കാഫ്കയുടെ ജീവിതാന്വേഷണങ്ങൾ- മൊഴിയാഴം എൻ.ഇ. സുധീർ

കാഫ്കയ്ക്ക് 1917 ഒക്ടോബറിൽ ഒരു കത്തു കിട്ടി. കാഫ്കയുടെ ‘Metamorphosis’  എന്ന പുസ്തകം വാങ്ങി ഒരു ബന്ധുവിന് വായിക്കാൻ കൊടുത്ത ഡോക്ടർ സ്യ്ഗ്ഫ്രൈഡ് വോൾഫ് എന്നൊരാളിന്റേതായിരുന്നു ആ കത്ത്. കാഫ്കയെപ്പറ്റി ഓർക്കുമ്പോഴൊക്കെ ഈ കത്തിനെപ്പറ്റിയും ഞാനോർമിക്കാറുണ്ട്. “താങ്കളുടെ ‘രൂപാന്തരം’ വാങ്ങി ഞാനെന്റെ കസിന് സമ്മാനിച്ചിരുന്നു. പക്ഷേ, അത് മനസ്സിലാക്കാനുള്ള കഴിവ് അവൾക്കില്ല. കസിൻ അതവളുടെ അമ്മയ്ക്ക് കൊടുത്തു. അവർക്കും അത് മനസ്സിലാക്കാൻ കഴിയുന്നില്ല. അമ്മ അത് മറ്റൊരു കസിനു കൊടുത്തു.  അവർക്കും അത് കീറാമുട്ടിയായി. ഇപ്പോൾ അവരെനിക്കെഴുതിയിരിക്കുന്നു. കുടുംബത്തിലെ ഒരു ഡോക്ടർ എന്ന നിലയിൽ ഇതവർക്ക് വിശദീകരിച്ചു കൊടുക്കാൻ ഞാൻ ബാധ്യസ്ഥനാണെന്ന് അവർ കരുതുന്നു. പക്ഷേ, ഞാനും നിസ്സഹയാനാണ് “


കത്തിന്റെ പൂർണരൂപത്തിലുള്ള  ഇംഗ്ലീഷ് പരിഭാഷ ഇവിടെ കൊടുക്കുന്നു:

April 10, 1917

Dear Sir,

You made me unhappy.


I bought your “Metamorphosis” as a gift for my cousin. But, she is incapable of understanding the story. My cousin gave it to her mother who doesn’t understand it either. The mother gave the book to my other cousin, who also didn’t find an explanation. Now they have written to me: They expect me to explain the story to them as I am the doctor in the family. But I am at a loss.

Sir! I have spent months in the trenches exchanging blows with the Russians without batting an eyelid. But I could not stand losing my good name with my cousins. Only you can help me. You must do it, as you are the one who landed me in this mess. So please tell me what my cousin should think about “Metamorphosis.”


Most respectfully yours,

Dr. Siegfried Wolff

Berlin– Charlottenburg. 


പ്രസിദ്ധമായ ഈ കത്തിനെപ്പറ്റി  ഇപ്പോൾ ഓർക്കാൻ കാരണം അടുത്ത ദിവസം എനിക്കു ലഭിച്ച  ‘Kafka – Diaries’ എന്ന പുതിയ പുസ്തകമാണ്. കാഫ്കയുടെ ഡയറികളുടെ പുതിയൊരു പതിപ്പാണിത്. റോസ്സ് ബെഞ്ചമിൻ പരിഭാഷപ്പെടുത്തിയ പുതിയ പതിപ്പ്. (The Diaries – Franz Kafka – Translated by Ross Benjamin – Schocken Books – New York )


1909 മുതൽ 1923 വരെ ഫ്രാൻസ് കാഫ്ക ഡയറിയെഴുതിയിരുന്നു.  പ്രസിദ്ധീകരിക്കണം എന്ന ഉദ്ദേശത്തോടെയാവില്ല അദ്ദേഹമതെഴുതിയിരിക്കുക.  താൻ എഴുതിയതൊക്കെ  നശിപ്പിച്ചുകളയണമെന്ന് സുഹൃത്തായ  മാക്സ് ബ്രോഡിനോട് കാഫ്ക പറഞ്ഞേല്പിച്ചിരുന്നു എന്ന് നമുക്കറിയാം. അത് വകവെയ്ക്കാതെ മറ്റു രചനകളോടൊപ്പം കാഫ്കയുടെ ഡയറിയും  മാക്സ് ബ്രോഡ് അക്കാലത്തു തന്നെ  പുസ്തകമായി പുറത്തിറക്കി. എന്നാൽ ഡയറിയുടെ ആദ്യപതിപ്പിൽ മാക്സ് ബ്രോഡ് ചില എഡിറ്റിങ്ങുകളൊക്കെ നടത്തി. അതിലെ ലൈംഗിക സ്വഭാവമുള്ള  കുറിപ്പുകളാണ് അദ്ദേഹം പ്രധാനമായും ഒഴിവാക്കിയത്. കാഫ്ക ലൈംഗികത്തൊഴിലാളികളെ കാണാൻ പോയ കാര്യങ്ങളും സ്വവർഗരതി പ്രതിപാദിക്കുന്ന പാരഗ്രാഫുകളുമൊക്കെ നീക്കംചെയ്തു.


റോസ്സ് ബെഞ്ചമിൻ തയ്യാറാക്കിയ പുതിയ പരിഭാഷയിലൂടെ തികച്ചും ആധികാരികമായ കാഫ്ക ഡയറിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കാഫ്കയെ അസ്വസ്ഥനാക്കിയ  ലൈംഗികപ്രതിസന്ധികൾ നമുക്കിതിൽ വായിക്കാം. അദ്ദേഹത്തിന്റെ സാഹിത്യം വിടരുന്നതിന് സാധ്യതയൊരുക്കിയ മറ്റു പല കാര്യങ്ങളും. ഡോക്ടർ വോൾഫിന്റെ കത്തിനെപ്പറ്റി ഡയറിയിൽ പരാമർശമുണ്ടോ എന്നറിയാൻ എനിക്കൊരു കൗതുകം തോന്നി. ദുർഗ്രഹത കാരണം രചനകൾ മനസ്സിലാക്കാൻ കഴിയുന്നില്ല എന്ന വായനക്കാരന്റെ പരാതിയെ എഴുത്തുകാരൻ എങ്ങനെ നോക്കിക്കാണുന്നു എന്നറിയാനുള്ള ഒരു കൗതുകം.  നിർഭാഗ്യവശാൽ ഡയറിയിൽ ഇതേപ്പറ്റി പരാമർശമില്ല. കുരുക്കിലാക്കപ്പെട്ട മനുഷ്യാവസ്ഥയെ നേരിടാൻ സാഹിത്യസൃഷ്ടിയിലൂടെ വഴിതേടിയ മഹാനായ ആ എഴുത്തുകാരനെയും അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തെയും അടുത്തറിയാൻ ഈ ഡയറിയിലെ കുറിപ്പുകൾ സഹായിക്കും. ചില രചനകളുടെ പിന്നിലെ കഥകളൊക്കെ വിശദമായി ഇതിലെഴുതിയിട്ടുണ്ട്. ജീവിതത്തിന്റെ അര്‍ഥം പോലെ നിഗൂഢമാണ് കാഫ്ക സൃഷ്ടിച്ച സൗന്ദര്യലോകവും. അതിലേക്കുള്ള പുതിയൊരു വഴി കൂടിയാണ് ഈ പുസ്തകം.


എം. മുകുന്ദൻ കണ്ട ലോകം.


മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്നുകൊണ്ടിരിക്കുന്ന  “എന്റെ എംബസിക്കാലം” എന്ന എം.മുകുന്ദന്റെ ഓർമക്കുറിപ്പുകൾ  ഞാൻ ആവേശത്തോടെ വായിച്ചുകൊണ്ടിരിക്കുന്നു. ലോകസാഹിത്യത്തിലെ പല അപൂർവമനുഷ്യരെപ്പറ്റിയും സന്ദർഭങ്ങളെപ്പറ്റിയും അതിൽനിന്നു മനസ്സിലാക്കാൻ കഴിയും. എംബസി ഉദ്യോഗസ്ഥൻ എന്ന നിലയിൽ  തന്റെ മുന്നിൽ വന്ന മഹാസാധ്യതകളെപ്പറ്റി ഓർത്തെടുത്ത് വായനക്കാരുമായി പങ്കുവയ്ക്കുകയാണ് മുകുന്ദൻ.


ലക്കം 19 -ൽ വായിച്ച ചില കാര്യങ്ങൾ പറയാം. ഫ്രഞ്ച് അക്കാദമിയുടെ ഘടനയെപ്പറ്റിയാണ് അദ്ദേഹം ഇതിലാദ്യം എഴുതിയിരിക്കുന്നത്. ഫ്രാൻസിലെ ഫ്രഞ്ച് അക്കാദമി നമ്മുടെ സാഹിത്യ അക്കാദമി പോലുള്ള ഒരു സ്ഥാപനമാണ്. ഭാഷയെയും സാഹിത്യത്തെയും ഉന്നത നിലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട ഈ അക്കാദമിയിൽ നാല്പത്  ആജീവനാന്ത അംഗങ്ങളാണുണ്ടായിരിക്കുക. ഒരു അംഗം അന്തരിച്ചാലോ സ്ഥാനം സ്വയം ഉപേക്ഷിച്ചാലോ മാത്രമേ പുതിയൊരംഗം ആ സ്ഥാനത്തെത്തൂ. നിലവിലുള്ള അംഗങ്ങളാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. സ്പാനിഷ് എഴുത്തുകാരനായ പെറുവിലെ മാരിയോ വാർഗസ് ലോസയും ഫ്രഞ്ച് അക്കാദമിയിൽ അംഗമാണ്. ഈ സ്വാതന്ത്ര്യം സവിശേഷതയുള്ളതാണ്. മറ്റൊരു രാജ്യത്തെ, മറ്റൊരു ഭാഷയിലെ എഴുത്തുകാരനെക്കൂടി അംഗമാക്കാനുള്ള തുറന്ന മനസ്സ് അവർക്കുണ്ട്.


നമ്മുടെ സംസ്ഥാനങ്ങളിലെ സാഹിത്യ അക്കാദമികളിൽ  ഇതരഭാഷയിലെ എഴുത്തുകാർകൂടി വന്നാൽ അത് വിവിധഭാഷാ സാഹിത്യത്തിന്റെ കൊടുക്കൽ വാങ്ങലുകൾക്ക് ശക്തി പകരും എന്നാണ് ഞാൻ കരുതുന്നത്. പരീക്ഷിക്കാവുന്ന ഒരു സാധ്യതയാണത്. 


മുകുന്ദന്റെ കുറിപ്പിൽ  ഫ്രഞ്ച് നോവലിസ്റ്റായ ക്ലോദ് സിമോനെപ്പറ്റി എഴുതിയിട്ടുണ്ട്. ആന്റി നോവലിസ്റ്റുകളുടെ മുൻനിരയിൽ ഉണ്ടായിരുന്ന ക്ലോദ് സിമോൻ. 1985-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഫ്രഞ്ച് എഴുത്തുകാരൻ. അദ്ദേഹത്തിന്റെ രചനകൾ വായിക്കാൻ കഠിനമായ ശ്രമങ്ങൾ നടത്തി പരാജയപ്പെട്ട ഒരു വായനക്കാരനാണ് ഞാൻ. മുകുന്ദൻ അദ്ദേഹത്തെപ്പറ്റി എഴുതിയത്  വായിക്കുമ്പോൾ ഞാനെന്തു കൊണ്ട് പരാജയപ്പെട്ടു എന്ന് വായനക്കാർക്ക് മനസ്സിലാവും. മുകുന്ദൻ എഴുതിയത് ഇതാണ്: “ക്ലോദ് സിമോൻ –  അദ്ദേഹത്തെ ഒരു ജനലിനരികിൽ കൊണ്ടുവന്നു നിറുത്തിയാൽ ആ ജനലിനെക്കുറിച്ച് എത്ര പേജുകൾ വേണമെങ്കിലും എഴുതുവാൻ കഴിയുമായിരുന്നു. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അർധവിരാമ ചിഹ്നങ്ങളോ പൂർണവിരാമ ചിഹ്നങ്ങളോ ഉപയോഗിക്കാതെ അനന്തമായി നീളുന്ന  വാചകങ്ങൾ അദ്ദേഹത്തിന്റെ നോവലുകളിൽ കാണാം. ചില വാചകങ്ങളിൽ നൂറുക്കണക്കിന് വാക്കുകളുണ്ടായിരുന്നു.”


ക്ലോദ് സിമോനൊപ്പം ഡൽഹി നഗരത്തിൽ യാത്രചെയ്ത ഒരനുഭവവും മുകുന്ദൻ പങ്കുവച്ചിട്ടുണ്ട്. സിമോനെപ്പറ്റി പറയുന്ന കൂട്ടത്തിൽ ജോർജ് പെരകിനെപ്പറ്റിയും അദ്ദേഹം പരാമർശിക്കുന്നുണ്ട്. ‘Life ‘ A User’s Manual എന്ന അസാധരണ നോവലെഴുതിയ പെരക്.  ഇങ്ങനെ ഗൗരവമുള്ളതും കൗതുകം നിറഞ്ഞതുമായ, എഴുത്തുകാരെപ്പറ്റിയും, എഴുത്തുലോകത്തെപ്പറ്റിയുള്ള ധാരാളം അറിവുകൾകൊണ്ട് സമൃദ്ധമാണ് എം.മുകുന്ദന്റെ ‘എംബസിക്കാലം’. സാഹിത്യകുതുകികളുടെ മുന്നിൽ വലിയൊരു ലോകം തുറന്നിടുകയാണ് അദ്ദേഹം.


നീതിയുടെ അവസാനിക്കാത്ത പോർവിളികൾ


കൊല ചെയ്യപ്പെടുന്നതിനു തൊട്ടുമുമ്പ് ആ പ്രോസിക്യൂട്ടർ അവളോട് തെമിസിനെപ്പറ്റി പറഞ്ഞു കൊടുത്തു. അയാളുടെ മേശപ്പുറത്ത് പൊടിപിടിച്ചുകിടന്ന പഴയ ഒരു കരകൗശലവസ്തു.  ഒരു കൈയിൽ വാൾ മറ്റേ കൈയിൽ തുലാസ്സ്. കണ്ണുകൾ കറുത്ത ശീലകൊണ്ട് കെട്ടിയിരിക്കുന്നു. അവളാ മാർബിൾ പ്രതിമയെ നോക്കിയിരുന്നപ്പോൾ അയാൾ പരിചയപ്പെടുത്തി. ‘ഇതാണ് തെമിസ്. നീതിദേവത.’ ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ടപോലെ ആ മാർബിൾപ്രതിമ അവളുടെ കൈവശമിരുന്ന് വിറകൊണ്ടു. ഒത്ത ശരീരവടിവോടെ വാർത്തെടുത്ത അതിന്റെ ഉടൽ അവൾ തലോടി. എന്നിട്ടവൾ ചിന്തിച്ചും തെമിസ് എന്തിനായിരിക്കും ആയുധം എടുത്തത്?


നീതിയുടെ വിചിത്രവഴികളെ അമ്പരപ്പിക്കും വിധം  അവതരിപ്പിക്കുന്ന മികച്ചൊരു കുറ്റാന്വേഷണ നോവലാണ് എ.എം.ബഷീർ രചിച്ച ‘തെമിസ്’. വർത്തമാനകാല കേരളീയ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങളായാണ് കഥ മുന്നേറുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി അവളിഷ്ടപ്പെട്ട  ഒരു യുവാവിന്റെ പ്രേരണയാൽ സ്വന്തം വീട് വിട്ടിറങ്ങുന്നു. തുടർന്നവൾ അവനാൽ ചതിക്കപ്പെട്ട് കൂട്ട ലൈംഗിക പീഡനത്തിന് വിധേയയാവുന്നു. ചതിക്കപ്പെട്ട അവളുടെ ദാരുണമായ ജീവിതകഥയാണ് ഈ നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്. നിരാലംബയായ ആ പെൺകുട്ടിയും വളർന്നു വലുതായപ്പോൾ അവൾ നേരിടേണ്ടിവന്ന നരകയാതനയുടെയും കഥയാണിത്.  രണ്ടു കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന തലത്തിലാണ് നോവലിലെ കഥ മുന്നേറുന്നത്.


പീഡനം ഏല്ക്കുന്ന അവസ്ഥയെക്കാൾ ഭയാനകം വിചാരണയാണെന്ന് ബോധ്യപ്പെടുത്തി തരുന്ന രീതിയിലാണ് നോവലിലെ സംഭവങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. നീതിയുടെ പേരിൽ നടക്കുന്ന അനീതികളെ ചിത്രീകരിക്കുന്നതിൽ നോവലിസ്റ്റ് വലിയ ശ്രദ്ധ തന്നെ  കൊടുത്തിട്ടുണ്ട്.  നോവലിന്റെ ഭൂമികയിൽ  നടപ്പിലാക്കപ്പെടുന്ന നീതിയുടെ പൈശാചിക മുഖം വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുക തന്നെ ചെയ്യും. അത് നമ്മുടെ ജീവിതപരിസരത്തെ അനുഭവങ്ങളുമായി ചേർത്തു വായിക്കുവാൻ വായനക്കാർ നിർബന്ധിതരാവും. ഭയം നമ്മെ വന്ന് ചുറ്റിപ്പിടിക്കും. നിസ്സഹായതയുടെ ആഴം നമ്മെ ശ്വാസം മുട്ടിക്കും.  സൂക്ഷ്മാന്വേഷണ ത്വരയാണ് കുറ്റാന്വേഷണ രചനകളെ മികവുറ്റതാക്കുന്നത്. എ.എം.ബഷീർ അക്കാര്യത്തിൽ വലിയ മിടുക്കുതന്നെ കാണിച്ചിട്ടുണ്ട്.


കുറ്റാന്വേഷണത്തിന്റെതായ ഒരു സങ്കീർണലോകം തന്നെ  നോവലിസ്റ്റ് സൃഷ്ടിച്ചിട്ടുണ്ട്. ഉദ്വേഗം നിറഞ്ഞ നിരവധി നിമിഷങ്ങളും നോവലിലുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ വൈയക്തിക ഉത്കണ്ഠകളും  സന്ദിഗ്ധതകളും നോവലിസ്റ്റ് ഭംഗിയായിത്തന്നെ  സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഒരു തിരിച്ചറിവിന്റെ പുസ്തകം കൂടിയാണ്. മനുഷ്യവിധിയുടെ ആഴങ്ങളെപ്പറ്റിയും അതിനെ സ്വാധീനിക്കുന്ന സാമൂഹിക അവസ്ഥകളെക്കുറിച്ചും ഓർമിപ്പിക്കുന്ന രചന. കുറ്റകൃത്യം, കുറ്റാന്വേഷണം, നീതിന്യായ സംവിധാനം എന്നിങ്ങനെ വിവിധ തലങ്ങളെ ആഴത്തിൽ അറിഞ്ഞുകൊണ്ടെഴുതിയ ഈ നോവൽ മലയാളത്തിലെ കുറ്റാന്വേഷണ സാഹിത്യവിഭാഗത്തിൽ വേറിട്ടു നില്ക്കുക തന്നെ ചെയ്യും. (തെമിസ് – എ.എം. ബഷീർ – കറന്റ് ബുക്സ് – കോട്ടയം)


ഫ്യൂച്ചർ ഷോക്കിലെ അശ്വിൻ ശേഖർ


”He scanned the world in the wavelength of humour.” (അയാൾ ഹ്യൂമറിന്റെ തരംഗദൈർഘ്യത്തിൽ ലോകത്തെ വ്യാഖ്യാനിച്ചു). വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റിയുള്ള വളരെ മൗലികമായ ഒരു വിലയിരുത്തലാണ് ഈ വാചകമെന്ന് ഞാൻ കരുതുന്നു. റൊണാൾഡ് ഇ.ആഷർ പറഞ്ഞ ഈ വാചകം ഞാൻ വായിച്ചത് പ്രശസ്ത ജ്യോതിശ്ശാസ്ത്രജ്ഞനായ  അശ്വിൻ ശേഖറിനെപ്പറ്റി ജോസഫ് ആന്റണി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ഒരു ലേഖനത്തിലാണ്. റൊണാൾഡ് ഇ. ആഷറിന്റെ മകൻ ഡേവിഡ് ആഷറിന്റെ ശിഷ്യനാണ് അശ്വിൻ ശേഖർ. തന്റെ ശിഷ്യൻ മലയാളിയാണെന്നറിഞ്ഞപ്പോൾ അച്ഛനും ബഷീറും  തമ്മിലുണ്ടായിരുന്ന ബന്ധം വിശദീകരിക്കുന്നതിനിടയിലാണ് ബഷീറിനെ അച്ഛൻ ഇങ്ങനെ വിശേഷിപ്പിച്ച വിവരം ഡേവിഡ്‌ അശ്വിൻ ശേഖറിനോട് പറഞ്ഞത്.


ഡേവിഡ് ആഷർ ലോകപ്രശസ്തനായ ഉൽക്കഗവേഷകനാണ്. 1999-ലെ ലിയോനിഡ്സ് ഉൽക്കാവർഷം പ്രവചിച്ച ശാസ്ത്രജ്ഞൻ. അദ്ദേഹത്തിന്റെ കീഴിലാണ് അശ്വിൻ ശേഖർ എന്ന മലയാളിയായ ശാസ്ത്രജ്ഞൻ ഗവേഷണം നടത്തുന്നത്. അശ്വിന്റെ പേരിൽ ഒരു ചെറിയ ഗ്രഹം അറിയപ്പെടുന്നുണ്ട്. മുഖ്യ ഛിന്നഗ്രഹബെൽറ്റിൽ സ്ഥിതിചെയ്യുന്ന നാലര കലോമീറ്റർ വ്യാസമുള്ള ‘2000 എൽജെ 27’ എന്ന ഛിന്നഗ്രഹത്തിനാണ് അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ (IAU)   അശ്വിന്റെ പേര് നല്കിയിരിക്കുന്നത്. അടുത്ത കാലത്താണ് അശ്വിനെ  ശാസ്ത്രലോകം ഇങ്ങനെ ആദരിച്ചത്. അദ്ദേഹം മുന്നോട്ടുവച്ച ‘ത്രീ ബോഡി റെസൊണൻസ്’ എന്ന സിദ്ധാന്തമാണ് ഉൽക്കാവർഷത്തിന്റെ വരവും തീവ്രതയും പ്രവചിക്കാൻ ജ്യോതിശ്ശാസ്ത്രജ്ഞർ  ഇപ്പോൾ അവലംബിക്കുന്നത്.   മലയാളത്തിലെ മികച്ച ശാസ്ത്രപംക്തിയാണ് ജോസഫ് ആന്റണി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതി വരുന്ന  ‘ഫ്യൂച്ചർ ഷോക്ക്’. (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഓഗസ്റ്റ്- 20)