ്മീഷൻ അനുവദിക്കുന്ന കണക്കിലല്ല യഥാർഥ ഇലക്ഷൻ. രാഷ്ട്രീയ അഴിമതി വ്യാപകമായതിന്‌ പ്രധാന കാരണവും അതുതന്നെ. തിരഞ്ഞെടുപ്പ്‌ ചെലവിന്റെ സിംഹഭാഗവും പാര്‍ട്ടി നേതൃത്വം കണ്ടെത്തണം, സ്വരൂപിച്ച പണം സുരക്ഷിതമായി സൂക്ഷിക്കാനും അവര്‍ക്ക്‌ കഴിയണം. അതാണ്‌ യഥാർഥ ഇലക്ഷൻ മാനേജ്മെന്റ്‌. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക്‌ ആദായനികുതി വകുപ്പിനെയോ ഇ.ഡിയെയോ ഭയപ്പെടേണ്ടതില്ല. അതുപോലല്ല മറ്റുപാര്‍ട്ടികൾ.


ഇതൊക്കെ അറിഞ്ഞിട്ടും അറിയാത്തമട്ടിൽ ഇരിക്കുകയാണ്‌ നമ്മൾ.


ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിൽ കഥകളി കാണാൻ എത്തുന്ന സായിപ്പിനെ ശ്രദ്ധിച്ചിട്ടുണ്ടോ. ജനിച്ചിട്ടിന്നേവരെ ഒരു കഥകളിപോലും കണ്ടിട്ടില്ലാത്ത സായിപ്പാണെങ്കിലും പുതിയ പുതിയ ഇംഗ്ലീഷ്‌ വാക്കുകൾ പറഞ്ഞ്‌ കഥകളിക്കാരെ അഭിനന്ദിക്കും. കളിയാശാനാണോ സായിപ്പാണോ മികച്ച നടൻ എന്നു നമുക്ക്‌ സംശയം ജനിക്കുകയും ചെയ്യും. കട്ടും മോട്ടിച്ചും പണമുണ്ടാക്കിയ നേതാവായാലും, ആ പണംകൊണ്ട്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നേതാവിനുവേണ്ടി അനുയായികൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിക്കും. ആരും ഒന്നും അറിഞ്ഞതായി ഭാവിക്കില്ല. നമ്മുടെ മതവും ജാതിയും അതുപോലെയാണ്‌. കേരളത്തിൽ എല്ലാവരും മതേതര വാദികളാണ്‌. എങ്കിലും സ്ഥാനാർഥിയെ നിറുത്തുമ്പോഴും വിവാഹം ആലോചിക്കുമ്പോഴും മതവും ജാതിയും അന്വേഷിക്കും.


എങ്കിലും, വർഗീയ വാദികളെ ട്രോളാൻ കിട്ടുന്ന ഒരവസരവും നമ്മൾ പാഴാക്കില്ല. അതുകൊണ്ടാണ്‌ അക്ബറെന്ന ആണ്‍സിംഹവും സീതയെന്ന പെണ്‍സിംഹവും കോടതി വാര്‍ത്തയിൽ ഇടംപിടിച്ചപ്പോൾ ട്രോളോട്‌ ട്രോൾ ആയത്‌.


പേരിന്റെ കാര്യത്തിൽ ഒരുപാട്‌ ഫലിതങ്ങൾ പണ്ട്‌, എം.പി.നാരായണപിള്ള എഴുതിയിട്ടുണ്ട്‌. അതൊക്കെ ഇടയ്ക്കൊന്നെടുത്തുനോക്കി വല്ലപ്പോഴും നമുക്ക്‌ നമ്മളെത്തന്നെയും ട്രോളാവുന്നതാണ്‌.


അമ്മയെ തല്ലിയാലും


സ്വാതന്ത്ര്യം നഷ്ടപ്പെടുത്താത്ത ജനതയായതുകൊണ്ട്‌ ബ്രിട്ടനിൽ ആര്‍ക്കും എന്നുവേണമെങ്കിലും ദേശീയപതാക ഉയര്‍ത്താം. നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ചുകിട്ടിയവര്‍ക്കാണല്ലോ സ്വാതന്ത്ര്യദിനം. ദേശീയഗാനവും ദേശീയപതാകയും അവര്‍ക്കുമുണ്ട്‌. ബ്രിട്ടന്റെ ഭാഗമായ സ്കോട്ട്ലാന്‍ഡ്‌ ഉള്‍പ്പെടെയുള്ള പ്രവിശ്യകള്‍ക്കും അവരുടേതായ ഗാനവും പതാകയുമുണ്ട്‌. ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ക്ക്‌ ഗാനവും പതാകയുമുള്ളത്‌ ഔപചാരികമാണോ എന്നറിയില്ല, എന്തായാലും കേരളത്തിനതില്ല. കേരളഗാനം രൂപപ്പെടുത്താൻ സര്‍ക്കാർ കുറച്ചുമുമ്പ്‌ ആലോചിച്ചു തുടങ്ങിയതിന്റെ കോലാഹലങ്ങളായിരുന്നു കഴിഞ്ഞമാസം. ആവശ്യപ്പെട്ടതനുസരിച്ച്‌ ശ്രീകുമാരൻ തമ്പി തയാറാക്കിയ കേരളഗാനം പറ്റില്ലെന്ന്‌ ചിലരും, പറ്റുമെന്ന്‌ മറ്റുചിലരും. സര്‍ക്കാരിനെക്കൊണ്ട്‌ എന്തെങ്കിലും സമ്മതിപ്പിക്കുന്നതിനെക്കാൾ പ്രയാസമാണ്‌ കവികളെക്കൊണ്ട്‌ സമ്മതിപ്പിക്കാൻ. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുതെന്ന വേദപ്രമാണംപോലെ, ഞാനല്ലാതെ മറ്റൊരുകവി നിനക്കുണ്ടാകരുത്‌ എന്ന വാശിയിലാണ്‌ മിക്കവാറും കവികൾ. അവര്‍ക്ക്‌ സ്വന്തം കവിതയല്ലാതെ മറ്റാരുടെ കവിതയും ഇഷ്ടപ്പെടുകയുമില്ല. ആ നിലയ്ക്ക്‌ സച്ചിദാനന്ദൻ, ശ്രീകുമാരൻ തമ്പിയുടെ കേരളഗാനം തിരഞ്ഞെടുക്കുമെന്ന്‌ കരുതാൻ ന്യായമൊന്നുമുണ്ടായിരുന്നില്ല. മാത്രമല്ല, ‘അമ്മയെ തല്ലിയാലും രണ്ടുണ്ട്‌ പക്ഷം’ എന്ന ചിരന്തന മുദ്രാവാക്യം കൊണ്ടുനടക്കുന്നവരുടെ നാടാണ്‌ കേരളം. മറ്റുദേശക്കാര്‍ക്കൊക്കെ അമ്മയെ തല്ലിയത്‌ തെറ്റാണെന്ന പക്ഷമേയുള്ളൂ. അതുകൊണ്ട്‌, കേരളഗാനം ഉടനെയൊന്നും ഉണ്ടാകാൻ സാധ്യതയില്ല. കേരളഗാനത്തിന്റെ കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടായിട്ടുവേണം നമുക്ക്‌ കേരളപതാകയെക്കുറിച്ചുള്ള തര്‍ക്കം തുടങ്ങാൻ. വെറുതെയാണോ: തന്റെ റിപ്പബ്ലിക്കിൽ കവികളെ പ്രവേശിപ്പിക്കില്ലെന്ന്‌ പ്ലാറ്റോ വാശിപിടിച്ചത്‌. കേരളത്തിന്റെ സവിശേഷസാഹചര്യത്തിൽ, പെരുന്തച്ചൻ പണികഴിപ്പിച്ച കുളംപോലെ വേണം നമ്മുടെ കേരളഗാനവും. കുളം വൃത്തത്തിൽ വേണമെന്ന്‌ ആഗ്രഹിച്ചവരും ചതുരത്തിൽ വേണമെന്ന്‌ ആഗ്രഹിച്ചവരും ദിര്‍ഘചതുരത്തിൽ വേണമെന്ന്‌ ആഗ്രഹിച്ചവരും പണ്ടുണ്ടായിരുന്നു എല്ലാവരെയും തൃപ്തിപ്പെടുത്തി പെരുന്തച്ചൻ കുളം നിർമിച്ചു. അതുപോലെ, ഹിന്ദുക്കൾ കേട്ടാൽ ഹിന്ദുക്കള്‍ക്കനുകൂലമാണെന്നും മുസ്ലീങ്ങൾ കേട്ടാൽ അവര്‍ക്കനുകൂലമാണെന്നും ക്യസ്ത്യാനികൾ കേട്ടാൽ അവര്‍ക്കനുകൂലമാണെന്നും പാര്‍ട്ടിക്കാർ കേട്ടാൽ അവര്‍ക്കനുകൂലമാണെന്നും തോന്നുന്ന വിധത്തിലായിരിക്കണം കേരളഗാനം. കേരളപതാകയിൽ സ്വാമി വിവേകാനന്ദന്റെ ചിത്രവും വേണം, ഇതു ഭ്രാന്താലയമാണെന്ന്‌ പണ്ടേപറഞ്ഞത്‌ അദ്ദേഹമാണല്ലോ.