ഹിറ്റ്‌ലറുടെ സ്വകാര്യലൈബ്രറി – എം.വി.ബെന്നി
ദിനവൃത്താന്തo
ലോകമെമ്പാടും സമൂഹത്തെ പരിവര്‍ത്തനപ്പെടുത്താൻ പരിശ്രമിച്ച രാഷ്ട്രീയനേതാക്കൾ, പാര്‍ട്ടി ഏതായാലും പ്രത്യയശാസ്ത്രം ഏതായാലും അവരുടെ ആശയങ്ങൾ പുരോഗമനപരമായാലും പ്രതിലോമപരമായാലും, അവരുടെ ആലോചനകൾക്കു പിന്നിൽ അവരുടെ സ്വകാര്യലൈബ്രറിക്കും കാര്യമായ പങ്കുണ്ട്.
നേതാക്കളുടെ സ്വകാര്യലൈബ്രറിയെക്കുറിച്ച് അധികമൊന്നും ആരും എഴുതിക്കണ്ടിട്ടില്ല, വിശേഷിച്ചും സമുന്നതരായ പഴയ നേതാക്കളുടെ സ്വകാര്യ ലൈബ്രറികളെക്കുറിച്ച്. ഭാഷയിലും ആശയങ്ങളിലും വ്യത്യസ്തമായ ചിലത് പറയാനുണ്ടെന്ന് ഒരാള്‍ക്ക് തോന്നുമ്പോഴാണ് അയാൾ സമൂഹമധ്യത്തിൽ എഴുതാനും പ്രസംഗിക്കാനും തുടങ്ങുന്നത്. രാഷ്ട്രീയനേതാക്കൾ പണ്ട് പ്രധാനമായും രൂപപ്പെട്ടിരുന്നത് അവർ എഴുത്തിലും പ്രസംഗങ്ങളിലും വ്യാപരിക്കാൻ തുടങ്ങുമ്പോഴാണ്. സ്വാഭാവികമായും എഴുത്തും പ്രസംഗവും സമൂഹത്തെ ആകര്‍ഷിക്കണമെങ്കിൽ അവര്‍ക്ക് വായനയുടെ പിന്‍ബലവും വേണം. വായിച്ചും മനനം ചെയ്തും അവർ സ്വരൂപിച്ച ആശയങ്ങളിൽ കഴമ്പുണ്ടെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴാണ് സാധാരണനേതാക്കൾ ജനനേതാക്കളായി ഉയരുന്നത്. പലരോടും സംസാരിച്ചും നിരീക്ഷിച്ചും നേതാക്കൾ മനസ്സിലാക്കിയ ആശയങ്ങൾ അവരുടെ എഴുത്തിലും പ്രസംഗങ്ങളിലും ഉണ്ടാകുമെങ്കിലും അവരുടെ രൂപപ്പെടലിന്റെ പ്രധാന അടിത്തറ അവരുടെ സ്വകാര്യലൈബ്രറിയായിരിക്കും. അതിലുള്ളതുമാത്രമാണ് അവർ വായിച്ചതെന്നോ അതിലുള്ളതു മുഴുവൻ അവർ വായിച്ചുകഴിഞ്ഞെന്നോ നമ്മൾ അർഥമാക്കേണ്ടതില്ല. എങ്കിലും നേതാവിന്റെ രൂപപ്പെടലിന്റെ ചരിത്രത്തിൽ അയാളുടെ സ്വകാര്യലൈബ്രറിക്കും നിർണായകമായ പങ്കുണ്ട്.
ഒരു പുസ്പുകംപോലും വായിക്കാതെ ഒരു മഹാത്മാഗാന്ധിയോ ജവഹര്‍ലാൽ നെഹ്രുവോ ഇ.എം.എസ്സോ ഉണ്ടാകാൻ ഇടയില്ല. ലോകമെമ്പാടും സമൂഹത്തെ പരിവര്‍ത്തനപ്പെടുത്താൻ പരിശ്രമിച്ച രാഷ്ട്രീയനേതാക്കൾ, പാര്‍ട്ടി ഏതായാലും പ്രത്യയശാസ്ത്രം ഏതായാലും അവരുടെ ആശയങ്ങൾ പുരോഗമനപരമായാലും പ്രതിലോമപരമായാലും, അവരുടെ ആലോചനകൾക്കു പിന്നിൽ അവരുടെ സ്വകാര്യലൈബ്രറിക്കും കാര്യമായ പങ്കുണ്ട്. എങ്കിലും ഏതൊക്കെതരം പുസ്തകങ്ങൾ വായിച്ചാണ് ഓരോ നേതാവും ഇങ്ങനെ രൂപപ്പട്ടതെന്ന് മനസ്സിലാക്കാൻ നമ്മുടെ രാജ്യത്ത് മാതൃകകളില്ല. നമ്മുടെ നേതാക്കളുടെ സ്വകാര്യലൈബ്രറിയുടെ ഉള്ളടക്കം മിക്കവാറും നമുക്ക് അജ്ഞാതമാണ്.
സമൂഹത്തിൽ പരിവര്‍ത്തനം സൃഷ്ടിക്കാൻ പരിശ്രമിക്കുന്ന നേതാക്കള്‍ക്ക് സംസ്കാരത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് സാമാന്യജ്ഞാനമെങ്കിലും ഉണ്ടായിരിക്കണം. നേതാവ് ജ്ഞാനിയും വിവേകിയുമായിരിക്കണമെന്നല്ലാതെ മറ്റൊന്നും സാധാരണമനുഷ്യർ ആഗ്രഹിക്കുന്നില്ല. കേരളത്തിലെ വര്‍ത്തമാനകാല രാഷ്ട്രീയനേതാക്കള്‍ക്ക് വായന കുറവാണെന്ന് അവരുടെ വാക്കുകള്‍തന്നെ സാക്ഷ്യംപറയും. വിരട്ടലൊന്നും എന്നോട് വേണ്ടെന്നോ, എന്നെ പേടിപ്പിക്കാൻ നേക്കണ്ടെന്നോ, ഗവർണറും മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡണ്ടും പറയുമെങ്കിൽ അതിനുതാഴോട്ടുള്ളവർ ഉപയോഗിക്കുന്ന ഭാഷയുടെ നിലവാരം എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കൊടുങ്ങല്ലൂർഭരണിക്ക് തയാറെടുക്കുന്ന അവസ്ഥയിലാണ് നമ്മുടെ പല നേതാക്കളും ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നത്. രാഷ്ട്രീയനേതാക്കൾ ഇംഗ്ലീഷ് ഭാഷയെ എങ്ങനെയെല്ലാമാണ് മലിനമാക്കിയതെന്ന് ‘പൊളിറ്റിക്സ് ആന്‍ഡ് ദി ഇംഗ്ലീഷ് ലാങ്ഗ്വേജ്’ എന്ന ലേഖനത്തിൽ ജോര്‍ജ് ഓര്‍വെൽ വിശദീകരിച്ചിട്ടുണ്ട്. അതിനെക്കാളും മോശമാണ് ഇപ്പോൾ നമ്മുടെ അമ്മമലയാളം.
ഓര്‍ക്കുന്നുണ്ടാകുമല്ലോ,ഇ.എം.എസ്,സി.അച്യുതമേനോൻ,ഇ.കെ.നായനാർ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാരുടെയും മുണ്ടശ്ശേരിയെപ്പോലുള്ള മന്ത്രിമാരുടെയും കടമ്മനിട്ട രാമകൃഷ്ണൻ എം.കെ.സാനു തുടങ്ങിയ എം.എൽ.ഏമാരുടേയും നിലവാരമുള്ള ഭാഷ. ആ കാലം മിക്കവാറും അസ്തമിച്ചിരിക്കുന്നു.
വലിയ എഴുത്തുകാരുമായി സാഹിത്യസംവാദങ്ങളിൽ ഏര്‍പ്പെടാൻ കെല്‍പ്പുള്ള രാഷ്ട്രീയനേതാക്കളും നമുക്കുണ്ടായിരുന്നു. ഇ.എം.എസ് ഒരുഭാഗത്തും ടി.പദ്മനാഭൻ മറുഭാഗത്തും അണിനിരന്ന പഴയൊരു ഭാഷാപോഷിണി സംവാദം വായനക്കാർ മറന്നിട്ടുണ്ടാകില്ല. പാര്‍ട്ടികളുടെ സങ്കുചിതമായ സാംസ്കാരികനയങ്ങൾ എഴുത്തുകാർ ചുണ്ടിക്കാണിക്കുമ്പോൾ പരിശോധിക്കാനും ആവശ്യമെങ്കിൽ തിരുത്താനും നേതാക്കൾ സന്നദ്ധരായിരുന്നു. സമൂഹം നേരിടുന്ന സാംസ്കാരികപ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്ന ധാരണ ഇരുപക്ഷത്തിനും ഉണ്ടായിരുന്നു. ജനങ്ങളെ സാംസ്കാരികമായി ചിന്തിക്കാൻ പ്രേരിപ്പിച്ച ഗുരുക്കന്മാർ ആയിരുന്നു അവരെല്ലാം. കുഴപ്പക്കാർ തീരെ ഉണ്ടായിരുന്നില്ല എന്നല്ല, പക്ഷേ, അവരുടെ ഉയര്‍ച്ചക്ക് പരിധികൾ ഉണ്ടായിരുന്നു.
കുറച്ചുകൂടി പിന്നിലോട്ട് പോയാൽ, ചങ്ങമ്പുഴയെ നിശിതമായി പരിഹസിച്ചിരുന്ന സഞ്ജയനെയും സമൃദ്ധമായി പ്രശംസിച്ചിരുന്ന ഇ.വി.കൃഷ്ണപിള്ളയെയും നിങ്ങൾ കണ്ടുമുട്ടും. വാസ്തവത്തിൽ എതിര്‍ത്തും അനുകൂലിച്ചും അവർ രണ്ടുപേരുമാണ് ചങ്ങമ്പുഴക്കവിതകൾ പോപ്പുലറാക്കിയത്. ഇതിനിടയിൽ, ചങ്ങമ്പുഴയ്ക്ക് ജോസഫ് മുണ്ടശ്ശേരി അവതാരിക എഴുതിക്കൊടുക്കുകയും ചെയ്തു. ഈവിയും മുണ്ടശ്ശേരിയും നിയമസഭാംഗങ്ങൾ ആയിരുന്നു എന്നകാര്യവും നമ്മൾ മറന്നുപോകരുത്.
വീണ്ടും പിറകോട്ടുപോയാൽ, കവികളായ കുമാരനാശാനെയും പണ്ഡിറ്റ് കറുപ്പനെയും നിയമസഭകളിൽ കണ്ടുമുട്ടും. പഴയതുപോലെ, എഴുത്തിന്റെ ഗുണദോഷവിചാരങ്ങൾ വിശകലനം ചെയ്യാൻ പ്രാപ്തരായ നേതാക്കളുടെ കാലമല്ല ഇതെന്ന് അതൊക്കെ നമ്മളെ ഓർമിപ്പിക്കുന്നു. അതുകൊണ്ട്; ഹിറ്റ്‌ലറുടെ സ്വകാര്യലൈബ്രറിയും നമ്മൾ കാണണം, ഹിറ്റ്‌ലറുടെ ആത്മകഥ മൈൻ കാംഫ് (Mein Kampf – മൈ സ്റ്റോറി) നമ്മൾ വായിക്കുന്നത് ഹിറ്റ്‌ലറുടെ ജീവിതം നമ്മൾ അനുവര്‍ത്തിക്കാതിരിക്കാൻ വേണ്ടിയാണ്. അതുപോലെ, ഹിറ്റ്‌ലറുടെ സ്വകാര്യലൈബ്രറിയെക്കുറിച്ചും നമ്മൾ വായിക്കണം. ഹിറ്റ്‌ലറുടെ ഗ്രന്ഥശേഖരത്തിൽ 16300 പുസ്തകങ്ങൾ ഉണ്ടായിരുന്നു എന്നാണ് കണക്കാക്കിയിട്ടുള്ളത്. അതിൽ ഏഴായിരവും സൈനികചരിത്രം സംബന്ധിച്ചതാണ്. 1000 പുസ്തകങ്ങൾ ആരോഗ്യമേഖലയെ സംബന്ധിച്ചത്. ഹിറ്റ്‌ലർ വെജിറ്റേറിയനായിരുന്നതുകൊണ്ട് ആ മേഖലയെ സംബന്ധിച്ച പുസ്തകങ്ങളും ധാരാളം. ജൂതവിരോധം തന്റെ രാഷ്ട്രീയനിലപാട് ആയിരുന്നതുകൊണ്ട് അത്തരം പുസ്തകങ്ങള്‍ക്കും ക്ഷാമമില്ല. ഇക്കാലത്തെ നമ്മുടെ രാഷ്ട്രീയ നേതാക്കളെപ്പോലെ കാര്യമായ സാഹിത്യഗ്രന്ഥങ്ങളൊന്നും ഹിറ്റ്‌ലർ വായിച്ചിട്ടില്ല, അത്തരം പുസ്തകങ്ങളും ഗ്രന്ഥശേഖരത്തിലില്ല. ഷോപ്പനോവറുടെയും നീഷേയുടെയും തത്ത്വചിന്തകൾ വായിച്ചാണ് ഹിറ്റ്‌ലർ വഴിതെറ്റിയതെന്ന് പലരും പറയാറുണ്ട്. പക്ഷേ, അവരുടെ ഒറിജിനൽ പുസ്തകങ്ങളൊന്നും ഹിറ്റ്‌ലറുടെ ലൈബ്രറിയിൽ ഇല്ല.
രണ്ടാംലോകമഹായുദ്ധത്തിൽ തോറ്റ് ആത്മഹത്യചെയ്ത ഹിറ്റ്‌ലറുടെ സ്വകാര്യലൈബ്രറിയിലെ പുസ്തകങ്ങൾ വിജയിച്ച സൈനികർ, ഒരു ട്രോഫിപോലെ സ്വയം കണക്കാക്കിയാണ് കൊണ്ടുപോയത്. പലരാജ്യങ്ങളിലേക്ക് ചിതറിപ്പോയ ആ പുസ്തകം തേടിപ്പിടിച്ച് Timothy W Ryback എഴുതിയ പുസ്തകമാണ് Hitler’s Private Library. കഠിനമായ തിരക്കിനിടയിലും വായിച്ച പുസ്തകങ്ങളുടെ മാര്‍ജിനിൽ ഹിറ്റ്‌ലർ അഭിപ്രായങ്ങൾ കുറിച്ചിരുന്നു. മ്യൂണിക്കിലെ നാഷണൽ സോഷ്യലിസ്റ്റ് ലൈബ്രറിയിൽനിന്ന് അദ്ദേഹം പുസ്തകങ്ങൾ വാങ്ങിവായിക്കുകയും ചെയ്തിരുന്നു. ഹിറ്റ്‌ലറുടെ ഭാഷയിൽ മൃദുവായ ആശയങ്ങൾ സംസാരിക്കുന്ന നമ്മുടെ സമകാലികനേതാക്കള്‍ക്കും എന്തെങ്കിലുമൊക്കെ വായിക്കാവുന്നതാണ്.
അയോധ്യാകാണ്ഡം
അമേരിക്കയും റഷ്യയും ലോകം പകുത്തെടുത്ത യുദ്ധരഹിത സംഘര്‍ഷാവസ്ഥയെ ‘കോള്‍ഡ് വാർ’ എന്ന് ആദ്യം വിശേഷിപ്പിച്ചത് ന്യൂയോര്‍ക്ക് വേള്‍ഡിന്റെ പത്രാധിപരായിരുന്ന വാള്‍ട്ടർ ലിപ്മാൻ ആയിരുന്നു. ആ അവസ്ഥയെ നമ്മൾ ശീതയുദ്ധം എന്ന് പരിഭാഷചെയ്തു. പിന്നീട് റഷ്യ തകര്‍ന്നതും ലോകം അമേരിക്കയുടെ കൈപ്പിടിയിൽ ഒതുങ്ങിയതും ചരിത്രം. അതുവരെ ഒരാളെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ അയാളൂടെ രാഷ്ട്രീയമാണ് അന്വേഷിച്ചിരുന്നതെങ്കിൽ പിന്നീടയാളുടെ മതമായിമാറി നമ്മുടെ പരിഗണനാവിഷയം. ശീതയുദ്ധകാലത്തെ തലമുറയായിരുന്നതുകൊണ്ട് മാറ്റം മനസ്സിലാകാൻ ഞങ്ങളുടെ തലമുറ കൂടുതൽ സമയമെടുത്തു. ആത്മീയാവശ്യം എന്ന നിലയിൽ മാത്രമല്ല രാഷ്ട്രീയാവശ്യം എന്ന നിലയിലും മതങ്ങൾ ഇപ്പോൾ കൂടുതൽ പ്രസക്തമാണ്.
ഓർമയുണ്ടാകും, സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി രാമരാജ്യം പ്രഘോഷിച്ചതും രാമജന്മഭൂമി വിഷയമുണര്‍ന്നപ്പോൾ ബി.ജെ.പി ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയപാര്‍ട്ടിയായി പരിണമിച്ചതും. രാമന്റെ പേരുകേട്ടാൽ ഇന്ത്യ വികാരഭരിതമാകുമെന്ന് അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്നു.
ഇന്ത്യക്കകത്തും പുറത്തുമായി നിരവധി രാമായണങ്ങൾ ചിതറിക്കിടക്കുന്നു. എങ്കിലും അടിസ്ഥാനം വാത്മീകി രാമായണമാണ്. ഇന്ത്യയിൽ മഹാഭൂരിപക്ഷംവരുന്ന ഹൈന്ദവസമൂഹത്തിലെ മഹാഭൂരിപക്ഷവും, മര്യാദാ പുരുഷോത്തമനായാണ് ശ്രീരാമനെ സങ്കല്പിക്കുന്നത്. കേരളത്തിലെ ചെറുതും വലുതുമായ അനേകം രാമായണങ്ങളിൽ മാപ്പിളരാമായണവും ഉള്‍പ്പെടുന്നുണ്ട്. ഹിന്ദുമതത്തിനു പുറത്തേക്കും ശ്രീരാമൻ സഞ്ചരിച്ചിട്ടുണ്ടെന്ന് അര്‍ഥം. ഇന്ത്യക്ക് പുറത്തും രാമകഥയുണ്ട്. മാത്രമല്ല, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ളത് ശ്രീരാമനും ശ്രികൃഷനുമാണ്.
ഈ പശ്ചാത്തലവും ശീതയുദ്ധത്തിന് ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥയും അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ ത്വരിതപ്പെടുത്തി. വ്യവഹാരങ്ങളുടെ നീണ്ടപരമ്പരകള്‍ക്കൊടുവിൽ സുപ്രീംകോടതിയുടെ തീരുമാനവും വന്നു.
ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ചുവടുവയ്പായി രാമക്ഷേത്രം പരിണമിക്കുമോ എന്ന ആശങ്കയുള്ളവരും ഉണ്ട്. അങ്ങനെ സംഭവിച്ചാൽ, ഹിന്ദുരാഷ്ട്രത്തിലെ മൈനോറിറ്റി സ്റ്റാറ്റസ് എന്തായിരിക്കുമെന്ന ചോദ്യവും ഉയരുന്നു. എങ്കിലും ദേവാലയങ്ങൾ, അനാഥശാലകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവ വരുമ്പോൾ നമ്മൾ എതിര്‍ക്കാൻ പാടില്ല. രാജ്യത്തിന്റെ ഐക്യം ഈട്ടിയുറപ്പിക്കാൻ ക്ഷേത്രത്തിന് കഴിയുമെന്ന് ആശിക്കുക.
എം.ടിയും മുതുകാടും
രാഷ്ട്രീയത്തിൽ പിണറായി വിജയൻ, സാഹിത്യത്തിൽ എം.ടി.വാസുദേവൻ നായർ, സംഗീതത്തിൽ യേശുദാസ് എന്നിങ്ങനെയാണ് നമ്മുടെ നാട്ടിൽ ഒന്നാംസ്ഥാനങ്ങൾ. അവരവരുടെ തൊഴിലിടങ്ങളിൽ ഒന്നാമതെത്തുവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പാവകളിക്കാരെ ശ്രദ്ധിച്ചിട്ടുണ്ടോ, ഭൂമിയിലെ ഏറ്റവും ഉന്നതമായ കലാരൂപം പാവകളിയാണെന്നാണ് അവർ വിശ്വസിക്കുന്നത്. പാവകളിയിൽ ഒന്നാമതെത്തിയാൽ ലോകത്തിന്റെ നെറുകയിൽ എത്തിയതായി അവർ കണക്കാക്കും.
രാഷ്ട്രീയനേതാക്കളും സാഹിത്യകാരന്മാരും കലാകാരന്മാരും ബിസിനസ് മാഗ്നെറ്റുകളും മാത്രം താരപദവി അലങ്കരിക്കുന്ന ഇക്കാലത്ത് അതല്ലാത്ത മേഖലകളിലും പ്രമുഖരുണ്ടായിരുന്നുവെന്ന് മനസ്സിലാകണമെങ്കിൽ നമ്മൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിക്കണം. ആനക്കാരും മേളക്കാരും ദേഹണ്ഡക്കാരും ജ്യോതിഷികളും ഉള്‍പ്പെടെ എത്രയോ താരങ്ങളായിരുന്നു പഴയ കേരളത്തിൽ.
ഏതെങ്കിലും നിരൂപകർ ദാനംചെയ്തു നല്കിയതല്ല സാഹിത്യത്തിൽ എം.ടിയുടെ സ്ഥാനം. വായനക്കാരെ വൈകാരികമായി സ്വാധീനിച്ചതുകൊണ്ടുകൂടിയാണ് എം.ടി കേരളത്തിൽ സ്വീകാര്യനായത്. അതുകൊണ്ട്, കോഴിക്കോട് നടന്ന എം.ടിയുടെ പ്രസംഗം വ്യാഖ്യാനിച്ച് നമ്മൾ ബുദ്ധിമുട്ടണമെന്നില്ല, ഇത്രയുംകാലം എം.ടിയെ വായിച്ച വായനക്കാര്‍ക്ക് ഈ പ്രസംഗവും മനസ്സിലാകും. എം.ടിയുടെ സമ്പൂർണ കഥാസമാഹാരത്തിൽ ഉള്‍പ്പെടുത്താത്ത ‘ഒരു മാന്ത്രികന്റെ കഥ’കൂടി ഈ സന്ദര്‍ഭത്തിൽ കേള്‍ക്കണം.
മാന്ത്രികവിദ്യകൊണ്ട് ലോകം കീഴടക്കിയ ഒരു മജീഷ്യന്റെ കഥയാണ്. അവസാനം ഒരിടത്ത് അയാൾ മാജിക്ക് ഷോ അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ, മജീഷ്യൻ എന്തുചെയ്തിട്ടും സദസ്സ് ഉദാസീനം. സഹികെട്ട മജീഷ്യൻ കത്തികൊണ്ട് സ്വന്തം ഹൃദയം പിളര്‍ത്തി അതെടുത്ത് സദസ്സിനു മുന്നിലേക്ക് ഇട്ടുകൊടുത്തു. അപ്പോഴും സദസ്യർ ഉദാസീനർ. തകര്‍ന്നുപോയ മജീഷ്യൻ തന്റെ ശിഷ്യസംഘത്തോട് ചോദിക്കുന്നു, നമ്മൾ ഇപ്പോൾ ഏതു രാജ്യത്താണ് പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്? കേരളത്തിലാണെന്ന ശിഷ്യസംഘത്തിന്റെ മറുപടിയോടെ കഥ അവസാനിക്കുന്നു.
പാര്‍ട്ടിയായാലും സംഘടനയായാലും വീടായാലും, കഷ്ടപ്പെട്ട് അതുപടുത്തുയര്‍ത്താൻ പരിശ്രമിക്കുന്നവർ പലപ്പോഴും പോസസ്സീവ് ആയിമാറും. സ്വാഭാവികമായും അവര്‍ക്ക് ശത്രുക്കളുമുണ്ടാകും. നേരിൽ പരിചയമില്ലെങ്കിലും, മുതുകാടിന് എതിരെ ഉയരുന്ന വിമര്‍ശങ്ങൾ അങ്ങനെ രൂപപ്പെട്ടതാണെന്ന് തോന്നുന്നു.
സ്വർണമത്സ്യങ്ങൾ
എം.എൻ.വിജയന്റെ ആദ്യകാല ലേഖനങ്ങളിൽ പ്രധാനപ്പെട്ടതാണ്, സ്വർണമത്സ്യങ്ങൾ. എഴുത്തുകാർ അലങ്കാര മത്സ്യങ്ങൾ മാത്രമാകുന്ന കാലം അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തിരുന്നെന്ന് തോന്നുന്നു. പ്രധാനമന്ത്രി വന്നാലും മുഖ്യമന്ത്രി വന്നാലും വേദിയിൽ അലങ്കാരമത്സ്യങ്ങളെപ്പോലെ എഴുത്തുകാർ അണിനിരക്കുന്ന കാഴ്ച പണ്ടുണ്ടായിരുന്നു, ഇപ്പോഴത്തെ അലങ്കാരമത്സ്യങ്ങൾ കലാകാരികളാണ്. വേദിക്ക് പൊലിമ പകരാൻ അവരും വേണം. പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ രാഷ്ട്രീയം അവർ പിന്തുണയ്ക്കണമെന്നില്ല. രാഷ്ട്രീയം വൃത്യസ്തമായാലും വേദിയിൽ അലങ്കാരമത്സ്യങ്ങളും ഉണ്ടാകണം.