ആഗോള കാലാവസ്ഥ അടിയന്തരാവസ്ഥ – ജി. മധുസൂദനൻ

ആഗോള കാലാവസ്ഥ അടിയന്തരാവസ്ഥ  – ജി. മധുസൂദനൻ

COP28-ന്റെ പശ്ചാത്തലത്തിൽ ഒരു വിശകലനം


മനുഷ്യരാശിയും ഭൂമിയിലെ സര്‍വചരാചരങ്ങളും ഇന്നു നേരിടുന്ന ഏറ്റവും വലിയ അസ്തിത്വസമസ്യയാണ് കാലാവസ്ഥാവ്യതിയാനം. പാശ്ചാത്യലോകത്ത് വ്യവസായവിപ്ലവം ആരംഭിക്കുന്നതിനുമുമ്പ് ആഗോള ശരാശരി താപനില 140 C ആയിരുന്നു; ഭൗമാന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ സാന്ദ്രത   280 ppm (parts per million) എന്നായിരുന്നു. ഭൗമാന്തരീക്ഷത്തിൽ 78% നൈട്രജനും 21% ഓക്സിജനും ബാക്കിയുള്ള ഒരു ശതമാനത്തിൽ കാർബൺഡയോക്സൈഡ്, ആർഗൺ എന്നിങ്ങനെയുള്ള വാതകങ്ങളുമാണ്. വളരെ കുറഞ്ഞ തോതിലുള്ള കാർബൺഡയോക്സൈഡിന്റെ സാന്ദ്രത ഭൂമിയിലെ താപസമതുലനം നിലനിർത്തുന്നതിന് അനിവാര്യമാണ്. എന്നാൽ, അതു വർധിക്കുന്നത് താപവർധനവിനും കാരണമാകും.


ആദ്യം കൽക്കരിയും പിന്നീട് എണ്ണ, പ്രകൃതിവാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളും കത്തിച്ച് ഊർജം നിര്‍മിച്ചുകൊണ്ടാണ് വ്യവസായവിപ്ലവം വളർന്നത്. അവയുടെ ജ്വലനവേളയിൽ നിർഗമിക്കുന്ന കാർബൺഡയോക്സൈഡ് (Co2) പകുതിയോളം കടലും കാടും മറ്റും ആഗിരണം ചെയ്യുന്നു. ബാക്കി അന്തരീക്ഷത്തിൽ തങ്ങിനില്ക്കുന്നതുമൂലം ഭൂമിയുടെ താപനില ക്രമേണ വർധിക്കുന്നു. 1850 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ഫോസിൽ ഇന്ധന ജ്വലനത്തിലൂടെ നിർഗമിച്ച Co2, 240,000 കോടി ടണ്ണായിരുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പഠനസംഘം (IPCC- Intergovernmental Panel on Climate Change) പറയുന്നു. ഇതിൽ 40%-വും 1990 മുതൽ 2019 വരെയുള്ള മൂന്നു ദശകങ്ങളിലാണ് വമിച്ചത്. അതിന്റെ പകുതിയോളം കടലും കാടും എല്ലാം ചേർന്ന് ആഗിരണം ചെയ്തുവെങ്കിലും 120000 കോടി ടൺ ഭൗമാന്തരീക്ഷത്തിൽ അടിഞ്ഞു കൂടിയിട്ടുണ്ട്. അതുമൂലം ഭൗമാന്തരീക്ഷത്തിലെ Co2 സാന്ദ്രത വ്യവസായപൂര്‍വ കാലഘട്ടത്തിലെ 280 ppm-ൽനിന്ന് 50% വർധിച്ച് ഇപ്പോൾ 420 ppm ആയിരിക്കുന്നു. ആഗോള ശരാശരി താപനില 140 C-ല്‍നിന്ന് 1.2 ഡിഗ്രി വർധിച്ച് 15.2 ഡിഗ്രി ആയിരിക്കുന്നു.


ഈ വർധനവ് ഭൂമിയുടെ താപസമതുലനത്തെ പ്രതികൂലമായി ബാധിക്കുകമൂലം കാലാവസ്ഥയിൽ നാനാവിധ മാറ്റങ്ങൾ വരുത്തുന്നു. ധ്രുവപ്രദേശങ്ങളിൽ polar amplification എന്നൊരു പ്രക്രിയയിലൂടെ താപവർധനവ് മറ്റിടങ്ങളിലേക്കാൾ ഇരട്ടിയിൽ അധികമാകുന്നു. അങ്ങനെ ഭൂമിയിലെ 98% ഹിമവും കേന്ദ്രീകരിച്ചിരിക്കുന്ന ധ്രുവങ്ങളിൽ ഹിമം ഉരുകുന്നതിലൂടെ ലോകമാസകലം കടൽനിരപ്പ് ഉയരുന്നു. ഇത് ഓരോ വർഷവും കുറഞ്ഞതോതിലാകുമെങ്കിലും, ദശകങ്ങളുടെ കാലാവധിയിൽ കടൽനിരപ്പ് ഗണ്യമായി ഉയരുന്നതിനു കാരണമാകുന്നു. ഹിമം ഉരുകുന്നതുമൂലം മാത്രമല്ല, കടലിലെ താപവർധനവും കടൽനിരപ്പ് ഉയരാൻ (Thermal expansion of the Oceans എന്ന പ്രക്രിയയിലൂടെ) കാരണമാകുന്നു. 21-ാം നൂറ്റാണ്ടിൽ കടൽനിരപ്പ് ഉയരുകമൂലം ലോകമാസകലം വൻകിടനഗരങ്ങളടക്കം സമുദ്രതീരപ്രദേശങ്ങളുടെ നല്ലൊരുഭാഗം കടലെടുക്കുമെന്ന് ശാസ്ത്രീയ പഠനങ്ങൾ പറയുന്നുണ്ട്. സമുദ്രതാപം വർധിക്കുന്നത് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വർധിച്ച മഴയ്ക്കും അതുമൂലം ഉണ്ടാകുന്ന പ്രളയങ്ങൾക്കും കാരണമാകുന്നു. ഇതിപ്പോൾ ഉഷ്ണമേഖല പ്രദേശങ്ങളിൽ മാത്രമല്ല അമേരിക്കയിലും യൂറോപ്പിലും ഒക്കെ സംഭവിക്കുന്നു. കടല്‍ നിരപ്പുയരൽ, അതിവൃഷ്ടി, പ്രളയം, കാട്ടുതീ, അത്യുഷ്ണതരംഗങ്ങൾ,   ആഗോളമായി സംഭവിക്കുന്ന ഹിമം ഉരുകല്‍, നദികളുടെ വരള്‍ച്ച എന്നിങ്ങനെ കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യക്ഷങ്ങൾ ലോകമെമ്പാടും അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്നു.


ഐക്യരാഷ്ട്ര സംഘടനയുടെ ഒക്ടോബർ 2023-ലെ ഒരു പഠന റിപ്പോർട്ട് പറയുന്നത് 2000 മുതൽ 2019 വരെയുള്ള രണ്ടു ദശകങ്ങളിൽ ലോകത്ത് കാലാവസ്ഥാവ്യതിയാനം മൂലമുള്ള 7348 വൻകിട പ്രകൃതിദുരന്തങ്ങൾ ഉണ്ടായി എന്നാണ്. ഇത് മുന്‍കാലത്തെ രണ്ട് ദശകങ്ങളിലെ (1980-1999) 4212 വൻകിട പ്രകൃതിദുരന്തങ്ങളെക്കാൾ ഇരട്ടിയാണ്. കഴിഞ്ഞ രണ്ടുദശകങ്ങളിലെ ദുരന്തങ്ങളാൽ  12 ലക്ഷത്തിലധികമാളുകൾ മരണമടഞ്ഞു, 450 കോടിയിലധികമാളുകളെ അവ നേരിട്ടു ബാധിച്ചു. (ലോക ജനസംഖ്യയുടെ പകുതിയോളം), 297000 കോടി അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായി. ദുരന്തബാധിതരിൽ 230 കോടി ദരിദ്രരും 39 കോടി അതിദരിദ്രരുമാണ്. പതിവുപോലെ എല്ലാ കെടുതികളും ചെന്നെത്തുന്നത് സമൂഹത്തിലെ ദുർബലവിഭാഗങ്ങളിലേക്കാണ്. അതിനുള്ള പ്രധാനകാരണങ്ങൾ സാമ്പത്തിക വളർച്ചയുടെ പേരിൽ നടത്തുന്ന ഫോസില്‍ ഇന്ധനജ്വലനവും പ്രദൂഷണവും അതിയായ പ്രകൃതിവിഭവ ചോരണത്തിലൂടെ സംഭവിക്കുന്ന പ്രകൃതിധ്വംസനവും കാട് തെളിക്കലും  മറ്റുമാണ്.  ഇന്നത്തെ രീതിയിലുള്ള സാമ്പത്തികവളർച്ച തുടർന്നാൽ ഭൗമതാപവര്‍ധനവ് 2030-നകം 1.50C, 2050-നു മുമ്പ് 20 C, ഈ നൂറ്റാണ്ടിനുള്ളിൽ 3.20 C എന്നിങ്ങനെ ഉയരുമെന്ന് ഐപിസിസിയുടെ 2023 മാർച്ചിലെ റിപ്പോർട്ട് പ്രവചിക്കുന്നു. അതിലൂടെ ഭൂമി വാസയോഗ്യമല്ലാതാവുകയും സാമ്പത്തികവളർച്ചയെത്തന്നെ അത് ഇല്ലായ്മ ചെയ്യുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു.


കാലാവസ്ഥാവ്യതിയാനം ഏറ്റവും രൂക്ഷമായ വർഷമായിരുന്നു 2023. UNEPയുടെ റിപ്പോർട്ടനുസരിച്ച് 2023-ലെ 86 ദിവസങ്ങളിൽ ആഗോള ശരാശരി താപനില 1.50 C കടന്നിരുന്നു. ഭൂമിയുടെ ചരിത്രത്തിലെ കഴിഞ്ഞ 125000  വർഷങ്ങളിൽ ഏറ്റവും ചൂടുള്ള വർഷമായിരുന്നു 2023. ധ്രുവങ്ങളിലെ ഹിമം ഉരുകല്‍  റെക്കോർഡുകൾ  ഭേദിച്ചു. ലോകമെമ്പാടും പ്രളയങ്ങളും കാട്ടുതീയും ഉഷ്ണതരംഗങ്ങളുമെല്ലാം ക്രമാതീതമായി വർധിച്ചു. 12000 ആളുകൾ മരണമടഞ്ഞു. 2023-ല്‍ 86% ദിവസങ്ങളിലും ഇന്ത്യയിൽ ഒരു കാലാവസ്ഥ ദുരന്തമെങ്കിലും സംഭവിച്ചു. 2024-ല്‍ ഇത് ഇനിയും ഗുരുതരമാകുമെന്നാണ് പ്രവചനങ്ങൾ. ഐ.പി.സി.സിയുടെ നിഗമനമനുസരിച്ച്  കാലാവസ്ഥാവ്യതിയാനം 1.50 C -ന് ഉള്ളിൽ നിയന്ത്രിച്ചു നിർത്തണമെങ്കിൽ ഹരിതഗൃഹവാതകങ്ങളുടെ (Green House Gases – GHGs)  നിർഗമനം 2019-ലേതിൽനിന്ന് 2030-ല്‍ 43% കുറയ്ക്കണം. 2019-ല്‍ 5300 കോടി ടണ്ണായിരുന്ന ഹരിതഗൃഹവാതക പ്രദൂഷണം 2030-ല്‍ 43% കുറയുകയല്ല  110% വർധിക്കാനാണ് പോകുന്നതെന്നാണ് UNEP യുടെ കണ്ടെത്തല്‍. ഈ വർധനവ് 2050-വരെയും തുടരാനുള്ള സാധ്യതയാണ് കാണുന്നതെന്ന് നിരവധി ഗവേഷണപഠനങ്ങൾ വിലയിരുത്തിയശേഷം എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കാരണം, ഫോസിൽ ഇന്ധനഖനനവും ഉപയോഗവും ലോകമാസകലം വർധിക്കുകതന്നെയാണ്. അതു കുറയ്ക്കാൻ ആരും തയാറല്ല; അവയുടെ ഉത്പാദനം വർധിപ്പിക്കാൻ സബ്സിഡികളും മറ്റു സാമ്പത്തികസഹായങ്ങളും എല്ലാവരും തുടരുകതന്നെയാണ്. അന്താരാഷ്ട്ര നാണയനിധിയുടെ 2023 ആഗസ്റ്റിലെ റിപ്പോർട്ട് പറയുന്നത് 2022-ൽ ലോകമാസകലമുള്ള ഭരണകൂടങ്ങൾ ഫോസില്‍ ഇന്ധനങ്ങൾക്ക് ഏഴുലക്ഷം കോടി അമേരിക്കൻ ഡോളറിന്റെ പ്രത്യക്ഷവും പരോക്ഷവുമായ  സബ്സിഡികൾ നല്കിയെന്നാണ്. വിശ്വബാങ്കും വികസിതലോകത്തിലെ വലിയ ബാങ്കുകളും അവയുടെ വര്‍ധിച്ച ഖനനത്തിന് കടവും സാമ്പത്തിക സഹായവും തുടരുന്നു.


കാലാവസ്ഥ അടിയന്തരാവസ്ഥ


ഈ പശ്ചാത്തലത്തിലാണ് 2023 ജൂലൈ 27-ന് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് സെക്രട്ടറിജനറൽ അന്തോണിയോ ഗുട്ടറസ് നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ഇങ്ങനെ  പ്രസ്താവിച്ചത്: ‘കാലാവസ്ഥ വ്യതിയാനത്തിന്റെ യുഗം കഴിഞ്ഞു. നാം ഇപ്പോൾ കാലാവസ്ഥ തിളച്ചുമറിയലിന്റെ (Global boiling) കാലത്താണ് ജീവിക്കുന്നത്.’ ഫോസിൽ ഇന്ധന പര്യവേക്ഷണവും പുതിയ ഖനനപദ്ധതികളും എന്നന്നേക്കുമായി നിർത്തിവയ്ക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. നിലവിലുള്ള ഖനനപദ്ധതികൾ G20 രാഷ്ട്രങ്ങൾ 2040-ലും മറ്റുള്ളവർ 2050-ലും പൂർണമായും നിർത്തലാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസംബർ 2020-ലെ ഒരു ആഗോളസമ്മേളനത്തിൽ എല്ലാ രാഷ്ട്രത്തലവന്മാരോടും ‘ആഗോള കാലാവസ്ഥ അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കാൻ അദ്ദേഹം നിർദേശിച്ചിരുന്നു.


അതേവർഷം 153 രാജ്യങ്ങളിൽനിന്നുള്ള 11258 ശാസ്ത്രജ്ഞർ ഒപ്പിട്ടു പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ കാലാവസ്ഥ അടിയന്തരാവസ്ഥയെക്കുറിച്ച് പറഞ്ഞിരുന്നു. 2021 ജൂലൈ 28-ന് അവർ അതേ പ്രസ്താവന പുതുക്കി പ്രഖ്യാപിച്ചപ്പോൾ 14000 ശാസ്ത്രജ്ഞർ അതിൽ ഒപ്പിട്ടിരുന്നു. കാലാവസ്ഥ വ്യതിയാനത്തിന് അടിയന്തര പരിഹാരങ്ങൾ കണ്ടെത്തിയില്ലെങ്കിൽ ലോകജനത മുമ്പെങ്ങും അനുഭവിക്കാത്ത അതീവ ദുരന്തപൂര്‍ണമായ കെടുതികൾ നേരിടേണ്ടിവരുമെന്ന് അവരും മുന്നറിയിപ്പു നല്കി. യുദ്ധകാലത്തിനു സമാനമായി പ്രതിവിധികൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഐക്യരാഷ്ട്ര സംഘടനയുടെ നിരവധി പഠനങ്ങളും ആയിരക്കണക്കിനുള്ള സ്വതന്ത്ര ശാസ്ത്രീയപഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇവയുടെ വെളിച്ചത്തിൽ ആഗോള കാലാവസ്ഥയുടെ  സമതുലനം കാത്തുസൂക്ഷിക്കുന്ന ചില നിർണായകഘടകങ്ങൾ ഇപ്പോള്‍ത്തന്നെ എങ്ങനെ തകരുന്നുവെന്നതിന്റെ ഒരു ഹ്രസ്വ അവലോകനം ആവശ്യമാണ്.


നിർണായകഘടകങ്ങൾ


കാലാവസ്ഥാവ്യതിയാനം ക്രമാനുഗതമായി ദീർഘകാലാടിസ്ഥാനത്തിൽ മാത്രം സംഭവിക്കുന്ന ഒന്നാണെന്ന പൊതു ധാരണയുണ്ട്. കാലാവസ്ഥാശാസ്ത്രത്തിന്റെ  തലതൊട്ടപ്പന്മാരിൽ ഒരാളായിരുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ പ്രഫ.വാലസ് ബ്രോയ്ക്കർ 1980-കളിൽ ഈ ധാരണയെ തിരുത്തുന്ന പഠനങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. ചില നിർണായകഘടകങ്ങൾ മാറിമറിയുമ്പോൾ കാലാവസ്ഥ പെട്ടെന്ന് തകിടംമറയുന്നത് (abrupt change) സംഭാവ്യമാണെന്ന് അദ്ദേഹം കണ്ടെത്തി. ഇപ്പോഴും നമുക്ക് 100%  മനസ്സിലായിട്ടില്ലാത്ത ഭൗമ കാലാവസ്ഥയെ തൊട്ടുകളിക്കുന്നത് ‘റഷ്യൻ റൂലറ്റ്’ കളിപോലെ ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിർണായഘടകങ്ങളെ ശാസ്ത്രജ്ഞർ ഇപ്പോൾ climate tipping elements എന്നു വിളിക്കുന്നു. അവയെക്കുറിച്ചുവന്ന പഠനങ്ങളുടെ വെളിച്ചത്തിൽ  ഏറെ നിർണായകമായ ചിലതിന്റെ അവസ്ഥ ഇനി സംഗ്രഹിക്കുന്നു.


ഉത്തരധ്രുവത്തിലെ സാഗരഹിമം (നടുക്ക് സാഗരമാണ്) ലോക കാലാവസ്ഥയെ നിർണയിക്കുന്ന ഒരു പ്രധാന ഘടകമാണ്. അതിന്റെ ധവളപ്രതലം സൗരതാപത്തിന്റെ ദോഷകരമായ ഇൻഫ്രാറെഡ് കിരണങ്ങളെ ഭൗമാന്തരീക്ഷത്തിനു പുറത്തേക്ക് പ്രതിപതനം (reflect back) നടത്തുന്നത് ഭൗമതാപ സന്തുലനം നിലനിർത്തുന്നതിന് അനിവാര്യമാണ്. ധ്രുവഹിമത്തിന്റെ albedo എന്നതിനെ വിളിക്കുന്നു. ശീതകാലത്ത് ഉത്തരധ്രുവ സാഗരത്തിൽ 13 അടി ഘനവും 16 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുമുള്ള ഹിമമുണ്ടാണ്ടാകും. സെപ്റ്റംബറിലെ ഉഷ്ണകാലത്ത് ഇത് എട്ട് ദശലക്ഷം കിലോമീറ്ററായി കുറയുന്നു. 2023 ഓഗസ്റ്റിൽ ഇത് 7 ദശലക്ഷമായി കുറഞ്ഞു; കഴിഞ്ഞ 45 വർഷങ്ങളിൽ ഏറ്റവും കുറവ്. കൂടാതെ ഘനം ആറടിയിൽ താഴെയായിരുന്നു. സമീപകാലഭാവിയിൽ ഉഷ്ണകാലത്ത് ഉത്തരധ്രുവസാഗരം ഹിമമുക്തമാകുമെന്നാണ് ശാസ്ത്രീയ നിഗമനം.


ഏകദേശം 17 ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്ററുകൾ വ്യാപ്തിയും ശരാശരി മൂന്നു കിലോമീറ്ററിലധികം ഘനവുമുള്ള ഉത്തരധ്രുവത്തിലെ ഗ്രീൻലാൻഡ് ദ്വീപിലെ മഞ്ഞുമലയും (Greenland Ice Sheet) അപകടസീമയിലാണ്. 30 ലക്ഷം ക്യൂബിക് കിലോമീറ്റർ ഹിമം  ഉൾക്കൊള്ളുന്ന ഈ മഞ്ഞുമല ഉരുകിയാൽ ആഗോള കടൽനിരപ്പ് 24 അടി (4 മീറ്റർ) ഉയരും. ഒറ്റയടിക്ക് ഇതെല്ലാം ഉരുകില്ലെങ്കിലും 1.50 C താപം ഉയർന്നാൽ ഈ ഹിമമല അപകടത്തിലാകും.  നാസയുടെ ഉപഗ്രഹപഠനങ്ങൾ അനുസരിച്ച് കഴിഞ്ഞ രണ്ടു ദശകങ്ങളിൽ (2002-2023) ഇവിടെനിന്നു വര്‍ഷംതോറും 27000 കോടി ടൺ ഐസ് ഉരുകി നഷ്ടമായിക്കൊണ്ടിരിക്കുന്നു. അതുമൂലം കടല്‍നിരപ്പ് വർഷംതോറും 0.8 മില്ലിമീറ്റർ ഉയർന്നിട്ടുണ്ട്. ഈ മഞ്ഞുമലയുടെ പകുതിയിലധികം വിസ്തീർണത്തിൽ (എട്ടു ലക്ഷം ചതുരശ്ര കിലോമീറ്റർ) 2023  ജൂൺ- ജൂലൈ മാസങ്ങളിൽ മഞ്ഞുരുകയും ദിനംപ്രതി 1500 കോടി ടൺ ഐസ് നഷ്ടമാവുകയും ചെയ്തു.


താരതമ്യേന സുരക്ഷിതമെന്നു കരുതിയിരുന്ന ദക്ഷിണധ്രുവവും (Antarctica) ഇപ്പോൾ അപകടസീമയിലാണ്. ദക്ഷിണധ്രുവത്തിന്റെ നടുഭാഗം കരയാണ്‌. അവിടെ 66 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീര്‍ണവും ശരാശരി രണ്ടു കിലോമീറ്റർ ഘനവുമുള്ള മഞ്ഞുമലകളാണ്. 300 ലക്ഷം ക്യൂബിക് കിലോമീറ്റർ ഐസ് ഇവിടെ ഉറഞ്ഞു കിടക്കുന്നു. ഇതെല്ലാം ഉരുകിയാൽ ആഗോളസമുദ്രനിരപ്പ് 239 അടി (73 മീറ്റർ) ഉയരും. ലോകത്തിലെ ഹിമത്തിന്റെ 91 ശതമാനവും ഇവിടെയാണ്. നാസയുടെ 2023 നവംബറിലെ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ രണ്ടുദശകങ്ങളിൽ (2002-2023) ഇവിടെനിന്ന് വർഷംതോറും 15000 കോടി ടൺ ഐസ് ഉരുകിക്കൊണ്ടിരിക്കുന്നു. ഇതുമൂലം വര്‍ഷംതോറും 0.4 മില്ലിമീറ്റര്‍ കടൽനിരപ്പുയരുന്നു.  ഇതിന്റെ തോത് ഏറിക്കൊണ്ടിരിക്കുന്നു. ദക്ഷിണധ്രുവത്തിന്റെ സിരാകേന്ദ്രമായ കരയ്ക്കുചുറ്റും 13 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിൽ ‘ദക്ഷിണസാഗര’ത്തിൽ ഹിമം ഉറഞ്ഞുകിടന്നിരുന്നു. ഇത് 2023 ജൂണിൽ 11.7 ദശലക്ഷമായി കുറഞ്ഞു. 2022-ല്‍ ദക്ഷിണധ്രുവത്തിൽ ഉഷ്ണതരംഗമുണ്ടായി. അവിടെയും ധ്രുവഹിമത്തിന്റെ  പ്രതിപതനശേഷി നഷ്ടമാകുന്നത് ആഗോളതാപനം വഷളാകുന്നതിനു കാരണമാകും.


പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യൻ മഹാസമുദ്രം എന്നീ സമുദ്രസഞ്ചയങ്ങളുടെ ഉപരിതലത്തിനടിയിലായി ഒരു മഹത്തായ സാഗര കൺവയർ (The Great Ocean Conveyor) നിലവിലുണ്ട്. ഉഷ്ണം പ്രസരിപ്പിക്കുന്ന ഉപരിതലവും അതുമായി കൺവെയറിലെന്നപോലെ ബന്ധപ്പെട്ട ഒരു അധോതലവുമുണ്ടിതിന്. ഇതിനെ Atlantic Meridional Overturning Circulation – AMOC എന്നു ശാസ്ത്രജ്ഞർ വിളിക്കുന്നു. മഞ്ഞുരുകി കൂടുതൽ ശുദ്ധജലം കടലിലേക്കൊഴുകുന്നത് ഇതിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു (സ്ഥലപരിമിതിമൂലം വിശദാംശങ്ങൾ പറയാൻ കഴിയില്ല). ഉത്തരാർധഗോളത്തിലെ താപനിലയും മൺസൂണിന്റെ ഗതിവിഗതികളുംമറ്റും സ്വാധീനിക്കുന്ന ഈ കൺവെയർ അപകടനിലയിലാണ്. 2025 മുതൽ ഇതിന്റെ പ്രവർത്തനം അപകടത്തിലായിത്തുടങ്ങും. അതു ലോകകാലാവസ്ഥയെ ഇനിയും പ്രതികൂലമായി ബാധിക്കും.


ഉത്തരാർധഗോളത്തിലെ 24 % ഭൂമി (23 ദശലക്ഷം  ചതുരശ്ര കിലോമീറ്റർ) സ്ഥിരമായി തണുത്തുറഞ്ഞു കിടക്കുന്ന permafrost ആണ്. കാനഡ, അലാസ്ക, റഷ്യ എന്നിവിടങ്ങളിലാണിത്. റഷ്യയുടെ സൈബീരിയയിൽ 13 ദശലക്ഷം ചതുരശ്ര കിലോമീറ്റർ  പ്രദേശം ഇങ്ങനെ തണുത്തുറഞ്ഞു കിടക്കുന്നു. ഇത് റഷ്യൻ ഫെഡറേഷന്റെ 70% വരും.    തണുത്തുറഞ്ഞുകിടക്കുന്ന മണ്ണിനുള്ളിൽ നിറയെ അഴുകിയ ജൈവ അവശിഷ്ടങ്ങളും അവയെയും മണ്ണിനെയും കട്ടപിടിച്ചു നിറുത്തുന്ന ഐസുമാണ്. ആഗോളതാപനം മൂലം പെർമഫ്രോസ്റ്റ് താപനില വർധിക്കുന്നു. മണ്ണ് ചൂടാകുമ്പോൾ ഐസ് ഉരുകുകയും ഈ പ്രദേശങ്ങൾ ഇടിഞ്ഞു താഴുകയും അതിശൈത്യംമൂലം പ്രവർത്തനരഹിതമായി  കിടക്കുന്ന സൂക്ഷ്മജീവികൾ (microbes) പ്രവർത്തനനിരതരായി അഴുകിയ ജൈവവസ്തു ഭക്ഷിച്ചുതുടങ്ങുകയും വൻതോതിൽ മീഥേൻ വാതകം (Methene gas) വമിക്കുകയും ചെയ്യും. മീഥേൻ Co2-നെക്കാള്‍ പതിന്മടങ്ങ് കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്നതിനു ശക്തിയുള്ള വാതകമാണ്. ഇതു വലിയൊരു കാർബൺ ബോംബാണ്.


ലാറ്റിനമേരിക്കയിലെ എട്ടുരാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 7 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള മഴക്കാടുകളാണ് ആമസോൺ വനപ്രദേശം. അവിടെ 15,000 കോടി ടൺ കാർബൺ സ്ഥിരമായി മരങ്ങളിൽ സൂക്ഷിച്ചിരിക്കുന്നു; കൂടാതെ വർഷംതോറും അന്തരീക്ഷത്തിൽനിന്ന് 200 കോടി ടൺ Co2 ഈ വനപ്രദേശം ആഗിരണം ചെയ്യുന്നു. ആമസോൺ കാടുകളുടെ 17%-വും ഇതിനകം നഷ്ടമായി. ഈ വനനഷ്ടം കാലാവസ്ഥാവ്യതിയാനത്തെ ത്വരിതപ്പെടുത്തും.


ആമസോൺ കഴിഞ്ഞാൽ ഭൂമിയുടെ രണ്ടാമത്തെ ‘ശ്വാസകോശം’ എന്നറിയപ്പെടുന്ന മഴക്കാടുകളാണ് ആഫ്രിക്കയിലെ കോംഗോ നദീതടത്തിലേത്. 31 ലക്ഷം ചതുരശ്ര കിലോമീറ്റർ (300 ദശലക്ഷം ഹെക്ടർ) വ്യാപിച്ചുകിടക്കുന്ന ഈ മഴക്കാടുകളും അപകടസീമയിലാണ്. 11000 കോടി ടൺ കാർബൺ ഇവിടെ മരങ്ങളിൽ സ്ഥിരമായി ശേഖരിച്ചിരിക്കുന്നു. കൂടാതെ വർഷംതോറും 150 കോടി ടൺ ഈ വനമേഖല ആഗിരണം ചെയ്യുന്നു. ഈയിടെ ആരംഭിച്ച എണ്ണ ഖനനപദ്ധതികളും മുമ്പുതന്നെ തുടർന്നുവരുന്ന ലോഹഖനനവും മറ്റുംമൂലം 300 ദശലക്ഷം ഹെക്ടറിൽ 72 ദശലക്ഷം ഹെക്ടർ അപകടസീമയിലാണ്. എണ്ണ ഖനനത്തിനിറങ്ങിയിരിക്കുന്നത് പാശ്ചാത്യ എണ്ണ കമ്പനികളാണെന്നും ഓർക്കുക.


മുകളിൽപ്പറഞ്ഞത് ആഗോള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്ന കാലാവസ്ഥ tipping elements-നെക്കുറിച്ച് മാത്രമാണ്. ആഗോളമായി സംഭവിക്കുന്ന മറ്റു പാരിസ്ഥിതിക വിനാശങ്ങളുടെ പശ്ചാത്തലത്തിൽക്കൂടിവേണം കാലാവസ്ഥാവ്യതിയാനത്തെ വിലയിരുത്താൻ. എല്ലാ പാരിസ്ഥിതിക വിനാശങ്ങളും പരസ്പരബന്ധിതമാണ്. ഒന്നു മറ്റൊന്നിനു കാരണമാകുന്ന cascading effect സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, ആമസോൺ കാടുകൾ നശിച്ചാൽ അതു ലാറ്റിനമേരിക്കയിലെ മഴ ലഭ്യതയെ പ്രതികൂലമായി ബാധിക്കും. മഴ കുറയുമ്പോൾ ജലദൗർലഭ്യം ഉണ്ടാകും. ഐക്യരാഷ്ട്ര സർവകലാശാലയുടെ ഒരു പുതിയ റിപ്പോർട്ട് ഈ interconnected risk-കളെ വിശദമായി വിലയിരുത്തുന്നു. കാലാവസ്ഥാവ്യതിയാനത്തിന് ആക്കംകൂട്ടുക മാത്രമല്ല, അതുമൂലമുണ്ടാകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും ഈ പാരിസ്ഥിതിക വിനാശം ഇല്ലായ്മ ചെയ്യുന്നു. കേരളത്തിന്റെ സന്ദർഭത്തിൽ  ഒരു ഉദാഹരണം പറയാം. ജലത്തിന് ഇളവേല്ക്കാനുള്ള നമ്മുടെ ഏറ്റവും വലിയ തണ്ണീർത്തടശൃംഖലയായിരുന്ന വയലുകൾ 80%-ത്തിലധികം നികത്തിക്കഴിഞ്ഞു. ഇതു പ്രളയത്തിന്റെ ദുരന്തം വർധിപ്പിക്കുന്നു.


ഭൂമിയിൽ 30% മാത്രമുള്ള കരഭൂമിയുടെ നല്ലൊരു ഭാഗം കടലെടുത്ത, മിച്ചമുള്ള മഴക്കാടുകൾ ഇല്ലാതായ, ഹിമം ഉരുകിയൊലിക്കുന്ന  ധ്രുവങ്ങളുള്ള, കാട്ടുതീ പടർന്നുപിടിക്കുന്ന, ഉഷ്ണതരംഗങ്ങൾ പടരുന്ന, പ്രളയങ്ങൾകൊണ്ട് പൊറുതിമുട്ടുന്ന ഒരു ഭൂമിയെ നാമിപ്പോൾത്തന്നെ നേരിടുന്നു. ഈ ദുരന്തങ്ങളെല്ലാം ഈ നൂറ്റാണ്ടിൽ വർധിക്കുകയും ഭൂമി വാസയോഗ്യമല്ലാതാവുകയും ചെയ്യുന്ന അവസ്ഥയിലേക്ക് നാം അതിവേഗം നടന്നടുക്കുന്നു. ഇതിനിടയിലും  പ്രത്യാശയുടെ കിരണങ്ങൾ നാം തേടേണ്ടതുണ്ട്.


പ്രത്യാശയുടെ കിരണങ്ങൾ


നാസയുടെ അന്തരീക്ഷ പഠനകേന്ദ്രത്തിന്റെ (Goddard Institute) ഡയറക്ടർ ആയിരുന്ന ഡോ. ജെയിംസ് ഹാൻസൺ ലോകത്തിലെ ഏറ്റവും  വിഖ്യാതരായ കാലാവസ്ഥ ശാസ്ത്രജ്ഞരിൽ ഒരാളാണ്. 1988-ല്‍ അമേരിക്കൻ സെനറ്റ് കമ്മിറ്റിയുടെ മുമ്പിൽ അദ്ദേഹം തെളിവുകൾസഹിതം നിരത്തിയ വിശകലനത്തിലൂടെയാണ് ലോകമെമ്പാടും കാലാവസ്ഥാവ്യതിയാനം ഒരു മുഖ്യ സമസ്യയായി ഉയർന്നുവന്നത്. നാസയില്‍നിന്നു വിരമിച്ച അദ്ദേഹം ഇപ്പോൾ ന്യൂയോർക്കിലെ കൊളംബിയ സര്‍വകലാശാലയിൽ  പ്രഫസറാണ്. തന്റെ പഠനവും സമരവും ഇപ്പോഴും അദ്ദേഹം തുടരുന്നു. 1988-ലെ അദ്ദേഹത്തിന്റെ സെനറ്റ് കമ്മിറ്റിയുടെ മുന്നിലെ ‘സാക്ഷിമൊഴി’ക്കു ശേഷമാണ് ഐ.പി.സി.സി എന്ന ആഗോള ശാസ്ത്രീയ പഠനസംഘം രൂപീകൃതമാകുന്നത്. 1992-ല്‍ റിയോ ഉച്ചകോടിയുടെ വേളയിൽ UNFCC (United Nations Framework Convention on Climate Change)  എന്ന ആഗോള ഉടമ്പടിയും നിലവിൽ വന്നു. UNFCC യുടെ സെക്രട്ടറിയേറ്റ് ആണ് 1992 മുതൽ ആഗോള ചർച്ചകളും ഉടമ്പടികൾക്കുമൊക്കെ നേതൃത്വം നല്കുന്നത്. അതിൽ പ്രധാന ഉടമ്പടിയായ ക്യോട്ടോ പ്രോട്ടോക്കോൾ 1997 ഡിസംബർ 11-ന് അംഗീകരിക്കപ്പെട്ടെങ്കിലും അതിൽ വേണ്ടത്ര രാജ്യങ്ങളും ചേരാൻ 2005-വരെ കാത്തിരിക്കേണ്ടിവന്നു. പിന്നീട് 2015-ലെ പാരീസ് ഉച്ചകോടിയിൽ പ്രസിദ്ധമായ പാരീസ് ഉടമ്പടി അംഗീകരിക്കപ്പെട്ടു.


2050-നകം ഹരിതഗൃഹവാതക നിർഗമനം ‘നെറ്റ് സീറോ’ (Net Zero) ആക്കാമെന്നായിരുന്നു ഉടമ്പടി. ‘നെറ്റ് സീറോ’ എന്നാൽ, നിർഗമിക്കുന്നതും വിവിധ മാർഗങ്ങളിലൂടെ അന്തരീക്ഷത്തിൽനിന്ന് പിടിച്ചെടുക്കുന്നതുമായ Co2 തുല്യമാവുക എന്നാണ്  ഉദ്ദേശിച്ചത്. പ്രദൂഷണം പൂർണമായി ഇല്ലാതാക്കുക എന്നല്ല. അതിനായി കാർബൺ നിർഗമനമില്ലാത്ത ബദൽ ഊർജസ്രോതസ്സുകൾ വികസിപ്പിക്കുക, ഊര്‍ജസംരക്ഷണ നടപടികൾ ഊർജിതമാക്കുക, രാജ്യങ്ങളുടെ ആഭ്യന്തര ഉത്പാദനത്തിന്റെ ഓരോ യൂണിറ്റിനും വിനിയോഗിക്കുന്ന ഊർജ ഉപഭോഗം (energy per unit of production) കുറയ്ക്കുക, ഗതാഗതസംവിധാനങ്ങൾ കാര്‍ബൺ മുക്തമാക്കുക,   കാട് സംരക്ഷിക്കുക തുടങ്ങിയ നിരവധി മാർഗങ്ങൾ സ്വീകരിക്കാം. രാജ്യങ്ങൾക്ക് ഇതിനായി നിർബന്ധിത ലക്ഷ്യമൊന്നും നല്കിയിരുന്നില്ല. അതിനാൽ കരാറിന് ശക്തി കുറവായിരുന്നു. ഫലത്തിൽ മൂന്നു ദശകങ്ങളിലായി നടന്ന അന്താരാഷ്ട്ര ചർച്ചകളുടെയും സമ്മേളനങ്ങളുടെയും കാലത്ത് ഹരിതഗൃഹവാതക  പ്രദൂഷണം നിരന്തരം വർധിച്ചുകൊണ്ടിരുന്നു.


എങ്കിലും പ്രത്യാശ നല്കുന്ന രണ്ടുകാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്നാമത്തേത് ബദൽ ഊർജസ്രോതസ്സുകളുടെ ഗണ്യമായ വർധനവാണ് – 2023 അവസാനിക്കുമ്പോൾ ലോകത്താകമാനം 4.4 ലക്ഷം മെഗാവാട്ട് സ്ഥാപിതശേഷിയുണ്ട്; ഇതിൽ ജലവൈദ്യുതിയും ഉൾപ്പെടും. പവനോര്‍ജം, സൗരോർജം എന്നിവ മാത്രം  കണക്കിലെടുത്താൽ അവയുടെ കുറഞ്ഞ ഉത്പാദനക്ഷമതമൂലം ലോക വൈദ്യുതി ഉപയോഗത്തിന്റെ 13% മാത്രമാണ് അവ നല്കുന്നത്. ഇത് 2030-നകം മൂന്ന്‍ ഇരട്ടിയാക്കാൻ COP28-ല്‍ ധാരണയായെങ്കിലും ഏഴു വർഷങ്ങൾകൊണ്ട് അതു പ്രാവർത്തികമാക്കുക എളുപ്പമല്ല. എങ്കിലും 2050-നകം ഈ രംഗത്ത് ഗണ്യമായ പുരോഗതി കൈവരിക്കാനാകും. പക്ഷേ, സമാന്തരമായി ഫോസിൽ ഇന്ധന ഉത്പാദനം കുറച്ചില്ലെങ്കിൽ ഇത് Co2 നിർഗമനം കുറയ്ക്കുന്നതിനു കാരണമാകാൻ വഴിയില്ല.


രണ്ടാമത്തേത് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി സംഭവിക്കുന്ന വൈദ്യുതവാഹനങ്ങളിലേക്കുള്ള പരിണാമമാണ്. 2023-ല്‍ ലോകത്ത് വിൽക്കാനിടയുള്ള എട്ടുകോടി കാറുകളിൽ 140 ലക്ഷം (18%) വൈദ്യുതകാറുകളായിരിക്കും എന്നാണ് കണക്കാക്കുന്നത്. ഇതു ക്രമേണ വളരുകയും 2050 ആകുമ്പോഴേക്കും ദിനംപ്രതി 21 ദശലക്ഷം ബാരൽ എണ്ണയുടെ ഉപയോഗം കുറയ്ക്കുകയും ചെയ്യും. പക്ഷേ, ഇതുകൊണ്ട് പ്രദൂഷണം കുറയാൻ ഇടയില്ല; കാരണം, ഫോസിൽ ഇന്ധന ഖനനവും ഉപയോഗവും മറ്റു രംഗങ്ങളിൽ വർധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.