യുദ്ധവും ‘ആയുസിന്റെ പുസ്തകവും’ – ജെ. പ്രഭാഷ്
ഓരോ യുദ്ധവും അവസാനിക്കുന്നത് സമാധാനത്തിലല്ല, അടുത്ത യുദ്ധത്തിന്റെ തയാറെടുപ്പിലാണെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ആയുധങ്ങൾ പണിയാൻ ഉപയോഗിക്കുകയും (ജോലി ചെയ്യാൻ എന്നു വായിക്കുക), പണി ജീവിതായോധനത്തിന്റെ മാർഗവുമായിരുന്നിടത്ത് ഇന്നിപ്പോൾ യുദ്ധംതന്നെ ഒരു പണിയായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് കലപ്പയെ വാളാക്കി നാം മാറ്റിയത്.അങ്ങനെ ജീവിക്കാൻവേണ്ടി കൊല്ലും കൊലയും നടത്തുന്ന വൈരുധ്യത്തിന്റെ നടുവിൽ മനുഷ്യൻ എത്തിപ്പെട്ടു അഥവാ എത്തിക്കപ്പെട്ടു. യുദ്ധ സമ്പദ്ഘടന (war economy) എന്ന ഉദ്പാദനക്രമംതന്നെ ഇതിനായി നാം ചിട്ടപ്പെടുത്തി. യുദ്ധംതന്നെ വികസനവും വ്യവസായവുമായി മാറി. യുദ്ധംചെയ്യുന്നത് സമാധാനത്തിനുവേണ്ടിയും സമാധാനം യുദ്ധത്തിനുവേണ്ടിയുമാണെന്ന ധാരണ ഇതോടെ രൂഢമൂലമായി. ഏറ്റവും ശ്രദ്ധേയമായ കാര്യം നാം മനുഷ്യരോടു മാത്രമല്ല പ്രകൃതിയോടും നിരന്തരം യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു എന്നതാണ്. ഇങ്ങനെ നോക്കുമ്പോൾ, മനുഷ്യജീവിതം മുന്നോട്ടുപോകുന്നത് യുദ്ധവും സാമാധാനവുമായിട്ടല്ല, പിന്നെയോ, യുദ്ധവും യുദ്ധവുമായിട്ടാണ് – രാജ്യങ്ങൾ, മതങ്ങൾ, ജാതികൾ, രാഷ്ട്രീയ പ്രതിയോഗികൾ, അയൽക്കാർ, ഭരണകൂടവും ജനങ്ങളും, തമ്മിൽ തമ്മിൽ. ഇത് എഴുതുമ്പോൾ രണ്ട് യുദ്ധങ്ങൾ സമാന്തരമായി നടക്കുകയാണ് , ഇസ്രയേലും പലസ്തീനുമായും റഷ്യയും യുക്രൈനുമായും.
മനുഷ്യന് എവിടെയാണ് സമാധാനം ലഭിക്കുന്നത്? സ്വർഗത്തിലോ? ശവക്കല്ലറയിലോ? അവിടെയാണല്ലോ സമാധാനത്തോടെ വിശ്രമിക്കാൻ (Rest in Peace) ജീവിച്ചിരിക്കുന്ന നമ്മുടെ ബന്ധുമിത്രാദികൾ പറയുന്നത്. ജീവിച്ചിരിക്കുമ്പോൾ യുദ്ധവും മരിച്ചുകഴിഞ്ഞാൽ സമാധാനവും. മരണം സമാധാനമാകുന്നതിലെ വൈരുധ്യത്തെക്കുറിച്ച് ഒന്നാലോചിച്ചു നോക്കു.
ആർക്കാണ് യുദ്ധം വേണ്ടത് എന്ന ചോദ്യവും പ്രസക്തം തന്നെ. ജനങ്ങൾക്കോ? പടയാളികൾക്കോ? ഭരണകൂടങ്ങൾക്കോ? ആയുധ കമ്പനികൾക്കോ? യുദ്ധം പ്രഖ്യാപിക്കുന്നവരും വെടിക്കോപ്പുകൾ നിർമിക്കുന്നവരും യുദ്ധംചെയ്യുകയോ യുദ്ധത്തിൽ മരിക്കുകയോ അതിന്റെ കെടുതികൾ അനുഭവിക്കുകയോ ചെയ്യുന്നില്ല എന്നതിൽ ഇതിന്റെ ഉത്തരം അടങ്ങിയിട്ടുണ്ട്. “ട്രോയിയിലെ സ്ത്രീകൾ സമാധാനകാലത്ത് ഉപയോഗിച്ചിരുന്ന സ്നാനഘട്ടങ്ങൾ അനാഥമായി കിടക്കുന്നു” എന്ന ഒറ്റ വാക്യത്തിൽ യുദ്ധത്തിന്റെ ആസുരതയെയും അതിന്റെ ഇരകളെയും കുറിച്ച് വളരെ തന്മയത്വത്തോടെ ഹോമർ ആവിഷ്ക്കരിച്ചിരിക്കുന്നു. യുദ്ധം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തിന്മ മാത്രമാണ്. എത്ര മനുഷ്യരെയാണ് അത് ഊരുതെണ്ടികളും അനാഥരും അഭയാർഥികളുമാക്കുന്നത്? ചരിത്രത്തിലെ ഏത് യുദ്ധമാണ് മാനവകുലത്തിന് ഗുണകരമായത് ? ഏത് യുദ്ധമാണ് നിതാന്ത സമാധാനം പ്രദാനം ചെയ്തത്?
ജനങ്ങൾക്കും പടയാളികൾക്കും വേണ്ടാത്ത യുദ്ധം
യുദ്ധം എവിടെയും നരകമാണ്. അത് ആയുസ്സിന്റെ പുസ്തകത്തെ പിച്ചിചീന്തുന്നു. അതു സൃഷ്ടിക്കുന്ന ശൂന്യതയിൽ ജനങ്ങൾക്ക് എല്ലാം നഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ അവർ യുദ്ധത്തെ ഭയാശങ്കയോടെയാണ് സമീപിക്കുന്നത്. യുക്രൈൻ – റഷ്യൻ, ഇസ്രായേൽ – പാലസ്തീൻ യുദ്ധങ്ങൾക്കെതിരെ ഉയർന്നു കേൾക്കുന്ന ലോക പൊതുജനാഭിപ്രായം ഇതിന്റെ സാക്ഷിപത്രമായി നില്ക്കുന്നു. സാക്ഷാൽ സൈന്യത്തിന്റെ കാര്യവും വ്യത്യസ്തമല്ല. സാധാരണ പടയാളികൾക്കോ അവർക്ക് തൊട്ടു മുകളിൽ ഉള്ളവർക്കോ യുദ്ധമുണ്ടാക്കുന്നതിൽ യാതൊരു പങ്കും താത്പര്യവുമില്ല എന്നതാണ് വാസ്തവം. സൈനികൻ യുദ്ധം ചെയ്യുന്നതും പ്രതിയോഗിയെ വധിക്കുന്നതും തൊഴിൽ സംബന്ധമായ കാരണത്താൽ മാത്രമാണ്. പോരാടുമ്പോൾപോലും അയാൾ സമാധാനം ആഗ്രഹിക്കുന്നു. എന്നെങ്കിലും സംഭവിച്ചേക്കാവുന്ന വെടിനിർത്തലിനെക്കുറിച്ച് കിനാവ് കാണുന്നു. പ്രതിയോഗിയെ നേരിട്ട് വധിക്കാൻ അയാൾ പൊതുവെ വിമുഖനുമാണ്. ഇതാണ് യുദ്ധചരിത്രം നല്കുന്ന ഏറ്റവും വലിയ പാഠം.
യുദ്ധംചെയ്യാൻ വിധിക്കപ്പെടുന്ന മനുഷ്യരുടെ മനോനിലയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. അവരുടെ പ്രതീക്ഷകളുടെ, ധര്‍മസങ്കടങ്ങളുടെ, ജീവിത കാഴ്ച്ചപ്പാടുകളുടെ വിളംബരമാണ് ഇതിൽ നിഴലിക്കുന്നത്. പ്രശസ്ത കെനിയൻ എഴുത്തുകാരൻ ഗുഗി വാ തിയോങ്ങോ ( Ngugi wa Thiong’o) ഉന്നയിച്ച ചോദ്യം ഓര്‍മയിൽ എത്തുന്നു, “എവിടെയായാലും മനുഷ്യന്റെ പ്രശ്നങ്ങൾ ഒന്നു തന്നെയല്ലേ?” ഇതിൽനിന്നു ആരും മോചിതനല്ല, സൈനികനായാലും സിവിലിയനായാലും.
കൊല്ലാൻ വിസമ്മതിക്കുന്ന പടയാളികൾ
നേരിട്ടുള്ള യുദ്ധത്തിൽ പരസ്പരം വെടി ഉതിർക്കാൻ സൈനികർ പൊതുവെ വിമുഖരാണെന്ന് മുകളിൽ സൂചിപ്പിച്ചുവല്ലോ. ഇതിനെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ ആദ്യകാല പഠനങ്ങളിൽ ശ്രദ്ധേയമായത് ഫ്രഞ്ച് സൈനിക ചരിത്രകാരൻ ആർഡന്റ് ഡ്യൂ പിക്കിന്റെതാണ് (Ardant du Picq, Battle Studies : Ancient and Modern Battles). 1850–കളിൽ ഫ്രഞ്ച് സൈനിക ഓഫീസർമാർക്കിടയിൽ നടത്തിയ പഠനത്തിന്റ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിൽ അദ്ദേഹം എത്തിച്ചേരുന്നത്. നേർക്കുനേർ ഏറ്റുമുട്ടൽ നടക്കുന്ന സന്ദർഭങ്ങളിൽ ആകാശത്തേക്ക് നിറയൊഴിക്കാൻ സൈനികർ മുതിരുന്നു എന്നാണ് അദ്ദേഹം വാദിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവവുമല്ല.
1936 –‘39–ലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ നേരിട്ടുപങ്കെടുത്ത ജോർജ് ഓർവെല്ലിന്റെ അനുഭവവും ഇതുതന്നെയാണ്. “പോരാട്ടത്തിലുടനീളം, സാധ്യമായ സന്ദർഭങ്ങളിലൊക്കെ, ഉന്നംതെറ്റി വെടിവയ്ക്കാൻ ഓരോ പടയാളിയും അതീവ ജാഗ്രത പുലർത്തി” എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. തുടർന്ന് സ്വന്തം അനുഭവംതന്നെ അദ്ദേഹം വിവരിക്കുന്നു: “അടുത്ത നിമിഷം എതിരാളി ട്രെഞ്ചിൽനിന്ന് പുറത്തുചാടി ഓടാൻ തുടങ്ങി. അർധനഗ്നനായ അയാൾ തന്റെ ട്രൗസർ ഊരിപ്പോകാതിരിക്കാൻ ഇരുകൈകളുംകൊണ്ട് അതിൽ പിടിച്ചിരുന്നു. എന്റെ തോക്കിന്റെ പരിധിക്കുള്ളിൽ ആയിരുന്നിട്ടും എനിക്ക് അയാളെ വെടിവയ്ക്കാൻ തോന്നിയില്ല. ഞാൻ അവിടെ എത്തിയത് ഫാസിസ്റ്റുകളെ വകവരുത്താനാണ്. സ്വന്തം ട്രൗസർ അഴിഞ്ഞു പോകാതിരിക്കാൻ അതിനെ കൈത്തണ്ടയിൽ താങ്ങി ഓടുന്നയാൾ ഒരിക്കലും ഫാസിസ്റ്റാവില്ല. അയാൾ എന്റെ സഹജീവിയാണ്. എനിക്കയാളെ കൊല്ലാൻ കഴിയുമായിരുന്നില്ല” ( George Orwell, Homage to Catalonia).
ഇതുവരെ പറഞ്ഞു വന്നതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. ഭൂരിപക്ഷം മനുഷ്യരും സൈന്യത്തിൽ ചേരുന്നത് യുദ്ധംചെയ്യാനോ മരണപ്പെടാനോ കൊല്ലും കൊലയും നടത്താനോ അല്ല. ജീവിക്കാനാണ്. തോക്കേന്തി നില്ക്കുമ്പോഴും അയാളുടെ മുന്നിൽ തെളിയുന്നത് ജീവിതപാതയാണ്. യുദ്ധത്തിൽ മരിച്ച ആരും മരണം ആഗ്രഹിച്ചിട്ടുമില്ല. നേർക്കുനേർ നില്ക്കുമ്പോൾപോലും ആത്മരക്ഷാർഥമല്ലാതെ ശത്രുവിനെ വകവരുത്താൻ അയാൾ തയാറാകുന്നില്ല.
യുദ്ധത്തിന്റെ അവകാശികൾ
യുദ്ധവെറിയിൽനിന്ന് ജനങ്ങളെയും സാധാരണ പടയാളികളെയും ഒഴിവാക്കിയാൽ ശേഷിക്കുന്നത് ഭരണകൂടങ്ങളും ഉന്നത സൈനികനേതൃത്വവും ആയുധവ്യാപാരികളുമാണ്. ഭരണനേതൃത്വത്തിന്റെ അധികാരക്കൊതിയും മിലിറ്ററി – ഇൻഡസ്ട്രിയൽ കോംപള്ക്സുമായുള്ള ഇക്കൂട്ടരുടെ അവിശുദ്ധ ബന്ധവുമാണ് യുദ്ധത്തിന് ആരംഭം കുറിക്കുന്നത്. അധികാരം നിലനിറുത്താൻ സാങ്കല്പികശത്രുവിനെ സൃഷ്ടിക്കണമെന്ന അരിസ്റ്റോട്ടിലിയൻ യുക്തിയും ഇവിടെ നമുക്ക് ഓർക്കാം. ഹിറ്റ്ലറും മുസോളിനിയും ഡൊണാൾഡ് ട്രംപും വ്ളാഡിമർ പുട്ടിനും ബെഞ്ചമിൻ നെതന്യാഹുവുമൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. മാക്കിയവെല്ലിയന്മാർ. “നിങ്ങൾക്ക് അധികാരം വേണമെങ്കിൽ നിങ്ങൾ അതു പിടിച്ചു വാങ്ങണം. അതിന് നിങ്ങൾ നിർലജ്ജരും ധാർമിക മൂല്യങ്ങൾക്ക് വിലകല്പിക്കാത്തവരുമായിരിക്കണം. ലക്ഷ്യം മാർഗത്തെ ന്യായീകരിച്ചു കൊള്ളും”, ഇതാണല്ലോ മാക്കിയവെല്ലിയുടെ (കു)പ്രസിദ്ധമായ ഉപദേശം.
ഇവിടെ അല്പം വിശദീകരണം ആവശ്യപ്പെടുന്ന പദമാണ് ലജ്ജ. ചരിത്രാതീതകാലം മുതൽ ഭരിക്കുന്നവരെ നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമായിട്ടാണ് സമൂഹം അതിനെ കണ്ടിരുന്നത്. നിയമത്തെക്കാളൊക്കെ ഫലവത്തായ ഉപായം. കാരണം ലജ്ജിക്കുന്നവർ എപ്പോഴും സ്വയം നിയന്ത്രിക്കുന്നവരും പൊതുജനാഭിപ്രായത്തെ ഭയക്കുന്നവരും തെറ്റുചെയ്യാൻ മടിക്കുന്നവരുമാണ്. എന്നാൽ ഇന്നത്തെ ഭരണകർത്താക്കളിൽ നല്ലൊരു വിഭാഗം ലജ്ജിക്കുന്നില്ല. ഇത്തരക്കാരാണ് അധികാരക്കൊതിയന്മാരും സ്വേച്ഛാധിപതികളും യുദ്ധവെറിയന്മാരുമായി കാലക്രമേണ രൂപാന്തരം പ്രാപിക്കുന്നത്.
ആയുധ വിപണി
യുദ്ധകാര്യങ്ങളിൽ ഇവർക്ക് സർവവിധ പിന്തുണയും ലഭിക്കുന്നത് ഉന്നത സൈനികവൃത്തങ്ങളിൽനിന്നും ആയുധ കച്ചവടക്കാരിൽനിന്നുമാണ്. ഇതു ബോധ്യപ്പെടണമെങ്കിൽ നാം ആയുധവിപണിയുടെ വലിപ്പവും അതിന്റെ ചില ഉള്ളുകള്ളികളും മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (International Peace Research Institute) കണക്കനുസരിച്ച് 2018-ൽ ആഗോളാടിസ്ഥാനത്തിൽ 1822 ബില്യൺ അമേരിക്കൻ ഡോളറിന്റെ ആയുധവ്യാപാരമാണ് നടന്നത്. ഇതേ വർഷം 100 ആയുധ കമ്പനികളുടെ (ചൈനീസ് കമ്പനികൾ ഒഴികെ) വിറ്റുവരവ് 420 ബില്യൺ ഡോളറായി വർധിച്ചു. മുൻ വർഷത്തെക്കാൾ 46 ശതമാനം കൂടുതൽ. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ വൻകിട ആയുധങ്ങളുടെ കച്ചവടത്തിലെ വർധനവ് 30.8 ശതമാനമാണ്
ആയുധവിപണി കൈയടക്കി വച്ചിരിക്കുന്ന രാജ്യങ്ങളെക്കുറിച്ചുള്ള അന്വേഷണവും പ്രസക്തമാണ്. 2022–ലെ കണക്കനുസരിച്ച്, ഇക്കാര്യത്തിൽ മുൻപന്തിയിൽനില്ക്കുന്നത് അമേരിക്കയും (മൊത്തം കച്ചവടത്തിന്റെ 40 %) റഷ്യയും (16 % ) ഫ്രാൻസും (11 ശതമാനം) ചൈനയും (4.6 % ) ജര്‍മനിയുമാണ് (4.5 %). മറുവശത്ത് ആയുധ ഇറക്കുമതിയിൽ മുന്നിൽ, യഥാക്രമം, ഇന്ത്യയും (മൊത്തം ഇറക്കുമതിയുടെ 11%) സൗദി അറേബ്യയും (9.6%) ഖത്തറും ( 6.4 %) ഓസ്ട്രേലിയയുമാണ് (4.7 %). ഇവിടെ നാം കണക്കിലെടുക്കേണ്ട മറ്റൊരു കാര്യം ആയുധകച്ചവടം ഒരു ഡബിൾ ഗ്യാരന്റി സ്കീമാണെന്നതാണ്, ആയുധവ്യാപാരികൾക്കും രാഷ്ട്രീയ സൈനിക നേതൃത്വങ്ങൾക്കും ലാഭം കൊയ്യാനുള്ള മാർഗം. ആയുധം വാങ്ങുമ്പോൾ കമ്മീഷൻ ഇനത്തിൽ വൻതുകയാണ് കൈമാറുന്നതെന്ന കാര്യം ഓർക്കുക. ബോഫോഴ്സ്, റാഫേൽ ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്ത് നടക്കുന്ന വിവാദങ്ങൾ ഇതിലേക്കുള്ള ചൂണ്ടുപലകയാണ്. മുകളിൽപ്പറഞ്ഞ ഉപജാപകസംഘം മറ്റൊരു രീതിയിലും പ്രവർത്തിക്കുന്നുണ്ട്. പല രാജ്യങ്ങളിലും വിരമിച്ച സിവിൽ – സൈനിക-രാഷ്ട്രീയ നേതൃത്വങ്ങൾ ആയുധ കമ്പനികളുമായിച്ചേർന്ന് പ്രവർത്തിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അമേരിക്കയുടെ കാര്യമെടുത്താൽ, 2005-നുശേഷം വിരമിച്ച 80 ശതമാനം ഉയർന്ന സൈനികോദ്യോഗസ്ഥരും ഈ വിധം പ്രവർത്തിക്കുന്നവരോ ലോബിയിസ്റ്റുകളോ ആണ്. 2020-ൽ ഇതിനായി (ലോബീയിംഗിനായി) കമ്പനികൾ ചെലവഴിച്ചത് 108 ദശലക്ഷം ഡോളറാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.
റഷ്യ – യുക്രൈൻ യുദ്ധത്തെ തുടർന്ന് പല അമേരിക്കൻ ആയുധകമ്പനികളുടെയും ഷെയർമൂല്യം വർധിച്ചത് ഇതിനോട് കൂട്ടിവായിക്കാം. യുദ്ധത്തിനുമുമ്പുതന്നെ ഇവർ തങ്ങളുടെ ഷെയർഹോൾഡേഴ്സിനോട് സന്തോഷകരമായ ചിലകാര്യങ്ങൾ ഉടൻ സംഭവിക്കുമെന്ന് പറഞ്ഞത് അങ്ങാടിപ്പാട്ടാണ്. പറഞ്ഞപോലെത്തന്നെ കാര്യങ്ങൾ പര്യവസാനിച്ചു. യുദ്ധം തുടങ്ങിയതോടെ ഇതിൽ ഒട്ടുമിക്ക കമ്പനികളുടെയും ഷെയർവാല്യു മൂന്നു മുതൽ ആറ് ശതമാനംവരെ വർധിച്ചു. ഇതിന്റെ ഗുണം ചില യൂറോപ്യൻ കമ്പനികൾക്കും ലഭിക്കുകയുണ്ടായി – ബി.എ.ഇ. സിസ്റ്ററ്റത്തിന്റെ ഷെയർ 4.8 ശതമാനവും റെയ്ൻമിറ്റാളിന്റെത് രണ്ട് ശതമാനവും തെയ്ൽസിന്റെത് ഒരു ശതമാനവും വർധനവ് രേഖപ്പെടുത്തി.
സൈനിക ചെലവ് പല രാജ്യങ്ങളിലും യാതൊരുവിധ ഓഡിറ്റിനും വിധേയമല്ലെന്ന കാര്യവും അവശേഷിക്കുന്നു. ഇതിനർഥം, ആയുധവിപണിയിൽ ധാർമിക മൂല്യങ്ങൾക്കോ സുതാര്യതയ്ക്കോ ജനാധിപത്യ നിബന്ധനകൾക്കോ സ്ഥാനമില്ലെന്നാണ്. അതിനെ നിയന്ത്രിക്കാനാവശ്യമായ അന്താരാഷ്ട്രനിയമങ്ങൾ അവയുടെ അഭാവത്താലാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇനി അഥവാ എന്തെങ്കിലും ഉണ്ടെങ്കിൽത്തന്നെ അവ നിഷ്ഫലവുമാണ്. ലാഭനഷ്ടങ്ങളുടെയും പണക്കൊതിയുടെയും ‘നിയമവാഴ്ചയാണ്’ ആയുധകമ്പോളത്തിൽ അരങ്ങുവാഴുന്നത്. എന്തിനേറെ രാജ്യാന്തര ബന്ധങ്ങളെപ്പോലും നിയന്ത്രിക്കാൻ ആയുധകച്ചവടക്കാർക്ക് കഴിയുമെന്നു പറഞ്ഞാൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ആയുധ ഇടപാടുകൾ അനുസരിച്ച് വിദേശനയവും വിദേശനയമനുസരിച്ച് രാജ്യതാത്പര്യവും നിർവചിക്കപ്പെടുന്നു, വസ്ത്രത്തിനനുസരിച്ച് ശരീരത്തെ തയാറാക്കുന്ന തലതിരിഞ്ഞ ഏർപ്പാട്.
ആഗോളതലത്തിൽ ജനാധിപത്യം നേരിടുന്ന തകർച്ച യുദ്ധത്തിന്റെയും ആയുധവ്യാപാരത്തിന്റെയും സാധ്യകൾ വർധിപ്പിച്ചിരിക്കുന്നു. പല രാജ്യങ്ങളിലും ഭരണകൂടങ്ങൾ ‘തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യങ്ങളായി’ തരംതാണിരിക്കുന്നു. മാത്രമല്ല, നവലിബറലസിത്തന്റെ വരവോടെ എല്ലാറ്റിന്റെയും അളവുകോൽ അളവില്ലാത്ത സമ്പത്തായിരിക്കുന്നു. ദക്ഷിണ കൊറിയൻ കവി കൊ അന്റെ (Ko Un) വാക്കുകളിൽ പറഞ്ഞാൽ, “ജനങ്ങൾക്ക് പത്തുവരെയൊക്കെ എണ്ണാൻ കഴിയുന്നത് നല്ലതാണ്. അവിടം കഴിഞ്ഞ് പതിനൊന്നിലും പന്ത്രണ്ടിലുമെത്തിയാൽ അത് വൻ ദുരന്തമാകും”. നമ്മളുടെ ലാഭ കണക്കുകൂട്ടലുകൾ പന്ത്രണ്ടും കടന്ന് പോയ്ക്കഴിഞ്ഞു. ഇതോടെ മുതലാണ് മൂല്യമെന്ന അവസ്ഥയായി. ഇത് ജന്മം നല്കിയിരിക്കുന്നത് വെറുപ്പിനും പകയ്ക്കും സാമൂഹികസംഘർഷങ്ങൾക്കുമാണ്. അശാന്തി എവിടെയാണെങ്കിലും അതു യുദ്ധത്തിന്റെ മണിമുഴക്കമാണ്. പല യുദ്ധങ്ങളും പൊട്ടിപ്പുറപ്പെടുന്നത് ആഭ്യന്തര പ്രശ്നങ്ങളിൽനിന്നാണെന്ന് ചരിത്രം നമ്മെ ഓര്‍മപ്പെടുത്തുന്നു. മാത്രമല്ല, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ മൂല്യം ഇല്ലാതാകുമ്പോൾ രാജ്യാന്തരബന്ധങ്ങളിലും അതിന്റെ കരിനിഴൽ വീഴും. ആഭ്യന്തരമായി ഇല്ലാത്ത ജനാധിപത്യം രാജ്യാന്തരതലത്തിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണല്ലോ. ഭരണകൂടങ്ങൾക്കുമേൽ സ്വന്തം ജനങ്ങൾക്കില്ലാത്ത നിയന്ത്രണം ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങൾക്ക് കാണില്ലെന്നതാണ് മറ്റൊരു വസ്തുത. ഇതെല്ലാം ചേർന്ന് സൃഷ്ടിച്ചിരിക്കുന്ന കലഹാന്തരീക്ഷത്തിലും സന്ദിഗ്ദ്ധതയിലുമാണ് സാധാരണ മനുഷ്യർ ജീവിതം കഴിച്ചു കൂട്ടുന്നത്.
വേണ്ടത് ആയുധമല്ല ആയുസ്
ഇതെല്ലാം നമ്മുടെ രാഷ്ട്രീയ സൈനിക നേതൃത്വങ്ങൾക്ക് അറിവുള്ള കാര്യവുമാണ്. പക്ഷേ, റോമൻ കവി ഓവിഡ് (Ovid) പറഞ്ഞതുപോലെ എല്ലാം അറിഞ്ഞുകൊണ്ടവർ ഏറ്റവും മോശപ്പെട്ട കാര്യങ്ങൾ ചെയ്യുന്നു. നാറാണത്തുഭ്രാന്തനെ ഓർമിപ്പിക്കുമാറ്, അവർ സൃഷ്ടിക്കുന്നു, സൃഷ്ടിച്ചതിനെ നശിപ്പിക്കുന്നു. സൃഷ്ടിയും സംഹാരവുമായി അത് വീണ്ടും പുനരവതരിക്കുന്നു.
ഇതൊക്കെ എത്രനാൾ കൊണ്ടുപോകാനാകുമെന്നാലോചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത് അവസാനിപ്പിച്ചേ മതിയാകു. ജനാധിപത്യത്തിന്റെ ശുദ്ധനൈതികതയിലേക്കും മനുഷ്യനും മനുഷ്യനും തമ്മിലും പ്രകൃതിയും മനുഷ്യനും തമ്മിലുമുള്ള ബന്ധം പുനഃനിർവചിക്കുന്നതിലേക്കും നമുക്ക് മടങ്ങി പോകേണ്ടിയിരിക്കുന്നു. ഭിന്നതകളെ സംഗമങ്ങളാക്കാൻ, അപരന്റെ അപരത്വവുമായി സഹവർത്തിക്കാൻ, അന്വത്വവും ബന്ധുത്വവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് തിരിച്ചറിയാൻ നാം ശീലിക്കേണ്ടതുണ്ട്. ഒപ്പം യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും യുദ്ധം സമാധാനത്തിലേക്കല്ല വീണ്ടും യുദ്ധത്തിലേക്കാണ് നയിക്കുന്നതെന്ന ബോധ്യവും ഉണ്ടാകണം. ആയുസ്സാണോ ആയുധമണോ, യുദ്ധമാണോ സമാധാനമാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ട ചരിത്രമുഹൂർത്തത്തിലാണ് നാം നില്ക്കുന്നത്. ഇക്കാര്യങ്ങളിൽ കൂട്ടായ ഉണർവും തീരുമാനവും വേണം. നമുക്കു വേണ്ടത് സമാധാനത്തിന്റെ സിദ്ധാന്തങ്ങളോ ക്രമസമാധാന രാഷ്ട്രീയമോ (Law & order politics) അല്ല. തിന്മയെ പ്രതിരോധിക്കാനുള്ള തന്റേടവും പുതുഭാവനയും അനുകമ്പയും ബഹുസ്വരതയും സംവാദത്തിന്റെ പ്രസക്തിയെക്കുറിച്ച് ആഴത്തിലുള്ള ബോധ്യവുമാണ് വേണ്ടത്.