കലയുടെ ഉൽകൃഷ്ടത തേടുന്ന സമൂഹം – ജി. പ്രമോദ്കുമാർ

കലയുടെ ഉൽകൃഷ്ടത തേടുന്ന സമൂഹം – ജി. പ്രമോദ്കുമാർ

സംഗീതം


ലോകപ്രശസ്തമായ എഡിൻബറ ഫെസ്റ്റിവലിനെക്കാളും പഴയത്, സാൽസ്ബുർഗ് ഫെസ്റ്റിവലിനെക്കാൾ വലുത്, ഏഷ്യയിലെ ഏറ്റവും വലിയ സംഗീതോത്സവം ഒരു നഗരത്തെ യുനെസ്‌കോ ‘ഹെറിറ്റേജ് സിറ്റി’ എന്നു വിളിക്കാനുള്ള വൈശിഷ്ട്യം – അതാണ് ചെന്നൈയുടെ ‘മാർഗഴി സംഗീതോത്സവം’.

ഇന്ത്യയിലെ ഒരു നഗരത്തിൽ നൂറുവർഷത്തോളമായി ശാസ്ത്രീയസംഗീതത്തിനുവേണ്ടി മാത്രമായി ആഴ്ചകൾ നീളുന്ന ഒരുത്സവം നടന്നുവരുന്നു എന്നത് ഒരു ചെറിയ അദ്ഭുതം തന്നെയാണ്.  ചെന്നൈയെ വെള്ളത്തിൽ മുക്കിയ പ്രളയകാലത്തുപോലും ഇതിനു മുടക്കംവന്നിട്ടില്ല എന്നത് മറ്റൊരദ്ഭുതം.


നവംബർ അവസാനം-ഡിസംബർ ആദ്യം തുടങ്ങി ജനുവരി വരെ ഒമ്പതോളം ആഴ്ചകൾ നീളുന്ന മാർഗഴി ഉത്സവകാലത്ത് ഏതാണ്ട് നാല്പതു കിലോമീറ്റർ വ്യാസമുള്ള ഈ നഗരത്തിൽ രണ്ടായിരത്തോളം സംഗീതക്കച്ചേരികളാണ് അരങ്ങേറുന്നത്.നേരം പുലരുന്നതുമുതൽ രാവേറെയാകുന്നതുവരെ ചെന്നൈ നഗരത്തിന്റെ പലഭാഗങ്ങളും സംഗീതമുഖരിതമായിരിക്കും. ഇത് ഒരു സർക്കാരോ, ഒരു സംഘടനയോ ചെയ്യുന്നതല്ല, അവരാരും ഒരു രൂപപോലും മുടക്കുന്നുമില്ല. മറിച്ച് ദശകങ്ങളോളം സംഗീതം ഒരു ജീവിതനിഷ്ഠയാക്കി മാറ്റിയ ഒരു സമൂഹം കലയുടെ ഉൽകൃഷ്ടത തേടുന്നതാണ്. ചെറിയ കുട്ടികൾ മുതൽ എൺപതും തൊണ്ണൂറും കഴിഞ്ഞ വയോധികർവരെയുള്ള ഒരു സമൂഹം ഒരു കലയെ തീവ്രമായി ഉപാസിക്കുന്നതിന്റെ നേർചിത്രം.


തെക്കേഇന്ത്യ മുഴുവൻ കർണാടകസംഗീതമുണ്ടെങ്കിലും, ചെന്നൈയാണ് അതിന്റെ തലസ്ഥാനം. പാശ്ചാത്യ ശാസ്ത്രീയസംഗീതത്തിന് വിയന്ന എന്താണോ, ജാസ് സംഗീതത്തിന് ന്യൂ ഓർലിയൻസ് എന്താണോ അതുപോലെയാണ് കർണാടകസംഗീതത്തിന് ചെന്നൈ. ആ കർണാടകസംഗീതത്തിൽ കലാകാരന്മാർക്ക് എത്രത്തോളം ഉയരത്തിലെത്താം എന്നത് പ്രകാശിക്കപ്പെടുന്നത് മാർഗഴിയിലാണ്.


ചെറുതും വലുതുമായ നൂറുകണക്കിന് ‘സംഗീതസഭ’കളാണ് മാർഗഴിയുടെ പ്രധാന സംഘാടകശക്തി. ഇവരുടെ നട്ടെല്ലോ സംഗീതം ജീവിതമായോ, ജീവിതത്തിന്റെ പ്രധാനഭാഗമായോ ഉഴിഞ്ഞുവച്ച നൂറുകണക്കിനുപേർ. ഈ സംഗീതസഭകളിൽ കൈയിലെണ്ണാവുന്ന ഇരുപതോ മുപ്പതോ പേരാണ് പ്രധാനികൾ, അതിൽത്തന്നെ ഒരു പത്തോ പതിനഞ്ചോ പേരാവും ഏറ്റവും ആളുകളെ ആകർഷിക്കുന്ന കച്ചേരികൾ നടത്തുക. ഈ എണ്ണം പറയാവുന്ന സഭകളിൽ ഏറ്റവും മുഖ്യമാണ് ‘മദ്രാസ് മ്യൂസിക് അക്കാഡമി’. ഒരുപക്ഷേ, മദ്രാസ് മ്യൂസിക് സീസൺ എന്ന ഈ മാർഗഴി പ്രതിഭാസം ഉണ്ടാവാൻ കാരണവും മ്യൂസിക് അക്കാഡമിതന്നെ. അതുകൊണ്ട് അവരുടെ വാർഷികപരിപാടിയാണ് പലരും മാർഗഴിയുടെ ടൈം ടേബിളിൽ ഏറ്റവും പ്രധാനമായി കണക്കാക്കുന്നത്. അതു തുടങ്ങുന്നത് ഡിസംബർ മധ്യത്തോടെയാണ്. സാധാരണയായി ഏറ്റവും ആദ്യം തുടങ്ങുന്നത് ഡിസംബറിന്റെ തുടക്കത്തിൽ കാർത്തിക് ഫൈൻ ആർട്‌സ് എന്ന സഭയുടെ കച്ചേരികളാണ്. നവംബറിൽ ചെറിയ സഭകളും ഒറ്റപ്പെട്ട കച്ചേരികളും നടക്കും. ഇവയൊക്കെ കൂടുതലും ‘വാം അപ്’ കച്ചേരികളായി അറിയപ്പെടുന്നു. സംഗീതജ്ഞരുടെ തയാറെടുപ്പാണ് അവ.


പേരെടുത്ത സഭകളുടെ കച്ചേരികളിലാണ് പ്രമുഖരായ സംഗീതജ്ഞരെ കാണാൻ സാധിക്കുക. രണ്ടായിരത്തോളം കച്ചേരികൾ നടക്കുന്നുണ്ടെങ്കിലും ഇതിൽ ഒരു പതിനഞ്ചുപേരാവും പ്രശസ്തരും മുൻനിരക്കാരും. അവരാണ് ലോകത്തെല്ലായിടത്തും (പ്രധാനമായും കർണാടകസംഗീതത്തിന്റെ ആരാധകർ താമസിക്കുന്നയിടങ്ങൾ) കർണാടകസംഗീതത്തിലെ താരങ്ങൾ. അവരിൽ ഓരോരുത്തരും ശരാശരി പതിനഞ്ചു കച്ചേരികൾവച്ച് പാടുന്നുണ്ടാവും. അതായത് ഏതാണ്ട് രണ്ടു ദിവസത്തിൽ ഒരു കച്ചേരി. അത്യന്തം ശ്രമകരമായ കർണാടകസംഗീത ആലാപനരീതിയിൽ ഇതത്ര എളുപ്പമല്ല. ഒരു കച്ചേരിയിൽ പാടിയ രാഗങ്ങളോ കൃതികളോ വീണ്ടും പാടില്ല എന്ന കീഴ്‌വഴക്കവും, എല്ലാ വർഷവും പുതിയതായി എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന കേഴ്‌വിക്കാരുടെ പ്രതീക്ഷകളും ഇവരുടെ മുകളിൽ ചെലുത്തുന്ന സമ്മർദം ചെറുതല്ല. പക്ഷേ, ഈ സമ്മർദവും, അവരുടെ കലയ്ക്ക് ഓരോ വർഷവും ആരാധകർ നല്കുന്ന വിചക്ഷണസ്തുതികളാണ് ഈ ഗായകരുടെ ഊർജം. ഈ മുന്നണി ഗായകരുടെ കച്ചേരികൾക്കാണ് ഏറ്റവും അധികം  ആള് കൂടുന്നതും, ഗേറ്റ് കളക്ഷൻസ് കിട്ടുന്നതും. ഇതിൽനിന്നുള്ള വരുമാനമാണ് വളർന്നു വരുന്ന ഗായകരുടെ കച്ചേരികൾ സംഘടിപ്പിക്കാനായി ഉപയോഗിക്കപ്പെടുന്നത്. പ്രധാന സഭകളിൽ പ്രധാന താരങ്ങൾ ഒഴിവാക്കാനാവാത്തവരായി മാറുന്നത് അതുകൊണ്ടാണ്. സഞ്ജയ് സുബ്രഹ്മണ്യൻ, രഞ്ജിനി-ഗായത്രി, അഭിഷേക് രഘുറാം, കുന്നക്കുടി, ബാലമുരളികൃഷ്ണ, സിക്കിൽ ഗുരുചരൺ, ബോംബേ ജയശ്രീ, ഭരത് സുന്ദർ, രാമകൃഷ്ണൻ മൂർത്തി, സാകേത് രാമൻ ഇങ്ങനെപോകുന്നു ഈ താരനിര. ഇവരുടെ കച്ചേരികൾക്കാണ് ഏറ്റവും ആളു കൂടുന്നതും, ഇവരാണ് പ്രധാനസഭകളുടെ ‘പ്രൈംടൈം പെർഫോമേഴ്സ്’.  പ്രൈംടൈം എന്നു പറഞ്ഞാൽ വൈകുന്നേരം നാലുമണിക്കും ആറരമണിക്കും. ഈ രണ്ടു സമയത്തുള്ള കച്ചേരികൾക്കു മാത്രമാണ് ടിക്കറ്റ് എടുക്കേണ്ടത്. ബാക്കി പകൽ സമയത്തുള്ളതിനെല്ലാം പ്രവേശനം സൗജന്യമാണ്. ശരിക്കും സംഗീതം ആസ്വദിക്കണമെന്നുള്ളവർക്ക് രാവിലെമുതൽ കച്ചേരിവേദികളിൽ കയറിയിറങ്ങാം, യാതൊരു പണച്ചെലവുമില്ലാതെ. 


കുറഞ്ഞത് ഒരു പത്തുവർഷത്തെയെങ്കിലും സംഗീതപഠനമില്ലാതെ ആരും ചെന്നൈയിൽ ‘അരങ്ങേറ്റം’ നടത്താറില്ല. അത്തരക്കാർക്ക് കിട്ടുന്നത് രാവിലെയുള്ള സ്ലോട്ടുകളാവും. മിക്കപ്പോഴും ഈ കച്ചേരികൾക്ക് സുഹൃത്തുക്കളും കുടുംബക്കാരും മാത്രമാവും കാണികൾ. മിക്കപ്പോഴും വിരലിലെണ്ണാവുന്നവർ മാത്രം. പക്ഷേ, ഇന്നു കാണുന്ന മുൻകിട താരങ്ങൾപോലും അവരുടെ സംഗീതജീവിതം തുടങ്ങിയത് ഇങ്ങനെയാവും. വേറെ ഒരു മാർഗവുമില്ല. ഇങ്ങനെ പാടിപ്പാടി തെളിയണം. അപ്പോൾ ക്രമേണ അവർക്കുകിട്ടുന്ന സ്ലോട്ടുകളും ഉയർന്നുകൊണ്ടിരിക്കും. നിലവാരവും ജനപിന്തുണയും ഉയരുന്നതനുസരിച്ച് അവർക്കുകിട്ടുന്ന സ്ലോട്ടുകൾ വൈകുന്നേരങ്ങിലേക്ക് അടുക്കും. ഒടുവിൽ ഒരു ചെറിയ വിഭാഗത്തിനുമാത്രം ഏറിവന്നാൽ ഒരിരുപതുപേർക്ക് പ്രൈം സ്ലോട്ടുകളിൽ പാടാനാവുന്നു. കുറഞ്ഞത് ഒരിരുപതുവർഷത്തെ അക്ഷീണപ്രയത്‌നവും നൂറുകണക്കിനു വേദികളിൽ പാടിയ പരിചയവുമില്ലാതെ ഈ സ്ഥാനങ്ങളിൽ എത്താനാവില്ല. അതാണ് ചെന്നൈയിലെ കർണാടകസംഗീതത്തിന്റെ ഉൽകൃഷ്ടത.


ആഗോളതലത്തിലും ഏതു കലയിലും ഇതുതന്നെയല്ലേ സ്ഥിതി? പാശ്ചാത്യ സംഗീതമായാലും, ജാസ്/ബ്ലൂസ് സംഗീതമായാലും ഇതുതന്നെ സ്ഥിതി. പിച്ചവയ്ക്കുന്ന കാലത്തു തുടങ്ങുന്ന അഭ്യാസമാണ് പത്തിരുപതു കൊല്ലത്തിനുശേഷം അവരെ എവിടെയെങ്കിലുമൊക്കെ എത്തിക്കുന്നത്. വേറൊരു കാര്യം ഈ ഗായകരെല്ലാംതന്നെ മുൻകിട സംഗീതജ്ഞരുടെയോ സംഗീതാധ്യാപകരുടെയോ ഒക്കെ ശിഷ്യരാണ് എന്നതാണ്. അവരുടെ ശിക്ഷണത്തിന്റെ നിലവാരം മറ്റുള്ളിടങ്ങളിൽനിന്നു എത്രയോ വിശിഷ്ടവും തീവ്രവുമാണ്. അതുകൊണ്ടുതന്നെയാണ് ഇവരുടെയൊക്കെ സംഗീതം അവിശ്വസനീയമായും ഗംഭീരമാവുന്നത്.


ശാസ്ത്രീയസംഗീതം അഥവാ കർണാടകസംഗീതം, എളുപ്പമുള്ളതല്ല. ശ്രുതി, സ്വരങ്ങൾ, സാഹിത്യം, രാഗങ്ങൾ, ഭാവങ്ങൾ, കൃതികൾ എന്നിവയിൽ ഗാഢമായ അവഗാഹമുള്ളവർക്കേ ഇത് കൈപ്പിടിയിലൊതുങ്ങൂ. അതിനു ജന്മസിദ്ധമായ സംഗീതബോധത്തിനുപുറമേ സയൻസിലെന്നപോലെ ദീർഘകാലം നിരന്തരമായ പരിശീലനം ആവശ്യമാണ്. ആവര്‍ത്തനമാണ് സയൻസിന്റെ കാതൽ എന്നു പറയാറുണ്ട്. അതുപോലെതന്നെയാണു കര്‍ണാടകസംഗീതത്തിലും. സ്വരങ്ങൾ ശ്വാസവായുപോലെയാവണം, ഒപ്പം സംഗീതത്തെ ഹൃദ്യമാക്കുന്ന സൗന്ദര്യബോധവും മനോധർമവും അതിതീവ്രമായ പരിശീലനവും ശാസ്ത്രീയാടിത്തറയും നേടിയാൽപ്പോലും വൈകാരികവും സൗന്ദര്യപരവുമായ ആകർഷണമില്ലാത്ത സംഗീതം വെറും ഉള്ളില്ലാത്ത ശാസ്ത്രീയാലാപനം മാത്രമായിപ്പോകുന്നത് അതുകൊണ്ടാണ്. ‘ടെക്‌നിക്ക്’ സൗന്ദര്യബോധത്തെയും തിരിച്ചും ഇഴപിരിയാതെ പുല്കുന്ന നിലയിലെത്തുമ്പോഴാണ് ഈ സംഗീതം നമുക്ക് ഹൃദയാനന്ദകരമാവുന്നത്. അത് വെറും കർണാനന്ദകരമായതുകൊണ്ട് കാര്യമില്ല.


കർണാടക സംഗീതത്തെ വിശിഷ്ടമാക്കുന്ന മറ്റൊരു കാര്യം മനോധർമമാണ്. സാങ്കേതികമായ അറിവും പരിശീലനവും ഗായകരെ പറവകളെപ്പോലെ പറന്നുപൊങ്ങാൻ അനുവദിക്കുന്നു. ചിട്ടപ്പെടുത്തിയ പരമ്പരാഗത ചട്ടക്കൂട്ടിൽനിന്നുകൊണ്ടുതന്നെ അവർ അവരുടെ ഭാവനയുടെ ചിറകിലേറി പറന്നുയരുന്നത് ലഹരിപകരുന്ന അനുഭവമാണ്. പാടുമ്പോൾ ഉപയോഗിക്കുന്ന ‘സംഗതികൾ’, ആ സംഗതികളുടെ വൈവിധ്യം, നെരവൽ, കല്പനസ്വരങ്ങൾ അങ്ങനെ പോകുന്നു മനോധർമ സാധ്യതകൾ. മൃദംഗ,വയലിൻ,ഉപ പക്കവാദ്യ വാദകർക്കുമുണ്ട് ഇതേ സാധ്യതകൾ. അതുകൊണ്ടാണ് വെറും മൂന്നോ നാലോ പേർ ചേർന്ന് നടത്തുന്ന കച്ചേരികൾ നൂറുപേരുടെ സിംഫണി ഓർക്കസ്ട്രയ്ക്ക് സമാനമാവുന്നത്.


ലോകമെമ്പാടും നിന്ന് കർണാടകസംഗീതത്തിൽ താത്പര്യമുള്ളവർ മാർഗഴി ഉത്സവത്തിന് എത്താറുണ്ട്. ഒരു സാംസ്‌കാരികമേള എങ്ങനെ ടൂറിസത്തിനെ സഹായിക്കുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് മാർഗഴി. പക്ഷേ, ഇതു സർക്കാർ ഉണ്ടാക്കിയെടുത്ത ഒരു കൃത്രിമ ഇവന്റ് അല്ല, മറിച്ച് ദശകങ്ങളുടെ സ്വയാർപ്പിത മനുഷ്യപ്രയത്‌നത്തിലൂടെ ഉരുത്തിരിഞ്ഞുവന്നതാണ്. അതിന്റെ മൗലികതയും, ഉൽകൃഷ്ടതയുമാണ് ജനങ്ങളെ ആകർഷിക്കുന്നത്. ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട കാര്യം ഇതിൽ മിക്ക കച്ചേരികളും വലിയ ഹാളുകളിലോ ആഡിറ്റോറിയങ്ങളിലോ അല്ല നടക്കുന്നത്. മറിച്ച് കല്യാണപ്പുരകളിലും, അമ്പലങ്ങളിലും, ചെറിയ വേദികളിലുമൊക്കെയാണ് എന്നതും മാർഗഴിയുടെ ഒരു പ്രത്യേകതയാണ്.


മാർഗഴി ഉത്സവത്തിന്റെ പ്രധാന ഹൈലൈറ്റ് എന്നു പറയുന്നത് എല്ലാ വർഷവും മ്യൂസിക് അക്കാഡമി നല്കുന്ന ‘സംഗീത കലാനിധി’ പട്ടമാണ്. കർണാടകസംഗീതത്തിലെ നൊബേൽ പുരസ്‌കാരമാണിത്. ധാരാളം യാഥാസ്ഥിതികതയും, ബ്രാഹ്മണ്യവും ഒക്കെ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ഈ അവാർഡ് ആണ് ഓരോ സംഗീതജ്ഞന്റെയും ജീവിതാഭിലാഷം.

ചെന്നൈയിലെ കർണാടകസംഗീതത്തിന്റെ മോശം കാര്യങ്ങളായി പറയപ്പെടുന്ന യാഥാസ്ഥിതികതയും തമിഴ് ബ്രാഹ്മണ്യവും ഏറെക്കുറെ സത്യമാണ്. പക്ഷേ, തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ പരിശ്രമഫലമായി മാത്രം ഇത്രയും ഉൽകൃഷ്ടമായി നിലനില്‍ക്കുന്ന ഒരു കലാരൂപത്തിന്റെ ഡി.എൻ.എയിൽ ഉള്ളതാണ് ഇതു രണ്ടും. അത് എന്നെങ്കിലും മാറുമെന്നും തോന്നുന്നില്ല. ആഫ്രിക്കൻ അമേരിക്കക്കാരുടെ ജാസ് പോലെയാണെന്ന് വേണമെങ്കിൽ പറയാം.


കഴിഞ്ഞ പത്തുവർഷമായി മാർഗഴി ഉത്സവത്തിൽ സ്ഥിരമായി പങ്കെടുക്കുന്ന ഒരാളാണ് ഞാൻ. ആദ്യമായി ടി.നഗറിലെ വാണിമഹലിൽ കച്ചേരിക്കുപോയത് ഇന്നും ഓർക്കുന്നു. ആദ്യത്തെ രണ്ടുവർഷം പിറകുവശങ്ങളിലെ സീസൺ ടിക്കറ്റെടുത്തായിരുന്നു ഇരുപ്പ്. പിന്നീട് സംഗീതജ്ഞരെ അടുത്തുകേൾക്കുന്നതിന്റെയും, കാണുന്നതിന്റെയും പ്രാധാന്യം മനസ്സിലാക്കിയതോടെ മുൻനിരകളിലേക്ക് നീങ്ങി. മുൻനിരകളിലെ ടിക്കറ്റുകൾക്ക് നല്ല വിലയാണ്, ആദ്യത്തെ രണ്ടുമൂന്നു നിരകൾ സഭാംഗങ്ങൾക്കും, സ്‌പോൺസർമാർക്കും, വി.ഐ.പികൾക്കും മാറ്റിവച്ചിരിക്കുന്നതുകൊണ്ട് സാധാരണ മൂന്നോനാലോ നിര കഴിഞ്ഞേ ഏറ്റവും വലിയ തുകയ്ക്കുപോലും ടിക്കറ്റു കിട്ടാറുള്ളൂ. പക്ഷേ, ഇതു വൻ താരങ്ങളുടെ കച്ചേരിക്ക് മാത്രമാണ്. മറ്റുള്ളവയ്ക്ക് ഇത്രയും ബുദ്ധിമുട്ടില്ല.


ആദ്യമൊക്കെ എല്ലാവരുടെയും കച്ചേരികൾ കേൾക്കുമായിരുന്നെങ്കിലും ഇന്നു ഞാൻ പത്തോ പതിനഞ്ചോ പേരുടെ കച്ചേരികൾക്കുമാത്രമേ പോകാറുള്ളൂ. അതിൽ ഏറ്റവും പ്രധാനം ഇന്നത്തെ കർണാടകസംഗീതത്തിലെ സൂപ്പർസ്റ്റാറായ സഞ്ജയ് സുബ്രഹ്‌മണ്യൻ തന്നെയാണ്. അദ്ദേഹത്തിന്റെ കച്ചേരിക്കുള്ള ടിക്കറ്റ് വിലപിടിപ്പുള്ളതും കിട്ടാൻ പ്രയാസമുള്ളതുമാണ്. പലതരത്തിലുമുള്ള കലാരൂപങ്ങളുടെ സ്വാധീനമുള്ള സംഗീതമാണ് അദ്ദേഹത്തിന്റേത്. കർണാടകസംഗീതത്തിന്റെ വിന്യാസത്തിലാണെങ്കിലും എല്ലാത്തരം സംഗീതരീതികളുടെയും നിഴലാട്ടം അദ്ദേഹത്തിന്റെ ശൈലിയിൽക്കാണാം. ഒരു പെയിന്റിംഗ് പോലെ, സിനിമപോലെ, നൃത്തംപോലെ തോന്നുന്ന സംഗീതം.


എന്റെ ലിസ്റ്റിലെ രണ്ടാമത്തെ താരം അഭിഷേക് രഘുറാം ആണ്. യുവാവ്, പക്ഷേ, ഇത്രയും ഉജ്വലമായ നൈപുണ്യം ഉള്ള അതിബുദ്ധിമാനും പ്രഗത്ഭനുമായ ജീനിയസ്. ഒരു ജനുസ്സിലും പെടുത്താനൊക്കാത്ത അപൂർവകലാകാരൻ. അദ്ദേഹത്തിന്റെ മികച്ചഫോമിലുള്ള ഒരു കച്ചേരി എന്നാൽ അതുല്യമായ ഒരനുഭവമാണ്. അതുകഴിഞ്ഞാൽ രാമകൃഷ്ണൻ മൂർത്തി, സാകേത് രാമൻ, അക്കരൈ സഹോദരിമാർ, എസ്.വരദരാജൻ (വയലിൻ), ഭരത് സുന്ദർ, ജയന്ത് (പുല്ലാങ്കുഴൽ), കുന്നക്കുടി ബാലമുരളി, ബൃന്ദ, എം.എ. സുന്ദരേശ്വരൻ (വയലിൻ), വിഷ്ണുദേവ് അങ്ങനെ പോകുന്നു.


ഒരു കച്ചേരിക്കു പോവുകയെന്നാൽ ഒരു മൂന്നു മണിക്കൂർ സിനിമയ്ക്കു പോകുന്നതുപോലെയാണ്. മുഴുവൻസമയ സമര്‍പ്പണം വേണ്ട പ്രക്രിയ. അതൊരു യാത്രയാണ്. ഗായകൻ/ഗായിക ഒരു യാത്രയിൽ നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ്. എല്ലാംമറന്ന് അവരോടൊപ്പം പോവുക. ആ യാത്രയെക്കുറിച്ച് അല്പം അറിവുണ്ടെങ്കിൽ അതു കൂടുതൽ മനോഹരമാവും. പല പ്രാവശ്യം കച്ചേരികൾ കേൾക്കുമ്പോൾ എന്താവും ഈ യാത്രകൾ എന്നതിന്റെ ഒരു ഏകദേശരൂപം നമുക്കുണ്ടാവും. എങ്കിലും ഓരോ യാത്രയും പുതിയതാണ്, വ്യത്യസ്തമാണ്.


രാഗം, കൃതി എന്നിവ ഒന്നുതന്നെയായിരിക്കാം. പക്ഷേ, സംഗീതം തീർത്തും വ്യത്യസ്തമായിരിക്കും. പഴക്കംചെന്ന ‘വിന്റേജ് വൈൻ’ പോലെയാണ് ഉത്തമമായ സംഗീതം. കുപ്പി തുറന്ന്, ആദ്യത്തെ തുള്ളി നുണയുമ്പോഴാണറിയുക അതിന്റെ സങ്കീര്‍ണത അതിഗംഭീരമായ കലാനുഭവമാണത്. വർണത്തിൽ തുടങ്ങി മംഗളത്തിലവസാനിക്കുന്ന ഒരു മാന്ത്രികയാത്ര.


(മുൻ ജേണലിസ്റ്റും ഏഷ്യാ പസഫിക്കിലെ യുഎൻഡിപി സീനിയർ അഡ്വൈസറുമാണ് ലേഖകൻ)