ഏകാന്തതയുടെ ദുർഘടമാർഗം – ഡോ. ജോർജ് ജോൺ

ഏകാന്തതയുടെ ദുർഘടമാർഗം  – ഡോ. ജോർജ് ജോൺ

ബോധി


മനുഷ്യജീവിതത്തിന്റെ കർമസാന്ദ്രവും അതിസങ്കീർണവുമായ സിംഫണിയിലും ഗാനമേളയിലും ഒരു വിരോധാഭാസം നിലനില്ക്കുന്നുണ്ട്. ഒരേസമയം മൂകവും വാചാലവുമായ ഏകാന്തതയുടെ ശ്രുതിയാണത്. ഏറെ മുഖരിതമായ മുറവിളികൾക്കിടയിലും മൃദുവായ ഈ ശ്രുതി മുഴങ്ങിക്കേൾക്കാം. കാലത്തെ അതിശയിപ്പിക്കുന്ന ഈ ഏകാന്തതാ സങ്കല്പത്തിന് മനുഷ്യബോധത്തോളംതന്നെ പൗരാണികത്വമുണ്ട്. അസ്തിത്വവാദ ദാർശനികനായ ഷാങ് പോൾ സാർത്ര് ഏറെ ഔചിത്യബോധത്തോടെ പ്രസ്താവിച്ചു: ”നിങ്ങൾ ഒറ്റയ്ക്കായിരിക്കുമ്പോൾ ഏകാന്തത അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ മോശമായ കൂട്ടുകെട്ടിലാണ്.” ദാർശനികമായി നോക്കുമ്പോൾ ഏകാന്തതയെന്നത് നമ്മുടെ അസ്തിത്വപരമായ അവസ്ഥയുടെ രൂഢമൂലമായ ഉപോത്പന്നമാണ്. അർഥരഹിതമായ ജീവിതത്തിൽ ജീവിതത്തിന്റെ അർഥലക്ഷ്യം അന്വേഷിക്കുകയെന്നത് ഓരോ  വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. എന്താണ് ഈ ജീവിതത്തിന്റെ അർഥമെന്ന ചോദ്യം ജീവിതത്തിലുടനീളം ഒരു നിഴൽപോലെ ഓരോരുത്തരെയും പിന്തുടരുന്നുണ്ട്.


സാർത്രിനെപ്പോലെയുള്ള ദാർശനികർ ഏകാന്തതയെ അസ്തിത്വപരമായ ഉത്കണ്ഠയുടെയും സന്ത്രാസത്തിന്റെയും പരിണതഫലമായി വ്യാഖ്യാനിക്കുമ്പോഴും മറ്റു ദാർശനികർ അതിനെ കാണുന്നത്, ആത്മാവബോധത്തിലേക്കും ജ്ഞാനോദയത്തിലേക്കുമുള്ള മാർഗമായിട്ടാണ്. ഉദാഹരണത്തിന് സ്റ്റോയിക്കുകൾ, ഏകാന്തതയെ ശക്തിചൈതന്യം വളർത്തിയെടുക്കാനും അതിജീവനശക്തിയെ ഉണർത്താനുമുള്ള അവസരമായിട്ടാണ് കരുതിയത്. ബാഹ്യമായ വിലയിരുത്തലിനെ തികച്ചും അപ്രസക്തമാക്കുന്നതാണിത്. ഇത്തരം ചിന്താപദ്ധതികൾക്ക് ശ്രീബുദ്ധന്റെ പ്രബോധനങ്ങളുമായിട്ടുള്ള സമാനതകൾ വളരെ പ്രകടമാണ്. ബുദ്ധസങ്കല്പമനുസരിച്ച് ഏകാന്തതയെന്നത് ഭയപ്പെടേണ്ട ഒരു കാര്യമല്ല. പ്രത്യുത, ആശ്ലേഷിക്കേണ്ട ഒരു അവസ്ഥതന്നെയാണ്. ബുദ്ധസങ്കല്പം ഏകാന്തതയെ പുൽകാനാണ് പ്രോത്സാഹനം നല്കുന്നത്. ഒരാളുടെ ആത്മവത്തയും അനന്യമായ വ്യക്തിത്വവും കണ്ടെത്തുന്നതിന് ഉപരിപ്ലവവും സ്ഥൂലവുമായ ലോകത്തിന്റെ അഭിനിവേശങ്ങളുടെ പാളികളെ അടർത്തിമാറ്റേണ്ടതുണ്ട്.


ഇത്തരം ചിന്തകളെയും ഉദാത്തമായ ഭാവനകളെയും പ്രതിഫലിപ്പിക്കുന്ന മുഖ്യധാരാ ഹിന്ദുമതം ഈ ദർശനം പ്രതിഫലിപ്പിക്കുന്നുണ്ട്. സാമൂഹികബന്ധം ഉപേക്ഷിച്ച് സനാതന സത്യത്തെത്തേടി ഭിക്ഷാംദേഹിയായി അലയുന്ന സന്ന്യാസിയെ ആദരവോടെ ഈ സമൂഹം വാഴ്ത്തുകയാണ്. ജനമധ്യത്തിലായിരിക്കുമ്പോഴും നിർമമതയോടെ ജീവിക്കുന്ന, ആത്മസാക്ഷാത്കാരം സിദ്ധിച്ച ജീവാത്മാക്കളെക്കുറിച്ച് ഭഗവത്ഗീത പ്രതിപാദിക്കുന്നുണ്ട്. അത്തരം ജീവാത്മാക്കൾ അനുഭവിക്കുന്ന ആന്തരികമായ പ്രശാന്തി അലൗകികമാണ്. പ്രശാന്തമായ ഈ അന്തർദർശനം ഏകാന്തതയ്ക്ക് സമാനമാണ്. ഏകാന്തതയും ഒറ്റപ്പെടലും തമ്മിലുള്ള അതിലോലമായ അതിർവരമ്പ് ഇവിടെ സൂക്ഷ്മതലത്തിൽ പ്രകടമാണ്. പ്രശാന്തമായ ഏകാന്തതയെ നാം ബോധപൂർവം തിരഞ്ഞെടുക്കുകയും ആശ്ലേഷിക്കുകയും ചെയ്യുകയാണ്. ഇവിടെ ഒറ്റപ്പെടൽ എന്ന ചിന്ത നമ്മെ അലട്ടുന്നില്ല. ‘ഒറ്റപ്പെടൽ’ എന്നത് സമൂഹത്തിൽ തനിക്ക് വേരുകളില്ലെന്നുള്ള കാഴ്ചപ്പാടിനോടുള്ള വൈകാരികമായ പ്രതികരണമാണ്. നേരേമറിച്ച് ഏകാന്തതയെന്നത് ആത്മനിർഭരമായ ഒരു തിരിച്ചുവരവാണ്. എന്നാൽ ‘ഒറ്റപ്പെടൽ’ വ്യക്തിയെ നിരന്തരം വേട്ടയാടുന്ന ഒരു നിഴലാണ്.


എന്നിരുന്നാലും, എല്ലാ ഏകാന്തതകളും പ്രശാന്തമായ അനുഭൂതികളിലേക്കും ദാർശനികമായ ആഴങ്ങളിലേക്കും ആത്മീയമായ ഉണർവുകളിലേക്കും നയിക്കണമെന്നില്ല. മനഃശാസ്ത്രപരമായി നോക്കുമ്പോൾ ഏകാന്തതയ്ക്ക് ഇരുതലമൂർച്ചയുണ്ടെന്നു കാണാനാവും. ഒരു വശത്ത് ആത്മപരിശോധനയ്ക്കും വ്യക്തിത്വവളർച്ചയ്ക്കും അനന്യമായ ആത്മവത്തയെക്കുറിച്ചുള്ള ആരോഗ്യകരമായ അവബോധത്തിനും അത് അവസരമൊരുക്കുന്നുണ്ട്. എന്നാൽ, മറുവശത്ത് അതിനെ വേണ്ടവിധം നിയന്ത്രിക്കാനാവാതെവന്നാൽ ഏകാന്തതയും ഒറ്റപ്പെടലും രോഗാതുരമായി വിഷാദത്തിലേക്ക് പടിപടിയായി ഒരാളെ നയിച്ചുവെന്നുവരാം. ഇവിടെയാണ് പ്രശ്‌നത്തിന്റെ മർമം സ്ഥിതിചെയ്യുന്നത്. നൈമിഷികമായ ഏകാന്തതയും ദീർഘകാലമായുള്ള വൈകാരികമായ ഒറ്റപ്പെടലും തമ്മിലുള്ള അന്തരമാണിത്. ഏകാന്തത ജീവിതത്തിൽ പരക്കെ വ്യാപിക്കുമ്പോൾ കടന്നുപോകുന്ന നൈമിഷികമായ ഒരു വൈകാരിക അവസ്ഥയെന്നതിൽനിന്ന് വിഷാദമെന്ന സ്ഥിരമായ ഒരു മനോരോഗത്തിലേക്ക് അത് പരിണമിക്കാം. ഈയവസരത്തിൽ ഉത്കണ്ഠ, വിഷാദം എന്നീ വൈകാരികമായ സങ്കീർണതകളെ ഔഷധങ്ങൾകൊണ്ടുമാത്രം ചികിത്സിക്കാമെന്ന പ്രവണതയെ പ്രതിരോധിക്കേണ്ടതുണ്ട്. ഔഷധത്തിന് വളരെയധികം സാധ്യതകളുണ്ടെങ്കിലും അത്ഭുതങ്ങൾതന്നെ സൃഷ്ടിക്കാനാവുമെങ്കിലും അത് ഒരു സർവരോഗസംഹാരിയായ ഒറ്റമൂലിയല്ല. മാനസികരോഗങ്ങൾക്ക് മനഃശാസ്ത്രചികിത്സയുടെ ലോലമായ സ്പർശനമാണ് അഭികാമ്യം. അതിന് ഏറെ ഗുണഫലങ്ങളുമുണ്ട്. കൊഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി (CBT) പ്രത്യാശയുടെ ഒരു പ്രകാശഗോപുരമാണ് വാഗ്ദാനം ചെയ്യുന്നത്. രോഗിയുടെ ചിന്താഗതികളെയും പെരുമാറ്റത്തെയും ആശാസ്യമായ രീതിയിൽ ക്രമപ്പെടുത്തുകവഴി ഈ തെറാപ്പിമൂലം ഏകാന്തതയുടെയും വിഷാദത്തിന്റെയും കദനഭാരങ്ങളെ ലഘൂകരിക്കാനും പ്രതിരോധിക്കാനുമുള്ള സങ്കേതങ്ങളും ഉപകരണങ്ങളും രോഗിക്ക് ലഭ്യമാകും. ജീവിതത്തെക്കുറിച്ച് നവമായൊരു ദർശനം ലഭിക്കുന്നതാണ്.


ന്യൂറോ സയന്റിഫിക് കാഴ്ചപ്പാടിൽ കേവലം അമൂർത്തമായ ഒരു വികാരം മാത്രമല്ല പലപ്പോഴും ഏകാന്തതയെന്നത്. കാരണം, അതിന്റെ മുദ്ര തലച്ചോറിൽ വ്യക്തമായി പതിക്കപ്പെടുന്നുണ്ട്. ദീർഘകാലമായി അനുഭവപ്പെടുന്ന ഏകാന്തതമൂലം കോർട്ടിസോളിന്റെ അളവിൽ വർധനവുണ്ടാകും. പഠനങ്ങൾ സൂചിപ്പിക്കുന്നത് അതാണ്. ഉയർന്ന മാനസികസമ്മർദം മസ്തിഷ്‌കത്തിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കും. പ്രത്യേകിച്ചും അനുകമ്പയെയും മൂല്യദർശനത്തെയും. എന്നിരുന്നാലും, ഇവയെല്ലാം മനസ്സിലാക്കിയിട്ടാണ് ഔഷധങ്ങളിലൂടെയും സ്വയം ക്രമപ്പെടുത്തലുകളിലൂടെയുമുള്ള ഇടപെടലുകൾ വികസിപ്പിച്ചെടുക്കാനാവുക.


ജീവിതാനന്ദം (Joy of Living) മാനസിക രോഗികളിൽ പ്രത്യാശയുടെ കിരണങ്ങൾ വളർത്താനുപകരിക്കും. നമ്മുടെ മനസ്സ് പലപ്പോഴും പറന്നു നടക്കുകയാണ്. ചിലപ്പോൾ കഴിഞ്ഞകാലത്തെ ഓർമകളായും ചിലപ്പോൾ ഭാവിയെപ്പറ്റിയുള്ള ആകുലതകളാലും ആണ് ഇതുണ്ടാവുക. ഈ ഭാരം പേറി നടക്കാതെ ഓരോ നിമിഷവും ഇവിടെ ജീവിക്കാൻ നാം പഠിക്കണം. സ്വയം അംഗീകരിക്കുകയും കരുണയോടുകൂടെ പെരുമാറുകയും ചെയ്യുക അമിതമായ പ്രതികരണങ്ങൾ വേണ്ട, വിധിയെ മാറ്റേണ്ട യാഥാർഥ്യത്തെ മുൻവിധി കൂടാതെ അംഗീകരിക്കുക ഈ പദ്ധതിയാണ് ‘മൈൻഡ് ഫുൾനസ്’. ഇതു സ്വായത്തമാക്കാം. പരിശീലിക്കാം. അതൊരു ജീവിതശൈലിയാക്കാം. ഇത്തരത്തിൽ നമ്മുടെ ആന്തരികസത്തയും പ്രകൃതിയുമായി നാം ഒരു പാലം പണിയുകയാണ്. ഇവിടെ ഒറ്റപ്പെടലോ ഏകാന്തതയോ നമുക്കുണ്ടാവില്ല. ഇതൊരു ആഴമായ അവബോധം സൃഷ്ടിക്കുന്ന പാരസ്പര്യത്തിന്റെ ജീവിതശൈലിയാണ്.


ഏകാന്തതയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾക്കും സങ്കല്പങ്ങൾക്കും മറ്റൊരു തലംകൂടി ക്രിസ്തീയത സമ്മാനിക്കുന്നുണ്ട്. കുരിശിൽ സാന്ദ്രമായ ഏകാന്തത അനുഭവിച്ച യേശുവിന്റെ പ്രബോധനങ്ങൾ നല്കുന്ന സന്ദേശം ഏകാന്തതയെന്നത് ലക്ഷ്യമല്ല; മറിച്ച്, ആരംഭമാണെന്നത്രേ. ഒരാളുടെ വിശ്വാസത്തെ പരീക്ഷിക്കുകയും വിമലീകരിക്കുകയും ആണത് ചെയ്യുന്നത്. ആഴമായ ദൈവികാനുഭവത്തിലേക്കും സായൂജ്യത്തിലേക്കുമാണത് നയിക്കുക. എന്നാൽ, മറ്റെല്ലാം കാര്യങ്ങളിലുമെന്നപോലെ ഇവിടെയും ഒരു സന്തുലനം ആവശ്യമാണ്. ഏകാന്തതയ്ക്കും ഒറ്റപ്പെടലിനും ഇടയിലുള്ള നൃത്തം അതുപോലെ ആത്മപരിശോധനയ്ക്കും നിരാശയ്ക്കുമിടയിലെ നടനവും ആവശ്യപ്പെടുന്നത്. സൂക്ഷ്മമായ അവബോധമാണ് ഫ്രഞ്ചുകാർ സെയ്‌ലാവി (C’est la vie) എന്നു പറയുന്നതുപോലെ അതാണ് ജീവിതം, എന്നു നമുക്കും പറയാനും അതനുസരിച്ച് ജീവിക്കാനും സാധിക്കണം. ഏകാന്തതയുടെ ആഴക്കടലിലേക്കു നാം ഒഴുകിപ്പോയാലും ആത്മപരിശോധനയും മൈൻഡ്ഫുൾനസ് സങ്കേതവും വഴി ഈ ജീവിതപാരാവാരം നമുക്ക് തരണം ചെയ്യാനാവും.


ഓസ്ട്രിയൻ കവിയും ചിന്തകനുമായ റെയ്‌ന മരിയ റിൽക്ക ഈ ആശയത്തിന്റെ സാരാംശം അവതരിപ്പിച്ചുകൊണ്ട് എഴുതി:

”അതിനാൽ പ്രിയപ്പെട്ട സാർ,

ഏകാന്തതയെ പ്രണയിക്കൂ;

ഹൃദയപൂർവം അതുണ്ടാക്കുന്ന വേദനകൊണ്ട്

ഹൃദയം തുറന്നു പാടാൻ ശ്രമിക്കൂ.”


ഏകാന്തതയുടെ ദുർഘടമായ മാർഗത്തിൽ ഏറെ പാഠങ്ങൾ നമുക്ക് പഠിക്കാനുണ്ട്. ഉൾക്കാഴ്ചകൾ ലഭിക്കാനുണ്ട്. നമ്മുടെ വ്യക്തിത്വത്തിന്റെ ആഴങ്ങൾ ഇനിയും കണ്ടെത്താൻ കാത്തുകിടക്കുന്നുണ്ട്. സാർത്ര് എഴുതി: അപരനാണെന്റെ നരകം എന്നാൽ, യഥാർഥത്തിൽ മറ്റുള്ളവരാണ് പലപ്പോഴും നമ്മുടെ സ്വർഗം.


(ലേഖകൻ ലണ്ടനിൽനിന്നുള്ള എമരിറ്റസ് കൺസൽറ്റന്റ് സൈക്ക്യാട്രിസ്റ്റ് ആണ്. ഇംഗ്ലണ്ടിലെ കെന്റിലുള്ള സിഗ്നറ്റ് ഹോസ്പിറ്റലിന്റെ സ്ഥാപക മെഡിക്കൽ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.)


(മൊഴിമാറ്റം: മാത്യു കുരിശുംമൂട്ടിൽ)