ആര്‍ക്കെന്ത് ? – സക്കറിയ
പുരാതനകാലംമുതൽ വിഗ്രഹങ്ങൾ മതാധികാരത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും ഉപകരണങ്ങളായിരുന്നു. ആർഭാടഭരിതമായ ആരാധനാലയങ്ങളിൽ കുടിയിരുത്തിയ ദൈവവിഗ്രഹങ്ങളെ ഉപയോഗിച്ച് ഒരുകൂട്ടർ സാമൂഹികാധികാരം സ്ഥാപിച്ചു. ജനങ്ങൾ ദൈവവിഗ്രഹങ്ങളെ ഭയപ്പെടുകയും തന്മൂലം പൂജിക്കുകയും ചെയ്തു. ഭരണാധികാരികൾ തങ്ങളുടെ കൂറ്റൻ പ്രതിമകൾ – ഫലത്തിൽ വിഗ്രഹങ്ങൾ – പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച് തങ്ങളുടെ അധികാരം സർവവ്യാപിയാണെന്ന പ്രതീതിയുളവാക്കി. നിരായുധരും നിസ്സഹായരുമായ ജനങ്ങൾ ഭയഭക്തി ബഹുമാനങ്ങളോടെ അവയെ വണങ്ങി. മതങ്ങളുടെ കാര്യത്തിൽ ഇന്നും ആ അവസ്ഥയ്ക്ക് വലിയ മാറ്റം സംഭവിച്ചിട്ടില്ല. ജൈന – ബുദ്ധ – ഹിന്ദു – ക്രിസ്തു – മതങ്ങളിൽ വിഗ്രഹപൂജ നിലനില്ക്കുന്നു. ജനാധിപത്യത്തിന്റെ വരവിനുശേഷം പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും പാർട്ടിത്തലവന്മാരും സ്വന്തം പ്രതിമകൾ സ്ഥാപിക്കുന്നത് വിരളമാണ്. അതിനുള്ള പ്രേരണയില്ല എന്നതല്ല കാരണം. പണിതുണ്ടാക്കിയ വിഗ്രഹങ്ങളെക്കാൾ ആയിരമായിരം മടങ്ങ് ഫലപ്രദമായ, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിഗ്രഹനിർമാണം സാധ്യമാണ് എന്നതാണ്. പ്രതിമകൾ ഇരിക്കപ്പിണ്ഡങ്ങളാണ്. ഇന്റർനെറ്റിലെ പ്രതിച്ഛായ ലോകവ്യാപകമെന്നു മാത്രമല്ല സൗരയൂഥത്തിനുമപ്പുറത്ത് പ്രപഞ്ചങ്ങളിലേക്ക് വ്യാപിക്കുന്ന ഒന്നാണ്. ആ പ്രതിച്ഛായയാണ് ഇന്നത്തെ ഭരണവർഗങ്ങളുടെ താരം.
ഒരിക്കൽ ഭരണവർഗങ്ങളുടെ പ്രതിച്ഛായനിർമിതി നടത്തിയിരുന്നത് സ്തുതിപാഠകരായിരുന്നു. പിന്നീട് മാധ്യമങ്ങൾ രംഗപ്രവേശം ചെയ്തു. ഒരുപക്ഷേ, ഹിറ്റ്‌ലറാണ് ആദ്യമായി സ്വന്തമായ ഒരു വിഗ്രഹനിർമാണ സംവിധാനം – പ്രതിച്ഛായപ്രചരണയന്ത്രം – ആവിഷ്‌ക്കരിച്ചത്. ഹിറ്റ്‌ലറുടെ ”പ്രൊപ്പഗാന്ത” മേധാവി ഗീബൽസിന്റെ പേരിന്റെ രൂപാന്തരമാണ് ഇന്നും പച്ചക്കള്ളത്തിലടിയുറച്ച പ്രചാരണത്തിന്റെ പര്യായമായി ഉപയോഗിക്കുന്നത് -ഗീബൽസിയൻ. ഹിറ്റ്‌ലർ അന്ന് ലഭ്യമായിരുന്ന എല്ലാ സാങ്കേതികവിദ്യകളെയും തന്റെ പ്രതിച്ഛായനിർമാണത്തിന് ഉപയോഗപ്പെടുത്തി. മറ്റു പല കാര്യങ്ങളിലുമെന്നപോലെ വിഗ്രഹനിർമാണത്തിലും അദ്ദേഹമാണ് സ്വേച്ഛാധിപതികളുടെ ഗുരു.
ഭരണവർഗങ്ങളുടെ വ്യാജ പ്രതിച്ഛായനിർമാണത്തിന് പ്രധാനമായും മൂന്നു കരുക്കളുണ്ട്. ഒന്ന്, മുഖ്യധാരാ മാധ്യമങ്ങൾ; രണ്ട്, ഇന്റർനെറ്റും സാമൂഹികമാധ്യമങ്ങളും; മൂന്ന്, ഇവയെ കേന്ദ്രീകരിച്ചും അല്ലാതെയും പ്രവർത്തിക്കുന്ന ഭരണവർഗങ്ങളുടെ സ്വന്തം പ്രചരണയന്ത്രം – ഇത് ഒരിടത്ത് സ്ഥിതിചെയ്യുന്ന സംവിധാനമല്ല. ലോകമൊട്ടാകെ പരന്നുകിടക്കുന്ന കൂറ്റൻ ശൃംഖലയാണ്. ഈ കരുക്കളെ ഏറ്റവും സമർഥമായി ഉപയോഗപ്പെടുത്തിയ രാഷ്ട്രീയപ്പാർട്ടിയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഒരു വ്യക്തിയുടെ മാത്രം പ്രതിച്ഛായയെ അധികാരത്തിന്റെ ഏറ്റവും പ്രധാന ആയുധമാക്കി മാറ്റുകയും ചെയ്തു.
ഭരണവർഗങ്ങൾക്ക് സ്വന്തം പ്രചരണയന്ത്രമുണ്ടായിരിക്കുമെങ്കിലും ഇന്ത്യയിലും കേരളത്തിലും അവര്‍ക്ക് പ്രചാരണത്തിന്റെ ഊടുംപാവും സൃഷ്ടിച്ചുകൊടുക്കുന്നത് മുഖ്യധാരാ മാധ്യമങ്ങളാണ്. ഒരു സാധാരണ വായനക്കാരനോ പ്രേക്ഷകനോ ഒരിക്കലും മനസ്സിലാക്കാനാവാത്തവിധം സൂക്ഷ്മവും സങ്കീർണവുമാണ് മാധ്യമങ്ങളുടെ ഉള്ളറകളിലെ കരുനീക്കങ്ങൾ. കട്ടൗട്ടുകൾക്കും ഫ്ലക്‌സുകൾക്കും, ചുവരെഴുത്തുകൾക്കും, റോഡ്‌ഷോകൾക്കും പരിമിതികളുണ്ട്. ഭരണവർഗങ്ങളുടെ യഥാർഥ വിജയമന്ത്രം അച്ചടി-ദൃശ്യ-സാമൂഹിക- മാധ്യമങ്ങളുടെ കീഴ്‌പ്പെടുത്തലും അവയുടെ സർവവിധേനയുള്ള ഉപയോഗപ്പെടുത്തലുമാണ്. ഇന്നത്തെ ഇന്ത്യയിൽ ആ വിജയം ഏതാണ്ട് സമ്പൂർണമാണ്.
മതങ്ങളുടെ കാര്യം മറ്റൊന്നാണ്. ആദ്യം സൂചിപ്പിച്ചതുപോലെ പുരാതനകാലങ്ങളിൽ മതങ്ങൾ കല്ലിലും മണ്ണിലും പണിത രൂപങ്ങളെയാണ് ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ ഉപയോഗിച്ചത്. ഇന്നും ക്രിസ്തുമതമടക്കമുള്ള നിരവധി മതങ്ങൾ വിഗ്രഹപൂജ തുടരുന്നു. ക്രിസ്തുമതത്തിന്റെയും ഇസ്ലാമിന്റെയും വരവോടുകൂടി ‘വിശുദ്ധ’ ഗ്രന്ഥങ്ങൾ രംഗപ്രവേശം ചെയ്‌തെങ്കിലും ഇസ്ലാമിന്റെ ‘വിശുദ്ധഗ്രന്ഥം’ മാത്രമാണ് വിഗ്രഹങ്ങളെ നിഷ്‌ക്കാസനം ചെയ്തത്. വിഗ്രഹങ്ങളുടെ സ്ഥാനത്ത് ഇസ്ലാം പ്രതിഷ്ഠിച്ചത് ആരാധനാലയങ്ങളെയാണ്. വിഗ്രഹനിർമാണം ക്രിസ്തുമതത്തിന്റെ വളർച്ചയുടെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നായിരുന്നു. വിഗ്രഹങ്ങളിലൂടെ – ആയിരമായിരം പ്രതിച്ഛായകളിലൂടെ – യാണ് യേശു തന്റെ ഇന്നത്തെ പ്രസിദ്ധിയിലെത്തിയത്. ക്രിസ്തുമതത്തിന്റെ നൂറ്റാണ്ടുകളിലൂടെയുള്ള പ്രതിച്ഛായനിർമാണത്തിൽ ചിത്രകലയും കൊത്തുപണിയും സംഗീതവും ആരാധനാലയനിർമാണവും വഹിച്ച പങ്ക് ഒരുപക്ഷേ, യേശുവിന്റെ ആധ്യാത്മികാകർഷണത്തെയും കവച്ചുവയ്ക്കുന്നു. ഹിന്ദുമതം അതിന്റെ വളർച്ചയിൽ ആരാധാനാലയനിർമാണത്തെയും വിഗ്രഹനിർമാണത്തെയും അതിശക്തമായി ഉപയോഗപ്പെടുത്തി. ക്രിസ്തുമതത്തിനും ഇസ്ലാമിനും മാത്രം ലഭിച്ച പ്രത്യേക താരപരിവേഷമായിരുന്നു ‘സാമ്രാജ്യമതം’ എന്നത്. മതാധികാരം സാമ്രാജ്യാധികാരത്തോട് ഒന്നു ചേർന്നു. ക്രിസ്തുമതവും ഇസ്ലാമും ആഗോളശക്തികളായി മാറിയത് സാമ്രാജ്യങ്ങളുടെ അധിനിവേശപാതകളുടെ ചുവടുപിടിച്ചുള്ള അവരുടെ മുന്നേറ്റങ്ങളിലൂടെയാണ്. അതേ മതങ്ങൾ ഇന്ന് സ്വേച്ഛാധിപത്യങ്ങളുടെ സഹയാത്രികരും സഹകാരികളുമായി മാറി തങ്ങളുടെയും അവരുടെയും നിലനില്പ് ഉറപ്പുവരുത്തുന്നു.
കേരളത്തിലെ ജാതി – മത – രാഷ്ട്രീയ – സാംസ്‌കാരിക – വിഗ്രഹനിർമാണ ഉദ്യോഗം ഏതാണ്ട് പൂർണമായും അച്ചടി-ദൃശ്യ-മാധ്യമങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ആൾദൈവങ്ങളെ അവരാണ് കെട്ടിപ്പൊക്കുന്നത്. അതുപോലെത്തന്നെ സാംസ്‌കാരിക നായികാനായകന്മാരെയും. സിനിമ, അതിന്റെ താരപരിവേഷാധിഷ്ഠിതമായ സ്വഭാവംകൊണ്ടുതന്നെ എല്ലായ്‌പ്പോഴും ഒരു വിഗ്രഹനിർമാണ തൊഴിൽശാലയാണ്. സിനിമയും മാധ്യമങ്ങളും തമ്മിലുള്ളത് ഒരു പരസ്പരസഹായസംവിധാനമാണ്. കേരളത്തിന് ശാപങ്ങളായിത്തീർന്ന ഏറ്റവുമധികം വിഗ്രഹങ്ങൾ സൃഷ്ടിക്കപ്പെട്ടത് – ഇന്നും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് – രാഷ്ട്രീയ രംഗത്താണ്. ആ പ്രക്രിയ പൂർണമായും നടത്തിയത് മുഖ്യധാരമാധ്യമങ്ങളാണ്. ആദ്യകാലങ്ങളിൽ അച്ചടിമാധ്യമങ്ങൾ മാത്രം; പിന്നീട് ദൃശ്യമാധ്യമങ്ങൾ ഒപ്പമെത്തി. അവര്‍ ധാർമികതയോ ജനാധിപത്യബോധമോ മലയാളിസമൂഹത്തോടുള്ള അടിസ്ഥാന വിശ്വസ്ഥതയോ പുലർത്താത്ത ഒട്ടനവധി രാഷ്ട്രീയവ്യക്തികളെ മാതൃകാ ഭരണാധികാരികളായും ജനങ്ങളെക്കാൾ ശ്രേഷ്ഠരായും അത്ഭുതമനുഷ്യരായും ചിത്രീകരിച്ചു – ഇന്നും ചിത്രീകരിച്ചുക്കൊണ്ടിരിക്കുന്നു. കേരള സംസ്ഥാന രൂപീകരണശേഷമുള്ള കഴിഞ്ഞ അറുപതിലേറെ വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മലയാളികളുടെ ജനാധിപത്യബോധത്തെയും പൗരാഭിമാനത്തെയും സാമൂഹിക-സാമ്പത്തിക പുരോഗതിയെയും നിലംപരിശാക്കിയത് ഒരൊറ്റ പ്രതിഭാസമാണ്: മൗലികമായ ബൗദ്ധിക – സംസ്‌കാരിക സമ്പത്തോ ആധുനിക ലോകവിജ്ഞാനമോ നിസ്വാർഥമായ കർമശേഷിയോ മലയാളികളോട് ആത്മാർഥതയോ ഇല്ലാത്ത മീഡിയോക്രിറ്റികളായ രാഷ്ട്രീയവ്യക്തികൾക്ക് മാധ്യമങ്ങൾ നിർമിച്ചുകൊടുത്ത വിഗ്രഹ/താരപദവിയും അതിലൂടെ അവർ നേടിയ അധികാരവും. യുവതലമുറയുടെ പലായനം വർധിക്കുംതോറും മീഡിയോക്രിറ്റികളുടെ ഉയർച്ച അതിശക്തമായിത്തീരും.
ഇതുപോലെതന്നെ ഗുരുതരമായ ഒരു തകർച്ചയാണ് പൊതുസംസ്‌കാരത്തിന്റെയും മതപരമായ ആത്മീയതയുടെയും രംഗത്ത് മാധ്യമങ്ങളുടെ വിഗ്രഹവത്കരണം സൃഷ്ടിച്ചത്. ആൾദൈവങ്ങളെയും അന്ധവിശ്വാസാധിഷ്ഠിതമായ ആചാരങ്ങളെയും വെള്ളപൂശി സാമൂഹികപ്രതിഭാസങ്ങളായി അവതരിപ്പിച്ചുകൊണ്ട് മാധ്യമങ്ങൾ മലയാളികളുടെ വിലതീരാത്ത സമ്പത്തായ നവോത്ഥാനത്തിന്റെ ഹൃദയത്തിൽ കഠാരതാഴ്ത്തി. കേരളസമൂഹത്തെ ദശകങ്ങൾ പിറകോട്ടടിച്ചു.
സാമൂഹിക – സാംസ്‌കാരിക – രാഷ്ട്രീയ പുരോഗതിയിൽ ലോകനേതൃത്വം നേടിയ രാഷ്ട്രങ്ങളിൽ മാധ്യമ വിഗ്രഹങ്ങളില്ല – പോപ്പ് മ്യൂസിക് താരങ്ങളൊഴികെ. രാഷ്ട്രത്തലവർ ഉദ്യോഗസ്ഥർ മാത്രമാണ്. ജോലി തീരുമ്പോൾ അവർ അപ്രത്യക്ഷരാകുന്നു. രാഷ്ട്രീയവിഗ്രഹങ്ങൾ നിറഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയുടെയും കേരളത്തിന്റെയും സ്ഥിതി ആശങ്കാജനകമാണ് – ഒരുപക്ഷേ, നിയന്ത്രണാതീതമാംവിധം. പ്രതിവിധികൾ കണ്ടെത്തേണ്ടവർ തന്നെയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഒരു രക്ഷാമാർഗമേയുള്ളൂ. അതിനും ഇനി ഭാവിയുണ്ടെന്ന് തോന്നുന്നില്ല. അതായത് ആധുനിക ജനാധിപത്യരാഷ്ട്രങ്ങളിൽ ചെയ്യുന്നതുപോലെ, കുട്ടികളിൽ ചെറുപ്പംമുതൽ ജനാധിപത്യതത്ത്വങ്ങൾ അരക്കിട്ടുറപ്പിക്കുക. ജനാധിപത്യത്തിലെ ഏക വിഗ്രഹം പൗരിയാണ്/പൗരനാണ്, അതു താനാണ് എന്ന ആത്മവിശ്വാസം അവളിൽ/അവനിൽ സൃഷ്ടിക്കുക. എഴുന്നെള്ളിക്കപ്പെടുന്ന വിഗ്രഹങ്ങൾ പൊള്ളക്കോലങ്ങളാണ്, വ്യാജങ്ങളാണ് എന്ന തിരിച്ചറിവ് വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി കുട്ടികൾക്കു നല്കുക. ആ പരിശീലനം ലഭിച്ച പൗരർ വിഗ്രഹങ്ങളെ മഞ്ഞളിച്ച കണ്ണുകൾകൊണ്ട് കാണില്ല. അവർ ഭരണവർഗങ്ങളുടെ മുമ്പിൽ വാലാട്ടി നില്ക്കില്ല. ജനപ്രതിനിധി തന്റെ ഉദ്യോഗസ്ഥൻ മാത്രമാണ് എന്നു മനസ്സിലാക്കും. മതവൈരാഗ്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രത്യയശാസ്ത്രങ്ങൾക്ക് അവരെ അടിമപ്പെടുത്താനാവില്ല. പക്ഷേ, നിർഭാഗ്യവതികളും നിർഭാഗ്യവാന്മാരുമായ മലയാളികളെ സംബന്ധിച്ചിടത്തോളം കുട്ടികളെ മത്സരപ്പരീക്ഷകൾക്കൊരുക്കുകയാണ് ജീവന്മരണ പ്രശ്‌നം. പരീക്ഷ ജയിച്ചാൽപ്പിന്നെ ഏതു പിശാച് അവരുടെ തലച്ചോർ തട്ടിയെടുത്താലും ആർക്കെന്ത്?