എന്താണ് മനുഷ്യന്റെ അടിസ്ഥാന സ്വഭാവം? യുദ്ധമോ ശാന്തിയോ? – ബിജു ഡൊമിനിക്ക്

എന്താണ് മനുഷ്യന്റെ അടിസ്ഥാന സ്വഭാവം? യുദ്ധമോ ശാന്തിയോ? – ബിജു ഡൊമിനിക്ക്

യുദ്ധഭൂമിയിൽ വച്ചാണെങ്കിലും ഒരു മനുഷ്യനെ വധിക്കുകയെന്നത്, മനുഷ്യസ്വഭാവത്തലന്തർലീനമായിട്ടുണ്ടോ? ശത്രുവിനെ വെടിവച്ചു കൊല്ലുകയെന്നത് സാധാരണമായി പ്രതീക്ഷിക്കുന്ന ഇടമാണല്ലോ യുദ്ധക്കളം. എന്നാൽ, 1947-ൽ ബ്രിഗേഡിയർ ജനറൽ എസ്.എൽ.എ മാർഷൽ പ്രസിദ്ധപ്പെടുത്തിയ ‘വെടിവയ്പിനെതിരെ മനുഷ്യർ (Men Against Fire) എന്ന ഗ്രന്ഥം യുദ്ധരംഗത്തെ മനുഷ്യരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള സങ്കല്പങ്ങളെയെല്ലാം തിരുത്തിക്കുറിക്കാനിയാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പഠനമനുസരിച്ച് രണ്ടാം ലോകമഹായുദ്ധത്തിൽ ശത്രുവിനെതിരെ കേവലം 15 മുതൽ 20 ശതമാനം സൈനികർ മാത്രമേ വെടിവച്ചിട്ടുള്ളു. ഏറെ നിർണായകമായ ഒരു കണ്ടുപിടിത്തമാണിത്. മറ്റൊരു മനുഷ്യനെ വധിക്കുക, അല്ലെങ്കിൽ അവന്റെ ജീവനെടുക്കുകയെന്നത്, സാധാരണ മനുഷ്യനെ സംബന്ധിച്ച് അനായാസം നിർവഹിക്കാനാവുന്ന ഒരു കർമമല്ല. ആയുധമണിഞ്ഞ സൈന്യത്തിന്റെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യാൻ പോന്നതാണീ കണ്ടുപിടിത്തം. തന്റെതന്നെയിടം ശത്രു അധീനപ്പെടുത്തുമെന്ന സാധ്യതയുള്ളപ്പോൾപോലും സൈന്യത്തിലെ ഒരംഗം  ശത്രുവിനെ വധിക്കാൻ തയാറാകാത്തത് എന്തുകൊണ്ടാണ്? മനുഷ്യപരിണാമത്തിന്റെ വേരുകളുമായി ഇതിനു വല്ല ബന്ധവുമുണ്ടോ?


മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പഠനശാഖയായ എത്തോളജിയുടെ അടിസ്ഥാനശില പാകിയവരിലൊരാളാണ് കൊൺറാഡ് ലോറൻസ്. ഇതരവർഗത്തിലെ മൃഗത്തെ കൊല്ലുന്ന പതിവുണ്ടെങ്കിലും ഒരേ വർഗത്തിലെ മൃഗത്തെ കൊല്ലുന്ന സ്വഭാവം മൃഗങ്ങൾക്കിടയിൽ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഉണ്ടെങ്കിൽത്തന്നെ, അത് വളരെ വിരളമത്രേ. മൃഗങ്ങളുടെയിടയിലെ ആക്രമണം, പോരാട്ടം പലപ്പോഴും ഗുരുതരമായ മുറിവ് ഏല്പിക്കുന്ന രീതിയിലേക്ക് പോകാറില്ല. മത്സരം കടുപ്പിച്ചാൽ ആരാണ് ജയിക്കുകയെന്നു കാണിക്കാനും അതു സ്ഥാപിക്കാനുമുള്ള ഒരു അനുഷ്ഠാനം മാത്രമാണിതെന്നാണ് ലോറൻസ് ഊന്നിപ്പറയുന്നത്. കൊമ്പുള്ള മൃഗങ്ങൾ പരസ്പരം പോരടിക്കുമ്പോൾ ഉപദ്രവമില്ലാത്തരീതിയിൽ കൊമ്പുകോർത്ത് തലകൊണ്ട് ബലം പ്രയോഗിക്കുകയാണ് പതിവ്. എന്നാൽ, ഇതരവർഗത്തിലെ മൃഗങ്ങളുമായി പോരടിക്കുമ്പോൾ മാത്രമാണ് ഈ കൊമ്പുള്ള മൃഗങ്ങൾ കുത്തി മുറിവേല്പിക്കുന്നത്.


ആയിരക്കണക്കിനുള്ള ഗുഹാചിത്രങ്ങളിൽ കാട്ടുപോത്ത്, കുതിര, മാൻ എന്നീ മൃഗങ്ങളെയെല്ലാം മനുഷ്യൻ വേട്ടയാടുന്നത് കാണാനാവും. എന്നാൽ, മനുഷ്യർ പരസ്പരം യുദ്ധം ചെയ്യുന്നതിന്റെ ഒരു ചിത്രംപോലും അവയിൽ ഇല്ല. ഏകദേശം 400 ഇടങ്ങളിൽനിന്നായി 3000 മനുഷ്യാസ്ഥികൂടങ്ങൾ ഉദ്ഖനനം ചെയ്‌തെടുത്തിട്ടുണ്ട്. ചരിത്രാതീതകാലത്ത് ആ പ്രദേശത്ത് യുദ്ധം നടന്നതായി യാതൊരു തെളിവും ലഭിച്ചിട്ടില്ലായെന്നാണ് അവിടെ ഗവേഷണം ചെയ്ത ശാസ്ത്രജ്ഞരുടെ അഭിപ്രായം.


അങ്ങനെ യുദ്ധം എന്നത് ഒരു ആധുനിക പ്രതിഭാസമാണെങ്കിൽ എന്നാണ് ഇത് ആരംഭിച്ചത്? ഫ്രഞ്ച് ദാർശനികനും എഴുത്തുകാരനുമായ റൂസ്സോ പറഞ്ഞു: ഒരുതുണ്ടു ഭൂമി കൈവശമാക്കിയ ആദ്യമനുഷ്യൻ അത് സ്വന്തം തലയിലേറ്റി ”ഇതെന്റേതാണ്” എന്നു പറഞ്ഞപ്പോൾ മുതലാണ് എല്ലാം തെറ്റാൻ ആരംഭിച്ചത്.


മനുഷ്യർ ഒരുപ്രദേശത്ത് അധിവാസം ഉറപ്പിച്ചതോടെയാണ്, സൈനികകോട്ടകളും ഉയർന്നതെന്നാണ് പുരാവസ്തുഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. അക്കാലംമുതലുള്ള ഗുഹാചിത്രങ്ങളിൽ മനുഷ്യർ പരസ്പരം അമ്പെയ്യുന്നതിന്റെ അനേകം ഉദാഹരണങ്ങൾ കാണാനാവും. അവിടെനിന്നു ലഭിച്ച അനേകം അസ്ഥികൂടങ്ങളിൽനിന്നു മനസ്സിലായത്, ക്രൂരമായ മർദനങ്ങളുടെയും പീഡകളുടെയും തെളിവുണ്ടെന്നാണ്. ഇപ്പോൾ ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ-ഹാമാസ് യുദ്ധം ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുതന്നെയാണ് എന്നതിൽ അദ്ഭുതത്തിന് ഒട്ടും അവസരമില്ല.


മറ്റൊരു മനുഷ്യനെ കൊല്ലുകയെന്നത് മനുഷ്യസ്വഭാവത്തിൽ അന്തർലീനമല്ലെങ്കിൽ മറ്റു മനുഷ്യരെ കൊല്ലാനുള്ള പരിശീലനം എങ്ങനെയാണ് നല്കപ്പെട്ടത്? മറ്റു മനുഷ്യർക്കെതിരെ വെടിവയ്ക്കാൻ മനുഷ്യർക്ക് മാനസികമായ ഒരു തടസ്സമുണ്ടെന്നു മനസ്സിലാക്കിയ വിദഗ്ധർ സൈനിക സംവിധാനങ്ങളിലെ പരിശീലനപദ്ധതികളിൽ സമൂലമായ മാറ്റംവരുത്തി. ഉന്നംവയ്ക്കുന്ന ചെറിയ വൃത്തത്തിനുപകരം മനുഷ്യാകാരമുള്ള ഒരു രൂപം മുന്നറിയിപ്പില്ലാതെ അവിടെ വരുകയും വെടിയേറ്റാൽ അത് പുറകോട്ട് വീഴുകയും ചെയ്യും. സൈന്യത്തിന് ഒരു കാര്യം വ്യക്തമായി മനസ്സിലായി. സൈനികനും ശത്രുവുമായി ഉള്ള വൈകാരികമായ അകലം വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ശത്രുവിനെ മനുഷ്യനായി കാണാതിരിക്കാനാണ് പരിശീലനം നല്കുന്നത്. ശത്രുവിന്റെ അപമാനവീകരണം വഴി ശത്രുവിനെതിരെ വെടി ഉതിർക്കാനുള്ള മനസ്സ് സൈനികനിലുണ്ടാവും. 1994-ലെ റുവാണ്ട വംശഹത്യയിൽ കലാപകാരികളോട് പറഞ്ഞത്, മറ്റു സമുദായത്തിലെ അംഗങ്ങൾ, നശിപ്പിക്കപ്പെടേണ്ട പാറ്റകളാണ് എന്നത്രേ.  On killing, The Psychological Cost of Learning to Kill in War and Society എന്ന പുസ്തകം രചിച്ച ഡെയ്‌വ് ഗ്രോസ്മൻ പറഞ്ഞത് പുതിയ പരിശീലനപരിപാടി ഫലം കണ്ടുവെന്നാണ്. കൊറിയൻ യുദ്ധത്തിൽ വെടി ഉതിർക്കുന്ന പട്ടാളക്കാരുടെ ശതമാനം 55 ശതമാനമായി വർധിച്ചു. അത് വിയറ്റ്‌നാം യുദ്ധത്തിൽ 90 ശതമാനമായി ഉയർന്നു. പക്ഷേ, അതിനു വലിയ വില നല്കേണ്ടിവന്നു. ഭയം, കോപം, കുറ്റബോധം തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾ പ്രകടമാക്കുന്ന പോസ്റ്റ് ട്രൊമാറ്റിക് ഡിസ്ഓഡർ എന്ന രോഗത്തിന് ദശലക്ഷക്കണക്കിന് വിയറ്റ്‌നാം വെറ്ററൻസ് വിധേയരായി. മറ്റു മനുഷ്യരെ കൊല്ലാനുള്ള ഉത്തരവിനെ സ്വമനസ്സാ സ്വീകരിക്കാനും നീതിമത്കരിക്കാനും യുക്തിക്ക് നിരക്കുന്നതായി കാണാനും സൈനികർക്ക് കഴിഞ്ഞില്ലായെന്നത്, പുതിയ പരിശീലനപദ്ധതിയും പരാജയമടഞ്ഞുവെന്നാണ് പ്രകടമാക്കുന്നത്. യുദ്ധത്തിന്റെ പരിണതഫലങ്ങൾ ആരൊക്കെയാണ് അനുഭവിക്കേണ്ടിവരുകയെന്നതിലും വ്യക്തതയുണ്ട്. ഇരുവശത്തും യുദ്ധംചെയ്യുന്ന സൈനികർ, അവരുടെ കുടുംബം, അങ്ങോട്ടുമിങ്ങോട്ടുമുള്ള വെടിവയ്പിൽ ദുരിതം പേറേണ്ടിവരുന്ന സാധാരണ ജനങ്ങൾ എന്നിവർക്കൊന്നും ഈ യുദ്ധത്തിൽ യാതൊരു താത്പര്യവുമില്ലായെന്നത് ഒരു യാഥാർഥ്യമാണ്. പിന്നെ, ആർക്കാണ് ഈ യുദ്ധമുണ്ടാവുന്നതിൽ താത്പര്യം? യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ ആർക്കാണ് നേട്ടം?


ഇരുഭാഗത്തെയും രാഷ്ട്രീയ നേതൃത്വത്തിന് വലിയ നേട്ടം കൊയ്യാനുള്ള  അവസരമാണ് ഓരോ സംഘട്ടനവും. ലോകത്തിന്റെ ഏതു കോണിലുമുള്ള രാഷ്ട്രീയക്കാരുടെ മനസ്സിലുള്ളത് അടുത്ത തിരഞ്ഞെടുപ്പാണ്. അവരുടെ രാഷ്ട്രീയ സ്വാധീനവും പ്രാമാണ്യവും ഉറപ്പിക്കുന്നതിലാണവരുടെ ചിന്ത. അവരുടെ ഗ്രൂപ്പും അനുയായികളും ഇതിനെ ഒരവസരമായി കാണുന്നത് സ്വാഭാവികം. വിമതവിഭാഗക്കാരെ നേരിടുന്നതിനുള്ള തങ്ങളുടെ നിർണായക പ്രാധാന്യം എടുത്തുകാണിക്കാനുള്ള ഒരു സുവർണാവസരമായിട്ടാണവർ ഒരു സംഘർഷത്തെ കാണുന്നത്.


പതിവായി സംഘർഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാവണമെന്നാഗ്രഹിക്കുന്ന രണ്ടാമത്തെ കൂട്ടർ യുദ്ധസാമഗ്രികൾ നിർമിക്കുന്ന കമ്പനികളാണ്. ശതകോടി ഡോളറിന്റെ ഒരു വ്യവസായമാണിത്. ശാന്തിയും സമാധാനവും ഏറെക്കാലത്തേക്ക് നീണ്ടുനില്ക്കുകയാണെങ്കിൽ യുദ്ധസാമഗ്രികളും മറ്റും ഫാക്ടറികളിൽ അലസമായി കിടക്കും. എന്നാൽ, ഓരോ തോക്കിൽനിന്നു വെടി ഉതിരുമ്പോഴും, ഓരോ യുദ്ധറോക്കറ്റ് പറന്നുയരുമ്പോഴും യുദ്ധസാമഗ്രികൾ നിർമിക്കപ്പെടുന്ന ഫാക്ടറികൾ ഉത്പാദനക്ഷമമാവും. ഫാസ്റ്റ്ഫുഡ് നിർമാതാക്കൾ ഉപഭോക്താക്കളെ ആകർഷിക്കാൻ ഉതകുന്ന വിപണനതന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നതുപോലെ യുദ്ധസാമഗ്രികൾ നിർമിക്കുന്ന കമ്പനികൾ ലോകമാസകലം സംഘർഷം വർധിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളും മെനയുന്നതാണ്.


തങ്ങളുടെ മാനസികസംഘർഷങ്ങൾക്ക് ഒരു മൂടുപടവും മറയുമായി എല്ലാ സംഘട്ടനങ്ങളെയും കാണുന്നവരാണ്, മൂന്നാമത്തെ വിഭാഗം. ലോകമാസകലമുള്ള പല സംഘർഷങ്ങളും തങ്ങളുടെതന്നെ വ്യക്തിപരമായ സംഘർഷങ്ങളുടെ തകരാറുകളുടെ ബഹിർസ്ഫുരണവും അവയോടു ചേർന്നുപോകുന്നവയുമാണ്. ആയതിനാൽ സംഘർഷം ഉണ്ടാവുമ്പോൾ മാനസികമായി പലരും അതിൽ ഭാഗഭാക്കാവുകയും ഒരു പ്രത്യേക മാനസികനിലയിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഈ മാനസിക-വൈകാരിക അവസ്ഥയെ ‘ഷാഡൻ ഫ്രോയിഡ്’ എന്നാണ് പറയുക. മറ്റുള്ളവരുടെ അതീവദുഃഖ ദുരിതങ്ങളിൽ അത്യധികം ആനന്ദിക്കുന്ന ഒരു ദുഷ്ടമനഃസ്ഥിതിയയയാണത്.


ഒരു റോക്കറ്റ് വന്ന് ഇസ്രയേലിലെ വീടുകളിൽ പതിക്കുമ്പോഴും ഗസയിലെ വീടുകൾ തകർത്തുതരിപ്പണമാക്കുമ്പോഴും പരോക്ഷമായി സന്തോഷിക്കുന്നവർ ലോകത്തിന്റെ പല സ്ഥലങ്ങളിലുമുണ്ടാവും. ഏതു രാജ്യത്തെയാണവർ പിന്തുണയ്ക്കുന്നതനുസരിച്ച് ഇക്കാര്യത്തിൽ വ്യതിയാനം ഉണ്ടാകാം. വീട്ടിലിരുന്ന് കൈയിൽ പോപ്പ്‌കോണുമായി ഒരു യുദ്ധസിനിമ കാണുന്നതിനു സമാനമാണിത്. അതിനാൽ, യാഥാർഥ്യം ഇതാണ്. മറ്റുള്ളവരെ കൊല്ലാൻ വേണ്ടിയില്ല, മനുഷ്യർ ജന്മമെടുത്തിട്ടുള്ളത്, എന്നാൽ, നിർഭാഗ്യവശാൽ, യുദ്ധമുണ്ടാകുമ്പോൾ നേട്ടമുണ്ടാവുന്ന വിവിധ വിഭാഗം ജനഗണങ്ങളുണ്ട്. അവർ സംഘർഷങ്ങൾ നിലനിറുത്താൻ തങ്ങളാലാവുന്നതെല്ലാം ചെയ്യും. ഗസയിലെ സംഘർഷവും ഇതിനൊരപവാദമല്ല.


(മൊഴിമാറ്റം: മാത്യു കുരിശുംമൂട്ടിൽ)