അധികാരവും മാധ്യമങ്ങളും – എം.വി.ബെന്നി
ദിനവൃത്താന്തം
ഉള്ളടക്കം മുഖചിത്രംകൊണ്ട് വ്യാഖ്യാനിക്കുന്ന കലയിൽ പൊതുവിൽ നമ്മുടെ കലാകാരന്മാർ വേണ്ടത്ര നിഷ്ഠ പുലര്‍ത്താറില്ല. രണ്ടും വിപരീതദിശകളിൽ സഞ്ചരിച്ചതിന് സാക്ഷ്യം പറയുന്നുണ്ട് നമ്മുടെ മിക്കവാറും പുസ്തകങ്ങൾ. അപൂർവം ചിലർ ഉള്ളടക്കത്തിന് അനുയോജ്യമായ കവർ ഡിസൈൻ ചെയ്ത് കാര്യങ്ങൾ ധ്വനിസാന്ദ്രമാക്കാറുണ്ട്. എങ്കിലും അത്തരം അനുഭവങ്ങൾ വളരെ കുറവാണ്. ഒരു ചെറിയ ഉദാഹരണം കുറിക്കാം.
‘ഓറിയന്റലിസം’ എന്ന പുസ്തകംകൊണ്ട് ധൈഷണികലോകത്തെ പിടിച്ചുകുലുക്കിയ വിഖ്യാത എഴുത്തുകാരനാണ് എഡ്വേര്‍ഡ് സെയ്ദ്. ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരും വിമര്‍ശകരും ഉണ്ടായിരുന്നു. കുരിശുയുദ്ധത്തിൽ പരാജയപ്പെട്ട യൂറോപ്യന്മാർ ബൗദ്ധികയുദ്ധംവഴി എങ്ങനെയെല്ലാമാണ് ലോകാധിപത്യം തിരിച്ചുപിടിച്ചതെന്ന് വിശദീകരിക്കുകയാണ് ‘ഓറിയന്റലിസം’. ഈ ദിശയിലുള്ള തന്റെ അന്വേഷണങ്ങള്‍ക്ക് പ്രേരണയായത് മലയാളിയായ സര്‍ദാർ കെ.എം.പണിക്കർ രചിച്ച ‘ഏഷ്യ ആന്‍ഡ് ദ വെസ്റ്റേണ്‍ ഡോമിനന്‍സ്’ എന്ന പുസ്തകമാണെന്നും സെയ്ദ് പറഞ്ഞിട്ടുണ്ട്. സായുധയുദ്ധത്തിൽ തോറ്റ യൂറോപ്യൻജനത പുതിയ യുദ്ധമുന്നണി തുറന്നത് ബൗദ്ധിക മേഖലയിൽ ആയിരുന്നു. സംസ്കാരത്തിന്റെ ഏതെല്ലാം മേഖലകളിൽ ഇടപെടാൻ കഴിയുമോ, ആ മേഖലകളിലെല്ലാം അവർ ആസൂത്രിതമായി ഇടപെട്ടു. അതിൽ അവർ വിജയിച്ചപ്പോൾ ലോകാധിപത്യം അവരുടെ കൈയിൽ തിരിച്ചെത്തി. അതിനുമുമ്പുള്ള മാധ്യമങ്ങളല്ല അതിനു ശേഷമുള്ള മാധ്യമങ്ങൾ. മറ്റെല്ലാ അധികാരകേന്ദ്രങ്ങളെക്കാളും മുമ്പിലോ ഒപ്പമോ ആണ് ഇന്ന് മാധ്യമങ്ങൾ.
സെയ്ദിലേക്ക് തിരിച്ചുവരാം. അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമായ ‘കവറിങ് ഇസ്ലാമി’ന്റെ കവര്‍ചിത്രം ശ്രദ്ധിച്ചിട്ടുണ്ടോ. ഒരു ഇസ്ലാമിക തീവ്രവാദി കെട്ടിടത്തിനു മുകളിലിരുന്ന് തോക്കുചൂണ്ടുമ്പോൾ അയാളുടെ തൊട്ടടുത്തിരുന്ന് ഒരു പാശ്ചാത്യ മാധ്യമപ്രവര്‍ത്തകൻ അയാളുടെ ഫോട്ടോ എടുക്കുന്നു. രണ്ടുപേരുടെ കൈയിലും ആയുധമുണ്ട്. ഒരാളുടെ കൈയിൽ തോക്കാണെങ്കിൽ മറ്റെയാളുടെ കൈയിൽ അതിനെക്കാൾ മൂര്‍ച്ചയുള്ള ആയുധമാണ്. മാധ്യമപ്രവര്‍ത്തകന്റെ കൈയിലിരിക്കുന്ന ക്യാമറ തോക്കിനെക്കാൾ ശക്തമായ ആയുധമാണെന്ന് പുസ്തകത്തിന്റെ കവര്‍ചിത്രം സൂചിപ്പിക്കുന്നു.
രാജാധിപത്യം ജനാധിപത്യത്തിലേക്ക് പരിവര്‍ത്തനപ്പെട്ടപ്പോൾ അധികാരിക്ക് നല്ല പ്രതിച്ഛായ ആവശ്യമായി വന്നു. രാജാധിപത്യത്തിന്റെ കാലത്തും രാജാക്കന്മാരെ സ്തുതിക്കാൻ അവർ സ്തുതിപാഠകരെ നിയമിച്ചിരുന്നു. ജനാധിപത്യം വന്നപ്പോൾ ഭരണാധികാരി ആകണമെങ്കിലും കിട്ടിയ അധികാരം നിലനിറുത്തണമെങ്കിലും അധികാരിക്ക് ജനങ്ങളുടെ വോട്ടുവേണം. നേരിട്ടു പരിചയമുള്ളതുകൊണ്ടല്ല പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആരാകണമെന്ന് നമ്മൾ തീരുമാനിക്കുന്നത്. അവര്‍ക്കല്ല, അവരുടെ പ്രതിച്ഛായയ്ക്കാണ് നമ്മുടെ വോട്ട്. അതുകൊണ്ടാണ് ഇതു പ്രതിച്ഛായനിർമാണ കലയുടെ കാലമാണെന്ന് പറയുന്നത്. അധികാരിയാകാന്‍ ആഗ്രഹിക്കുന്നയാൾ യഥാർഥത്തിൽ എങ്ങനെയുള്ള ആളായാലും കുഴപ്പമില്ല, അയാളുടെ പ്രതിച്ഛായയ്ക്കാണ് നമ്മൾ വോട്ടുചെയ്യുന്നത്. കെ.ജി.ശങ്കരപ്പിളയുടെ ‘പല പോസിലുള്ള ഫോട്ടോകൾ’ എന്ന കവിതകൂടി ചേര്‍ത്തുവച്ച് വായിച്ചാൽ ചിത്രം കൂടുതൽ തെളിയും.
വലിയ മാധ്യമങ്ങൾ മുതൽ സോഷ്യൽമീഡിയ വരെ, നമ്മളെല്ലാവരും പ്രതിച്ഛായനിർമാണ ഫാക്റ്ററിയിൽ രാപകലില്ലാതെ കഠിനമായി പണിയെടുക്കുകയാണ്. ഇഷ്ടപക്ഷത്തിന്റെ പ്രതിച്ഛായ ഊതിപ്പെരുപ്പിക്കാൻ പാടുപെട്ടും ഇഷ്ടമില്ലാപക്ഷത്തിന്റെ പ്രതിച്ഛായ മലിനമാക്കാൻ പരിശ്രമിച്ചും നമ്മൾ ജീവിക്കുന്നു. എങ്കിലും എല്ലാ മാധ്യമങ്ങളും ഒരേസമയം സമൂഹത്തിൽ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ആര്‍ക്കും ഒന്നും ഒളിച്ചുവയ്ക്കാൻ കഴിയില്ല. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന വേദപ്രമാണം സ്വന്തംകാര്യത്തിലും നടപ്പിലാക്കിക്കിട്ടണമെന്ന് വാശിയുള്ള ചില ആശയധാരകളും അതിന്റെ പ്രയോക്താക്കളും ഇന്നും ലോകത്തുണ്ട്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ആ രാജ്യങ്ങളിൽ അചിന്ത്യം.
പഴയ കമ്മ്യൂണിസ്റ്റ് റഷ്യ തകരുമ്പോൾ അവര്‍ക്ക് പതിനഞ്ച് ദശലക്ഷം പാര്‍ട്ടി മെമ്പര്‍മാരും ഏഴ് പതിറ്റാണ്ടിന്റെ ഭരണപരിചയവും ഉണ്ടായിരുന്നു. സര്‍ക്കാരിന് അലോസരമുണ്ടാക്കുന്ന മാധ്യമങ്ങളും ഉണ്ടായിരുന്നില്ല. എന്നിട്ടും റഷ്യയിൽ കമ്മ്യൂണിസ്റ്റ് ഭരണം തകര്‍ന്നു. അവിടെ മാത്രമല്ല, റഷ്യയുടെ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്ന സാമന്തരാഷ്ട്രങ്ങളിലും ഭരണം തകര്‍ന്നു. പഠിക്കാൻ പാഠങ്ങൾ പലതുമുണ്ട്.
മാധ്യമങ്ങൾ വിതരണം ചെയ്യുന്ന കഥകൾ മാത്രം ഭക്ഷിച്ചല്ല ഒരു രാജ്യത്തും ജനങ്ങൾ ജീവിക്കുന്നത്. മാധ്യമങ്ങൾ പറയുന്നതായാലും സര്‍ക്കാർ പറയുന്നതായാലും അതിന് വിപരീതമാണ് സ്വന്തം അനുഭവമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടാൽ അവിടങ്ങളിൽ വിശ്വാസത്തകര്‍ച്ച ഉറപ്പ്. ജനങ്ങളിൽ അവിശ്വാസം സൃഷ്ടിച്ച ഭരണകൂടങ്ങൾ കൊഴിഞ്ഞുപോകും. സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും മുകളിലാണ് സത്യം. അതുകൊണ്ട്, മാധ്യമങ്ങൾ അധികാരസ്ഥാപനങ്ങളെ വിമര്‍ശിക്കുന്നതും അധികാരസ്ഥാപനങ്ങൾ മാധ്യമങ്ങളെ വിമര്‍ശിക്കുന്നതും സ്വാഭാവികം. അവരുടെ പരസ്പര വിമര്‍ശനങ്ങൾ സത്യം കണ്ടെത്താൻ ജനങ്ങളെ സഹായിക്കും. സത്യം നമ്മളെ സ്വതന്ത്രരാക്കും എന്ന പ്രതീക്ഷയിലാണല്ലോ നല്ല മനുഷ്യർ ഭൂമിയിൽ ജീവിക്കുന്നത്.
ഭൂമിയിൽ പത്രമുണ്ടായ കഥ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ‘വൃത്താന്തപത്രപ്രവര്‍ത്തനം’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘രാജ്യകാര്യരഹസ്യങ്ങൾ വെളിപ്പെടുത്തുന്നവരിൽ തല്പരരായിരുന്ന ചില ഉപജാപകന്മാർ ആവക രഹസ്യങ്ങൾ കടലാസിൽ എഴുതി ആവശ്യക്കാര്‍ക്കു വിറ്റിരുന്നു. സര്‍ക്കാരിന്റെ നിരോധനം ഉണ്ടായിരുന്നിട്ടും അവരുടെ പ്രവൃത്തിക്കു പ്രാബല്യമാണ് ഉണ്ടായത്. ക്രമേണ ജനങ്ങള്‍ക്ക് വര്‍ത്തമാനങ്ങൾ അറിവാൻ കൗതുകം വർധിച്ചുകാണുകയാൽ, അവർ പത്രം അച്ചടിച്ചു പുറപ്പെടുവിക്കാനും തുടങ്ങി. ഇങ്ങനെയാണ് ലോകത്തിലെ ആദിമ വൃത്താന്തപത്രമായ ‘പെക്കിങ് ഗജെറ്റ്’ പ്രചാരപ്പെട്ടത്.’
പറഞ്ഞിട്ട് കാര്യമില്ല, പ്രതപ്രവര്‍ത്തനം തുടങ്ങിയതുതന്നെ രഹസ്യങ്ങൾ പരസ്യമാക്കാനാണ്. വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെടരുതെന്ന നാട്ടുമൊഴിപോലെ അധികാരസ്ഥാപനങ്ങളുടെ വെല്ലുവിളി അവഗണിച്ചാണ് ലോകത്ത് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാം രഹസ്യമാക്കിവയ്ക്കാൻ അധികാരസ്ഥാപനങ്ങൾ ആഗ്രഹിച്ചപ്പോൾ എല്ലാം പരസ്യമാക്കാൻ മാധ്യമങ്ങളും ആഗ്രഹിച്ചു. ഏഷ്യാനെറ്റ് ആയാലും മറുനാടൻ മലയാളിയായാലും അവരെയൊക്കെ നേരെയാക്കാൻ പാടുപെടുന്ന എം.എൽ.എമാരായാലും പഠിക്കാൻ പാഠങ്ങൾ പലതുമുണ്ട്.
തിരുവിതാംകൂർ മഹാരാജാവ് നാടുകടത്തിയതുകൊണ്ട് മാത്രം ചരിത്രത്തിൽ സ്ഥാനം ഉറപ്പിച്ച പ്രതാധിപരാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. ചരിത്രം അന്യഥാ വിസ്മരിക്കപ്പെടുമായിരുന്ന ആ പത്രാധിപരെ നാടുകടത്തിയതുവഴി രാജാവ് അദ്ദേഹത്തിന്റെ മാറിൽ മായാത്ത കീര്‍ത്തിമുദ്രയാണ് അണിയിച്ചത്, അങ്ങനെയല്ല രാജാവ് ഉദ്ദേശിച്ചതെങ്കിലും!
സ്വദേശാഭിമാനി പത്രത്തിന്റെ മുഖപ്പേജിൽ ഇങ്ങനെയൊരു മുഖമുദ്ര ആലേഖനം ചെയ്തിരുന്നു,
“ഭയകൗടില്യലോഭങ്ങൾ
വളര്‍ത്തില്ലൊരു നാടിനെ”
എഴുത്തിന് എഴുത്താണ് മറുപടി. പ്രസംഗത്തിന് പ്രസംഗമാണ് മറുപടി. അവര്‍ക്ക് മാധ്യമങ്ങൾ ഉള്ളതുപോലെ മറുപടി പറയാൻ നിങ്ങള്‍ക്കും മാധ്യമങ്ങൾ ഉണ്ടല്ലോ. അതിനും മുകളിലോട്ട് പ്രശ്നങ്ങൾ ഉണ്ടായാൽ തര്‍ക്കം തീര്‍ക്കാൻ രാജ്യത്ത് കോടതികളും ഉണ്ട്. ആരും വെടിക്കെട്ടുകാരന്റെ പട്ടിയെ വെറുതെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത്.
ഭാഗ്യവാനായ മനുഷ്യനെ തേടുമ്പോൾ
മരണം കഴിയുംവരെ ഒരാളെയും ഭാഗ്യവാനെന്ന് വിശേഷിപ്പിക്കരുത്. ജീവിതം മുഴുവൻ മറ്റുള്ളവര്‍ക്ക് അര്‍ച്ചന ചെയ്യാൻ ഓടിനടന്ന മനുഷ്യനായാലും ചിലപ്പോൾ അന്ത്യദിനങ്ങൾ ക്ലേശകരമാകാം. മരണത്തിന് തൊട്ടുമുമ്പുള്ള ഉമ്മന്‍ചാണ്ടിയുടെ ദിവസങ്ങൾ നിങ്ങള്‍ക്കും ഓര്‍മയുണ്ടാകുമല്ലോ.
നല്ലതുചെയ്താൽ നല്ലതുവരും എന്ന വിശ്വസത്തിൽ അടിയുറച്ചാണ് ഏതു സമൂഹവും മുന്നോട്ട് നീങ്ങുന്നത്. മറിച്ച്, നല്ലതുചെയ്താൽ മോശം ഫലം ഉണ്ടാകും എന്ന് പ്രചരിപ്പിച്ച് ഒരു സമൂഹത്തിനും മുന്നോട്ട് നീങ്ങാൻ കഴിയില്ല. അതുകൊണ്ട് നമ്മളും വിശ്വസിക്കുന്നു, നല്ലതുചെയ്താൽ നല്ലതുവരും.
എങ്കിലും ജീവിതനാടകം എപ്പോഴും അങ്ങനെയാകണമെന്നില്ല. വേദനിച്ചു മരിച്ച ഒരുപാട് നല്ലമനുഷ്യർ എല്ലാ മതങ്ങളിലും ഉണ്ട്, എല്ലാ പാര്‍ട്ടികളിലും. അന്ത്യദിനങ്ങളിൽ ശ്രീനാരായണഗുരു വേദനിച്ചു നിലവിളിക്കുന്നത് കുറ്റിപ്പുഴ കൃഷ്ണപിള്ള ‘സ്മരണമഞ്ജരി’യിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവം ശ്രീനാരായണഗുരുവിനോട് പ്രവര്‍ത്തിച്ച അനീതിയിൽ പ്രതിഷേധിച്ചാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള യുക്തിവാദിയായി മാറുന്നത്. അതല്ല, മതങ്ങൾ പിന്തുടരുന്ന യുക്തി. ജനനംപോലെ മരണവും ഒരു പ്രഹേളികയാണ്.
അതുകൊണ്ട് ടോള്‍സ്റ്റോയ് ഏഴുതിയ ചെറുനോവൽ ‘ഇവാൻ ഇലിയിച്ചിന്റെ മരണം’ ഞാൻ ആവര്‍ത്തിച്ച് വായിക്കുന്നു. എല്ലാം ചിട്ടയായി ചെയ്ത് നീതിപൂർവം ജീവിച്ച ന്യായാധിപൻ ആയിരുന്നു ഇവാൻ ഇലിയിച്ച്. എങ്കിലും അദ്ദേഹത്തിന്റെ ജീവിതം കിഴ്മേൽ മറിയുകയും രോഗബാധിതനായ അദ്ദേഹം നരകിച്ചു മരിക്കുകയും ചെയ്യുന്നു. നല്ല മനുഷ്യര്‍ക്ക് എന്തുകൊണ്ട് ഇങ്ങനെ വേദാനജനകമായ അന്ത്യം എന്ന് ടോള്‍സ്റ്റോയ് വെളിപ്പെടുത്തുന്നില്ല. നൂറ്റാണ്ട് കഴിഞ്ഞിട്ടും പലതരത്തിലുള്ള അന്വേഷണങ്ങള്‍ക്ക് നോവൽ വഴിതുറക്കുന്നു. വായനക്കാർ വീണ്ടും അതു വായിച്ച് ജീവിതമെന്ന പ്രഹേളികയെക്കുറിച്ച് ആലോചിക്കുന്നു.
അന്യര്‍ക്ക് നന്മചെയ്യാൻ ജീവിതം സമര്‍പ്പിച്ച നല്ല മനുഷ്യരുടെ വേദനാജനകമായ അന്ത്യം ഉമ്മന്‍ചാണ്ടിയും ഓർമിപ്പിക്കുന്നു. മരണത്തിന് ശേഷമുള്ള ഉപതിരഞ്ഞെടുപ്പല്ല നമ്മുടെ വിഷയം, മരണത്തിന് മുമ്പുള്ള ജീവിതമാണ്.
വേരുണങ്ങാത്ത വാക്കുകൾ
കാസർഗോട് വെളിച്ചംകണ്ട പുതിയ പുസ്തകമാണ്, ‘വാക്കിന്റെ വടക്കൻ വഴികൾ’. റഹ്മാൻ തായലങ്ങാടി തയാറാക്കിയ പുസ്തകം കാസർഗോട്ടെ കാണാതായ വാക്കുകൾ അന്വേഷിക്കുന്നു.സപ്തഭാഷാ സംഗമ ഭൂമിയാണ് കാസർഗോട്. മലയാളം, കന്നഡ, തുളു, കൊങ്ങിണി, മറാഠി, ബ്യാരി, ഉറുദു എന്നീ ഭാഷകൾ അവിടെ സംസാരിക്കും. എങ്കിലും കുറച്ചുകാലം കാസർഗോട് താമസിച്ചപ്പോൾ വേറേയും ഭാഷകൾ അവിടെ സംസാരിക്കുന്നുണ്ടെന്ന് മനസ്സിലായി. കൊറഗ ഭാഷ, കോപ്പാള ഭാഷ, മാവില ഭാഷ, മാദിഗ ഭാഷ തുടങ്ങി പലതും. ഭാഷാവൈവിധ്യങ്ങളുടെ ഹൃദയഭൂമിയാണ് കേരളത്തിന് കാസർഗോട്.
അച്ചടിമലയാളവും ടെലിവിഷൻമലയാളവും സര്‍വത്രികമായപ്പോൾ കേരളത്തിൽ എല്ലായിടങ്ങളിൽ നിന്നും നാട്ടുമലയാളം പിന്‍വലിഞ്ഞു. നാട്ടുമലയാളം മുഴങ്ങുന്ന വാക്കുകൾ ഇപ്പോഴും കേള്‍ക്കണമെങ്കിൽ നിങ്ങൾ കാസർഗോട് പോകണം. നമ്മുടെ ക്ലോസ് ഫ്രണ്ട്സ് അവര്‍ക്ക് ലങ്കോട്ടിദോസ്താണ്. കന്നഡക്കാരുടെ ഹള്ളിയാണ് അവരുടെ അള്ളി. മാപ്പിളപ്പാട്ടുകളിൽ ഉപയോഗിക്കാൻ പറ്റിയ ഇരുന്നൂറിലേറെ വാക്കുകൾ ഉണ്ടെങ്കിലും വെറും 134 വാക്കുകൾ ഉപയോഗിച്ചാണ് അവർ ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകൾ സൃഷ്ടിക്കുന്നത് വേരുണങ്ങാത്ത അത്തരം വാക്കുകൾ തേടിപ്പിടിച്ച് നമ്മളെ പരിചയപ്പെടുത്തുകയാണ് റഹ്മാൻ.ഇതൊരു ലിന്‍ഗ്വിസ്റ്റ് ഏഴുതിയ ഗവേഷണ ഗ്രന്ഥമല്ല, ഒരു ജേര്‍ണലിസ്റ്റ് എഴുതിയ ലേഖനങ്ങളാണ്. അതിന്റെ ഗുണവും പരിമിതിയും പുസ്തകത്തിനുണ്ട്. മടുപ്പില്ലാതെ വായിക്കാം.
ഇക്കാലത്തെ ഏറ്റവും വലിയ ലിന്‍ഗ്വിസ്റ്റ് നോം ചോംസ്‌കിയാണ്. അദ്ദേഹത്തെ ഞാൻ കണ്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ പ്രസംഗവും കേട്ടിട്ടുണ്ട്.
കോളെജ് ക്ലാസിൽ ഞങ്ങളെ ലിന്‍ഗ്വിസ്റ്റിക്സ് പഠിപ്പിച്ചത് ഡോ.എം.ലീലാവതിയാണ്. സാഹിത്യനിരൂപണത്തിൽ പ്രശസ്തയാണെങ്കിലും അതിനെക്കാളേറെ പ്രഗത്ഭയാണ് ടീച്ചർ ലിന്‍ഗ്വിസ്റ്റിക്സിൽ. ഞങ്ങളെ പഠിപ്പിച്ച് കണ്ണുതെളിയിക്കണമെന്ന അടങ്ങാത്ത ആവേശവും ടീച്ചര്‍ക്ക് ഉണ്ടായിരുന്നു.
പോയകാലം ഓര്‍ക്കാൻ സുഖമുള്ളതാണ്. അതിന്റെ തിരുശേഷിപ്പുകൾ തേടിപ്പിടിച്ച് കാത്തുസൂക്ഷിക്കുകയാണ് വാക്കിന്റെ വടക്കൻ വഴികൾ.
ആളില്ലാ കോളേജുകൾ
സ്‌കൂളുകളിലെ ഡിവിഷൻ ഫാൾ കേരളത്തിൽ ഇപ്പോഴൊരു വാര്‍ത്തയല്ല. പഠിക്കാൻ കുട്ടികൾ ഇല്ലാതെ എത്രയോ സ്‌കൂളുകൾ അടച്ചുപൂട്ടി. പ്രവര്‍ത്തിക്കുന്ന സ്കൂളുകളിൽ പലതിലും ഡിവിഷനുകളും കുറഞ്ഞു. രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ ചേര്‍ക്കാൻ മടിക്കുന്ന പഴയ കാലമല്ല. പണ്ട്, ധാരണ ഉള്ളതുകൊണ്ടും ധാരണ ഇല്ലാത്തതുകൊണ്ടും കുട്ടികളെ സ്കൂളിൽ ചേര്‍ക്കാൻ രക്ഷിതാക്കൾ മടിച്ചിരുന്നു. മഹാകവി ബാലാമണിയമ്മ സ്‌കൂളിൽ പഠിച്ചിട്ടില്ല. ആവശ്യമുള്ള കാര്യങ്ങൾ അവർ വീട്ടിലിരുന്ന് പഠിക്കുകയായിരുന്നു. ദാരിദ്ര്യംകൊണ്ടും വിദ്യാഭ്യാസത്തെ കുറിച്ചുള്ള അജ്ഞതകൊണ്ടും കുട്ടികളെ സ്‌കൂളിൽ അയയ്ക്കാത്ത രക്ഷിതാക്കളും പണ്ടുണ്ടായിരുന്നു. സര്‍ക്കാർ സ്‌കൂളുകളിലെ അനാകര്‍ഷകമായ അന്തരീക്ഷംകൊണ്ടാണ് സ്കൂളുകളിൽ കുട്ടികൾ കുറയുന്നതെന്ന ധാരണയിൽ സംസ്ഥാന സര്‍ക്കാർ നന്നായി പണംമുടക്കി സ്കൂൾ കെട്ടിടങ്ങൾ ആകര്‍ഷകമാക്കി. എന്നിട്ടും ഈവര്‍ഷം സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു. സര്‍ക്കാർ സ്‌കൂളുകളിലും സര്‍ക്കാർ ശമ്പളം നല്കുന്ന എയിഡഡ് സ്‌കൂളുകളിലും കുട്ടികളുടെ എണ്ണം കുറയുന്നു. ഇതൊന്നും ജനസംഖ്യ വല്ലാതെ കുറഞ്ഞതുകൊണ്ടുണ്ടായ പ്രശ്നങ്ങളുമല്ല. സെന്‍ട്രൽ സിലബസ് പിന്തുടരുന്ന സ്കൂളുകളുടെ ഗുണപരമായ വെല്ലുവിളി നേരിടാൻ സ്റ്റേറ്റ് സിലബസ് പിന്തുടരുന്ന നമ്മുടെ വിദ്യാലയങ്ങള്‍ക്ക് കഴിയുന്നില്ല എന്നതാണ് പ്രശ്നം. കേരളത്തിന്റെ വിദ്യാഭ്യാസചരിത്രം സുപ്രധാനമായ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ വര്‍ഷം കേരളത്തിലെ സര്‍ക്കാർ കോളെജുകളിലും സ്വകാര്യ കോളെജുകളിലും പഠിക്കാൻ ആവശ്യത്തിന് കുട്ടികളെ കിട്ടിയില്ല. മെറിറ്റ് സീറ്റിലും ആളില്ല, മാനേജ്‌മെന്റ് സീറ്റിലും ആളില്ല.
കുട്ടികൾ പഠിക്കാൻ കടല്‍കടന്ന് വിദേശങ്ങളിലേക്ക് പറക്കുകയാണ്. അത്രയും മെച്ചപ്പെട്ട അന്തരീക്ഷമോ തൊഴിൽസാധ്യതകളോ കേരളത്തിൽ ഇല്ല. പോരാത്തതിന്, പുരാവസ്തുവകുപ്പിനെ അനുസ്മരിപ്പിക്കുന്ന നമ്മുടെ പഴഞ്ചാണ്ടി സിലബസും. കാണാൻ കണ്ണുള്ളവർ കാണട്ടെ, കേള്‍ക്കാൻ ചെവിയുള്ളവർ കേള്‍ക്കട്ടെ!
ഗണപതിയും ഷംസീറും
ഇന്ത്യൻ ഗണിതപാരമ്പര്യത്തിന്റെ മഹത്വം ലോകത്തെ ബോധ്യപ്പെടുത്തിയ പുസ്തകമാണ്, ‘Crest of the Peacock’. പുസ്തകം എഴുതിയ ജി. ജി. ജോസഫ്, സ്വാതന്ത്ര്യസമര സേനാനി ബാരിസ്റ്റർ ജോര്‍ജ് ജോസഫിന്റെ പേരക്കുട്ടിയാണ്. കേരളീയ ഗണിതപാരമ്പര്യം മനസ്സിലാക്കാനും ലോകം ഉറ്റുനോക്കുന്ന ഗണിതപണ്ഡിതനാണ് അദ്ദേഹം. ലോകപ്രശസ്തൻ.
മയിലുകളുടെ തലയിലെ മനോഹരമായ ശിഖപോലെയും പാമ്പുകളുടെ ഫണത്തിലെ രത്നംപോലെയും ഗണിതം വേദാംഗങ്ങളായ ശാസ്ത്രങ്ങളുടെ മൂര്‍ധാവിലാണ് സ്ഥിതിചെയ്യുന്നത് എന്നര്‍ത്ഥം വരുന്ന പഴയൊരു സംസ്കൃത ശ്ലോകമുണ്ട്. അതിൽനിന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം വന്നത്. സാഹിത്യത്തിന് കവിതപോലെയാണ്, ശാസ്ത്രത്തിന് ഗണിതം.
എങ്കിലും നമ്മുടെ വിഷയം ജി. ജി. ജോസഫ് അല്ല, ബാരിസ്റ്റർ ജോര്‍ജ് ജോസഫ് ആണ്.വൈക്കം സത്യാഗ്രഹം നടക്കുമ്പോൾ, സമരത്തെ പിന്തുണക്കാൻ സിഖുകാരും ബാരിസ്റ്റർ ജോര്‍ജ് ജോസഫും എത്തിയിരുന്നു. പക്ഷേ, ഗാന്ധിജി അവരെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. സമരകാരണം ഹിന്ദുക്കളുടെ ആഭ്യന്തര വിഷയമായതുകൊണ്ട് സമരം തുടരാനുള്ള ധാർമിക ഉത്തരവാദിത്വം ഹിന്ദുക്കള്‍ക്ക് മാത്രമാണെന്ന് ഗാന്ധിജി കരുതി. എങ്കിലും അതൊരു മനുഷ്യാവകാശ പ്രശ്നം ആയതുകൊണ്ട് ആര്‍ക്കും ഇതിൽ ഇടപെടാമെന്ന് ബാരിസ്റ്റർ ജോര്‍ജ് ജോസഫും വാദിച്ചു.
അവർ തമ്മിൽ വഴിപിരിയുന്നത് അവിടം മുതല്‍ക്കാണ്. ഇതു വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി വര്‍ഷം.
ഒരു മതത്തിന്റെ ആഭ്യന്തരവിഷയങ്ങളിൽ മറ്റുമതസ്ഥർ ഇടപെടുന്നത് പണ്ടും ഇപ്പോഴും സ്വാഗതം ചെയ്യപ്പെടാറില്ല. അങ്ങനെയൊരു പരിമിതി നമ്മുടെ സമുഹത്തിനുണ്ട്.
ബാരിസ്റ്റർ പറഞ്ഞത് ശരിയായിരുന്നെങ്കിലും ഇന്ത്യൻ മനസ്സ് കൂടുതൽ മനസ്സിലാക്കിയത് ഗാന്ധിജി ആയിരുന്നു. ഒടുവിൽ ഗാന്ധിജി മഹാത്മാവ് ആകുകയും പരിത്യക്തനായ ബാരിസ്റ്റർ ജോര്‍ജ് ജോസഫ് വിസ്മരിക്കപ്പെടുകയും ചെയ്തു.
സ്പീക്കർ ഷംസീറിന്റെ ഗണപതി വിവാദ ശതാബ്ദിയിലും ഭക്തന്മാർ ഗണപതിയെ ആരാധിക്കുന്നുണ്ടാകും, പക്ഷേ, ഷംസീർ വിസ്മരിക്കപ്പെടുകയും ചെയ്യും എന്നത് ചരിത്രത്തിന്റെ ഫലിതം.