നോട്ടം – വിനോദ് നാരായൺ ഒന്നു നിർത്തൂ, എനിക്ക് ഇറങ്ങണം

ഞാൻ അസ്വസ്ഥനാണ്. അതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നറിയുമ്പോൾപ്പോലും ഞാൻ ഒറ്റപ്പെട്ടു പോകുകയാണ്. എന്റെ അറിവും അറിവുകേടും എന്നെ ഒരുപോലെ ബുദ്ധിമുട്ടിക്കുകയാണ്. ആൽവിൻ ടോഫ്ലറുടെ ‘ഫ്യൂച്ചർ ഷോക്ക്’ വായിക്കുന്നത് എൺപതുകളിലാണ്. അതിൽ ഒരു വരി അടുത്ത കാലത്തായി വീണ്ടുംവീണ്ടും മനസ്സിൽ വരാറുണ്ട്. 1961-കാലത്ത് ഇറങ്ങിയ ഒരു മ്യൂസിക്കലിലെ വരികളാണ് “Stop the world – I want to get off”… ഈ ലോകത്തെ ഒന്നു നിർത്തൂ – എനിക്ക് ഇറങ്ങണം.


വേഗതയിൽ ഒപ്പമെത്താൻ കഴിയാതെ ഇറങ്ങാൻ മുറവിളികൂട്ടുന്ന ജനതയുടെ കൂടെ. 1960-80 കാലഘട്ടത്തിൽ അങ്ങനെ തോന്നണമെങ്കിൽ ഇന്ന് അതിനെക്കാൾ സങ്കീർണമാവണം ഈ പ്രശ്നം. ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഫോട്ടോ എടുത്ത് ഇൻസ്റ്റയിൽ ഇടണം. എടുക്കാൻ വിട്ടുപോയ ഫോട്ടോ എടുക്കാൻ മൈലുകളോളം തിരിച്ചു നടക്കുന്ന ഉല്ലാസയാത്രക്കാർ. മുൻപിലുള്ളവരുടെ ചിരി തന്നോടല്ല അവരുടെ കൈയിലെ ഫോണിലെ എന്തെങ്കിലും കാര്യത്തിനോടോ സംസാരത്തിനിടയിൽ എടുക്കുന്ന സെൽഫിക്ക് വേണ്ടിയോ ആണെന്നുള്ള യാഥാർഥ്യം. എല്ലാവരും യാത്രയിലാണ്. പക്ഷേ, നമ്മൾ സഹയാത്രികരാവാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. 


നമ്മളല്ല നമ്മുടെ ഓൺലൈൻ ‘പെർസോണ’കളാണ് സ്നേഹിക്കുന്നതും കലഹിക്കുന്നതും. ഞാൻ നിന്നെയാണോ നിന്റെ ഓൺലൈനിലെ നിന്നെയാണോ ഇപ്പോൾ കാണുന്നത്. നിനക്കും എനിക്കും ഒരുമിച്ചു രുചിക്കാൻ കഴിയുന്നതൊന്നും ഇന്നിവിടെ ഇല്ലേ? അല്ല രുചി എന്നതു തന്നെ നമ്മൾക്കിന്ന് അപരിചിതമാണോ? 


ഒറ്റപ്പെടൽ ഉണ്ടെന്ന് എനിക്കും എന്റെ അടുത്ത ചില കൂട്ടുകാർക്കും തോന്നുന്ന ഒരു ദയനീയ അവസ്ഥ. കൂട്ടുകാർ ഒത്തുചേർന്ന് അവരുടെ ഓരോരുത്തരുടെയും ഒറ്റപ്പെടലിനെക്കുറിച്ച് അന്യോന്യം പറഞ്ഞ് പിരിഞ്ഞു പോകുന്നു. അടുത്തടുത്ത ജയിലറകളിൽക്കഴിയുന്ന അന്തേവാസികളെപ്പോലെ. ഒരു മെട്രിക്സിൽ, ഒരു ഗെയിമിൽ കുടുങ്ങിയപോലെ. ഓരോ ലെവലും കഴിയുമ്പോൾ അടുത്തതിലേക്ക് നീങ്ങുന്ന ജോയ് സ്റ്റിക്ക് പിടിക്കുന്ന കൈകളും കീബോർഡ് അമർത്തുന്ന വിരലുകളും മാത്രമായി നമ്മൾ മാറുന്നുണ്ടോ?


ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ? ഉണ്ടാവാം. വലിയ പുസ്തകങ്ങളിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ ശ്രമിക്കണം. ബുദ്ധിമുട്ടാണ്. എങ്കിലും,  റീലുകൾക്ക് പാകപ്പെടുത്തിയെടുത്ത മനസ്സിനെ വീണ്ടും ദീർഘദൂരം സഞ്ചരിക്കാൻ കഴിയുന്ന യാത്രകൾക്ക് തയാറാക്കിയെടുക്കണം. അപരിചിതർക്കുവേണ്ടി സമയം മാറ്റിവയ്ക്കണം. നീണ്ട സംഭാഷണങ്ങളിൽ വെറും കേൾവിക്കാരനായി മാത്രം ജീവിക്കണം. അജണ്ടകളില്ലാത്ത അലസമായ ദിനങ്ങൾ സ്വയം സമ്മാനിക്കണം. ഈ ജീവിതത്തിൽ നമ്മൾ കാണാനും അനുഭവിക്കാനും സാധ്യമില്ലാത്തൊരു ലക്ഷ്യത്തിലേക്ക് ഒരു ചെറിയ കാൽവയ്‌പ്പെങ്കിലും എടുത്ത് വയ്ക്കാൻ കഴിയണം. കിട്ടിയതിനെക്കാൾ അല്പം നന്നാക്കി ഈ ലോകം വരും തലമുറയ്ക്ക് കൈമാറണം എന്നുള്ള ചിന്ത വളർത്തിയെടുക്കണം.   


അഞ്ചുമണിക്കൂർ നീണ്ടുനില്ക്കുന്നൊരു പോഡ്‌കാസ്റ്റ് സംഭാഷണം ഞാൻ കഴിഞ്ഞ ആഴ്ച്ച കേട്ടു. എനിക്കറിയാത്ത, ജീവിച്ചിരുപ്പുണ്ടെന്നുപോലും അറിയാത്ത അപരിചിതനായ ഏതോ ഒരാളുടെ ഒട്ടും സംഭവബഹുലമല്ലാത്ത ജീവിതത്തിലെ ചില നുറുങ്ങുകൾക്കുവേണ്ടി എന്റെ അഞ്ചുമണിക്കൂർ ഞാൻ മാറ്റിവച്ചു. ഞാൻ കഥ പറയുമ്പോൾ, അതു കേൾക്കാൻ ആയിരങ്ങളുണ്ടെന്ന ഈഗോയിൽനിന്നു പടിപടിയായി ഇറങ്ങി ഒരപരിചിതന്റെ ജീവിതത്തിൽ ഒരു കേൾവിക്കാരനായി മാറി. എന്തൊരു സന്തോഷവും സംതൃപ്തിയുമായിരുന്നു..


ഞാൻ എല്ലാത്തിന്റെയും ഭാഗമാണെന്നും എനിക്ക് എന്നെ സംരക്ഷിക്കേണ്ട ആവശ്യം ഇല്ലെന്നും എനിക്ക് ആരിലും ലയിക്കാമെന്നും ഒരു ചെറിയ സമയത്തേക്കെങ്കിലും തോന്നിപ്പോയിരുന്നു. എന്റെ കഥയല്ല നമ്മുടെ കഥയാണ് പ്രസക്തം എന്നും തോന്നി. കേൾവിക്കാരില്ലാതെ കഥപറച്ചിലും വായനക്കാരില്ലാതെ എഴുത്തും ഇല്ല എന്നറിയാം. എങ്കിലും, കഥ പറയാനും എഴുതാനുമുള്ള ഓട്ടത്തിൽ കേൾക്കാനും വായിക്കാനുമുള്ള സമയം എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോവുന്നു.     


പക്ഷേ, ലോകം വീണ്ടും നീങ്ങുകയാണ്. ആ അഞ്ചുമണിക്കൂറിൽ പതിനഞ്ചു ബ്രേക്കിങ് വാർത്തകൾ എന്റെ വാതിൽക്കൽ വന്ന് മുട്ടി. ചിലത് ഭാരമുള്ള കല്ലുകളിൽക്കെട്ടി നോട്ടിഫിക്കേഷനുകളായി ജനാല വഴി വന്ന് എന്റെ ഭിത്തിയിൽ തൂക്കിയ കലണ്ടറിൽ ഇന്നലത്തെ കള്ളിയിൽ പറ്റിപ്പതിഞ്ഞിരുന്നു. എനിക്ക് പലതും നഷ്ടപ്പെട്ടു എന്ന പ്രതീതി ജനിപ്പിക്കാൻ അതിന് എന്നും സാധിക്കുന്നു. സമയം കഴിഞ്ഞു എന്ന ഓർമപ്പെടുത്തൽ. 


 “Stop the world – I want to get off”… വീണ്ടും കേൾക്കുന്നു. ഈ ലോകത്തെ ഒന്നു നിർത്തൂ – എനിക്ക് ഇറങ്ങണം. എന്റെ സുഹൃത്തുക്കളും അവരുടെ ഒറ്റപ്പെട്ട കൂട്ടായ്മകളിൽ എന്നെ കാത്തിരിക്കുന്നുണ്ടാവാം. എനിക്ക് ധൃതിയുണ്ട്. എന്റെ ഒറ്റപ്പെടൽ ലോകത്തിനോടും സുഹൃത്തുക്കളോടും വിളിച്ചുപറഞ്ഞ് ലൈക്കുകൾ നേടണ്ടെ?


എന്റെ നായ എന്റെ അടുത്ത് വാലാട്ടി വരുന്നു. അതിന്റെ ലോകം ഞാനാണ്. എന്റെ വേഗതയിലെ അസ്വസ്ഥത അതു മനസ്സിലാക്കുന്നുണ്ടോ? അതെന്റെ മടിയിൽ വന്നിരിക്കുന്നു. എന്നെ നക്കുന്നു. ഞാനതിനെ തലോടുന്നു. അതെന്റെ മടിയിൽ തലവച്ച് കിടക്കുന്നു. ഞാൻ എന്റെ കൈകൾ അതിന്റെ രോമം നിറഞ്ഞ തവിട്ടുനിറമുള്ള മേനിയിലൂടെ ഓടിക്കുന്നു. കൈ മാറ്റുമ്പോൾ അതെന്നെ നോക്കുന്നു. ഇതിലും പ്രസക്തമായ എന്തുണ്ട് നിങ്ങൾക്ക് ചെയ്യാൻ എന്നതിന്റെ കണ്ണുകൾ എന്നോട് ചോദിക്കുന്നു. 


ബാക്കിയെല്ലാം അവിടെ നില്ക്കട്ടെ. ഈ നിമിഷം, ഈ സമയം അതിനി കിട്ടില്ല. അതിനി ഉണ്ടാവില്ല. ഈ നിമിഷമറിയാൻ കഴിയുന്നവനെ അടുത്ത നിമിഷം മനസ്സിലാവൂ. അവനെ ജീവിക്കാൻ കഴിയൂ. അത് അതിജീവിക്കാൻ കഴിയൂ.