ചാന്ദ്രസൂര്യ വിജയങ്ങൾ – ഡോ. സി.പി. ഗിരിജവല്ലഭൻ

സൂര്യചന്ദ്രനക്ഷത്രാദികൾ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന ഒരിടമെന്നതിൽക്കവിഞ്ഞ് ശൂന്യകാശത്തിന് മനുഷ്യചരിത്രത്തിൽ വലിയ പ്രാധാന്യമൊന്നും ഒരു നൂറുകൊല്ലം മുമ്പുവരെ ഉണ്ടായിരുന്നില്ല. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദമായപ്പോഴെക്കും സ്ഥിതിഗതികൾ അപ്പാടെ മാറി. ശൂന്യാകാശം മനുഷ്യന്റെ മറ്റൊരു പ്രവർത്തനമേഖലയായി വളർന്നു വികസിച്ചു. വ്യാവസായികവും തന്ത്രപ്രധാനവുമായ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിലുപരി ഭൂമിക്കുപുറത്ത് അന്യഗ്രഹങ്ങളിൽ അധിനിവേശം നടത്തി പുതിയ ആവാസകേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഇന്ന് മനുഷ്യവർഗം. മദ്ധ്യകാലഘട്ടങ്ങളിലെ സമുദ്രപര്യവേക്ഷണങ്ങൾ അജ്ഞാതതീരങ്ങൾ തേടിയുള്ള സാഹസികയാത്രകളായാണ് നാം സാധാരണ വിലയിരുത്താറ്. എന്നാൽ, ശൂന്യാകാശ പര്യവേക്ഷണങ്ങൾക്ക് സാഹസികതയും ധൈര്യവും അത്യന്താപേക്ഷിതമാണെന്നതിനു പുറമെ കൃത്യതയാർന്ന ആസൂത്രണവും ഉയർന്നതലത്തിലുള്ള ശാസ്ത്രീയമുന്നേറ്റവും കൂടിയേതീരു. ഈ ദിശയിൽ അമേരിക്ക, റഷ്യ, ചൈന എന്നീ വികസിത രാജ്യങ്ങൾക്കൊപ്പം ഭാരതം നടത്തിയ പരിശ്രമങ്ങൾ അസൂയാർഹമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. ഈ ആഗസ്റ്റ് 23-ന് നടത്തിയ ചന്ദ്രയാൻ-3ന്റെ ചന്ദ്രോപരിതലത്തിലെ മൃദുലാൻഡിങ്, സെപ്റ്റംബർ2-ന് നടത്തിയ ആദിത്യ-എൽ1-ന്റെ വിജയകരമായ വിക്ഷേപണം എന്നിവ ഈ അവസരത്തിൽ പ്രത്യേകം ശ്രദ്ധ അർഹിക്കുന്ന നേട്ടങ്ങളാണ്.


ഒന്നാം ശൂന്യാകാശയുഗത്തിൽ അമേരിക്ക, റഷ്യ (സോവിയറ്റ് റഷ്യ) എന്നീ രണ്ടുപങ്കാളികൾ മാത്രം ഉണ്ടായിരുന്നുള്ളൂവെങ്കിൽ ‘സ്‌പേസ് ഏജ് 2.0’ യിൽ കൂടുതൽ മത്സരാർഥികൾ ഉണ്ടെന്നുള്ളതാണ് ഒരു വ്യത്യാസം. ചൈനയും ഇന്ത്യയുമാണ് ഇപ്പോൾ ഈ രംഗത്തുള്ള രണ്ടു പ്രമുഖർ. യൂറോപ്യൻ സ്‌പേസ് ഏജൻസിയും ജപ്പാനും വലിയ സ്‌പേസ് പദ്ധതികളുള്ള രാജ്യമാണ്. മിക്ക ചെറുരാജ്യങ്ങൾക്കും വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ ആവശ്യമുണ്ട്. സൗദി അറേബ്യ, യു.എ.ഇ. തുടങ്ങിയ അറബ് രാജ്യങ്ങൾ അസ്‌ട്രോണോട്ടുകളെ ശൂന്യാകാശത്തിലേക്കയയ്ക്കാനുള്ള പദ്ധതികളിൽ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. രാഷ്ട്രങ്ങൾക്കു പുറമെ സ്വകാര്യവ്യക്തികളും കമ്പനികളും കൂടി ശൂന്യാകാശ സംരംഭകരായി മുന്നോട്ടുവന്നിട്ടുണ്ടെന്നത് തികച്ചും സ്വാഗതാർഹമായ കാര്യമാണ്. ഇലോൺ മസ്‌കിന്റെ സ്‌പേസ്-എക്‌സ് എന്ന കമ്പനിയാണ് ഇത്തരുണത്തിൽ ഏറ്റവും ശ്രദ്ധേയമായത്. 1972-ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം ചന്ദ്രനിൽ മനുഷ്യസാന്നിധ്യം ഉറപ്പുവരുത്തുന്ന ഒന്നാണ് ആർട്ടെമിസ് (2) ദൗത്യം. ആദ്യമായി ഒരു വനിതയും വെള്ളക്കാരനല്ലാത്ത ഒരു വ്യക്തിയും ഈ പരിപാടിയിൽ ചന്ദ്രനിലെത്തുന്നതായിരിക്കും. നാസക്കു പുറമെ സ്വകാര്യ ഏജൻസികളും ഇന്ത്യയടക്കമുള്ള രാജ്യങ്ങളും ആർട്ടെമിസ് പദ്ധതിയിൽ പങ്കാളികളാണ്. ചന്ദ്രനിൽ ദീർഘകാലം മനുഷ്യസാന്നിധ്യം ഇതുമൂലം ഉണ്ടാകാനിടയുണ്ട്.


ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യത്തിനിടയിൽ അതിനോട് മത്സരിക്കാനെന്ന മട്ടിലാണ് റഷ്യ ലൂണ 25 എന്ന ചന്ദ്രപേടകം വിക്ഷേപിച്ചത്. എന്നാൽ ലൂണ 25 ലാൻഡർ ചന്ദ്രനിലിടിച്ച് തകർന്നതോടെ ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ചന്ദ്രയാൻ-3 ന്റെ നേർക്ക് തിരിഞ്ഞു. പിഴവില്ലാത്ത കുറ്റമറ്റ സ്വപ്‌നസമാനമായ ഒരു മൃദു ലാൻഡിങ്ങാണ് ആഗസ്റ്റ് 23-ന് ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ ലാൻഡർ നടത്തിയത്. വിക്രം എന്ന ലാൻഡറും അതു തുറന്നു പുറത്തുവന്ന് ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചരിക്കാൻ കഴിവുള്ള പ്രഗ്യാൻ എന്ന വാഹനവും പിഴവുകൾ ഏതും കൂടാതെ പ്രവർത്തിച്ചു. ഇവയെ വഹിച്ചിരുന്ന പ്രൊപൽഷൻ മോഡ്യൂൾ ഇപ്പോഴും ചന്ദ്രമണ്ഡലത്തെ ചുറ്റിക്കൊണ്ടിരിക്കുന്നു. വിവരകൈമാറ്റങ്ങൾക്ക് ഈ പ്രൊപൽഷൻ മൊഡ്യൂളിന് പുറമെ ഇപ്പോഴും പ്രവർത്തനസജ്ജമായി ചന്ദ്രനെ ചുറ്റുന്ന ചന്ദ്രയാൻ 2-ന്റെ ഓർബിറ്ററിനെയും ഉപയോഗപ്പെടുത്താം. ആഗസ്റ്റ് 23-ന് യു.എസിനും റഷ്യക്കും ചൈനയ്ക്കും പുറമെ ചന്ദ്രനിൽ മൃദുലാൻഡിങ് നടത്തിയ ലോകത്തെ നാലാമത്തെ രാജ്യമായിത്തീർന്നു ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകമിറക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമെന്ന ബഹുമതിയും ഇന്ത്യക്ക് സ്വന്തമായി. വിക്രം ലാൻഡറും പ്രഗ്യാൻ പരിവേക്ഷണ വാഹനവും 14 ദിവസംകൊണ്ട് വിലപ്പെട്ട ഒട്ടേറെ വിവരങ്ങളാണ് ബംഗളൂരുവിലെ മിഷൻ കൺട്രോൾ സെന്ററിലേക്ക് കൈമാറിയത്. വിക്രമിലെയും പ്രഗ്യാനിലെയും ശാസ്ത്രീയോപകരണങ്ങളെല്ലാം കുറ്റമറ്റരീതിയിൽ പ്രവർത്തിച്ചു എന്നു കാണുന്നത് ഇസ്രോ ശാസ്ത്രജ്ഞർക്ക് അഭിമാനിക്കാൻ വക നല്കുന്ന കാര്യമാണ്. 14 ദിവസത്തെ പ്രവർത്തനങ്ങൾക്കുശേഷം ചാന്ദ്രരാത്രിക്കുമുമ്പ് അവയെ ഉറക്കിക്കിടത്തുകയാണ് ശാസ്ത്രജ്ഞർ ചെയ്തിരിക്കുന്നത്. സൂര്യനില്ലാത്ത സമയത്ത് സോളാർപാനലുകൾ പ്രവർത്തിക്കാത്തതുകൊണ്ട് വൈദ്യുതി ലാഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. അവിടത്തെ അടുത്ത സൂര്യോദയത്തിൽ (സെപ്റ്റംബർ 22) അവ വീണ്ടും ഉണർത്തെഴുന്നേറ്റു പ്രവർത്തനനിരതമാകുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. ഇതിനായി ചാന്ദ്രരാത്രിയിലെ കടുത്ത തണുപ്പിനെ (-150 ഡിഗ്രി സെൽഷ്യസ്) അവ അതിജീവിക്കേണ്ടതുണ്ട്.


ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ വിക്രമിന്റെയും പ്രഗ്യാനിന്റെയും ശാസ്ത്രീയോപകരണങ്ങളിൽനിന്നു ലഭിച്ച വിവരങ്ങൾ ശാസ്ത്രജ്ഞരെ ഉത്സാഹഭരിതരാക്കിയിട്ടുണ്ട്. ചന്ദ്രോപരിതലത്തിനു ചുറ്റുമുള്ള അയണോസ്ഫിയറിന്റെ സാന്ദ്രതകളും താപനിലയുമാണ് വിക്രം ആദ്യംതന്നെ അളന്നത്. ഉപരിതലത്തിൽനിന്നു 100 കി.മീറ്ററോളം വ്യാപിച്ചിട്ടുള്ള ഈ ഭാഗത്ത് അയണുകളുടെയും ഇലക്‌ട്രോണുകളുടെയും ഒരു നേർത്ത മിശ്രണമാണുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു ഘനസെന്റിമീറ്ററിൽ അഞ്ചുമുതൽ 30 ദശലക്ഷം ഇലക്‌ട്രോണുകൾ ഉണ്ടെന്നും അത് ചന്ദ്രനിലെ പകലിന്റെ പുരോഗതിയനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നുണ്ടെന്നും കാണുന്നു. ഭാവിയിൽ ചന്ദ്രനിലേക്കുള്ള വാർത്താവിനിമയത്തിന് ഈ വിവരങ്ങൾ അത്യന്താപേക്ഷിതങ്ങളാണ്. ചന്ദ്രന്റെ മണ്ണിനെക്കുറിച്ചും വിലപ്പെട്ട വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്. കീഴോട്ടുപോകുംതോറും ഈ മണ്ണിന്റെ താപനില കുത്തനെ കുറയുന്നതായിട്ടാണ് കണ്ടത്. ഉപരിതലത്തിൽനിന്ന് 8 സെ.മീ. താഴെ താപനില 60 ഡിഗ്രി സെൽഷ്യസിനു അടുത്ത് കുറയുന്നതായിട്ട് കണ്ടെത്തിയിട്ടുണ്ട്. അതായത് ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ താപചാലകത്വം തീരെ കുറഞ്ഞിരിക്കുന്നു എന്നാണിതിന്റെ അർത്ഥം. കൂടുതൽ താഴോട്ട് ചെന്നാൽ ഇത് -80 ഡിഗ്രി സെൽഷ്യസിൽ സ്ഥിരമായി നില്ക്കാനാണ് സാധ്യത എന്ന് കോളറാഡോ യൂണിവേഴ്‌സിറ്റിയിലെ ഗോളാന്തര ശാസ്ത്രജ്ഞൻ പോൾ ഹെയ്ൽസ് പറയുന്നു. ഭാവിയിൽ ഉണ്ടായേക്കാവുന്ന ചന്ദ്രനിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ഈ വിവരങ്ങൾ വളരെ സഹായകരമാണ്.


ലാൻഡറിലുള്ള സീസ്‌മോഗ്രാഫ് എന്ന ഉപകരണം ചന്ദ്രനിൽ നാലു സെക്കന്റുകൾക്ക് അടുത്തുവരുന്ന ചെറിയ പ്രകമ്പനങ്ങൾ രേഖപ്പെടുത്തിയെന്നത് വളരെ കൗതുകകരമായ കാര്യമാണ്. ഇവ ഭൂകമ്പങ്ങൾപോലുള്ള പ്രതിഭാസങ്ങൾ ആകാനിടയില്ല എന്നാണ് വിദഗ്ധാഭിപ്രായം. ഇത്തരം വിറയലുകൾ, ചെറിയ ഉൽക്കകൾ ചന്ദ്രോപരിതലത്തിൽ പതിക്കുമ്പോൾ ഉളവാകുന്ന പ്രകമ്പനങ്ങൾ ആകാനാണ് കൂടുതൽ സാധ്യത.


ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ അലുമിനിയം, സിലക്കോൺ, കാത്സ്യം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങൾക്കു പുറമെ ധാരാളമായി സൾഫർ കൂടിയുണ്ടെന്ന് സ്‌പെക്‌ടോസ്‌ക്കോപ്പിക് നിരീക്ഷണങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. ലേസർ ബ്രേക്ഡൗൺ സ്‌പെക്‌ടോസ്‌ക്കോപ്പിയെന്ന പദ്ധതിയാണ് അവർ ഇതിനായി സ്വീകരിച്ചത്. ഇവയുടെ കൃത്യമായ അളവുകൾ ചന്ദ്രഗോളത്തിന്റെ രൂപവത്കരണത്തെയും അതിന്റെ കോടിക്കണക്കിന് വർഷങ്ങൾ കൊണ്ടുള്ള പരിണാമത്തെയും കുറിച്ചു വ്യക്തമായ ചിത്രങ്ങൾ നല്കുമെന്നതിൽ സംശയമില്ല.  ഏതു നിലയ്ക്കു നോക്കിയാലും ചന്ദ്രയാൻ-3 ഇന്ത്യയുടെ യശസ്സുയർത്തിയെന്ന കാര്യത്തിൽ തർക്കമില്ല. ഇന്ത്യൻ സ്‌പേസ് സംരംഭങ്ങളുടെ ചെലവ് മറ്റു വൻശക്തികളുടെ പദ്ധതി ചെലവിനേക്കാൾ വളരെ കുറവാണ്. ഉദ്ദേശം 600 കോടി രൂപ മാത്രമാണ് ചന്ദ്രയാൻ-3-ന്റെ ചെലവ്; ഒരു ഹോളിവുഡ് സിനിമ നിർമിക്കുന്നതിന് വേണ്ടതിനെക്കാൾ കുറവ്. വാണിജ്യപരമായി ഇത് ഇന്ത്യയ്ക്ക് വളരെയധികം ഗുണം ചെയ്യുമെന്നതിൽ സംശയം വേണ്ട. ഇപ്പോൾ സിംഗപ്പൂർപോലുള്ള ചെറിയ രാജ്യങ്ങളെല്ലാം അവരുടെ ഉപഗ്രഹവിക്ഷേപങ്ങൾക്ക് ഇന്ത്യയെയാണ് ആശ്രയിക്കുന്നത്. ശൂന്യാകാശ പ്രവർത്തനങ്ങൾ എങ്ങനെ ലാഭകരമായ വ്യവസായ സംരംഭങ്ങളാക്കിത്തീർക്കാമെന്ന് ഇന്ത്യ വിജയകരമായി തെളിയിച്ചു കഴിഞ്ഞു. ഭാരതസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആൻഡ്രിക്‌സ് കോർപറേഷൻ 2024 ആകുമ്പോഴേക്കും 500 കോടി ഡോളറിന്റെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.


ഭൂമിയും നാമുൾപ്പെടെ അതിലെ ജീവജാലങ്ങളും പ്രകൃതിയും കാലാവസ്ഥയും അതിന്റെയെല്ലാം നിലനില്പും ഒക്കെ സൂര്യനുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ചത്തിൽ സൂര്യനുള്ള സ്ഥാനം മനുഷ്യൻ പുരാതനകാലം മുതൽക്കെ മനസ്സിലാക്കിയതിന്റെ ഫലമായിട്ടായിരിക്കും എല്ലാം സംസ്‌ക്കാരങ്ങളിലും  സൂര്യാരാധന അനുഷ്ഠാനങ്ങളുടെ ഒരു ഭാഗമായത്. ഭാരതീയ പുരാണങ്ങളെല്ലാം സൂര്യനെ കാണപ്പെട്ട ദൈവമായി കരുതുന്നു. കൊനാർക്കിലെ സൂര്യക്ഷേത്രം പ്രസിദ്ധമാണല്ലൊ. (ജി-20 ഉച്ചകോടിയുടെ പശ്ചാത്തല ചിത്രം ഈ സൂര്യരഥ ചക്രമായിരുന്നുവെന്നത് തീരെ യാദൃശ്ചികമല്ല). സൂര്യ നിരീക്ഷണോപഗ്രഹമായ  ആദിത്യ-എൽ1 നിക്ഷേപിക്കാൻ തിരഞ്ഞെടുത്ത സമയവും ശ്രദ്ധേയം തന്നെ.


‘വിശ്വസൃഷ്ടി,സ്ഥിതി,സംഹാരകാരക’നായ സൂര്യനെ അടുത്തറിയാനുള്ള ശ്രമങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആയിരക്കണക്കിന് കൊല്ലങ്ങൾക്കുമുമ്പുതന്നെ സൂര്യഗ്രഹണങ്ങൾപോലുള്ള പ്രതിഭാസങ്ങൾ നമ്മുടെ പൂർവികർ കൃത്യമായി ഗണിച്ചെടുത്തിരുന്നു. സൂര്യമണ്ഡലത്തിലെ കറുത്തപാടുകളെ ഗലീലിയോ ഗലീലിയാണ് ആദ്യമായി കണ്ടെത്തുന്നത്. എ.ഡി 1600 കാലഘട്ടത്തിൽ സൂര്യനിലെ ഈ കറുത്ത പൊട്ടുകളെ നിരീക്ഷിച്ച്, സൂര്യൻ അതിന്റെ സ്വന്തം അച്ചുതണ്ടിൽ സ്വയം ഭ്രമണം നടത്തുന്നുണ്ടെന്ന് ഗലീലിയോ കണ്ടെത്തി. ഇതൊരു സമ്പൂർണ ഖരഗോളത്തിന്റെ ഭ്രമണത്തിൽനിന്നു ശകലം വ്യത്യസ്തമാണ്. ഈ ഭ്രമണത്തിന്റെ അച്ചുതണ്ടാവട്ടെ ഭൂമി സൂര്യനെ ചുറ്റുമ്പോഴുണ്ടാകുന്ന പ്രതലത്തിൽ നിന്ന് ലംബമായിട്ടല്ല, പ്രത്യുത 6.25 ഡിഗ്രി ചെരിഞ്ഞിട്ടാണ് സ്ഥിതിചെയ്യുന്നത്. തന്മൂലം സെപ്റ്റംബർ മാസത്തിൽ സൂര്യന്റെ ഉത്തരധ്രവവും മാർച്ചിൽ സൂര്യന്റെ ദക്ഷിണധ്രുവവും നാം കൂടുതലായിട്ട് കാണും.


സൂര്യനെ ശാസ്ത്രീയമായി നിരീക്ഷിക്കുന്ന കാര്യത്തിൽ (ബ്രിട്ടീഷ്) ഇന്ത്യയ്ക്ക് അഭിമാനകരമായൊരു ചരിത്രമുണ്ട്. 1899-ലാണ് കൊടൈക്കനാലിലെ വാനനിരീക്ഷണകേന്ദ്രം നിലവിൽവന്നത്. സൂര്യനെക്കുറിച്ചുള്ള നിരീക്ഷണപഠനങ്ങൾക്കായിരുന്നു അവിടെ മുൻതൂക്കം കൊടുത്തിരുന്നത്. 1909-ൽ അന്നത്തെ അതിന്റെ ഡയറക്ടറായിരുന്ന ജോൺ എവർഷെഡ് സുപ്രധാനമായൊരു കണ്ടുപിടിത്തം നടത്തി. സൂര്യന്റെ ഉപരിതലത്തിൽനിന്നു പ്രതലത്തിനു ലംബമായി റേഡിയൽ ദിശയിൽ ശക്തമായ വാതകപ്രവാഹം സംഭവിക്കുന്നു എന്ന് അദ്ദേഹം തെളിയിച്ചു. സൂര്യന്റെ ഉജ്ജ്വലമായ വൃത്തത്തെ (കൊറോണയെ) പൂർണമായും മറയ്ക്കുന്ന കൊറോണോ ഗ്രാഫ് എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് എവർഷെഡ് ഈ സുപ്രധാനമായ നിരീക്ഷണം നടത്തിയത്. എവർഷെഡ് ഇഫക്റ്റ് എന്ന പേരിൽ ഈ പ്രതിഭാസം പിന്നീട് പ്രസിദ്ധമായിത്തീർന്നു.


നാം സൂര്യനിൽനിന്ന് 15 കോടി കിലോമീറ്റർ ദൂരെയാണ് സ്ഥിതിചെയ്യുന്നതെങ്കിലും അതിന്റെ ഗുരുത്വാകർഷണം, പ്രകാശവലയം, കണികാപ്രഭാവം, കണികാപ്രവാഹം എന്നിവയുടെ ഒക്കെ കൈപ്പിടിയിലാണ് ഭൂമി. സൂര്യന്റെ പ്രഭാവലയത്തിനുള്ളിലാണ് നമ്മുടെയൊക്കെ നിലനില്പ്. മേല്പറഞ്ഞ ഘടകങ്ങളൊക്കെ ഭൂമിയിലെ ജീവികളെയും കാലാവസ്ഥയെയും വാർത്താവിനിമയ സംവിധാനങ്ങളെയും ഒക്കെ സാരമായി സ്വാധീനിക്കുന്നതുകൊണ്ട് നിരന്തരമായി സൂര്യനെ നിരീക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത്തരുണത്തിലാണ് ചന്ദ്രയാൻ വിജയത്തിനു മകുടം ചാർത്താനെന്നവണ്ണം ഈ സെപ്റ്റംബർ 2-നു ആദിത്യ എൽ-1 എന്ന സൂര്യനിരീക്ഷണോപഗ്രഹം ഭാരതം വിക്ഷേപിച്ചത്. ഭൂമിയിൽനിന്നും 15 ലക്ഷം കി.മീ. അകലെയുള്ള ലഗ്രാഞ്ച്-1 എന്ന ഭാഗത്താണ് ആദിത്യ പാർക്ക് ചെയ്യാൻ പോകുന്നത്. ലഗ്രാഞ്ച് ബിന്ദുക്കളിൽ സൂര്യന്റെയും ഭൂമിയുടെയും ആകർഷണശക്തി തുല്യമായിരിക്കും. അത് ഉപഗ്രഹത്തിന് സുസ്ഥിരത നല്കുന്നു. നാലുമാസം കഴിഞ്ഞ് 2024 ജനുവരിയിലാണ് ആദിത്യ എൽ-1 അവിടെ എത്തുക. പൂർണമായ പ്രവർത്തങ്ങൾക്ക് അതുവരെ നമുക്ക് കാത്തിരിക്കേണ്ടിവരുമെങ്കിലും അതിൽനിന്ന് സൂര്യനെക്കുറിച്ചുള്ള പ്രാഥമികവിവരങ്ങൾ ഇസ്രോക്ക് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. സൂര്യന്റെ കൊറോണ എന്നു വിളിക്കുന്ന ഭാഗത്തെ താപനിലയിലെ മാറ്റങ്ങൾ,  കൊറോണൽ മാസ് എജക്ഷൻ (CME) പ്ലാസ്മാ പ്രവാഹം, സൗരവികിരണങ്ങൾ, കാന്തികമണ്ഡലത്തിലെ വ്യതിയാനങ്ങൾ, സോളാർ ഫ്‌ളെയേഴ്‌സ് തുടങ്ങിയവയൊക്കെ ആദിത്യയുടെ നിരീക്ഷണ ലിസ്റ്റിലുണ്ട്. ഇപ്പറഞ്ഞ കാര്യങ്ങളിലുണ്ടാകുന്ന ചെറിയ ചെറിയ മാറ്റങ്ങൾപോലും ഭൂമിയെ സാരമായി ബാധിക്കുമെന്നുള്ളതുകൊണ്ട് ആദിത്യയിൽ നിന്നുള്ള ഡാറ്റകൾ നമുക്ക് അത്യധികം പ്രയോജനകരമായി ഭവിക്കുമെന്നതിൽ സംശയമില്ല. എല്ലാം കൃത്യമായി പ്രതീക്ഷയ്ക്കനുസരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ആദിത്യ എൽ-1-ന് അഞ്ചുവർഷത്തെ ആയുസ്സാണ് ശാസ്ത്രജ്ഞർ നൽകിയിട്ടുള്ളത്. ഇക്കാലത്തിനിടയിൽ സൗരരഹസ്യങ്ങളുടെ ഒരു വലിയ ഭണ്ഡാഗാരമാണ് നമുക്ക് ആദിത്യയിൽനിന്നും ലഭിക്കാനിരിക്കുന്നത്.


മനുഷ്യനെ ശൂന്യാകാശത്തിലെത്തിക്കുന്ന ഗഗൻയാൻ-1 എന്ന ദൗത്യമാണ് ഇനി ഇസ്രോ ഏറ്റെടുത്തിട്ടുള്ള സുപ്രധാനമായൊരു ദൗത്യം. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യക്കാർ സ്വന്തം വാഹനത്തിൽ ശൂന്യാകാശത്തേക്കു കുതിക്കുമെന്നു നമുക്കുറപ്പിക്കാം.


(ലേഖകൻ, കുസാറ്റിലെ ഇന്റർനാഷണൽ  ഫോട്ടോണിക്സ് സ്‌കൂളിന്റെ സ്ഥാപക ഡയറക്ടറും മുൻ ടെക്‌നോളജി ഡീനുമാണ്.)