നവ ആത്മീയത  നീതിയുടെ സൗന്ദര്യം – വി. ജി. തമ്പി

നവ ആത്മീയത  നീതിയുടെ സൗന്ദര്യം  – വി. ജി. തമ്പി

കടന്നുപോകുന്ന ഓരോ നിമിഷവും ഉള്ളിലുള്ള അനന്തതയുമായി പ്രണയത്തിലാകുമ്പോഴാണ് പുതിയ ആത്മീയത ഉറവ പൊട്ടുന്നത്. ശരീരമുരിഞ്ഞുകളയാതെ ആത്മാവ് ആഘോഷിക്കപ്പെടുന്നു. ഉടലിൽ അമർന്നിരുന്ന് ഉടലിനെ അതിലംഘിക്കുന്ന പ്രപഞ്ചത്തിലേക്ക് മുഴുവനായി വ്യാപിപ്പിക്കുന്ന അനുഭൂതിയാണത്. അറിവല്ല, അനുഭൂതികളാണ് വ്യക്തികളെ നിർണയിക്കുന്നത്. ആത്മീയത സ്വകാര്യതയുടെ ഒരു അടഞ്ഞമുറിയല്ല. എല്ലാതരം മനുഷ്യരെയും ഒരുമിപ്പിച്ചു നിറുത്തുന്ന, എല്ലാത്തരം വിഭജനങ്ങളെയും മായ്ക്കുന്ന അനുഭൂതി വിശേഷം.


പുനരധനിവേശത്തിന്റെ കാലത്തും സത്യാനന്തരതയുടെ കാലത്തും ആത്മീയതയ്ക്ക് പുതിയ മാനങ്ങൾ കൈവരുന്നു. അന്വേഷണങ്ങളും സാക്ഷാത്ക്കാരങ്ങളും പുതുക്കപ്പെടുന്നു. അസ്തിത്വത്തിന്റെ ആത്യന്തികസാധ്യതകൾ വിപുലീകരിക്കുന്നു. ലോകത്ത് പുതിയ മുന്നേറ്റങ്ങൾ വളർന്നുവരുന്ന കാലമാണ്. ആദിവാസികളും ദലിതരും ഗോത്ര ജനങ്ങളും സ്ത്രീകളും അവഗണിതരും പുതിയ മുന്നേറ്റങ്ങളിലാണ്. ഇവർക്കൊപ്പം നില്ക്കാനും നിലവിളിക്കാനും പോരാടാനും പുതിയ ആത്മീയതയ്ക്ക് ബലംവേണം. മാനവികതയിലൂന്നി എല്ലാ മതങ്ങളും പുതുക്കി പണിയണം. മതേതര ക്രിസ്തീയത എന്ന പുതിയൊരു ആശയം പോപ്പ് ഫ്രാൻസിസ് മുന്നോട്ട് വച്ചിട്ടുണ്ട്.


പ്രപഞ്ചത്തെ മുഴുവൻ സർവാശ്ലേഷിക്കുന്ന സമഗ്രതയാണ് ആയീയതയുടെ സത്ത. പുതിയ ആമീയതയിൽ മൂന്നു ഘടകങ്ങൾ പ്രധാനമാണെന്ന് ഞാൻ വിചാരിക്കുന്നു. Aesthetics, Transcendence, Gratitude. സൗന്ദര്യാത്മകതയാണ് മനുഷ്യജീവിതത്തിനെ സമഗ്രവും ആധികാരികവുമാക്കുന്നത്. സൗന്ദര്യം ലോകത്തെ രക്ഷിക്കുമെന്നാണ് ദസ്തെവ്സ്ക്കിയുടെ അഭിമതം. മഹത്തായ സൗന്ദര്യാവിഷ്ക്കാരങ്ങളെല്ലാം ആത്മീയതയുടെ നിറവിൽ സംഭവിക്കുന്നതാണ്. മനുഷ്യന് ഉള്ളിലൊരു ആത്മാവുണ്ടെന്ന് കിസ്ലോവ്സ്ക്കിയുടെയും തർക്കോവ്സ്കിയുടെയും ബർഗ്‌മാനിന്റെയും സത്യജിത്ത് റായുടെയും അരവിന്ദന്റെയും സിനിമകൾ കാണുമ്പോൾ നാം അനുഭവിക്കുന്നുണ്ടല്ലോ. മലയാളത്തിലെ ഏറ്റവും പുതിയ തലമുറയിലെ സിനിമകൾ കാണുമ്പോൾ ശ്രദ്ധിച്ചിട്ടില്ലേ? അവർ ആരെയും പരിഹസിക്കുന്നില്ല. വിധി പ്രസ്താവിക്കുന്നില്ല. സദാചാരപോലീസുകാരെ ഭയക്കുന്നില്ല. പ്രണയം അവർക്ക് ഒരു സ്വാതന്ത്ര്യപ്രഖ്യാപനമാണ്. ആണിന്നും പെണ്ണിനും അപ്പുറത്തുള്ള ഒരു മനുഷ്യജീവിയാകാനാണ് താൻ നൃത്തം ചെയ്യുന്നതെന്ന് പീനാ ബോഷ് പ്രഖ്യാപിച്ചിട്ടുണ്ട്. നൃത്തം ശരീരത്തിന്റെ സ്വാതന്ത്ര്യമാണ്. നൃത്തമാണ് നർത്തകിയുടെ ആത്മീയത. ചിത്രകലയിലേക്ക് നോക്കൂ. മൈക്കലാഞ്ചലോ മാർപ്പാപ്പയുടെ നിർദേശമനുസരിച്ചാണ് ചിത്രം വരച്ചതെങ്കിലും അവയിൽ ആത്മീയതയുടെ ഒരു ബദലാണ് അയാൾ വരച്ചത്. ഒരു കവിയുടെ ആത്മീയത അയാളുടെ കവിതയാണ്. നർത്തകിയുടേത് നൃത്തവും.  സൗന്ദര്യാത്മകതയാണ് ആത്മീയതയെന്ന് തീർത്തും പറയാം. അത് അനുഭവത്തിന്റെ രൂപാന്തീകരണവും പുതുപ്പിറവിയുമാണ്. അറിവിനും അപ്പുറമുള്ള അറിവിലേക്കുള്ള ധീരസാക്ഷ്യമാണ്.


രണ്ടാമത്, ആത്മീയത സ്വാതന്ത്ര്യത്തിലേക്കുള്ള അതിവർത്തനമാണ്. അസ്തിത്വത്തിന്റെ ആത്യന്തിക സാധ്യതകളിലേക്കുള്ള  വിപുലീകരണം ആത്മീയതയിൽ സംഭവിക്കുന്നുണ്ട്. ഭൂതകാലത്തോ ഭാവികാലത്തോ കണ്ടെത്തേണ്ട ഒന്നല്ല. ഇപ്പോൾ, ഇവിടെ (Here and Now)  ആണ് ആത്മീയതയുടെ സ്ഥലകാലം. സൗന്ദര്യം അതിവർത്തനത്തിലേക്കുള്ള താക്കോലാണ്. അതിവർത്തിക്കുന്ന സ്വാതന്ത്ര്യമാണ് ആത്മീയത. ആത്മീയത സർഗാത്മകമാണ്.


മൂന്നാമത്, ആത്മീയത എല്ലാ മനുഷ്യരോടും പ്രപഞ്ചത്തോടും നിലാവുകണക്കെ ഒഴുകിപരക്കുന്ന കൃതാർഥതയാണ്, നന്ദിപറയലാണ്. After all, what is life, if not a wave of gratitude? സൗന്ദര്യം, അതിവർത്തനം, കൃതാർഥത എന്ന മൂന്നു നദികളുടെ പ്രയാഗസ്ഥലികളാണ് പുതിയ ആത്മീയത എന്നു കൂടുതൽ വിശദീകരിക്കാനാകും.


പുതിയ ആത്മീയതയിൽ മതവും ദൈവമുഖവും നിർബന്ധമില്ല. ദൈവം കാറ്റിൽ തൂവൽപോലെ അനുകമ്പയോടെ നടന്നുപോകുന്നു. മഴവില്ലിന്റെ നിറമുള്ള ദൈവം. അഭയാർഥികൾക്കും അനാഥർക്കും ലിംഗന്യൂനപക്ഷങ്ങൾക്കും ജാതിഭ്രഷ്ടർക്കും തുണയായി വരുന്ന ഒരു ദൈവം. പ്രണയിക്കുന്ന, നൃത്തംചെയ്യുന്ന കലാകാരനായ ദൈവം.


ബന്ധങ്ങളുടെ സ്വരലയമാണ് പുതിയ ആത്മീയത. മാപ്പുകൊടുക്കലിന്റെയും വിട്ടു കൊടുക്കലിന്റെയും തണുപ്പുള്ള  ഒരു ജലരാശി ആത്മീയതയ്ക്ക് ചുറ്റുമുണ്ട്. അത് ശുദ്ധീകരണത്തിന്റെ, ഉൾക്കൊള്ളലിന്റെ, പങ്കുചേരലിന്റെ, കരുതലിന്റെ, ബഹുസ്വരമായ ആത്മീയതയാണ്. സംഘർഷത്തിൽനിന്നുള്ള അതിജീവനമല്ല, പാരസ്പര്യത്തിന്റെ സഹജീവനമാണ് അത്മീയതയെ പ്രസന്നവും പ്രബുദ്ധവുമാക്കുന്നത്.


പരിസ്ഥിതിയുടെ യഥാർഥ താളത്തിനൊപ്പം പ്രപഞ്ചനീതിക്കൊപ്പംവേണം ആത്മീയജീവിതം കെട്ടിപ്പടുക്കുവാൻ. ഭൂമിയോളമുള്ള നമ്മുടെ വികലധാരണകൾ, മതം, ജാതി, രാഷ്ട്രീയം എന്നിവയിലെ അഴുക്കുകൾ, ഉപഭോഗാസക്തി, ആഡംഭരത, അഹന്ത, സ്ത്രീവിരുദ്ധത തുടങ്ങിയവയിൽനിന്നു ഉറയൂരി പുറത്തുവരണം. ഭൂമിയിലെ നീതി നിഷേധിക്കപ്പെട്ടവർക്കൊപ്പം നില്ക്കുന്ന ബദൽസംസ്കൃതിയാണത്.


നീതിയുടെ സൗന്ദര്യമാണ് ആത്യന്തികമായി ആത്മീയതയെ പ്രകാശഭരിതമാക്കുന്നത്. നീതിയെന്നത് പ്രപഞ്ചത്തിന്റെ ഏറ്റവും ആഴങ്ങളിൽ കുഴിച്ചിട്ട നിധിനിക്ഷേപമാണ്. ലോകത്തെ, സുന്ദരവും സ്വതന്ത്രവുമാക്കുന്നത്. നീതിബോധമാണ്.


മതത്തിന്റെ അമിതാധികാരം വിനിയോഗിക്കപ്പെടുമ്പോഴെല്ലാം ആത്മീയത അപ്രത്യക്ഷമാകും. അയോധ്യയിൽ പണിയുന്ന രാമക്ഷേത്രത്തിൽ രാമനുണ്ടെന്ന് പറയാനാകുമോ? എന്തിന്, നമ്മുടെ കുർബാന തർക്കത്തിൽ എവിടെയാണ് യേശു ഒളിഞ്ഞിരിക്കുന്നത്?  ഒരു പ്രത്യേക മതത്തിനുമാത്രം അവകാശപ്പെടാവുന്നതൊന്നും ആത്മീയതയിലില്ല. മതാത്മകത മതാന്ധതയിലേക്കുള്ള വഴി തെറ്റലാണ്. എല്ലാ യുദ്ധഭൂമികൾക്കും മുമ്പിൽനിന്ന് ധാർമികധീരതയോടെ ആത്മീയത ശബ്ദിക്കണം. വാൾ ഉറയിലിടണം.


ആത്മീയത പൂർണതയുടെ എത്തിച്ചേർന്നൊരവസ്ഥയല്ല. എത്തിച്ചേരേണ്ടത്, പരിവർത്തിക്കപ്പെടേണ്ടത്, പുതുക്കപ്പെടേണ്ടത്, കൂട്ടിച്ചേർക്കപ്പെടേണ്ടത്, സംഭവിച്ചു കൊണ്ടിരിക്കേണ്ടത് എന്നൊക്കെയാണ് നിർവചിക്കേണ്ടത്.


ഭൂമിതന്നെ ഇന്നു വലിയൊരു നുണയായിത്തോന്നുന്ന കാലമാണിത്. നുണകളിൽനിന്നുള്ള വിമോചിപ്പിക്കലാണ് ആത്മീയത. സത്യാനന്തരകാലത്ത്, നുണകൾ പെരുമഴപെയ്യുന്നകാലത്ത്, യുക്തിക്കും, തർക്കത്തിനും, പ്രത്യയശാസ്ത്രശാഠ്യങ്ങൾക്കും ചേരിതിരിവുകൾക്കും അപ്പുറം കാലത്തിനൊപ്പവും കാലത്തിനപ്പുറവും സംഭവിക്കേണ്ട പുതിയ ആത്മീയതയെക്കുറിച്ചുള്ള ശിഥിലചിന്തകളാണ് ഇവിടെ കുറിച്ചുവച്ചിരിക്കുന്നത്.