ഇസ്രയേൽ ഭീകരാക്രമണം എങ്ങനെ അവസാനിക്കും ? – പി.പി.സത്യൻ

ഇസ്രയേൽ ഭീകരാക്രമണം എങ്ങനെ അവസാനിക്കും ? – പി.പി.സത്യൻ

മനുഷ്യരാശി നേടിയെന്നഭിമാനിക്കുന്ന സര്വ , ശാസ്ത്ര – സംസ്കാര നേട്ടങ്ങളെയും അപഹസിക്കുന്ന ഒരു രാഷ്ട്രീയ പ്രതിഭാസമാണ്‌ യുദ്ധം എന്നു നാമിന്നും തിരിച്ചറിഞ്ഞിട്ടില്ല. മതാന്ധതയും രാഷ്ട്രീയവും അതിന്റെ ഭരണകൂട രൂപങ്ങളുമാണ്‌ സമകാലികലോകത്തിൽ ഏറ്റവും ഭീകരമായ വെല്ലുവിളിയായി മാറിയിരിക്കുന്നത്‌. ഗാസയിലും വെസ്റ്റ്‌ബാങ്കിലുമായി പതിനായിരത്തിലധികം ജനങ്ങൾ ചത്തൊടുങ്ങിക്കഴിഞ്ഞു. നിത്യവും പിഞ്ചുകുഞ്ഞുങ്ങളുടക്കമുളള മനുഷ്യജീവൻ പൊലിഞ്ഞു കൊണ്ടിരിക്കുമ്പോൾ ലോകം നിസ്സഹായരായി നോക്കി നില്ക്കേണ്ടി വരുന്നു. എന്നാൽ സാർവദേശീയ സമൂഹത്തിന്‌ യുദ്ധമവസാനിപ്പിക്കാൻ കഴിയാത്തതല്ല. യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാനുള്ള പ്രയോഗ മാതൃക അഥവാ സമാധാനതന്ത്രം (Strategy of Peace) നമ്മുടെ രാഷ്ട്രീയസമൂഹം (സമാധാനം യഥാർഥത്തിൽ ആഗ്രഹിക്കുന്നവർ) സ്വായത്തമാക്കിയിട്ടില്ല എന്നതിന്റെ ഏറ്റവും തെളിമയാർന്ന  ഉദാഹരണമാണ്‌ ഇസ്രയേൽ – ഹമാസ്‌ പ്രശ്‌നത്തോടുള്ള ഇന്ത്യയുടെ പ്രതികരണം. സ്വാത്രന്ത്യാനന്തര ഇന്ത്യ, സ്വന്തം രാഷ്രീയനിലപാട്‌, സാർവദേശീയ രംഗത്ത്‌ പ്രയോഗവത്കരിച്ച ചേരിചേരാനയവും സമാധാനപരമായ സഹവർത്തിത്വവും ഇന്ന്‌ നഗ്നമായി അട്ടിമറിച്ചിരിക്കുകയാണ്‌. അതിന്റെ ഉദാഹരണമാണ്‌ ബി.ജെ.പി.ഭരണകൂടം ഇസ്രയേലിന്‌ നല്കുന്ന പരസ്യമായ പിന്തുണ. ഇതിന്റെ മറുവശം തന്നെയാണ്‌ നമ്മുടെ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികൾ പൊതുവിൽ ഹമാസിനു നല്കുന്ന വിമോചനാത്മക പരിവേഷവും.


എഴുപത്തഞ്ചു വർഷത്തോളമായി പലസ്തീൻ ജനത നേരിടുന്ന നിരന്തരമായ ആക്രമണവും അവർക്ക് ‌ അവരുടെ ജന്മഭൂമി നഷ്ടപ്പെട്ടതും അവരെ ആട്ടിയോടിച്ച അമേരിക്കയെന്ന അങ്കിൾസാമിന്റെ രാഷ്ട്രീയ കുതന്ത്രത്തിന്റെ ഭാഗമായി ഇസ്രയേൽ എന്ന രാഷ്ട്രം 1948-ൽ രൂപം കൊണ്ടതും അവിടെ സയണിസ്റ്റ്‌ ഭരണകൂടം നിലവിൽവന്നതും ആവശ്യത്തിലധികം ചർച്ച ചെയ്യപ്പെട്ട ചരിത്രയാഥാർഥ്യമാണ്‌. ഇന്ന്‌ മാധ്യമങ്ങൾ ഈ ചരിത്രപാഠങ്ങൾ ചർവിതചർവണം ചെയ്തുകൊണ്ടേയിരിക്കുകയാണ്‌. ചരിത്രബോധമില്ലാതെ ചരിത്രനിര്‍മിതി നടത്തുകയും ചരിത്രം പഠിക്കുകയും ചെയ്യുന്ന സങ്കല്പനത്തെ പ്രസിദ്ധ ചിന്തകനായ ലൂയി അൽത്തുസർ ഹിസ്റ്റോറിസിസം (Historicism) എന്നാണ്‌ വിശേഷിപ്പിച്ചത്‌. അതെന്താണെന്ന്‌ ഇടതുപക്ഷ ബുദ്ധിജീവികൾക്കുപോലും പിടികിട്ടിയില്ല. വർത്തമാന രാഷ്രീയപ്രതിഭാസങ്ങൾക്കെല്ലാം ആധാരമായി ചരിത്രത്തെ ഉപദർശിക്കുകയും പുതിയ രാഷ്ട്രീയ ബലത്രന്ത്രങ്ങളെ തിരിച്ചറിയാതെ എല്ലാറ്റിനും ചരിത്രത്തിൽനിന്നു ഉത്തരം തേടുകയും ചെയ്യുന്ന രീതിശാസ്ത്രമാണ്‌ ഹിസ്റ്റോറിസിസം. രാഷ്ട്രീയതലത്തിൽ ഈയൊരു പ്രവണത പിന്തുടര്‍ന്നാൽ നവരാഷ്ട്രീയ പ്രശ്നങ്ങളെയും ദാര്‍ശനിക ചിന്തകളെയും തിരിച്ചറിയാനാവില്ല. അതുകൊണ്ടുതന്നെ പുതിയകാലത്തു സ്വീകരിക്കേണ്ട നൂതനസമീപനങ്ങൾ മനസ്സിലാക്കാനും കഴിയാതെ വരുന്നു. യുദ്ധത്തിന്‌ പല തന്ത്രങ്ങളുമുണ്ട്‌. അവയെല്ലാം ഇറ്റാലിയൻ ചിന്തകനായ അന്റോണിയോ ഗ്രാംഷി, മുസ്സോളിനിയുടെ തടവറയിൽ നിന്നെഴുതിയ ‘ജയിൽ കുറിപ്പുകളിൽ’ വിശദമാക്കിയിട്ടുണ്ട്‌. എന്നാൽ യുദ്ധം അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനും സ്ട്രാറ്റജി ആവശ്യമാണ്‌ അഥവാ അനിവാര്യമാണ്‌ എന്നു തിരിച്ചറിയപ്പെട്ടിട്ടില്ല. പക്ഷേ, ഗാന്ധിജി, ഇന്ത്യൻ രാഷ്ട്രീയത്തിൽ അത്‌ വിജയകരമായി പ്രയോഗിച്ചു. അതുകൊണ്ട്‌ ഗാന്ധിജിയുടെ രാഷ്ട്രീയ പ്രയോഗ(അഹിംസാത്മകമായ സമരം)ത്തെ നിശ്ശബ്ദവിപ്ലവം (Passive Revolution) എന്നാണ്‌ മാർക്സിസ്റ്റ്‌ ചിന്തകനായ ഗ്രാംഷി വിശേഷിപ്പിച്ചത്‌.


സമാധാനപരമായ സമരം സായുധസമരത്തേക്കാൾ പ്രഹരശേഷിയുള്ളതാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ ഇന്ത്യൻചരിത്രത്തിൽത്തന്നെ കണ്ടെത്താം. എതിരാളിയെ പ്രകോപിതനാക്കുകയെന്നതാണ്‌ യുദ്ധത്തിൽ, യുദ്ധോത്സുകർ പ്രയോഗിക്കുന്ന തന്ത്രം. അപ്പോൾ പ്രകോപിതരായ ജനങ്ങൾ അക്രമോത്സുകരാവും. അതിന്റെ അതിവൈകാരികതയിൽ ശത്രുസൈന്യത്തിന്റെ ശക്തിയെക്കുറിച്ചുള്ള യുക്തിചന്ത അഥവാ ഇന്നു നാം വിശേഷിപ്പിക്കുന്ന ശാസ്ത്രീയ യുക്തിവിചാരം – Scientific Temper – നഷ്ട്മാവുകയും ശത്രുസൈന്യത്തെ താണ്ഡവത്തിനിരകളായ രക്തസാക്ഷികളാക്കി മാറ്റുകയും ചെയ്യും. ഭരണകൂടത്തിന്റെ അജണ്ടയ്ക്കനുസരിച്ചുള്ള ഭരണകൂട സൃഷ്ടിയാണ്‌ രക്തസാക്ഷികൾ. ആ അജണ്ടയെ അതി ജീവിക്കുന്നതാണ്‌ യഥാർഥ  ശാസ്ത്രീയ – യുക്തി വിചാരത്തിലധിഷ്ഠിതമായ വിപ്ലവത്രന്തം.


ഇസ്രയലിനെതിരെ ഹമാസ്‌ എന്ന അർധസൈനിക സംഘടന നടത്തിയ ആക്രമണത്തിന്റെ ഫലം പരിശോധിച്ചാൽ, ഇത്‌ വളരെ വ്യക്തമാവും. എഴുപത്തഞ്ചു വർഷക്കാലമായി പലസ്തീൻജനത അനുഭവിച്ച യുദ്ധക്കെടുതികളും അപരിഹാര്യമായ നഷ്ടങ്ങളും രൂക്ഷമാക്കാനേ, ഹമാസ്‌ ആക്രമണത്തിന്‌ സാധിച്ചുള്ളു. ആ ആക്രമണത്തിന്റെ തിരിച്ചടി ഗാസയിൽ സംഭവിക്കുമെന്ന്‌, അഥവാ ഗാസയിൽ ആയിരക്കണക്കിന്‌ ജനങ്ങൾ ചത്തൊടുങ്ങുമെന്ന്‌ ലോകത്ത്‌ ആദ്യമറിഞ്ഞവർ ഹമാസ്‌ സൈനികരാണ്‌. പലസ്തീനിൽ ഇസ്രയേൽ നടത്തിയ നിഷ്ഠൂരമായ ആക്രമണങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനും പലസ്തീനിന്റെ സ്വയം നിർണയാവകാശവും രാഷ്ട്രീയസ്വത്വവും നിലനിറുത്താനും വേണ്ട ക്രിയാത്മകമായ വിമോചനസമരത്തിനുവേണ്ട നവീന പ്രയോഗമാതൃക (Praxis) സ്വായത്തമാക്കാൻ ഹമാസിനറിയില്ല എന്നു പകൽപോലെ വ്യക്തമായി. പക്ഷേ, ഈ വസ്തുത, യാഥാർഥ്യമായി അംഗീകരിക്കാൻ കൂട്ടാക്കാതെ, പലസ്തീൻ പ്രശ്നത്തോടുള്ള പ്രതിബദ്ധതയുടെ പേരിൽ അതിനെ ന്യായീകരിക്കുകയാണ്‌ പല രാഷ്ട്രീയകക്ഷികളും ചെയ്യുന്നത്‌.


സയണിസം ജൂതന്മാരുടെ യഥാർഥ ശത്രു


ഈ ലേഖനത്തിന്റെ ലക്ഷ്യം, പലസ്തീൻ നേരിടുന്ന ദുരന്തം അവസാനിപ്പിക്കാൻ സാർവദേശീയ സമൂഹവും ലോകരാഷ്ട്രങ്ങളും ഒരൊറ്റ മനുഷ്യനെപ്പോലെ (അമേരിക്കപോലുള്ള സാമ്രാജ്യത്വ – ഭീകര ഭരണകൂടങ്ങൾ ഒഴികെ) ഉയർന്നുവരേണ്ടതെങ്ങനെയെന്നു പ്രതിപാദിക്കുക എന്നതാണ്‌. അതോടൊപ്പം ഇസ്രയേൽ എന്നു നാം വിളിക്കുന്ന ഇസ്രയേൽ ഭരണകൂടം എങ്ങനെ ലോകത്തിന്റെതന്നെ അർബുദമായി മാറിയിരിക്കുന്നുവെന്നു സൂചിപ്പിക്കുകയാണ്‌.


ഇസ്രയേൽ എന്ന രാഷ്ട്രം ഉയർന്നു വരുന്നത്‌ സയണിസമെന്ന തീവ്രരാഷ്ട്രീയ ജൂത“ത്വ’ (Extreme Political Judaism) ത്തിന്റെ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായിട്ടാണ്‌.


ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനും ഇറാഖിൽ അമേരിക്ക ആക്രമണം നടത്തിയപ്പോൾ ഇറാഖിൽ ബി.ബി.സി. റിപോർട്ടറായി പ്രവർത്തിക്കുകയും ചെയ്ത അലൻ ഹാർട്ടിന്റെ 1000-ത്തോളം പേജുകളുള്ളതും മൂന്നു വാല്യങ്ങളായി 2009-ൽ പ്രസിദ്ധപ്പെടുത്തിയതുമായ ഗ്രന്ഥമാണ്‌ ‘Zionism, The Real Enemy of Jews’. പലസ്തീൻ വിമോചനപോരാളിയായ യാസിർ അരാഫത്തിന്റെ ജീവചരിത്രകാരൻകൂടിയാണദ്ദേഹം. ഏതാണ്ട്‌ പത്തുവര്‍ഷക്കാലംമുമ്പ്‌, കോഴിക്കോട്‌, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്യാൻ വന്ന അദ്ദേഹത്തെ സ്വീകരിക്കാനുള്ള ചുമതല ഈ ലേഖകനായിരുന്നു. അന്നദ്ദേഹം, സയണിസ്റ്റുകളുടെ കരിമ്പട്ടികയിൽപ്പെട്ട ആളായിരുന്നതിനാൽ പോലീസ്‌ പ്രത്യേക സുരക്ഷിതത്വവും ഒരുക്കിയിരുന്നു. അന്നു രണ്ടു മണിക്കൂറോളം അദ്ദേഹവുമായി സംസാരിക്കാനുള്ള ഭാഗ്യമെനിക്കുണ്ടായി. പലസ്തീൻ – ഇസ്രയേൽ പ്രശ്നത്തിന്റെ ചരിത്രവും രാഷ്ട്രീയവും ഇത്രമേൽ വിശദമായും ശാസ്ത്രീയമായും പ്രതിപാദിച്ച മറ്റൊരു ഗ്രന്ഥകാരൻ ലോകത്തിലില്ല. മാധ്യമങ്ങളിലെ അന്തിചർച്ചകൾ നടത്തുന്നവരൊന്നും ആ ഗ്രന്ഥങ്ങൾ കാണുകപോലും ചെയ്തിട്ടില്ലാത്തതിനാൽ അദ്ദേഹത്തെ പരാമർശിക്കപ്പെടാത്തതിൽ അത്ഭുതമില്ല. പത്തുവർഷം മുമ്പ്‌ അദ്ദേഹം പറഞ്ഞത്‌, ഇസ്രയേൽ അതിന്റെ ഭീകരത ഇനിയും പ്രകടിപ്പിക്കുമെന്നാണ്‌. മാത്രമല്ല, അതിന്‌ വിരാമമിടണമെങ്കിൽ പലസ്തീൻ – ഇസ്രയേൽ ജനതയുടെ സഹോദര്യവും സൗഹാർദവും സുസ്ഥിതമാവണമെന്നും, ജൂതന്മാർ സയണിസ്റ്റ്‌ ഭീകര ഭരണകൂടത്തിൽനിന്ന്‌ വിമോചിതരായി, സ്വന്തം മതവിശ്വാസങ്ങൾ നിലനിറുത്തിക്കൊണ്ടുതന്നെ ഒരു ജനാധിപത്യരാഷ്ട്രമായി പരിവർത്തിക്കപ്പെടേണ്ടതുണ്ടെന്നുമാണ്‌. ഇന്നു നമ്മുടെ പൊതുസമൂഹം (രാഷ്ട്രീയ പാർട്ടികളടക്കം) തിരിച്ചറിയാതെ പോവുന്ന ഏറ്റവും മൗലികമായ ആശയമാണ്‌ അലൻ ഹാർട്ട് ലോകത്തോട്‌ പറഞ്ഞത്‌.


ഒരുവീട്‌ കത്തിക്കൊണ്ടിരിക്കുമ്പോൾ, വീടിന്റെ വാസ്തുശില്പത്തെക്കുറിച്ച്‌ ചർച്ച ചെയ്യുന്നതുപോലെയാണ്‌ നാമിന്ന്‌ പലസ്തീൻ – ഇസ്രയേൽ പ്രശ്നത്തെ അവതരിപ്പിക്കുന്നത്‌. സമാധാനത്തിന്റെ തന്ത്രം, വിപ്ലവത്തിന്റെയോ യുദ്ധത്തിന്റെയോ തന്ത്രമല്ലെന്ന്‌ മനസ്സിലാക്കാത്തവരാണ്‌, ഇന്ന്‌ ഏറെയും. യുദ്ധം നിറുത്തുക എന്ന അടിയന്തരാവശ്യം ഉയർത്താതെ പലസ്തീൻ ഐക്യദാർഢ്യം കൊണ്ട്‌ പ്രയോജനമില്ല. ഒരു വിദഗ്ധനായ ഡോക്ടർ അപകടനിലയിലായ രോഗികളെ പരിചരിക്കുന്നതുപോലെയാവണം സമാധാനനയം. ഡോക്ടറുടെ വൈകാരികതയ്ക്ക്‌ രോഗപരിചരണത്തിൽ സ്ഥാനമില്ല. മറിച്ച്‌ വൈചാരികത, മെഡിക്കൽ എത്തിക്സ്‌ എന്നിവ മാത്രമേ ഒരു രോഗിക്ക്‌ ഗുണം ചെയ്യുള്ളൂ.


ഇതിനെ ക്ലിനിക്കൽ സമീപനം (Clinical Attitude) എന്നു പറയാം. യാഥാർഥ്യത്തെ യാഥാർഥ്യമായി കാണുകയെന്നതാണ്‌ വസ്തുനിഷ്ഠവും യുക്തിസഹവും ശാസ്ത്രീയരീതിയും. ഇതിന്റെ ഭാഗമായിട്ടാണ്‌ ഡോക്ടറുടെ വിവേക-വിവേചന നടപടികളും, രോഗയാഥാർഥ്യം  (അത്‌ അതീവ ഗുരുതരമെങ്കിൽ) ഡോക്ടർ രോഗികളുടെ ബന്ധുക്കളോട്‌ മറച്ചുപിടിക്കാതെ അവതരിപ്പിക്കുകയും, രോഗിയിൽനിന്ന്‌ തത്കാലം മറച്ചുപിടിക്കുകയും ചെയ്യുന്നതാണ്‌ Clinical Strategy. ഇതാണ്‌ സയന്റിഫിക്‌ സ്ട്രാറ്റജി. രാഷ്ട്രതന്ത്രത്തിലും പ്രയോഗവത്കരിക്കേണ്ട രീതി. എന്നാൽ ഇതിനു വിഘാതമായിട്ടാണ്‌ പൊതുവിൽ ലോകമെങ്ങും പലസ്തീൻ വിഷയം കൈകാര്യം ചെയ്യപ്പെട്ടത്‌.


പലസ്തീൻ – ഇസ്രയേൽ ജനതയ്ക്ക്‌ ഐക്യദാർഢ്യം


അടിയന്തിരമായി ഇസ്രയേൽ ആക്രമണയുദ്ധവും ഉപരോധ നടപടികളും അവസാനിപ്പിക്കുക, പരിക്കേറ്റ ഗാസയിലെയും വെസ്റ്റ്‌ബാങ്കിലെയും ജനങ്ങൾക്ക് ചികിത്സ നല്കുക, ഭക്ഷ്യവസ്തുക്കളും മറ്റും അടിയന്തിരമായി വിതരണം ചെയ്യുന്നതിന്‌ ലോകതലത്തിൽ നടപടി കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ക്കു‌ മുൻഗണന നല്കുക. 75 വർഷമായി ലോകം തിരിച്ചറിഞ്ഞിട്ടിലാത്ത ഒരു യാഥാർഥ്യമിതാണ്‌. ഏകപക്ഷീയമായി പലസ്തീൻ ഐക്യദാർഢ്യം  എന്ന മുദ്രാവാക്യം ഉയർത്തുകയെന്നതും അതു പലസ്തീൻ പ്രശ്നം പരിഹരിക്കുമെന്നും കരുതുന്നത്‌ മുട്ടയുടയ്ക്കാതെ ഓംലെറ്റ്‌ ഉണ്ടാക്കാൻ ശ്രമിക്കുന്നതിനും അണ്ഡ-ബീജ സംയോജനം നടക്കാതെ സന്താനമുണ്ടാവാൻ വേണ്ടി കാത്തിരിക്കുന്ന ദമ്പതികളുടെ അവസ്ഥയ്ക്കും സമാനമാണ്‌. ഇവിടെയാണ്‌ പലസ്തീൻ ജനതയ്ക്കൊപ്പം ഇസ്രയേൽ ജനതയ്ക്കും നാം ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതിന്റെ നൈതികബോധവും രാഷ്ട്രീയയുക്തിയും അന്തർഭവിതമായിരിക്കുന്നത്‌.


നാലുപ്രധാനപ്പെട്ട വിഷയങ്ങളാണ്‌ ഈ നൂതന പ്രയോഗ മാതൃകയ്ക്ക്‌ കാരണം അതിവയാണ്‌ :


(1) ഇസ്രയേലിലും ഹമാസ്‌ ആക്രണ ഫലമായി ആയിരത്തോളം ജനങ്ങൾ വധിക്കപ്പെട്ടു. അതിന്റെ ന്യായീകരണമായി പൊതുവിൽ ഉയർത്തിക്കാണിക്കുന്നത്‌ ഇസ്രയേലിന്റെ 75 വർഷത്തെ അധിനിവേശവും ആക്രമണയുദ്ധങ്ങളുമാണ്‌. ഒരുലക്ഷം നിരപരാധികൾ വധിക്കപ്പെട്ടാലും അതിനു പ്രതികാരമായി ഒരു നിരപരാധിപോലും വധിക്കപ്പെട്ടുകൂടാ ശിക്ഷിക്കപ്പെട്ടുകൂടാ എന്ന നൈതിക ബോധം ആണിവിടെ തമസ്ക്കരിക്കപ്പെട്ടത്‌. മനുഷ്യജീവന്റെ വില കാൽക്കുലേറ്റർകൊണ്ട്‌ നിർണയിക്കപ്പെടാവുന്നതല്ല.


(2) ഇസ്രയേൽ എന്നത്‌ ഒരു രാഷ്ട്രമാണ്‌, രാഷ്ട്രത്തിന്റെ പേരാണ്‌. രാഷ്ട്രമെന്നാൽ ജനതയാണ്‌. പലസ്തീനിനെതിരെ നാളിതുവരെയും ഇപ്പോഴും യുദ്ധം തുടരുകയും ചെയ്യുന്നത്‌ സയണിസ്റ്റ്‌ ഭരണകൂടമാണ്‌. ഭരണകൂടം സാങ്കേതികമായി ജനങ്ങളെ പ്രതിനിധീകരിക്കുന്നുവെങ്കിലും ലിബറൽ രാഷ്ട്രീയത്തിൽ, ഈ പ്രതിനിധാനമെന്നതും ഒരധിനിവേശം തന്നയാണ്‌. അതാണ്‌ ആഭ്യന്തരാധിനിവേശം അഥവാ ആഭ്യന്തര കോളോണിയലിസം (Internal hegemony or Internal Colonialism) ഭരണകൂടം നടത്തൂന്ന ക്രൂരഹിംസയ്ക്ക്‌ ഒരു ജനതയാകെ ഉത്തരവാദികളാവേണ്ടി വരുന്നതാണ്‌ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്‌. ഹിറ്റ്‌ലറുടെ നാത്‌സിഭീകരതകൾക്കും  ഹോളോകോസ്റ്റിനും ജർമൻജനത ഉത്തരവാദികളാവുന്നില്ല. യുദ്ധങ്ങൾ നടക്കുന്നത്‌ രാഷ്ട്രങ്ങൾ തമ്മിലാണ്‌ എന്നത്‌ ലോകത്തിൽ നാം ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന പഴകിയ നുണയാണ്‌. State എന്ന വാക്കിന്‌ ഇംഗ്ലീഷിൽ ഭരണകൂടമെന്നും രാഷ്ട്രമെന്നും അർഥമുണ്ട്‌. യുദ്ധം ഭരണകൂടം (Ruling Class) ജനങ്ങളുടെ മേൽ അടിച്ചേല്പിക്കുന്നതാണ്‌. ഇതിന്റെ ആഘാതം ആക്രമിക്കപ്പെടുന്ന ജനത മാത്രമല്ല, അക്രമിക്കുന്ന രാജ്യത്തിലെ ജനങ്ങളും മറ്റൊരു രീതിയിൽ അനുഭവിക്കുന്നുണ്ട്‌ എന്ന യാഥാർഥ്യം  യുദ്ധകാലത്ത്‌ വിശേഷിച്ചും മറച്ചു പിടിക്കപ്പെടുന്നു.


(3) ഇസ്രയേൽ ജനത മുഴുവൻ നെതന്യാഹു എന്ന ഇസ്രയേൽ പ്രധാനമ്രന്തിയുടെ യുദ്ധോത്സുക നയങ്ങളെ അനുകൂലിക്കുന്നവരല്ല. അടുത്തിടെ ‘ഇസ്രയേൽ ചാനൽ 13’ എന്ന ടെലിവിഷൻ നടത്തിയ സർവേയിൽ 76% ഇസ്രായേലികളും നെതന്യാഹു പ്രധാനമ്രന്തിസ്ഥാനം രാജി വയ്ക്കണമെന്നാഗ്രഹിക്കുന്നവരാണ്‌ എന്നു കണ്ടെത്തി. സർവേയിൽ 44%-വും യുദ്ധത്തിന്റെ ഉത്തരവാദി നെതന്യാഹുവാണെന്ന്‌ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. 33% ജനങ്ങൾ ഇസ്രയേൽ ഡിഫൻസ് ‌ ഫോഴ്സിനെ കുറ്റപ്പെടുത്തുന്നു. ഇസ്രായേലിൽ യുദ്ധത്തിനെതിരെ പ്രക്ഷോഭം നയിക്കുന്ന റാഡ്മാൻ (Radman) CBS News-നു മുമ്പാകെ വെളിപ്പെടുത്തിയത്‌ നെതന്യാഹുവിന്റെ നയങ്ങളാണ്‌ യുദ്ധത്തിന്‌ കാരണമെന്നാണ്‌.


(4) നെതന്യാഹു യു.എൻ. ജനറൽ അസംബ്ലിയുമായി കൂടിയാലോചന നടത്താ൯ തീരുമാനിച്ചപ്പോൾ ഒരു വലിയ ജനകീയപ്രക്ഷോഭംതന്നെ ഇസ്രയേലിലുണ്ടായി. ഇതുകൂടാതെ ലക്ഷക്കണക്കിനു ജനങ്ങൾ ഇസ്രയേലിൽ ചില നിശ്ചിതദിവസങ്ങളിൽ യുദ്ധം നിറുത്താൻ വേണ്ടി മാർച്ച് നടത്തുന്നു. അടുത്തിടെ നെതന്യാഹുവിന്റെ വസതിക്കു മുമ്പാകെ ഒരു വലിയ ജനാവലി നടത്തിയ മാര്‍ച്ച് ‌ CBS News പുറത്തുവിടുകയുണ്ടായി. അപ്പോൾ യുദ്ധത്തിനെതിരായ വലിയ പ്രക്ഷോഭങ്ങളും സയണിസ്റ്റ്‌ ഭരണ നയങ്ങളെ എതിർക്കുന്ന വിമതസ്വരങ്ങളും ഇസ്രയേലിൽ ഉയർന്നുവരുന്നു. കൂടാതെ, ഇസ്രയേലിലെ സുപ്രീംകോടതിയെ വിമർശിച്ചുകൊണ്ടും ഇസ്രയേൽ ഭരണകൂടനയങ്ങളെ നിയ്രന്തിക്കാൻ നിയമപരിഷ്ക്കരണങ്ങൾ കൊണ്ടുവരണമെന്നും ഇസ്രയേലിലെ ന്യായാധിപന്മാർ ശബ്ദമുയർത്താൻ തുടങ്ങിയിരിക്കുന്നു.


(5) മറ്റൊരു കാരണം ഒരു മതവിശ്വാസ സമൂഹമെന്ന നിലയിൽ ജൂതന്മാർ ലോകസമൂഹത്തിൽ അനുഭവിക്കുന്ന അന്യവത്കരണമാണ്‌. യൂറോപ്യൻരാഷ്ട്രങ്ങളുടെ വിശേഷിച്ചും അമേരിക്ക – ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആന്റിസെമിറ്റിക്‌ മത സമീപനമാണ്‌ ഇന്നു പശ്ചിമേഷ്യയിലെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനം. സ്വന്തം മതവിശ്വാസം നിലനിറുത്തിക്കൊണ്ടുതന്നെ ഒരു മതനിരപേക്ഷ രാഷ്ട്രീയസമൂഹമായി ഉയർന്നുവരാനുള്ള പ്രവണത പുതിയ കാലഘട്ടത്തിൽ ഇസ്രയേലിൽ പ്രകടമാവുമ്പോൾ അതിനു നിരുപാധികപിന്തുണ (പലസ്തീൻ ജനതയ്ക്കു നല്കുന്ന പിന്തുണയ്ക്കൊപ്പം) നല്കുമ്പോഴേ പലസ്തീൻ വിഷയം അന്തിമമായി പരിഹരിക്കപ്പെടുകയുള്ളൂ. ഫലത്തിൽ ഇസ്രയേലിൽ ഒരു ജനാധിപത്യ ഭരണകൂടം സ്ഥാപിക്കപ്പെടുമ്പോഴേ അപരിഹാര്യമെന്നു നാം കരുതുന്ന പശ്ചിമേഷ്യൻ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ. എന്നാൽ അതുടൻ നടക്കുന്നതല്ല. ഓരോ ദിവസവും ശരാശരി 150 ലധികം കുഞ്ഞുങ്ങൾ ഗാസയിൽ കൊല്ലപ്പെടുന്നുവെന്നാണ്‌ കണക്ക്‌ ഹമാസിനെ ഭീകരവാദസംഘടനയെന്നു വിശേഷിപ്പിച്ചാൽ അത്‌ ഇസ്രയേലിന്റെ ക്രൂരകൃത്യങ്ങളെ ന്യായീക്കലാവുമെന്ന ആശങ്ക ഇന്നു പൊതുവിൽ ലോകത്തെ പിടികൂടിയിരിക്കുന്നു. പലസ്തീൻ ജനതയുടെ പ്രതിരോധത്തിനായി തിരഞ്ഞെടുക്കപ്പെട്ട സംഘടനയാണ്‌ ഹമാസ്‌ എന്നതുകൊണ്ട്‌ അതു ഭീകര സംഘടനയല്ലാതാവുന്നില്ല. അങ്ങനെയെങ്കിൽ ഇസ്രയേൽ ഭരണകൂടവും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടതാണ്‌. ഹിറ്റ്ലറുടെയും നാത്‌സി സംഘടനയും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടതാണ്‌. എന്തു തന്നെയായിരുന്നാലും ജയപരാജയങ്ങളിൽ ഏറെ അന്തരമുണ്ടെങ്കിലൂം ഹമാസ്‌ നിരവധി കുട്ടികളടക്കമുള്ളവരെ ബന്ദിക്കളാക്കിയിരിക്കുന്നുവെന്നത്‌ വസ്തുതയാണ്. പലസ്തീൻ പ്രശ്‌നത്തിനെന്നല്ല ഒരു രാഷ്ട്രീയ പ്രശ്നപരിഹാരത്തിനും ഭീകരാക്രമണം ഒരു രാഷ്ട്രീയ പ്രയോഗമാതൃകയല്ല എന്നത്‌ ചരിത്രം നമുക്കു നല്കുന്ന രാഷ്ട്രീയ ബോധ്യമാണ്‌. ജനാധിപത്യപരമായ പരിഹാരമാർഗം മാത്രമേ – അതെത്ര വിഷമകരമായാലും – രാഷ്ട്രങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂവെന്നും അതിനു വിപരീതമായ നീക്കങ്ങൾ ആപത്കരമായ ഫലങ്ങൾ മാത്രമേ സൃഷ്ടിക്കുമെന്നും നിരപരാധികളായ ജനങ്ങളുടെ ജീവ-ജീവിത നാശത്തിന്‌ വഴി തെളിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും നാം തിരിച്ചറിയേണ്ടതുണ്ട്‌.


ഇസ്രയേലിന്റെ സമാനതകളില്ലാത്ത ക്രൂരകൃത്യങ്ങൾ അവസാനിപ്പിക്കാൻവേണ്ട നയതന്ത്രപരവും സമാധാന സ്ട്രാറ്റജിയിലധിഷ്ഠിതവുമായ ശ്രമങ്ങൾ അഥവാ സമ്മർദങ്ങൾ സാർവദേശീയ തലത്തിൽ ഉയർന്നു വരുന്നത്‌ പ്രതീക്ഷ നല്കുന്നതാണ്‌. അതിനായി ഒരു ബദൽ സർവരാഷ്ട്ര സമാധാന വേദി തന്നെ രൂപപ്പെടുത്തേണ്ടതുണ്ട്‌. പലസ്തീൻ – ഇസ്രയേൽ ജനതയെ (ഭരണകൂട നിരക്ഷേപമായി) മനുഷ്യരായി കണ്ടുകൊണ്ട്‌ സാഹോദര്യ – ജനാധിപത്യ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിലൂടെ മാത്രമേ, ഈ പ്രശ്‌നം, ശാശ്വതമായി പരിഹരിക്കപ്പെടുകയുള്ളൂ.