അവിഴ്‌ഞ്ഞോനിലെ സുന്ദരികൾ മുതൽ ഗർണിക്ക വരെ – പൊന്ന്യം ചന്ദ്രൻ

കലാകാരന്മാരെയും കലാപ്രേമികളെയും ഒരുപോലെ സ്വാധീനിച്ചിട്ടുള്ളവയാണ് പാബ്ലോ പിക്കാസോയുടെ രചനകൾ. കാലാതീതമായ രണ്ടു മാസ്റ്റർപീസുകളെആധുനികചിത്രകലയുടെ ഗതി നിർണയിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച  അവിഴഞ്ഞോനിലെ സുന്ദരികളെയും  ഫാസിസത്തിനെതിരെയുള്ള മനുഷ്യനന്മയുടെ പ്രതീകമായ കലാസൃഷ്ടി, ‘ഗർണിക്കയെയും, പിക്കാസോയുടെ  വേർപാടിന്റെ അമ്പതാം വർഷത്തിൽ പരിചയപ്പെടുത്തുകയാണ് ലേഖകൻ.


1873-ൽ ക്ലൗദ് മൊനെ (Claude Monet) ഉൾപ്പെടെയുള്ളവർ തുടങ്ങിവച്ച ഇംപ്രഷണിസ്റ്റ് (Impressionist) കലാപ്രസ്ഥാനം യഥാർഥത്തിൽ, കലയിലെ യഥാതഥ സമീപനത്തോടുള്ള സമരവും വെല്ലുവിളിയും ആയിരുന്നു. ഏറെ വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽത്തന്നെയാണ് ഇംപ്രഷണിസ്റ്റ് കലാപ്രസ്ഥാനത്തിന്റെ ഭാഗമായുള്ള ഒരു ചിത്രപ്രദർശനം പാരീസിൽ നടന്നത്. പ്രകൃതിയിൽ നാം കാണുന്ന എന്തും നിറ,രൂപഭേദങ്ങൾ ഒന്നുംകൂടാതെ കാൻവാസിൽ പുനഃസൃഷ്ടിക്കുന്നത് മികച്ച കലയായി പരിഗണിച്ചിരുന്ന സമീപനത്തോടുള്ള (വളരെ നിശിതമായതെന്നു പറഞ്ഞുകൂടെങ്കിലും ആ നിലയ്ക്കുതന്നയുള്ള) വിയോജിപ്പിന്റെ സ്വരമാണ് ഇംപ്രഷണിസ്റ്റ് പ്രസ്ഥാനക്കാർ മുഴക്കിയത്. എന്നാൽ, ഇതിനെക്കാളെല്ലാം അപ്പുറത്തേക്കുള്ള കടന്നുചാട്ടമാണ് വിഖ്യാതനായ ചിത്രകാരൻ പാബ്ലോ പിക്കാസോ നടത്തിയത്. ഇംപ്രഷണിസ്റ്റ് കാലത്തിന്റെ കലാചിന്തയിലെ ഊർജ്ജം കൂടി കൈമുതലാക്കി കൊണ്ടാണ് മനുഷ്യരൂപ രചനയിൽ വൻ എടുത്തുചാട്ടം പിക്കാസോ നടത്തിയത്.


1906-ന്റെ അവസാനകാലത്ത് വരച്ചുതുടങ്ങി 1907-ൽ പൂർത്തിയാക്കിയ ‘അവിഴ്‌ഞ്ഞോനിലെ സുന്ദരിമാർ’ (Les demoiselles d’avignon) ദ്വിമാന ചിത്രരീതിയുടെ പുതിയ പരികല്പന തന്നെയാണ് കാഴ്ചവയ്ക്കുന്നത്. ക്യൂബിക് രീതിയിൽ എങ്ങനെയാണ് മനുഷ്യരൂപം വരയ്ക്കാനാവുക എന്ന് ലോകത്തിനു കാണിച്ചുകൊടുക്കുക മാത്രമല്ല പിക്കാസോ ചെയ്തത്. ഈ പുതിയ സമീപനത്തിനു നേരെയുള്ള എല്ലാ എതിർപ്പുകളുടെയും മുന ഒടിക്കാൻ കൂടി പാകത്തിൽ ശ്രമം തുടരുകയായിരുന്നു. ഇത് വിജയിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.


ശാസ്ത്ര-സാങ്കേതികരംഗത്ത് ലോകത്ത് വൻ മാറ്റം ഉണ്ടാവുകയും യുദ്ധത്തിന്റെയും ഫാസിസത്തിന്റെതുമായ ദുരമൂത്ത ചിന്തകളിലേക്ക് ലോകമുതലാളിത്തം കൂപ്പുകുത്തുകയും ചെയ്ത പശ്ചാത്തലത്തിൽ, കലാലോകത്തെ സ്വാഭാവികമായ വിപ്ലവം തന്നെയായിരുന്നു ക്യൂബിസം എന്നാണ് പാശ്ചാത്യ കലാനിരൂപകന്മാർ അഭിപ്രായപ്പെട്ടത്. ആധുനികചിത്രകലയുടെ ഗതി നിർണയിക്കുന്നതിൽ അങ്ങനെ ‘അവിഴഞ്ഞോനിലെ സുന്ദരികൾ’ പ്രമുഖ പങ്ക് വഹിക്കുകയുണ്ടായി.


പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ യൂറോപ്യൻ നവോത്ഥാനത്തിന്റെ ഉണർവ് കലാമേഖലയിൽ പ്രകടമായിരുന്നതായി ആ കാലത്തിന്റെ ചിത്ര-ശില്പ ശേഷിപ്പുകൾ നമുക്ക് പറഞ്ഞുതരുന്നുണ്ട്. കണ്ടും അനുഭവിച്ചും കൊണ്ടിരുന്ന ഒരു രീതിയെ പാടെ തകർക്കുകയും പുതിയ രീതികളുടെ സമവാക്യം സമർഥിക്കാനും കഴിയുക എന്നത് പിക്കാസോ എന്ന ചിത്രകാരന്റെ വിജയചിഹ്നം കൂടിയാണ്. ജോൺ ബെർഴെ (John Berger) ഉൾപ്പെടെയുള്ള കലാനിരൂപകന്മാർ ഉയർത്തിക്കൊണ്ടുവരുന്ന വിമർശനം പിക്കാസോയെപോലുള്ള ചിത്രകാരന്മാരുടെ ചിത്രശൈലിയെയായിരുന്നു പ്രധാനമായും ലക്ഷ്യംവച്ചിരുന്നത്. ജോൺ ബെർഴെ പറഞ്ഞിരുന്നത് ”പിക്കാസോ നിലവിലുള്ള സംസ്‌കാരത്തെയാണ് വെല്ലുവിളിക്കുന്നത്. ചിത്രത്തിലെ മനുഷ്യരൂപങ്ങളെ സ്ഥാനഭ്രംശത്തോടെ ചിത്രീകരിക്കുന്നത് ഒട്ടും നീതിമത്കരിക്കാവുന്നതല്ല” എന്നാണ്.


കലാരംഗത്ത് പിക്കാസോ കാണിച്ച വിപ്ലവകരമായ മാറ്റം, രാഷ്ട്രീയമാനമുള്ള ഒരു ചിത്രത്തിന് നിർബന്ധമായും ഉപയോഗിച്ചേ പറ്റൂ എന്ന് അദ്ദേഹം ചിന്തിച്ചത് എന്തുകൊണ്ടും ശരിയാണ്. ക്യൂബിക് രീതിയിലുള്ള ചിത്രങ്ങൾ കലാലോകത്തിന് ആദ്യമായി കാണിച്ചുകൊടുത്തത് പിക്കാസോ ആണെന്നു പറയാനാവില്ല. എന്തുകൊണ്ടെന്നാൽ Still Model Paintings-ൽ മററു ചിലരൊക്കെ ക്യുബിക് രീതിയുടെ പ്രയോക്താക്കളായിട്ടുണ്ട്. എന്നാൽ മനുഷ്യരൂപ രചനയിൽ ആദ്യമായി ഈയൊരു സങ്കേതം പ്രയോഗിക്കാനുള്ള ധീരത കാണിച്ചത് പിക്കാസോ തന്നെയായിരുന്നു. ജോർജ് ബ്രാക്ക് (Georges Braque), ആൻദ്രേ ദെറേൻ (Andres Derain) തുടങ്ങിയ വിമർശകർ ശക്തമായ അഭിപ്രായങ്ങളും ഇത്തരം കലാസങ്കേതങ്ങൾക്കെതിരെ ഉയർത്തിവിട്ടിരുന്നു. ”ടർപ്പന്റയിൻ കുടിച്ച് തീ തുപ്പുന്ന ജോലിയാണ് പിക്കാസോ ചെയ്യുന്നത്” എന്നായിരുന്നു ബ്രാക്കിന്റെ അഭിപ്രായം. ”കലയിൽ ഈ രീതിതന്നെ തുടർന്നാൽ താമസിയാതെ തന്റെ കാൻവാസിനുപിന്നിൽ അദ്ദേഹം തൂങ്ങിമരിക്കും” എന്നാണ് ആൻദ്രേ ദെറേൻ പറഞ്ഞത്. എന്നാൽ ഇത്തരം വിമർശകർക്കടയിൽ അനുകൂല പ്രതികരണവുമായാണ് ഗ്രീൻബെർഗ് രംഗത്ത് വന്നത്. ‘അവിഴ്‌ഞ്ഞോനിലെ സുന്ദരിമാർ’ എന്ന ചിത്രത്തിന്റെ പ്രയോഗരീതിയെ ആണ് അദ്ദേഹം യഥാർഥത്തിൽ പുകഴ്ത്തിയത്. എന്തെന്നാൽ ത്രിമാനസ്വരൂപങ്ങളുടെ മടുപ്പുളവാക്കുന്ന കാഴ്ചകൾക്കിടയിൽ ദ്വിമാനസ്വഭാവത്തിന്റെ സവിശേഷതകൾ തന്നെയായിരുന്നു പിക്കാസോ കാണിച്ചുതന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ സമീപനങ്ങൾ പാരമ്പര്യവാദികൾക്ക് ഇഷ്ടപ്പെടുന്ന കാര്യമായിരുന്നില്ല. ഗ്രീൻബെർഗിന്റെ നിലപാടുകളോട് എല്ലാ അർഥത്തിലും യോജിക്കുന്ന ചിത്രമായിരുന്നു ‘അവിഴ്‌ഞ്ഞോനിലെ സുന്ദരികൾ.’ അഞ്ചു സുന്ദരികളുടെ നഗ്നരൂപങ്ങളായിരുന്നു ചിത്രത്തിന്റെ പ്രമേയം. സ്ത്രീകളോടുള്ള പിക്കാസോവിന്റെ സമീപനമാണ് ചിത്രത്തിലൂടെ പ്രകടമാക്കുന്നത് എന്ന് ഒട്ടേറെ പാശ്ചാത്യ നിരൂപകന്മാർ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ, അങ്ങനെയൊരു നിരൂപണത്തിന്റെ സാധ്യത ചിത്രത്തിന്റെ സൂക്ഷ്മവായന തള്ളിക്കളയുന്നുണ്ട്.


ചിത്രകലയിൽ പിക്കാസോ എന്നും പരീക്ഷണത്തിന്റെ മുഖ്യസ്രോതസ്സായിരുന്നു. പിക്കാസോവിന്റെ ക്യുബിക് ചിത്രരീതി, അദ്ദേഹത്തിന്റെ കിറുക്കുപിടിച്ച മനസ്സാണ് പ്രകടമാക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എല്ലാ വിമർശകന്മാരുടെയും വിമർശനത്തിന്റെ ദിശ മാറ്റാൻ പാകത്തിൽ അതിശക്തമായ മറുപടി നല്കാനും പിക്കാസോവിനു കഴിഞ്ഞു. കലാമേഖലയിൽ അദ്ദേഹം പുലർത്തിപ്പോന്ന പരീക്ഷണരീതി എന്നത് ക്യുബിക് ചിത്രരീതിയുമായി ബന്ധപ്പെട്ടത് മാത്രമല്ല. മാർക്കറ്റിൽ ലഭ്യമാവുന്ന കാൻവാസുകളോട് മാത്രം കലാത്മാകമായി സംവദിക്കുക എന്ന രീതി മാത്രമല്ല തനിക്ക് പഥ്യമെന്ന് അദ്ദേഹം തെളിയിച്ചു. പല ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും വലിയ പായ്ക്കിംഗ് പെട്ടികൾ (കാർഡ് ബോർഡ്) എങ്ങനെയെല്ലാം മികച്ച കലാവസ്തുക്കളാക്കാം എന്നുകൂടി അദ്ദേഹം അന്വേഷിച്ചു. പാരീസിലെ പിക്കാസോ മ്യൂസിയത്തിൽ ഈ നിലയ്ക്കുള്ള നിരവധി കലാവസ്തുക്കൾ ഇപ്പോൾ കാണാനാവും. ചിത്രതലം എന്നത് കാൻവാസ് മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നില്ല അദ്ദേഹം. ലഭ്യമാവുന്ന എന്തിനെയും കലാവസ്തുക്കളാക്കാനുള്ള അന്വേഷണവും രൂപരാഹിത്യങ്ങളിലൂടെയുള്ള ശില്പരചനയും ഒക്കെ പിക്കാസോ നിർവഹിച്ചു.


1944-മുതൽ ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നു പിക്കാസോ. മരണംവരെ വരെ ഈ അംഗത്വം തുടരുകയുമുണ്ടായി. ഫാസിസവും സാമ്രാജ്യത്വവും മനുഷ്യകുലത്തിന്റെ നിലനില്പിനുനേരെ ഭീഷണി ഉയർത്തുമ്പോൾ എങ്ങനെ പ്രതികരിക്കാതിരിക്കും എന്നാണ് പിക്കാസോ ചിന്തിക്കുന്നത്. എവിടെ മനുഷ്യൻ വേദനിക്കുന്നു, അവിടെയെല്ലാം കമ്മ്യൂണിസത്തിന്റെ സാന്ത്വനസ്പർശം ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം വിട്ടുവീഴ്ച കൂടാതെ പറഞ്ഞത്; ”മരണം വരെ ഞാൻ കമ്മ്യൂണിസ്റ്റായിരിക്കും. എന്തുകൊണ്ടെന്നാൽ ലോകത്ത് മനുഷ്യർക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നവർ അവരാണ്.”


ലോകരാഷ്ട്രീയത്തിൽ വൻ സംഭവഗതികളുടെ അരങ്ങേറ്റങ്ങളായി രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്താണ് സ്പാനിഷ് നഗരമായ ഗർണിക്കയിൽ ജർമൻ പട്ടാളം ബോംബ് വർഷിച്ചത്. 1936 ഏപ്രിൽ 26-ന് നടന്ന ഈ മനുഷ്യത്വരഹിതമായ ആക്രമണത്തിന് നേതൃത്വം നല്കിയതും മനുഷ്യർ തന്നെയാണ്. 22 ടൺ ബോംബ്, തിരക്കേറിയ ചന്തദിനത്തിൽ പ്രയോഗിക്കുമ്പോൾ ബോംബ് വർഷിക്കുന്നവരുടെ ലക്ഷ്യം, പരമാവധി പേർക്ക് ജീവിതം നഷ്ടമാക്കുക എന്നതുതന്നെയായിരുന്നു. ഇങ്ങനെയൊരു പീഡനം ഏറ്റുവാങ്ങേണ്ടിവന്ന ജനതയുടെകൂടെ മാത്രമേ പിക്കാസോവിന് കലാവിചാരം ചേർത്തുവയ്ക്കാനാവൂ. ഗർണിക്കയിലെ ബോംബാക്രമണവാർത്ത അറിഞ്ഞതുമുതൽ തുടങ്ങിയ ചിത്രരചന 1937-ൽ പൂർത്തിയാക്കുകയും അതേവർഷം പാരീസിൽ നടന്ന ലോക കലാപ്രദർശനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.


ലോകത്ത് അതീവ സുരക്ഷയോടെ സംരക്ഷിക്കുന്ന രണ്ട് ചിത്രങ്ങളാണ് ഇന്ന് കാണാൻ കഴിയുന്നത്. അതിലൊന്ന് പാരീസിലെ ലൂവ്‌റ് (Louvre) മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസ ആണ്. രണ്ടാമത്തേത് സ്‌പെയിനിലെ മാഡ്രിഡിൽ പ്രാദോ ഗാലറിയിൽ പ്രദർശിപ്പിക്കുന്ന ഗർണിക്ക ആണ്. വലിയ സുരക്ഷാ സംവിധാനം കടന്നുമാത്രമേ പ്രസ്തുതചിത്രങ്ങളുടെ കാഴ്ച സാധ്യമാവുകയുള്ളൂ. പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഒരു ബൾബിനു പൊട്ടാനിരിക്കുന്ന ബോംബിന്റെ ഭീതിത അന്തരീക്ഷം അനുഭവിപ്പിക്കാൻ ഗർണിക്കയിൽ കഴിയുന്നുണ്ട്. യഥാർഥത്തിൽ ഗർണിക്കയുടെ രൂപഘടനകൾ, മനുഷ്യരൂപങ്ങളുടെ ശിഥിലമാക്കപ്പെട്ട കാഴ്ചകൾതന്നെയാണ്. ഇത് ചിതറിയ മട്ടിൽ ചിത്രത്തിൽ ഒരുക്കുന്നുണ്ട്. നന്മയുടെ എല്ലാ ഫലങ്ങളും ചവിട്ടിമെതിച്ച് കിതച്ചെത്തിയ കാളക്കൂറ്റൻ പിന്നെയും എങ്ങോട്ടേക്കോ ലക്ഷ്യമിടുന്നതുപോലെ, ഛേദിക്കപ്പെട്ട ഉടലുമായി തന്നെയാണുള്ളത്. ഇങ്ങനെ മനുഷ്യനും മൃഗങ്ങൾക്കും എല്ലാം ശരീരാവയവങ്ങളുടെ അപൂർണത പ്രകടിപ്പിച്ചുകൊണ്ടാണ് ചിത്രം പൂർത്തിയാക്കുന്നത്. കൊളാഷ് ചിത്രരീതിയുടെ പുതിയ പ്രയോഗതലംപോലെ രൂപവിതാനങ്ങൾ ഈ ചിത്രത്തിലും ഉപയോഗിച്ചതായി കാണാം. നാശോന്മുഖമായ ഒരവസ്ഥയുടെ ഇരുണ്ട ഗർത്തങ്ങളിൽനിന്നു തെളിഞ്ഞുവരുന്ന രൂപങ്ങളായാണ് ഓരോ ചിത്രവും ഇതിൽ അടയാളപ്പെടുത്തുന്നത്. വളരെ നേർത്ത ചന്ദനനിറം വെളുപ്പിന് തുല്യമായ പ്രതീതി ഉണർത്തുകയും പ്രൗഢികുറയാതെ ചിത്രത്തിലാകമാനം നിറയുന്നുമുണ്ട്. കറുപ്പിന്റെ ഭിന്ന നിറസ്ഥായികളാണ് വിവിധ രൂപങ്ങൾക്ക് ചാർത്തുന്നത്. ഒരു ദുരന്തത്തിന്റെ ഏറ്റവും പ്രാധാന്യം അടയാളപ്പെടുത്തുന്ന നൊമ്പരം, മരിച്ചുവീണവരെക്കാളും വേദന അനുഭവിച്ച് ജീവിക്കുന്നവരുടേതാണ്. ഈ അർഥത്തിൽ പരിശോധിക്കുമ്പോൾ രണ്ടറ്റങ്ങളിലുമായി ഇത്തരം ദൃശ്യങ്ങളുടെ ശക്തമായ സാന്നിധ്യം കാണാം. ഇടതുഭാഗത്തായി ബോംബാക്രമണത്തിൽ മരിച്ചുപോയ ഒരു കുഞ്ഞിന്റെ ജഡവും കൈയിലേന്തി ഒരമ്മ ഉയർത്തുന്ന നിലവിളി ഏതു കാഴ്ചക്കാരനെയാണ് ചിന്തിപ്പിക്കാത്തത്. അവരുടെ മുഖത്തിനടുത്തുതന്നെ കാളക്കൂറ്റന്റെ, എന്തിനും തയാറായുള്ള നില്പ് ഭീഷണമായ നിലയിൽത്തന്നെയുണ്ട്. ഏറ്റവും വലതുഭാഗത്താവട്ടെ അഗാധഗർത്തത്തിലേക്ക് പതിക്കുന്ന ഒരു പുരുഷന്റെ വിലാപം ഇരുകൈ ഉയർത്തി പ്രകടിപ്പിക്കുമ്പോൾ കൂറ്റൻ കാൻവാസിൽ പ്രകടിപ്പിക്കാൻ സാധിക്കുന്നത് ചിത്രസന്തുലനം മാത്രമല്ല, നിലവിളിയുടെ ശബ്ദസന്തുലനം കൂടിയാണ്. കീഴെ മരിച്ചുവീണവന്റെ കൈയിൽനിന്നു ഒരു ചെറിയ ഒലിവ് ചെടി മുളച്ചുതുടങ്ങുന്നത് പ്രത്യാശയുടെ പ്രതീകം തന്നെയായി ചിത്രീകരിക്കുകയാണ്. മുകളിൽ പ്രകാശിക്കുന്ന ബൾബിനു തൊട്ടടുത്തായി കുതിരയുടെ വാ പിളർത്തി നിൽക്കുന്ന ഭാവം ചിത്രത്തിന്റെ പൊതുസ്വഭാവത്തിനുമേൽതന്നെ കനത്ത മട്ടിലുള്ള തിമിർത്താടലിന്റെ ആധിപത്യം ചെലുത്തുന്നുണ്ട്. മറ്റു ഭാഗങ്ങളിൽ നിറഞ്ഞുനില്ക്കുന്ന അപായത്തിൽപ്പെട്ട ശരീരഭാഗങ്ങളുടെയും കരച്ചിലിന്റെയും എല്ലാം ചേർന്ന ചിത്രസ്വഭാവത്തെതന്നെ അട്ടിമറിക്കുന്നത് ഒരുപക്ഷേ, ഈ രൂപം തന്നെയാണ്.


ചിത്രത്തിൽ നിറങ്ങളുടെ പ്രയോഗങ്ങൾ മാത്രമല്ലാതെയും രേഖാവിതാനങ്ങളുടെ ചേർച്ചകളും ഏറെ ഭാഗങ്ങളിൽ നിറച്ചുവയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ മധ്യഭാഗത്തുതന്നെയായി ഒരു ജനൽപ്പാളിയിലൂടെ നീണ്ടുവരുന്ന കൈയിൽ മുറുകെപിടിച്ചിരുക്കുന്ന കുപ്പിവിളക്കിന്റെ ചിത്രവും ഇരുണ്ട ഭൂമുഖത്ത് സാന്ത്വന സ്പർശംപോലെതന്നെ രേഖപ്പെടുത്തുന്നു. ചിത്രത്തിലെ പശ്ചാത്തലനിറങ്ങളായി എല്ലാം ഒരേ പ്രതലത്തിലുള്ള നിറതേപ്പുകളായല്ല കാണാവുന്നത്. ചാരനിറത്തിൽനിന്നു കറുപ്പിലേക്കുള്ള ഭിന്ന ടോണുകളായി തന്നെ അത് ചേർത്തിടുന്നു. അതിനെ ഉന്നതരൂപമായി കറുപ്പും ആവശ്യാനുസരണം ചേർത്തുവയ്ക്കുമ്പോൾ ചിത്രത്തിലെ വിവിധ ഭാഗങ്ങളിലുള്ള വെളുപ്പ് രൂപങ്ങളുടെ കേവല നിറം മാത്രമായല്ല പ്രത്യാശയുടെ വെൺവെട്ടമായി തന്നെയാണ് മാറുന്നത്. ഒരു ചിത്രതലത്തിൽ എങ്ങനെ കാഴ്ചയെ എല്ലാ ഭാഗങ്ങളിലേക്കും ഒരേ പ്രാധാന്യത്തോടെ എത്തിക്കാനാവുന്നു എന്നുകൂടി ഗർണിക്ക കാണിച്ചുതരുന്നു.


ഫാസിസത്തിന്റെ തത്ത്വശാസ്ത്രം എല്ലാ നിയാമകരീതികളെയും ഒരു മുന്നറിയിപ്പുംകൂടാതെ വെല്ലുവിളിക്കുകയാണ് ചരിത്രത്തിൽ ചെയ്തുപോന്നത്. ക്യുബിക്ക് ചിത്രരീതിയിലുള്ള മനുഷ്യരൂപ ക്രമീകരണത്തിലെ ഏറ്റവും മികച്ച ചിത്രമായി ഗർണിക്ക മാറുമ്പോൾ യുദ്ധതന്ത്രങ്ങൾക്കെതിരായി മനുഷ്യനന്മയുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന കലാസൃഷ്ടിയായി കാലമുള്ള കാലത്തോളം ഗർണിക്ക ഉണ്ടാവും പാബ്ലോ പിക്കാസോ എന്ന പേരിനൊപ്പം.