നവകേരളസദസ്സ്:  പരാതി പരിഹാരമോ, തിരഞ്ഞെടുപ്പ് പ്രചരണമോ? – ജോർജ് പൊടിപ്പാറ

നവകേരളസദസ്സ്:  പരാതി പരിഹാരമോ, തിരഞ്ഞെടുപ്പ് പ്രചരണമോ? – ജോർജ് പൊടിപ്പാറ

സമകാലികം


കൊട്ടിഘോഷിച്ച് സംസ്ഥാനസർക്കാർ നടത്തുന്ന ‘നവകേരളസദസ്സ്’ വിവാദങ്ങളുടെ പെരുമഴപോലെയാകുന്നു. രാഷ്ട്രീയനാടകമെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്ന നവകേരളസദസ്സിൽ ഓരോ ദിവസവും പുതിയ പുതിയ വിവാദങ്ങൾ പെയ്തിറങ്ങുന്ന കാഴ്ച. സംസ്ഥാനത്തെ 140 നിയമസഭാമണ്ഡലങ്ങളിലൂടെ മുഖ്യമന്ത്രിയും 20 മന്ത്രിമാരും നേരിട്ടെത്തി ജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കുന്ന സമാനതകളില്ലാത്ത പരിപാടിയായാണ് സംസ്ഥാന സർക്കാരും ഇടതുമുന്നണിയും നവകേരളസദസ്സിനെ വാഴ്ത്തുന്നത്. എന്നാൽ, പ്രതിച്ഛായനഷ്ടപ്പെട്ട് പരിഹാസ്യമാകുന്ന സർക്കാരും ഇടതുമുന്നണിയും ആസന്നമായ ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൊതുപണം ഉപയോഗിച്ചുനടത്തുന്ന അശ്ലീല രാഷ്ട്രീയനാടകമാണ് നവകേരളസദസ്സെന്നാണ് പ്രതിപക്ഷ വിമർശനം.


തുടക്കം വിവാദങ്ങളോടെ


ചരിത്രത്തിലെതന്നെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ കോടികൾ ചിലവഴിച്ച് നടത്തുന്ന നവകേരളസദസ്സ് ധൂർത്തിന്റെ മാമാങ്കമെന്നാണ് പ്രതിപക്ഷവും മാധ്യമങ്ങളും ഒരു വിഭാഗം സാമ്പത്തിക ശാസ്ത്രജ്ഞരും വിമർശിക്കുന്നത്.


സാമ്പത്തിക പ്രതിസന്ധിമൂലം നാലുമാസമായി ക്ഷേമപെൻഷൻ വിതരണം മുടങ്ങിയതും സ്‌കൂളുകളിൽ ഉച്ചഭക്ഷണം നല്കിയതിന്റെ പണം നല്കാനാകാത്തതും, സപ്ലൈകോ നെല്ലുസംഭരിച്ച വകയിൽ മാസങ്ങളായി കോടികൾ കുടിശ്ശികയായതും അതേതുടർന്ന് കർഷകർ ആത്മഹത്യചെയ്യുന്നതുമെല്ലാം എണ്ണിയെണ്ണി പറഞ്ഞാണ് പ്രതിപക്ഷത്തിന്റെ ധൂർത്ത് വാദം. സർക്കാർ ജീവനക്കാർക്ക് 20 ശതമാനത്തോളം ഡി.എ. കുടിശ്ശിക, പൊതുമരാമത്ത് കരാറുകാർക്ക് 16,000 കോടിയോളം നല്കാനാകാത്തത്, കെ.എസ്.ആർ.ടി.സി.യിലെ ശമ്പള – പെൻഷൻ പ്രതിസന്ധി, 20 രൂപയ്ക്ക് ഉച്ചയൂണ് നല്കിയ കുടുംബശ്രീകൾക്ക് കോടികളുടെ സബ്‌സിഡി നല്കാത്തത് തുടങ്ങി വേറെയും ഒട്ടേറെ കാര്യങ്ങൾ ചർച്ചകളിൽ നിറയുന്നു. സപ്ലൈകോ സ്റ്റോറുകളിൽ സബ്‌സിഡി ഉല്പന്നങ്ങൾ ഉറപ്പാക്കാൻപോലും പണമില്ലാത്ത സർക്കാർ ഈ വറുതിക്കാലത്ത് കേരളീയവും നവകേരളസദസ്സുംപോലുള്ള ധൂർത്തുകൾ തുടർച്ചയായി നടത്തുന്നത് എങ്ങനെ ന്യായീകരിക്കാനാകുമെന്ന ചോദ്യം പ്രതിപക്ഷത്തിനൊപ്പം പൊതുസമൂഹവും സാമ്പത്തിക വിദഗ്ധരും ഉയർത്തുന്നുണ്ട്. ഇത്തരം വിഷയങ്ങൾ ആളിക്കത്തിക്കുംവിധം നവകേരളസദസ്സിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ‘ഭിക്ഷാടന സമരം’ പോലുള്ള ചിലതുകൂടി അരങ്ങേറി.


നാലുമാസമായി ക്ഷേമപെൻഷൻ ലഭിക്കാത്തതിനാൽ ഭക്ഷണവും മരുന്നുംപോലും വാങ്ങാനാകുന്നില്ലെന്നു പറഞ്ഞ് ദേഹത്ത് സർക്കാർ വിരുദ്ധ പ്ലക്കാർഡകളും കൈയിൽ പിച്ചച്ചട്ടിയുമായി ഇടുക്കിയിൽ വയോധികകളായ രണ്ട് അമ്മമാർ നടത്തിയ ഭിക്ഷാടനസമരം സർക്കാരിനെ വല്ലാതെ പ്രതിരോധത്തിലാക്കി. അതിലൊരാളായ 87 വയസ്സുകാരി മറിയക്കുട്ടി ചാനലുകളിലെ അന്തിച്ചർച്ചയിൽ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വലിച്ചുകീറുന്ന കാഴ്ചയും കേരളം കണ്ടു. മറിയക്കുട്ടിയുടേത് ‘സ്‌പോൺസേർഡ്’ നാടകമാണെന്നും സ്വന്തമായി വീടും സ്ഥലവും വിദേശത്ത് ജോലി ചെയ്യുന്ന മകളുമുണ്ടെന്നും വാർത്തയെഴുതി ‘ദേശാഭിമാനി’ നടത്തിയ പ്രതിരോധം തിരിച്ചടിച്ചത് സർക്കാരിനെ കൂടുതൽ വെട്ടിലാക്കി. സ്വന്തം പേരിൽ ഭൂമിയോ വീടോ ഇല്ലെന്ന് വില്ലേജോഫീസിൽനിന്ന് സാക്ഷ്യപത്രം സമ്പാദിച്ച് അന്നക്കുട്ടി രംഗത്തെത്തിയതോടെ പോര് കൊഴുത്തു. ഗത്യന്തരമില്ലാതെ വാർത്ത പിൻവലിച്ച് ഖേദപ്രകടനം നടത്തി ‘ദേശാഭിമാനി’ തടിയൂരി. പക്ഷേ, കലിയടങ്ങാത്ത അന്നക്കുട്ടി ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടു പോകാൻ ഉറച്ച തീരുമാനത്തിലാണ്. വിവാദങ്ങളുടെയും വിമർശനങ്ങളുടെയും പശ്ചാത്തലത്തിലാണ് കടുത്ത സാമ്പത്തികപ്രതിസന്ധിയിലും ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ ധനമന്ത്രി നിർബന്ധിതനായത്.


നവകേരള സദസ്സിന്റെ ഫണ്ടിംഗും വിവാദത്തിൽ


നവകേരളസദസ്സിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അരലക്ഷംമുതൽ രണ്ടുലക്ഷംവരെ ഫണ്ട് നല്കണമെന്ന സർക്കാർ ഉത്തരവും പ്രതിഷേധമുയർത്തി. നവകേരളസദസ്സ് ബഹിഷ്‌ക്കരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച യു.ഡി.എഫ്. അവർ ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളോട് പണം നല്കരുതെന്ന് നിർദേശിച്ചു. നിർദേശത്തിനുമുമ്പ് പറവൂരും, ശ്രീകണ്ഠാപുരവും തിരുവല്ലയുമുൾപ്പെടെയുള്ള നഗരസഭകളും ചില ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഭരണസമിതികളും പണം നല്കാൻ തീരുമാനമെടുത്തിരുന്നു. ഇവിടങ്ങളിലെ ഭരണസമിതികൾ വീണ്ടും യോഗംചേർന്ന് തീരുമാനം പിൻവലിച്ചെങ്കിലും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ മണ്ഡലത്തിലുൾപ്പെടുന്ന പറവൂർ നഗരസഭയിലടക്കം ഇത് സങ്കീർണ സാഹചര്യങ്ങൾക്ക് വഴിവച്ചു. നഗരസഭാ സെക്രട്ടറിമാരും പഞ്ചായത്ത് സെക്രട്ടറിമാരും സർക്കാർ തീരുമാനം നടപ്പാക്കുമെന്ന ഉറച്ച നിലപാടെടുത്തതാണ് കാരണം.


ഓരോ മണ്ഡലത്തിലേക്കും നവകേരളസദസ്സ് നടത്തിപ്പിന് വിവിധ വകുപ്പുകളെ ഉപയോഗിച്ച് സ്‌പോൺസർമാരെ കണ്ടെത്താനുള്ള സർക്കാർ നിർദേശമാണ് തുടക്കത്തിൽത്തന്നെ വിവാദം കൊഴുപ്പിച്ച മറ്റൊരുകാര്യം. സംഭാവന സ്വീകരിക്കാൻ രസീതോ കൂപ്പണോ നല്കേണ്ടതില്ലെന്നും നിർദേശം വന്നു. 27,000 കോടി രൂപയുടെ നികുതി പിരിച്ചെടുക്കാനുണ്ടെന്ന സി.എ.ജി. റിപ്പോർട്ട് ഉയർത്തിക്കാട്ടി നികുതി പിരിച്ചെടുക്കേണ്ട ഉദ്യോഗസ്ഥർ ‘കളങ്കിത’ വ്യക്തികളിൽനിന്ന് സംഭാവന സ്വീകരിക്കുന്നതിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു.


ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇടതുമുന്നണിയുടെയും സർക്കാരിന്റെയും നേട്ടങ്ങൾ ഉയർത്തിയുള്ള രാഷ്ട്രീയമുന്നേറ്റമായി നവകേരളസദസ്സുകൾ മാറ്റണമെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ കീഴ്ഘടകങ്ങൾക്കയച്ച സർക്കുലറും ഇതിനിടെ പുറത്തുവന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കലല്ല, രാഷ്ട്രീയ ലക്ഷ്യമാണ് നവകേരള സദസ്സുകൾക്കെന്ന പ്രതിപക്ഷവാദത്തിന് ഇതും മൂർച്ചകൂട്ടി.


ആഡംബരബസ്സും വിവാദത്തിൽ


നവകേരളസദസ്സിൽ മഞ്ചേശ്വരംമുതൽ പാറശ്ശാലവരെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ 1.05 കോടി രൂപ ചെലവഴിച്ച് കെ.എസ്.ആർ.ടി.സിയുടെ ആഡംബരബസ്സിറക്കിയതും പ്രതിപക്ഷത്തോടൊപ്പം മുഖ്യധാരാ മാധ്യമങ്ങളും, സാമൂഹികമാധ്യമങ്ങളും ചൂടുള്ള ചർച്ചയാക്കി. ബംഗളൂരുവിലാണ് ഭാരത് ബെൻസിന്റെ ആഡംബര ബസ്സ് അണിയിച്ചൊരുക്കിയത്. മഞ്ചേശ്വരത്ത് നവംബർ 18-ന് നവകേരളസദസ്സിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ തലേന്ന് മാത്രമാണ് ബസ് കേരളത്തിലെത്തിയത്. മുഖ്യമന്ത്രിക്കിരിക്കാൻ കറങ്ങുന്ന ഇരിപ്പിടവും മുൻവാതിലിൽ ഇറങ്ങാനും കയറാനും ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനവും ഏറ്റവും പിന്നിൽ ബയോ ടോയ്‌ലെറ്റുമുൾപ്പെടെയുള്ള സൗകര്യങ്ങളായിരുന്നു ബസ്സിന്റെ സവിശേഷത. എന്നാൽ കാരവനുകളെ വെല്ലുന്ന അത്യാഡംബര ബസ്സെന്ന വിമർശനങ്ങൾ പിന്നീട് ക്ലച്ച് പിടിക്കാതെ പോയി.


മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ഔദ്യോഗികവാഹനങ്ങളും അകമ്പടിവാഹനങ്ങളുമായി എല്ലാ മണ്ഡലങ്ങളിലുമെത്തുന്നത് വൻ ചെലവുണ്ടാക്കുമെന്നും ചെലവുചുരുക്കലാണ് ഒരൊറ്റ ബസ് സംവിധാനത്തിലൂടെ ലക്ഷ്യമിട്ടതെന്ന സർക്കാർ വിശദീകരണവും ഒരളവുവരെ പൊതുസമൂഹം അംഗീകരിച്ചു. എന്നാൽ, മന്ത്രിസഭ മുഴുവൻ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിച്ചാലും ചെലവ് 12.5 ലക്ഷത്തിലൊതുങ്ങുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണക്കുകൾ ഉദ്ധരിച്ച് രംഗത്തുവന്നു സർക്കാർ വാദത്തെ പ്രതിരോധിച്ചു.


പരാതി സ്വീകരണം ഉദ്യോഗസ്ഥ കൗണ്ടറുകൾവഴി മാത്രം


നവകേരളസദസ്സിൽ എത്തുന്ന പൊതുജനങ്ങളിൽനിന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് പരാതി സ്വീകരിക്കാത്തതും വൻ വിമർശനമായി ഉയർന്നുവന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടി നടത്തിയപ്പോൾ മുഴുവൻ പരാതികളും നേരിട്ട് സ്വീകരിച്ചതും നല്ല പങ്ക് പരാതികളിലും കൈയോടെ പരിഹാരം കണ്ടതും ഉയർത്തിപ്പിടിച്ചാണ് വിമർശനം ശക്തമായത്. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുത്തിട്ടും പരാതികൾ നേരിട്ട് സ്വീകരിക്കാത്തതും ഒരൊറ്റ പരാതിയിൽപ്പോലും തത്സമയം പരിഹാരമോ സഹായമോ നല്കാത്തതും നവകേരളസദസ്സിന്റെ യഥാർഥലക്ഷ്യമെന്തെന്ന ചോദ്യത്തിന് മൂർച്ചപകർന്നു. ഇങ്ങനെയെങ്കിൽ വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള ഭരണസംവിധാനത്തിലൂടെ ഓൺലൈനായി പരാതികൾ സ്വീകരിച്ചാൽ പോരെ, എന്തിന് കോടികൾ ചെലവഴിക്കുന്ന മാമാങ്കമെന്നുമുള്ള ചോദ്യം പലരുമുയർത്തി. ജനസമ്പർക്കപരിപാടിയുടെ സമയത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്തിന് വില്ലേജ് ഓഫീസറുടെ ജോലിയെടുക്കുന്നുവെന്ന് അന്ന് പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങളുയർന്നു.


നവകേരളസദസ്സ്, ജനസമ്പർക്കപരിപാടിയുടെ കാർബൺ കോപ്പിയല്ലെന്നാണ് മുഖ്യമന്ത്രി മറുപടി നല്കിയത്. ഉമ്മൻചാണ്ടിയുടേത് ‘വൺമാൻ ഷോ’ ആയിരുന്നെങ്കിൽ നവകേരളസദസ്സ് സർക്കാരിന്റെയും സംവിധാനത്തിന്റെയും കൂട്ടായ പ്രവർത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് മഴയും വെയിലുമേറ്റ് നീണ്ട മണിക്കൂറുകൾ ക്യൂ നിന്ന് ക്ഷീണിക്കാതെ പരാതി സമർപ്പിക്കാനുള്ള സൗകര്യവും ലക്ഷ്യമാക്കുന്നുണ്ട്. ഒരൊറ്റയാൾക്കുപോലും പരാതി നല്കാനാകാതെ മടങ്ങേണ്ടിവരില്ല. കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും കുടുംബാംഗങ്ങളും വീൽചെയറിലും കിടക്കയിലുമെത്തി വലയേണ്ടി വരില്ല. അവർക്കുവേണ്ടി പരാതികൾ മറ്റുള്ളവർക്ക് സമർപ്പിക്കാം.


മണ്ഡലംതലം, ജില്ലാതലംവരെയുള്ള പരാതികൾ 15 ദിവസത്തിനകവും സംസ്ഥാനതലത്തിൽ പരിഗണിക്കേണ്ടവയിൽ 45 ദിവസത്തിനകവും പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു വ്യക്തമാക്കുകയും ഓരോ പരാതിയും ഓൺലൈനിലൂടെ ട്രാക്ക് ചെയ്യാൻ പരാതിക്കാർക്ക് സൗകര്യമുണ്ടാകുമെന്ന കാര്യവും ഉറപ്പുനല്കി. താലൂക്ക്, ജില്ലാ, സംസ്ഥാനതലങ്ങളിൽ നേരത്തെ സംഘടിപ്പിച്ച പരാതി പരിഹാര  അദാലത്തുകളുടെ തുടർച്ചയാണ് നവകേരള സദസ്സെന്ന വിശദീകരണവും സർക്കാർ മുന്നോട്ടുവച്ചു.


പ്രൗഢമായ ഉദ്ഘാടനം, വൻ ജനപങ്കാളിത്തം, പരാതി പ്രവാഹം


കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിൽ നവംബർ 18-നു നടന്ന ഉദ്ഘാടനം പ്രൗഢഗംഭീരമായി. തുളുനാടൻ സംസ്‌കാരത്തിന്റെ പ്രതീകമായ കൊച്ചുവിളിയുടെ അകമ്പടിയിൽ പൈവളിഗെ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ മൈതാനത്ത് തയ്യാറാക്കിയ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയപ്പോൾ പരമ്പരാഗത രീതിയിൽ തലപ്പാവണിയിച്ചാണ് സംഘാടകർ സ്വീകരിച്ചത്. നാടുവാഴിത്തത്തിന്റെ പ്രതീകമായ തലപ്പാവ് അണിയിച്ചതും വിമർശന വിധേയമായി. എന്നാൽ തുളുനാടൻ സംസ്‌കാരത്തിന്റെ ഭാഗമായി ആതിഥ്യമര്യാദയെന്ന വിശദീകരണം പിന്നാലെ വന്നു.


പ്രതിപക്ഷ എം.എൽ.എയുടെ അസാന്നിധ്യത്തിലും ഉദ്ഘാടനസമ്മേളനത്തിലേക്ക് ജനം ഒഴുകിയെത്തു. സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും സംഘടനാമികവിന്റെയും സംഘാടകമികവിന്റെയും സാക്ഷ്യമായി വൻ ജനപങ്കാളിത്തം. പതിവുപോലെ കേന്ദ്രസർക്കാരിനെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം. 25 വർഷംകൊണ്ട് ലോകത്തെ വികസിതരാഷ്ട്രങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഒരേയൊരു ഇടതുപക്ഷ സർക്കാരിനെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രം. പക്ഷേ, കേരളം തളർന്നില്ല. തകരുകയുമില്ല. സാമ്പത്തികപ്രതിസന്ധിയുടെ പിന്നിലെ കേന്ദ്രത്തിന്റെ പങ്ക് സ്ഥാപിക്കാൻ കണക്കുകളും മുഖ്യമന്ത്രി ഉദ്ധരിച്ചു. പലസ്തീനുള്ള പിന്തുണ ആവർത്തിച്ചു പ്രഖ്യാപിച്ച മുഖ്യമന്ത്രി മോദി സർക്കാരിന്റെ ഇസ്രയേൽ അനുകൂല നിലപാടിനെ രൂക്ഷമായി വിമർശിക്കാനും മറന്നില്ല. പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളിൽ ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിച്ചു. ആദ്യ ദിവസം 1908 പരാതികളാണ് ലഭിച്ചത്.


മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പൗരപ്രമുഖരുമൊത്തുള്ള പ്രഭാതഭക്ഷണ സമ്മളനത്തോടെയായിരുന്നു പിന്നീട് എല്ലാ ദിവസവും പരിപാടിയുടെ തുടക്കം. മത, സാമൂഹിക, സാംസ്‌കാരിക നേതാക്കളും, വ്യാപാര, വ്യവസായ പ്രമുഖരും, എഴുത്തുകാരും കായികപ്രതിഭകളുമെല്ലാം പ്രഭാതഭക്ഷണ സമ്മേളനത്തിൽ പങ്കെടുത്തു. അവർ ഉന്നയിച്ച ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നല്കി. പ്രഭാത ചർച്ചയിൽ മുസ്ലീം ലീഗ് നേതാവ് എൻ.എ. അബൂബക്കർ പങ്കെടുത്തത് തലക്കെട്ടു വാർത്തയായി. അബൂബക്കറിന് മുഖ്യമന്ത്രിയുടെ തൊട്ടടുത്തുതന്നെ ഇരിപ്പിടം നല്കി ആദരിച്ചും പ്രസംഗിക്കാൻ അവസരം നല്കിയും ആദരം ഗംഭീരമാക്കി. പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത മുസ്ലീംലീഗ് എം.എൽ.എമാരും നേതാക്കളുമൊക്കെ കടുത്ത മാനസികസമ്മർദത്തിലാണെന്നും തുടർദിനങ്ങളിൽ ഇത്തരം പങ്കാളിത്തം കൂടുതലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതിലെ രാഷ്ട്രീയലാക്കും വ്യക്തമായിരുന്നു. എന്നാൽ, ഈ ദുഷ്ടലാക്ക് മനസ്സിലാക്കിത്തന്നെ അതേദിവസം ലീഗ് നേതാവ് കെ.പി.എ. മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നു. 1974-ൽ അന്നത്തെ മുസ്ലീംലീഗ് പ്രസിഡന്റ് പി.എം.എസ്.എ.പൂക്കോയ തങ്ങൾ പറഞ്ഞ വാക്കുകൾ ഉയർത്തിക്കാട്ടിയായിരുന്നു പോസ്റ്റ്. മരണംവരെ സി.പി.എമ്മുമായി കൂട്ടുകൂടാൻ തന്നെ കിട്ടില്ലെന്നായിരുന്നു ആ വാക്കുകൾ.


സമസ്തയും മുസ്ലീംലീഗിലെ ഒരു വിഭാഗവും ഇടതുമുന്നണിയുമായി അടുക്കുന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ ലീഗിനെ കൂടുതൽ പ്രീണിപ്പിക്കാനുള്ള രാഷ്ട്രീയനീക്കങ്ങൾ സി.പി.എം. ശക്തമാക്കിയിരുന്നു. കേരള ബാങ്കിൽ മുസ്ലീംലീഗ് നേതാവിനെ ഡയറക്ടർബോർഡിലേക്ക് നോമിനേറ്റ് ചെയ്തതടക്കമുള്ള പലതും ഈ ലക്ഷ്യത്തോടെയായിരുന്നു. പക്ഷേ, കോൺഗ്രസിന്റെ ശക്തമായ ഇടപെടലും പാർട്ടിക്കകത്തുതന്നെ ഉയർന്ന എതിർപ്പും ലീഗിനെ സമ്മർദത്തിലാക്കി. ലീഗിനെ യു.ഡി.എഫുമായി വേർപെടുത്താമെന്ന മോഹത്തിൽ ആരെങ്കിലും വെള്ളം അടുപ്പത്ത് വച്ചിട്ടുണ്ടെങ്കിൽ അതിനായി തീ കൂട്ടേണ്ടെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചത് ഇതിന്റെ തുടർച്ചയായാണ്. ഇതോടെ ലീഗിന്റെ ഇടതുമുന്നണി സാന്നിധ്യം തത്കാലത്തേക്കെങ്കിലും അടഞ്ഞ അധ്യായമായി. ലീഗിനെ ആരും ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം ‘കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്ന’ പഴഞ്ചൊല്ലാണ് ഓർമിപ്പിച്ചത്.


ക്രൂരമർദനം, ജീവൻരക്ഷാപ്രവർത്തനമോ


നവകേരളസദസ്സ് ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഫ്. പ്രഖ്യാപിച്ചിരുന്നെങ്കിലും എന്തെങ്കിലും പ്രതിഷേധ സമരങ്ങൾക്ക് കോൺഗ്രസും യു.ഡി.എഫും ആഹ്വാനം ചെയ്തിരുന്നില്ല. എന്നാൽ, കല്യാശ്ശേരി മണ്ഡലത്തിലെ നവകേരളസദസ്സിന്റെ മുന്നോടിയായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും എം.എസ്.എഫ്. പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് കല്യാശ്ശേരിയിലെ നവകേരളസദസ്സ് വേദിക്കടുത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടാൻ ശ്രമിച്ചു. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ബസ് എത്തും മുമ്പുതന്നെ അകമ്പടിവാഹനത്തിലെത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ഒരു പ്രവർത്തകയുൾപ്പെടെ ആറു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ചു. റോഡരികിലുണ്ടായിരുന്ന ചെടിച്ചട്ടികളും ഹെൽമറ്റും, വടിയുമൊക്കെ ഉപയോഗിച്ച് തലതല്ലി തകർക്കുന്ന ക്രൂരമർദനമാണ് അരങ്ങേറിയത്. മര്‍ദനം നടക്കുന്ന സമയത്ത് കടന്നുപോയ ആഡംബരവാഹനത്തിലിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും മർദനം നേരിട്ടുകാണുകയും ചെയ്തു. പ്രതിഷേധക്കാരെ ഒരുവിധത്തിൽ പോലീസ് ഇടപെട്ട് സ്റ്റേഷനിലെത്തിച്ചെങ്കിലും ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അങ്ങോട്ടും ഇരച്ചുകയറി ആക്രമണം നടത്തി. മാധ്യമപ്രവർത്തകരും കയ്യേറ്റത്തിനിരയായി. തലക്കടിയേറ്റ് യൂത്ത് കോൺഗ്രസുകാരിൽ ചിലരുടെ നില ഗുരുതരമായി. തലച്ചോറിൽ രക്തസ്രാവമുണ്ടായ ഒരാളിപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.


പക്ഷേ, മർദനത്തെക്കാൾ ക്രൂരമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡി.വൈ.എഫ്.ഐക്കാരുടെ പൈശാചിക മർദനത്തെ ജീവൻരക്ഷാപ്രവർത്തനമെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചു ന്യായീകരിച്ചത്. നടപടി മാതൃകാപരമായിരുന്നെന്നും അത്തരം സദ്‌പ്രവൃത്തികൾ തുടരണമെന്നുംകൂടി മുഖ്യമന്ത്രി പറഞ്ഞുവച്ചു. ചെടിച്ചട്ടികൊണ്ട് തലയടിച്ചു പൊട്ടിക്കുന്നതാണോ രക്ഷാപ്രവർത്തനമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടുയുമുണ്ടായില്ല.


മുഖ്യമന്ത്രിയുടെ ന്യായീകരണം അതിരൂക്ഷമായ പ്രതികരണങ്ങൾ സൃഷ്ടിച്ചു. കെ.സുധാകരനും വി.ഡി. സതീശനും തീവ്രമായി പ്രതികരിച്ചു. മുഖ്യമന്ത്രി ക്രിമിനലാണെന്നും കലാപാഹ്വാനം നടത്തിയ അദ്ദേഹം രാജിവയ്ക്കണമെന്നും വി.ഡി. സതീശൻ പ്രതികരിച്ചു. ഇരുവരും തമ്മിലുള്ള വാക് യുദ്ധം ഈ വരികളെഴുതുമ്പോഴും തുടരുകയാണ്. ഡി.വൈ.എഫ്.ഐയുടെ ക്രൂരമര്‍ദനവും മുഖ്യമന്ത്രിയുടെ ന്യായീകരണവും മാധ്യമങ്ങൾ ആഘോഷമാക്കി. ഈ മര്‍ദന ദൃശ്യങ്ങൾ ആവർത്തിച്ചുകാണിച്ചുകൊണ്ട് ദൃശ്യമാധ്യമങ്ങളുടെ അന്തിചർച്ചകൾ സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കി. സമൂഹമാധ്യമങ്ങളിൽ ട്രോളർമാർ മുഖ്യമന്ത്രിക്ക് പൊങ്കാലയിട്ടു. ഏറെ വിചിത്രം ഇപ്പോഴും മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും ന്യായീകരണം തുടരുന്നുവെന്നതാണ്.


വീണ്ടും വീണ്ടും വിവാദങ്ങൾ


മുൻ ആരോഗ്യമന്ത്രി ഷൈലജടീച്ചറുടെ മണ്ഡലമായ മട്ടന്നൂരിലായിരുന്നു അടുത്ത വിവാദം പിറവിയെടുത്തത്. മണ്ഡലത്തിന്റെ എം.എൽ.എ.ആയ ഷൈലജടീച്ചറായിരുന്നു അധ്യക്ഷ. മുഖ്യമന്ത്രി വേദിയിലെത്തുംമുമ്പേ പ്രസംഗമാരംഭിച്ച അവർ മുഖ്യമന്ത്രി എത്തിയശേഷവും പ്രസംഗം തുടർന്നു. ഇതു മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കി. തന്റെ ഊഴമെത്തിയപ്പോൾ മുഖ്യമന്ത്രി നീരസം മറച്ചുവച്ചില്ല. എപ്പോഴും കാണുന്ന ജനങ്ങളുടെ മുന്നിൽ ഷൈലജ ടീച്ചർ സമയംമറന്ന് പ്രസംഗിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ കമന്റ്. രണ്ടുമണിക്കൂർ മാത്രമാണ് ഒരു മണ്ഡലത്തിനുള്ള സമയമെന്നും മന്ത്രിമാരടക്കം മൂന്നുപേർ പ്രസംഗിക്കേണ്ടതുണ്ടെന്നും ഓർമിപ്പിച്ച് അദ്ദേഹം സ്വന്തം പ്രസംഗം ചുരുക്കുകയും ചെയ്തു. എന്തായാലും മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം ഷൈലജടീച്ചറെ അപമാനിക്കുന്നതായിപ്പോയി എന്ന രീതിയിൽ മാധ്യമങ്ങൾ അത് വിവാദമാക്കി. ഈ വിവാദമുയർന്ന അതേ വേദിയിൽ ഷൈലജടീച്ചറുടെ ഭർത്താവും മുൻ നഗരസഭാധ്യക്ഷനുമായ ഭാസ്‌ക്കരൻ സഖാവിനും ‘തട്ട്’ കിട്ടി. എങ്ങനെയുണ്ട് സമ്മേളനമെന്ന് ഭാസ്‌ക്കരൻ സഖാവ് ചോദിച്ചെന്നും എന്നാൽ അത്ര ഗംഭീരമായെന്ന് തനിക്ക് തോന്നിയില്ലെന്ന് മറുപടി നല്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനോടകം ഗംഭീരമായ മറ്റു സമ്മേളനങ്ങൾ കണ്ടതുകൊണ്ടാണങ്ങനെ പറഞ്ഞതെന്നുകൂടി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു പിറ്റേന്ന് എഫ്.ബി. പോസ്റ്റിലൂടെ മുഖ്യമന്ത്രി തിരുത്താൻ ശ്രമിച്ചെങ്കിലും അതൊന്നും അപമാനിച്ചതിന് പ്രതിവിധിയായുമില്ല.


ഈ വരികൾ കുറിക്കുമ്പോൾ കാസർഗോഡും കണ്ണൂരും വയനാടും പൂർത്തിയാക്കി നവകേരളസദസ്സ് കോഴിക്കോട് ജില്ലയിലെത്തിയിട്ടുണ്ട്. ഇതിനിടെ ഈയാഴ്ചത്തെ മന്ത്രിസഭായോഗം ബുധനാഴ്ച കണ്ണൂരിലെ ബാർ ഹോട്ടലിൽ നടന്നു. ഇനിയും 10 ജില്ലകൾകൂടി പിന്നിടാനുണ്ട്. പ്രതിപക്ഷവും മാധ്യമങ്ങളും കണ്ണിമക്കാതെ പിന്തുടരുമ്പോൾ വിവാദങ്ങൾക്ക് പഞ്ഞം വരാനുമിടയില്ല. നവകേരളസദസ്സിൽ ആളെകൂട്ടാൻ സ്‌കൂൾവിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന നിർദേശങ്ങളും, അഭിവാദ്യമർപ്പിക്കാൻ പിഞ്ചുകുട്ടികളെ പൊരിവെയിലത്തുനിറുത്തി മുദ്രാവാക്യം വിളിപ്പിക്കുന്നതടക്കമുള്ള വിഡ്ഢിത്തങ്ങളും അരങ്ങേറുമ്പോൾ ആ പ്രതീക്ഷ സ്വാഭാവികം. നവകേരളസദസ്സ് കഴിഞ്ഞാലും ആഡംബരവാഹനം ‘മ്യൂസിയം പീസ്’ ആക്കാമെന്നും അഥവാ വിൽക്കാൻ തീരുമാനിച്ചാൽ പതിന്മടങ്ങ് വിലകിട്ടുമെന്നുള്ള എ.കെ.ബാലനടക്കമുളളവരുടെ മഹാകണ്ടുപിടിത്തങ്ങൾ കൂടിയാകുമ്പോൾ തമാശയ്ക്കും പഞ്ഞമുണ്ടാകില്ല.


എങ്കിലും ജനങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള സർക്കാർ തീരുമാനത്തിലെ ഗുണപരമായ അംശങ്ങൾ അവഗണിക്കാനാകില്ല. ശരാശരി ഒരു മണ്ഡലത്തിൽനിന്ന് 3000 പരാതി ലഭിച്ചാൽ എണ്ണം 4.5 ലക്ഷത്തോളമാകും. അതിലേറിയ പങ്കും റവന്യൂവകുപ്പുമായി പാവപ്പെട്ടവരുടെ അധിക സാമ്പത്തിക ബാധ്യതയില്ലാത്തവയാകാനുമാണ് സാധ്യത. മുഖ്യമന്ത്രി ആവർത്തിച്ച് ഉറപ്പു നല്കുന്നത് യാഥാർഥ്യമായാൽ തീർച്ചയായും അതു വലിയൊരാശ്വാസമാകും. അതു സർക്കാരിനും ഗുണംചെയ്യും. മറിച്ചായാൽ സർക്കാരിന് ഉള്ള പ്രതിച്ഛായകൂടി നഷ്ടമാകുമെന്നുറപ്പാണ്. പ്രതിപക്ഷവാദങ്ങൾക്കത് ശക്തിപകരുമെന്നതിലും സംശയമില്ല.