എല്ലാ യുദ്ധങ്ങളും പരാജയങ്ങളാണ് – വിനോദ് നാരായണ്‍
നോട്ടം
എല്ലാ യുദ്ധങ്ങളും പരാജയങ്ങളാണ്. ചില ഭരണകൂടങ്ങൾ ശരിയല്ല, ചില രാജ്യങ്ങൾ ശരിയല്ല, ചില മനുഷ്യർ ശരിയല്ല. നമ്മൾ പറയുന്നതാണ് അതിർത്തികൾ. ശരികളുടെ മുഴുവൻ ശരിയും നമ്മുടെ പക്ഷത്താണ്. ഒഫൻസ് അല്ല ഡിഫൻസ് മാത്രമാണ് ഞങ്ങളുടേത്. ആയുധങ്ങളാണ്, കച്ചവടമാണ്. ഇത് മനുഷ്യൻ അവന്റേതെന്ന് എന്തിനെയെങ്കിലും കരുതി തുടങ്ങിയ കാലംതൊട്ട് നടക്കുന്നതാണ്. യുദ്ധങ്ങൾ ഉണ്ടാവുകയാണ്. അല്ല ഉണ്ടാക്കുകയാണ്. സമാധാനത്തിനുവേണ്ടി യുദ്ധം ചെയ്തേ മതിയാവു. അങ്ങനെയങ്ങനെ പറഞ്ഞുപറഞ്ഞു പോകാം.
പക്ഷേ, എല്ലാ യുദ്ധങ്ങളും പരാജയങ്ങളാണ്. യുദ്ധങ്ങളിൽ മനുഷ്യാവകാശലംഘനമാണ് നടക്കുന്നത്. മനുഷ്യാവകാശലംഘനത്തിനെ സാധൂകരിക്കാൻ കിട്ടുന്ന സുവർണാവസരമാണ് യുദ്ധങ്ങൾ. ഒരു പൊതുശത്രുവിനെ ഉണ്ടാക്കി സ്വയം പരാജിതരാവാനുള്ള മനുഷ്യന്റെ കഴിവാണ് യുദ്ധങ്ങൾ. എല്ലാ യുദ്ധങ്ങളും പരാജയങ്ങളാണ്. അതിനെതിരെ ശബ്ദിച്ചാൽ ഓരോ ദേശത്തും നമ്മുടെ ദേശസ്നേഹം ചോദ്യം ചെയ്യപ്പെടും. ക്രിക്കറ്റിനെയും ഫുട്ബോളിനെയുംപോലും യുദ്ധവത്കരിക്കുന്ന കാലത്ത് യുദ്ധത്തിനെ എതിർത്താൽ നമ്മൾ നിലപാടില്ലാത്തരാവുന്നു. ഒരു പക്ഷം പിടിക്കാതെ ബാലൻസ് ചെയ്യുന്നവരാവുന്നു.
എപ്പോഴും എല്ലാ യുദ്ധങ്ങളും പരാജയങ്ങളാണ്. ഞാൻ യുദ്ധമുഖത്ത് ജീവിച്ചിട്ടില്ല. യുദ്ധമുഖങ്ങളിൽനിന്നു രക്ഷപ്പെട്ട പലരുമായിട്ട് ജീവിതത്തിൽ പല പ്രാവശ്യം സംവദിച്ചിട്ടുണ്ട്19-ആം വയസ്സിൽ പോൾപോട്ടിന്റെ കമ്പോഡിയയിലെ കില്ലിംഗ് ഫീൽഡ്‌സിൽ അകപ്പെട്ട് അവിടെനിന്നു എങ്ങനെയോ രക്ഷപ്പെട്ട ഒരു പരിചയക്കാരൻ അടക്കം. ടെലിവിഷന്‍ ഓഫാക്കിയാലും കമ്പ്യൂട്ടറിൽനിന്നു ലോഗോഫ് ചെയ്താലും അവസാനിക്കുന്നതല്ല യുദ്ധങ്ങൾ. ഓരോതവണ ടെലിവിഷനും കമ്പ്യൂട്ടറും ഓണാക്കുമ്പോൾ മനുഷ്യരുടെ സംഖ്യ മാറിയിട്ടുണ്ടാവും. പലരുടെയും ദൈന്യത കൂടിയിട്ടുണ്ടാവും. ഓഫാക്കിയാൽ തീരുന്നതല്ല നമ്മുടെ ഉത്തരവാദിത്വങ്ങളും.
എല്ലാ യുദ്ധങ്ങളും പരാജയങ്ങളാണ്. യുദ്ധങ്ങളെ ചെറുതും വലുതും മഹായുദ്ധങ്ങളായും തിരിച്ചാൽ പരാജയങ്ങൾ കുറയില്ല. മനുഷ്യാവകാശം, മാനവികത അതിനെ ഈ ലോകത്ത് അർഥമുള്ളൂ. അതിനെ നിങ്ങൾ എന്തു വച്ചും വ്യാഖ്യാനിച്ചുകൊള്ളൂ. മതം,പ്രത്യയശാസ്ത്രം, രാജ്യസ്നേഹം,ആത്മീയത… അതുനിങ്ങളുടെ ഇഷ്ടം.
മാനവികതയ്ക്ക് ഒരു നിറമേ ഉള്ളൂ. പിടയുന്ന ജീവന്റെയും ചിന്തുന്ന രക്തത്തിന്റെയും പൊടിയുന്ന കണ്ണുനീരിന്റെയും നിറവും സ്വാദും. അതെ ഉള്ളൂ.
അല്ലാത്തതൊന്നും മാനവികതയിൽ പ്രസക്തമല്ല. എനിക്ക് അത്രയേ പറയാനാവൂ. ലോകത്തിന്റെയും നിങ്ങളുടെയും കാര്യം എനിക്കറിയില്ല. നിങ്ങൾക്കു നിലപാടുകൾ ഉണ്ടാവാം, നിങ്ങൾക്കു കാരണങ്ങൾ ഉണ്ടാവാം, എനിക്കറിയില്ല.
അതിർത്തികൾ ഇല്ലാത്ത ഉരുണ്ടഭൂമിയിൽ അതിരുകൾ സൃഷ്ടിച്ച് പരിണമിച്ച മാനവികതയാണ് ഇന്നു നമ്മുടേതെന്ന് അറിയാം. അതു മനസ്സിലാക്കുമ്പോൾപോലും ചില പ്രദേശങ്ങളിലുള്ള അനാവശ്യ അതിക്രമം മാനവികതയുടെ ഭാഗമല്ല എന്നു തോന്നാറുണ്ട്. ആരുടെയൊക്കെയോ ശക്തിപ്രകടനങ്ങളുടെ ഭാഗമാണ്. ഓരോ കഥകളിൽക്കൂടി മാറ്റിമാറ്റി എഴുതപ്പെടുന്ന എന്തോ ഒന്ന്.
അക്രമം നടത്തുന്നവരെയും അതിനു തക്കതായ ചെറുത്തുനില്പ് നടത്തുന്നവരെയും മാറിമാറി ധീരയോദ്ധാക്കളെന്ന് ലോകം വിളിക്കും. എല്ലാ രാജ്യത്തിന്റെയും യോദ്ധാക്കളുടെ മരണം അതാത് രാജ്യത്തിന്റെ പരാജയമാണ്. യോദ്ധാക്കളുടെ മരണം രാജ്യത്തിന്റെ പരാജയമാണെങ്കിൽ എല്ലാ മരണവും മനുഷ്യന്റെ പരാജയമാണ്. മനുഷ്യര്‍ മരിച്ചു വീഴുന്നു. നിങ്ങളെയും എന്നെയും പോലുള്ള മനുഷ്യർ. സംഘർഷങ്ങൾ എന്തുകൊണ്ട് പലർക്കും ഒരു അനിവാര്യതയായി മാറുന്നു? പവർ സ്ട്രഗിൾ ആണത്രേ, ആരുമായി?
ഇത് എന്റെ അഭിപ്രായം. നിങ്ങൾക്ക് ഇതിനെ രാജ്യസ്നേഹവും മതവും പ്രത്യയശാസ്ത്രവും ഒക്കെ വേണ്ട രീതിയിൽ ചേർത്ത് സേവിക്കാം. നിങ്ങളുടെ രുചി എനിക്കറിയില്ല.
ഇത്രയും എഴുതിയത് അതിനല്ല. യുദ്ധത്തിനെ കുറിച്ച് ഒന്നും മനസ്സിലാക്കാതെ വീറോടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു പൊരുതി രണ്ടു ഭാഗത്തെയും മരണപ്പെട്ടവരുടെ കണക്കെടുപ്പു നടത്തി ആഹ്ലാദപ്രകടനവും ആവേശവും കാണിച്ച് യോദ്ധാക്കൾ ചമയുന്ന സമൂഹത്തിലെ അല്പന്മാരായ യുദ്ധ കൊതിയന്മാർക്കുവേണ്ടി ഒരു യുദ്ധക്കണക്ക് നല്കാനാണ്.
യുദ്ധത്തിന്റെ അവസാനം അവർ എല്ലാം ഒത്തുചേർന്നു.
കണക്കു പുസ്തകം പൂർത്തിയാകാൻ സമയമെടുത്തിരുന്നു.
മരണത്തിന്റെ എണ്ണത്തിൽ അവർ ഏറെ നേരം ചര്‍ച്ച ചെയ്ത്
ഒരു ഒത്തുതീർപ്പിലെത്തി.
വലത്തേ കൈ നഷ്ടപ്പെടുന്നവരുടെ എണ്ണം
ഇടത്തെ കൈ നഷ്ടപ്പെടുന്നവരുടെ എണ്ണവുമായി
ഏകദേശം ഒപ്പിച്ചെടുത്തു.
സ്ത്രീകൾക്ക് രണ്ടു കൈയും നഷ്ടമായാൽ
ആലിംഗനം കഴിയില്ലെന്ന് പറഞ്ഞപ്പോൾ
അമ്മമാരുടെ പേര് ഒരുത്തൻ വെട്ടി മാറ്റി.