അഭിമുഖം – എൻ.പ്രഭാകരൻ/ ഡോ. ജൈനിമോൾ കെ.വി.

എഴുത്ത് എന്റെ ആത്മാവിന്റെ അന്നമാണ്


സാഹിത്യത്തെ സാംസ്കാരികവും രാഷ്ട്രീയവുമായ സംവാദത്തിനുള്ള ഇടമാക്കി മാറ്റിയ എഴുത്തുകാരനാണ് എൻ.പ്രഭാകരൻ. ദേശ കാലങ്ങളോടും ഭാഷയോടും നീതിപുലർത്തിയ എഴുത്തു ലോകമാണത്. കാലം സൃഷ്ടിക്കുന്ന മാനസികസംഘർഷങ്ങളെ തീവ്രമായി അനുഭവിക്കുകയും മനുഷ്യാവസ്ഥകളെ കേന്ദ്രഭാവമാക്കി മാറ്റുകയും ചെയ്ത അനേകം കഥകളും നോവലുകളും കവിതകളും നാടകങ്ങളും മലയാളിയുടെ ബൗദ്ധികവും വൈകാരികവുമായ പരിണാമങ്ങളെ അടയാളപ്പെടുത്തുന്ന ചരിത്രരേഖകളാണ്. കേരള സാഹിത്യഅക്കാദമിയുടെ വിശിഷ്ടാംഗത്വ പുരസ്കാര നിറവിൽ എൻ.പ്രഭാകരൻ സംസാരിക്കുന്നു.


കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടിയിരിക്കുകയാണല്ലോ.അഭിനന്ദനങ്ങൾ.എന്താണ് ഈ അംഗീകാരത്തെക്കുറിച്ച് പറയാനുള്ളത് ?


തീര്‍ച്ചയായും സന്തോഷമുണ്ട്.സാമൂഹികാംഗീകാരത്തിന്റെ ഒരു രൂപമാണല്ലോ അത്.സാഹിത്യ അക്കാദമിയാവുമ്പോൾ അതിന് പൊതുവെ കൂടുതൽ വിശ്വസനീയത കല്പിക്കപ്പെടുന്നുമുണ്ട്.


അക്കാദമികളുടെ സ്വയംഭരണാവകാശത്തെ സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. ഇത്തരം സ്ഥാനമാനങ്ങൾ സ്വീകരിക്കുന്നത് രാഷ്ട്രീയമായ വിധേയത്വം സൃഷ്ടിക്കും എന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?


ഒരംഗീകാരവും എന്നിൽ ആരുടെയും നേര്‍ക്ക് വിധേയത്വം സൃഷ്ടിക്കില്ല.രാഷ്ട്രീയം.സാഹിത്യം,സംസ്കാരം ഇവയെക്കുറിച്ചെല്ലാം ഇന്ന് ഞാൻ സൂക്ഷിക്കുന്ന ധാരണകൾ പല ദശകങ്ങളായുള്ള അനുഭവങ്ങളിലൂടെയും വായനയിലൂടെയും മനനത്തിലൂടെയുമെല്ലാം രൂപപ്പെട്ടതാണ്. അതിൽ ഇന്നേവരെ വിധേയത്വം എന്ന പ്രശ്നമുണ്ടായിരുന്നില്ല.ഇനി ഉണ്ടാവുകയുമില്ല.


സ്ഥാപനങ്ങളുടെ അംഗീകാരത്തില്‍നിന്നു വ്യത്യസ്തമായി നിലകൊള്ളുന്ന വായനക്കാരുടെ അംഗീകാരത്തെപ്പറ്റി എന്താണ് പറയാനുള്ളത്?


കൃതി എന്താണ്,അതിന്റെ പ്രസക്തി എന്താണ്,ഫലം എന്താണ്,അത് നല്കുന്ന സൗന്ദര്യാനുഭവം എന്താണ് എന്നൊക്കെ ആദ്യം മനസ്സിലാക്കുക നല്ല വായനക്കാരാണ്. വായനക്കാർ കൃതിക്ക് നല്കുന്ന അംഗീകാരത്തെ അംഗീരിച്ചുകൊടുക്കുന്ന പ്രവൃത്തിയാണ് അവാര്‍ഡ് ചെയ്യുന്നത്. ഇത് ചിലപ്പോൾ വല്ലാതെ വൈകിപ്പോയേക്കും.അപ്പോൾ വായനക്കാര്‍ക്കു ബഹുദൂരം പുറകിലാവും സ്ഥാപനങ്ങൾ. എഴുത്തുകാരന്/ എഴുത്തുകാരിക്ക് അവാര്‍ഡ് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം.വലിയ പുരസ്കാരങ്ങൾ എഴുത്തുകാരനെ/ എഴുത്തുകാരിയെ ഒരു സ്ഥാപനത്തിന് തുല്യമാക്കിത്തീര്‍ക്കും.അതോടെ യഥാര്‍ത്ഥമായ ചലനശേഷി അയാളുടെ/ അവളുടെ എഴുത്തിന് ഇല്ലാതായിത്തീരും. അത് പുതുതായി കാര്യമായൊന്നും ഉദ്പാദിപ്പിക്കാതാവും. അംഗീകാരത്തിന്റെ ഭാരം അതിനെ വലച്ചു കളയും. ഈയൊരു സാധ്യത തീര്‍ച്ചയായും ഉണ്ട്. മുഖ്യമായും താൻ സ്ഥാപനവത്കരിക്കപ്പെടും എന്നതുകൊണ്ടു തന്നെ, എന്നു ഞാൻ കരുതുന്നു, 1964-ൽ ഴാങ് പോൾ സാര്‍ത്ര് നൊബേല്‍ സമ്മാനം നിരസിച്ച കാര്യം ഓര്‍മിക്കുന്നു.


പിന്നൊരു കാര്യം കൂടി. അവാര്‍ഡിന്റെ വലുപ്പം ഒരിക്കലും എഴുത്തുകാരന്റെ സാഹിത്യത്തിലെ ചിരപ്രതിഷ്ഠ ഉറപ്പാക്കില്ല. കഴിഞ്ഞ അമ്പതു വര്‍ഷത്തിനുള്ളിൽ നൊബേല്‍ സമ്മാനം നേടിയ എത്ര കൃതികളാണ് ഇന്ന് വായനക്കാരുടെ മനസ്സിലുള്ളത്.പലതും മറവിയിലേക്ക് പോയ്ക്കഴിഞ്ഞു എന്നതല്ലേ വാസ്തവം.


അവാർഡുകളുടെ ആധികാരികതയെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും നിരവധി പ്രതികരണങ്ങളും ചർച്ചകളും ഉണ്ടാകുന്നുണ്ട്. അവാർഡ് നിർണയത്തിന്റെ മാനദണ്ഡം എന്തായിരിക്കണം എന്നാണ് അഭിപ്രായം? ഒരു സാഹിത്യകൃതിയുടെ മേന്മ കണ്ടെത്താൻ മൂന്നംഗ ജൂറിക്ക് സാധിക്കുമോ ?


മൂന്നംഗ ജൂറിക്ക് സാധിക്കാതെ വരുന്ന സന്ദര്‍ഭങ്ങൾ ഉണ്ടാവാം.ജൂറിമാരിൽ രണ്ടുപേരുടെ അഭിപ്രായം മൂന്നാമന്റെ അഭിപ്രായത്തെ നിര്‍വീര്യമാക്കുന്ന അവസരങ്ങളും ഉണ്ടാവാം. അതിനുപുറമേ, പ്രമേയതലത്തിൽ അടിസ്ഥാനപരമായി സദൃശവും അതേസമയം ആഖ്യാനത്തിൽ വളരെ വ്യത്യസ്തമായ രൂപം കൈക്കൊണ്ടിരിക്കുന്നവയുമായ മൂന്നോ നാലോ കൃതികളെ താരതമ്യം ചെയ്ത് അവയിലൊന്ന് മറ്റുള്ളവയെക്കാൾ മികച്ചതാണെന്നു സ്ഥാപിക്കുമ്പോൾ വന്നുപോവാൻ സാധ്യതയുള്ള നല്ല പിഴവിന്റെ പ്രശ്നവും ഉണ്ട്.എല്ലാം ഒഴിവാക്കിയുള്ള സംശുദ്ധമായ അവാര്‍ഡ് നിര്‍ണയം വിഷമംപിടിച്ച പണി തന്നെയാണ്. ഒരു കൃതിക്ക് സാഹിത്യ അക്കാദമിയോ ആളുകൾ ആദരിക്കുന്ന മറ്റേതെങ്കിലും സാംസ്കാരിക സ്ഥാപനമോ അംഗീകാരം നല്കുമ്പോൾ ഒരുകാര്യം മനസ്സിലാക്കാം, ആ കൃതി മാത്രമല്ല അത് എഴുതിയ ആളുടെ മറ്റു സാഹിത്യസംഭാവനകളും അവഗണിക്കാനാവാത്ത തലത്തിലെത്തിയിട്ടുണ്ട് എന്നൊരു പൊതുബോധ്യം രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു.ഇതിനപ്പുറം കടന്ന് അവാര്‍ഡിന്റെ മൂല്യത്തെപ്പറ്റി പറയുന്നതിലും തര്‍ക്കിക്കുന്നതിലും കാര്യമില്ല.


എഴുത്ത് ആത്മാവിന്റെ അന്നമാണെന്ന് എഴുതിയിട്ടുണ്ടല്ലോ. അങ്ങനെ ചിന്തിക്കുന്നത് എന്തുകൊണ്ടാണ് ?


കഴിഞ്ഞ പല ദശകങ്ങളായി എഴുത്ത് എന്റെ ജീവിതത്തിന്റെ സുപ്രധാനമായ ഒരു ഭാഗമാണ്. കൃത്യമായി പറഞ്ഞാൽ ഞാൻ പന്ത്രണ്ട് വയസ്സു മുതൽ എഴുതുന്നുണ്ട്. ആദ്യമാദ്യം കൈയെഴുത്തു മാസികകളിൽ ആയിരുന്നു.എഴുത്തിന് അച്ചടിമഷി പുരളുന്നത് ഞാൻ എട്ടാം ക്ലാസ് (1966)വിദ്യാർഥിയായിരുന്നപ്പോഴാണ്. ഇപ്പോൾ എനിക്ക് 70 വയസ്സായി. എഴുതുന്നതിനെക്കുറിച്ച് തീരെ ആലോചിക്കാതിരുന്ന ദിവസങ്ങൾ ഈ കാലയളവിൽ നന്നേ കുറച്ചേ ഉണ്ടായിട്ടുള്ളൂ.


ഇങ്ങനെയാണെങ്കിലും എഴുത്തുകാരനായത് എങ്ങനെ എന്നു പറയാൻ ബുദ്ധിമുട്ടാണ്. ഞാൻ എഴുതിത്തുടങ്ങുന്ന കാലത്ത് എരിപുരത്തും വെങ്ങരയിലുമൊക്കെ നല്ല വായനക്കാരുടെ ചെറിയ കൂട്ടായ്മകളുണ്ടായിരുന്നു.വെങ്ങരയിലെ കസ്തൂര്‍ബാ ലൈബ്രറിയിൽ ഒന്നാന്തരം പുസ്തകങ്ങളുണ്ടായിരുന്നു. എരിപുരം പബ്ളിക് ലൈബ്രറിയുടെ ആദ്യഘട്ടം ആരംഭിച്ചു കഴിയുകയും ചെയ്തിരുന്നു. പിന്നെ,മാടായി ഹൈസ്കൂളിൽ എം.എച്ച്. കേശവൻ നമ്പൂതിരി എന്ന നല്ല മലയാളം അധ്യാപകനുണ്ടായിരുന്നു. ഞാൻ എഴുതുന്ന കവിത (അന്നൊക്കെ അധികവും എഴുതിക്കൊണ്ടിരുന്നത് കവിതകളാണ്) എവിടെയെങ്കിലും അച്ചടിച്ചുവന്നാൽ അദ്ദേഹം വായിച്ച് കൃത്യമായ അഭിപ്രായം പറയും.എന്നിൽ ആത്മവിശ്വാസം വളര്‍ത്തുന്ന തരത്തിലേ അദ്ദേഹം സംസാരിച്ചിരുന്നുള്ളൂ.


മുകളിൽ പറഞ്ഞതെല്ലാം ബാഹ്യമായ കാരണങ്ങളാണ്. ആന്തരികകാരണങ്ങൾ പലതുണ്ടാവാം. അവ എനിക്ക് കൃത്യമായി ചൂണ്ടിക്കാണിക്കാനാവില്ല. എൽ.പി.സ്കൂൾ വിദ്യാര്‍ത്ഥിയായിരുന്ന കാലംമുതൽ പതിനെട്ടു വയസ്സുവരെ ഞാൻ നിത്യവുമെന്നോണം വീട്ടിൽനിന്ന് കയറിയെത്തിയിരുന്ന മാടായിപ്പാറയും ഏഴിമലയുടെ കാഴ്ചയും അനന്തതയെയും വിശാലതയെയും ഔന്നത്യത്തെപ്പറ്റിയും പറ്റി ഞാനറിയാതെ എന്നിൽ ഉണ്ടാക്കിയ ബോധം തന്ന അനിര്‍വചനീയ വികാരങ്ങളും ആലോചനകളും അവയിൽ പ്രധാനപ്പെട്ടതാണെന്ന് ഇന്നു ഞാൻ മനസ്സിലാക്കുന്നു. എന്തായാലും, ഞാൻ എഴുത്തുകാരനായി.1971-ലെ മാതൃഭൂമി വിഷുപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘ഒറ്റയാന്റെ പാപ്പാൻ’ ആണ് എൻ.പ്രഭാകരൻ എന്ന പേരു വച്ച് ഞാൻ എഴുതിയ ആദ്യകഥ. അതിനുമുമ്പ് എരിപുരം പ്രഭാകരൻ, എൻ.പി.എരിപുരം എന്നീ പേരുകളിലാണ് ഞാൻ എഴുതിയിരുന്നത്.


സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും വിമർശനങ്ങളും എഴുത്തിനെ ബാധിക്കാറുണ്ടോ?


ഉണ്ടെന്ന് പറയാനാവില്ല.അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ നിയന്ത്രണം വേണമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ ഓഡിറ്റിംഗ് കുറ്റമറ്റതോ ശക്തമോ ആയതുകൊണ്ടല്ല. അഭിപ്രായം പറയുന്നവരിൽ കുറേയേറെപ്പേർ ഒരാൾ എഴുതിയിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാനുള്ള ചെറിയ ശ്രമംപോലും നടത്താതെ അത് ചെയ്യുന്നവരാണ്. ഒരാളുടെ പോസ്റ്റിൽ തനിക്ക് കയറി ആക്രമിക്കാനുള്ള സാധ്യത അന്വേഷിക്കാനല്ലാതെ പോസ്റ്റിന്റെ ഉള്ളക്കമോ ഉദ്ദേശ്യമോ മനസ്സിലാക്കാൻ അവർ ശ്രമിക്കില്ല. അവരുടെ ദയനീയത നമ്മൾ വിചാരിച്ചാൽ ഇല്ലാതാക്കാനാവില്ല. അവരെ സംബന്ധിച്ചിടത്തോളം കമന്റ് ചെയ്യുന്നതിലൂടെ കൈവരുന്ന സന്തോഷം മാത്രമാണ് ലക്ഷ്യം. ഇതൊക്കെ നന്നായി അറിയാവുന്നതുകൊണ്ടുതന്നെ ഒരു പോസ്റ്റ് അത്യാവശ്യമാണെന്ന് തോന്നുമ്പോഴേ ഞാൻ അതിനു മുതിരാറുള്ളൂ.


പ്രസാധകരും സംഘടനകളും മറ്റും നേതൃത്വം കൊടുക്കുന്ന സാഹിത്യോത്സവങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്? സാഹിത്യോത്സവങ്ങളിലൊന്നും പൊതുവേ താങ്കളുടെ സാന്നിധ്യം കാണാത്തത് എന്തുകൊണ്ടാണ്?


സാഹിത്യോത്സവങ്ങളിൽ പങ്കെടുക്കുന്നതിലോ വലിയ സദസ്സുകളെ അഭിസംബോധനചെയ്ത് പ്രസംഗിക്കുന്നതിലോ എനിക്ക് താത്പര്യം തോന്നാറില്ല. തീര്‍ത്തും വ്യക്തിപരമായ ഒരു തീര്‍പ്പ് എന്നതില്‍ക്കവിഞ്ഞ് ഇതിന് പ്രാധാന്യമൊന്നും ഇല്ല. അത് നല്ലതോ ചീത്തയോ എന്ന് പരിശോധിക്കേണ്ട ആവശ്യം തന്നെയില്ല. ചെറിയ വായനക്കൂട്ടായ്മകളുടെ ചര്‍ച്ചകൾ, ക്ലാസ്റും സാഹിത്യപരിപാടികൾ,ഒട്ടും ബഹളമില്ലാതെ നടത്തപ്പെടുന്ന പുസ്തകപ്രകാശനങ്ങൾ ഇവയിൽ മാത്രം പങ്കെടുക്കുക എന്ന തീരുമാനത്തിൽ ഞാൻ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഈ തീരുമാനത്തിൽ മാറ്റം വരാനുള്ള സാധ്യത ഇല്ലെന്നു തന്നെ പറയാം. Over Exposure എന്ന ഒരു സംഗതി ഞാൻ ആഗ്രഹിക്കുന്നേയില്ല.


കണ്ണൂർ ജില്ലയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലകളിലും സാഹിത്യ പാഠശാലകളിലും സജീവ സാന്നിധ്യമാണ് എൻ.പ്രഭാകരൻ എന്ന സാഹിത്യകാരൻ. വലിയ സദസ്സുകളിൽനിന്ന് മനപ്പൂർവം മാറി നടക്കുകയും വീട്ടുമുറ്റ ചർച്ചകൾ പോലുള്ള ചെറു സദസ്സുകളോട് ചേർന്നു നില്ക്കുകയും ചെയ്യുന്നതിന്റെ കാരണമെന്താണ്?


കണ്ണൂർ ജില്ലയിലെ ആലക്കോടും മാടായിയിലുമായി ഞാൻ രണ്ട് സാഹിത്യ പാഠശാലകൾ നടത്തിയിരുന്നു. സാഹിത്യത്തിന്റെ പ്രയോജനം,കവിത.കഥ, നാടകം,നോവൽ, ബാലസാഹിത്യം എന്നീ ഗണങ്ങളുടെ ചരിത്രവും ഏറ്റവും അടിസ്ഥാനപരമായ സ്വഭാവവിശേഷങ്ങളും ഉദാഹരണസഹിതം സംഗ്രഹീതരൂപത്തിൽ അവതരിപ്പിക്കുന്ന ഓരോ ക്ലാസ് വീതം, ഒടുവിൽ സാഹിത്യദര്‍ശനത്തിന്റെയും നിരൂപണത്തിന്റെയും സമകാലാവസ്ഥ വ്യക്തമാക്കുന്ന ഒരു ക്ലാസ് അങ്ങനെ മൊത്തം ഏഴ് ക്ലാസ് വീതമാണ് എടുത്തിരുന്നത്. ഓരോ ക്ലാസിനുശേഷവും പഠിതാക്കള്‍ക്ക് ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ ഉന്നയിക്കാനുമായി ഓരോ മണിക്കൂർ വീതം നല്‍കിയിരുന്നു.


ആലക്കോട് ഓരോ ക്ലാസിനും ശരാശരി 60-65 പേരുണ്ടായിരുന്നു. മാടായിയിൽ 30-ൽ കൂടുതൽ ആളുകൾ പല ക്ലാസുകളിലും ഉണ്ടായിരുന്നില്ല. പക്ഷേ, രണ്ടിടത്തും പാഠശാല വളരെ ആവേശകരമായ അനുഭവം തന്നെയായിരുന്നു. കോളേജ് ക്ലാസുകൾ വരെ എത്തിയവരും സ്കൂൾ അധ്യാപകരുമൊക്കെ ക്ലാസിലുണ്ടായിരുന്നു.പക്ഷേ,സാഹിത്യസംബന്ധിയായ അക്കാദമിക് പഠനം കാര്യമായി അവകാശപ്പെടാനില്ലാത്ത സാധാരണക്കാരും അത്രയും തന്നെ ഉണ്ടായിരുന്നു.തങ്ങൾ ചെയ്യുന്ന കൃഷിപ്പണിയോ ചെറുകിട വ്യാപാരമോ മറ്റു തൊഴിലുകളോ ഒന്നുംകൊണ്ട് മാനസികജീവിതത്തിന് പൂര്‍ണത കൈവരുന്നില്ല എന്ന തോന്നൽ ശക്തമായി അനുഭവപ്പെടുന്നവർ തന്നെയായിരുന്നു അവർ.


കോളേജ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികൾ കാണിക്കുന്നതിന്റെ ഇരട്ടിയായിരുന്നു ക്ലാസുകൾ കേള്‍ക്കുന്നതിൽ അവര്‍ക്കുള്ള താല്‍പര്യം.എന്റെ കണ്ണു തുറപ്പിച്ച അനുഭവം തന്നെയായിരുന്നു ഇത്.സാമ്പത്തികമായും തൊഴിൽ പരമായും പല തട്ടുകളിൽ നില്‍ക്കുന്ന കുറെ മനുഷ്യര്‍ക്ക് സാഹിത്യം ഇത്രമേൽ പ്രധാനപ്പെട്ട ഒന്നാണെന്ന് തോന്നുന്നുണ്ട്.ഭാഷയും സാഹിത്യവും ഐച്ഛികമായി എടുത്തു പഠിക്കുന്നവരിൽ വളരെ കുറച്ചു പേര്‍ക്കേ ആ തോന്നലുണ്ടാവുന്നുള്ളൂ.ഇത് എന്തുകൊണ്ട് സംഭവിച്ചു എന്നു പരിശോധിക്കണം.ഈ ദുരവസ്ഥയിൽ നിന്നു പുറത്തു കടക്കാനുള്ള വഴികൾ എത്രയും വേഗം കണ്ടെത്തുകയും വേണം.അധ്യാപക സംഘടനകളുടെ പ്രതിനിധികൾ ,വ്യത്യസ്ത തലങ്ങളിലെ സിലബസ് കമ്മറ്റികൾ,നല്ല ഉത്തരവാദിത്വബോധമുള്ള വിദ്യാര്‍ത്ഥി പ്രതിനിധികൾ,എഴുത്തുകാർ ഇവര്‍ക്കിടയിൽ ഈ പ്രശ്നം സംബന്ധിച്ചുള്ള സ്വതന്ത്രമായ ആശയ വിനിമയം നടന്ന് പാഠ്യപദ്ധതിയും സിലബസ്സും സംബന്ധിച്ച് കൃത്യമായ ഒരു ധാരണയിലെത്തിയാലേ ഇത് സാധ്യമാവൂ.


എഴുത്തിൽ പ്രസാധകരുടെ കൈകടത്തൽ കൂടുന്നുവെന്ന് തോന്നുന്നുണ്ടോ?


വലിയ പ്രസാധകർ മനസ്സു വെച്ചാൽ മികച്ചതല്ലാത്ത ഒരു കൃതിയും ഗംഭീരമാണെന്നും അത് വായിച്ചേ പറ്റൂ എന്നുമുള്ള തോന്നൽ താല്‍ക്കാലികമായി ഉണ്ടാക്കാനാവും. താല്‍ക്കാലികമായി എന്ന വാക്കിന് ഞാൻ അടിവരയിടുന്നു. എന്നാൽ നന്നായി എഴുതപ്പെട്ട ഒരു കൃതി സാവകാശത്തിലാണെങ്കിലും വിപുലമായ ഒരു വായനാസമൂഹത്തിൽ എത്തിക്കൊള്ളും.


മലയാളത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം പ്രസാധകർ സൃഷ്ടിക്കുന്ന എന്തെങ്കിലും അല്ല.വ്യത്യസ്തവും സത്യസന്ധവും മൗലികവുമായ ഉള്‍ക്കാഴ്ചയോടെ കാലത്തെയും ജീവിതത്തെയും സമീപിക്കുന്ന ഒരു കൃതി ആവശ്യപ്പെടുന്ന തരത്തിലുള്ള വായനയ്ക്ക് വേണ്ട ഭാവുകത്വം നേടിയെടുക്കുന്നവരുടെ എണ്ണം നന്നേ കുറഞ്ഞിരിക്കുന്നു എന്നതാണ്.ഈ അവസ്ഥയിൽ കാര്യമായ ഇടപെടൽ സാധിക്കുന്ന നിരൂപണം ഇവിടെ ഉണ്ടാവുന്നതായി കാണുന്നില്ല. നിരൂപകന്മാരിൽ വളരെയേറെപ്പേർ തങ്ങൾ സ്വരൂപിച്ചു വച്ചിരിക്കുന്ന സൈദ്ധാന്തികമായ അറിവിനെ (ഈ അറിവ് വിവേചനശേഷി വലുതായി പ്രയോഗിക്കാതെ സ്വന്തമാക്കിയതാവും) അടിസ്ഥാനമാക്കിയും പുതിയകാലത്തെ ചില വ്യാഖ്യാനപദ്ധതികളെ ആശ്രയിച്ചും തങ്ങളുടെ അഭ്യാസപാടവം പ്രകടിപ്പിക്കാനാണ് ശ്രമിക്കുന്നത്. സാഹിത്യം ഐച്ഛികമായെടുത്തു പഠിക്കുന്ന ബിരുദബിരുദാനന്തര വിദ്യാര്‍ത്ഥികളിൽ പലരും ഇതുകണ്ട് അത്ഭുതപ്പെടും. അതല്ലാതെ എഴുത്തുകാർ ഈ നിരൂപണത്തെ കാര്യമായി എടുക്കില്ല. വായനക്കാരെയും അത് കാര്യമായി സ്പര്‍ശിക്കില്ല.


മാഷുടെ നോവലുകൾ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്.ഈ പരിഭാഷാപ്രക്രിയയിൽ ഏതെങ്കിലും വിധത്തിൽ ഭാഗമായിട്ടുണ്ടോ?


എന്റെ ‘ഒരു മലയാളി ഭ്രാന്തന്റെ ഡയറി’ ഉള്‍പ്പെടെ ഏതാനും ലഘുനോവലുകളും ‘തീയൂർ രേഖകൾ’ എന്ന നോവലും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ജയശ്രീ കളത്തിൽ ആണ്. അവർ ഒരു മികച്ച പരിഭാഷകയാണ്.അതുകൊണ്ടു തന്നെ എനിക്ക് ഇടപെടേണ്ടി വന്നിട്ടില്ല. പരിഭാഷ പുസ്തകരൂപത്തിലാക്കുന്നതിനുവേണ്ടി പ്രസാധകന് അയച്ചകൊടുക്കുന്നതിനുമുമ്പ് അവർ അത് പൂര്‍ണരൂപത്തില്‍ത്തന്നെ എനിക്ക് അയച്ചു തരാറുണ്ട്. വടക്കൻ കേരളത്തിലെ ചില വാക്കുകളും പ്രയോഗങ്ങളും അവര്‍ക്ക് അത്ര പരിചിതമല്ലാത്തതിനാൽ രണ്ടുമൂന്ന് തിരുത്തലുകൾ നിർദേശിച്ച അനുഭവം ഉണ്ട്.അവർ ആ നിർദേശങ്ങൾ സ്വീകരിച്ചിട്ടുമുണ്ട്.


കതിവനൂർ വീരന്റെ കഥയാണ് ‘ഏഴിനും മീതെ’യിൽ വിഷയമാക്കിയത്.അത് ഒന്നുകൂടി വിപുലീകരിച്ച് വലിയ നോവലാക്കുക എന്ന സ്വപ്നത്തെക്കുറിച്ച് താങ്കൾ ഒരിക്കൽ പറഞ്ഞിരുന്നു.ആ സ്വപ്നം ഇപ്പോഴും മനസ്സിൽ ഉണ്ടോ?


ഉണ്ട്.പല തവണ ശ്രമിച്ച് ഏതാനും ചുവടുകൾ വച്ചു ഞാൻ പിന്മാറിയതാണ്. വീരന്റെ കഥ നാം ജീവിക്കുന്ന കാലത്ത് ആവശ്യപ്പെടുന്ന പുതിയ ഒരു ആഖ്യാനശൈലി ഉണ്ടല്ലോ.അതിലേക്ക് ഞാൻ ഇതേവരെ എത്തിച്ചേര്‍ന്നിട്ടില്ല.ഞാൻ അതിന് പാകപ്പെട്ടിട്ടില്ല. അതുതന്നെയാണ് പ്രശ്നം. എഴുത്ത് എഴുതുന്നയാളുടെ സ്വപ്നത്തിനോ തീരുമാനത്തിനു തന്നെയോ പൂര്‍ണമായി വഴങ്ങിത്തരുന്ന ഒരു സംഗതിയല്ല. ‘കാലം എന്നെ ഇതിനായി നിയോഗിച്ചിരിക്കുകയാണ്, ഞാനിത് എത്രയും വേഗം ചെയ്തുതീര്‍ത്തേ പറ്റൂ’ എന്ന് എഴുത്തുകാരന് തോന്നണം.തോന്നൽ എന്നല്ല അതിനെ പറയേണ്ടത്. ഉള്ളിൽ രൂപപ്പെടുന്ന വലിയൊരു തള്ളിച്ച തന്നെയാണത്. (സമ്മർദം എന്ന സാധാരണവാക്ക് ഞാൻ ഒഴിവാക്കുകയാണ്). ആ തള്ളിച്ച യാഥാര്‍ത്ഥ്യമായിത്തീര്‍ന്നാൽ കതിവനൂര്‍വീരനെ എന്‍റേതായ രീതിയിൽ ഞാൻ പുനര്‍ജനിപ്പിക്കും.ഇല്ലെങ്കിൽ അത് സംഭവിക്കാതെ പോയേക്കും.


പ്രാദേശിക ഇതിവൃത്തങ്ങളെ എഴുത്തിൽ വളരെ വ്യത്യസ്തമായി സന്നിവേശിപ്പിച്ച എഴുത്തുകാരനാണ്. ഈ രീതിയിൽ ഫോക് ഇതിവൃത്തങ്ങളോട് താല്‍പര്യം തോന്നാൻ പ്രത്യേകിച്ച് കാരണങ്ങൾ വല്ലതും ഉണ്ടോ?


അപൂര്‍ണമായിരിക്കെത്തന്നെ തെറ്റാവാൻ സാധ്യതയില്ലെന്ന് എനിക്ക് ഉറപ്പുള്ള ഒരുത്തരം ഞാൻ പറയാം. ആധുനികതയുടെ മധ്യാഹ്നസൂര്യൻ ജ്വലിച്ചുനില്ക്കുന്ന കാലത്താണ് എന്റെ എഴുത്ത് അതിന്റെ ബാല്യകാലം പിന്നിട്ടത്. പക്ഷേ, ‘ഒറ്റയാന്റെ പാപ്പാൻ’ എഴുതുമ്പോഴും ഞാൻ ആധുനികതയുടെ ദര്‍ശനം പങ്കുവച്ചിരുന്നില്ല. ആ കഥ അസ്തിത്വവാദത്തിന്റെ പിടിയിൽപെട്ടുപോയ ഒരു കോളെജ് വിദ്യാര്‍ത്ഥിയുടെ രചനയാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. അത് അങ്ങനെയല്ലെന്ന്, അതിലെ കഥാപാത്രത്തിന്റെ മാനസികലോകത്തിന്റെ ചാലകശക്തി അസ്തിത്വവാദമല്ലെന്ന് ‘ഒറ്റയാന്റെ പാപ്പാൻ’ അല്പം മനസ്സിരുത്തി വായിക്കുന്ന ആര്‍ക്കും അനായാസമായി ബോധ്യപ്പെടും. പക്ഷേ, അന്ന് കൗമാരം പിന്നിട്ടു തുടങ്ങിയിരുന്ന ആ കോളേജ് വിദ്യാര്‍ത്ഥി ഒരു ദശകത്തിലധികം കാലം സ്വന്തം എന്ന് ഉറപ്പിച്ചു പറയാനാവുന്ന ഒരു ആഖ്യാനരീതിയിൽ എത്തിച്ചേരാനാവാതെ കുഴങ്ങിക്കൊണ്ടിരുന്നു എന്നത് വാസ്തവം തന്നെയാണ്.