വത്സലയുടെ ഭാവനയും കാഴ്ചയുടെ അശാന്തിയും – പി. വത്സല (1938- 2023) 

വത്സലയുടെ ഭാവനയും കാഴ്ചയുടെ അശാന്തിയും – പി. വത്സല (1938- 2023) 

മൊഴിയാഴം. ഡിസംബർ 


രണ്ടര പതിറ്റാണ്ടു മുമ്പ് ‘ജയന്തൻ നമ്പൂതിരിയുടെ സായന്തനങ്ങൾ’ എന്നൊരു കഥ വായിച്ചുകൊണ്ടാണ് ഞാൻ പി.വത്സലയുടെ  എഴുത്തുലോകത്തേക്ക് പ്രവേശിച്ചത്.  ഒരു വ്യക്തിയുടെ യൗവനത്തിന്റെയും വാർധക്യത്തിന്റെയും ലോകത്തെ കാണിച്ചുതരുന്ന നല്ലൊരു കഥയായിരുന്നു അത്. യൗവനവും വാർധക്യവും തമ്മിൽ നല്ലൊരു ബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്തി തന്ന മികച്ചൊരു കഥ. പി.വത്സലയുടെ മരണവാർത്ത കേട്ടപ്പോൾ ഞാനോർത്തത് പഴയ ആ കഥാനുഭവത്തെയാണ്. മാനുഷികബന്ധങ്ങളെപ്പറ്റി ഭംഗിയായ എഴുതിയ കഥാകാരിയാണ്  വത്സല. അവർ രചിച്ച നെല്ലും ആഗ്നേയവും കൂമൻകൊല്ലിയും അരക്കില്ലവും നിഴലുറങ്ങുന്ന വഴികളുമൊക്കെ മലയാളിയുടെ സാമൂഹികജീവിതത്തെ ആഴത്തിൽ അടയാളപ്പെടുത്തിയ നോവലുകളാണ്.  സമൂഹം കരുതലോടെ പരിഗണിക്കാത്തവരുടെ ജീവിതത്തിലേക്കാണ് വത്സലയുടെ ശ്രദ്ധ എപ്പോഴും പതിഞ്ഞത്. അത്തരക്കാരുടെ ജീവിത വേദനകളെ എഴുത്തിലൂടെ പുറംലോകത്തെ അറിയിക്കണം എന്നൊരു ശാഠ്യം ആ എഴുത്തുജീവിതത്തെ എപ്പോഴും നിയന്ത്രിച്ചിരുന്നു എന്നു വേണം കരുതാൻ. അത്തരക്കാർ അകപ്പെട്ടിരിക്കുന്ന ജീവിതക്കുരുക്കിനെപ്പറ്റിയുള്ള ഓര്‍മപ്പെടുത്തലായി അവരുടെ രചനകൾ. സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ചിന്തകളും മോചനത്തെപ്പറ്റിയുള്ള പ്രതീക്ഷയും വത്സലയുടെ രചനകളുടെ മുഖമുദ്രയായി. അവരുടെ ഭാഷ അതിനായി മെരുക്കപ്പെട്ടു. 


1970-കളിലാണ് പി.വത്സല എഴുതിത്തുടങ്ങിയത്. ആദ്യ നോവലായ നെല്ല് ഇന്നും കേരളീയസമൂഹത്തോട് ഉത്തരംകിട്ടാത്ത ചില ചോദ്യങ്ങളുയർത്തുന്നുണ്ട്. സ്ത്രീ നേരിടുന്ന പ്രതിസന്ധികളും കർഷകർ നേരിടുന്ന വെല്ലുവിളികളുമാണ് നെല്ലിലൂടെ അവർ അന്നു  പറയാൻ ശ്രമിച്ചത്. മണ്ണും പെണ്ണും ചൂഷണം ചെയ്യപ്പെട്ടതിന്റെ കഥ മലയാളിയുടെ കണ്ണു തുറപ്പിച്ചു. ദുരയും ആസക്തിയും മനുഷ്യനെ എത്രമാത്രം ഭരിക്കുന്നു എന്നു കാണിച്ചു തരികയായിരുന്നു വത്സലയെന്ന നോവലിസ്റ്റ്. ലിംഗനീതിയുടെ രാഷ്ട്രീയം അവർ അരനൂറ്റാണ്ടു മുന്നേ സർഗാത്മകമായി മലയാളിയുടെ മുമ്പിൽ വരച്ചിട്ടു. 


വയനാട്ടിലെ ആദിവാസിയുടെ ജീവിതം നമ്മളറിഞ്ഞത് കെ.പാനൂരും വത്സലയും എഴുതിയത് വായിച്ചിട്ടാണ്. പാനൂര് തന്നെയാണ് വത്സലയെ ഇത്തരമൊരെഴുത്തിലേക്ക് പ്രേരിപ്പിച്ചതും. നെല്ല് (1972) എന്ന നോവൽ  പുറത്തുവന്നതോടെ  വത്സല എന്ന എഴുത്തുകാരി മലയാളസാഹിത്യത്തിൽ അടയാളപ്പെടുത്തപ്പെട്ടു. ജന്മിമാർ കുടിയേറ്റക്കാർ എന്നീ വർഗങ്ങൾക്കിടയിൽ സംഭവിച്ചുകൊണ്ടിരുന്ന  മാറ്റങ്ങളെ രാഷ്ട്രീയബോധ്യത്തോടെ അവർ ഒപ്പിയെടുക്കുകയായിരുന്നു. ആഗ്നേയം (1974)  എന്ന നോവലിൽ വയനാട്ടിൽ നക്സലൈറ്റ് ജീവിതം വളർന്നതിന്റെ കഥയാണ് പറഞ്ഞത്. നക്സലൈറ്റ് വർഗീസിന്റെ ജീവിതവും അതിലവർ ചേർത്തുവച്ചു.  കൂമൻകൊല്ലിയിൽ (1989)  അവർ വയനാട്ടിലെ പാരിസ്ഥിതികപ്രശ്നങ്ങളെപ്പറ്റി ഓർമിപ്പിച്ചു. ഫ്യൂഡൽവ്യവസ്ഥിതിയും കാർഷികരംഗവും തമ്മിലുള്ള ബന്ധവും അതിൽ  ചിത്രീകരിച്ചു. ഈ മൂന്നു കൃതികൾ വയനാടൻ നോവൽത്രയം എന്നറിയപ്പെട്ടു. ഇവയുൾപ്പടെ  പതിനേഴു നോവലുകളും മുന്നൂറോളം കഥകളും അവർ രചിച്ചിട്ടുണ്ട്. 


വത്സല എന്ന എഴുത്തുകാരി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് ജീവിതം പറിച്ചുനട്ടത് ഒരർഥത്തിൽമലയാള സാഹിത്യത്തിന്റെ ഭാഗ്യമായി. കാഴ്ചയുടെ അശാന്തിയാണ് അവരുടെ സാഹിത്യത്തിലൂടെ നമ്മളറിഞ്ഞത്. വയനാടിന്റെ പുറം  കാഴ്ചയ്ക്കപ്പുറം അശാന്തമായ ജീവിതങ്ങളുണ്ടെന്ന് ആ എഴുത്തുകൾ കാണിച്ചു തരികയായിരുന്നു. 


വത്സല വിട പറയുമ്പോൾ മലയാളസാഹിത്യത്തിന്റെ ഒരധ്യായത്തിന് തിരശ്ശീല വീഴുകയാണ്. കണ്ടറിഞ്ഞ അനുഭവങ്ങളുടെ വ്യഥകളും  അന്വേഷണങ്ങളിൽനിന്നു ഉയർന്നുവന്ന അസ്വസ്ഥതകളുംകൊണ്ട് മലയാള സാഹിത്യത്തിൽ ഒരു സ്ത്രീ നിർമിച്ച വേറിട്ട  ഒരധ്യായം. 


ഹരീഷിന്റെ പുതിയ കഥ 


ദേശാഭിമാനി വാരികയുടെ നവംബർ 19-ന്റെ ലക്കത്തിൽ എസ്.ഹരീഷിന്റെ ഒരു കഥയുണ്ട്. ‘ഇസ്താംബൂൾ’ എന്നാണ് കഥയുടെ പേര്. തലമുറകളായി വൈരാഗ്യം വച്ചുപുലർത്തുന്ന കടുത്ത ബിസിനസ്സ് എതിരാളികളായ രണ്ടു കുടുംബങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കൂടിക്കാഴ്ചയും തുടർന്നുണ്ടാകുന്ന മാറ്റങ്ങളുമാണ്  കഥയുടെ പ്രമേയം. പാരമ്പര്യമായി ഫിഷ് എക്സ്പോർട്ടാണ് രണ്ടു കുടുബക്കാരും ചെയ്തു പോരുന്നത്. ജപ്പാനും യു.എസ്.എയും യൂറോപ്പുമൊക്കെയാണ് അവരുടെ കയറ്റുമതിയിടങ്ങൾ. ഇതിലൊരാളായ  ബേബിച്ചായൻ യാതൊരു മുന്നറിയിപ്പുമില്ലാതെ, ആരെയും അറിയിക്കാതെ ശത്രുവായ അവറാച്ചന്റെ ബംഗ്ലാവിലേക്ക് പെട്ടന്നൊരുനാൾ കടന്നുവരുന്നതോടെയാണ് കഥ തുടങ്ങുന്നത്. അതും ഇരുവർക്കുമിടയിലെ മത്സരം മുറുകിനില്ക്കുന്ന ഘട്ടത്തിൽ. ബേബിച്ചായന്റെ ഈ അപ്രതീക്ഷിതനീക്കം അവറാച്ചനെയും കുടുംബത്തിലെ മറ്റംഗങ്ങളെയും അന്ധാളിപ്പിലാക്കുന്നു. എക്കാലത്തെയും മുഖ്യശത്രുവിനെ എങ്ങനെ നേരിടണമെന്ന് അവർക്ക് തിരച്ചയില്ലായിരുന്നു. 


തുടർന്നുള്ള സംഭവങ്ങളാണ് ഹരീഷ് കഥയിൽ ഭംഗിയായി വിവരിക്കുന്നത്. ബിസിനസ്സിൽ നിലനിന്നിരുന്ന ചില തർക്കങ്ങൾ ഇരുകൂട്ടരും സംസാരിച്ച് വളരെ പെട്ടന്ന് സന്ധിയാക്കുന്നു. ബേബിച്ചായൻ കടുംപിടുത്തങ്ങൾക്ക് മുതിരുന്നതേയില്ല. ഭക്ഷണവും മദ്യവുമൊക്കെയായി അയാൾ എതിരാളിയായ അവറാച്ചന്റെ ബംഗ്ലാവിൽ രണ്ടുനാൾ കഴിച്ചുകൂട്ടുന്നു. മൂന്നാംനാൾ പുലർച്ചെ ബേബിച്ചായൻ തിരിച്ചുപോകുന്നു. മൂന്നാംനാളാണ് അയാൾ തിരിച്ചു പോകുന്നത് എന്നിടത്താണ് ചില അസ്വഭാവികത വായനക്കാരന് അനുഭവപ്പെടുന്നത്. രണ്ടുനാളത്തെ താമസം കഥാകൃത്ത് അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നു. അവർ മദ്യപിച്ചും ഭക്ഷണം കഴിച്ചും രണ്ടുനാൾ കഴിച്ചുകൂട്ടി. വന്ന ദിവസത്തെ സംഭവങ്ങളും സംഭാഷണങ്ങളും  മനോഹരമായി ആവിഷ്ക്കരിച്ചെടുത്തെങ്കിലും ആ ശ്രദ്ധ തുടർന്ന് കഥാകൃത്തിന് കൈമോശം വന്നു. അതോടെ കഥയുടെ ആധികാരികതയ്ക്ക് ക്ഷീണം തട്ടുന്നു. 


ഇതിൽ വരുന്ന മറ്റൊരു കഥാപാത്രം അവറാച്ചന്റെ ബംഗ്ലാവിലെ പാചകക്കാരൻ ലോനയാണ്. ലോന മികച്ച ഭക്ഷണമാണ് ബേബിച്ചായനു വേണ്ടി ഉണ്ടാക്കിയത്. അയാളൊരു മികച്ച പാചകക്കാരനുമാണ്.  ലോന അവസാനമായി വിളമ്പിയത് ഒരു മധുരപലഹാരമാണ്. അതിഷ്ടപ്പെട്ട ബേബിച്ചായൻ അതെവിടുത്തെ പാസ്ട്രിയാണെന്ന് അന്വേഷിക്കുന്നു. ‘ഇസ്താംബുൾ – രണ്ടു ഭൂഖണ്ഡങ്ങൾ ഒന്നിക്കുന്ന സ്ഥലമാണത്’ എന്ന് ലോന മറുപടി പറയുന്നു. തിരിച്ചുപോകാനായി ഇറങ്ങിയ ബേബിച്ചായനോട് മറ്റേകൂട്ടർ ചോദിക്കുന്ന ഒരു ചോദ്യം  ബേബിച്ചായാ, ഇപ്പോഴെന്താണ് പെട്ടെന്നിങ്ങനെയൊരു തോന്നലുണ്ടായത് എന്നാണ്. വായനക്കാരുടെ മനസ്സിലും ആ ചോദ്യമുണ്ടായിരുന്നു. ബേബിച്ചായാൻ ലോനയുടെ ചെവിയിലാണ് രഹസ്യമായി ഇതിനുത്തരം പറഞ്ഞത്. ‘ലോനാ, ലോകത്തിലെ ഏറ്റവും മികച്ച പാചകക്കാരനുണ്ടാക്കുന്ന ഭക്ഷണം കഴിക്കണമെന്ന് തോന്നിയാൽ ഞാൻ നൂറുവർഷം പഴയ വൈരാഗ്യമാണെങ്കിലും ഉപേക്ഷിക്കും.’ ഈ ഉത്തരം വിശ്വാസയോഗ്യമാണെന്ന് എന്നിലെ വായനക്കാരനു  തോന്നിയില്ല. വിശ്വാസയോഗ്യമായി തീർക്കാൻ കഥാകൃത്ത് ശ്രമിച്ചിട്ടില്ല. അതിനാലാണ് പ്രമേയം കൈകാര്യം ചെയ്യുന്നതിൽ ആധികാരികത വേണ്ടത്ര കാണാനില്ല എന്നു സൂചിപ്പിച്ചത്. 


ഒരു ‘ഡിഷി’ന്റെ പേരായി ഇസ്താംബൂൾ എന്ന സ്ഥലപേര് കഥാകൃത്ത് ഉപയോഗിച്ചത് വൈരുധ്യങ്ങുടെ സമാഗമ സ്ഥലം എന്ന അർഥത്തിലാവാം. അതിൽനിന്നു  ചില വ്യക്തമായ രാഷ്ട്രീയമാനങ്ങൾ വായിച്ചെടുക്കാവുന്നതുമാണ്. പ്രത്യേകിച്ചും വർത്തമാനകാല ലോക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ. രണ്ടുകൂട്ടർക്കിടയിലെ  വൈര്യം ഇല്ലാതാക്കുന്നതിന് നല്ല ഭക്ഷണത്തിന് കഴിഞ്ഞേക്കാമെന്നും പാശ്ചാത്യവും പൗരസ്ത്യവും കൂട്ടിമുട്ടുന്ന ഇസ്താംബൂൾ സന്ധിയാവലിന്റെ പ്രതീകമാണെന്നും വ്യാഖ്യാനിച്ചെടുക്കാം. നിർഭാഗ്യവശാൽ  അത്തരമൊരു  കരുത്ത് പ്രമേയത്തെ കൈകാര്യംചെയ്ത രീതിയിൽ കാണാനില്ല. കലാത്മകമായ അത്തരമൊരു ധ്വനിയിലേക്ക് കഥ ഉയർന്നില്ല. കഥയിലെ പ്രധാനപ്പെട്ട സന്ദർഭങ്ങൾ  വേണ്ടത്ര ആധികാരികമാക്കി അവതരിപ്പിക്കാൻ  ഹരിഷ് ശ്രമിച്ചില്ല എന്നാണ് എന്റെ അഭിപ്രായം. അതിനാൽ ഇതിനെ ഹരീഷിന്റെ  മികച്ച കഥകളിൽ ഒന്നായി  കണക്കാക്കാൻ സാധിക്കില്ല. സ്വാഭാവികതയും ആധികാരികതയും ചേരുമ്പോഴാണ് മികച്ച കലാസൃഷ്ടിയുണ്ടാവുന്നത്. അത്തരമൊരു വിമർശം നിലനില്ക്കുമ്പോഴും ഹരീഷിന്റെ എഴുത്തിന്റെ ശൈലി ഈ കഥയിലും അതീവ സുന്ദരമായിരിക്കുന്നു എന്നു പറയാതെ വയ്യ. വാക്കുകൾകൊണ്ട് ദൃശ്യാനുഭവം സൃഷ്ടിക്കുന്ന ഹരീഷിന്റെ ആ വിരുത് ഇസ്താംബൂൾ എന്ന ഈ കഥയിലും കാണാനുണ്ട്. 


നോവലിന്റെ രാഷ്ട്രീയക്കാഴ്ചകൾ 


ഐറിഷ് നോവലിസ്റ്റ് പോൾ ലിഞ്ചിന്റെ ‘പ്രോഫറ്റ് സോങ്ങ്’ (Prophet Song) എന്ന നോവൽ ഈ വർഷത്തെ ബുക്കർ പ്രൈസ് കരസ്ഥമാക്കിയിരിക്കുന്നു. ചുരുക്കപ്പട്ടികയിൽ ഇടം നേടിയപ്പോഴാണ് ഞാനിതു വായിച്ചത്.  വർത്തമാനകാല ലോകരാഷ്ട്രീയത്തിന്റെ നേർക്കുള്ള സർഗാത്മകവിമർശനം എന്ന രീതിയിലാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത്. ജനാധിപത്യത്തിനു സംഭവിച്ചുകഴിഞ്ഞ അപചയത്തിലേക്കും ലോകം വീണ്ടും സമഗ്രാധിപത്യവ്യവസ്ഥയിലേക്ക് മടങ്ങിപ്പോകുകയാണോ എന്ന സംശയത്തിലേക്കും വിരൽചൂണ്ടുന്ന പ്രമേയമാണ് നോവലിൽ ഭംഗിയായി കൈകാര്യംചെയ്തിട്ടുള്ളത്. യൂറോപ്പിൽ വളർന്നുകൊണ്ടിരിക്കുന്ന വലതുപക്ഷരാഷ്ട്രീയത്തിന്റെ വിപത്തിനെയാണ് നോവൽ പ്രധാനമായും അഭിസംബോധന ചെയ്തിരിക്കുന്നത്. സമഗ്രാധിപത്യത്തിന്റെ ഭീകരതയെയാണ് ‘പ്രോഫറ്റ് സോങ്ങ്’ കാണിച്ചുതരുന്നത്. ഐർലന്റിലെ നാഷണൽ അലയൻസ് പാർട്ടി സമൂഹത്തിലെ എല്ലാ രംഗത്തും പിടിമുറുക്കി ഒരു സേച്ഛാധിപത്യഭരണമായി മാറുന്നതിന്റെ പശ്ചാത്തലത്തിലാണ് നോവൽ രചിക്കപ്പെട്ടിരിക്കുന്നത്. ലോകത്തെമ്പാടും ഇപ്പോൾ നിലനില്ക്കുന്ന മനുഷ്യത്വരഹിതമായ രാഷ്ട്രീയ ബോധത്തെയാണ് ഇതു കാണിച്ചുതരുന്നത്. ഇതിന്റെ വായന നമ്മുടെ കാലത്തെ ആഴത്തിലറിയാൻ വഴിയൊരുക്കുന്നു. അതോടൊപ്പം ഭാവിയെ ഓർത്ത് ഭയപ്പെടാനും. 


എയ്ലിഷ് സ്റ്റാക് എന്ന ഒരു ഡബ്ലിൻ ശാസ്ത്രജ്ഞയുടെ കഥയാണ് ഈ നോവലിൽ പറയുന്നത്. അധ്യാപകയൂണിയൻ നേതാവായ അവരുടെ ഭർത്താവ് ലാറിയുൾപ്പടെ  നിരവധിപേർ സ്റ്റേറ്റിന്റെ നോട്ടപ്പുള്ളികളാകുന്നു. തുടർന്ന് അയാളെയും മറ്റു പലരെയും  രഹസ്യപ്പോലീസ് ചോദ്യംചെയ്യുന്നു. ശേഷം അവരിൽ പലരും അപ്രത്യക്ഷരാകുന്നു. ഇതിൽ പ്രതിഷേധിച്ച് യുവാക്കൾ കൂട്ടത്തോടെ  തെരുവിലെത്തുന്നു. അത് ഒരു ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുന്നു. ഇത്തരമൊരു സാഹചര്യത്തെ എയ്ലിഷ് സ്റ്റാക് എങ്ങനെ നേരിടുന്നു എന്നതാണ് നോവൽ കാണിച്ചുതരുന്നത്. അവരുടെ ചുറ്റിനും ഇരുട്ടുപരക്കുന്നത് നോവലിന്റെ ആദ്യഭാഗം മുതൽ കാണാൻ കഴിയും. ലോകത്തിന്റെ മുന്നിലെ ഇരുട്ടിന്റെ മുഖമാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്.  


ഈ നോവലിന്റെ രാഷ്ട്രീയത്തെ സമഗ്രമായി നോക്കിക്കാണുന്ന നല്ലൊരു ലേഖനം ട്രൂകോപ്പി തിങ്ക് എന്ന ഓൺലൈൻ മാധ്യമത്തിൽ (പാക്കറ്റ് നമ്പർ- 153- നവംബർ – 17) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ദാമോദർ പ്രസാദാണ് ലേഖകൻ. വർത്തമാനഇന്ത്യയുടെ പശ്ചാത്തലത്തിലാണ് ദാമോദർ പ്രസാദ് ഈ നോവലിനെ വായിച്ചെടുക്കുന്നത്. ജോർജ് ഓർവെലിന്റെ 1984 എന്ന നോവലിനോടാണ് പ്രസാദ് പ്രോഫറ്റ് സോങ്ങിനെ സാമ്യപ്പെടുത്തുന്നത്. അതു തീർത്തും ശരിയായ വായനയാണുതാനും. ദുരധികാരവാഴ്ചയ്ക്ക് എതിരായായാണ് ഇതിലെ കഥ മുന്നേറുന്നത് എന്ന് ലേഖകൻ വിലയിരുത്തുന്നുണ്ട്. അതും ശരിയായ വിലയിരുത്തലാണ്. അർഹിക്കുന്ന പ്രാധാന്യത്തോടെ ട്രൂ കോപ്പി തിങ്ക് ഈ ലേഖനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. അടുത്തകാലത്ത് വായിച്ച ശക്തമായതും മികച്ചതുമായ ഒരു  രാഷ്ട്രീയ നോവലാണിത്. നമ്മുടെയൊക്കെ സാമൂഹികവിധിയെപ്പറ്റി ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒന്ന്. നിരവധി സാഹിത്യപുരസ്കാരങ്ങൾ നേടിയിട്ടുള്ള ഐറിഷ് എഴുത്തുകാരനാണ് പോൾ ലിഞ്ച്. Beyond the Sea, Grace, The Black Snow, Red Sky in Morning എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകൾ. (Prophet Song- Paul Lynch – Oneworld Publishers).


സ്റ്റാലിൻ പാസ്റ്റർനാക്കിനോട് പറഞ്ഞത് എന്തായിരിക്കാം


റഷ്യൻ കവി ഒസിപ് മാൻഡെൽസ്റ്റാമും  നോവലിസ്റ്റ് ബോറിസ് പാസ്റ്റർനാക്കും അടുത്ത സുഹൃത്തുക്കളായിരുന്നു. മാൻഡെൽസ്റ്റാം അക്കാലത്തെ  കടുത്ത ഭരണകൂട വിമർശകനും. സോവിയറ്റ് യൂണിയന്റെ  പ്രസിഡണ്ട് സ്റ്റാലിനെതിരെ അദ്ദേഹം കടുത്തഭാഷയിൽ ഒരു  കവിതയെഴുതി. ഇതപകടമാണെന്ന് പാസ്റ്റർനാക്ക് അപ്പോൾത്തന്നെ അദ്ദേഹത്തെ ഓര്‍മപ്പെടുത്തുകയും ചെയ്തു. മാൻഡൽസ്റ്റാം അതൊന്നും കേൾക്കാതെ കവിതചൊല്ലി നടന്നു. പാസ്റ്റർനാക്ക് ഭയന്നതുതന്നെ സംഭവിച്ചു. 1934-ൽ  മാൻഡൽസ്റ്റാമിനെ  അറസ്റ്റ് ചെയ്തു. പാസ്റ്റർനാക്ക് സുഹൃത്തിനെ രക്ഷപ്പെടുത്താൻ പല വഴിയിലും  ശ്രമിച്ചു.  സുഹൃത്തും രാഷ്ട്രീയക്കാരനുമായ ബുഖാറിനോട് ഇതിലിടപെടണമെന്ന് അപേക്ഷിച്ചു. ബുഖാറിൻ ഇക്കാര്യം പറഞ്ഞുകൊണ്ട് സ്റ്റാലിന് ഒരു സന്ദേശവുമെത്തിച്ചു.  ഇതുമൂലമാവാം ലേബർ ക്യാമ്പിൽ വധശിക്ഷ ലഭിക്കുമായിരുന്ന മാൻഡെൽസ്റ്റാമിന്റെ ശിക്ഷ മൂന്നുവർഷത്തെ ഏകാന്തതടവായി ചുരുക്കപ്പെട്ടു. ഇതേത്തുടർന്ന് സ്റ്റാലിൻ നേരിട്ട് പാസ്റ്റർനാക്കിനെ ഫോണിൽവിളിച്ച് ഈ വിഷയത്തിൽ മൂന്നുമിനിറ്റ്  സംസാരിച്ചു. ഇത് ചരിത്രമാണ്. വളരെ മുമ്പ് വായിച്ച അന്ന പാസ്റ്റർനാക്ക് എഴുതിയ LARA – The Untold Love Story That inspired Doctor Zhivago എന്ന പുസ്തകത്തിൽനിന്നാണ്  ഞാനിതറിഞ്ഞത്. അന്നയുടെ വല്യമ്മാവനായിരുന്നു ബോറിസ് പാസ്റ്റർനാക്ക്.  2016-ലാണ് ആ പുസ്തകം പുറത്തുവന്നത്. 


കദാരെയുടെ പുതിയ നോവൽ. 


ഇപ്പോൾ ഇതെപ്പറ്റി ഓർക്കാനിടയായത് അൽബേനിയൻ എഴുത്തുകാരൻ  ഇസ്മയിൽ കദാരെയുടെ ‘A Dictator Calling’ എന്ന പുതിയനോവൽ വായിച്ചതുകൊണ്ടാണ്. കദാരെ യുവാവായിരുന്നപ്പോൾ കുറച്ചുകാലം സോവ്യറ്റ് റഷ്യയിൽ താമസിച്ചിരുന്നു. അന്നദ്ദേഹം മോസ്കോയിലെ മാക്സിം ഗോർഖി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായിരുന്നു.  ബോറിസ് പാസ്റ്റർനാക്കിന് നൊബേൽ സമ്മാനം പ്രഖ്യാപിച്ച കാലമായിരുന്നു അത്. അദ്ദേഹത്തിന്റെ ‘ഡോക്ടർ ഷിവാഗോ’ എന്ന നോവലാണ് നൊബേൽ സമ്മാനത്തിന് സാധ്യതയൊരുക്കിയത്. സോവ്യറ്റ് റഷ്യയിൽ അതു വലിയ വിവാദത്തിനു തന്നെ  തിരികൊളുത്തി. നൊബേൽ സമ്മാനം വാങ്ങുന്നതിൽനിന്നു പാസ്റ്റർനാക്കിനെ  സോവിയറ്റ് അധികൃതർ വിലക്കി. ആ വിവാദകാലത്താണ് ഇസ്മയിൽ കദാരെ അൽബേനിയയിൽനിന്ന്‍ ഒരു വിദ്യാർഥിസംഘത്തോടൊപ്പം മോസ്കോയിലെത്തിയത്. അക്കാലത്തെ  അനുഭവങ്ങൾ കദാരെ The Twilight of Eastern Gods എന്ന നോവലിൽ ഭംഗിയായി ചിത്രീകരിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയെന്നു പറയാവുന്ന പുതിയ നോവലാണ് A Dictator calling. 


സ്റ്റാലിനും പാസ്റ്റർനാക്കും തമ്മിൽ നടന്നു എന്നു പറയപ്പെടുന്ന  ഒരു ഫോൺസംഭാഷണമാണ് ഈ പുതിയ നോവലിന്റെ പ്രമേയം.  ഈ ഫോൺസംഭാഷണത്തിൽ അവർ തമ്മിൽ എന്തു സംസാരിച്ചു എന്നതിനെപ്പറ്റി പതിമൂന്നു തരം വ്യത്യസ്ത റിപ്പോർട്ടുകളുണ്ടെന്നാണ് കദാരെ പറയുന്നത്. ഈ സംഭാഷണത്തിൽ പാസ്റ്റർനാക്ക് തന്റെ ചങ്ങാതി മാൻഡൽസ്റ്റാമിനെ സ്റ്റാലിനോട് തള്ളിപ്പറഞ്ഞുവെന്നും താങ്കളൊരു മോശം സഖാവാണെന്ന് സ്റ്റാലിൻ മറുപടി പറഞ്ഞുവെന്നുമാണ്  പൊതുവിലുള്ള ഭാഷ്യം. സ്റ്റാലിൻ എന്തിനാണ് പാസ്റ്റർനാക്കിനെ വിളിച്ചത്? പാസ്റ്റർനാക്കിനെ അദ്ദേഹം  ഒരു കുരുക്കിലാക്കുകയായിരുന്നോ? കലാകാരന്മാരും സ്വേച്ഛാധിപതികളും തമ്മിലുള്ള ബന്ധമെന്ത്? കലാകാരന്മാരെ സ്റ്റാലിൻ  ഭയന്നിരുന്നോ? ഇത്തരം വലിയചോദ്യങ്ങൾ ഇസ്മയിൽ കദാരെ ഈ നോവലിലൂടെ മുന്നോട്ടു വയ്ക്കുന്നുണ്ട്. 


നോവലിൽ കദാരെയും ഒരു കഥാപാത്രമാണ്. അൽബേനിയൻ സ്വേച്ഛാധിപതി എൻവർ ഹോക്സായുടെ ഒരു ഫോൺവിളിയെപ്പറ്റി പറഞ്ഞുകൊണ്ടാണ് നോവൽ തുടങ്ങുന്നത്. അവരെ ഒരു കഥാപാത്രം വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്:- ‘That Stalin of yours, I’ve forgotten his name.’ ഒരു കവിതയെഴുതിയതിനെ അഭിനന്ദിക്കാനായിരുന്നു ആ വിളി. ”ഞാൻ നന്ദിയെന്നു മാത്രമാണ് മറുപടി പറഞ്ഞത്. അന്ന് രാത്രിയിൽ കണ്ട ഒരു സ്വപ്നത്തിൽ ബെലോറഷ്യൻ ഭാഷയിൽ ഞാനെന്നെ വിഡ്ഢിയെന്ന് വിളിച്ചു.” സ്റ്റാലിന്റെ പ്രതിരൂപമായി കണക്കാക്കപ്പെട്ട  അൽബേനിയൻ ഭരണാധികാരിയായിരുന്ന എൻവർ ഹോക്സ്. ഇവരോടുള്ള കദാരെയുടെ നിലപാടുകൾ പലപ്പോഴും വിവാദമായിട്ടുള്ളതാണ്. 


ഹോക്സയുടെ ഫോൺവിളിയെ  തുടർന്നാണ് പാസ്റ്റർനാക്കിന്റെ കഥയിലേക്ക് കദാരെ വരുന്നത്. നൊബേൽസമ്മാന വിവാദ കാലത്ത് സ്റ്റാലിനുമായി മുമ്പു നടന്ന മൂന്നുമിനിറ്റ് സംഭാഷണം പാസ്റ്റർനാക്കിനെതിരെ ഉപയോഗിച്ചിരുന്നു. അതിനാലാണ് കദാരെ അതോർത്തെടുത്തത്. 1934-ൽ നടന്ന  ആ വിവാദ ഫോൺസംഭാഷണത്തിന്റെ ചുവടുപിടിച്ചാണ് നോവൽ മുന്നേറുന്നത്.  നോവലിന്റെ മറ്റൊരു ഭാഗത്ത് പാസ്റ്റർനാക്കിന്റെ കാമുകിയുടെ മകൾ ഇറിന എമലയ്നോവയും കടന്നു വരുന്നുണ്ട്.  


ഒരു സ്വയം വിമർശനത്തിനും കദാരെ ഈ നോവലിലൂടെ  ശ്രമിച്ചിട്ടുണ്ട്. ചരിത്രത്തെ എങ്ങനെയാണ് എഴുത്തുകാർ സാക്ഷ്യപ്പെടുത്തേണ്ടത്  എന്ന വലിയ  വെല്ലുവിളിയെ അദ്ദേഹം ഇതിലൂടെ അഭിസംബോധനചെയ്യുന്നു. അൽബേനിയയിലെ ഏറ്റവും പ്രസിദ്ധനായ നോവലിസ്റ്റും കവിയുമാണ് കദാരെ. ആദ്യ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം 2005-ൽ  ലഭിച്ചത് കദാരെയ്ക്കാണ്. നൊബേൽ സാഹിത്യ പുരസ്കാരം നേടുമെന്ന് കരുതപ്പെടുന്നു. The General of the Dead Army, Chronicle in Stone, The Three Arched Bridge, The Concert, The Palace of Dreams എന്നിവയാണ് പ്രധാന നോവലുകൾ. (A Dictator Calls-  The Mystery of the Stalin- Pasternak Telephone call – Ismail Kadare- Harvill Secker Publishers).