തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം – എം.വി.ബെന്നി

തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം – എം.വി.ബെന്നി

ദിനവൃത്താന്തം


Freedom only for the supporters of the Government, only for the members of one party – however numerous they may be – is no freedom at all. Freedom is always and exclusively freedom for the one who thinks differently. – Rosa Luxemburg


അധികാരത്തിന്റെ സ്തുതിപാഠകർക്കു മാത്രമായി സംവരണം ചെയ്യപ്പെട്ട ഒന്നല്ല സ്വാതന്ത്ര്യം. വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ക്കുകൂടി അവകാശപ്പെട്ടതാണ്‌ സ്വാതന്ത്ര്യം. നിലവിലുള്ള അധികാരഘടനയോട്‌ ആശയപരമായി വിയോജിക്കുന്നവര്‍ക്കും സ്വാതന്ത്ര്യം ഉണ്ടാകണം. നിര്‍ഭാഗ്യവശാൽ അധികാരം സാധാരണഗതിയിൽ അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ടാണ്‌ ലോകത്തെവിടെയും റോസാ ലക്സംബര്‍ഗിന്റെ വാക്കുകൾ പ്രസക്തമാകുന്നത്‌. വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ക്കും തിരഞ്ഞെടുപ്പുകൾ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നുണ്ടോ എന്നതാണ്‌ ചോദ്യം.


തിരഞ്ഞെടുപ്പിൽ മത്സരിച്ച്‌ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തു കവിയാണു കടമ്മനിട്ട രാമകൃഷ്ണൻ. തിരഞ്ഞെടുപ്പ്‌ എന്ന ശീര്‍ഷകത്തിൽ അദ്ദേഹം ഒരു കവിതയും എഴുതിയിട്ടുണ്ട്‌. കവിതയുടെ അവസാന ഭാഗത്തെ, അവസാന വരിയുടെ, ധ്വനി മനസ്സിലാകുന്നവര്‍ക്ക്‌ കവിത കൂടുതൽ തെളിയും,


‘പൊതുവേ ശാന്തമായ തിരഞ്ഞെടുപ്പ്‌

തിരഞ്ഞെടുപ്പുഫലം ഇന്നു രാത്രിമുതൽത്തന്നെ

അറിവായിത്തുടങ്ങും

നാളെയോടുകൂടി എല്ലാ ഫലങ്ങളും അറിവാകും

മറ്റേന്നാള്‍മുതൽ ഫലം അനുഭവിച്ചുതുടങ്ങാം.’


ബാലറ്റ്‌പേപ്പർ നിലവിലുണ്ടായിരുന്ന കാലത്തെ കവിതയായതുകൊണ്ടായിരിക്കണം ഫലമറിയാൻ ഇത്രയും കാലതാമസം.


ജനാധിപത്യവ്യവസ്ഥിതിയിൽ തിരഞ്ഞെടുപ്പു നടത്താതിരിക്കാൻ ആര്‍ക്കും കഴിയില്ല. ഫലം നല്ലതായാലും തീയതായാലും വോട്ടുചെയ്യുന്നവരും ചെയ്യാത്തവരും അതനുഭവിക്കുകയും വേണം. അല്ലെങ്കിലും, ഒരു തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം ഗണിച്ചുവേണമല്ലോ അടുത്ത തിരഞ്ഞെടുപ്പിന്റെ വിജയസാധ്യത കണക്കുകൂട്ടാൻ. അതുകൊണ്ടാണ്‌, പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പുകള്‍ക്ക്‌ ഇത്രയും വലിയ വാര്‍ത്താ പ്രാധാന്യം കൈവന്നത്‌.


രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി.ജെ.പി വിജയിക്കുകയും, തെലുങ്കാനയിൽ കോണ്‍ഗ്രസും, മിസോറാമിൽ പ്രാദേശിക പാര്‍ട്ടികളുടെയും പൗരസംഘടനകളുടെയും കൂട്ടായ്മയായ സെറാം പീപ്പിള്‍സ്‌ മൂവ്മെന്റ് (Z.P.M) വിജയിക്കുകയുമാണ്‌ ഉണ്ടായത്‌. പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിനുമുമ്പ്‌ സംസ്ഥാന നിയമസഭകളിലേക്ക്‌ ഇനി തിരഞ്ഞെടുപ്പുകളൊന്നും ബാക്കിയില്ല. അതുകൊണ്ട് ഒടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ്‌ ഫലങ്ങൾ അപഗ്രഥിച്ചുവേണം വരാനിരിക്കുന്ന പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിലെ ജയപരാജയ സാധ്യതകൾ വിലയിരുത്താൻ.


പൊതുവിൽ രാജ്യവും, വിശേഷിച്ച്‌ ഹിന്ദി ഹൃദയഭൂമിയും, ബി.ജെ.പിയെ പിന്തുണക്കുന്നുവെന്നാണ്‌ തിരഞ്ഞെടുപ്പ്‌ ഫലങ്ങൾ വ്യക്തമാക്കിയത്‌. പണ്ട്‌, അടിയന്തരാവസ്ഥയ്ക്കുശേഷംനടന്ന പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിന്റെ പരമ്പരാഗതവോട്ടുബാങ്കുകൾ ഉത്തരേന്ത്യയിൽ ഇടഞ്ഞപ്പോഴാണ്‌ കോണ്‍ഗ്രസ്‌ ആദ്യമായി പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിൽ പരാജയത്തിന്റെ രുചിയറിഞ്ഞത്‌. എങ്കിലും, ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ്‌ ഫലങ്ങൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക്‌ അനുകൂലമാണെന്നു മാത്രമല്ല, അവരുടെ കൈയിലില്ലാതിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും അവർ വിജയിക്കുകയും ചെയ്തിരിക്കുന്നു. അവർ വിജയിക്കാത്ത സംസ്ഥാനങ്ങളിലും അവരുടെ സീറ്റുകൾ കൂടിയിട്ടുണ്ട്‌. നിയമസഭാ തിരഞ്ഞെടുപ്പ്‌ ഫലങ്ങൾ കൃത്യമായി നിരീക്ഷിച്ചവര്‍ക്ക്‌ സൂചന വ്യക്തം.


ശരിയാണ്‌, ആറുമാസം എന്നത്‌ രാഷ്ട്രീയത്തിൽ ചെറിയൊരു കാലയളവല്ല. ആഗ്രഹിക്കുന്ന അത്ഭുതങ്ങൾ ആര്‍ക്കും പ്രതീക്ഷിക്കുകയും ചെയ്യാം. പക്ഷേ, തിരഞ്ഞെടുപ്പുരംഗത്ത്‌ വിസ്മയംസൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഒരു ദേശീയനേതൃത്വം തത്കാലം കോണ്‍ഗ്രസ്സിനില്ല എന്നതാണ്‌ അവരുടെ പ്രശ്നം. മാത്രമല്ല, പേടിപ്പിക്കുന്ന ആഗോള സാഹചര്യവും ഇപ്പോൾ ബി.ജെ.പിയുടെ മുന്നിലില്ല. വേണമെങ്കിൽ കനേഡിയൻ പ്രശ്നം ചൂണ്ടിക്കാണിക്കാമെങ്കിലും അതുമറികടക്കാൻ പ്രാപ്തരായ വന്‍ശക്തികൾ ബി.ജെ.പിയുടെ സഹായത്തിനുണ്ട്‌. മാത്രമല്ല, അന്യഥാ കുതിച്ചുകൊണ്ടിരുന്ന ഓഹരിവിപണി നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ വീണ്ടും കുതിക്കുകയാണ്‌ ഉണ്ടായത്‌. അതായത്‌, ജനപിന്തുണയും രാജ്യത്തെ സാമ്പത്തികശക്തികളുടെ പിന്‍ബലവും ബി.ജെ.പിക്ക്‌ അനുകൂലമാണെന്നുവേണം മനസ്സിലാക്കാൻ. ഭൂരിപക്ഷ മതത്തിന്റെ പിന്തുണയുള്ള പാര്‍ട്ടി എന്ന പ്രതിച്ഛായയും ബി.ജെ.പിയുടെ വിജയസാധ്യത വർധിപ്പിക്കുന്നുണ്ട്‌. കേരളമല്ല ഉത്തരേന്ത്യ എന്ന യാഥാർഥ്യവും നമ്മൾ മനസ്സിലാക്കണം.


ഇതൊക്കെ ശരിയാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക്‌ അമിതമായ വോട്ട്‌ വര്‍ധനവോ കോണ്‍ഗ്രസ്സിനു ഭീകരമായ വോട്ടുചോര്‍ച്ചയോ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധിക്കണം. രണ്ടു വലിയപാര്‍ട്ടികൾ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഇടയിൽപ്പെട്ടുപോയ ചെറുകക്ഷികള്‍ക്കാണ്‌ കാര്യമായ ക്ഷതം സംഭവിച്ചത്‌. അതിന്റെ ഗുണഫലങ്ങൾ ബി.ജെ.പിക്ക്‌ ലഭിച്ചതുകൊണ്ട്‌ ബി.ജെ.പിയുടെ സീറ്റ്‌ കൂടുകയും കോണ്‍ഗ്രസ്സിന്റെ സീറ്റ്‌ കുറയുകയും ചെയ്തു. പറഞ്ഞിട്ട്‌ കാര്യമില്ല, തോല്‍വി സൃഷ്ടിക്കുന്ന രാഷ്ട്രീയ ആഘാതം ഒട്ടും ചെറുതായിരിക്കില്ല. വിജയിയുടെ മനോഭാവത്തോടെ ബി.ജെ.പിക്ക്‌ അവരുടെ മുന്നണി ശക്തിപ്പെടുത്താനും അനുയായികളെ ആവേശഭരിതരാക്കാനും കഴിയും. പരാജയംകൊണ്ട്‌ നനഞ്ഞുപോയ കോണ്‍ഗ്രസ്സിന്‌ ഉത്തരേന്ത്യയിൽ അവശേഷിക്കുന്ന അനുയായികളെപ്പോലും ആവേശഭരിതരാക്കാൻ കഴിയുകയുമില്ല. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ, പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പുഫലം ബി.ജെ.പിക്ക്‌ അനുകൂലമായിരിക്കുമെന്നു വേണം അനുമാനിക്കാൻ.


വിജയം എല്ലാ തെറ്റുകളെയും ന്യായീകരിക്കും എന്നു പറയുന്നതുപോലെ പരാജയം എല്ലാ ശരികളെയും നിഷ്പ്രഭമാക്കുകയും ചെയ്യും. തിരഞ്ഞെടുപ്പുഫലം വന്നയുടനെ, INDIA മുന്നണിയിൽ കോണ്‍ഗ്രസ്സിനു നേരിടേണ്ടിവന്ന അവഗണനയുടെ കാരണവും മറ്റൊന്നല്ല. പണ്ടും, കുതിരപ്പന്തയത്തിൽ തോല്‍ക്കുന്ന കുതിരകള്‍ക്ക്‌ ആരും പന്തയം വയ്ക്കാറില്ല. പരാജയത്തിൽ പതുങ്ങിയിരുന്ന്‌, അവസരോചിതമായി കരുക്കൾ നീക്കി, വിജയത്തിലെത്താൻ കോണ്‍ഗ്രസ്സിനു കഴിയുമോ എന്നതാണ്‌ ചോദ്യം. മറുഭാഗത്ത്‌, രാമക്ഷേത്രവും കാശ്മീരും ഉള്‍പ്പെടെ ആവനാഴിയിൽ നിരവധി ആയുധങ്ങളുമായി ബി.ജെ.പി കാത്തിരിക്കുന്നു. കേരളത്തിൽ, യു.ഡി.എഫ്‌ ജയിച്ചാലും എൽ.ഡി.എഫ്‌ ജയിച്ചാലും രണ്ടുകൂട്ടര്‍ക്കും അവരുടേതായ കാരണങ്ങള്‍കൊണ്ട്‌ നരേന്ദ്രമോഡിയെ പിന്തുണയ്ക്കാൻ കഴിയില്ല. സ്വാഭാവികമായും, ലോക്സഭയിൽ നരേന്ദ്രമോഡിക്ക്‌ അനുകൂലമായി വോട്ടുരേഖപ്പെടുത്താൻ കേരളത്തിൽനിന്നൊരു ബി.ജെ.പി എം.പിയുണ്ടാകുമോ എന്നതാണ്‌ പ്രസക്തമായ ചോദ്യം. മറുപടികിട്ടാൻ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പു ഫലംവരെ നമ്മൾ കാത്തിരിക്കണം. അതുവരെ, കേരളത്തിലായാലും കേന്ദ്രത്തിലായാലും വോട്ടര്‍മാർ ശാന്തരായിരിക്കാൻ ഒരു പാര്‍ട്ടിയും നമ്മളെ അനുവദിക്കുകയുമില്ല.


ജാതികൊണ്ട്‌ മുറിവേറ്റവർ


ഇംഗ്ലണ്ടിലെ ന്യൂകാസിൽ എയര്‍പോര്‍ട്ടിൽ വിമാനമിറങ്ങിയപ്പോൾ അവിടെ കുടുംബവുമായി കഴിയുന്ന ആലപ്പുഴക്കാരൻ സുഹൃത്ത്‌ രസകരമായ ഒരു കൗതുകം പങ്കുവച്ചു, അവിടെ ജാതീയമായ പരാമര്‍ശങ്ങൾ ഉപയോഗിക്കുന്നത്‌ ശിക്ഷാര്‍ഹമാണ്‌.


സായിപ്പിനു മതം മനസ്സിലാകുമെങ്കിലും, വംശീയത മനസ്സിലാകുമെങ്കിലും, ജാതി പിടികിട്ടില്ല. മതങ്ങള്‍ക്കുള്ളതുപോലെ ഭഗവദ്‌ഗീത, ബൈബിൾ, ഖുറാൻ തുടങ്ങിയ അടിസ്ഥാനഗ്രന്ഥങ്ങളൊന്നും ജാതിക്കില്ല. വംശീയതപോലെ ഒരു വ്യാജനിർമിതിയാണ്‌ ജാതിയും. എന്നിട്ടും, എന്ന എന്റെ ചോദ്യത്തിന്‌ മറുപടിയായി ന്യൂകാസിലിലെ സുഹൃത്ത്‌ പറഞ്ഞു: “നാട്ടില്‍നിന്ന്‌ വരുന്നവർ ചക്കയും മാങ്ങയുമൊക്കെ കൊണ്ടുവരുന്നതുപോലെ ജാതിയും നമ്മൾ ഇന്ത്യയിൽനിന്ന്‌ കൊണ്ടുവരുന്നതാണ്‌. ജാതിയുടെ പേറ്റന്റ്‌ നമുക്കാണല്ലോ”.


ഇന്ത്യയിൽ കടന്നുവന്ന വിദേശമതങ്ങളിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടവർ ഹിന്ദുക്കളായിരുന്നതുകൊണ്ട്‌, മതപരമായ ന്യായീകരണങ്ങൾ യാതൊന്നുമില്ലെങ്കിലും, പോയമതങ്ങളിലേക്ക്‌ അവർ ജാതിയും കൊണ്ടുപോയി. ലളിതമായി പറഞ്ഞാൽ ജാതിയാണ്‌ ഇന്ത്യൻ പണ്ടോറ ബോക്സ്‌.


തീര്‍ച്ചയായും ജാതിമറികടക്കാനുള്ള പരിശ്രമങ്ങളും ഇന്ത്യൻമനസ്സ് ആലോചിച്ചിട്ടുണ്ട്‌. അംബേദ്‌കർ, ലോഹ്യ, ഗാന്ധി, ശ്രീനാരായണഗുരു തുടങ്ങി എത്രയോ മഹത്തുക്കൾ അവരുടേതായ പരിഹാരമാർഗങ്ങളും നിർദേശിച്ചു.

ജാതിവിവേചനം കുറെയൊക്കെ ഇല്ലാതാക്കാൻ നമുക്കു കഴിഞ്ഞിട്ടുമുണ്ട്. എങ്കിലും നമ്മുടെ വിജയങ്ങൾ പൂര്‍ണമല്ല. ആത്മഹത്യചെയ്ത എം.കുഞ്ഞാമൻ എഴുതിയത്‌, ദളിതന്‌ കേരളത്തിൽ വൈസ്‌ചാന്‍സലർ കസേരയിൽ ഇരിക്കണമെങ്കിൽ മൂട്ടയായി ജനിക്കണമെന്നാണ്‌. ജനറൽസീറ്റിൽ പട്ടികജാതിക്കാർ മത്സരിക്കുന്നത്‌ ഇപ്പോഴും നമുക്ക്‌ അചിന്ത്യം.


കുഞ്ഞാമന്റെ ആത്മകഥ ‘എതിര്‌’ വീണ്ടും വായിക്കുക. കെ.ആർ.നാരായണനുശേഷം ഒന്നാംറാങ്കിൽ യൂണിവേഴ്സിറ്റി പരീക്ഷ വിജയിച്ച കുഞ്ഞാമൻ പറയുന്നത്‌ ദളിത്‌ കേരളത്തിന്റെ ഓര്‍മകളാണ്‌.


എഴുത്തും സത്യവും


2002-ൽ, തമിഴ്നാട്ടിലും ശ്രീലങ്കയിലും LTTE പ്രശ്നം സജീവമായിരുന്ന കാലത്താണ്‌ മണിരത്നം സംവിധാനംചെയ്ത തമിഴ് ചലച്ചിത്രം ‘കന്നത്തിൽ മുത്തമിട്ടാൽ’ റിലീസ്‌ ചെയ്യുന്നത്‌. അതിൽ, നായകനായി വേഷമിട്ട മാധവൻ തമിഴ്‌ എഴുത്തുകാരനായിട്ടാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. എഴുത്താളർ കള്ളംപറയില്ല എന്നാണ്‌ തമിഴരുടെ വിശ്വാസം. സിനിമയിൽ ഉടനീളം നായകൻ കള്ളം പറയുന്നുമില്ല.


ഭുവന പ്രശസ്ത കവിയും കമ്മ്യൂണിസ്റ്റും ആയിരുന്ന പാബ്ലോ നെരൂദ അദ്ദേഹം വ്യഭിചരിച്ച കാര്യവും ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ്‌ എഴുത്തുകാരിൽ പ്രമുഖനായിരുന്ന ചെറുകാട്‌ അദ്ദേഹത്തിന്റെ ആത്മകഥ ‘ജീവിതപ്പാത’യിൽ തന്റെ അവിഹിതബന്ധവും എഴുതി. കമ്മ്യൂണിസ്റ്റ്‌ ആയിരിന്നില്ലെങ്കിലും മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥയിലും അദ്ദേഹത്തിന്റെ അവിഹിതബന്ധങ്ങളുടെ നിഴലുകളുണ്ട്‌. അവനവനെക്കാൾ വലുതാണ്‌ എഴുത്തുകാര്‍ക്ക്‌ സത്യം. അവരുടെ പ്രതിഛായയ്ക്കും മുകളിൽ അവർ സത്യം പ്രതിഷ്ഠിച്ചു.


എങ്കിലും ചിലകാലങ്ങളിൽ, ചിലരാജ്യങ്ങളിൽ, സത്യം രൂപകങ്ങളിലൂടെയും സംസാരിക്കും. അതുമനസ്സിലാക്കാനും നമുക്കു കഴിയണം. സാഹിത്യത്തിൽ ഴാങ്‌ പോൾ സാര്‍ത്രും രാജ്യാന്തര നയതന്ത്ര മേഖലയിൽ ഹെൻറി  കിസിഞ്ചറും നിറഞ്ഞുനിന്നകാലം ഓര്‍മയുണ്ടാകുമല്ലോ. സാര്‍ത്രിന്റെ ആത്മകഥയിൽ, വിശേഷിച്ചും കുട്ടിക്കാലം പറയുമ്പോൾ, അദ്ദേഹം എഴുതിയത്‌ മിക്കവാറും ഭാവനയായിരുന്നു. കിസിഞ്ചർ അദ്ദേഹത്തിന്റെ ആത്മകഥയിൽ സത്യംമാത്രം എഴുതി. പക്ഷേ, സര്‍ത്ര്‌ എഴുത്തുകാരനായതുകൊണ്ട്‌ അദ്ദേഹം എഴുതിയതുമുഴുവൻ ആളുകൾ വിശ്വസിക്കുകയും കിസിഞ്ചർ രാഷ്ട്രീയക്കാരനായിരുന്നതുകൊണ്ട്‌ അദ്ദേഹം എഴുതിയതുമുഴുവൻ വായനക്കാർ അവിശ്വസിക്കുകയും ചെയ്തു. ഇപ്പോഴും വാക്കുകള്‍ക്കുമേൽ എഴുത്തുകാര്‍ക്കുള്ള കൈയടക്കം രാഷ്ട്രീയക്കാര്‍ക്കില്ല. രാഷ്ട്രീയക്കാർ സത്യംപറഞ്ഞാലും ആളുകൾ അവിശ്വസിക്കും, എഴുത്തുകാർ അസത്യംപറഞ്ഞാലും ആളുകൾ വിശ്വസിക്കുകയും ചെയ്യും.


അമേരിക്കയും റഷ്യയും ലോകം പങ്കിട്ടെടുത്ത പഴയകാലത്ത്‌ ഇന്ത്യ റഷ്യൻ പക്ഷത്തായിരുന്നല്ലോ. സ്വാഭാവികമായും നമ്മളെപ്പോലുള്ള രാജ്യങ്ങളുടെയെല്ലാം ശത്രുപക്ഷത്തായിരുന്നു കിസിഞ്ചർ. എങ്കിലും നൂറാം വയസ്സിൽ മരിക്കുംവരെ അദ്ദേഹം പലനയതന്ത്രവാക്യങ്ങളും ആവര്‍ത്തിക്കുമായിരുന്നു, “അമേരിക്കയ്ക്ക്‌ നിരന്തര ശത്രുക്കളോ മിത്രങ്ങളോ ഇല്ല; ഉള്ളത്‌ സ്ഥിരതാത്പര്യങ്ങള്‍മാത്രം’, “അമേരിക്കയുടെ ശത്രുവായിരിക്കുന്നത്‌ അപകടകരമാണ്‌; ചങ്ങാതിയാകുന്നത്‌ മാരകവും”


‘ഫാലിമി’ പറഞ്ഞത്‌


Dysfunctional Family എന്ന കുടുംബാവസ്ഥയ്ക്ക്‌ കൃത്യമായ മലയാളപരിഭാഷ എന്തെന്നറിയില്ല. തത്കാലം, ശിഥിലമായ കുടുംബബന്ധങ്ങൾ എന്ന പ്രയോഗംകൊണ്ട്‌ നമുക്കു തൃപ്തിപ്പെടാം. കൂട്ടുകുടുംബങ്ങൾ ശിഥിലമായ കാലം മലയാളനോവലിൽ അടയാളപ്പെട്ടു കിടക്കുന്നുണ്ട്‌. ഇന്നും ജീവിച്ചിരിക്കുന്ന മുന്‍നിര എഴുത്തുകാർ ആ കാലം നോവലിൽ അടയാളപ്പെടുത്താൻ ശ്രമിച്ചവരാണ്‌. കൂട്ടുകുടുംബങ്ങൾ തകര്‍ന്നതിനു പിന്നാലെയാണ്‌ കേരളത്തിൽ അണുകുടുംബങ്ങൾ രൂപപ്പെടുന്നത്‌. അണുകുടുംബങ്ങളും ഇപ്പോൾ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന്‌ സര്‍ക്കാർ കണക്കുകൾ പറയുന്നു. പിരിയാത്ത അണുകുടുംബങ്ങളും ഫലത്തിൽ Dysfunctional ഫാമിലികളാണ്‌. മലയാളസിനിമ ആ യാഥാർഥ്യവും നമ്മളോടു പറയാന്‍തുടങ്ങിയിട്ട്‌ കാലം കുറച്ചായി. അത്തരമൊരു ലോകമാണ്‌ ‘ഫാലിമി’ സിനിമയിലും. ഫാമിലി തിരിച്ചിട്ടാൽ ഫാലിമി, അപ്പോൾ ഈഹിക്കാമല്ലോ കഥയിലെ അന്തരീക്ഷം. നിതീഷ്‌ സഹദേവാണ്‌ സംവിധായകൻ. പരസ്പരമുള്ള അവഗണനയും ആശയവിനിമയത്തിന്റെ അഭാവവും സാമ്പത്തിക അന്തരവും പൊരുത്തപ്പെടാൻ കഴിയാത്ത തലമുറകളും ലിംഗനീതിയെക്കുറിച്ചുള്ള വിഭിന്നമായ കാഴ്ച്ചപ്പാടുകളും ഉള്‍പ്പെടെ അണുകുടുംബങ്ങൾ തകരുന്നതിനു കാരണങ്ങൾ പലതുമുണ്ട്‌. ആ യാഥാർഥ്യവും അതിനുള്ള പരിഹാരമാർഗങ്ങളുമാണ്‌ കുറച്ചുകാലമായി മലയാളസിനിമ അന്വേഷിക്കുന്നത്‌.


കെ.ജി. ജോര്‍ജിന്റെ ‘ഇരകൾ’, അത്യൻ അന്തിക്കാടിന്റെ ‘സന്ദേശം’, ദിലീഷ്‌ പോത്തന്റെ ‘ജോജി’, മധു സി. നാരായണന്റെ ‘കുമ്പളങ്ങി നൈറ്റ്‌സ്‌’ തുടങ്ങി എത്രയോസിനിമകൾ നിങ്ങളുടെ ഓര്‍മയിലും ഉണ്ടാകും. ജിത്തു ജോസഫിന്റെ ‘ദൃശ്യം’ എന്ന സിനിമയിൽ ഒരുമയും സ്നേഹവമുള്ള കുടുംബം കുടുംബനാഥന്റെ സംരക്ഷണയിൽ ഒരുമിച്ചുനിന്നാണ്‌ പ്രതിസന്ധികളെ നേരിട്ടന്നത്‌.


വാരണാസിയിലേക്കുള്ള യാത്രയുടെ കഥപറയുന്ന ‘ഫാലിമി’ സിനിമയിൽ ഓരോരുത്തരും അവരുടേതായ കാരണങ്ങള്‍കൊണ്ടാണ്‌ യാത്രയ്ക്ക്‌ പുറപ്പെടുന്നതെങ്കിലും യാത്രാവസാനം അവരിൽ സ്നേഹവും അനുകമ്പയും മുളപൊട്ടുന്നുണ്ട്‌. ജഗദീഷ്‌, മഞ്ജുപിള്ള, ബേസിൽജോസഫ്‌, സന്ദീപ്‌ പ്രദീപ്‌ എന്നിവരോടൊപ്പം വൃദ്ധനായകനായി നാടകനടൻ മീനാരാജും വേഷമിട്ടിരിക്കുന്നു. മാറുന്നകാലം സിനിമയും നമ്മളോട്‌ പറയുന്നുണ്ട്‌.


ശരീരവും മനസ്സും


ഒരാൾ, അയാളുടെ ശരീരമാണോ അതോ അയാളുടെ മനസ്സാണോ എന്നൊരു പ്രഹേളിക കഥാസരിത്‌ സാഗരത്തിലെ ഒരു കഥയിൽ ഉന്നയിക്കുന്നുണ്ട്‌. മുന്നൂറിലേറെ കഥകളും നിരവധി ഉപകഥകളുംകൊണ്ട്‌ സമ്പന്നമാണ്‌ സോമദേവഭട്ടൻ രചിച്ച കഥാസരിത്‌ സാഗരം.


പിന്നീട്‌ കഥാസരിത്‌ സാഗരത്തിലെ ഈ പ്രഹേളിക ആസ്പദമാക്കി ജര്‍മൻ നോവലിസ്റ്റായ തോമസ്‌ മൻ മികച്ചൊരു നോവലും എഴുതി, The Transposed Heads. മാറ്റിവയ്ക്കപ്പെട്ട തലകൾ എന്നപേരിൽ അതിനൊരു മലയാള പരിഭാഷയും ഉണ്ട്‌. അതിനുശേഷമാണ്‌ ഇന്ത്യൻ നാടകവേദിയെ സാർഥകമായി സ്വാധീനിച്ച ഗിരീഷ്‌ കര്‍ണാഡ്‌ ‘ഹയവദന’ നാടകം അവതരിപ്പിക്കുന്നത്‌. ആശയങ്ങൾ രാജ്യങ്ങളുടെ അതിര്‍വരമ്പുകൾ ഭേദിച്ചു സഞ്ചരിക്കുന്നതു നമ്മളെ അത്ഭുതപ്പെടുത്തും.


കഥയിൽ രണ്ടുമിത്രങ്ങൾ. ഒരാൾ ആരോഗ്യദൃഢഗാത്രൻ, മറ്റെയാൾ വലിയ ആരോഗ്യമൊന്നുമില്ലാത്ത നല്ലൊരു ബുദ്ധിജീവി. അതിലൊരാളുടെ വിവാഹത്തിന്‌ അയൽഗ്രാമത്തിലേക്ക്‌ പോകുന്ന സംഘത്തിൽ കൂട്ടുകാരനും ഉണ്ട്‌. വിവാഹഘോഷയാത്രകഴിഞ്ഞ്‌ മടങ്ങുന്ന സംഘത്തെ വഴിയിൽവച്ചു കവര്‍ച്ചസംഘം ആക്രമിക്കുന്നു. ഏറ്റുമുട്ടലിൽ രണ്ടുകൂട്ടുകാരും വധിക്കപ്പെടുന്നു. നവവധു കാളീദേവിയെ പ്രാർഥിച്ചു പ്രത്യക്ഷപ്പെടുത്തുന്നു. നവവധുവിന്റെ പ്രാർഥനയിൽ സംപ്രീതയായ കാളീദേവി കൊലചെയ്യപ്പെട്ടവരുടെ ഉടലും തലയും കൂട്ടിവച്ചാൽ അവർക്കു ജീവൻ തിരിച്ചുകിട്ടും എന്നനുഗ്രഹിക്കുന്നു.


പക്ഷേ, നവവധു തിടുക്കത്തിൽ കൂട്ടുകാരുടെ തലയും ഉടലും കൂട്ടിച്ചേര്‍ക്കുമ്പോൾ രണ്ടും പരസ്പരം മാറിപ്പോകുന്നു. ഇപ്പോൾ കഥയിലെ ചോദ്യമിതാണ്‌, ആരാണ്‌ അവളുടെ യഥാർഥ ഭര്‍ത്താവ്‌? അതുപോലെയാണ്‌ നമ്മളെ പ്രചോദിപ്പിക്കുന്ന ആശയങ്ങളും അതുനടപ്പാക്കാൻ ചുമതലപ്പെട്ട സംഘടനകളും.


കലാകാരനായിരുന്ന പി.ജെ.ആന്റണി ജീവിതാവസാനംവരെ നിസ്വനായി ജീവിച്ച ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു.


1956-ൽ, എറണാകുളം നഗരസഭയിലേക്ക്‌ അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണ്‌ ഉണ്ടായത്‌. അതും അനന്തരവും വി.വിശ്വനാഥമേനോൻ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒരു കലാകാരൻ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ്‌ പാര്‍ട്ടി അദ്ദേഹത്തോടാവശ്യപ്പെട്ടത്‌. അതുംചെയ്ത പി. ജെ. ആന്റണി പക്ഷേ, പിന്നീടൊരിക്കലും പാര്‍ട്ടിയെ കുറ്റപ്പെടുത്തകയോ പാര്‍ട്ടികൊണ്ട്‌ നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. കലാകാരന്റെ ധാർമികതയും ദൈനംദിന രാഷ്ട്രീയക്കാരന്റെ ധാർമികതയും ഒരേ തരംഗദൈര്‍ഘ്യത്തിലല്ല സഞ്ചരിക്കുന്നതെന്ന്‌ അദ്ദേഹവും മനസ്സിലാക്കി. ബാലചന്ദ്രൻ ചുള്ളിക്കാട്‌ മാതൃഭൂമിയിൽ എഴുതിയ കവിതയിലെ പി.ജെ.ആന്റണിയെ വായിക്കുന്നവര്‍ക്ക്‌ കവിതയിലില്ലാത്ത ചിലതും ഓര്‍മവരും.


ശരീരത്തിനു മനസ്സുപോലെയാണ്‌ മതസംഘടനകള്‍ക്ക്‌ ആത്മീയതയും പാര്‍ട്ടികൾക്കു പ്രത്യയശാസ്ത്രവും. പി. ജെ. ആന്റണി സ്വജീവിതംകൊണ്ട്‌ പഠിപ്പിക്കാൻ ശ്രമിച്ച ലളിതമായ ആ പാഠം വിമതന്മാർ, മതത്തിലായാലും പാര്‍ട്ടിയിലായാലും, ഓർമിച്ചതിനു തെളിവില്ല.