മുൻവാക്ക്

മുൻവാക്ക്

കെട്ടുകാഴ്ചക്കാലം - സി. രാധാകൃഷ്ണൻ

ഇതു വേഷങ്ങളുടെ കാലം. പരിഷ്കൃതർ എന്നു സ്വയം വിളിക്കാൻ ഇഷ്ടപ്പെടുന്ന നമുക്കെല്ലാവർക്കുമുണ്ട് ഓരോ വേഷം.


വേഷങ്ങൾ രണ്ടുതരം: സമൂഹം കല്പിക്കുന്നത്, സ്വയം നിര്‍മിക്കുന്നത്. പട്ടാളത്തിനും പോലീസിനും വക്കീലിനും ഒക്കെ ഉള്ളത് ആദ്യത്തെ ഇനം, സ്വയം മാർക്കറ്റ് ചെയ്യാൻ സൃഷ്ടിക്കുന്നത് രണ്ടാമത്തേതും.


പഴയകാലങ്ങളിൽ വേഷങ്ങൾ കുറവായിരുന്നു. അരങ്ങുകളിലോ അനുഷ്ഠാനങ്ങളിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോഴിക്കോട്ട് എത്തിയ വാസ്കോ ഡ ഗാമ തന്റെ രാജാവിനയച്ച ആദ്യസന്ദേശത്തിൽ പറയുന്നത് സാമൂതിരി എന്ന രാജാവ് (തലകുനിച്ചു കടക്കേണ്ട) ചെറിയ ഓലപ്പുരയിൽ തറയിൽ വിരിച്ച വെളുത്ത തുണിയിൽ ഇരിക്കുന്ന അർധനഗ്നനായ പരമ ദരിദ്രനാണെന്നത്രെ.


യൂറോപ്യൻ സാമീപ്യത്തിലൂടെയാണ് രാജാക്കന്മാർ കൊട്ടാരങ്ങളും മഹാ വേഷവിധാനങ്ങളും സംഭരിച്ചത്. പടിഞ്ഞാറ് നിന്നുതന്നെ വന്ന ജനാധിപത്യസങ്കല്പം രാഷ്ട്രീയകക്ഷികൾക്കും നേതാക്കൾക്കും ഇടമുണ്ടാക്കി. ഈ നേതാക്കന്മാർക്കും വേഷങ്ങൾ ആവശ്യമായി. മഹാത്മാഗാന്ധിപോലും ദക്ഷിണാഫ്രിക്കയിലെ വേഷമല്ല ശ്രീരാമകൃഷ്ണ പരമാംസന്റെയും ബുദ്ധദേവന്റെയും ഒക്കെ വേഷമാണ് ദരിദ്ര നാരായണന്മാരുടെ ഈ നാട്ടിൽ സ്വീകരിച്ചത്. ഹരേ റാം എന്ന മന്ത്രവും കൈക്കൊണ്ടു.


ഇത്തരം വേഷങ്ങൾക്ക് ഒരു കുഴപ്പമുള്ളത് ഒരിക്കൽ അണിഞ്ഞാൽപ്പിന്നെ അഴിക്കാൻ കഴിയില്ല എന്നതാണ്. (ഈ കാര്യം 1968-ൽ എഴുതിയ വേഷങ്ങൾ എന്ന കൃതിയിൽ ഞാൻ വിശദീകരിക്കുന്നുണ്ട്.)


വാർത്താവിതരണ വിപ്ലവത്തോടുകൂടി വേഷങ്ങൾക്ക് മറ്റൊരു  സൗകര്യംകൂടി കൈവന്നു. ഉടുത്തുകെട്ടു മാത്രമല്ല വേഷങ്ങളുടെ മൊത്തം പ്രതിച്ഛായ മുൻകൂട്ടി നിശ്ചയിച്ചു സ്ഥാപിച്ചെടുക്കാം എന്നായി. ബ്രാൻഡ് നിര്‍മിതി ചെലവേറിയതെങ്കിലും അനന്തസാധ്യതയുള്ള ഏർപ്പാടാണെന്നു വന്നു. സിനിമാതാരങ്ങൾ മുതലായവർ മാത്രമല്ല എഴുത്തുകാർ ഉൾപ്പെടെ ഡോക്ടർമാർ വരെ എല്ലാ തുറകളിലും ഉള്ളവർ ആത്മാർഥതയില്ലായ്മയോ കോശസ്ഥിതിയോ രണ്ടും കൂടിയോ അനുവദിക്കുന്നത്രത്തോളം ഈ സംഗതി ഉപയോഗിക്കാനും തുടങ്ങി.


വ്യക്തിയും അയാൾക്ക് ഉള്ളതായി അറിയപ്പെടുന്ന പ്രതിച്ഛായയും തമ്മിൽ പുലബന്ധംപോലും വേണ്ടെന്നു വന്നു. കളി അറിയാവുന്നവർ ആവശ്യംപോലെ പ്രതിച്ഛായയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നു. വിവാദങ്ങൾ ഉണ്ടാക്കിയും മറ്റുള്ളവരുടെ പ്രതിച്ഛായകൂടി ഉപയോഗിച്ചും ഈ കളി തുടർന്നുവരുന്നു. വന്നുവന്ന് പൊതു ജീവിതത്തിൽനിന്ന് ആത്മാർഥത തീർത്തും അപ്രത്യക്ഷമായി.


നരേന്ദ്രമോദിയോ പിണറായി വിജയനോ മാത്രമല്ല, ഒരു തുറയിലുമുള്ള അല്പമെങ്കിലും അറിയപ്പെടുന്ന ആരുംതന്നെ യഥാർഥജീവിതത്തിലുള്ളത് അവരെക്കുറിച്ചുള്ള പൊതുബോധത്തിൽ കാണുംപോലെയല്ല. വ്യക്തിജീവിതത്തിൽപ്പോലും നമ്മളൊക്കെ ഉള്ളതിലേറെ നല്ല അച്ഛനോ ഭർത്താവോ എഴുത്തുകാരനോ ഒക്കെയായി ഭാവിക്കുന്നു. ശുദ്ധമലയാളത്തിൽ പറഞ്ഞാൽ ഇതു തട്ടിപ്പാണ്. പക്ഷേ, വൻ തുകകൾ മുടക്കി പണിതു നിലനിറുത്തപ്പെടുന്ന പ്രതിച്ഛായകൾ ഉടയ്ക്കാൻ പ്രയാസമാണ്. ഉദാഹരണത്തിന്, ഞാൻ ഈ കുറിക്കുന്നത് ആരുടെയും ഒരു പ്രതിച്ഛായയ്ക്കും  ഒരു കുഴപ്പവും ഉണ്ടാക്കാൻ മതിയാവില്ല. കാരണം, മാധ്യമങ്ങൾ ജീവിക്കുന്നത് പ്രതിച്ഛായാനിർമാണത്തിന് പ്രതിഫലം പറ്റിയാണ്.


പ്രതിച്ഛായ നിര്‍മിക്കുന്നതിന് എന്തും ഏതും നിർബാധം  എടുത്ത് ഉപയോഗിക്കപ്പെടുന്നു – കമ്മ്യൂണിസം മുതൽ ദൈവങ്ങൾ വരെ. ഏതളവിൽ എന്നറിയണമെങ്കിൽ ഒരു രാമജന്മഭൂമി പ്രശ്നത്തെയോ മനുഷ്യച്ചങ്ങല പോലെയുള്ള ഏതെങ്കിലും പ്രകടനത്തെയോ നിഷ്പക്ഷമായി ഒന്നു പരിഗണിച്ചു നോക്കൂ. വഴക്കായും വക്കാണമായും നിര്‍മിതിയായും പൊളിക്കലായും മാധ്യമപരസ്യങ്ങളായും എത്ര ആയിരം കോടിയാണ് നാടിനു നഷ്ടമായത്? ഇതുകൊണ്ട് ശ്രീരാമദേവനെന്നല്ല ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ആർക്കെങ്കിലും ഒരാൾക്കുപോലും എന്തെങ്കിലും പ്രയോജനം ഉണ്ടായോ?


യഥാർഥത്തിൽ എന്താണോ അതായി ജീവിക്കാനും ആ ജീവിതം ആ ആത്മസത്തയെത്തന്നെ സംസ്കരിക്കാൻ ഉപയോഗിക്കുന്നതിനും എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല? നമ്മുടെ വിശ്വാസത്തിന്റെ പേരിൽ നമ്മെ കുരങ്ങ് കളിപ്പിക്കാൻ ആരെയും അനുവദിക്കാതിരിക്കാനുള്ള തന്റേടമെങ്കിലും ഈ വൈജ്ഞാനികയുഗത്തിൽ ജീവിക്കുമ്പോൾപോലും നമുക്കില്ലാതെ പോകുന്നത് എന്തുകൊണ്ട്?