പട്ടികജാതി കോളനികളിലെ സ്വകാര്യ ഇടം – സിയർ മനുരാജ് &ഡോ. ബാബു സി.സി.

പട്ടികജാതി കോളനികളിലെ സ്വകാര്യ ഇടം  – സിയർ മനുരാജ് &ഡോ. ബാബു സി.സി.

സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും വര്‍ഷംതോറും കോടിക്കണക്കിനു രൂപയാണ് പട്ടികജാതിസമുദായങ്ങളുടെ സാമ്പത്തികവികസനത്തിനായി ചെലവഴിക്കുന്നത്. ഇക്കാര്യത്തിൽ കേരളവും നല്ലൊരു അനുകരണീയ മാതൃകയാണ്. 2023-2024 ധനകാര്യവര്‍ഷത്തിലേക്കുള്ള കേരള ബജറ്റിൽ 1638.10 കോടി രൂപയാണ് പട്ടികജാതിവികസനത്തിനായി പട്ടികജാതി സബ് പ്ലാനിൽ പെടുത്തിയിട്ടുള്ളത്. 1341.30 കോടി രൂപ പട്ടികജാതിവികസന ഡിപ്പാര്‍ട്ട്മെന്റുവഴി ചെലവഴിക്കാൻ മാറ്റിവച്ചിട്ടുണ്ട്. ആകെ പട്ടികജാതിവികസനത്തിനായി വകയിരുത്തിയിട്ടുള്ളത് 2979.40 കോടി രൂപയാണ്. എല്ലാ വര്‍ഷവും കേരള സര്‍ക്കാർ പട്ടികജാതിവികസനത്തിനായി വലിയതുക ചെലവഴിക്കുന്നുണ്ടെങ്കിലും ആ ജനവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തികവികസനത്തിന്‌ ഈ പൊതുചെലവുകൾ പര്യാപ്തമാകുന്നില്ല എന്നതാണ് സത്യം. എന്തുകൊണ്ടാണ് സര്‍ക്കാരുകൾ വലിയ തുക പ്രതിവര്‍ഷം ചെലവഴിച്ചിട്ടും ഇന്നും പട്ടികജാതിക്കാരിലെ മഹാഭൂരിപക്ഷം വരുന്ന ആളുകൾ 150 വര്‍ഷം പുറകിലെ ജന്മിത്വ കേരളത്തിൽ വച്ചെടുത്ത ഒരു കൊളോണിയൽ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലെ അതേ അടിമജാതി ദാരിദ്ര്യത്തെ  അനുസ്മരിപ്പിക്കുംവിധം ഒരു മാറ്റവുമില്ലാതെ തുടരുന്നത് എന്ന അന്വേഷണമാണ് കേരളത്തിലെ പട്ടികജാതി കോളനികളെ മുന്‍നിര്‍ത്തി ഞങ്ങൾ ഈ ലേഖനത്തിൽ നടത്തുന്നത്. സര്‍ക്കാരുകൾ കോടികൾ ചെലവഴിച്ചിട്ടും എന്തുകൊണ്ടാണ് പട്ടികജാതി കോളനികളിലെ മനുഷ്യർ ഇന്നും സാമ്പത്തികമായി ഉയരാത്തത് എന്നതിന്റെ ചില കാരണങ്ങളിലേക്കാണ് ഈ ലേഖനം വായനക്കാരെ നയിക്കുന്നത്. കേരളത്തിലെ പട്ടികജാതി കോളനികളിലെ വീടുകളിലെ ‘’സ്വകാര്യ ഇടം’’ [Private Space] എന്ന ആശയത്തെ വികസിപ്പിച്ചുകൊണ്ട്‌ എങ്ങനെയാണ് പട്ടികജാതിക്കാരുടെ വീടുകൾ അവരുടെ സാമൂഹിക, സാമ്പത്തികവികസനത്തെ തടസ്സപ്പെടുത്തുന്നത് എന്നാണ് ഈ ലേഖനം അന്വേഷിക്കുന്നത്.


2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ പട്ടികജാതി ജനസംഖ്യ 30.39 ലക്ഷം ആണ്. അതിൽ 23.52 ലക്ഷം, അതായത് ഏതാണ്ട് 77 ശതമാനം പട്ടികജാതിക്കാർ താമസിക്കുന്നത് 26198-ഓളം വരുന്ന പട്ടികജാതി കോളനികളിലാണ്. ആ നിലയ്ക്ക് പട്ടികജാതികളുടെ വികസനത്തെ പറ്റിയുള്ള ഏതൊരു ചര്‍ച്ചയും ആത്യന്തികമായി പട്ടികജാതി കോളനികളെ കൂടി ഉള്‍ക്കൊള്ളുന്നതാകും എന്നതിനാലാണ് ഇവിടെ പട്ടികജാതി കോളനികളെ അവരുടെ സാമ്പത്തിക വികസന വിശകലനത്തിനുള്ള ഉപാധിയായി സ്വീകരിച്ചത്.  പട്ടികജാതി വികസനവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ എന്നിവയുടെ സംയുക്തസംരംഭമായി നടത്തിയ പട്ടികജാതി കോളനികളെ പറ്റിയുള്ള 2010-ലെ പഠനപ്രകാരം 5.58 ലക്ഷം പട്ടികജാതി കുടുംബങ്ങൾ കേരളത്തിൽ പട്ടികജാതി കോളനികളിലാണ് താമസിക്കുന്നത്. കോളനികളിൽ വീടിനായി ഇവര്‍ക്ക് മാറ്റിവച്ചിട്ടുള്ള സ്ഥലം കില റിപ്പോര്‍ട്ട് പ്രകാരം 9289 ഏക്കറാണ്. ഈ കണക്കനുസരിച്ച് കോളനിയിൽ താമസിക്കുന്ന ഒരു പട്ടികജാതി കുടുംബത്തിന്റെ വീടിരിക്കുന്ന ഭൂമി ഏതാണ്ട് 1.66 സെന്റാണ്. ഇതേ റിപ്പോര്‍ട്ട് പ്രകാരം കോളനിയിലെ 45959 വീടുകൾ താമസയോഗ്യമല്ലാത്തവയാണ്. 123871 വീടുകൾ ഒറ്റമുറി മാത്രമുള്ളവയാണ്. ഒന്നിൽക്കൂടുതൽ  മുറികളുള്ള വീടുകളുടെ എണ്ണം 372013 ആണ്. മുറികൾ ഒന്നായാലും ഒന്നിൽക്കൂടുതലായാലും അവയിൽ 54 ശതമാനം വീടുകളും 440 സ്ക്വയര്‍ഫീറ്റിൽ താഴെയുള്ള വീടുകളാണ്. ഇതാണ് കേരളത്തിലെ പട്ടികജാതി കോളനികളിൽ താമസിക്കുന്ന മനുഷ്യരുടെ വീടുകളുടെ അവസ്ഥ.


ശവപ്പെട്ടി വീടുകൾ


440 സ്ക്വയര്‍ഫീറ്റിൽ താഴെയുള്ള വീടുകൾ മനുഷ്യര്‍ക്ക് താമസിക്കാൻ യോഗ്യമായ വലുപ്പമുള്ളവയാണോയെന്ന് നോക്കാം.1948-ലെ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ഏറ്റവും മൗലികമായ ഒരു പ്രഖ്യാപനം അതിന്റെ ആര്‍ട്ടിക്കിൾ 25- ൽ പറയുന്ന എല്ലാ മനുഷ്യര്‍ക്കും മാന്യമായി ജീവിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു പാര്‍പ്പിടത്തിനുള്ള അവകാശം ഉണ്ടെന്നുള്ളതാണ്. ഓരോ മനുഷ്യര്‍ക്കും അവരുടെ കുടുംബത്തിനും അവരുടെ സ്വാഭിമാനവും സ്വകാര്യതയും സമൂഹത്തിലെ അംഗങ്ങളെന്ന നിലയിലുള്ള  അന്തസ്സും സംരക്ഷിച്ചുകൊണ്ട്  അവരുടെ സ്ഥലപരമായ ആവശ്യങ്ങൾ [Spatial Needs] നിവര്‍ത്തിക്കാൻ പര്യാപ്തമായതോതിൽ വലുപ്പമുള്ള ഒരു വീട് സ്വന്തമായുണ്ടാവുക എന്നത് ഓരോ കുടുംബത്തിന്റെയും മൗലികമായ മനുഷ്യാവകാശമാണെന്നാണ് മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ആര്‍ട്ടിക്കിൾ 25 പറയുന്നത്. ഒരു കുടുംബത്തിന്റെ സ്ഥലപരമായ ആവശ്യങ്ങൾ നിവര്‍ത്തിക്കാൻ കഴിയുന്ന ഒരു വീടിനെയാണ്‌ ഐക്യരാഷ്ട്രസംഘടന മതിയായ പാര്‍പ്പിടം [Adequate Housing] എന്നു വിളിക്കുന്നത്. ഒരു കുടുംബത്തിലെ ഒരംഗത്തിന് അയാളുടെ വീട്ടിൽ കുറഞ്ഞത് 165 സ്ക്വയർഫീറ്റ് സ്ഥലം ഉണ്ടെങ്കിൽ ആ വീടിനെ പ്രാഥമികമായി നമുക്ക് മതിയായ പാര്‍പ്പിടം എന്നു വിളിക്കാം. അതായത് നാലുപേരുള്ള ഒരു കുടുംബം താമസിക്കുന്ന വീടിന് ഏറ്റവും കുറഞ്ഞത് 660 സ്ക്വയർഫീറ്റ് എങ്കിലും വലുപ്പം ഉണ്ടായിരിക്കണം. അതിൽത്താഴെ വലുപ്പമുള്ള വീടുകളെ അംഗബാഹുല്യമുള്ള വീടുകൾ [Overcrowded Houses ] എന്നാണ് ഐക്യരാഷ്ട്രസംഘടന നിര്‍വചിച്ചിട്ടുള്ളത്‌. പ്രസ്തുത നിര്‍വചനപ്രകാരം കേരളത്തിലെ പട്ടികജാതി കോളനികളിലെ മിക്ക വീടുകളും അംഗബാഹുല്യമുള്ള വീടുകളായിരിക്കും. വീടിനകത്തെ അംഗബാഹുല്യം പരിശോധിക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡമനുസരിച്ച് ഭാര്യാഭര്‍ത്താക്കന്മാരല്ലാത്ത ഒന്നിൽക്കൂടുതലാളുകൾ ഒരു മുറി പങ്കുവയ്ക്കുന്നുവെങ്കിൽ ആ വീടിനെ അംഗബാഹുല്യം ഉള്ള വീടായാണ് കണക്കാക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ കോളനികളിലെ എല്ലാ ഒറ്റ മുറി വീടുകളും അംഗബാഹുല്യമുള്ള വീടുകളായിരിക്കും. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ പട്ടികജാതി കോളനികളിലെ ഏതാണ്ടെല്ലാ വീടുകളും അംഗബാഹുല്യമുള്ള, ആളുകള്‍ക്ക് താമസിക്കാൻ യോഗ്യമല്ലാത്ത വീടുകളാണ്. പട്ടികജാതി മനുഷ്യരുടെ സാമ്പത്തികവികാസത്തെ തടയുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് ഇത്തരം ശവപ്പെട്ടിവീടുകളാണ്[Coffin Homes]. ഗൃഹസാഹിത്യത്തിൽ [Housing literature] മനുഷ്യര്‍ക്ക്  കുന്തിച്ചിരിക്കാൻ[Squatting]പോലും ഇടമില്ലാത്ത വീടുകളെയാണ് ശവപ്പെട്ടിവീടുകൾ എന്നു വിളിക്കുന്നത് ഇത്തരം വീടുകൾ എങ്ങനെയാണ് പട്ടികജാതി മനുഷ്യരുടെ സാമ്പത്തികവികസനത്തെ തടയുന്നത് എന്നു നോക്കാം.


കേന്ദ്ര സെന്‍സസ് അനുസരിച്ച് ഒരു പൊതുഅടുക്കള പങ്കുവയ്ക്കുന്ന കുടുംബത്തെയാണ് Household എന്ന് നിര്‍വചിക്കുന്നത്. ഒരു കുടുംബം ഒന്നിച്ചു താമസിക്കുകയും ഭക്ഷണമുണ്ടാക്കി കഴിക്കുകയും ചെയ്യുന്ന ഇടത്തെയാണ് Household  എന്നു പറയുന്നതെന്ന് കരുതിയാൽ വീട് [Home] എന്ന ആശയത്തിൽനിന്നു ബഹുദൂരം അകലെയാണ് household എന്ന സങ്കല്പനം എന്നു കാണാം. ഭക്ഷണം ഉണ്ടാക്കിക്കഴിക്കുന്നവരുടെമാത്രം കൂട്ടമായി കുടുംബങ്ങളെക്കണ്ടാൽ അവര്‍ക്ക് നമ്മൾ ഇരതേടി ജീവിക്കുന്ന മൃഗങ്ങളുടെ പദവി മാത്രമാണ് കൊടുക്കുന്നത് എന്നു കാണാം. ആധുനികമനുഷ്യർ കേവലം ഇരതേടി ജീവിക്കുന്ന മൃഗങ്ങളല്ല. അവർ ജീവിക്കുന്ന സമൂഹവുമായി സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും സാംസ്കാരികമായും നിരന്തരം ഇടപെടുന്ന സക്രിയനായ ഒരു വ്യക്തിയാണ്. അത്തരം വ്യക്തികൾ  താമസിക്കുന്ന ഇടങ്ങളാണ് ഓരോ വീടും. ഇരതേടുകയും ഇണ ചേരുകയും മാത്രം ചെയ്ത ഗുഹാമനുഷ്യരുടെ വാസസ്ഥലങ്ങൾ അല്ല ആധുനിക മനുഷ്യര്‍ക്ക് ഉണ്ടാകേണ്ടത്. ഈ വിശാലമായ പരിപ്രേക്ഷ്യത്തിനകത്തു വേണം നമ്മൾ വീടെന്ന ആശയത്തെ സമീപിക്കാൻ. വീടെന്നത് കേവലമായ ഒരു ഭൗതിക ഇടം [Physical Space] മാത്രമല്ല. അതിലെ താമസക്കാര്‍ക്ക് മതിയായ സുരക്ഷ,സ്വകാര്യത, സ്ഥലപരമായ സേവനങ്ങൾ ഒക്കെ നല്കുന്ന ഒരിടമാണത്. ഒരു വ്യക്തിയെ ഈ ഭൂമിയിൽ ഉറപ്പിച്ചുനിറുത്തുന്ന, ഈ ഭൂമിയിൽ അയാള്‍ക്ക് സ്വന്തമായ ഒരിടം നല്കുന്ന അയാളുടെ സ്വത്വത്തെ നിര്‍ണയിക്കുന്ന, ആ വ്യക്തിയെ സമൂഹവുമായി കണ്ണിചേര്‍ക്കുന്ന ഇടമാണ് അയാളുടെ വീട്. ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും സുരക്ഷിതമായ, അവര്‍ക്ക് ഏറ്റവും സ്വകാര്യത നല്കുന്ന, സമൂഹത്തിലെ അവരുടെ പദവിയെ നിര്‍ണയിക്കുന്ന ഇടമാണ് അവരുടെ വീടെന്നത്. വീടെന്നത് അവിടുത്തെ താമസക്കാരെ സംബന്ധിച്ചിടത്തോളം ഒരു ‘സ്വകാര്യ ഇടമാണ്’ [Private Space].


ഒരു വീടിനെ സംബന്ധിച്ചിടത്തോളം അതിന് ഭൗതികമായ ,അജൈവമായ ഒരസ്തിത്വം ഉണ്ട്. കല്ലും മണ്ണും സിമന്റും ഒക്കെ കൊണ്ടുണ്ടാക്കിയ ഒരു കെട്ടിടം എന്ന അർഥത്തിൽ വീടൊരു ഭൗതികമായ ഇടം ആണ്. എന്നാൽ ഒരു വീടും ഒരു കെട്ടിടം മാത്രമായല്ല നിലനില്ക്കുന്നത്. ഓരോ വീടിനകത്തും വീടും വീടിനകത്ത് താമസിക്കുന്നവരും തമ്മിലുള്ള നിരന്തരമായ വിനിമയങ്ങൾ നടക്കുന്നുണ്ട്. സ്ഥലപരമായ തങ്ങളുടെ ആവശ്യങ്ങൾ നിവര്‍ത്തിക്കുന്നതിനായി വീട്ടിലെ താമസക്കാർ വീടിനെ ഉപയോഗിക്കുകയും പുനര്‍ക്രമീകരിക്കുകയും പുനര്‍നിർമിക്കുകയും ചെയ്തുകൊണ്ടിരിക്കും. ഒരു വീടും അതിനകത്തെ ആളുകളും പരസ്പരം ബന്ധപ്പെടുന്നതുപോലെത്തന്നെ അവർ ജീവിക്കുന്ന സമൂഹവുമായും അവർ    നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. ഒരു വീടിനകത്തുള്ള ആളുകള്‍ക്ക് വീടിനുവെളിയിലുള്ള ആളുകളുമായുള്ള സാമൂഹികബന്ധങ്ങളിൽ അവരുടെ വീടും ഒരു മുഖ്യമായ കഥാപാത്രമാണ്. വീടിനെ മാറ്റിനിറുത്തിക്കൊണ്ട് വ്യക്തിയുടെ സാമൂഹികബന്ധത്തെ വിലയിരുത്താൻ കഴിയില്ല. ഒരു വ്യക്തിയും അയാളുടെ വീടും അയാൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹവും ഇഴപിരിയാതെ നില്ക്കുന്നവയാണ്. ഒരു വ്യക്തിയുടെ ആവാസവ്യവസ്ഥയ്ക്ക് [Habitat] അകത്ത് അയാള്‍ക്ക്  സ്വന്തമായുള്ള ഭൗതിക ഇടത്തെയാണ് നമ്മൾ സ്വകാര്യസ്വത്ത്  അല്ലെങ്കിൽ Private Property എന്ന് വിളിക്കുന്നത്. വീടെന്ന ഭൗതികസ്വത്തിനോടുകൂടി അതിൽ താമസിക്കുന്നവർ തമ്മിലുള്ള പരസ്പരബന്ധവും അവരുടെ  സാമൂഹികബന്ധങ്ങളുംകൂടി ചേരുമ്പോഴാണ് വീടൊരു സ്വകാര്യ ഇടം [Private Space] ആയി മാറുന്നത്. വീടും വീടിനകത്തെ ആളുകളും അവർ ജീവിക്കുന്ന സമൂഹവും തമ്മിലുള്ള പരസ്പരം വേര്‍പെടുത്താൻ കഴിയാത്ത അസ്തിത്വത്തെയാണ് സ്വകാര്യ ഇടം എന്ന് പറയുന്നത്. സ്വകാര്യ ഇടം എന്നതിനകത്ത് സന്തോഷപൂര്‍ണമായി ഒരു കുടുംബത്തിനു താമസിക്കാൻ ആവശ്യമായ ഒരു ഭൗതിക ഇടം ഉണ്ടാവുക എന്നതിനൊപ്പം ആ ഇടം എങ്ങനെയാണ് ആ വ്യക്തികളുടെ സാമൂഹ്യബന്ധങ്ങളിൽ സ്വാധീനം ചെലുത്തുന്നത് എന്നുകൂടി പരിഗണിക്കുന്നു.


സ്വകാര്യഇടം എന്ന ആശയത്തിനകത്തെ മുഖ്യമായ ഒരു തലമാണ് സ്വകാര്യസ്വത്ത് [Private Property] എന്നത്. പട്ടികജാതി കോളനികളിലെ വീടുകൾ സാമ്പത്തികമൂല്യമുള്ള ഒരു സ്വകാര്യസ്വത്ത്   [private Asset] ആണോയെന്ന് ആദ്യം നോക്കാം. പട്ടികജാതി കോളനികളിലെ ഭൂരിപക്ഷം ഭൂമിയും കൈവശാവകാശം മാത്രമുള്ളവയാണ്. മിക്ക കുടുംബങ്ങള്‍ക്കും മൂന്നു സെന്റ്‌ ഭൂമിയാണ്‌ ആകെയുള്ളത്. ഇത്തരം ഭൂമിക്ക് ഇനി പട്ടയം ഉണ്ടെങ്കിൽ പോലും ആ ഭൂമി ബാങ്കിൽ പണയം വയ്ക്കാനോ, കോളനിക്ക് വെളിയിലുള്ള ഭൂവിലയ്ക്ക് അനുസരിച്ച് വില്‍ക്കാനോ കഴിയില്ല. അടുത്ത തലമുറയ്ക്ക് കൈമാറാൻ കഴിയുമെങ്കിലും, അവരുടെ സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന ഒരു സാമ്പത്തിക വിഭവമേ അല്ല കോളനികളിലെ പട്ടികജാതി വീടുകളും ഭൂമിയും. അതായത് ഒരു കമ്പോള വ്യവസ്ഥയിൽ വിറ്റ് കാശാക്കാനോ,ബാങ്കിൽ പണയംവച്ച് വായ്പ എടുക്കാനോ, മരിക്കുമ്പോൾ മക്കള്‍ക്ക്  കൊടുക്കാനോ പറ്റുന്ന   സാമ്പത്തികമൂല്യമുള്ള ഒരു ചരക്കല്ല പട്ടികജാതി കോളനികളിലെ ഭൂമിയും അതിലെ വീടുകളും. മാര്‍ക്സിയൻ ഭാഷ ഉപയോഗിച്ചാൽ ‘ഉത്പാദന ഉപാധികൾ കൈയിലില്ലാത്ത, മൂലധനം കൈയിലില്ലാത്ത സ്വന്തം അധ്വാനംമാത്രം കൈമുതലായുള്ള ഒരു കൂലി തൊഴിലാളി’ മാത്രമായി ജീവിക്കേണ്ട അവസ്ഥയിൽ പട്ടികജാതിക്കാരായ ആളുകളെ തളച്ചിട്ടിട്ടുള്ള തുറന്ന സമൂഹ ജയിലുകളാണ് കേരളത്തിലെ പട്ടികജാതി കോളനികൾ [Open Social Jail].


സാമ്പത്തിക മൂല്യമില്ലാത്ത വീടുകൾ


പട്ടികജാതി കോളനികളിലെ ഭൂമിയും വീടും സാമ്പത്തികമൂല്യമുള്ള ഒരു ചരക്കല്ല. 400 ചതുരശ്രയടിക്ക് താഴെമാത്രം വലുപ്പമുള്ള ഒരു വീടിനകത്ത് ഒന്നിൽക്കൂടുതൽ കുടുംബങ്ങൾ താമസിക്കുന്ന അവസ്ഥയാണുള്ളത്. ഒറ്റമുറി വീടുകളിൽ പഠിക്കാനുള്ള അന്തരീക്ഷമോ, വ്യക്തിയുടെ സ്വകാര്യത നിലനിറുത്തിക്കൊണ്ട് ജീവിക്കാനുള്ള അവസ്ഥയോ ഉണ്ടാവില്ല എന്നത് ഉറപ്പാണ്. പ്രായത്തിനും ലിംഗത്തിനും ഭിന്നശേഷിക്കും അനുസരിച്ച് ആളുകളുടെ സവിശേഷമായ സ്ഥലപരമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ പട്ടികജാതി കോളനികളിലെ മിക്ക വീടുകള്‍ക്കും കഴിയില്ല. അംഗബാഹുല്യവും സ്ഥലപരിമിതിയും ഒരമ്മപെറ്റ മക്കളെപ്പോലെയാണ് പട്ടികജാതി കോളനികളിലെ വീടുകളിൽ നിലനില്ക്കുന്നത്. പങ്കാളികളുടെ ലൈംഗികസ്വകാര്യതയ്ക്ക് [Sexual Privacy and Conjugal Rights] പോലും മറ്റുള്ളവരുടെ സഹകരണം ആവശ്യമാകുന്നതരത്തിൽ ജീവിക്കേണ്ടിവരുന്നവരുടെ മാനസികയവസ്ഥ ഓര്‍ത്താൽ മതി. ഇടുങ്ങിയസ്ഥലത്ത് കൂട്ടത്തോടെയുള്ള താമസം ഉണ്ടാക്കുന്ന അനാരോഗ്യാവസ്ഥകൾ കൂനിന്മേൽ കുരുപോലെ പട്ടികജാതി കോളനികളിലെ വീടുകളെ ഭൂമിയിലെ നരകങ്ങൾ ആക്കുന്നു. കക്കൂസ് ഇല്ലാത്തതും കക്കൂസ് നിർമിക്കാൻ സ്ഥലമില്ലത്തതുമായ വീടുകൾ കോളനികളിലുണ്ട്. കക്കൂസില്ലാത്ത വീടുകളുടെ എണ്ണം 68685 ആണ്.  മതിയായ കുടിവെള്ള സൗകര്യങ്ങൾ ഇല്ലാത്ത കോളനിവീടുകളുടെ എണ്ണം 2.93 ലക്ഷം ആണ്. 2010-ലെ കണക്കനുസരിച്ച് കോളനികളിലെ വൈദ്യുതീകരിക്കാത്ത വീടുകളുടെ എണ്ണം 2262 ആണ്. ചുരുക്കിപ്പറഞ്ഞാൽ കോളനികളിലെ വീടുകളുടെ അവസ്ഥ പരിതാപകരമാണ്. അത്തരം വീടുകളിൽ താമസിക്കുന്ന ഓരോ നിമിഷവും വ്യക്തികൾ കടുത്ത മാനസിക സമ്മർദത്തിലൂടെയും സാമ്പത്തിക നിസ്സഹായവസ്ഥകളിലൂടെയും ആകും കടന്നുപോകുക.


പട്ടികജാതി കോളനികളിലെ ആളുകള്‍ക്ക് സമൂഹത്തിൽ എത്രത്തോളം സക്രിയമായി ഇടപെടാൻ കഴിയുന്നുണ്ട് എന്നതും പരിശോധിക്കേണ്ടതുണ്ട്. കോളനിയിലെ ആളുകളിൽനിന്നു ഒരു നിക്ഷേപകൻ ഉയര്‍ന്നുവരാനുള്ള സാധ്യത വിരളമാണ്. കാരണം മൂലധനനിക്ഷേപം നടത്താൻ ആവശ്യമായ ബാങ്ക് വായ്പയിലേക്ക് അയാള്‍ക്കൊരിക്കലും എത്താൻ കഴിയില്ല. പട്ടികജാതി കോളനികളിലെ സ്വയം തൊഴിൽ ചെയ്യുന്നവരുടെ എണ്ണം മൊത്തം തൊഴില്‍ശക്തിയുടെ 3.61 ശതമാനം മാത്രമാണ്. യാതൊരു മൂല്യവുമില്ലാത്ത കോളനിഭൂമിയുടെ ഉടമസ്ഥർ എന്ന നിലയിൽ ഭൂമിയുടെ കമ്പോളത്തിലേക്കും അവര്‍ക്ക് പ്രവേശിക്കാൻ കഴിയില്ല. കോളനിയിലെ മനുഷ്യാധ്വാനത്തിന്  എത്തിച്ചേരാൻ കഴിയുന്ന മേഖലകൾ മിക്കപ്പോഴും അവരെ നിത്യരോഗികളാക്കുന്നതോ അല്ലെങ്കിൽ ആയുസ്സെത്തുന്നതിന് മുന്‍പേ പരലോകം കാണിക്കുന്നതോ ആയ കഠിനജോലികളാണ്. പട്ടികജാതികോളനികളിൽ ജോലി ചെയ്യുന്നവരിൽ 77 ശതമാനവും കൂലിപ്പണിക്കാരാണ്. മാതാപിതാക്കൾ മിക്കവരും പാതിവഴിയിൽ വീണുപോകുന്ന അവസ്ഥയിൽ അവരുടെ കുട്ടികള്‍ക്ക് ഒരിക്കലും ഉന്നത വിദ്യാഭ്യാസത്തിലേക്കൊന്നും എത്താൻ കഴിയില്ല. കാരണം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കാൻ അവര്‍ക്ക് സമ്പാദ്യമോ, ബാങ്ക് വായ്പയോ ഇല്ലാത്തതിനാൽ മിക്ക കുട്ടികളും പഠനം പാതിവഴിക്ക് അവസാനിപ്പിച്ച് കുറഞ്ഞ കൂലിയും കൂടുതൽ അധ്വാനവും ആവശ്യമുള്ള തൊഴിലുകളിലേക്ക് പായുന്നു. കോളനികളിലെ ആളുകളിൽ 11 ശതമാനം പേർ നിരക്ഷരരാണ്‌. പത്താംക്ലാസ്സുവരെ പഠിച്ചവർ 77 ശതമാനം ആകുമ്പോൾ പത്താംക്ലാസ്സ് പാസായവർ 13.44 ശതമാനം മാത്രമേയുള്ളൂ എന്നത് സൂചിപ്പിക്കുന്നത് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ഉയര്‍ന്ന കൊഴിഞ്ഞുപോക്കാണ് [Dropout]. ഹയർ സെക്കന്ററി പാസായവർ 6.49 ശതമാനം മാത്രമാകുമ്പോൾ ബിരുദ ബിരുദാനന്തര ബിരുദം നേടിയവർ 2.80 ശതമാനം മാത്രമാണ്. എഞ്ചിനീയറിംഗ് മെഡിക്കൽ ബിരുദം ഉള്ളവർ കേവലം 0.09 ശതമാനം മാത്രമാണ്. ഈ കണക്കുകൾ എല്ലാം സൂചിപ്പിക്കുന്നത് ലോകപ്രസിദ്ധ ‘കേരളാ മോഡൽ’ വികസനത്തിനകത്തെ ഒരപഭ്രംശമായാണ് പട്ടികജാതി കോളനികളിലെ ആളുകളുടെ വിദ്യാഭ്യാസനിലവാരം കിടക്കുന്നത് എന്നാണ്. പട്ടികജാതി വീടുകള്‍ക്കകത്തെ അംഗബാഹുല്യവും അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമാണ് അവര്‍ക്കിടയിലെ താഴ്ന്ന പഠനനിലവാരത്തിനുള്ള ഒരു കാരണം.  നവലിബറൽ തൊഴിലിടങ്ങളിലേക്കാവശ്യമായ വൈദഗ്ധ്യം നേടാൻ തങ്ങളുടെ ദാരിദ്ര്യംമൂലം  പട്ടികജാതി കോളനികളിലെ യുവാക്കള്‍ക്ക് കഴിയുന്നില്ല. പട്ടികജാതി കോളനിയിൽനിന്നു വരുന്നു  എന്നത് തൊഴിൽ കമ്പോളത്തിൽ എത്തുന്ന പട്ടികജാതിക്കാരെ സംബന്ധിച്ചിടത്തോളം സാമൂഹികമായി പുറന്തള്ളപ്പെടാനുള്ള മതിയായ കാരണമാണ്. ചുരുക്കിപ്പറഞ്ഞാൽ കോളനികളിലെ പട്ടികജാതിക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ കോളനിഭൂമിയും വീടും അവരുടെ സാമൂഹികവിനിമയങ്ങളും അവരെ നിത്യദരിദ്രരാക്കുന്ന ഘടകങ്ങളാണ്. അതായത് പട്ടികജാതിക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ വീടെന്നത് യാതൊരു സാമ്പത്തികമൂല്യവും ഇല്ലാത്ത, അവരുടെ ക്ഷേമത്തിനുതകാത്ത, അവരുടെ സാമൂഹ്യബന്ധങ്ങളെ സാമ്പത്തികമായും സാംസ്കാരികമായും ശക്തിപ്പെടുത്താത്ത ഒരു മൂല്യരഹിത സ്വകാര്യഇടം മാത്രമാണ്.


കോളനിയിലെ ഓരോ വീടും ഒരു സ്വകാര്യ ഇടം എന്ന നിലയിൽ യാതൊരുവിധ സാമ്പത്തിക മൂല്യവും ഇല്ലാതെ തുടരുന്ന സാഹചര്യത്തിൽ സര്‍ക്കാരുകൾ ഓരോ കോളനിക്കുമായി എത്ര കോടികൾ ചിലവഴിച്ചാലും അതവരുടെ സ്വകാര്യഇടത്തെ [Private Space] ഒരിക്കലും ഗുണപരമായി വികസിപ്പിക്കുകയില്ല. പട്ടികജാതി കോളനികളുടെ റോഡ്‌ സ്വര്‍ണംകൊണ്ട് ടാർ ചെയ്താലും അതിന്റെ മതിലുകൾ സ്വര്‍ണം കൊണ്ടുണ്ടാക്കി രത്നങ്ങൾ പൂശിയാലും ആ കോളനിക്കകത്തെ വീടുകൾക്ക് ഒരു ‘സ്വകാര്യ ഇടം’ എന്ന നിലയിൽ യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. സ്വകാര്യമായ ഇടം വികസിക്കാതെ ഒരിക്കലും ഒരു കോളനി മനുഷ്യനും സാമ്പത്തികമായി ഉയരാനും പോകുന്നില്ല. വ്യക്തിഗത സാമ്പത്തികവികസനത്തിന്റെ അടിസ്ഥാനം സ്ഥാപനപരമായ വായ്പകളിൽ അയാള്‍ക്കെത്രമാത്രം പങ്കാളിത്തമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. യാതൊരു മൂല്യവുമില്ലാത്ത കോളനിഭൂമിയുമായി ഒരാള്‍ക്കും ബാങ്ക് വായ്പകളിലേക്ക് യാതൊരുവിധ പ്രവേശനവും ലഭിക്കില്ല. കേരളത്തിലെ പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങളൊഴികെ മറ്റെല്ലാവിഭാഗം ആളുകളും സാമ്പത്തികമായി വികസിച്ചത് പ്രധാനമായും നാലുവഴികളിലൂടെയാണ്‌. ഭൂപരിഷ്കരണം, സര്‍ക്കാർ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യവികസനം, ഗള്‍ഫ് കുടിയേറ്റം, സഹകരണബാങ്കുകൾ അടക്കമുള്ളവ നല്കിയ വായ്പകൾ. ഈ നാല് വികസനമാര്‍ഗങ്ങളിലും പട്ടികജാതികോളനികളിലെ ആളുകള്‍ക്ക് യാതൊരുവിധ പങ്കാളിത്തവും കിട്ടിയിട്ടില്ല. അവര്‍ക്ക് നേരിട്ട് ഗുണം ലഭിച്ചത് നാമമാത്രമായ തോതിൽ ലഭിച്ച ജാതിസംവരണം മാത്രമാണ്. ‘കേരള മോഡൽ’ വികസനത്തിന്റെ നേട്ടങ്ങൾ പ്രായോഗികമായി ഉപയോഗപ്പെടുത്താനുള്ള മൂലധനം അവര്‍ക്കില്ലാതെപോയി. അതിനുള്ള ഏറ്റവും മുഖ്യമായ കാരണം പട്ടികജാതി കോളനികളിലെ ഭൂമിയും വീടും സാമ്പത്തികമായി യാതൊരു ക്രയശേഷിയും ഇല്ലാത്ത പാഴ്‌വസ്തുക്കളാണെന്നുള്ളതാണ്. കേരളത്തിലെ കോളനികൾ ഇന്നും ഫ്യൂഡൽ പുറമ്പോക്കിലെ അടിമ ജീവിതമായി നില്ക്കുന്നതിന്റെ ഏറ്റവും മുഖ്യമായ കാരണം അവരുടെ സ്വകാര്യ ഇടത്തിന്റെ സാമ്പത്തിക സാംസ്കാരിക മൂല്യമില്ലായ്മയാണ്. പട്ടികജാതി ക്ഷേമപദ്ധതികൾ ഒരിക്കലും ഈ മൂല്യമില്ലായ്മയെ അഭിസംബോധന ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരുകൾ പട്ടികജാതി കോളനികളിലെ വീടുകളുടെ സ്വകാര്യഇടത്തിന് പുറത്തു ചെലവഴിക്കുന്ന ഒരു രൂപയും പട്ടികജാതിക്കാരുടെ സാമ്പത്തിക വികസനത്തിന്‌ ഉതകില്ല.


‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിൽ നായകർ താമസിക്കുന്ന ഇടത്തെ ‘തീട്ടപ്പറമ്പ്’ എന്നു പൊതുസമൂഹം വിളിക്കുമ്പോൾ അവരുടെ വ്യക്തിഗതമായ കഴിവുകള്‍ക്കപ്പുറം അവരുടെ വീടിരിക്കുന്ന സ്ഥലത്തെ മുന്‍നിര്‍ത്തി അവരുടെ സാമൂഹിക അസ്തിത്വത്തെ പ്രശ്നവത്കരിക്കുമ്പോൾ അവർ അനുഭവിക്കുന്നത്  കേവലമായ വ്യക്തിഗത വേദനകളല്ല. അതായത് ‘തീട്ടപ്പറമ്പ്’ എന്ന പ്രയോഗത്തിലൂടെ പൊതുസമൂഹം ഉയര്‍ത്തുന്ന കളിയാക്കലുകളെ വ്യക്തിതലത്തിൽ പരിഹരിക്കാൻ അവര്‍ക്ക് കഴിയില്ല. കേരളത്തിലെ പട്ടികജാതി കോളനികൾ, അവയുടെ സവിശേഷമായ ഭൂമിശാസ്ത്രപരമായ പിന്നോക്കാവസ്ഥകളും, സാമ്പത്തികമായുള്ള മൂല്യമില്ലായ്മയും ചേരുമ്പോൾ യാതൊരു തരത്തിലും സാമ്പത്തികമായി വികസിക്കാൻ കഴിയാത്ത അവികസിത തുരുത്തുകളായി തുടരുക തന്നെ ചെയ്യും. കോളനികളുടെ അടിസ്ഥാനവികസനത്തിനായി സര്‍ക്കാർ എത്ര കോടികൾ മുടക്കിയാലും അതൊന്നും കോളനിക്കകത്തെ വീടുകളുടെ അവസ്ഥയെ ഒരിഞ്ചുപോലും മാറ്റില്ല. സര്‍ക്കാർ എത്ര പണം പട്ടികജാതി വികസനത്തിനായി ചെലവഴിച്ചാലും അവരുടെ വീടുകൾ ശവപ്പെട്ടി വീടുകളായി തുടരുന്നിടത്തോളം അവരുടെ സാമ്പത്തികവികസനം അസാധ്യമാണ്. സര്‍ക്കാർ സ്ഥിതിവിവര കണക്കുകള്‍ക്കുള്ളിൽ തിളങ്ങിനില്ക്കുന്ന ‘കേരളാമോഡൽ’ വികസനത്തിന്റെ മനോഹാരിതയ്ക്കപ്പുറം അധികം ആരുടെയും നോട്ടമെത്താത്ത അല്ലെങ്കിൽ നമ്മൾ എല്ലാവരും സൗകര്യപൂർവം കണ്ടില്ലെന്നു നടിക്കുന്ന നവോഥാന വികസന ദുരന്തഭൂമിയാണ്‌ കേരളത്തിലെ ഓരോ പട്ടികജാതി കോളനിയും.