സ്ത്രീ എന്ന ധനം – ഡോ. ഖദീജാ മുംതാസ്
രണ്ടാംവട്ടവും പെൺകുഞ്ഞിനെത്തന്നെ പേരക്കുട്ടിയായി ലഭിച്ച യാഥാസ്ഥിതിക കുടുംബപശ്ചാത്തലമുള്ള ബന്ധു സന്തോഷവാർത്ത അറിയിച്ചതിലെ വാക്യങ്ങൾ ഇങ്ങനെ: ‘ഇന്നത്തെ ലോകത്ത് അത്ഭുതങ്ങൾ തീർക്കുന്നതും ചരിത്രം രചിക്കുന്നതും പെൺകുട്ടികൾ ആണ്. ഇനിയുള്ള കാലവും ഭാവിയും അവരുടേതു കൂടിയാണ്.’
ഏറെ അത്ഭുതവും ആഹ്ലാദവും തോന്നിയ വാക്കുകൾക്കിടയിൽ ഇങ്ങനെ കൂടി ഉണ്ടായിരുന്നു ‘റബ്ബു തരുന്നത് രണ്ടു കൈയും നീട്ടി വാങ്ങുന്നു’. ചുഴിഞ്ഞാലോചിച്ചപ്പോൾ അതിലൊരു സമരസപ്പെടലുണ്ട്. നിറയെ പെൺകുട്ടികളുള്ള വീട്ടിൽ ജനിച്ചവളാണ് ഞാൻ. എന്റെ സാത്വികനായ ഉപ്പയും ഉമ്മയുടെ ഓരോ പ്രസവം കഴിയുമ്പോഴും ഇങ്ങനെ ആവർത്തിക്കുമായിരുന്നത്രെ: റബ്ബ് തരുന്നത് കൈ നീട്ടി വാങ്ങിക്കുകയല്ലേ നമ്മുടെ കടമ. രണ്ടു തലമുറയിൽപ്പെട്ട ഈ രണ്ടു പേരുടെയും പ്രതികരണത്തിൽ ആൺകുട്ടിയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നൊരു ധ്വനികൂടിയുണ്ട്. ലോകം ഇപ്പോഴും സ്ത്രീകളുടേതുകൂടി ആയിട്ടില്ല. ആകാൻവേണ്ടിയുള്ള ത്യാഗപൂർണമായ സമരസപ്പെടൽ കാണുമ്പോൾപ്പോലും സന്തോഷിക്കേണ്ടിവരുന്നതും അതുകൊണ്ടുതന്നെ.
എം.ബി.ബി.എസ് കഴിഞ്ഞ് ഹൗസ് സർജൻസി കാലത്താണ് വിവാഹക്കടവിലേയ്ക്കടുത്ത ആ ആലോചന ഉണ്ടായത്. ഏറെ പ്രതിസന്ധികൾ മറികടന്നുണ്ടായ തീരുമാനമായിട്ടും, പ്രണയത്തിന്റെ ചൂടിൽ വേവുന്നവനായിരുന്നു നിയുക്ത വരനെങ്കിലും, അന്വേഷണം മുറുകി വന്നപ്പോൾ പരിചയപ്പെടാൻ വന്ന ബന്ധു അല്പം നർമം കലർത്തി എന്നോടു ചോദിച്ചതോർക്കുന്നു. ‘അല്ലാ, എന്തു കിട്ടും നമുക്ക്? ‘സടകുടഞ്ഞ മനസ്സുമായി ഞാനദ്ദേഹത്തെ നോക്കി. ഞാനും പ്രണയച്ചൂടിലായിരുന്നില്ലേ? ചുരുങ്ങിയപക്ഷം പ്രണയാവശനെ കൈവിടാനാവാത്ത മാനസികാവസ്ഥയിലെങ്കിലുമായിരുന്നു. എന്നിട്ടും സ്വരംകടുപ്പിച്ച് പറഞ്ഞതിങ്ങനെ: ‘അങ്ങനെയെങ്കിൽ നമുക്കിത് ഇവിടെ നിർത്താം’.
എവിടന്നാണ് അതിനുള്ള ഊർജം എന്നിലെത്തിയത്? കുട്ടിക്കാലം മുതലുള്ള ഉടൻ പ്രതികരണശേഷിയിൽ നിന്നോ?ഒററയ്ക്കു നില്ക്കാനാവുമെന്ന പെണ്ണഭിമാനത്തിലോ? ഉപ്പയില്ലാത്ത പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നല്കിയ ഉമ്മയുടെ പിടച്ചിൽ കണ്ടു വളർന്നതുകൊണ്ടോ? അതോ, പ്രണയത്തിലുണ്ടായിരുന്ന വിശ്വാസത്താലോ? അറിയില്ല. ഭാവമാററo പെട്ടെന്നു തിരിച്ചറിഞ്ഞ ജ്യേഷ്ഠസ്ഥാനീയനായ ബന്ധു നർമഭാവം കൈവിടാതെ തന്നെ പറഞ്ഞു: ശരി,ശരി. മറന്നുകളയൂ. അല്ലെങ്കിൽത്തന്നെ നിങ്ങളൊരു ഡോക്ടറല്ലേ. വേറെന്തു വേണം?
വിവാഹശേഷം ഒരിക്കലാ പ്രണയി സൂചിപ്പിക്കുകയുമുണ്ടായി: ‘എന്നാലും നീയങ്ങനെ പറഞ്ഞു കളഞ്ഞല്ലോ.’ നിന്റെ പ്രണയം അത്രയ്ക്കേ ഉണ്ടായിരുന്നുള്ളുവല്ലോ എന്ന പരിഭവമുണ്ടായിരുന്നു അതിൽ. നിർദോഷമായ ഒരന്വേഷണം വന്നപ്പോൾത്തന്നെ നീയെന്നെ തള്ളിപ്പറഞ്ഞില്ലേ എന്ന ധ്വനി.
ഈ നിർദോഷമായ അന്വേഷണങ്ങളുടെ മൂടുപടമിട്ടാണ് 150 പവനും, വില കൂടിയ കാറും 15 ഏക്കർ ഭൂമിയുമൊക്കെ പാതിദൂരം പിന്നിട്ട പ്രണയികൾക്കിടയിൽ കാർക്കശ്യമാവുന്നത്. അത്തരമൊരന്വേഷണത്തിന്റെ മുന തുടക്കത്തിൽത്തന്നെ ഒടിച്ചുകളഞ്ഞ മനഃസാന്നിധ്യമാണ് എന്നെ സംബന്ധിച്ച് ഈ വിഷയം സംസാരിക്കാനുള്ള പ്രധാന മൂലധനം.
കാലം പഴയതല്ല എന്നറിയാം. അന്നൊരു എം.ബി.ബി.എസുകാരിക്കുള്ള വിലയൊന്നും ഇന്നില്ല. ജീവിതച്ചെലവ് ഏറെ കൂടുതലുമാണ്. വീടും കാറും ക്ലിനിക്കുമൊക്കെ സ്വന്തമാക്കുക എളുപ്പമല്ല. പൂജ്യത്തിൽനിന്നു തുടങ്ങി പടിപടിയായി വളർന്നു വരുന്നതിന്റെ ആവേശത്തെപ്പറ്റിയൊക്കെ, ജീവിതസായാഹ്നത്തിലെ നിറവിനെപ്പറ്റിയൊക്കെ ഇന്നു പറഞ്ഞാൽ ഏശുകയുമില്ല. എങ്കിലും….
ഡോ.ഷഹ്നയിലേയ്ക്കു വരാം. മിടുക്കിയായിരുന്നിരിക്കണം അവൾ. എം.ബി.ബി.എസ് കഴിഞ്ഞ് മെറിറ്റ് ക്വാട്ടയിൽത്തന്നെ പോസ്റ്റ് ഗ്രാജുവേഷന് അഡ്മിഷൻ കിട്ടിയവൾ.ഒരു വർഷംകൂടി കഴിഞ്ഞാൽ അവളൊരു ജനറൽ സർജൻ. കാഴ്ചയിലും എത്രയോ ആകർഷകമായ വൃക്തിത്വം. പ്രണയമാണോ വിവാഹാലോചനയാണോ ആദ്യമുണ്ടായത് എന്നറിയില്ല. ഏതായാലും അവൾ അവനെ ഗാഢമായി പ്രണയിച്ചിരിക്കണം. ഉപ്പയുടെ മരണവും അവളെ തളർത്തിയിരിക്കാം. പിന്നാലെ വന്ന ലേലത്തുകയുടെ കുത്തനെയുള്ള കയറ്റവും. സ്ത്രീധന താത്പര്യം രക്ഷിതാക്കളുടേതാണ്, നമുക്കിടയിൽ പ്രണയം മാത്രമേയുള്ളു എന്നു ഭാവിച്ചിരുന്നവന്റെ പൊടുന്നനെയുള്ള ധനാഭിമുഖ്യത്തിലും വിലപേശലിലും അവൾ അമ്പരന്നു പോയിരിക്കണം. സ്വന്തം കുടുംബത്തിന്റെ നിസ്സഹായതയോ, വിവാഹം അക്കാരണംകൊണ്ട് മുടങ്ങിപ്പോയാലുള്ള നാണക്കേടോ ഒക്കെക്കൂടി അവളെ നിരാശയിലാഴ്ത്തിക്കാണണം. സമൂഹവും അതിന്റെ ആചാരങ്ങളും കമ്പോളസ്വാധീനങ്ങളും എങ്ങനെയാണ് ശോഭനമായ ഒരു ഭാവി സ്വപ്നം കണ്ടവളെ ഇങ്ങനെ തകർത്തു കളഞ്ഞത് എന്നത് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്.
പുതിയകാലത്തെ പെൺകുട്ടികൾ പഴയതലമുറക്കാരേക്കാൾ അത്ഭുതകരമാംവിധം മുന്നോട്ടു സഞ്ചരിച്ചിരിക്കുന്നു എന്നാണ് എന്റേതുൾപ്പെടെ പൊതുസമൂഹത്തിന്റെ നിരീക്ഷണം. വിദ്യാഭ്യാസം നേടുന്നതിൽ, അതിനായി ഇഷ്ടപ്പെട്ട കോഴ്സുകൾ കണ്ടെത്തുന്നതിൽ, വീടിനകത്തും പുറത്തും അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിക്കുന്നതിൽ അവർ മുന്നിലാണ്. എന്നിട്ടും വിവാഹത്തിന്റെ കാര്യം വരുമ്പോൾമാത്രം കഴിഞ്ഞതലമുറക്കാരികളോടൊപ്പംപോലും ആത്മവിശ്വാസമില്ലാത്തവരാകുന്നത് എന്തുകൊണ്ടാണ്? പണം ഭരിക്കുന്ന ഒരു സാമൂഹികപശ്ചാത്തലത്തിൽ വിവാഹവും ഒരു ട്രേഡ് ആണെന്ന ആശയം അവരും സ്വാംശീകരിക്കുന്നതു കൊണ്ടാണോ? തന്റെ ഭാവിജീവിതംകൂടി സുരക്ഷിതമാക്കുന്ന ട്രേഡ്? അല്ലെങ്കിലെന്തുകൊണ്ട് പരസ്പരമുള്ള ഇഷ്ടം വിവാഹത്തിലേയ്ക്കടുക്കുമ്പോൾ സ്ത്രീധനത്തിന്റെ വില്ലൻനിഴൽ അവരെ ജാഗ്രത്താക്കാത്തത്? എവിടെപ്പോകുന്നു അവരതുവരെ കാണിച്ച അഭിമാനബോധം? സർവവും വിസ്മരിപ്പിക്കുന്ന കണ്ണുകാണാത്ത പ്രണയത്തിൽ മുങ്ങിപ്പോകാനും മാത്രം കൗമാരം കടക്കാത്തവരല്ലല്ലോ പ്രഫഷണൽ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന പെൺകുട്ടികൾ? ഇത്തരം പെൺകുട്ടികൾക്ക് ഭർതൃഗൃഹത്തിൽത്തന്നെ കഴിയേണ്ടി വരാറുമില്ല. ദമ്പതികൾ ഒന്നിച്ച് വേറെയൊരു ജീവിതം തുടങ്ങുകയല്ലേ പതിവ്? ആ ജീവിതം കെട്ടിപ്പടുക്കാൻ സ്ത്രീയുടെ ധനം മാത്രമല്ലല്ലോ, പുരുഷന്റേതും വേണമെന്ന് നിഷ്കർഷിക്കപ്പെടുന്നില്ലല്ലോ. അതെന്തു ന്യായമെന്ന് അവൾക്ക് ചോദിക്കാനാവാത്തത് എന്തുകൊണ്ടാണ്? അപ്പോൾ വിവാഹത്തിന്റെ കാര്യത്തിലെങ്കിലും അവൾ സമൂഹത്തിൽ അപ്പോൾ നിലനില്ക്കുന്ന വ്യവസ്ഥയ്ക്ക് സൗകര്യപൂർവം കീഴൊതുങ്ങുകയാണ്. ഈ മനോഭാവം മാറ്റിയെടുക്കേണ്ടതില്ലേ?
സ്ത്രീയെ കല്യാണം കഴിപ്പിച്ചയക്കുകയും പുരുഷൻ കല്യാണം കഴിക്കുകയാണ് നമ്മുടെ നാട്ടിൽ. കല്യാണശേഷം പുരുഷന് സ്വന്തംവീട്ടിൽ മാത്രമല്ല, പെൺവീട്ടിലും വലിയ സ്ഥാനമാണ്. ഫലത്തിൽ അവന് രണ്ടുവീടിന്റെ സൗഖ്യം. അവൾക്കോ? വിവാഹത്തോടെ സ്വന്തംവീട്ടിൽ അവൾക്ക് അന്യവത്കരണം സംഭവിക്കുന്നു. ഭർതൃവീട്ടിൽ അവൾ വന്നവൾ മാത്രവും. ഒരിത്തിരി ദീർഘകാലം സ്വന്തംവീട്ടിൽ നിന്നാൽപോലും ചോദ്യങ്ങളുടെ കുന്തമുന അവളുടെ നേരെ നീളുന്നു. വാസ്തവത്തിൽ വിവാഹത്തോടെ സ്ത്രീക്കും പുരുഷനും രണ്ടു വീടുകളും ബന്ധുജനങ്ങളും ഉണ്ടാവുന്ന ഊഷ്മളതയാണ് വേണ്ടത്. അങ്ങനെയൊക്കെ ചിന്തിക്കാൻ നമ്മളിനി തുടങ്ങുന്നതെപ്പോഴാണ്?
സമ്പത്തിനോടുള്ള വിധേയത്വം എത്രമാത്രം ഈ സങ്കീർണതകളിൽ പങ്കു വഹിക്കുന്നു എന്ന് ചികയേണ്ടതുണ്ട്. പെൺകുട്ടി ജനിക്കുന്നതിൽ ആഹ്ലാദിക്കുന്നു എന്നു പറയുന്നവരുൾപ്പെടെ ജനനം മുതൽ അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ഏർപ്പാടുകൾ തുടങ്ങുകയായി. നല്ല അമ്മയുടെ ലക്ഷണംതന്നെ നുള്ളിപ്പെറുക്കി മകൾക്കുവേണ്ടി സ്വർണം സ്വരുക്കൂട്ടുകയാണ്. അതിൽ ഇൻഷുറൻസ് സംവിധാനവും സ്വർണക്കച്ചവടക്കാരും ഭരണകൂടംപോലും ആകർഷകമായ പരസ്യങ്ങളും പ്രഖ്യാപനങ്ങളുമായി അവളുടെ സ്വപ്നങ്ങൾക്കൊപ്പമുണ്ട്. മകൾ പഠിച്ച് സ്വതന്ത്രരാവട്ടെ എന്ന കരുതുന്ന മാതാപിതാക്കൾ ഇല്ലെന്നല്ല. എങ്കിലും ബഹുഭൂരിപക്ഷം ‘കുടുംബത്തിൽ പിറന്ന’ പെൺകുട്ടികളുംകൂടി പതുക്കെപ്പതുക്കെ സ്വാംശീകരിക്കുന്ന ഒന്നാണ് സ്ത്രീധന വ്യവസ്ഥയും നല്ല വരൻ കനിഞ്ഞരുളേണ്ട തന്റെ ജീവിതമെന്ന സ്വപ്നവും. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് പെൺകുട്ടിയെ കെട്ടിക്കാൻവേണ്ട സഹായംചെയ്യുന്നത് ഏറ്റവും വലിയ ജീവകാരുണ്യപ്രവർത്തനമായി ധനികർ കരുതുകയും ചെയ്യുന്നു. സമൂഹവിവാഹങ്ങൾ ഇന്ന് മത, മതേതര പ്രസ്ഥാനങ്ങൾ ഏറ്റെടുക്കുന്നുണ്ട്. നല്ല കാര്യം. പക്ഷേ പെണ്ണിന് രണ്ടു മൂന്നു പവൻ തൂക്കം സ്വർണം കൊടുക്കാതെ എന്തു സമൂഹ വിവാഹം. തികച്ചും മൗലികമായ വിധത്തിൽ തങ്ങളുടെ ഇണ ജീവിതംതുടങ്ങി വയ്ക്കാറുള്ള ആദിവാസികളെ സവർണക്കല്ല്യാണങ്ങളുടെയും പൊൻതിളക്കത്തിന്റെയും സംസ്കാരത്തിലേക്ക് കൊണ്ടുവരുന്നത് ഇന്ന് അപൂർവ കാഴ്ചയല്ല.
സ്വർണവും പണവും കുടുംബമഹിമയുമല്ലാതെ, വിവാഹിതരാവുന്നവർ മാനസികമായി എത്രമാത്രം ആ കൂട്ടുജീവിതത്തിനു വേണ്ട മാനസിക തയാറെടുപ്പുകൾ നടത്തുന്നുണ്ട് എന്നതും ചോദ്യമാണ്. വൃക്തിഗത നേട്ടങ്ങളുടെയും അവകാശങ്ങളുടെയും പരിവേഷത്തിൽ മാത്രം വളർന്നുവരുന്ന ആണും പെണ്ണും തമ്മിൽ ഉരസലുകൾ സ്വാഭാവികം. പുരുഷനിൽ സമൂഹം കനിഞ്ഞരുളിയ അധികാരഭാവത്തിന്റെയും ശാരീരികശക്തിയുടെയും മുൻതൂക്കമുള്ളതിനാൽ അവൾക്ക് പീഡനങ്ങൾ ഏല്ക്കേണ്ടി വരാം. പുറമേയ്ക്ക് നല്ല കുട്ടി പരിവേഷമുള്ള പല ചെറുപ്പക്കാരും വീട്ടിനകത്ത് തങ്ങളുടെ സാഡിസ്റ്റിക് ഭാവങ്ങൾ പുറത്തെടുക്കാം. സ്ത്രീധനം കുറഞ്ഞു പോയെന്നോ ഇനിയും കിട്ടണമെന്നോ ആർത്തിയുള്ള വീട്ടുകാരും വരനോടൊപ്പം നില്ക്കുമ്പോൾ അവൾ ഭർതൃവീട്ടിൽ നിസ്സഹായയാവുന്നു. വിസ്മയയെ ഓർക്കാം. സ്വന്തം വീട്ടിൽ സഹികെട്ട് ഓടിയെത്തിയപ്പോൾ പിടിച്ചുനില്ക്കൂ പിടിച്ചുനില്ക്കൂ പൊന്നുമോളേ എന്നു പറഞ്ഞ് അവളെ മടക്കിയത് മാനക്കേട് കരുതിയാണ്. ‘ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി’ സങ്കല്പവും ഒരുപക്ഷേ, പെൺകുട്ടിയെ ഭരിക്കുന്നുണ്ടാവാം.
വിവാഹപരീക്ഷണം വിജയിച്ചില്ലെങ്കിൽ ഇട്ടെറിഞ്ഞു പോരാൻ ധൈര്യം കാണിക്കുന്നവരിൽ മുസ്ലിം പെൺകുട്ടികളാണ് അധികം എന്നു തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് സാമ്പത്തികമായി സുരക്ഷിതമായ കുടുംബങ്ങളിൽനിന്നു വരുന്നവരിൽ. വിവാഹം ഒരു കരാർ (contract) ആണെന്ന ഇസ്ലാമിക വിശ്വാസമായിരിക്കണം അതിനവർക്കു താങ്ങാവുന്നത്. വിവാഹത്തോടെ സ്വന്തം വീട്ടിൽനിന്ന് അക്ഷരാർഥത്തിൽ വേരുപറിച്ച് പുറത്താക്കപ്പെടുന്ന ക്രിസ്ത്യൻപെണ്ണിന്റെ കഥ അസാമാന്യമായ സമരസപ്പെടലിന്റെയും താരതമ്യങ്ങളെ അതിജീവിക്കുന്നതിന്റെയും കാലംകഴിയവേ ലഭ്യമാകുന്ന ഭർതൃഗൃഹത്തിലെ അംഗീകാരത്തിന്റെയും കഥയാണെന്ന് അനുഭവസ്ഥരുടെ സാക്ഷ്യം. മേരി റോയ് എന്ന ബഹുമാന്യ വനിതയുടെ നിയമ പോരാട്ടത്തിലൂടെ പുരുഷനു തുല്യം സ്വത്തവകാശം ക്രിസ്ത്യൻസ്ത്രീയും നേടിയെടുത്തുവെങ്കിലും സ്ത്രീധനമായി കൊണ്ടുപോകാനാവുന്നതു മാത്രമാണ് ഭർതൃഗൃഹത്തിൽ അവളുടെ സ്ഥാനം നിശ്ചയിക്കുന്നത്. ആങ്ങളമാർ പിന്നീടെന്തിലും കനിഞ്ഞു നല്കിയാലായി എന്നുമാത്രം.
ക്രിസ്ത്യൻ-ഹിന്ദു സമൂഹങ്ങളിൽനിന്ന് വിഭിന്നമായി മുസ്ലിംസ്ത്രീക്ക് സഹോദരന്റെ പകുതിസ്വത്തിനു മാത്രമേ നിയമപരമായിത്തന്നെ അവകാശമുള്ളു. മെഹർ എന്നത് പുരുഷൻ സ്ത്രീക്ക് വിവാഹവേളയിൽ കൊടുക്കുന്ന സമ്മാനമാണ്. സമ്പത്തുള്ളവർ അതിന്റെ വലിപ്പവും അഭിമാനപ്രശ്നമായി എടുക്കുമെങ്കിലും അതിന്റെ എത്രയോ ഇരട്ടി സ്ത്രീധനമായി ലഭിക്കുമെന്ന വിശ്വാസം കൂടെയുള്ളതുകൊണ്ടാവാം അത്. പ്രതീകാത്മകമായി തുച്ഛമായ തുക, 100 രൂപയൊക്കെ മെഹറായി കൊടുക്കുന്ന സമുദായങ്ങളുമുണ്ട്. വിവാഹവേളയിൽ ഒന്നും കൊടുക്കാതെ കൊടുത്തു വീട്ടേണ്ട കടമായി കരാറിൽ രേഖപ്പെടുത്തുന്നവരുമുണ്ട്. ദ്വിഭാഷാ എഴുത്തുകാരിയായ കാസർഗോട്ടെ സാറാ അബൂബക്കറിന്റെ ‘ചന്ദ്രഗിരിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിൽ നമുക്കിതിന് ഉദാഹരണങ്ങൾ കാണാം. മെഹർ കൊടുക്കാതിരുന്ന പുരുഷൻ മരണപ്പെടുകയാണെങ്കിൽ ഭാര്യയെക്കൊണ്ട് ‘ഞാൻ പൊരുത്തപ്പെട്ടു’ എന്ന് ഖബറിലേയ്ക്ക് എടുക്കുംമുമ്പേ പറയിച്ചാൽ മതി. ഇനി, മെഹർ കൊടുക്കാതിരുന്ന ബന്ധം ഒഴിയുകയാണെങ്കിൽ പുരുഷൻ തലാഖ് ചൊല്ലിയശേഷം ചെറിയ തുകയെന്തെങ്കിലും കൊടുത്താൽ മതിയാവും. സ്ത്രീധനമായി കൊടുത്തവയെല്ലാം ഇതിനിടെ അവന്റേതും കുടുംബത്തിന്റേതുമായി മാറിക്കഴിഞ്ഞിരിക്കും .
അറബ് നാടുകളിൽ മെഹർ എന്ന പേരിൽ വലിയ ഡിമാന്റുകൾ പെൺവീട്ടുകാർ വയ്ക്കാറുണ്ട്. അവൾക്ക് സുഖസമൃദ്ധമായി ജീവിക്കാനാവുംവിധം ഫ്ലാറ്റും കാറും ജോലിക്കാരെയുംവരെ ഒരുക്കിയശേഷം മാത്രം പെണ്ണുകിട്ടുന്ന സ്ഥിതി നഗരകേന്ദ്രിത സംസ്കാരമായി ഇന്നു വളർന്നുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അനുരാജ്യക്കാരികളെ വധുക്കളാക്കുന്നവരും ധാരാളം. എന്തൊക്കെയായാലും സ്ത്രീധനമെന്ന ഏർപ്പാട് അവിടെയില്ല. മെഹർ കൊടുക്കാനാവാത്തതിനാൽ ‘മുടക്കാ ചരക്കായി’ ഇരിക്കുന്നുമില്ല പുരുഷന്മാർ. ലോകം അവന്റേതാണല്ലോ.
സ്ത്രീധനമായാലും മെഹർ ആയാലും അതിന്റെ വലിപ്പത്തിനും ഡിമാന്റിനും കാരണം സമുദായഭേദമെന്യെ മനുഷ്യരെ ഭരിക്കുന്ന കമ്പോളസംസ്കാരം തന്നെ. സ്ത്രീപുരുഷന്മാരുടെ മനപ്പൊരുത്തവും സ്നേഹവുമൊക്കെ രണ്ടാംസ്ഥാനത്തു മാത്രം. ദരിദ്രരും തങ്ങൾക്കാവുംവിധം വീടുവിറ്റോ പണയംവച്ചോ ഒപ്പമെത്താൻ കിതയ്ക്കുന്നു. ഭർതൃഗൃഹപീഡനം സഹിക്കവയ്യാതെ തിരിച്ചോടിവരാൻ പെണ്ണിന് ഒരു വീടുപോലും ഇല്ലാതാവുന്ന അവസ്ഥ തന്മൂലം ഉണ്ടാവുകയും ചെയ്യുന്നു. ചെകുത്താനും കടലിനുമിടയിലായിപ്പോവുന്ന അവൾ ആത്മഹത്യയിൽ അഭയം തേടേണ്ടി വരുന്നതും അങ്ങനെ.
1961-ൽത്തന്നെ ഇന്ത്യയിൽ സ്ത്രീധന നിരോധനനിയമം നടപ്പിൽ വന്നുവെന്ന് വിഷയം കൈകാര്യം ചെയ്യുന്നവരൊക്കെ എടുത്തുപറയുന്നു. ഒപ്പം, ഓരോ വർഷവും സ്ത്രീധനമരണങ്ങളുടെ കണക്കുകൾകൂടി നിരത്തേണ്ടിവരുന്നു എന്ന വൈരുധ്യവുമുണ്ട്. ദുരന്തമാകുംവരെ സ്ത്രീധനത്തിന് ഗിഫ്റ്റ് എന്നോ മകൾക്കുള്ള അസറ്റ് എന്നോ ആയിരിക്കും പേര്. അത് അവളോടുള്ള കരുതൽ മാത്രമായി പൊതുസമൂഹവും അംഗീകരിക്കും. വിലപേശിയോ അല്ലാതെയോ വാങ്ങുന്നത് അപരാധമായി മാറുന്നത് ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ മാത്രം. കൊടുത്തവനെ അപ്പോഴും ആരും കുറ്റവാളിയാക്കുന്നുമില്ല.
എന്താണിതിനൊരു പരിഹാരം? കമ്പോളത്തിന്റെ ലാഭനഷ്ടക്കണക്കുകളിലും, പാരമ്പര്യാഭിമാനത്തിലും കുടുങ്ങിക്കിടക്കുന്ന പഴയതലമുറയെ തിരുത്തൽ എളുപ്പമല്ല. ജുഡീഷ്യറിയോ നിയമപാലകരോ ഭരണകർത്താക്കളോപോലും ഈ മനോഭാവത്തിൽ നിന്നു മുക്തരല്ല.ചെറുപ്പക്കാർക്കാണ് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവുക. പ്രത്യേകിച്ച് പെൺകുട്ടികൾക്ക്. സ്ത്രീധനം വാങ്ങി എന്നെ ആരും വിവാഹം ചെയ്യണ്ട എന്ന് അഭ്യസ്ഥവിദ്യരും സ്വന്തംകാലിൽ നില്ക്കുന്നവരും തീരുമാനമെടുക്കണം. വിവാഹം കഴിഞ്ഞശേഷം മാത്രമുള്ളതല്ല ജീവിതമെന്നും ജീവിതം അർഥവത്താക്കുന്ന വേറെയെന്തെല്ലാം ഘടകങ്ങളുണ്ട്? വിവാഹസമയത്ത് പൊന്നോ പണമോ വേണ്ടെന്നു വയ്ക്കുന്നവളെ സ്വന്തംവീട്ടിലേയ്ക്ക് തിരിച്ചെത്തുന്നത് ആങ്ങളമാർക്ക് തടയാനുമാകില്ല. ആങ്ങളയ്ക്കുള്ളത്രയും വീട്ടിൽ സ്ഥാനം തിരിച്ചുവന്നേക്കാവുന്നവൾക്കുമുണ്ടാവണം. പാരമ്പര്യ സ്വത്തുണ്ടെങ്കിൽ അതിലും അവൾക്ക് തുല്ല്യാവകാശമുണ്ടാവണം. നിയമം അത് അനുവദിക്കുന്നില്ലെങ്കിൽ ഭരണഘടനയുറപ്പാക്കുന്ന ലിംഗസമത്വാശയത്തെ ഉയർത്തിപ്പിടിച്ച് അവയെ മാററാൻവേണ്ട മുന്നേറ്റത്തിൽ അവർക്കും പങ്കാളികളാവാൻ കഴിയണം. മുസ്ലിം സ്ത്രീകളുടെ അത്തരമൊരു മുന്നേറ്റം ഇന്ന് നിലവിലുണ്ട്.
സ്ത്രീക്കും സ്വത്വാഭിമാനമുണ്ടെന്നും അവൾ ഭോഗിക്കപ്പെടേണ്ട സൗന്ദര്യവസ്തു മാത്രമല്ലെന്നും ലോകത്തെ മാറ്റിമറിക്കാൻ പുരുഷനെക്കാൾ കഴിവും ആത്മശക്തിയും ഉള്ള പകുതിയുടെ പ്രതിനിധികളാണ് തങ്ങളെന്നും ഉള്ള ബോധ്യം അവർക്കുണ്ടാവണം. അത്തരമൊരു മനോഭാവം വളർത്തിയെടുക്കാനാണ് ഉത്തരവാദപ്പെട്ടവർ മുന്നോട്ടു വരേണ്ടതും.