സ്വതന്ത്രഭാരതത്തിന് ചില ഗുരുതര പോരായ്മകളില്ലേ? – ടീസ്റ്റ സെതൽവാദ്

സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികത്തിൽ ഇന്ത്യ ഒരു നാല്ക്കവലയിലാണ് എത്തിയിരിക്കുന്നത്. ജനാധിപത്യത്തിന്റെ ആഴമായ ചില പോരായ്മകളാണ് നാം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്നത്. 2014-ൽ ഇന്ത്യയുടെ 65-ാം വയസ്സിൽ നമ്മുടെ ജനാധിപത്യം ഒരു പരിണാമദശയിലായിരുന്നു. നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും ആഴപ്പെടുത്തുകയും ദൃഢീകരിക്കുകയും ചെയ്യുക എന്ന വലിയ വെല്ലുവിളിയോട് സമുചിതമായി പ്രതികരിക്കാൻ നമുക്കു സാധിച്ചില്ല. പ്രാതിനിധ്യഭരണം ഉയർത്തിയ വെല്ലുവിളികൾ തന്നെയായിരുന്നു അതിനുള്ള കാരണം. ഉദാത്തമായ സങ്കല്പങ്ങളും ദർശനങ്ങളുമുള്ള ഒരു ഭരണഘടന നമുക്ക് ഉണ്ടായിരുന്നിട്ടും, അധികാരങ്ങളും അവകാശങ്ങളും ഏവർക്കും, പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ടവർക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന രീതിയിലുള്ള നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കാൻ നമുക്ക് സാധിച്ചില്ലായെന്നത് വലിയൊരു പോരായ്മതന്നെയാണ്. 2004 മുതൽ 2014 വരെയുള്ള ദശാബ്ദത്തിനുമുൻപാണ് ജനങ്ങൾക്ക് അവകാശങ്ങൾ നല്കിക്കൊണ്ടുള്ള നിയമനിർമാണം നടന്നിട്ടുള്ളതെന്ന കാര്യം അനുസ്മരിക്കുന്നത് ഏറെ ഉചിതവും നിർണായക പ്രാധാന്യമുള്ളതുമത്രേ. വിവരാവകാശനിയമം, ഗ്രാമീണമേഖലയിലെ തൊഴിലിനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം എന്നിവ അവയിൽ പ്രധാനമാണ്. 2006-ലെ വനാവകാശ നിയമം, ആദിവാസികളുടെയും വനവാസികളുടെയും അവകാശം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പാസാക്കിയതാണ്. വനം വനവാസിക്ക് എന്ന പ്രമാണം അവരുടെ അവകാശങ്ങളെ അംഗീകരിക്കുന്നതായിരുന്നുവെന്നതാണ് അതിനെ സവിശേഷ പ്രാധാന്യമുള്ളതാക്കുന്നത്. കോളനിവാഴ്ചക്കാലത്തെ ഭൂമി ഏറ്റെടുക്കൽ നിയമം റദ്ദാക്കിയതും പകരം ജനഹിതം കണക്കിലെടുക്കുന്ന വേറൊരു നിയമം കൊണ്ടുവന്നതും ഏറെ ഉചിതമായി.


അപ്രകാരം ആ ദശവർഷം ഈ വക നേട്ടങ്ങളാൽ സവിശേഷമുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. എന്നാൽ, കഴിഞ്ഞ ഒരു പത്തുവർഷം ഈ ജനാധിപത്യസങ്കല്പങ്ങൾക്ക് വലിയൊരു തിരിച്ചടിയാണ് സംഭവിച്ചിട്ടുള്ളതെന്നു വിലയിരുത്താൻ സാധിക്കും. പാർലമെന്റ് ഉപയോഗിച്ചുകൊണ്ട്, ഭരണഘടനയുടെ ഓരോ ഇഷ്ടികയും ക്രമേണ നശിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായി. നിയമം പാസാക്കാനുള്ള പാർലമെന്ററി പ്രക്രിയതന്നെ മറികടക്കുകയുണ്ടായി. നിയമനിർമാണ പ്രക്രിയകളെ അവഗണിക്കുന്നതായി നാം കണ്ടു. പുതിയ നിയമങ്ങളുണ്ടാക്കുകയും പഴയ നിയമങ്ങൾ ആയുധമാക്കുകയും ഇന്ത്യൻ ജനതയെ തടവിലാക്കുകയും ചെയ്യുന്നു. സ്വേച്ഛാധിപത്യഭരണകൂടം, കരിനിയമങ്ങൾ ഉപയോഗപ്പെടുത്തിയും ചിലപ്പോൾ കോടതികളുടെ സഹായത്തോടെയും പൗരാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നത് നാം കാണുകയുണ്ടായി. എതിരഭിപ്രായം പ്രകടിപ്പിക്കുന്നത് ക്രിമിനൽ കുറ്റമായി മാറ്റിയിരിക്കുന്നു. ന്യൂനപക്ഷ സമുദായത്തിലെ യുവനേതാക്കൾ ഇപ്പോൾ ജയിലിൽ കഴിയുകയാണ്. ഭീകരവാദം തടയുകയാണെന്നതിന്റെ പേരിൽ നിയമങ്ങൾ കൂടുതൽ കർക്കശമാക്കിയതിനാൽ അറസ്റ്റുചെയ്യപ്പെട്ടാൽ ജാമ്യം ലഭിക്കുക അസാധ്യമാണ്. ഇന്ന്, നാം ഒരു പുതിയ കൊളോണിയൽ പോലീസ്‌രാജിനുകീഴിൽ കഴിയുകയാണെന്നു പറഞ്ഞാൽ അത് ഒരു അതിശയോക്തിയല്ല. ഭൂരിപക്ഷവർഗീയതയുടെ ഫലമായി നമ്മുടെ ജനാധിപത്യത്തിന്റെ ആത്മാവുതന്നെ തകർന്നിരിക്കുകയാണ്. യഥാർഥത്തിൽ നടക്കുന്നത്, ആശയപരമായി ഇന്ത്യൻ റിപ്പബ്ലിക്കിനെ ഒരു മതരാഷ്ട്രമായി മാറ്റിത്തീർക്കാനുള്ള ശ്രമങ്ങളാണ്. ഭരണഘടനാസ്ഥാനങ്ങളിലിരിക്കുന്നവരുടെ ആദർശംതന്നെ ഭരണഘടനയിലൂടെ നിലവിൽവന്ന റിപ്പബ്ലിക്കിനെത്തന്നെ അട്ടിമറിക്കുകയെന്നതാണ്.


ഇതിനെല്ലാമിടയിലാണ്, ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷം രാഷ്ട്രഗാത്രത്തെ കാർന്നുതിന്നുന്നത്. ദലിതരുടെമേൽ തുടരുന്ന ആക്രമണം, സ്ത്രീകൾക്കെതിരെയുള്ള ക്രൂരതകൾ എന്നിവയും രാജ്യത്ത് അശാന്തി വിതയ്ക്കുകയാണ്. പലപ്പോഴും എനിക്കു തോന്നിയിട്ടുള്ളത്, ഈ ഭരണകൂടം സ്വന്തം ജനതയ്ക്കുനേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണ്. പൊതുവിടങ്ങളിലെല്ലാം അരക്ഷിതത്വവും ആക്രമണവും വളർത്തുന്നതിന് മാരകവിഷമായി ഉപയോഗിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമത്രേ. തെരുവീഥികളിലും ക്ലാസ്മുറിയിൽപ്പോലും ഇത് പ്രകടമാണ്. ഈ  രണ്ട് സംഭവങ്ങൾ മാത്രം ശ്രദ്ധിക്കുക: ഒന്ന്, പശ്ചിമ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ഒരു ഗ്രാമത്തിലെ നേഹ പബ്ലിക്ക് സ്‌കൂളിലെ സംഭവം. രണ്ടാമത്തേത്, മുംബൈയിലെ ഒരു റയിൽവേ കമ്പാർട്ട്‌മെന്റിലെ സംഭവമാണ്. വിദ്വേഷമാണ് ഇവിടെ പ്രമേയം. ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ ആദിവാസികളും ക്രിസ്ത്യാനികളും ഒരുപോലെ പീഡിപ്പിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്നു. നമ്മുടെ ഭരണഘടനയുടെ കാലാൾപ്പടയാളികളായ നാം ഈ യുദ്ധം ഹ്രസ്വകാലത്തും, ഇടത്തരം കാലത്തും, ദീർഘകാലത്തും ഏറ്റെടുക്കേണ്ടതാണ്. ഹ്രസ്വകാലത്ത് നാം വിട്ടുവീഴ്ചയൊന്നും കൂടാതെ, ഐക്യത്തോടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പ്രവർത്തിക്കേണ്ടതുണ്ട്. ജനങ്ങളുടെ പ്രസ്ഥാനങ്ങൾ ഇതിനുള്ള മാർഗം നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. ഇലക്ഷൻകാലത്ത് കർണാടകയിൽ 5000-ലധികം വോളന്റിയേഴ്‌സ് സംഘടിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിർണായക സ്വാധീനം ചെലുത്താനാകുമെന്നും വോട്ടിൽ പിളർപ്പുവരാതെ ലക്ഷ്യം നേടാനാകുമെന്നും തെളിയിച്ചു. നാണയപ്പെരുപ്പം വിലവർധന, തൊഴിലില്ലായ്മ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം എന്നിവയ്‌ക്കെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കുകയുണ്ടായി. വിദ്വേഷത്തിന്റെ വിഷത്തെ നാം പുറന്തള്ളുകയും രാഷ്ട്രീയത്തെ വിമലീകരിക്കുകയും വിദ്യാഭ്യാസത്തെ പുനഃസംഘടിപ്പിക്കുകയും വേണം. പുസ്തകങ്ങളിലെ ഉള്ളടക്കവും നയങ്ങളും തിരുത്തിക്കുറിക്കേണ്ടതുണ്ട്. ഏറ്റവും മുഖ്യമായിട്ടുള്ളത് കരിനിയമങ്ങളുടെ റദ്ദാക്കലാണ്.


പൈശാചികനിയമങ്ങളും ഭരണഘടനാവിരുദ്ധമായ ബില്ലുകളും റദ്ദാക്കണം.


Unlawful Activities Prevention Act, Armed Forces Special Powers Act, National Security Act, Public Safety Act തുടങ്ങിയ നിയമങ്ങളുടെ പേരിൽ വ്യാജകേസുകൾ ഉണ്ടാക്കി  ജയിലിലടച്ചവരെ മോചിപ്പിക്കണം. ഇന്ത്യൻ പീനൽ കോഡിന്റെ 124-എ വകുപ്പ് രാജ്യദ്രോഹക്കുറ്റത്തെക്കുറിച്ചുള്ളതാണ്. ഇത് ദുരുപയോഗം ചെയ്യുന്നുണ്ട്. ഛത്തീസ്ഗഢ് പബ്ലിക്ക് സേഫ്റ്റി ആക്ട്, തമിഴ്‌നാട് പബ്ലിക്ക് സെക്യൂരിറ്റി ആക്ട്, ഗുജറാത്ത് ഗുണ്ടാ ആന്റ് ആന്റി സോഷ്യൽ പ്രിവൻഷൻ ആക്ട് എന്നിവ പിൻവലിക്കേണ്ടതാണ്. 2005-ലെ പ്രൊട്ടക്ഷൻ ഓഫ് വിമൻ ഫ്രം ഡൊമസ്റ്റിക് വയലൻസ് ആക്ടിന്റെ പരിധിയിൽ ട്രിപ്പിൾ തലാക്ക് കൊണ്ടുവരേണ്ടതാണ്. മുസ്ലീം പുരുഷന്മാരെ പീഡിപ്പിക്കുന്ന രീതിയിൽ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉണ്ട്. സിറ്റിസൻഷിപ്പ് അമൻഡ്‌മെന്റ് ആക്ട് (2019) പിൻവലിക്കുക. ഇത് മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നതാണ്. ഇന്ത്യൻ പീനൽ കോഡ്, സിആര്‍പിസി, ഇന്ത്യൻ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരം പുതിയ നിയമം കൊണ്ടുവരുന്ന മൂന്ന് ബില്ലുകളാണ് ഈയിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ, 2023, ഭാരതീയ ന്യായ സംഹിതാ ബിൽ, 2023, ഭാരതീയ സാക്ഷ്യ ബിൽ, 2023 എന്നിവയാണ് പുതിയ ബില്ലുകൾ. ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമാണ് ഭാരതീയ ന്യായ സംഹിത. നേരത്തെ 511 സെക്ഷനുകളുണ്ടായിരുന്നിടത്ത് ഇനി 356 സെക്ഷനുകളാണ് ഈ വിഭാഗത്തിൽ ഉണ്ടാവുക. 175 വകുപ്പുകൾ ഭേദഗതി ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. ക്രിമിനൽ നടപടിച്ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വരും. ഇന്ത്യൻ എവിഡൻസ് ആക്ടിന് പകരമായിരിക്കും ഭാരതീയ സാക്ഷ്യം. ഈ ബില്ലുകൾ പിന്‍വലിക്കേണ്ടതാണ്. അതുപോലെ മതപരിവർത്തനത്തെക്കുറിച്ചുള്ള എല്ലാ സംസ്ഥാന നിയമങ്ങളും പിൻവലിക്കണം. ഗോവധ നിരോധന ബില്ലിലെ വ്യവസ്ഥകൾ ലഘൂകരിക്കേണ്ടതാണ്. ജാമ്യം കൂടാതെ ജയിലലടയ്ക്കപ്പെടാനുള്ള സാധ്യത ഉണ്ട്. ജനന-മരണ രജിസ്‌ട്രേഷൻ (ഭേദഗതി) നിയമം,ഡിജിറ്റൽ പേഴ്‌സനൽ ഡേറ്റ സംരക്ഷണ നിയമം, ബയളോജിക്കൽ ഡൈവേഴ്‌സിറ്റി (ഭേദഗതി) നിയമം (2023), പ്രസ്സ് ആന്റ് രജിസ്‌ട്രേഷൻ ഓഫ് പിരിയോഡിക്കൽസ് ബിൽ (2023) തുടങ്ങിയവ ഉടൻ പിൻവലിക്കണം. കൂടാതെ  ഇലക്ഷൻ കമ്മീഷന്റെ സ്വതന്ത്രപദവിയെ ഹനിക്കുന്ന എല്ലാ നീക്കങ്ങളും റദ്ദുചെയ്യുകയും സുപ്രീംകോടതിയുടെ കോളെജിയം സംവിധാനം നിലനിറുത്തുകയും വേണം.


ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പ്രക്ഷോഭം ഇതുകൊണ്ടുമാത്രം അവസാനിക്കുന്നില്ല. സർക്കാരും ഭരണകൂടവും മാറിയാലും പൗരന്മാരുടെ അജണ്ട മുമ്പോട്ടുകൊണ്ടുപോകേണ്ടതാണ്. നമ്മുടെ പ്രതിപക്ഷവും ഒത്തിരി കാര്യങ്ങൾ തിരുത്തേണ്ടതുണ്ട്. നമുക്ക് വേറൊരു സാധ്യതയില്ല. ജനഹിതത്തിനാണ് നാം മുൻഗണന നല്കേണ്ടത്. അതാണ് ഇക്കാലത്ത് നാം ചെയ്യേണ്ടത്. ഒടുവിൽ, ദീർഘകാലയളവിൽ, തിരഞ്ഞെടുപ്പിലും, ജുഡീഷ്യറിയിലും, വിദ്യാഭ്യാസത്തിലും, ഭരണത്തിലും പരിഷ്‌ക്കാരങ്ങൾ കൊണ്ടുവരണം. സുതാര്യവും പ്രതികരിക്കുന്നതും ജനങ്ങളോട് ഉത്തരവാദിത്വവുമുള്ള രാഷ്ട്രീയമാറ്റത്തിനു വേണ്ടിയാവണം നമ്മുടെ യജ്ഞം. ഇതു സംഭവിക്കണമെങ്കിൽ പൈശാചികശക്തികളെ അമർച്ചചെയ്യേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ പോരായ്മകൾ അങ്ങനെ പരിഹരിക്കാനാവും.


മൊഴിമാറ്റം: മാത്യു കുരിശുംമൂട്ടിൽ