ചിരകാലബിംബങ്ങൾ വേണോ? – വിനോദ് നാരായണ്‍
നോട്ടo
ആരെയെങ്കിലും ബിംബവത്കരിച്ചാൽ എനിക്കു നഷ്ടപ്പെടുന്നതു ലോകത്തെ മനസ്സിലാക്കാനുള്ള എന്റെ സാധ്യതകളാണ്. ഒരുകാലത്ത് ചില മേഖലകളിൽ മാത്രമേ ഈ ബിംബവത്കരണം കാണാറുള്ളു. ഇന്ന് സമസ്ത മേഖലകളിലും കാണാം.
ബിംബങ്ങളുടെ പേരിൽ ഒരു ഹാഷ്ടാഗ് ഉണ്ടാക്കിയാൽ കൂടുതൽ ആളുകളിലേക്ക് അതെത്തിക്കാം എന്നാണ് അൽഗോരിതത്തിന്റെ വാഗ്ദാനം. ബിംബവത്കരിക്കപ്പെട്ട വ്യക്തിയുമായി ഒരു ബന്ധവുമില്ലാത്ത പോസ്റ്റാവും എങ്കിലും ഹാഷ്ടാഗ് ബിംബത്തിനുതന്നെ. പോസ്റ്റ് ബൂസ്റ്റ് ചെയ്യാമല്ലോ? ഓരോ മനുഷ്യന്റെ രണ്ടു കണ്ണുകളും ക്ലിക്ക് ചെയ്യാൻ ഉപയോഗിക്കുന്ന വിരലും ലക്ഷ്യമിട്ടാണ് എല്ലാ പോസ്റ്റുകളും ജനിക്കുന്നത്. സര്‍വരാലും കാണപ്പെടാൻ വേണ്ടിയുള്ള തിരക്കിലാണ് എല്ലാവരും.
ഫാൻ എന്നത് ഫനാറ്റിക്ക് എന്നതിനെ ലഘൂകരിച്ച് ഉണ്ടായതാണ്. ഫനാറ്റിക്ക് ആണെന്ന് സമ്മതിക്കില്ലെങ്കിലും ഫാൻ ആണെന്ന് അഭിമാനപൂർവം പറയുന്നൊരു ജനതയാണ് ഇന്നു ലോകത്തുള്ളത്. ഫനാറ്റിക് മോശവും ഫാൻ നല്ലതുമാവുന്നതെങ്ങനെ. പണ്ടൊക്കെ ഫുട്‍ബോൾ ടീമുകൾക്കും സ്പോർട്സ് ടീമുകൾക്കും മാത്രമാണ് ഈ ഫാൻ എന്നുകേട്ടിരുന്നത്. ഇന്ന് എല്ലാവർക്കും ഉണ്ട് ഫാൻ. താത്പര്യമില്ലെങ്കിലും സമൂഹമാധ്യമങ്ങൾ അതു പലരിലും അടിച്ചേല്പിക്കുന്നു.
ഫാൻ എന്ന വാക്ക് മസ്തിഷ്‌കം പണയംവയ്ക്കപ്പെട്ടയാൾ എന്നും പറയാം എന്നു തോന്നാറുണ്ട്. അതിനർഥം അവർക്ക് ചിന്തിക്കാൻ കഴിവില്ല എന്നല്ല, മാറി ചിന്തിക്കാനുള്ള സൗകര്യം നഷ്ടപ്പെടുന്നു എന്നാണ്. ഈ സെൽഫികൾ എന്നത് ഈ ബിംബവത്കരണത്തിന്റെ മറ്റൊരു ഉദാഹരണമാണ് എന്ന് പറഞ്ഞാലോ. എന്തോ അങ്ങനെ നമ്മൾക്കു തോന്നുന്നില്ല. ഒന്നു മാറി നമ്മൾ ചിന്തിക്കുകയാണെങ്കിൽ എന്തിനാണ് നമ്മൾ സെൽഫി എടുക്കുന്നത്? എന്ത് പ്രയോജനമാണ് അതു നമ്മൾക്കു നല്കുന്നത്.
സെൽഫികൾ എളുപ്പമാണ്. ഈ ബിംബവത്കരിക്കപ്പെട്ട സെലിബ്രിറ്റികളിൽ ഉണ്ടാവാറുള്ളൊരു സങ്കടമുണ്ട്. ആരെങ്കിലും അവരെ കാണാൻ വന്ന് തിരിച്ചു പോകുമ്പോൾ സെൽഫി എടുക്കാതെ പോയാൽ ബിംബങ്ങൾ ചെറുതായൊന്ന് ആടും. അവരുടെ പ്രസക്തി നഷ്ടപ്പെടുകയാണ് എന്നവർക്ക് തോന്നും. നമ്മളെല്ലാം ഒരു കൺസ്യൂമറിസ്റ്റിക്ക്, വോയറിസ്റ്റിക്, നഴ്സിസൈറ്റിക് വലയിലാണ് എന്നു തന്നെ. സുഹൃത്തും പരിചയക്കാരനുമല്ലാത്തൊരാളുടെകൂടെ സെൽഫി എടുക്കുന്നവരുടെ കുറെ പേരുടെ ചിന്ത നാളെ എന്റെ കൂടെയും ആളുകൾ സെൽഫി എടുക്കും എന്നായിരിക്കാം. സെൽഫികൾ ഒരാളുടെ പ്രസക്തി നിശ്ചയിക്കുന്ന കാലമാണിന്ന്.
മനുഷ്യനെ ഞാൻ മുൻപു പറഞ്ഞ ആ രണ്ടു കണ്ണുകളും ഒരു വിരലുമായി ചുരുക്കി കളയുന്ന യന്ത്രയാത്രകളാണ് പലരുടെയും ജീവിതം. ഇത്രയും എഴുതിയത് ഇതിൽ നിന്നെല്ലാം മോചിതനാണ് ഞാനെന്നതുകൊണ്ടല്ല. വീണു കിടക്കുന്ന കുഴിയുടെ ചുറ്റും ഒന്ന് കണ്ണോടിക്കുന്നു എന്നു മാത്രം.
ഇതിന്റെ സാമൂഹികദൂഷ്യം അത്ര പ്രകടമല്ല. ബിംബവത്കരണത്തിന് ഒരു പ്രോസസ് ഉണ്ടെന്ന് തോന്നാറുണ്ട്. ഒരാളുടെ ചിന്തകളെ ആദ്യം പിന്തുടരുന്നത് അതിനോടു നമുക്കുതോന്നുന്നൊരു അടുപ്പമാവാം. പിന്നെ, അയാളിൽനിന്നു മാറി നടക്കാൻ പറ്റാതെയാവുന്നു. നമ്മുടെ അസ്തിത്വത്തിന് അയാളുടെ ചിന്തകളും ദൈനംദിന ജീവിതലഹരിയും ആവശ്യമായി വരുന്നു. അതിനുശേഷം നമ്മൾ അയാളെ വിമർശനാതീതനായി മനസ്സിന്റെ ഉള്ളിൽ പ്രതിഷ്ഠിക്കുന്നു. നമ്മൾ പിന്തുടരുന്ന ബിംബത്തെ പിന്തുടരാതെ മറ്റു ബിംബങ്ങളുടെ പിന്നാലെ പോകുന്നവരും ഉണ്ടെന്നത് നമ്മൾ മറക്കുന്നു.
ഈ പ്രക്രിയയിൽ നഷ്ടപ്പെടുന്നത് എന്താണെന്ന് ഞാൻ ചിന്തിക്കാറുണ്ട്. ആരെയെങ്കിലും ബിംബവത്കരിച്ചാൽ എനിക്കു നഷ്ടപ്പെടുന്നതു ലോകത്തെ മനസ്സിലാക്കാനുള്ള എന്റെ സാധ്യതകളാണ്. ഒരുകാലത്ത് ചില മേഖലകളിൽ മാത്രമേ ഈ ബിംബവത്കരണം കാണാറുള്ളു. ഇന്ന് സമസ്ത മേഖലകളിലും കാണാം.
ഒരുദാഹരണം പറയാം. ഞാനൊരു പുസ്തകം വായിക്കുന്നു. അതെനിക്ക് ഏറെ ഇഷ്ടപ്പെടുന്നു. ഞാനതിനെക്കുറിച്ച് എഴുതുന്നു. വീഡിയോ ഉണ്ടാക്കുന്നു. പിന്നെ ഞാൻ ആ എഴുത്തുകാരന്റെ ഒരു പുസ്തകം കൂടി വായിക്കുന്നു. പിന്നെ മറ്റൊന്ന്. അങ്ങനെ ചിലരുടെ പുസ്തകങ്ങൾ ഇറങ്ങുമ്പോൾത്തന്നെ ഞാൻ പ്രീഓർഡർ ചെയ്ത് വായിക്കാറുണ്ട്. അവരെ സമൂഹമാധ്യമത്തിൽ ഫോളോ ചെയ്യാനും തുടങ്ങുന്നു. അവരുമായുള്ള അഭിമുഖത്തിന്റെ വീഡിയോകളും പോഡ്‌കാസ്റ്റുകളും കേട്ടുതുടങ്ങുന്നു. അവർ പുസ്തകങ്ങൾക്കപ്പുറം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങൾ ഞാൻ മനസ്സിലേറ്റുന്നു. അവരിലേക്ക് എന്നെ അടുപ്പിച്ച എഴുത്തിൽനിന്നു അവരെ മനസ്സിൽ പ്രതിഷ്ഠിക്കുന്നതിലേക്ക് ഞാൻ അല്പാല്പമായി മാറുന്നു. അതിലൊരു അപാകവും ഞാന്‍ കാണുന്നില്ല എന്നതാണ് രസകരമായ സംഭവം.
ഇത് എഴുത്തിന്റെയും പുസ്തകത്തിന്റെയും കാര്യം ഇനി സിനിമ,രാഷ്ട്രീയം,മതം ഇതിലൊക്കെ നമ്മളെ കുടുക്കാനായിട്ടുള്ള ഒരു പ്രോസസ് നിലനില്ക്കുന്നുണ്ട്. മനുഷ്യന് ഒറ്റയ്ക്ക് നില്ക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഈ ലോകം ചോദ്യങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും മാത്രമായി മാറുമ്പോൾ പലർക്കും പേടിയാകും. ബിംബവത്കരണംവഴി മനുഷ്യൻ ആ ആശങ്കകൾ ഒഴിവാക്കാൻ ശ്രമിക്കുന്നു. ഒറ്റയ്ക്ക് നില്ക്കുകയും ലോകത്തെ മനസ്സിലാക്കുകയും ചെയ്യുന്നവർക്കാണ് കൂടുതൽ ആശയക്കുഴപ്പങ്ങൾ.
എന്തെങ്കിലും തരത്തിൽ സ്വാധീനമുള്ള ആളുകൾ ബിംബാരാധനയ്ക്ക് എതിരെ സംസാരിക്കണം. സമൂഹമാധ്യമങ്ങൾ നല്കുന്ന ടോപ് ഫാൻ ബാഡ്ജുകൾക്കെതിരെ സംസാരിക്കണം. ഒരു ലക്ഷവും പത്ത് ലക്ഷവും ആളുകൾ നമ്മുടെ ഹാൻഡിലുകൾ ഫോളോ ചെയ്യണം എന്ന ആഗ്രഹം ഉപേക്ഷിക്കണം.. നടക്കുമോ? ഈ ബിംബവത്കരണത്തിന്റെ മറ്റൊരു വശമാണ് ‘ക്യാൻസൽ കൾച്ചർ’.
എത്ര പെട്ടന്നാണ് നമ്മൾ ബിംബവത്കരിച്ച ഒന്നിനെ സമസ്തമേഖലകളിൽനിന്നു വെട്ടി മാറ്റുന്നത്. അങ്ങനെ എളുപ്പത്തിൽ വെട്ടിമാറ്റിയ ഒന്നിനെ മുൻപ് ബിംബവത്കരിച്ചിരുന്നു എന്നത് നമ്മുടെ ദോഷമായിപ്പോലും നമ്മൾ കാണുന്നില്ല. It is a vicious circle. അതിന് പരിഹാരമുണ്ടോ?
ലോകത്തിൽ എല്ലാം അറിയുന്ന, അറിയാൻ കഴിയുന്ന, ഒരിക്കലും തെറ്റുപറ്റാത്ത ശരിയുടെ അപ്പോസ്തലന്മാർ ഇല്ലെന്ന് നമ്മൾ കുട്ടികളെ പഠിപ്പിക്കണം. അതു ഗുരുക്കന്മാരിൽനിന്നും മാതാപിതാക്കളിൽനിന്നും തുടങ്ങണം. വിധേയത്വത്തെ അതിജീവിക്കാൻ പറ്റുമെന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. എത്ര രാഷ്ട്രീയ,മത, സാംസ്കാരിക മേഖലകളിലെ ചിന്തകൾ ഇന്ന് ഇതിന് അനുവദിക്കും?
ഇതാണ് ശരിയെന്ന് ഞാൻ ഒരാളോട് പറയുമ്പോൾ, ആ ശരിക്ക് അപ്പുറമുള്ളതെല്ലാം തെറ്റാണ് എന്നു പറയാതെ പറയുന്നില്ലേ? ശരികളുടെ അടിസ്ഥാനം, സ്വതന്ത്രമായി തെറ്റുചെയ്ത് തിരുത്തി മുന്നോട്ട് പോകാനുള്ള കഴിവാണ് എന്നു പറഞ്ഞുകൊടുക്കാൻ പറ്റുമോ? ലോകം മാറുമ്പോൾ വഴികാട്ടികൾ എല്ലാം വഴിമുട്ടികൾ ആവാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കാൻ പറ്റുമോ?
ഇത്രയും എഴുതുന്നതിൽ എന്നെ സ്വാധീനിച്ച പലതുമുണ്ട്. ആ സ്വാധീനം എന്താണെന്നുപോലും എനിക്കറിയില്ല എന്നയിടത്താണ് ഈ ബിംബവത്കരണം വന്നു നില്ക്കുന്നത്. It is a constant effort to prove oneself wrong and unlearn. പഠിക്കാനുള്ളതിനൊപ്പംതന്നെ പഠിച്ചതു മറക്കാനും ശ്രമിക്കുകയാണ് ജീവിതം. അങ്ങനെയാവുമ്പോൾ നമ്മൾ മനസ്സിൽ കുടിയിരുത്തുന്ന എല്ലാ ബിംബങ്ങൾക്കും ഒരു കാലാവധി നമ്മൾ തന്നെ നിശ്ചയിക്കുന്നു. അതിൽ നമ്മൾക്ക് നഷ്ടമുണ്ടാവാം. ആ നഷ്ടം ഏറ്റെടുക്കാൻ നമ്മൾ തയാറാവുകയും വേണം.