കേരളീയസാമൂഹികജീവിതം – ഒരു ദിശാബോധിനി – ഡോ. ജോയ്‌ വാഴയിൽ

കേരളീയസാമൂഹികജീവിതം – ഒരു ദിശാബോധിനി – ഡോ. ജോയ്‌ വാഴയിൽ

മലയാളികളുടെ ഇപ്പോഴത്തെ സാമൂഹികസംഘാടന പ്രക്രിയയിൽ ഒരു പൊളിച്ചെഴുത്ത്‌ അനിവാര്യമാണ്‌. അതിനുവേണ്ടിയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങൾ സുമനസ്സുകളുടെ നേതൃത്വത്തിൽ തുടങ്ങേണ്ടത്‌ സംസ്ഥാനതാത്പര്യത്തിന്‌ വളരെയധികം ആവശ്യമാണ്‌.


സാമൂഹികരംഗത്തെ ഒത്തുചേരലുകളും കൂട്ടായ്മകളും വളരെയധികം കൂടുതലുള്ള ഒരു സംസ്ഥാനമാണ്‌ കേരളം. മലയാളികളുടെ വ്യക്തിജീവിതത്തോടൊപ്പം സാമൂഹികജീവിതവും ഇഴുകിച്ചേര്‍ന്നിരിക്കുന്നു. രാഷ്ട്രിയ-സാമൂഹിക-സാമുദായിക- സാംസ്കാരിക സംഘടിതപ്രവര്‍ത്തനങ്ങൾ കേരളത്തിൽ വളരെ സജീവമാണ്‌. ഒരുപക്ഷേ, വിവിധരംഗങ്ങളിൽ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ എണ്ണം നോക്കിയാൽ സാമൂഹികസംഘാടനത്തിൽ ലോകത്ത്‌ ഒന്നാംസ്ഥാനംതന്നെ മലയാളിക്ക്‌ അവകാശപ്പെടാൻ കഴിഞ്ഞേക്കും.ഇത്തരത്തിലുള്ള നിരവധി സംഘടനകൾ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്ത്‌, അവകൊണ്ട്‌ വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും കൂടുതൽ സന്തോഷം സൃഷ്ടിക്കുവാൻ സാധിക്കുന്നുണ്ടോ എന്നത്‌ ചിന്തവ്യമാണ്‌.


സന്തോഷവും ക്ഷേമവും വികസനത്തിന്റെ സൂചികകളായി ഐക്യരാഷ്ട്രസംഘടന പരിഗണിക്കാൻ തുടങ്ങിയിട്ട്‌ ഏതാനും വര്‍ഷങ്ങളെ ആയിട്ടുള്ളു. ഉത്പാദനം, വരുമാനം എന്നീ മേഖലകളിൽമാത്രം കുടുങ്ങിക്കിടന്ന വികസനസങ്കല്പങ്ങൾ, സുസ്ഥിരവികസനം സംബന്ധിച്ച അവബോധത്തിന്റെ നവീനകാലഘട്ടത്തിൽ പൊളിച്ചെഴുതപ്പെടുകയാണ്‌. വേള്‍ഡ്‌ ഹാപ്പിനസ്‌ ഇന്‍ഡക്സ്‌ എന്ന സൂചികയിൽ സാമൂഹികപിന്തുണ, ഉദാരമനോഭാവം, സ്വാതന്ത്ര്യം എന്നിവ സന്തോഷത്തിന്റെ പ്രധാനപ്പെട്ട മൂന്നു ഘടകങ്ങളാണ്‌. ഈ സൂചികയിൽ 2023-ലെ ഇന്ത്യയുടെ സ്ഥാനം, 146 രാഷ്ട്രങ്ങളിൽ 126 ആണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം താരതമ്യേന മുകളിലാണെങ്കിലും, ആഗോളതലത്തിൽ കേരളത്തിന്റെ സ്ഥാനവും വളരെ പിന്നിലാണ്‌ എന്നതാണ്‌ വാസ്തവം.


ഈ സ്ഥിതിവിശേഷത്തിന്‌ കേരളത്തിലെ സാമൂഹികസംഘാടനപ്രക്രിയയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നു പരിശോധിക്കുന്നത്‌ പ്രധാനമാണ്‌. ഏതൊരു സമൂഹത്തിലും സമൂഹത്തിന്റെ പൊതുനന്മയും താത്പര്യവും കണക്കിലെടുത്തുള്ള സംഘാടനപ്രക്രിയയ്ക്കാണ്‌ പ്രാധാന്യം കൈവരേണ്ടത്‌ എന്നതിൽ തര്‍ക്കം ഉണ്ടാവാൻ ഇടയില്ല. എന്നാൽ, കേരളത്തിലെ നിലവിലുള്ള അന്തരീക്ഷത്തിൽ ഇത്‌ എത്രമാത്രം പ്രായോഗികമാണ്‌? കേരളത്തിലെ സാമൂഹികകൂട്ടായ്മകൾ പരിശോധിച്ചാൽ വിഭാഗീയമായ സ്വാർഥതയുടെ മാത്രം അടിസ്ഥാനത്തിലാണ്‌ അവയെല്ലാം പ്രവര്‍ത്തിക്കുന്നത്‌ എന്നു കാണുവാൻ സാധിക്കും. രാഷ്ട്രീയമായോ, സാമുദായികമായോ, മതപരമായോ, സാംസ്കാരികമായോ ഉള്ള സംഘസ്വാർഥതയിൽ കെട്ടിപ്പടുത്തതാണ്‌ കേരളത്തിലെ മിക്കവാറും സംഘടനകൾ. അത്തരം സംഘടനകളിൽ ഉള്ളവരുടെ സ്വാർഥലക്ഷ്യങ്ങള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നതരത്തിലുള്ള സംഘടനാനിലവാരത്തിൽ മാത്രമേ സംസ്ഥാനം എത്തിച്ചേര്‍ന്നിട്ടുള്ളൂ എന്നത്‌, ദശാബ്ദങ്ങള്‍ക്ക്‌ മുമ്പ്‌ സമ്പൂർണസാക്ഷരത നേടിയ ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പരിതാപകരമാണ്‌. പൊതുനന്മയ്ക്കും പൊതുതാത്പര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള സംഘടനകൾ കെട്ടിപ്പടുക്കുവാൻ മലയാളികള്‍ക്ക്‌ കാര്യമായി കഴിഞ്ഞിട്ടില്ല.


അതുകൊണ്ടുതന്നെ, വിവിധസംഘടനകളുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനസംവിധാനങ്ങളും മത്സരസ്വഭാവത്തിലുള്ളതാവുകയും അതു സമൂഹത്തിൽ വിഭാഗീയതയും കലഹങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. ജനങ്ങളിൽ വിദ്വേഷം ജനിപ്പിച്ച്‌, നാശാത്മകമായ മാനസിക ധ്രുവീകരണത്തിലേക്ക്‌ വഴിതെളിക്കുന്ന അത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ട്‌ സമൂഹത്തിനു കാര്യമായ നേട്ടമുണ്ടാകുന്നില്ലെന്നു മാത്രമല്ല, സമൂഹനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ത്വര ഇല്ലാതാവുന്നതുകൊണ്ട്‌ അതു സാമൂഹികസന്തോഷം കുറയ്ക്കുകയും ചെയ്യുന്നു.


പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ്‌ അതു മനസ്സുകള്‍ക്ക്‌ സന്തോഷംപകരുന്ന പ്രവര്‍ത്തനമായി മാറുന്നത്‌. സംഘതാത്പര്യങ്ങൾ കൂട്ടിച്ചേര്‍ത്തുവച്ചാൽ അതു സമൂഹതാത്പര്യമായി മാറുന്നില്ല എന്നത്‌ സാമാന്യമായ ഒരു ഗണിതനിഗമനം മാത്രമാണ്‌. സംഘസ്വാർഥതമാത്രം ലക്ഷ്യംവച്ച്‌ പ്രവര്‍ത്തിക്കുകയും നിക്ഷിപ്തതാത്പര്യങ്ങള്‍ക്കുവേണ്ടി കലഹിക്കുകയും ചെയ്യുന്ന സംഘടനകളുടെ എണ്ണുംപെരുകിയത്‌ യുവാക്കൾ സമൂഹത്തില്‍നിന്ന്‌ അകന്നുപോകുന്നതിനു കാരണമാകുന്നു. സന്മതികള്‍ക്ക്‌ ഒറ്റപ്പെടലിന്റെ പാതകൾ സൃഷ്ടിച്ചുകൊണ്ട്‌, സാമൂഹികസന്തോഷത്തിനുമേൽ കരിനിഴൽ വീഴ്ത്തുന്ന ഈ പ്രക്രിയയാണ്‌ കേരളത്തിന്റെ സാമൂഹികമൂലധനത്തിന്റെ ഇന്നത്തെ ദുരന്തം.


അതുകൊണ്ടുതന്നെ, കേരളത്തിന്റെ സാമൂഹികനവോത്ഥാനത്തിനും സമഗ്രപുരോഗതിക്കും സാംസ്‌കാരികമുന്നേറ്റത്തിനും അവശ്യംവേണ്ടുന്ന വസ്തുത, സംഘതാത്പര്യങ്ങളുടെയും സ്വാർഥതയുടെയും മാത്രം അടിസ്ഥാനത്തിലുള്ള സംഘടനകളുടെ എണ്ണം കുറയ്ക്കുകയും സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവയുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ്‌. വ്യക്തിസ്വാർഥതയെ സംഘസ്വാർഥതയാക്കി മാറ്റുവാൻ മാത്രമേ ഇപ്പോഴത്തെ സാമൂഹികപ്രവര്‍ത്തനത്തിന്‌ കഴിഞ്ഞിട്ടുള്ളു എന്നത്‌ വളരെയധികം ഖേദകരമാണ്‌. അത്തരം പ്രവര്‍ത്തനങ്ങൾ സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്ന വ്രണങ്ങൾ മനുഷ്യരുടെ മനസ്സുകള്‍ക്ക്‌ സന്തോഷം സൃഷ്ടിക്കുന്നതിന്‌ വിഘാതമായി മാറുന്നു. പ്രവര്‍ത്തനലക്ഷ്യം സമൂഹതാത്പര്യത്തിലേക്ക്‌ ഉയര്‍ത്തുന്ന മാനവികതയുടെ തലമാണ്‌ യഥാർഥ സാമൂഹികസ്വാതന്ത്ര്യം ഉറപ്പാക്കുന്നത്‌.


വികസിതസംസ്ഥാനം എന്ന പദവി നേടുവാനുള്ള സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഉയര്‍ന്ന സന്തോഷസൂചികയുള്ള ലോകരാജ്യങ്ങള്‍ക്ക്‌ ഒപ്പം എത്തുവാനുള്ള ലക്ഷ്യവുംകൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്‌. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണം സാധ്യമാക്കാൻ, ഗ്രൂപ്പുസ്വാർഥതയെ എങ്ങനെ അതിജീവിക്കാൻ സാധിക്കും എന്നത്‌ സുപ്രധാനമായ ഒരു കാര്യമാണ്‌. സാമുദായികമായും വിഭാഗീയമായും പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനു സംഘടനകളെ എങ്ങനെ പൊതുതാത്പര്യത്തിലേക്ക്‌ സമന്വയിക്കാൻ സാധിക്കുമെന്നുള്ള വലിയ വെല്ലുവിളിയാണ്‌ സംസ്ഥാനത്തിനു മുന്നിലുള്ളത്‌.


ചിന്തിക്കുവാൻ മനുഷ്യനെ പ്രാപ്തനാക്കുന്ന ഒരു വിദ്യാഭ്യാസസമ്പ്രദായത്തിനു മാത്രമേ അത്തരത്തിലുള്ള വെല്ലുവിളി ഏറ്റെടുത്ത്‌ സമൂഹത്തെ മുന്നോട്ടുനയിക്കുവാൻ സാധിക്കുകയുള്ളൂ. കേരളത്തിലെ വിദ്യാഭ്യാസസമ്പ്രദായംതന്നെ വിഭാഗീയസംഘങ്ങളുടെ നിയന്ത്രണത്തിൽ കുടുങ്ങിക്കിടക്കുന്ന പരിതഃസ്ഥിതിയിൽ സാമൂഹികമായ ഒരു നവോത്ഥാനപ്രസ്ഥാനത്തിനു മാത്രമേ യഥാർഥദിശയിലുള്ള പുരോഗതി സൃഷ്ടിക്കാൻ കഴിയുകയുള്ളൂ എന്നത്‌ സ്പഷ്ടമാണ്‌. അതിന്‌ ഇപ്പോഴത്തെ സാമൂഹികസംഘാടന പ്രക്രിയയിൽ ഒരു പൊളിച്ചെഴുത്ത്‌ അനിവാര്യമാണ്‌. അതിനുവേണ്ടിയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങൾ സുമനസ്സുകളുടെ നേതൃത്വത്തിൽ തുടങ്ങേണ്ടത്‌ സംസ്ഥാനതാത്പര്യത്തിന്‌ വളരെയധികം ആവശ്യമാണ്‌. ചിന്തയുടെ വിശാലമായ ആകാശം കാണിച്ചുകൊടുക്കുന്ന രീതിയിൽ പുതുതലമുറയുടെ വിദ്യാഭ്യാസം ചിട്ടപ്പെടുത്തുന്ന പ്രക്രിയയ്ക്കാണ്‌ കേരളത്തിൽ ഈന്നൽ കൊടുക്കേണ്ടത്‌.