സംഭാഷണം അരുന്ധതിറോയിയുമായി സെഡ്രിക് പ്രകാശ് എസ്‌ജെ നടത്തിയ സംഭാഷണം
പശ്ചിമേഷ്യൻ പ്രശ്‌നത്തെ എങ്ങനെ കാണുന്നു?
അതിക്രൂരമായ പീഡനങ്ങളെ വിവരിച്ചുകൊണ്ട് രോഷാകുലരായി ഏതു കാര്യത്തിലും പക്ഷം ചേർന്നു നിലപാടുകളെടുക്കാൻ വ്യക്തികൾക്ക് എളുപ്പം സാധിക്കും. ഒരാളുടെ മമതാബന്ധങ്ങൾ എന്തുതന്നെയാണെങ്കിലും സംഭവിക്കുന്ന കാര്യങ്ങൾ തികച്ചും ഭയാനകമാണ്. എന്നിരുന്നാലും സംഘട്ടനങ്ങളുടെ മൂലകാരണം മനസ്സിലാക്കുകയെന്നതാണ്, ഏറ്റവുമധികം പ്രാധാന്യമർഹിക്കുന്ന കാര്യം. ഇസ്രയേൽ പലസ്തീനെ അധീനമാക്കുന്നതിനെത്തുടർന്നാണ് സംഘർഷത്തിന് ആരംഭം കുറിച്ചതെന്നു കണ്ടെത്താൻ സാധിക്കും. മനുഷ്യവംശത്തിനു എതിരായ ഒരു കുറ്റകൃത്യമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. തങ്ങളുടെ ജീവിതത്തിനുമേൽ യാതൊരു നിയന്ത്രണവുമില്ലാതെ ദശലക്ഷക്കണക്കിനാളുകൾ തടവിലാക്കപ്പെട്ടിരിക്കുകയാണ്. ഇന്നും തുടരുന്ന യുദ്ധത്തിന് ഇതൊരു ഉത്തേജകമാണ്. ഇരുവിഭാഗങ്ങൾക്കും യഥാർഥത്തിൽ ഇതു നല്കുന്നത് ഒരു പേടിസ്വപ്നം തന്നെയാണ്. ഹമാസാണെങ്കിലും ഇസ്രയേലി പ്രതിരോധസേന(ഐഡിഎഫ്)യാണെങ്കിലും അവരെക്കൊണ്ട് ക്രൂരകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന സാഹചര്യമിതാണ്. പ്രശ്‌ന പരിഹാരത്തിന് ലോകം മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അന്തർദേശീയനിയമം നടപ്പിലാക്കിക്കൊണ്ട് ഈ അധിനിവേശ പ്രശ്‌നത്തെ അഭിമുഖീകരിക്കണം. യുദ്ധത്തെക്കുറിച്ചുള്ള ആഖ്യാനങ്ങൾകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല. പ്രശ്‌നത്തെ കൂടുതൽ വഷളാക്കാനും ഗുരുതരമാക്കാനും മാത്രമേ അതു വഴിവയ്ക്കൂ. ഒരു ജനതയെ ഏറെക്കാലം അടിച്ചമർത്തലിനു വിധേയമാക്കിയാൽ അസ്വസ്ഥതയും സംഘർഷവും ഉടലെടുക്കുമെന്ന കാര്യം ഉറപ്പാണ്. ക്രൂരകൃത്യങ്ങൾക്കും ആക്രമണങ്ങൾക്കും യാതൊരു സാധൂകരണവുമില്ല. നയതന്ത്രജ്ഞത മാത്രം മതിയാവുകയില്ല. അനുരഞ്ജനത്തിന് പരസ്പര ധാരണയാണ് ഏറ്റവും നിർണായകമായിട്ടുള്ളത്. ലോകരാജ്യങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കണം. പണ്ടത്തെ ശൈലിയിൽത്തന്നെ പക്ഷം ചേർന്നുകൊണ്ട് പ്രതികരിക്കാതിരിക്കണം.
ഏറെ ജിജ്ഞാസ ഉണർത്തുന്ന ഒരു കാര്യം എന്റെ ശ്രദ്ധയിൽപ്പെടാനിടയായി. അക്കാര്യം നിങ്ങളുമായി പങ്കിടാനാഗ്രഹിക്കുന്നു. യുദ്ധമുഖത്തേക്കു തിരിച്ചുപോകാൻ ഒരുങ്ങുന്ന ഒരു ഇസ്രയേലി സൈനികൻ രചിച്ച ഗ്രന്ഥമാണത്. ഈ പുസ്തകത്തിന്റെ തലക്കെട്ട് ഇങ്ങനെയാണ്: ‘ഇസ്രയേലിനെ സ്‌നേഹിക്കുക, പലസ്തീനെ പിന്താങ്ങുക’ (Love Israel support Palestine) നീർ അവിഷായ് കോഹൻ ആണീ ഗ്രന്ഥകർത്താവ്. ഏറെ ശ്രദ്ധേയമായ ഒരു വീക്ഷണമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പലസ്തീൻ ജനതയുടെമേൽ കഴിഞ്ഞ 56 വർഷമായി ഇസ്രയേൽ സൈനികനിയന്ത്രണം അടിച്ചേല്പിച്ചിരിക്കുകയാണ്. ഇസ്രയേൽ മക്കൾ അനുഷ്ഠിച്ച ത്യാഗത്തെക്കുറിച്ചും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും പരിണതഫലങ്ങളെയും കുറിച്ചും ഉള്ള ഗഹനമായ ചോദ്യങ്ങളെപ്പറ്റി ഇസ്രയേൽജനത വിചിന്തനം നടത്തേണ്ടതിന്റെ നിർണായകപ്രാധാന്യം അദ്ദേഹം ഈ ഗ്രന്ഥത്തിൽ ഊന്നിപ്പറയുന്നുണ്ട്.
ഒരു ‘രക്ഷകൻ’ അഥവാ ‘വിമോചകൻ’ എന്ന സങ്കല്പം വച്ചു പുലർത്തുന്ന മതന്യൂനപക്ഷത്തിന്റെ സ്വാധീനം ഇസ്രയേലിനെ എപ്രകാരമാണ് കാടത്തത്തിലേക്കു നയിച്ചതെന്നു വിമർശന ബുദ്ധിയോടെ ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നുണ്ട്. സ്വന്തം രാജ്യത്തെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത പ്രകടമാണ്. എങ്കിലും തന്റെ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്ന ദിശയെ ചോദ്യം ചെയ്യാൻ അദ്ദേഹത്തെ മനഃസാക്ഷി നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലും മനഃസാക്ഷിയും ധാർമികബോധവുമുള്ള വ്യക്തികളെ ഇത്തരത്തിൽ പ്രതികരിക്കാൻ ആവശ്യപ്പെടുന്ന സാഹചര്യമാണുള്ളത്. ഈ ആശങ്ക ഒരു ന്യൂനപക്ഷ മതവിഭാഗത്തിൽ മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നല്ല; മതമൗലികവാദം ഉയർത്തുന്ന ഭീഷണിയും അപകടവും എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്നതാണല്ലോ. സാഹോദര്യം പുലർത്താനാവാത്തവിധം നമ്മുടേതിൽനിന്നു വ്യത്യസ്ഥമായ ആശയാദർശങ്ങൾ ഉള്ള ജനവിഭാഗത്തെ അനിശ്ചിതകാലത്തേക്ക് അടിച്ചമർത്താനാവില്ലായെന്നതാണ് ഇവിടത്തെ കേന്ദ്രസന്ദേശം. ഈ സാഹചര്യത്തിൽ സംഘർഷമെന്നത് സ്വാഭാവിക പരിണതിയാണ്. ഇരുരാജ്യങ്ങളിലും യുക്തിയുടെയും നവീനചിന്തുടെയും ശബ്ദങ്ങൾ ഉണ്ട്. അധിനിവേശം അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയിൽ ഏവർക്കും നീതിയും അന്തസ്സും ലഭ്യമാക്കണമെന്നും അതിന് അടിയന്തര പ്രാധാന്യം നല്കണമെന്നുമാണ് അവർ ഊന്നിപ്പറയുന്നത്.
ആഗോളദുരന്തമായി ഈ സംഘർഷം ആളിപ്പടരാനുള്ള സാഹചര്യം നിലനില്ക്കുമ്പോൾ അമേരിക്കപോലുള്ള ബാഹ്യശക്തികൾ അതിനു നല്കിക്കൊണ്ടിരിക്കുന്ന സൈനിക-സാമ്പത്തിക പിന്തുണയെക്കുറിച്ച് വിചിന്തനം നടത്തേണ്ടതാണ്. കൂടുതൽ വിശാലമായ ഒരു ദർശനത്തോടെ രാഷ്ട്രീയവും വംശീയവുമായ ഇടുങ്ങിയ ചിന്തകൾക്കതീതമായി ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടതാവശ്യമാണ്. ജനങ്ങളുടെ ആശയാഭിലാഷങ്ങൾക്കും സാംസ്‌കാരിക കൂട്ടായ്മകളുടെ ശബ്ദത്തിനുമായിരിക്കണം ഇവിടെ നിർണായക പ്രാധാന്യം നല്കേണ്ടത്. പൊതുവായ ലക്ഷ്യം വ്യക്തമാണ്. അധിനിവേശം അവസാനിപ്പിക്കണം. പശ്ചിമേഷ്യയിൽ മനുഷ്യാന്തസ്സും നീതിയും പുലരണം. അതിർത്തികൾക്കതീതമായി മുഴങ്ങുന്ന സന്ദേശമാണിത്. ഇതിനു നാം ചെവികൊടുക്കുകയെന്നത് നിർണായക പ്രാധാന്യമുള്ള കാര്യമാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ, ഇത് ഒരാഗോള ദുരന്തമായി കത്തിപ്പടരും.
എന്താണ് ആഗോള ജനാധിപത്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്? വലതുപക്ഷ പ്രസ്ഥാനങ്ങളുടെ സ്ഥിതി എന്താണ്? ഇത് ഒരു ദീർഘകാല പ്രവണതയാണോ അല്ലെങ്കിൽ ഒരു കടന്നുപോകുന്ന ഘട്ടമോ?
നാമിന്ന് എത്തിനില്ക്കുന്നത് നിർണായകമായ ഒരു ഘട്ടത്തിലാണ്. സംഭവങ്ങളുടെ ദിശ ഏതുരീതിയിലും ആകാം. മധ്യപൗരസ്ത്യ ദേശത്തെ പ്രക്ഷോഭം കൂടുതൽ കരുത്താർജിച്ച് ആഗോളതലത്തിൽത്തന്നെ വലിയ പരിവർത്തനം സാധ്യാക്കാൻ പോന്നതാണ്. ഇത് നമുക്ക് വേർതിരിച്ചറിയാൻ കഴിയണമെന്നില്ല. എന്നിരുന്നാലും ഭാവാത്മകമായ പരിണാമത്തിന് പ്രത്യാശയുണ്ട്. ഇത് ആശ്രയിച്ചിരിക്കുന്നത് തങ്ങളുടേതിൽനിന്ന് വ്യത്യസ്തമായ അഭിപ്രായം വച്ചുപുലർത്തുന്നവരെ മനുഷ്യത്വമില്ലാത്തവരായിക്കരുതി അപമാനിക്കാത്ത ജനങ്ങളിലാണ്.
ഇന്ത്യൻ പശ്ചാത്തലത്തിൽ, നിർണായകമായ ഒരു ഘട്ടത്തിലാണ് നാം ഇപ്പോൾ നിലകൊള്ളുന്നത്. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കണമോ അല്ലെങ്കിൽ തീവ്രവാദത്തിന്റെ അഗാധഗർത്തത്തിലേക്ക് നിപതിക്കണമോ എന്നതാണ് നമ്മുടെ മുൻപിലെ തിരഞ്ഞെടുക്കാനുളള രണ്ടു വിഷയങ്ങൾ. രണ്ടാമത്തേതാണ് നാം തിരഞ്ഞെടുക്കുന്നതെങ്കിൽ നമ്മുടെ മാതൃഭൂമിയുടെ തനിമയും സ്വത്വവും തിരിച്ചറിയാനാവാത്തവിധം മാറിയിരിക്കും. കഴിഞ്ഞ 15 വർഷത്തെ കാര്യങ്ങൾ വിചിന്തനത്തിനു വിധേയമാക്കിയാൽ ജനങ്ങളിലുണ്ടായിട്ടുള്ള ഭയത്തിന്റെയും, തടവിലാക്കപ്പെട്ടവരുടെ എണ്ണത്തിലുണ്ടായ വർധനയും ആരെയും ആശങ്കപ്പെടുത്തുന്നതാണ്. നന്മ ചെയ്യുന്നതിൽ സ്വയം സമർപ്പിച്ചിരുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ നിർഭാഗ്യകരമായ നിര്യാണവും മറക്കാനാവില്ല.
നമ്മുടെ രാജ്യത്തിന്റെ സങ്കീർണതയും വൈവിധ്യവും അംഗീകരിക്കുകയെന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്. സത്യത്തിന്റെ സംരക്ഷകരെന്ന നിലയിലുളള കുത്തകാവകാശം നമുക്കില്ലെന്ന വസ്തുത നാം അംഗീകരിക്കണം. മറ്റുളളവർക്കും അവരുടേതായ കാഴ്ചപ്പാടുകളും അവകാശങ്ങളുമുണ്ട്. സുസ്വരതയോടെ സഹവസിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുകയെന്നത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. അന്തർലീനമായി ഇന്ത്യ വിവിധ വംശങ്ങൾ, ജാതികൾ, വർഗം, ഭാഷ, മതം എന്നിവ സ്വന്തമായുള്ള ന്യൂനപക്ഷങ്ങളുടെ ഒരു രാഷട്രമാണ്.
അക്രമസംഭവങ്ങളിലെ ഇപ്പോഴത്തെ ഈ കുതിച്ചുചാട്ടം ഉത്ഭവിക്കുന്നത് കൃത്രിമമായി ഒരു ഭൂരിപക്ഷം ഉണ്ടാക്കാനുള്ള ശ്രമത്തിൽനിന്നാണ്. സ്വാഭാവികമായി അങ്ങനെ ഇവിടെ ഒരു ഭൂരിപക്ഷമില്ല, ഇതു തുറന്നുവിടുന്നത് വിനാശകരവും അസ്ഥിരവുമായ ഒരു ശക്തിയെയാണ്. ആണവസംയോജനത്തിനു സമാനമാണത്. അക്കാരണത്താൽ, സമാധാനപരമായ സഹവർത്തിത്വത്തിനുള്ള ഏറ്റവും വിവേകപൂർണമായ സമീപനം സ്വീകരിക്കാനും പരസ്പരം കാത്തുസംരക്ഷിക്കാനും നാം ഉത്സുകരാണ്.
പരിസ്ഥിതി, ജൈവഇന്ധന ഗവേഷണം, ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കാമോ?
ശാന്തസമുദ്രത്തിലെ അകലെയുള്ള ഒറ്റപ്പെട്ട ദ്വീപിനെക്കുറിച്ചുള്ള പ്രശസ്തമായ ഒരു കഥയുണ്ട്. അവിടത്തെ ജനസംഖ്യ വളരെ കുറവാണ്. അവിടത്തെ ഈന്തപ്പനകൾ പ്രകൃതിയുടെ കാവൽക്കാരാണ്. കൂടക്കൂടെ അടിക്കുന്ന കാറ്റിനെ തടഞ്ഞുനിറുത്തി കരയെ സംരക്ഷിക്കുന്നത് ഈന്തപ്പനകളാണ്. മനുഷ്യന് അധിവസിക്കാനാവുന്നത് ഇതുമൂലമാണ്. എന്നാൽ അവിടെ അധിവസിക്കുന്നവരുടെ കൗതുകകരമായ ഒരു ഭാവം അവിടത്തെ ഒരു സവിശേഷമായ അനുഷ്ഠാനമാണ്. സ്വന്തക്കാരിലൊരാൾ മരിച്ചാൽ ഔപചാരികമായി സഗൗരവം ഒരു ഈന്തപ്പനയും അവർ മുറിക്കും. ഇത്തരത്തിലുള്ള പ്രവൃത്തിക്ക് പാരമ്പര്യത്തിന്റെയും അനുഷ്ഠാനത്തിന്റെയും അംഗീകാരമുണ്ടെങ്കിലും അത്, ദ്വീപുവാസികളുടെ അസ്തിത്വത്തെത്തന്നെ അപകടപ്പെടുത്തുന്നതാണ്. ഇപ്രകാരമുള്ള മരംമുറി തുടരുന്നതിനാൽ ഈ ദ്വീപ് താമസിയാതെ, ജനവാസമില്ലാത്ത തരിശു ഭൂമിയായി മാറാം.
ഈ ആഖ്യാനം പ്രതിഫലിപ്പിക്കുന്നത് നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന വലിയൊരു അസ്തിത്വ പ്രശ്‌നത്തെത്തന്നെയാണ്. ലോകമാസകലം നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളിലും, പാരിസ്ഥിതികവും സാമൂഹിക-രാഷ്ട്രീയ ക്രമക്കേടുകളിലും മറ്റു ദേശീയ അന്തർദേശീയ പ്രശ്‌നങ്ങളിലും കാണാൻ കഴിയുന്ന പൊതുവായ ഒരു ചരടുണ്ട്. നാം എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ മൂലകാരണം രാഷ്ട്രീയമോ സാമ്പത്തികമോ പാരിസ്ഥിതികമോ എന്നതിനെക്കാളുപരി, മനഃശാസ്ത്രപരവും അസ്വസ്ഥമായ ഭാവനയുടെ സൃഷ്ടിയുമാണ്. യുക്തിയോ പ്രതിവിധിയോ ഇല്ലാത്ത ഒരു ദുഃസ്ഥിതിയാണിത്. നമ്മുടെ ജീവിതശൈലിയിലും ചിന്താഗതിയിലും സാരമായ ഒരു മാറ്റം ഇതാവശ്യപ്പെടുന്നുണ്ട്.
മനഃശാസ്ത്രത്തിന് ഏറെ സ്വാധീനവും പ്രാമാണ്യവും ഉള്ള ഒരു കാലത്താണ് നാം ജീവിക്കുന്നത്. യുക്തിപരമായ ചർച്ചകൾക്കും പ്രസ്ഥാനങ്ങൾക്കും എതിർപ്പ് നേരിടേണ്ടിവരുന്നുണ്ട് വിധിരൂപങ്ങളിലും നിദർശനങ്ങളിലും വന്നിട്ടുള്ള ഈ വലിയ മാറ്റത്തിന്റെ ആഴം നാം മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മൃഗങ്ങളുമായുള്ള ഇതിന്റെ സമാനത ഒന്നു പരിശോധിക്കേണ്ടതാണ്. മറ്റുള്ളവർക്ക് ദോഷം വരുത്തുന്ന രീതിയിൽ മനുഷ്യർ പറയുകയും പ്രവർത്തിക്കുകയും ചെയ്യാറുണ്ട്. എന്നാൽ, സ്വന്തം പരിസരം മലീമസമാക്കുന്ന വിധത്തിൽ മനഃപൂർവം ഒരു മൃഗവും പെരുമാറുകയില്ല. കുറ്റബോധത്തോടെതന്നെ പറയട്ടെ, ഈയൊരു നിയന്ത്രണം, ശിക്ഷണം നാം പാലിക്കുന്നില്ല. മനുഷ്യന്റെ വിനാശകരമായ ഇത്തരം പ്രവർത്തനങ്ങൾക്ക് ഉത്തരാഖണ്ഡിലും ഹിമാചൽപ്രദേശിലും പ്രകടമായ ഉദാഹരണങ്ങൾ ഉണ്ട്. അവിടത്തെ ജൈവവ്യവസ്ഥ ആകെ താറുമാറായിരിക്കുകയാണ്. വനവും വീടുകളും ഹോട്ടലുകളും എല്ലാം പ്രളയത്തിൽ മുങ്ങിയിരുന്നു. ബൈബിളിലെ പ്രളയ സമാനമായ സാഹചര്യം അവിടെ ഉണ്ടായി. ഇത്തരം അശുഭസൂചകമായ മുന്നറിയിപ്പുണ്ടായിട്ടും, നാം ഹൈവേകളും മറ്റു ‘വികസന’ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ദേശീയസുരക്ഷ, അല്ലെങ്കിൽ മതപരമായ ഉത്തരവാദിത്വം എന്നെല്ലാം പറഞ്ഞ് അവയെ സാധൂകരിക്കാൻ ശ്രമിക്കുകയാണ്.
മറഞ്ഞുകിടക്കുന്ന ഈ സത്യം മനസ്സിലാക്കാതെ നാം സാങ്കേതികവിദ്യയുടെ സാധ്യതകളെക്കുറിച്ചും മറ്റും ചർച്ച ചെയ്യുകയാണ്. ഇവിടെ, നമ്മുടെ വെല്ലുവിളികളുടെ മർമത്തെയാണ് നാം അഭിമുഖീകരിക്കാതെ വിട്ടുകളയുന്നത്.
2029-ൽ നടപ്പിലാക്കുമെന്ന് പറയപ്പെടുന്ന വനിതാ സംവരണ നിയമത്തെക്കുറിച്ചും ലിംഗസമത്വം ഉറപ്പാക്കുന്നതിൽ അതിനുള്ള നിർണായക പ്രാധാന്യത്തെക്കുറിച്ചും എന്താണ് അഭിപ്രായം?
ഈ ആശയം എന്നെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് സമാനമാണ്. ആഗോളതലത്തിൽത്തന്നെ ചർച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണിത്. നാം ഇപ്പോൾ അഭിമുഖീകരിക്കുന്നത് ഏറെ അസ്വസ്ഥമാക്കുന്ന ഒരു സാഹചര്യമാണ്. ഉദാഹരണത്തിന് മണിപ്പൂർ വിഷയം തന്നെ നമുക്ക് പരിഗണിക്കാം. ഏതെല്ലാം തരത്തിലാണ് അവിടെ സ്ത്രീകളെ അപമാനിച്ചത്. സ്ത്രീകൾ ബലാൽസംഗത്തിനു വിധേയമാക്കപ്പെടുകയും, നഗ്നരായി തെരുവുകളിലൂടെ ആനയിക്കപ്പെടുകയും, വധിക്കപ്പെടുകയും ചെയ്തു. കുറ്റകൃത്യം ചെയ്തവരെ പിന്തുണച്ചവരിൽ സ്ത്രീകളും ഉണ്ടായിരുന്നുവെന്നതാണ് ആരെയും ഞെട്ടിക്കുന്ന വസ്തുത. ഖേദകരമെന്നു പറയട്ടെ, ഗുജറാത്തിലും സമാനമായ കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുന്നവരിൽ സ്ത്രീകളുമുണ്ട്. ഇവയെ ഒരിക്കലും ലഘൂകരിച്ചുകാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല, സ്ത്രീകൾക്ക് അവരുടെ കഴിവുകളെ പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നില്ലായെന്ന അഭിപ്രായം എനിക്കുണ്ട്. അവരുടെ മൂർത്തമായ സാധ്യതകളെ സിദ്ധികളാക്കി മാറ്റാൻ, അവരുടെ ഭാവനകളെ ഭാവാത്മകമായി അവതരിപ്പിക്കാൻ അവർക്ക് വേദികളും അവസരങ്ങളും ലഭിക്കാറില്ല. ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപർവതത്തിനു സമാനമാണീ സാഹചര്യം. ലോകമാസകലം ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണിത്. ദശലക്ഷക്കണക്കിനു പെൺഭ്രൂണങ്ങളെയാണ് ജനിക്കാൻ അവസരം നല്കാതെ നശിപ്പിക്കുന്നത്. സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നത് സാമ്പത്തിക പ്രശ്‌നം കൊണ്ടു മാത്രമല്ല. സമ്പത്തും സമൃദ്ധിയുമുള്ള, സ്വത്തിനും വസ്തുവകകൾക്കും ഏറെ മുൻഗണന നല്കുന്ന മുതലാളിവർഗത്തിനിടയിലും ഇത് കൂടുതലായുണ്ട്. സ്വത്തിന്റെ അനന്തരാവകാശികളായി ആൺകുട്ടികളെ വേണമെന്നാണ് അവരുടെ ആഗ്രഹം. മറ്റു രാഷ്ട്രീയകക്ഷികൾ വനിതാ സംവരണത്തെ ഒരു ‘ജൂംല’ (തെറ്റായ വാഗ്ദാനം) എന്നാണ് മുദ്രകുത്താറുള്ളത്. എന്നാൽ, യഥാർഥത്തിലുള്ള പരിഷ്‌ക്കരണം സാധ്യമാവുക, ജാതിവ്യവസ്ഥയെ സംബന്ധിച്ച കാര്യങ്ങൾ വേണ്ടവിധം മനസ്സിലാക്കി പ്രവർത്തിക്കുമ്പോഴാണ്. ഇതേക്കുറിച്ചുള്ള ബോധവത്കരണംകൂടാതെയുള്ള പദ്ധതികൾ വെറും അധരവ്യായാമമായി അധഃപതിക്കും മാറ്റം കൊണ്ടുവരേണ്ടത് ബാഹ്യശക്തികളല്ല. സ്ത്രീകള്‍ തന്നെ ഈ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതാണ്. നാം അവശ്യം മനസ്സിലാക്കേണ്ടുന്ന ഒരു കാര്യമിതാണ്: നമുക്കൊന്നും കൈയും കെട്ടിയിരുന്നാൽ ലഭിക്കില്ല; നമുക്ക് അവകാശപ്പെട്ടത്, നിശ്ചയദാർഢ്യത്തോടെ പിടിച്ചുപറ്റണം.
ആക്ടിവിസ്റ്റ്,എഴുത്തുകാരി… അരുന്ധതി, സ്വന്തം ആത്മസത്തയെ എങ്ങനെ മനസ്സിലാക്കുന്നു? ആത്യന്തികമായി ഞാനൊരു എഴുത്തുകാരിയാണ്. നോവലുകളും സാഹിത്യസൃഷ്ടികളുമാണ് എന്റെ കർമമേഖല. എഴുത്തുകാർക്ക് സങ്കീർണവും സവിശേഷവുമായ ചില പ്രത്യേക ഗുണങ്ങളുണ്ടെന്ന കാര്യം പരക്കെ അറിയപ്പെടുന്ന ഒന്നാണ്. അതിനാൽ ആഡംബരപൂർണമായ പരസ്യപ്പലകയൊന്നും പ്രദർശിപ്പിക്കാൻ എനിക്കില്ല. വിതരണം ചെയ്യാൻ ലഘുലേഖകളോ അച്ചടിച്ച മാനിഫെസ്റ്റോയോ എനിക്കില്ല.
എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളോടു യോജിക്കുന്നവർപോലും എന്നോട് അല്പം വിരോധം വച്ചുപുലർത്തുന്നുണ്ട്. ”നിങ്ങൾ ആരാണ്? ഈ ചോദ്യം വളരെ പ്രസക്തമാണ്. ഉയർന്ന ജാതിക്കാരായ ചിലർ, ഞാനെന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നതിനെക്കുറിച്ച് ചില നിർദേശങ്ങൾ നല്കിയ നിരവധി സന്ദർഭങ്ങളുണ്ട്. ഞാൻ എങ്ങനെ എഴുതണമെന്നും സൂചിപ്പിച്ചിട്ടുണ്ട്. അവരുടെ മുൻഗണനകളും ഇഷ്ടാനിഷ്ടങ്ങളും എന്നിൽ അടിച്ചേല്പിക്കാൻ അവർക്ക് ‘അധികാരം’ നല്കിയത്, ഞാനൊരു സ്ത്രീ എഴുത്തുകാരി എന്ന നിലയിലായിരിക്കണം. എഴുത്തിൽ ഞാൻ സ്വീകരിക്കേണ്ട വിഷയവും ശൈലിയും സംബന്ധിച്ചുപോലും അവർ പ്രഭാഷണം തന്നെ ചെയ്യുകയുണ്ടായി. അതിനാൽ, എനിക്ക് അവാർഡ് ലഭിച്ചപ്പോൾ എന്റെ ശൈലിയും ഞാൻ തിരഞ്ഞെടുത്ത വിഭാഗവും ശരിവയ്ക്കുന്നതായിട്ടാണ് എനിക്കനുഭവപ്പെട്ടത്. ചിലർക്ക് അത് എഴുത്തുകാർ അന്വേഷിക്കേണ്ട മേഖലയായി തോന്നിയില്ല. ചുരുക്കത്തിൽ ആധുനികപ്രവണതയെ ഉദാഹരിക്കുകയാണ്. നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതിനു സമാനമാണത്, അതായത് എന്നെ ഒരു ആക്റ്റിവിസ്റ്റായി പരാമർശിക്കുന്നു.