ഒരു ഗാന്ധിയൻ പ്രതിഷേധംപോലും സാധ്യമാണോ – കെ. അരവിന്ദാക്ഷൻ

ഒരു ഗാന്ധിയൻ പ്രതിഷേധംപോലും സാധ്യമാണോ  – കെ. അരവിന്ദാക്ഷൻ

ഇക്കഴിഞ്ഞ ഡിസംബർ 13, ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്നു നമ്മുടെ പ്രധാനമന്ത്രി ആവർത്തിച്ചുപറയുന്ന ഇന്ത്യൻ പാർലമെന്റിനുനേരെ ഇസ്ലാമിക ഭീകരസംഘടനകളായ ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തൊയ്ബയും നടത്തിയ പൈശാചികാക്രമണത്തിന്റെ (2001) ഇരുപത്തിരണ്ടാം വാർഷികദിനമായിരുന്നു. 2001-ൽ അഞ്ചു ഭീകരർ കൊല്ലപ്പെട്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒമ്പത് ഇന്ത്യക്കാർ രക്തസാക്ഷികളായി. പാർലമെന്റിനു പുറത്തുവച്ചായിരുന്നു ഏറ്റുമുട്ടൽ. അകത്ത് ഉപരാഷ്ട്രപതി കൃഷ്ണകാന്തും ആഭ്യന്തരമന്ത്രി ലാൽകൃഷ്ണ അദ്വാനിയും ഉണ്ടായിരുന്നു. വാജ്‌പേയുടെ കൂട്ടുമന്ത്രിസഭയായിരുന്നു അധികാരത്തിൽ. അദ്വാനിയാണ് സ്വതന്ത്ര ഇന്ത്യയിൽ രാമനെ മുൻനിർത്തി അയോധ്യയിലേക്ക് രഥയാത്ര നടത്തി, വീർ സവാർക്കറുടെ ഹിന്ദുത്വയ്ക്ക് അടിത്തറയിട്ട് 2014-ൽ നരേന്ദ്രമോദി സർക്കാരിനെ കൂട്ടുകക്ഷികളില്ലാതെ തന്നെ അധികാരത്തിലെത്താൻ വഴിയൊരുക്കിയവരിൽ പ്രധാനി. 2002-ൽ മുസ്ലീം വംശീയഹത്യയുടെ പേരിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദി ധാർമികമായി ചോദ്യം ചെയ്യപ്പെട്ടപ്പോൾ അദ്വാനിയാണ് അദ്ദേഹത്തെ തുടരാൻ അനുവദിച്ചത്. വാജ്‌പേയിയുടെ പാർലമെന്റല്ല, 2014 മുതലുള്ള ഇന്ത്യൻ പാർലമെന്റ്. ജനാധിപത്യപരമായ ക്രിയാത്മകമായ ചർച്ചയോ സംവാദമോ അവിടെ നടക്കാറില്ല. 2019-നുശേഷം, നിയമനിർമാണങ്ങൾപോലും ആർ.എസ്.എസ് – ബി.ജെ.പി രാഷ്ട്രീയ അജണ്ടയുടെ ഭാഗമനുസരിച്ചാണ്. പരമോന്നത നീതിപീഠംപോലും, അതിന്റെ നിരപേക്ഷ സ്വഭാവത്തിൽനിന്ന് വ്യതിചലിക്കുന്നതായിട്ടാണ് നാം കാണുന്നത്. ഇതിനെതിരെ പ്രതികരിക്കാൻ കഴിയാതെ കോമാളിയായി നില്ക്കുന്ന പ്രതിപക്ഷം. വൈവിധ്യങ്ങളുടെ, സാഹോദര്യത്തിന്റെ ഒരുമയുടെ നമ്മുടെ ഇന്ത്യ സാവകാശം, ഇപ്പോൾ അതിവേഗം, ഒരു ഹിന്ദുരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു. ഏകാധിപത്യത്തിന്റെ ഉരുക്കുമുഷ്ടികൾ മതസ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും അടിച്ചമർത്തുന്നു. പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികളായി കോടതി കയറേണ്ടിവരുന്നു; തുറങ്കിലടക്കപ്പെടുന്നു. കോർപ്പറേറ്റുകൾ രാജ്യവിഭവങ്ങൾ കൊള്ളയടിക്കുന്നു. പട്ടിണി, തൊഴിലില്ലായ്മ, പാരിസ്ഥിതിക നശീകരണങ്ങൾ, അസമത്വം, മുസ്ലീം-ദളിത്-ആദിവാസി-ദരിദ്രർ എന്നിവർക്കുനേരെയുള്ള അക്രമണങ്ങൾ പെരുകുന്നു.


ഈ പശ്ചാത്തലത്തിലാണ് 2023 ഡിസംബർ 13-ന് പാർലമെന്റ് സന്ദർശക ഗ്യാലറിയിൽ ബി.ജെ.പി. എം.പി. പ്രതാപ് സിംഹ നൽകിയ പാസിൽ മൈസൂരിൽനിന്നുള്ള മനോരഞ്ജൻ, പർനൊയിൽ നിന്നുള്ള സാഗർ ശർമ എന്നിവർ മുദ്രാവാക്യങ്ങൾ മുഴക്കി പൂക്കുറ്റി പുകച്ച് പാർലമെന്റിൽ അതിക്രമം കാണിച്ചത്. പാർലമെന്റിന് പുറത്ത് നീലംദേവി, അമോൽ ഷിൻഡെ എന്നിവർ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. അടുത്ത ദിവസത്തെ പത്രത്തിൽ ഇവരും മറ്റു ചിലരും ഭഗത്‌സിങ് ഫാൻക്ലബ്ബിലെ അംഗങ്ങളാണെന്ന് കണ്ടു. 1929 ഏപ്രിൽ 8-ന് ഡൽഹിയിൽ സെൻട്രൽ അസംബ്ലിയിൽ ഭഗത് സിങ്ങും കൂട്ടാളികളും സന്ദർശകഗാലറിയിൽനിന്ന് ബോംബെറിഞ്ഞതിനു സമാനമായ പ്രതിഷേധമാണ് സംഘം ഉദ്ദേശിച്ചതെന്ന് പോലീസ് പറഞ്ഞതായും പത്രത്തിലുണ്ട്. ഇവരാരുംതന്നെ ഏതെങ്കിലും ഭീകരസംഘടനയിലെ അംഗങ്ങളാണെന്ന് പോലീസ് ഇതുവരെയും പറഞ്ഞിട്ടില്ല. ഭഗത്‌സിങ്ങ് ഗാന്ധിക്ക് ആദരവും സ്‌നേഹവും തോന്നിയ ധീരദേശാഭിമാനിയായിരുന്നു. അദ്ദേഹത്തിന്റെ മാർഗത്തോടുമാത്രമേ ഗാന്ധി വിയോജിച്ചിരുന്നുള്ളൂ. ഒരു ഭീരുവിന് ഒരിക്കലും ഒരു അക്രമരഹിത സത്യാഗ്രഹിയാകാൻ കഴിയില്ല, എന്നാൽ, ഒരു ധീരന് അതിനു കഴിയും എന്നാണ് ഗാന്ധിയൻ കാഴ്ചപ്പാട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവരുടെ പുതിയ തലമുറയാണ് ഇന്നു രാജ്യം ഭരിക്കുന്നത്. എങ്കിലും അവരും ക്വിറ്റിന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത മാർക്‌സിസ്റ്റുകളും ഭഗത് സിങ്ങിനെ തങ്ങളുടേതാക്കി മാറ്റുന്നതിൽ ഉത്സുകരാണ്.


മാധ്യമങ്ങളും ബി.ജെ.പി, കോൺഗ്രസ്സ് തുടങ്ങിയ എല്ലാ രാഷ്ട്രീയകക്ഷികളും ഡിസംബർ 13-ന്റെ അതിക്രമത്തെ കടുത്ത ഭാഷയിൽ അപലപിച്ചിട്ടുണ്ട്. അതിക്രമിച്ചവർ മുസ്ലീമോ പ്രതിപക്ഷകക്ഷികളിൽനിന്നുള്ളവരോ അല്ലാത്തതിനാൽ രാജ്യത്തെ കുറെയെങ്കിലും ജനങ്ങൾ ആശ്വസിക്കുന്നുണ്ട്. ആരുംതന്നെ ഈ യുവാക്കൾ ഉയർത്തിപ്പിടിക്കുന്ന ചില വസ്തുതകളെപ്പറ്റി മിണ്ടുന്നില്ല. അതിക്രമത്തിനു തൊട്ടുമുമ്പ് പാർലമെന്റിനു പുറത്തു പ്രതിഷേധിച്ച നീലം ആസാദും അമോൽ ഷിൽഡെയും ‘ഏകാധിപത്യം നടക്കില്ല; ജയ് ഭീം, ജയ് ഭാരത്’ നീലംദേവി മാധ്യമപ്രവർത്തകരോട് ‘എന്റെ പേർ നീലം എന്നാണ്. അവകാശങ്ങൾക്കുവേണ്ടി, ശബ്ദമുയർത്തുമ്പോഴെല്ലാം സർക്കാർ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. മർദിക്കുകയും ജയിലിലടയ്ക്കുകും ചെയ്യുന്നു. ഒരു സംഘടനയിലും പെട്ടവരല്ല. വിദ്യാർഥികളും തൊഴിൽരഹിതരുമാണ്. കൂലിപ്പണിക്കാരുടെയും ചെറുകച്ചവടക്കാരുടെയും മക്കളാണ്. ഞങ്ങളുടെ ശ്രമം അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്, ഏകാധിപത്യം നടപ്പിലാകില്ല.” (മനോരമ 14.12.23)


അവർ തുടരുന്നു: വിവാദ കൃഷിനിയമങ്ങൾക്കെതിരെ നടന്ന സമരത്തിലും സജീവമായിരുന്നു. ഡൽഹിയിലെ ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിൽ പങ്കെടുത്തു. ദേശീയ ഗുസ്തിതാരം സാക്ഷി മാലിക്കിന്റെ മാതാവിനൊപ്പം അറസ്റ്റിലാകുകയും മണിക്കൂറുകൾക്കകം വിട്ടയയ്ക്കുകയും ചെയ്തിരുന്നു (മനോരമ 14.12.23).


ഇന്ത്യൻ ഗ്രാമങ്ങളിൽനിന്നുള്ള ഈ തൊഴിൽരഹിതർ പറയുന്നതിൽ സത്യമുണ്ടോയെന്ന് ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് പറയുന്ന പ്രധാനമന്ത്രി അന്വേഷിക്കേണ്ടതല്ലേ? ഭാരത് ജോഡോ യാത്ര നടത്തിയ രാഹുൽഗാന്ധി അന്വേഷിക്കുമോ? ഇവർ ആരെയും കൊലപ്പെടുത്താനോ പരിക്കേല്പിക്കാനോ എന്തെങ്കിലും ചെയ്തതായോ ആയുധങ്ങൾ കൈവശം വച്ചതായോ കണ്ടെത്താത്ത സ്ഥിതിക്ക് ഇന്ത്യയിലെ ജനങ്ങളും ഇതിന്റെ സത്യസ്ഥിതി അന്വേഷിക്കേണ്ടതാണ്.


ഈ കുറിപ്പ് അവസാനിപ്പിക്കുന്നതിനു മുമ്പ് പാർലിമെന്റിനെപ്പറ്റി ഗാന്ധിയുടെ കാഴ്പ്പാട് പരിശോധിക്കാം. ‘ഹിന്ദ് സ്വരാജ് (സ്വയം ഭരണം) (1909) അഞ്ചാമധ്യായത്തിൽ ‘ഇംഗ്ലണ്ടിന്റെ അവസ്ഥ’ എന്ന അധ്യായത്തിൽ ഗാന്ധി പറയുന്നതിങ്ങനെയാണ്: ‘നിങ്ങൾ പറയുന്ന പാർലമെന്റുകളുടെ അമ്മയുണ്ടല്ലോ, അതമ്മയല്ല, അതൊരു വന്ധ്യയാണ്. ആ പാർലമെന്റ് ഈ നാൾവരെ ഒരു നല്ല കാര്യവും ചെയ്തിട്ടില്ല. ബാഹ്യസമ്മർദമില്ലെങ്കിൽ അതിനൊന്നും ചെയ്യാനാവില്ല. പാർലമെന്റിന് വേണ്ടതുചെയ്യാൻ നിവേദനങ്ങളോ സമ്മർദങ്ങളോ ആവശ്യമില്ലാത്തതാണ്. നാൾതോറും കൂടുതൽ മേന്മ വ്യക്തമാക്കുന്നമട്ടിൽ അതു സുഗമമായി പ്രവർത്തിക്കേണ്ടതാണ്. ജനപ്രതിനിധികൾ പൊതുവിൽ തൻകാര്യം നോക്കികളും കപടനാട്യക്കാരുമാണ്. സ്വന്തം കാര്യത്തെക്കുറിച്ചാണ് ഓരോരുത്തരുടെയും ചിന്ത. അവരെ നയിക്കുന്നത് ഭയമാണ്. ഗൗരവമുള്ള വിഷയത്തെക്കുറിച്ചു ചർച്ച നടക്കുമ്പോൾത്തന്നെ സഭയിൽ നീണ്ടുനിവർന്നു കിടന്നുറങ്ങുന്നവരുണ്ടാകും. ആലോചിച്ചിട്ടൊന്നുമല്ല അംഗത്തിന്റെ വോട്ട്. അതിന്റെ ആവശ്യവുമില്ല. കക്ഷിയുടെ ചൊല്പടിക്കു നീങ്ങലാണ് അവരുടെ അച്ചടക്കം. ഏതെങ്കിലുമംഗം പതിവുവിട്ട് സ്വതന്ത്രമായി വോട്ട് ചെയ്താൽ അയാൾ വിശ്വാസവഞ്ചകനായി. പാർലമെന്റ് ശക്തിയായി പ്രവർത്തിക്കണമെന്നതിലല്ല തനിക്കു സ്ഥാനചലനം വരാതിരിക്കുന്നതിലാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധ. സ്വന്തം കക്ഷിയുടെ വിജയത്തിനുവേണ്ടിയുള്ള പ്രവൃത്തിയിലാണ് അയാൾ ഊർജമെല്ലാം കേന്ദ്രീകരിക്കുന്നത്. പാർലമെന്റ് ശരിയായിട്ടുള്ളതു ചെയ്യണമെന്ന കാര്യം അയാൾ ഗൗനിക്കുന്നില്ല. സ്വന്തം കക്ഷിതാത്പര്യം സംരക്ഷിക്കാൻ പ്രധാനമന്ത്രിമാർ പാർലമെന്റുകളെ ദുരുപയോഗപ്പെടുത്തിയതിന്റെ ചരിത്രമേയുള്ളൂ. പ്രധാനമന്ത്രിമാരോടെനിക്കു വിരോധമൊന്നുമില്ല. ജനിച്ച നാടിനോടു കൂറു കാണിച്ചിട്ടുള്ളവരാണവർ എന്നു കരുതാൻ വയ്യ. കൈക്കൂലി വാങ്ങാത്തവരാണു സത്യസന്ധരെങ്കിൽ അവരങ്ങനെയൊക്കെത്തന്നെയാകും. എന്നാൽ, സൂക്ഷ്മമായ വിധേയത്വങ്ങളുടെ പിടിയിലാണവർ. തൻകാര്യം നേടാൻ ബഹുമതികൾ നല്കി അവരാളുകളെ പാട്ടിലാക്കുന്നു. ഇതുവഴി തന്നെയാണ് സജീവ മനസ്സാക്ഷിയോ യഥാർഥ സത്യനിഷ്ഠയോ അവർക്കില്ലെന്നു പറയാൻ ശങ്കയെനിക്കൊട്ടുമില്ല,’


ഗാന്ധി ഹിന്ദ് സ്വരാജെന്ന ചെറുപുസ്തകം (70 പുറങ്ങൾ) എഴുതിയത് അക്രമമാർഗത്തിൽ വിശ്വസിച്ച് പ്രവർത്തിച്ചിരുന്ന അക്കാലത്തെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ദേശാഭിമാനികളുമായി സംവദിക്കാനാണ്. വെറുപ്പിന്റെ സ്ഥാനത്ത് സ്‌നേഹത്തെ പ്രതിഷ്ഠിക്കുന്ന ഈ പുസ്തകം ഗാന്ധി രചിച്ചത് സവർക്കർക്കും അദ്ദേഹത്തിന്റെ അനുയായികൾക്കുള്ള മറുപടിയായിട്ടാണത്രെ. അതിനാൽ തീർച്ചയായും ഇന്ന് ഇന്ത്യ ഭരിക്കുന്നവർ ഈ ഗാന്ധിയൻ മാനിഫെസ്റ്റോ വായിക്കേണ്ടതാണ്. തങ്ങളുടെ പ്രതിഷേധരൂപം ഒരിക്കലും അതിക്രമത്തിന്റെയോ അക്രമണത്തിന്റെയോ ആകരുതെന്ന് ഗാന്ധി ഈ പുസ്തകത്തിലൂടെ – തന്റെ ജീവിതത്തിലൂടെ – യുവാക്കളോടു പറയുന്നുണ്ട്. യുവാക്കൾ ഗാന്ധിയുടെ വഴി സ്വീകരിക്കുമോ?


ദുഃഖകരമായ സത്യം, അഹിംസയുടെ മാർഗത്തിൽ പ്രതിഷേധിക്കാനുള്ള അവസ്ഥപോലും ഇന്ത്യൻ ജനാധിപത്യം അനുവദിക്കുന്നില്ല. പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികൾ, പാർട്ടിക്കാരും അവരോട് ചേർന്നുനില്ക്കുന്നവരും രാജ്യസ്‌നേഹികൾ. അവർക്ക് ഏതനീതിയും ചെയ്യാം. സംരക്ഷണമുണ്ട്. നിർഭാഗ്യവശാൽ കേരളത്തിലെ ഇടതുപക്ഷസർക്കാരും ഈ വഴിയിലാണ്. നവകേരളയാത്ര കേരളീയ നവോഥാനത്തിന്റെ ശവഘോഷയാത്രയായി മാറുകയാണ്. ഒരുകാലത്ത് വായിക്കുകയും ചിന്തിക്കുകയും ചെയ്തിരുന്ന പാർട്ടിയിലെ യുവസുഹൃത്തുക്കൾ ഭരണാധികാരികളുടെയും പാർട്ടിയുടെയും വെറും ഗുണ്ടാകളായി ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ മർദിക്കുന്നത് തെരുവിലും, കോളെജുകളിലും, എവിടെയും കാണാം. ഇന്ത്യ നേരിടുന്നത് ഒരു ധാർമിക പ്രതിസന്ധിയാണ്.