ഇ.പി.രാജഗോപാലൻ – ഇരട്ടകൾ

ചേർച്ച


അമ്മു എന്നാണ് മകളുടെ പേര്. അവൾ ഇരട്ടക്കുട്ടികളുടെ അമ്മയായ നിമിഷത്തിൽ ഞാൻ മാണിയാട്ടെ വീട്ടിലായിരുന്നു. ഒന്നര-രണ്ട്  മണിക്കൂറിനുള്ളിൽ കാസർഗോട്ടെ ആശുപത്രിയിൽ എത്തി.  അമ്മു പ്രസവമുറിയിൽനിന്ന് പുറത്തെത്തിയിരുന്നില്ല. അവളുടെ അമ്മമ്മ നേഴ്സിനോട് ഞങ്ങൾ ആരാണെന്ന് പറഞ്ഞപ്പോൾ  കുട്ടികളെ കാണിക്കാൻ   തയാറായി. രണ്ടാളെയും ഒരുമിച്ച് കൊണ്ടുവരുമെന്നാണ് വിചാരിച്ചത്. ഇരട്ടക്കാഴ്ചക്കായി കാത്തുനിന്നു.


വാതിൽ തുറന്നു.  ഒരു കുട്ടിയുമായി നേഴ്സ് ഒരടി മുന്നോട്ടു വന്നു. സന്ധ്യയാണ്. വിളക്കിന്റെ വെളിച്ചത്തിൽ  കുഞ്ഞിനെ കണ്ടു. പെട്ടെന്ന് ഉത്കണ്ഠയായി. മറ്റേക്കുട്ടി എങ്ങനെയായിരിക്കും?  കുട്ടിയുമായി ഉള്ളിലേക്ക് മടങ്ങിയ  നേഴ്സ് ഒട്ടും വൈകാതെ  പുറത്തുവന്നു. രണ്ടാമത്തെ കുട്ടിയെ കണ്ടത് ആദ്യത്തെ കുട്ടിയെ കണ്ടതു പോലെയായിരുന്നില്ല എന്ന് ഉറപ്പാണ്.  താരതമ്യം ചെയ്തുപോയതിൽ ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തി.  ഒരു കുട്ടി സാധാരണ വലുപ്പത്തിലും മറ്റയാൾ നന്നേ മെലിഞ്ഞിട്ടുമായിരുന്നു.  നിറത്തിലും  ഒരേ പോലെയായിരുന്നില്ല. മുഖാകൃതിയിലും വ്യത്യസ്തരായിരുന്നു.


വംശത്തുടർച്ചയുടെ ചിന്തയ്ക്കൊപ്പം


ആശുപത്രി വരാന്തയിലെ ചാരുബെഞ്ചിലിരുന്നു.  ഈ കുട്ടികൾ ജീവിതത്തിലുടനീളം  താരതമ്യം ചെയ്യപ്പെടൽ എന്ന പ്രക്രിയയ്ക്ക് വിഷയമാവാൻ നല്ല സാധ്യതയുണ്ടല്ലോ എന്ന തോന്നൽ എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.  സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും  അനുഭവത്തിനു മേൽ അപ്പോൾ ആ ചിന്ത വന്നുകൂടാത്തതാണ്.  പക്ഷേ, അതു വന്നു പോയി. കുറേ നേരത്തേക്ക് അതു വിട്ടു പോയില്ല. ഞാൻ സ്വയം ശാസിച്ചു കൊണ്ടിരുന്നു. നിറം,തടി,പെരുമാറ്റം,പഠിപ്പ്,  പരീക്ഷയിലെ മാർക്ക്, തൊഴിൽ …… എണ്ണമറ്റ കാര്യങ്ങളിൽ    ഈ കുട്ടികൾ എപ്പോഴും  താരതമ്യം ചെയ്യപ്പെടുമല്ലോ എന്ന വിചാരം ശാസനയ്ക്കപ്പുറം നിലക്കൊണ്ടു.


അപ്പോൾ (മാധു എന്നും, കേശു എന്നും  പിന്നീട് പേര് കിട്ടിയ)  അവർ ഒരേപോലുളള (identical) ഇരട്ടകൾ അല്ലല്ലോ എന്ന കാര്യം ചെറിയ ആശ്വാസം തന്നു.  കണ്ണാടിയിൽ കാണുന്നത് പോലുള്ള സാമ്യമുള്ള  ഇരട്ടകളെപ്പറ്റിയുള്ള വിചാരമുണ്ടായി. അവരുടെ ജീവിതലോകത്തെപ്പറ്റിയും മാനസികലോകത്തെപ്പറ്റിയും ആലോചിച്ചു. ഒരാളിന്റെ വ്യക്തിത്വം അതേപോലുള്ള മറ്റെയാളിന്റെ നിലനില്പുകൊണ്ട്  പരിശോധിക്കപ്പെടുന്നതിലെ പ്രശ്നങ്ങൾ ഉണർന്നുവന്നു. ഇരട്ടകളുടെ മാനസികജീവിതം ഒരു സാംസ്കാരിക വിഷയമായി പരിശോധിക്കാനുള്ള  ഗൗരവമുള്ള ഒന്നാണെന്ന് തോന്നി. പഴയ ഒരു ചോദ്യക്കടലാസിൽ വന്ന തമാശക്കവിത  ഓർമയിൽ എത്തി. ഇരട്ടകളിൽ ഒരുവന്റെ  സത്യപ്രസ്താവനയായിരുന്നു  അത്. ഇരട്ടകൾ  എന്ന നിലയിലുള്ള നിലനില്പിന്റെ  ചിത്രം. ‘അവൻ മരിച്ചപ്പോൾ എന്നെ മറവു ചെയ്തു’ എന്ന അവസാനത്തെ വരിയുടെ വിചിത്രമായ സരളത രസിപ്പിക്കുന്നതിന് പകരം പേരിടാനാവാത്ത ഒരു വിചാരത്തിന്റെ മുന്നിലാണ് എത്തിച്ചത് എന്ന് ഓർത്തു.


ഇരട്ടകളെ രംഗത്തവതരിപ്പിച്ച ഒരു മലയാള നാടകം   ഉണ്ട്. എൻ.എൻ. പിള്ളയുടെ ‘ദ ഡബിൾ’. വെറും ഇരട്ടകളല്ല. പറ്റിച്ചേർന്ന് ജനിച്ച് അങ്ങനെത്തന്നെ ജീവിക്കുന്ന  സയാമീസ് ഇരട്ടകൾ.  ആ ആണിരട്ടകൾ  വീട്ടന്തരീക്ഷത്തിലാണ് കഴിയുന്നത്. അവർ വെവ്വേറെയാക്കപ്പെടുന്നുണ്ട്. അതാണ് നാടകത്തിലെ ഒരു പ്രധാന സന്ദർഭം. തങ്ങളിൽനിന്ന് സ്വതന്ത്രരായി അവർ താനും താനുമായി മാറിയെങ്കിലും താന്താങ്ങളുടെ സംഘർഷങ്ങൾക്ക് അറുതിയാവുന്നില്ല. അവരെ ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയ ഡോക്ടർ നാടകത്തിലെ  ഒരു കഥാപാത്രമാണ്. അയാൾക്ക് ലെനിന്റെ രൂപവുമായി നല്ല സാദൃശ്യം ഉണ്ട്.നാടകം കണ്ട് (പയ്യന്നൂർ ഗാന്ധി മൈതാനിയിൽ വെച്ചായിരുന്നു.) വാടകജീപ്പിൽ  തിരിച്ചുവരുമ്പോൾ അച്ഛനോട് എന്റെ കണ്ടുപിടിത്തമെന്നതു പോലെ ഇക്കാര്യം പറഞ്ഞു.  മറുപടി അവിചാരിതമായിരുന്നു :”ഈ നാടകം  ഇന്ത്യൻ കമ്യൂണിസ്ററ് പാർട്ടി പിളർന്നതിനെക്കുറിച്ചാണ് “

അന്നെനിക്ക് പത്തോ പതിനൊനോ വയസ്സേ ഉള്ളൂ.  അച്ഛന്റെ മറുപടി മനസ്സിൽ വച്ചു. പിൽക്കാലം അതിന്റെ അർത്ഥങ്ങൾ മനസ്സിലാക്കിത്തന്നു.  അവയിൽ ഒരർത്ഥം ഇരട്ടകൾ എന്ന കാര്യം പല പല കാര്യങ്ങൾ  പറയാനായി  കലയിലും തത്ത്വചിന്തയിലും ഉപയോഗിക്കാറുണ്ട് എന്നതായിരുന്നു.


എൻ.എൻ.പിള്ളയ്ക്ക്,  തന്റെ നാടകത്തിനായി ‘ദ ഡബിൾ’ എന്നു പേരു കിട്ടിയത് ദസ്തയേവ്സ്കിയുടെ നോവലിന്റെ പേരിൽനിന്നു തന്നെയായിരിക്കണം. 1846-ലാണ് ഈ ചെറിയ നോവൽ റഷ്യൻ ഭാഷയിൽ പ്രസിദ്ധം ചെയ്യുന്നത്. യാക്കോവ് പെട്രോവിച്ച് ഗോല്യാദ്കിൻ പ്രധാന കഥാപാത്രം. ഇയാൾ ഒരു  ഗവൺമെന്റ് ഗുമസ്ഥനാണ്. ചെറുകിട സ്ഥാനം വഹിക്കുന്ന ഒരാൾ. നോവൽ ജീവശാസ്ത്രപരമായ ഇരട്ടകളെപ്പറ്റിയല്ല. ഒരു ദിവസം, മഞ്ഞും കൊടുങ്കാറ്റും ശക്തമായ ദിവസം ഇയാൾ കാഴ്ചയിൽ തികച്ചും  തന്നെപ്പോലെത്തന്നെയുള്ള വേറൊരു ആളെ (exact double) കാണാനിടവരുന്നു. തുടക്കത്തിൽ ചങ്ങാത്തം കാട്ടുന്നുവെങ്കിലും  പ്രകൃതത്തിൽ അയാൾ തന്നെപ്പോലെയല്ല എന്ന്,  തികച്ചും എതിർനിലയിലാണ് എന്ന് ഗോല്യാദ്കിൻ ഖേദത്തോടെ തിരിച്ചറിയുന്നു. രണ്ടാമൻ ഒന്നാമനെ തുടരെ ശകാരിക്കുന്നുണ്ട്. അയാളോട് മൃഗീയമായി പെരുമാറുന്നുണ്ട്. ഈ പെരുമാറ്റം സഹിക്കാനാവാതെ അയാളുടെ മനോനില തകരാറിലാവുന്നു – ഒടുക്കം ചിത്തരോഗാശുപത്രിയിൽ ചെന്നുചേരുന്നു. നിസ്സഹായത, ഇരവത്ക്കരണം,  അപവാദപ്രചരണം തുടങ്ങിയ പ്രമേയങ്ങൾ തീവ്രതയോടെ പ്രത്യക്ഷപ്പെടുന്ന, ഇരുളിമ പടർന്ന് നില്ക്കുന്ന നോവലാണ് ‘ദ ഡബിൾ’. രാഷ്ട്രീയമായും ചരിത്രപരമായും നോക്കിയാൽ  പീറ്ററിന്റെ ഭരണകാലത്തിന്റെ അലിഗറിയായി  ഇതിനെ വായിക്കാൻ കഴിയും. ഒരു വ്യക്തി തന്നെത്തന്നെ രണ്ടായി കാണുന്ന മാനസികാവസ്ഥയുടെ ചിത്രണമാണ് ഇത് എന്നും പറയാം – അതിന്റെ അർത്ഥം ഇതിലെ ഇരട്ടകൾ രണ്ടാളുകൾ അല്ല എന്നാണ്.  ഇരട്ടകൾ എന്നത് സാധാരണമല്ലാത്ത കാര്യമാകയാൽ അതിൽ പ്രതീകാർത്ഥങ്ങൾ കാണാനുള്ള താത്പര്യം കലാപ്രവർത്തകർക്ക്  ഉണ്ടാവും – അങ്ങനെ പറയാൻ തോന്നുന്നു.


ജനപ്രിയ ചലച്ചിത്രങ്ങളിൽ ആവർത്തിച്ചു വരുന്ന പ്രമേയമാണ് ഇരട്ടകളുടെ ജീവിതം.  മലയാളത്തിൽ വന്ന ‘അജയനും വിജയനും’ എന്ന ചിത്രം (1976/സംവിധാനം:ശശികുമാർ,പ്രേoനസീർ ഇരട്ടവേഷങ്ങളിൽ) ഓർമിക്കാം. ഒരു നടന്റെ രണ്ടുതരം പ്രകടനങ്ങൾ കാണാം എന്നതാണ്  ഇമ്മാതിരി ചലച്ചിത്രങ്ങളിലെ പ്രാഥമികമായ കൗതുകം എന്നുവരാം. സൂക്ഷ്മ പരിശോധനയിൽ ഇവയിൽ സാമൂഹികവൈരുധ്യങ്ങളുടെ നിഴലുകൾ വീണു കിടക്കുന്നുണ്ട് എന്നു  കാണാനും കഴിയും.


1988 ൽ പുറത്തുവന്ന Twins എന്ന അമേരിക്കൻ ചലച്ചിത്രത്തിൽ (സംവിധാനം : ഇവാൻ റൈറ്റ്മാൻ )   വിൻസെന്റ്, ജൂലിയസ് എന്നീ ഇരട്ട സഹോദരന്മാരാണ് പ്രധാന കഥാപാത്രങ്ങൾ. ഇവിടെയും വൈരുധ്യങ്ങൾ ഉണ്ടാക്കുന്ന നാടകീയത തെളിയുന്നുണ്ട്. വിൻസെന്റ്  നിഷ്ക്കളങ്കനാണ് – തെരുവിൽ കഴിയുന്ന പാവത്താൻ. ജൂലിയസ് മാന്യനും ബുദ്ധിമാനും ശ്രദ്ധാലുവും കരുത്തനുമാണ്. വലിയ സംഘർഷമൊന്നും ഈ   ചലച്ചിത്രത്തിൽ ഇല്ല. എങ്കിലും ഇരട്ടകളുടെ   രണ്ടു മട്ട് എന്നത്  വിഷയമാകുന്നു.


 “അവൻ എന്റെ കൂടെപ്പിറന്നവൻ….” എന്ന്  തുടങ്ങുന്ന ഒരു മലയാളകഥയുണ്ട്. ഇരട്ടകളുടെ കഥ അവരിലൊരുവൻ പറയുന്നു. കഥയ്ക്ക് ‘ഹോരാ’ എന്ന് പേര്. വാക്യം മുഴുവനായും ഇങ്ങനെയാണ് : “അവൻ എന്റെ കൂടെപ്പിറന്നവൻ, എന്റെ ശത്രുവായി മാറിയത് മുമ്പേ ഞാനറിഞ്ഞിരുന്നു”.


“മുപ്പത്തിയഞ്ചു വർഷം മുമ്പ് അവനും ഞാനും പിറന്നത് ഒരുമിച്ചാണ്. അർധരാത്രിയിൽ ഒരേ നക്ഷത്രത്തിന് കീഴിൽ. ഒരു യുഗപ്പിറവിയാണെന്നു കൂടി കണിയാന്മാർ പറഞ്ഞു.”  ഇങ്ങനെയൊരു ഭാഗം കഥയുടെ രണ്ടാം ഖണ്ഡികയിൽ ഉണ്ട്. 1982-ലാണ് ഈ കഥ പുറത്തുവന്നത്. 1982-ൽനിന്ന് 35 കുറച്ചാൽ  1947 എന്ന് കിട്ടും. സ്വതന്ത്രഇന്ത്യയിലെ മധ്യവർഗസംഘർഷത്തിന്റെ ചിത്രമാണ് കഥ അവതരിപ്പിക്കുന്നത്  (എം.ടി.വാസുദേവൻ നായരുടേതാണ് കഥ). കാര്യമായി തിരഞ്ഞാൽ ഇരട്ടകൾ ഇങ്ങനെ നിരവധി മാനങ്ങളുള്ള  ആഖ്യാനങ്ങൾക്ക് വിഷയമായിട്ടുണ്ട് എന്ന് അറിയാൻ കഴിയും. ഇരട്ടകളെപ്പറ്റിയുള്ള നാടോടിവ്യവഹാരങ്ങൾ തന്നെ വലിയൊരു  ഇടമാണ്.  ആവർത്തിക്കട്ടെ : ഇരട്ടകൾ എന്നത് അപൂർവമല്ല. എങ്കിലും അങ്ങനെയൊന്നിന്റെ  അസാധാരണത്വം നിലനില്ക്കുന്നു.  ഒരാളും മറ്റേയാളും തമ്മിലുളള സംഘർഷത്തിന്റെ പല രൂപങ്ങളാണ് ഇരട്ടകളെ വിഷയമാക്കുന്ന  കഥകളും മറ്റും  അവതരിപ്പിക്കുന്നത്.  സ്നേഹത്തോടെ ജീവിക്കുന്ന  എത്രയോ ഇരട്ടകൾ ഉണ്ട്. (ബോംബെയിൽ ജീവിക്കുന്ന) കുഞ്ഞിക്കണ്ണന് പനി വന്നാൽ ഉറപ്പാണ്, (അയാളുടെ ഇരട്ടസഹോദരനായ, നീലേശ്വരത്ത് കഴിയുന്ന)  കുഞ്ഞികൃഷ്ണന് പനി വരും – ഇങ്ങനെയൊരു  ചൊല്ല് ഞങ്ങളുടെ നാട്ടിൽ ഉണ്ട്. എങ്കിലും സാഹിത്യമടക്കമുള്ള  ആഖ്യാനങ്ങൾ കൂടുതൽ കണ്ടെത്തുന്നത്  ഇരട്ടകളുടെ ശത്രുത എന്ന വിഷയമാണ് . 


ആഖ്യാനങ്ങളിലെ ഇരട്ടകൾ യാഥാർഥ ഇരട്ടകളല്ല. വർഗപരവും വംശപരവുമൊക്കെയായ  എതിരിടലുകളെ  നാടകീകരിച്ച് അവതരിപ്പിക്കാനുള്ള ഒരു ഉപാധിയാണ് കലയിൽ ഇരട്ടകൾ – ഇങ്ങനെയൊരു നിഗമനം സാധ്യമാണ് എന്ന് തോന്നുന്നു.


ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ,  ഇപ്പോൾ  ഒന്നേകാൽ വയസ്സുളള  കേശുവിന്റെയും മാധുവിന്റെയും ഒച്ചകൾ കേൾക്കുന്നുണ്ട്. അവർ നിലത്തിരുന്ന്  കളിക്കുകയാണ്. അവരുടെ സാക്ഷരകാലത്തിനായി ഈ കുറിപ്പ് സൂക്ഷിച്ച് വെക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. അല്ല, ഇരട്ടത്തത്തിലെ സംഘർഷങ്ങൾ അവരെ മുത്തച്ഛൻ ഇങ്ങനെ അറിയിക്കാതിരിക്കുകയാണോ വേണ്ടത് ?  അതൊക്കെ അവർ സ്വയം കണ്ടെത്തുന്നതാണോ  നല്ലത് ?