നമ്മുടെ കുഞ്ഞുങ്ങളെ ഓർത്തെങ്കിലും… – കെ. അരവിന്ദാക്ഷൻ
1938 നവംബർ 20-ന് സേവാഗ്രാമിൽവച്ച് എഴുതി 26.11.1938ലെ ‘ഹരിജനി’ല്‍ പ്രസിദ്ധീകരിച്ച ഏകദേശം അഞ്ച് പുറങ്ങളുള്ള ‘ജൂതന്മാർ’ (The Jews – ഗാന്ധിയുടെ സമാഹൃതകൃതികൾ വാള്യം 69, പുറം – 137-141) ജീവിതാന്ത്യം വരെ അഹിംസയിൽ അടിയുറച്ച് പ്രവർത്തിച്ച ഒരു സത്യാന്വേഷിയുടെ അറബ്-ജൂത-പലസ്തീൻ വിഷയത്തെക്കുറിച്ചുള്ള ആധികാരികരേഖയായി കണക്കാക്കാം. മുപ്പുതുകളിലെ ജർമനിയിലെ ജൂതർ കൃസ്ത്യാനിറ്റിയുടെ അസ്പർശ്യരാണ്, ഇന്ത്യയിലെ ഹിന്ദുയിസത്തിന്റെ അസ്പർശ്യരെപ്പോലെ. രണ്ടിടത്തും മതങ്ങളുടെ പേരിലാണ് കൊടും ക്രൂരതകൾ അരങ്ങേറുന്നത്.
എന്നാൽ, ജൂതർക്ക് ഒരു രാഷ്ട്രഗേഹം (National Home) എന്ന മുറവിളി ഗാന്ധിയെ ആകർഷിക്കുന്നില്ല. ഭൂമിയിൽ ഏതിടത്ത് അവൻ/അവൾ (ജൂതർ) ജനിച്ച്, ജീവിക്കുന്നുവോ അതാണവരുടെ രാഷ്ട്രം.
“പലസ്തീൻ അറബികളുടേതാണ്, ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതും, ഫ്രാൻസ് ഫ്രഞ്ചുകാരുടേതുമെന്നപോലെ. അറബികൾക്കുമേൽ ജൂതരെ അടിച്ചേല്പിക്കുന്നത് മനുഷ്യവിരുദ്ധവും തെറ്റുമാണ്. ഇന്ന് പലസ്തീനിൽ നടക്കുന്നത് ധാർമികമര്യാദയനുസരിച്ച് നീതികരിക്കാനാവില്ല. പലസ്തീന്റെ ഒരു ഭാഗമോ മുഴുവനായോ ജൂതർക്ക് നല്കി അറബികളെ കൊച്ചാക്കുന്നത് മനുഷ്യരാശിക്കുനേരെയുള്ള കുറ്റമാണ്”, ഗാന്ധി എഴുതുന്നു.
ശ്രേഷ്ഠമായ മാർഗം ജൂതർ ജനിച്ച് ജീവിക്കുന്ന ഇടങ്ങളിൽ അവരെ ജീവിക്കുവാൻ അനുവദിക്കുകയെന്നതാണ്. അതേസമയം, ജർമനിയുടെ ജൂതവേട്ട ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. പഴയകാലത്ത് കൊടുക്രൂരരായ ഏകാധിപതികൾപോലും ഹിറ്റ്‌ലറോളം ഭ്രാന്തന്മാരായിരുന്നില്ല. അദ്ദേഹവും മതമുയർത്തിയാണ് ഈ പൈശാചികതകൾ ചെയ്തുകൂട്ടുന്നത്. ജൂതന്റെയും കൃസ്ത്യാനിയുടെയും മുസൽമാന്റെയും ഹിന്ദുവിന്റെയും ദൈവങ്ങൾ വ്യത്യസ്ത പേരുകളിലാണെങ്കിലും, ആന്തരസത്തയിൽ ഒന്നുതന്നെയാണ്. അതിനാൽ ജീവൻ ബലിയർപ്പിച്ച് ജൂതരെ മൃഗതുല്യമായി (human animals) കാണുന്ന ഹിറ്റ്‌ലറെ നേരിടുകയെന്ന സത്യസന്ദേശമാണ് ഗാന്ധി നല്കുന്നത്. ദക്ഷിണാഫ്രിക്കയിൽ പ്രസിഡന്റ് ക്രൂജർ ഏഷ്യക്കാരടക്കമുള്ളവരെ വർണവെറിയുടെ പേരിൽ മൃഗങ്ങളായിക്കണ്ട്, അവകാശങ്ങൾ നിഷേധിച്ചതിനെതിരെ നടത്തിയ സത്യഗ്രഹം, ഗാന്ധി ഇവിടെ സൂചിപ്പിക്കുന്നു.
പലസ്തീനിലെ ജൂതർ തെറ്റായ മാർഗത്തിലാണ്. ബിബ്ളിക്കൽ ഭാവനയിലെ പലസ്തീൻ ഒരു ഭൂപ്രദേശമല്ല. അത് ജൂതഹൃദയത്തിലാണ് വേണ്ടത്. ബ്രിട്ടീഷ് തോക്കിന്റെ നിഴലിൽ ജൂതർ പലസ്തീനിൽ പ്രവേശിക്കുന്നത് തെറ്റാണ്. ഒരു ധാർമികപ്രവൃത്തി ബോംബിന്റെയോ ബയണറ്റിന്റെയോ സഹായത്താൽ ചെയ്യാനാവില്ല. പലസ്തീനിൽ ജൂതർക്ക് കുടിയേറാം. അറബികളുടെ പൂർണ സമ്മതത്തോടെ അറബിഹൃദയത്തെ ഭരിക്കുന്ന ദൈവധാതുതന്നെയാണ് ജൂതഹൃദയത്തെ ഭരിക്കുന്ന ദൈവധാതുവും എന്ന തിരിച്ചറിവോടെ.
അറബികളുടെ അക്രമങ്ങളെ ഗാന്ധി ഒരിക്കലും പ്രതിരോധിക്കുന്നില്ല. അവർ തിരഞ്ഞെടുക്കേണ്ട പാത അഹിംസയുടേതാകണം. ഇന്നത്തെ ലോകക്രമത്തിൽ അറബ് പ്രതിരോധത്തെ (അഹിംസയിലൂന്നിയല്ലാത്ത) എതിർത്ത് പറയാനാവില്ല.
വീണ്ടും ഹരിജന്റെ 27.5.1939 ലക്കത്തിൽ The Jewish Question എന്ന കുറിപ്പെഴുതുന്നുണ്ട് ഗാന്ധി. 26.11.38ന്റെ ലേഖനത്തിനെതിരെ ജൂതരിൽനിന്ന് എതിർവാദങ്ങൾ ഉയർന്നപ്പോൾ. തന്റെ നിലപാടുകൾ ഭാവിയിലേക്കുള്ള സൂചനകളായിരുന്നു എന്നു ഗാന്ധി ഓർമിപ്പിക്കുന്നു. താൻ 26.11.38ൽ എഴുതിയത് ഹിന്ദു-മുസ്ലീം ഐക്യം ശക്തിപ്പെടുത്തി ഇന്ത്യയുടെ സ്വാതന്ത്ര്യം വേഗത്തിലാക്കാമെന്ന സ്വാർഥ ചിന്തയിലല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി താൻ സത്യത്തെ വിൽക്കില്ലെന്ന് ഗാന്ധി. അതുപോലെതന്നെ ഒരു കാലത്തും താൻ മുസൽമാനെ പ്രീണിപ്പിക്കാൻ ശ്രമിച്ചിട്ടില്ല, ഒരിക്കലും ഏതെങ്കിലും മതവിഭാഗങ്ങളെ സത്യത്തെ വിറ്റ് പ്രീണിപ്പിക്കില്ല.
ഈ ഗാന്ധിയൻ പശ്ചാത്തലം അപഗ്രഥിച്ചാൽ, ഗാന്ധി പലസ്തീൻ വിഷയത്തിൽ എവിടെ നില്ക്കുന്നുവെന്ന് കൃത്യമായി ബോധ്യമാകും. നാല്പതുകളിൽ നാസികളുടെ ഇരകളായി ഗ്യാസ് ചേmബറുകളിൽ കൊല്ലപ്പെട്ട ലക്ഷക്കണക്കിന് ജൂതരുടെ പിൻഗാമികളാണ് ഇരകൾ/അഭയാർത്ഥികൾ/വിരുന്നുകാർ എന്ന നിലയിൽനിന്ന് ക്രൂരവേട്ടക്കാരായി പലസ്തീനികളുടെ ഗാസയും വെസ്റ്റ് ബാങ്കുമടങ്ങുന്ന രാഷ്ട്രഗേഹത്തെ ഒരു വാതകഅറയാക്കി നിരപരാധികളെ കൊല്ലുന്നത്. 1916-ൽ ബ്രിട്ടനും ഫ്രാൻസും പിന്നീട് അമേരിക്കയും ചേർന്ന് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തിലൂടെ പലസ്തീൻ വിഭജിച്ച് 1947-ൽ ഐക്യരാഷ്ട്രസഭയിലൂടെ സാധ്യമാക്കിയ ദ്വിരാഷ്ട്രങ്ങളാണ് ഇസ്രയേലും പലസ്തീനുമെന്നത് ചരിത്രരേഖകൾ. പിന്നീട് ഒന്നോരണ്ടോ സന്ദർഭങ്ങളിൽ മാത്രമാണ്, ഇവർ തമ്മിലുള്ള നിരന്തര സംഘർഷങ്ങൾ തീർക്കാൻ ചർച്ചകൾപോലും സാധിച്ചത്.
ഞാനിതിനെ കാണുന്നത് ആധുനിക പാശ്ചാത്യനാഗരികതയുടെ (ഗാന്ധി-ഹിന്ദ് സ്വരാജ് – 1909) രൂപങ്ങളായ കൊളൊണിയലിസം, ഉദാരവത്കരണം, ആഗോളീകരണം, സത്യാനന്തരകാലം എന്നിവയുടെ പ്രതിഫലനമായ യൂറോ കേന്ദ്രിതമായ(Euro centric) രാഷ്ട്രീയം, സംസ്‌കാരം, സാമ്പത്തിക ശാസ്ത്രം സാങ്കേതികവിദ്യകൾ,ആത്മീയത,വികസനം, പുരോഗതി – ചുരുക്കത്തിൽ ഉപഭോഗാസക്തി പെരുപ്പിക്കുന്ന ജീവിതരീതി – ഇവയുടെ ഫലങ്ങളായിട്ടാണ്. ലോകത്തിലുണ്ടായിട്ടുള്ള എല്ലാ മതങ്ങളും, വിശ്വാസങ്ങളും, ഇതിനായി വിനിയോഗിക്കപ്പെട്ടു. കഴിഞ്ഞ ആറു നൂറ്റാണ്ടുകളിൽ, അമേരിക്ക, ആസ്‌ത്രേലിയ, ന്യൂസ്‌ലാന്റ്, ആഫ്രിക്ക, ചൈന, ഇന്ത്യ, സ്‌പെയിൻ, ലാറ്റിൻ അമേരിക്ക, (ധ്രുവപ്രദേശങ്ങളിലെ രാജ്യങ്ങൾപോലും) എന്നിവിടങ്ങളിലെ കോടിക്കണക്കിന് തദ്ദേശീയർ, ആദിവാസികൾ, കൊല ചെയ്യപ്പെട്ടു. ഭൂമിയിലെ സൂക്ഷ്മജീവികളടക്കം അക്രമിക്കപ്പെട്ടു. മണ്ണും വായുവും ജലവും മലിനമാക്കപ്പെട്ടു. ഭൂമിയും മനുഷ്യനും ജീവജാലങ്ങളും പിടയുന്നു. കൊളൊണിയൽ അധിനിവേശങ്ങൾ കടന്നുചെല്ലാത്ത സ്ഥലകാലങ്ങളിൽ എത്ര വംശീയഹത്യകൾ നടന്നിട്ടുണ്ടെന്ന് പരിശോധിച്ചാൽ ഈ വസ്തുത ബോധ്യമാകും. ഇന്ത്യയിൽ മുഗൾഭരണത്തിലോ അതിനുമുമ്പോ, മുസ്ലീം രാജ്യങ്ങളിൽ ആധുനിക നാഗരികതയുടെ അധിനിവേശത്തിനു മുമ്പോ എത്ര വംശീയഹത്യകൾ സംഭവിച്ചിട്ടുണ്ട്?
ഇന്ന്, ഇസ്രയേൽ പാലസ്തീൻ (ഹമാസ്) എന്നീ രണ്ടു ചേരികളിലായി നിലയുറപ്പിച്ചിട്ടുള്ള ലോകരാഷ്ട്രങ്ങളും അവരെ പിന്തുണയ്ക്കുന്നവരും, ഹിംസയെ കൂടുതൽ ഹിംസകൊണ്ട് തോല്പിക്കാമെന്ന മൂഢവിശ്വാസത്തിലാണ്. അതുകൊണ്ടാണ് ഹിംസ ഇസ്രയേൽ നടത്തിയാലും ഹമാസ് നടത്തിയാലും കൊല്ലപ്പെടുന്നത് ആത്യന്തികമായി കുഞ്ഞുങ്ങളും സ്ത്രീകളും നിരപരാധികളുമായ മനുഷ്യരാണ് എന്ന യാഥാർഥ്യം അറിയാതെ പോകുന്നത്. ഹമാസിന്റെ (2023ഒക്ടോബർ,7) കൊടും ക്രൂരതയെ, ഇസ്രായേലിന്റെ കൊടും കൊടും ക്രൂരതകൊണ്ട് നേരിടുന്നതിലൂടെ പലസ്തീൻ സമാധാനം സാധ്യമാകില്ല. സംവാദത്തിന്റെ വാതിലുകൾ ഇനി എങ്ങനെ തുറക്കും? പാർലമെന്ററി ജനാധിപത്യത്തിന്റെ സദ്‌ഭാവങ്ങൾ നല്കിയിട്ടുള്ള സ്വതന്ത്ര സ്പേസിലാണ്, ഇസ്രയേലിലും ബ്രിട്ടനിലും ഫ്രാൻസിലും ലക്ഷക്കണക്കിന് മനുഷ്യർ പങ്കെടുക്കുന്ന റാലികൾ സംഘടിപ്പിക്കപ്പെടുന്നത്. ഏതെങ്കിലും മുസ്ലിം രാജ്യങ്ങളിലോ ബി.ജെ.പി. ഭരിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിലോ ഇത് സാധ്യമല്ല. കാരണം, ഇറാനിലെ ആയത്തുള്ള ഖൊമേനി അഴിച്ചുവിട്ട ഇസ്ലാം മതമൗലികവാദം മത ഭീകര പ്രസ്ഥാനങ്ങളായി അൽക്വയ്ദ, താലിബാൻ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളിലൂടെ അന്യ മതസ്ഥർക്കെതിരെയും സ്വന്തം മതത്തിലെ സ്വതന്ത്രചിന്തകർക്കെതിരെയും അക്രമം അഴിച്ചുവിടുന്നു. ഇന്ത്യയിൽ ഈ റോൾ സ്വീകരിച്ചിരിക്കുന്നത്, ദ്വിരാഷ്ട്രവാദത്തിലൂടെ ഇന്ത്യയെ വെട്ടിമുറിക്കാൻ ബ്രിട്ടനോടും ഭംഗ്യന്തരേണ ജിന്നയുടെ മുസ്ലിംലീഗിനോടും ചേർന്നു നിന്ന, ഹിറ്റ്ലറിസവും ഫാസിസവും ആണ് ഇന്ത്യയ്ക്ക് അനുയോജ്യമായ ഭരണരൂപമെന്ന് 1930-കളിൽ ഇറ്റലിയിലും ജർമനിയിലും പോയി പഠിച്ചുവന്ന, സവർക്കരുടെ ഹിന്ദുമഹാസഭയും ആർ.എസ്.എസുമാണ്. നിർഭാഗ്യവശാൽ ഹമാസിന്റെ ക്രൂരത പലസ്തീൻ വിമോചനത്തെ സഹായിക്കുമെന്നു പറയുന്ന കേരളത്തിലെ മുസ്ലിംലീഗും ഇടതുപക്ഷ പാർട്ടികളും ഈ വഴിയിലാണ്.
ഇവിടെ നാം കാണേണ്ടത് ഈ സംഘർഷം ഫലസ്തീനിൽ സമാധാനം സൃഷ്ടിക്കില്ല എന്ന് നേരത്തെ സൂചിപ്പിച്ച വസ്തുതയാണ്. രണ്ടാമതായി, ഈ സംഘർഷത്തിന്റെ പിന്നിലുള്ളത് ലോകാന്തര ശൃംഖലയുള്ള ആയുധകച്ചവടക്കാരാണ്. കച്ചവടമാണ് ഇവരുടെ ഇവരുടെ ദൈവം. കഴുത്തറപ്പൻ ലാഭമാണ് ഇവർക്കാവശ്യം. സൗദി അറേബ്യയും മറ്റു ഇസ്ലാമിക രാഷ്ട്രങ്ങളും തങ്ങളുടെ മൂലധനത്തിന് ഇസ്രായേലിന്റെ സാങ്കേതികവിദ്യ കാത്തിരിക്കുന്നു. രഹസ്യ പരസ്യ ചർച്ചകൾ നടത്തുന്നു. പലസ്തീന്‍ സമാധാന ശ്രമത്തെ സഹായിക്കുന്ന, ഇസ്രായേലിന്റെയും അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും കച്ചവടത്തെ ബാധിക്കുന്ന, ഒരു നീക്കവും അവരിൽനിന്ന്‍ ഉണ്ടാകാൻ സാധ്യതയില്ല. ഇന്ത്യയുടെ നിലപാട് ഇസ്രായേലിന്റെ കൂടെ ആകുന്നത് ഇതുകൊണ്ടാണ്. ഇന്ത്യക്കുള്ളിൽ മുസ്ലിമിനെ ശത്രുവാക്കാനുള്ള ഒരു സന്ദർഭവും അവർ പാഴാക്കില്ല. ഇസ്രായേലില്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെപ്പോലെ ഇന്ത്യൻ പ്രധാനമന്ത്രി നോട്ടമിടുന്നത് അടുത്ത തിരഞ്ഞെടുപ്പ് വിജയമാണ്.
മൂന്നാമതായി – ഇസ്ലാമിസ്റ്റുകളും ജൂതരും ഹിന്ദുത്വക്കാരും ക്രിസ്തീയ കച്ചവടക്കാരും ഈ സംഘർഷത്തിൽ – ഹിംസാ പരമ്പരകളിൽ- മതത്തെ വലിച്ചിഴച്ചുകൊണ്ടുവരുന്നത് യഥാർഥ മതവിശ്വാസികളായിട്ടല്ല. യഥാർഥ വിശ്വാസികൾ രാഷ്ട്രീയത്തിനും കച്ചവടത്തിനും ഹിംസയ്ക്കും പുറത്താണ്. അതു സ്വന്തം ഹൃദയത്തിൽ സൂക്ഷിക്കുന്ന കോടാനുകോടി മനുഷ്യരുണ്ട്.അവര്‍ക്ക് മതത്തിന് ശാസ്ത്രമില്ല,കച്ചവടമില്ല,വോട്ട് ബാങ്കില്ല, അധികാരമില്ല അപരത്വമില്ല.
ഏറ്റവും ക്രൂരമായ സത്യം ഗാസയിലെ ബോംബിങ്ങിൽ കൊല്ലപ്പെട്ടവരിൽ പകുതിയും നമ്മുടെ- മനുഷ്യവംശത്തിന്റെ – കൊച്ചു കുഞ്ഞുങ്ങളാണ്. ജനിക്കാനിരിക്കുന്ന ഭ്രൂണങ്ങൾപോലും കൊലചെയ്യപ്പെട്ടു. ഇതിന്റെ ചെറിയ പതിപ്പാണ് ഹമാസ് അക്രമത്തിൽ സംഭവിച്ചതും. കുഞ്ഞുങ്ങൾ,… ഭ്രൂണങ്ങൾ… അവർക്കു വേണ്ടിയെങ്കിലും ഈ ഭീകരത അവസാനിപ്പിക്കുമോ?
ഗൂന്തർ ഗ്രാസിന്റെ ഒരു കവിതയുണ്ട്:
“നമ്മുടെ കാഴ്ചബംഗ്ലാവിൽ എല്ലാ ഞായറാഴ്ചയും
ഞങ്ങൾ അവിടെ പോകാറുണ്ട് –
അവർ പുതിയൊരു വിഭാഗം തുടങ്ങിയിട്ടുണ്ട്,
അവിടെ നിറമില്ലാത്ത ചില്ലുഭരണികളിലിരുന്ന്‍
നമ്മുടെ ഛിദ്രം ചെയ്യപ്പെട്ട കുഞ്ഞുങ്ങൾ,
വിളറിയ ഗൗരവംപൂണ്ട ഭ്രൂണങ്ങൾ,
അവരുടെ മാതാപിതാക്കളുടെ
ഭാവിയോർത്ത് ആധി പിടിക്കാറുണ്ട്.”
(മൊഴിമാറ്റം: അമൃത് ലാൽ, പാഠഭേദം)