ഒറ്റപ്പെടൽ – ഷൗക്കത്ത്

ഒറ്റപ്പെടൽ  – ഷൗക്കത്ത്

മനുഷ്യനനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം വിരസതയായിരിക്കും. ജീവിതത്തിന്റെ എല്ലാ രസവും വറ്റിപ്പോകുന്ന അവസ്ഥ. വിരസതയിൽനിന്നു സരസതയിലേക്കുള്ള യാത്രകളാണ് മനുഷ്യന്റെ ചരിത്രം. സുഖം തേടിയുള്ള ആ യാത്രയിൽ പലപ്പോഴും നമുക്ക് കാലിടറി. മുഖമടിച്ചു വീണു. വീണിടത്തു തളർന്നു കിടക്കാതെ നാം എഴുന്നേറ്റു നടന്നു. ആ യാത്രയുടെ ചരിത്രമാണ് ആധുനികമനുഷ്യൻ.


അടിയും തിരിച്ചടിയും ഏറെ അനുഭവിക്കേണ്ടി വന്നിട്ടും പോകുന്ന വഴി സമാധാനത്തെക്കാൾ അസ്വസ്ഥതയേ വരുത്തിവയ്ക്കൂ എന്നറിഞ്ഞിട്ടും നാം എന്തുകൊണ്ടാകും ഇരുട്ടിന്റെ വഴിയിൽ വീണ്ടും വീണ്ടും അധഃപതിച്ചു പോകുന്നത്?


അറിവിന് നമുക്ക് ഒരു കുറവുമില്ല. മതങ്ങളും ശാസ്ത്രങ്ങളും തത്ത്വചിന്തകളും കവിതയും സംഗീതവും സിനിമയും തുടങ്ങി അറിവിന്റെ അനേകായിരം ഭാവങ്ങൾ നാം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. സമാധാനം, സമാധാനം എന്ന് ലോകം മുഴുവൻ മുഴങ്ങുന്നുണ്ട്. പ്രാർഥനകൾകൊണ്ട് ഭൗമമണ്ഡലം മുഖരിതമാണ്. എന്നിട്ടും നാം നമുക്ക് ആരുമില്ലെന്ന് വിലപിക്കുന്നു? എന്തുകൊണ്ടിങ്ങനെ?


മനുഷ്യൻ എന്തുകൊണ്ടാകാം ഇത്രയും സങ്കീർണമായ ജീവിയായത്? അപ്രവചനീയ സ്വഭാവത്തിന് ഉടമയായത്? ഒരേസമയം ധീരരും ഭീരുക്കളുമായത്? സനാഥത്വത്തിന്റെ എല്ലാ അനായസതയിലും അനാഥത്വത്തെ പേറുന്നവരായത്? എല്ലാം ഉള്ളപ്പോഴും ദരിദ്രമനസ്സായത്? സുരക്ഷിതരായിരിക്കുമ്പോൾ അരക്ഷിതത്വം അനുഭവിച്ചുകൊണ്ടിരിക്കുന്നത്?


ഒന്നായി പുലരേണ്ടതിനു പകരം പലതായി തിരിഞ്ഞ് യുദ്ധം ചെയ്യുന്നത്? സ്നേഹമായിരിക്കാവുന്നിടത്ത് ദ്വേഷമായി മാറുന്നത്? സദാ ഒരു ശത്രുവിനെ ഭയക്കുന്നത്? ഭാവിയെ പ്രതി ആശങ്കപൂണ്ട് വർത്തമാനത്തെ നരകതുല്യമാക്കുന്നത്? ഉള്ളതു നഷ്ടപ്പെടുമോ എന്ന ഭയത്താൽ പകർന്നുകൊടുക്കാതെ കൂട്ടിവച്ച് ഭീതി കൂട്ടുന്നത്? ചേർന്നിരിക്കുന്നവരിൽ നിന്നുപോലും അകന്നുപോകുന്നത്? അവരെ അകറ്റിമാറ്റുന്നത്?


അങ്ങനെയങ്ങനെ എത്രയെത്ര ജീവിതവിരുദ്ധമായ, പ്രകൃതിയിൽ പൊതുവെ കണ്ടുപോരാത്ത എത്രയോ നൂലാമാലകളിൽ പെട്ട് ഉഴലുന്ന ഒരു ജീവിയാണ് നാം. ചന്ദ്രനിൽ താമസിക്കാൻ വഴിയാരായുമ്പോഴും ഭൂമിയിലെ സ്വന്തം ഭവനത്തിൽ ശാന്തമായൊന്നുറങ്ങാൻ കഴിയാത്ത ജീവി. വലിയ തമാശ തന്നെയാണ് നാം.


കാരമടയിൽ നാലു പൂച്ചകളും രണ്ട് നായ്ക്കളുമുണ്ട്. എത്ര താളാത്മകവും ശാന്തവുമാണ് അവരുടെ ജീവിതം. ആധികൾ കുറവ്. വ്യാധികൾ കുറവ്. കൃത്യമായ ഒരു ജീവിതം. വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൗതുകത്തോടെയും വാത്സല്യത്തോടെയും നോക്കി നിന്നുപോകും. അത്യാവശ്യത്തിനു മാത്രം ചലനം. ബാക്കി സമയമെല്ലാം ഏതോ മൗനത്തിൽ ശാന്തരായങ്ങനെ ജീവിതം. അന്നത്തിനു വേണ്ടി ഇര തേടൽ. കഴിയുന്നത്ര പ്രകൃതിയുടെ സ്വരലയത്തിൽ ഇടപെടാതെ അതിനോടിണങ്ങി തന്റെ ഭാഗധേയം ജീവിക്കൽ.


ചെടികളിലും വൃക്ഷങ്ങളിലും മറ്റു ജീവികളിലുമെല്ലാം ഈ സ്വഭാവം വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ കാണാനാകുന്നുണ്ട്. എന്നാൽ, നാം മനുഷ്യരിലാണ് ആ സ്വാഭാവികമായ ജൈവവിവേകം ഏറ്റവും കുറഞ്ഞിരിക്കുന്നത്. അതിനു കാരണമായി ഒരു കാര്യം ‘സാപിയൻസ്’ എന്ന പുസ്തകത്തിൽ ഹരാരി പറയുന്നത് വായിച്ചപ്പോഴാണ് ആ വിഷയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരു വാതിൽ തുറന്നുകിട്ടിയത്. അതുമാത്രമാണ് കാരണമെന്ന് കരുതുന്നില്ല. എന്നാൽ അതാണ് പ്രധാന കാരണമെന്നതിൽ സംശയമേയില്ല.


”ഭക്ഷണച്ചങ്ങലയിൽ ഹോമോജനുസിന്റെ സ്ഥാനം അടുത്തകാലംവരെ മധ്യത്തിൽ ആയിരുന്നു. ദശലക്ഷക്കണക്കിനു വർഷങ്ങളായി, മനുഷ്യർ ചെറുജീവികളെ വേട്ടയാടി തങ്ങൾക്കാകുന്നതൊക്കെ ശേഖരിക്കുകയും ചെയ്തു. അപ്പോളൊക്കെയും വലിയ വേട്ടക്കാരായ മൃഗങ്ങൾ അവരെ വേട്ടയാടി. 400000 വർഷം മുമ്പു മാത്രമാണ് മനുഷ്യന്റെ  അനേകം സ്പീഷിസുകൾ വലിയ മൃഗങ്ങളെ സ്ഥിരമായി വേട്ടയാടുന്നതിന് തുടക്കമിട്ടത്. കഴിഞ്ഞ 100000 വർഷങ്ങളിൽ മാത്രമാണ്- ഹോമോസാപ്പിയൻസിന്റെ ഉദയത്തോടെയാണ് – മനുഷ്യൻ ഭക്ഷ്യച്ചങ്ങലയുടെ ഉയരത്തിൽ എത്തിയത്.


മധ്യത്തിൽനിന്ന് മുകളിലേക്കുള്ള ആ ചാട്ടത്തിന് വളരെ വലുതായ അനന്തര ഫലങ്ങളുണ്ടായി. സിംഹം, സ്രാവ് എന്നിവപോലെ പിരമിഡിന്റെ മുകളിലുണ്ടായിരുന്ന മറ്റു മൃഗങ്ങൾ ആ നിലയിലേക്ക് പരിണമിച്ചത് ദശലക്ഷക്കണക്കിന് വർഷങ്ങളെടുത്ത് വളരെ സാവധാനത്തിലാണ്. പരിസ്ഥിതിസംവിധാനത്തിന് വല്ലാത്ത കോട്ടം എല്പിക്കാത്തവിധത്തിൽ സിംഹത്തെയും സ്രാവിനെയും തടയുന്ന തരം തടസ്സങ്ങളും തുലനങ്ങളും വികസിപ്പിക്കുന്നതിന് പരിസ്ഥിതിസംവിധാനത്തിന് പ്രാപ്തിയുണ്ടായി.


സിംഹങ്ങൾ അപകടകാരികളായതിനനുസരിച്ച് മാനുകൾ കൂടുതൽ വേഗത്തിൽ ഓടുന്ന നിലയിലേക്ക്, ഹൈനകൾ കൂടുതൽ സഹകരിക്കുന്നതിലേക്ക്, കണ്ടാമൃഗങ്ങൾ കൂടുതൽ ദേഷ്യക്കാരാകുന്നതിലേക്ക് പരിണമിച്ചു. അതിൽ നിന്നു വ്യത്യസ്തമായി, മനുഷ്യരാശി മുകളിലേക്ക് വളരെ വേഗം കയറി. അതിനോട് സമരസപ്പെടുന്നതിന് പരിസ്ഥിതിസംവിധാനത്തിന് സമയം ലഭിക്കാത്തത്ര വേഗതയിലായിരുന്നു ആ എടുത്തു ചാട്ടം സംഭവിച്ചത്.


ഗ്രഹത്തിലെ മുകൾനിരയിലെ ആക്രമണകാരികളിൽ മിക്കതും ഗംഭീരജീവികളാണ്. ദശലക്ഷക്കണക്കിന് വർഷങ്ങളിലെ മേധാവിത്തം അവയിൽ ആത്മവിശ്വാസം നിറച്ചു. സാപിയൻസ് അതിൽനിന്ന് വ്യത്യസ്തമായി വെള്ളരിക്കാപ്പട്ടണത്തിലെ ഏകാധിപതിയെപ്പോലെയാണ്. അടുത്തിടവരെ സാവന്നയിലെ കീഴാളരിൽ ഒന്നായിരുന്ന നാം ഭീതിയും ഉത്ക്കണ്ഠയും നിറഞ്ഞവരാണ്. അതു നമ്മെ കൂടുതൽ ക്രൂരരും അപകടകാരികളുമാക്കുന്നു. വിനാശകരമായ യുദ്ധംമുതൽ പരിസ്ഥിതി തകർച്ചവരെ, ചരിത്രത്തിലെ ദുരന്തങ്ങളിൽപ്പലതും ഈ അതിവേഗ ചാട്ടത്തിന്റെ പരിണതഫലമാണ്.’’


പറഞ്ഞുവരുന്നത് ഇത്രമാത്രം. വളർച്ചയെത്തുംമുമ്പേ വളർന്നു എന്നതാണ് മനുഷ്യജീവിയിൽ സംഭവിച്ച പ്രശ്നം. ആ പ്രശ്നച്ചങ്ങലയിൽ കുരുങ്ങിയാണ് സമാധാനംതേടിയുള്ള നമ്മുടെ യാത്രകൾ. അതുകൊണ്ടുതന്നെയാണ് നാം ഇടയ്ക്കിടെ അടിതെറ്റി വീണുപോകുന്നത്. എത്ര വലുതായിട്ടും എങ്ങനെ സമാധാനത്തോടെ ജീവിക്കാം എന്ന് അന്വേഷിക്കുന്നത്. സ്നേഹമുള്ളവരോടുപോലും സ്നേഹത്തിലായിരിക്കാൻ ശ്രദ്ധാലുക്കളാകേണ്ടി വരുന്നത്.


ഇത്രയും മനസ്സിൽ വച്ചുകൊണ്ടുവേണം നാം അനുഭവിക്കുന്ന വ്യക്തിപരവും കുടുംബപരവും സാമൂഹികപരവുമായ ഒറ്റപ്പെടലിനെക്കുറിച്ച് ആലോചിക്കാൻ. ആധുനികകാലത്ത് രൂപപ്പെട്ടുവന്ന യാന്ത്രിക സംവിധാനങ്ങളോടുള്ള ആസക്തിയാണ് അതിനു കാരണമെന്നൊന്നും പറഞ്ഞ് ഫുൾസ്റ്റോപ്പിടാനാകില്ല. അത് എന്നും ഇവിടെ ഉണ്ടായിരുന്നു. ആ ഒറ്റപ്പെടൽ നാളെയും തുടരാനാണ് സാധ്യത. അല്പമെങ്കിലും അതിൽനിന്നു പുറത്തുവരാനുള്ള വഴികളെന്താണെന്നതാണ് ചോദ്യം?


ദലൈലാമ പറഞ്ഞ ഒരു കാര്യം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിതാണ്: “സ്നേഹം വരാനായി കാത്തിരിക്കരുത്. അങ്ങു പോയി സ്നേഹിച്ചു തുടങ്ങണം. അപ്പോൾ സ്നേഹം ഉണർന്നു തുടങ്ങിക്കോളും.” അത് വലിയൊരു സത്യമായി എനിക്കു തോന്നിയിട്ടുണ്ട്. പിണക്കമുള്ളിടത്ത് ഇണക്കം തനിയെ ഉണ്ടായി വരാൻ ദിവസങ്ങൾ നഷ്ടപ്പെടുത്തേണ്ടതില്ല. ബോധപൂർവം ശരീരവും മനസ്സും എണീറ്റു ചെന്ന് ഇണങ്ങാനും ഇണക്കാനുമുള്ള പണിയങ്ങു തുടങ്ങുകയാണ് വേണ്ടത്. ആ ഒരു മനസ്സുണ്ടാകുമ്പോൾ ഉള്ളിലെ പിണക്കം അയഞ്ഞു തുടങ്ങും. മനസ്സ് പ്രസന്നമായിത്തുടങ്ങും. സ്നേഹം സജീവമാകും.


ചിലതു പറഞ്ഞുകൊണ്ടേയിരിക്കുമ്പോൾ ചിലത് അകന്നുപൊയ്ക്കൊണ്ടേയിരിക്കും. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നന്മകളും സാധ്യതകളും ഊഷ്മളതകളും ചിന്തിച്ചുകൊണ്ടും പറഞ്ഞുകൊണ്ടും ഇരിക്കുന്നിടത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അലയൊലികൾ അടങ്ങിവരുന്നത് അനുഭവിച്ചിട്ടുണ്ട്.


അതു ദിവസവും പല്ലു തേക്കുന്നതുപോലെയും കുളിക്കുന്നതുപോലെയും വസ്ത്രം മാറുന്നതുപോലെയും മുറ്റവും മുറികളും അടിച്ചു വൃത്തിയാക്കുന്നതുപോലെയുമാണ്. സദാ മാലിന്യങ്ങൾ വന്ന് വീണുകൊണ്ടിരിക്കുന്ന മുറ്റം കൂടിയാണ് മനസ്സ്. അതിനെ ദിവസവും ശ്രദ്ധയോടെ അടിച്ചു വൃത്തിയാക്കി വയ്ക്കുന്നത്  നന്മയാണ്. ശ്രദ്ധയാണ് ആ അടിച്ചുവാരൽ. ശ്രദ്ധയെ ഉണർത്തിയെടുക്കാനും നിലനിറുത്താനും ആ ശ്രദ്ധ സഹായിക്കുക തന്നെ ചെയ്യും.


മനസ്സ് എന്നത് തേച്ചുതേച്ച്, പ്രാർഥിച്ചു പ്രാർഥിച്ചു, ധ്യാനിച്ചു ധ്യാനിച്ചു ശുദ്ധമാക്കാവുന്ന ഒന്നല്ല. അത് ശുദ്ധമോ അശുദ്ധമോ അല്ല. ശ്രദ്ധയോടെ ഇരിക്കുമ്പോൾ സമാധാനമാകുന്നതും ശ്രദ്ധ തെറ്റിയാൽ കലുഷമാകുന്നതുമായ ഒന്നാണത്. എപ്പോഴും പ്രസന്നവും മൂല്യവത്തുമായ ചിന്തകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സജീവമാക്കിവച്ചാൽ അത് ഏറക്കുറെ സരളവും സുന്ദരവുമായിരിക്കും.  അതിന് സഹായിക്കുന്ന ഏറ്റവും നല്ല രണ്ട് വഴികളായി അനുഭവിച്ചിട്ടുള്ളത് സ്നേഹവും സൗഹൃദവുമാണ്.


മനുഷ്യരോടു മാത്രമുള്ള സൗഹൃദത്തെക്കുറിച്ചല്ല പറയുന്നത്. ഇക്കാണായ എല്ലാ പ്രകൃതിയോടും ആ പാരസ്പര്യമുണ്ടായാൽ, ഇന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും അവിടെ വിശാലമായി ഒഴുകാൻ അനുവദിച്ചാൽ കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ജീവിതത്തിലേക്ക് ഉണർന്നതായി നമുക്കു തോന്നും. ജീവിക്കുന്നു എന്ന ഒരു ഫീൽ ഹൃദയത്തിൽ നിറയും. അത്രമാത്രം.


സ്നേഹത്തെയും സൗഹൃദത്തെയും കുറിച്ച് പറഞ്ഞു വന്നപ്പോൾ ഒരു കാര്യംകൂടി തെളിയുന്നു. സമാന  ഹൃദയർക്കിടയിൽ സൗഹൃദത്തിന്റെ ആവശ്യമില്ല. കാരണം, അത് തുടക്കത്തിലേ സൗഹൃദത്തിലാണ്. അതുകൊണ്ടാണ് അവർ പരസ്പരം ഒന്നിച്ചിരിക്കുന്നത്. എന്നാൽ നമുക്ക് സ്വാഭാവികമായി ഒന്നിച്ചിരിക്കാനാവാത്ത ഇടങ്ങളിലാണ് സൗഹൃദം പ്രസക്തമാകുന്നത്. സൗഹൃദത്തിന്റെ യഥാർഥത്തിലുള്ള പ്രയോഗം അവിടെയാണ് ആവശ്യമായി വരുന്നത്.


നമുക്കെല്ലാവർക്കും നമ്മുടേതായ ശരികളുണ്ട്. അതുപോലെയുള്ള ശരികളാണ് ചുറ്റുമുള്ളത്. നമ്മുടെ ശരിയിലിരുന്ന് നോക്കുമ്പോൾ മറ്റു പലതും അത്ര ശരിയല്ലെന്ന് തോന്നുക സ്വാഭാവികം. എന്നാൽ എല്ലാവരും അവരുടെ ശരിയിലൂടെ ശ്രമിക്കുന്നത് ജീവിതത്തെ സമാധാനത്തിലേക്ക് നയിക്കാനാണ്. അവിടെ ചെറിയ അക്ഷരത്തെറ്റുകളെല്ലാം ഉണ്ടാവാം. അല്ലെങ്കിലും ആർക്കാണ്, എന്തിനാണ് അതില്ലാത്തത്. നമ്മുടെ ശരിതെറ്റുകൾ പറയേണ്ടത് നമ്മളല്ലല്ലോ? അപ്പുറത്തിരിക്കുന്നവർ പറയുന്നത് കേൾക്കാനുള്ള മനസ്സുണ്ടാകുമ്പോഴാണ് മൊത്തം ശരിയായതും മൊത്തം തെറ്റായതും ഒന്നുമില്ലെന്ന് നമുക്ക് ബോധ്യമാകുക.


എല്ലാ ശരികളും തെറ്റുകളും ഏറ്റക്കുറച്ചിലിലൂടെ തുടരുന്നവരാണ് നമ്മളെല്ലാവരും എന്നറിയുന്നിടത്ത് വിരിഞ്ഞുവരുന്ന ഒരു ആകാശമുണ്ട്. ആ ആകാശത്തിലാണ് സൗഹൃദത്തിന്റെ നിറനിലാവ് പ്രസരിക്കുക. സൗഹൃദം സമാനഹൃദയർക്കിടയിൽ സ്വാഭാവികമാണെങ്കിൽ ഇവിടെ നാം ചേർന്നുനില്ക്കുകയാണ്. ചേർത്തു പിടിക്കുകയാണ്. അതിന് ആഴം കൂടും. ധന്യത കൂടും. വിട്ടുകൊടുക്കലിന്റെ, ഉൾക്കൊള്ളലിന്റെ ഒരാകാശം.


നാം പലതല്ല ഒന്നാണ് എന്ന സ്നേഹസ്പർശം. വ്യത്യസ്തമായ മൂല്യങ്ങളുടെ ഒരു സ്വരലയം. ബഹുസ്വരത. അതെത്ര ഹൃദ്യമാണ്. നന്മയാണ്. വെളിച്ചമാണ്. കാലം തേടുന്നത് അതാണ്. വ്യക്തിസ്വഭാവത്തിൽ മാത്രമല്ല വിശ്വാസത്തിലും ആശയത്തിലും ആദർശത്തിലും രാഷ്ട്രീയത്തിലും എല്ലാം വ്യത്യസ്തരായിരുന്നാലും ലക്ഷ്യമായിരിക്കുന്നത് ആകെ ലോകത്തിന്റെ നന്മയാണെങ്കിൽ അവർക്കിടയിൽ ഹൃദ്യമായ, ഊഷ്മളമായ സൗഹൃദത്തെ നാം വളർത്തിയെടുക്കേണ്ടതുണ്ട്. അതു തനിയെ സംഭവിക്കുന്നതല്ല. സംഭവിപ്പിക്കേണ്ടതാണ്.


നമ്മുടെ ഉദാത്തമായ സംസ്കാരങ്ങളെല്ലാം സൂക്ഷ്മമായി പരിശോധിച്ചാൽ തനിയെ സംഭവിച്ചതല്ലെന്ന് അറിയാനാകും. ബോധപൂർവമുള്ള പരിശ്രമംകൂടി അവിടെ ഉണ്ടായിട്ടുണ്ട്. സ്വാഭാവികമായി സംഭവിച്ച സൗഹൃദങ്ങൾപോലും നാം നിലനിറുത്തുന്നത്, നമ്മിൽ നിലനില്ക്കുന്നത് ബോധപൂർവമുള്ള ചില പരിശ്രമങ്ങളിലൂടെയാണെന്നതും മറ്റൊരു സത്യം.


വിട്ടുകൊടുക്കാൻ തയ്യാറാകുന്നിടത്തേ സൗഹൃദം ഊഷ്മളമാകൂ എന്നത് നമ്മുടെയെല്ലാം അനുഭവമാണല്ലോ? സ്നേഹത്തോടെയും സൗഹൃദത്തോടെയും ഞാനിത് എന്നും എന്നോടു പറയുന്ന വാക്കുകളാണ്.


അതെ. എല്ലാ തരത്തിലുമുള്ള ഒറ്റപ്പെടലുകളിൽനിന്നു പുറത്തുവരാനും നാം ഒറ്റയ്ക്കല്ലെന്ന സത്യത്തിലേക്ക് ഉണരാനും ഒരു വഴിയേയുള്ളൂ. സൗഹൃദം. തൊട്ടടുത്തിരിക്കുന്ന വ്യക്തിയോടും വീട്ടുമുറ്റത്തെ ചെടികളോടും പുഴയോടും ആകാശത്തോടും സാഗരത്തോടും മലനിരകളോടും അയൽക്കാരോടും അങ്ങനെയങ്ങനെ നാം ദിവസവും ഇടപഴകേണ്ടിവരുന്ന എന്തിനോടും സൗഹൃദത്തിലാകുക. അവർ നമ്മോടു ചേർന്നു നില്ക്കുന്ന നമ്മൾ തന്നെയാണെന്ന് സ്വയം പറഞ്ഞ് ബോധ്യപ്പെടുത്തുകു. അതാണ് വഴി. ഒരേയൊരു വഴി. സൗഹൃദത്തിന്റെ വഴി.