സ്കെച്ച് – സുരേന്ദ്രൻ മങ്ങാട്ട്

കഥ


    ഹോട്ടലിലെ ഒന്നാം നിലയിൽനിന്ന് പുറംകാഴ്ചകൾ കാണാവുന്നരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ടേബിളിനടുത്തുള്ള കസേരകളിൽ ഒന്നിൽ തന്നെയങ്ങോട്ട് ക്ഷണിച്ച ആളെയും കാത്തിരിക്കുകയായിരുന്നു അയാൾ. താഴെ ഹോട്ടലിന്റെ വിശാലമായ കാർ പാർക്കിംഗ് ഏരിയായും ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ടവും പ്രവേശനകവാടംവരെ നീളുന്ന കൃത്യമായ അകലത്തിൽ വളർന്നുനില്ക്കുന്ന അലങ്കാര പനകളും അവിടെനിന്നു ദൃശ്യമാണ്. സന്ധ്യാസമയം ആയിരിക്കുന്നു. തന്റെ മൊബൈൽ ഫോണിലേക്ക് വന്ന അപരിചിതന്റെ വിളി ഒരു ലാൻഡ് ഫോണിൽനിന്ന് ആയതുകൊണ്ട് പിന്നീട് ബന്ധപ്പെടാൻ തോന്നിയില്ല. കാത്തിരിപ്പ്‌ അധികം നീണ്ടില്ല. തന്നെ വീക്ഷിച്ചുകൊണ്ട് ഒരു യുവാവ് കൈയിൽ കറുത്ത സ്യൂട്ട്കേസുമായി നടന്നുവരുന്നതുകണ്ട് അയാൾ ഇരിപ്പിടത്തിൽനിന്ന്‍ എഴുന്നേറ്റു.


“ബാല…”


ഗുഹാന്തർഭാഗത്തുനിന്നുത്ഭവിക്കുന്ന താളാത്മകമായ ശബ്ദം.


 “അതെ”


അയാൾ പതിയെ മറുപടി നല്കി. യുവാവിന്റെ വേഷവിധാനങ്ങൾ ആകർഷകമായിരുന്നു. കറുത്ത പാന്റ്സും ഇൻഷർട്ട് ചെയ്ത ഫുൾ സ്ലീവ് ഇളം നീല ഷർട്ടും മുഖത്തുറപ്പിച്ച കണ്ണടയും യുവാവിനെ മാന്യതയുടെ ഉയർന്ന പരിവേഷം നല്കുന്നുണ്ടായിരുന്നു. യുവാവ് തൊട്ടടുത്ത കസേരയിൽ ഇരിക്കവേതന്നെ അയാളോട് ഇരിക്കാൻ കൈകൊണ്ട് ആംഗ്യം നല്കി. തങ്ങളുടെ ടേബിളിന് അടുത്തു വന്ന സപ്ലയറോട് രണ്ടു ചായ ഓർഡർ ചെയ്യുമ്പോൾ അയാൾക്ക് എന്തുവേണമെന്ന് യുവാവ് തിരക്കുകയുണ്ടായില്ല. കുറച്ചുനേരം പരസ്പരം നോക്കിയിരുന്നതല്ലാതെ സംഭാഷണത്തിനു തുടക്കമുണ്ടായില്ല. തൊട്ടടുത്തുള്ള ടേബിളിൽ ആരും ഉണ്ടായിരുന്നില്ല എന്നതുറപ്പിക്കുന്നതുപ്പോലെ യുവാവ് ചുറ്റുപാടും  വീക്ഷിക്കുന്നുണ്ടായിരുന്നു.  നോക്കിയിരിക്കെ, ഒറ്റവാക്കിൽ യുവാവാണ് മൗനം മുറിച്ചത്.


” ഒരു ആവശ്യമുണ്ടായിരുന്നു “


എന്താണെന്ന ഭാവത്തിൽ അയാൾ യുവാവിനെ നോക്കി.


 “ഒരാളെ തീർക്കണം”


യാതൊരു ഭാവഭേദവുമില്ലാതെ യുവാവിൽനിന്നു തെറിച്ചുവീണ വാക്കുകളിൽ, പൊടുന്നനെ അയാൾ ഒന്നു പകച്ചു. ഉള്ളിൽ ഇടിമിന്നലിന്റെ വെള്ളിവെളിച്ചം നാഗരൂപങ്ങളാകുന്നു.എല്ലാം അവസാനിപ്പിച്ചിട്ട് ആറേഴു വർഷമായി.


 “ഞാൻ ആ പണിയൊക്കെ വിട്ടു.”


 അയാളുടെ ശബ്ദം തികച്ചും നിർവികാരമായിരുന്നു. ചെറുപ്പക്കാരൻ മുഖത്തുനിന്നു കണ്ണടയെടുത്ത് അയാളെ നോക്കി.


 “എനിക്കറിയാം, അഞ്ചുവർഷത്തെ ജയിൽജീവിതം കഴിഞ്ഞ് നിങ്ങൾ പുറത്തിറങ്ങി, വിവാഹിതനായി, പിന്നെ ഒറ്റ തിരിഞ്ഞ് നല്ല നടപ്പിൽ ജീവിച്ചു വരുന്നു “


 യുവാവ് പുഞ്ചിരിക്കുന്നുണ്ടോയെന്ന് അയാൾ സംശയിച്ചു. കണ്ണടച്ചില്ലുകൾ തൂവാലകൊണ്ട് തുടച്ച് വീണ്ടും മുഖത്തുറപ്പിക്കുമ്പോൾ യുവാവ് തുടർന്നു.


 “ഇതു ചെയ്യാൻ അനുയോജ്യനായ ആളെ അന്വേഷിക്കുകയായിരുന്നു. പറ്റിയ വ്യക്തി നിങ്ങൾ തന്നെയാണ്. നല്ല പ്രതിഫലം ചോദിക്കാം”.


 സംഭാഷണത്തിനിടയ്ക്ക് ആവി പറക്കുന്ന ചായക്കപ്പുകൾ മേശമേൽ വച്ച് സപ്ലയർ അകന്നു പോയി.


അയാൾ അസ്വസ്ഥനായി. വർഷങ്ങൾക്കുമുമ്പുള്ള മഴയൊരുക്കമുള്ള സന്ധ്യാനേരം. വേട്ടക്കാർ അയാളടക്കം നാലുപേരായിരുന്നു. കാവിൽമുക്കിലെ കാടുപിടിച്ച പറമ്പിനെ നടവഴിയിൽനിന്ന് വേർതിരിക്കുന്ന പഴക്കമുള്ള അരമതിലിൽ ഇരുന്നിരുന്ന രണ്ടു മനുഷ്യരൂപങ്ങളെ ഇപ്പോഴും അയാൾ ഓർക്കുന്നുണ്ട്. ഇരുളിന്റെ നേർത്തപാളികളിൽ കുറ്റിക്കാടുകൾക്കപ്പുറത്തുനിന്ന് ഇരച്ചെത്തിയവരെ മതിൽക്കെട്ടുകളിലെ വെട്ടുകല്ലുകളിലിരുന്നു നേരംപോക്കുന്ന രണ്ടുപേരും ശ്രദ്ധിച്ചില്ല. പുറംതിരിഞ്ഞിരുന്ന ചെറുപ്പക്കാരൻ തലതിരിച്ച് ഭയംനിറച്ച കണ്ണുകളോടെ നോക്കിയതും ആദ്യത്തെ വെട്ട്, തന്റെ കൈവശമുള്ള വടിവാൾകൊണ്ട് നിറന്തലയിൽ ലക്ഷ്യംകണ്ടതും അയാൾക്ക് മുന്നിൽ മായാത്ത മിന്നൽകാഴ്ച്ചയാണ്. മതിലിന് ഉൾഭാഗത്ത് പറമ്പിലെ കൂട്ടിയിട്ട മണൽക്കൂനയിലേക്ക് പിടച്ചിലോടെ വീഴുന്ന ഇരയുടെ ഉമ്മായെന്ന നീട്ടിയുള്ള ദൈന്യതയാർന്ന നിലവിളി കാതിൽ തങ്ങി നില്ക്കുന്നുണ്ട്. വീണ്ടും ആർത്തുകരയാൻ അവസരമില്ലാതെ, തന്നോടൊപ്പം ഉണ്ടായിരുന്ന കാലന്റെ വാളുകൊണ്ടുള്ള വെട്ട് കണ്ഠനാളത്തെ മുറിച്ചിരുന്നു. ചീറ്റിയൊഴുകുന്ന രക്തം ഇരയുടെ നീണ്ട താടിരോമങ്ങളെയും കഴുത്തിനെ പൊതിഞ്ഞ കൈകളെയും നനച്ചു.


തന്നോടൊപ്പമുണ്ടായിരുന്നവൻ നിലത്തുവീണു പിടയുന്നത് നോക്കിയലറികൊണ്ട് മധ്യവയസ്കൻ ഇടവഴിയിലേക്ക് കമിഴ്ന്നടിച്ചു വീണു. പിന്നെ ദേഹം കുടഞ്ഞ് ഉരുണ്ടെഴുന്നേറ്റു കുറ്റിക്കാടുകൾ കടന്ന് ദൂരേക്ക് ഓടിമാറി.


സമീപമൊന്നും ആളനക്കങ്ങൾ ഇല്ലെങ്കിലും ധൃതിപിടിച്ചാണ് നാൽവർസംഘം മടങ്ങിയത്. പ്രത്യാക്രമണങ്ങൾ മറുഭാഗത്ത് നിന്നുണ്ടായാൽ തടയാനുള്ള രണ്ട് ചെറുപ്പക്കാരായ കൂട്ടാളികൾക്ക് ആയുധമെടുക്കേണ്ടി വന്നില്ല.


“സ്കെച്ച് തെറ്റിയെന്ന് തോന്നുന്നു” മുന്നിലായി വേഗതയിൽ നടക്കുന്ന കാലൻ നിരാശാബോധത്തിലായി. അയാൾക്കും അത് തോന്നിയിരുന്നു ഇരയുടെ വായിൽനിന്നു തെറിച്ചു വീഴേണ്ടത് ഉമ്മയെന്ന പദമല്ല. കാവിൽമുക്കിലെ ആളൊഴിഞ്ഞ പറമ്പും കുളവും തോടുകളും കുറ്റിക്കാടുകളും ഇരുൾമൂടിയ ഇടവഴികളും അരമണിക്കൂറോളം ഓടിയും ചാടിയും നടന്നും പിന്നിട്ടു. ടാർറോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കയറുമ്പോൾ, കരിമേഘങ്ങളിൽനിന്ന് ഇടിമിന്നൽ നിലംതൊട്ടു. ഒപ്പം മേഘഗർജനം. ഇപ്പോഴും ആ പ്രകമ്പനങ്ങൾ ഇടയ്ക്കിടെ തലച്ചോറിലൂടെ മൂളിപ്പാഞ്ഞ് അയാളെ അലോസരപ്പെടുത്താറുണ്ട്.


 “ഇത് നിങ്ങൾ ഒറ്റയ്ക്ക് ചെയ്യേണ്ട കൃത്യമാണ്. ആരും കൂടെ ഉണ്ടാകരുത് ”  യുവാവ് വിവരിക്കുകയാണ്.


 തന്റെ തുടക്കക്കാലം ഒറ്റയ്ക്കായിരുന്നു. ചെറിയ കൂലിത്തല്ലുകൾ,വണ്ടിപിടിത്തം എന്നിവ തുടങ്ങി, രാഷ്ട്രീയ ക്വട്ടേഷനുകളുടെ നിർവഹണം ഏറ്റെടുക്കേണ്ടിവന്നപ്പോളാണ് കാലന്റെ വിശ്വസ്ത സഹചാരിയായത്.


കാവിൽമുക്കിലെ കൃത്യം ആളു മാറിയതിൽ ആസൂത്രകർക്ക് നിരാശയുണ്ടായിരുന്നു. തെറ്റിപ്പോയ സ്കെച്ചിന് പിന്നിൽ നിയമം കുരുക്കുമായി കാത്തുനിന്നു. അഞ്ചുവർഷത്തെ ജയിൽവാസത്തിനുശേഷം ഉയർന്ന നീതിപീഠമാണ് അന്വേഷണത്തിലെ സാങ്കേതിക പിഴവുകൾക്ക്, സംശയത്തിന്റെ മറയിട്ടത്. തങ്ങളെ ചൂണ്ടിയ മൊഴികളുടെ രേഖപ്പെടുത്തലുകളിൽ അവിശ്വാസം തിരഞ്ഞുകണ്ടെത്തിയത്. ഒടുവിൽ വെറുതെവിട്ടപ്പോൾ ആസൂത്രകനായ പ്രാദേശികരാഷ്ട്രീയക്കാരൻ ലക്ഷ്യംതെറ്റിയ പകവീട്ടിലിനു കാരണക്കാരൻ എന്ന കുറ്റബോധത്താൽ ജയിലിലെ വെറും തറയിൽ മരണത്തോടൊപ്പം സഹശയനം നടത്തി.