കത്തുകളിലൂടെയുള്ള യതിയുടെ ജീവിതം

നിത്യചൈതന്യയതിയുമായി കത്തിടപാടുകൾ നടത്തിയില്ലല്ലോ എന്നോർത്ത് ഞാൻ  പലപ്പോഴും സങ്കടപ്പെടാറുണ്ട്. ഞങ്ങൾ തമ്മിൽ നല്ല അടുപ്പമായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും ആർത്തിയോടെ വായിച്ച ഒരു ആരാധകൻ എന്ന നിലയിൽനിന്ന് നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ച ഒരു സുഹൃത്ത് എന്ന തലത്തിലേക്ക് വളരെ വേഗം എത്തിച്ചേരാൻ എനിക്ക് സാധിച്ചു. അങ്ങനെയാണ്  നിത്യന്  കത്തെഴുതുക എന്ന എന്നിലെ മോഹം അപ്രസക്തമായത്.


ഒരു ബുക്സെല്ലർ എന്ന നിലയിൽ അക്കാലത്ത്  പ്രവർത്തിച്ച  എന്നെത്തേടി അദ്ദേഹം വരികയായിരുന്നു. ആദ്യത്തെ ആ കൂടിക്കാഴ്ച ഇപ്പോഴും എന്റെ മനസ്സിലങ്ങനെ നിറഞ്ഞുനില്പുണ്ട്. ഞാൻ ജോലി നോക്കിയിരുന്ന പുസ്തകശാലയിലേക്ക് ഒരു സന്ധ്യയ്ക്ക് അദ്ദേഹം ഒറ്റയ്ക്ക് കയറിവന്നു. നല്ല തിരക്കുള്ളസമയം. കടയിലേക്ക് കടക്കുവാൻ സ്ഥലം കാത്ത് അദ്ദേഹം റോഡിൽ നില്ക്കുന്നതാണ് ഞാൻ കണ്ടത്. വർഷങ്ങളായി കാണാൻ കൊതിച്ച, ഏറെ ആരാധനയോടെ നോക്കിക്കാണുന്ന വ്യക്തിയിതാ  എന്റെ മുന്നിൽ. സത്യത്തിൽ അപ്പോൾ കടയ്ക്കകത്തുണ്ടായിരുന്ന മറ്റെല്ലാ കസ്റ്റമേഴ്സിനോടും എനിക്ക് ഉള്ളാലെ ദേഷ്യം തോന്നി. ഇവരെല്ലാം ഒന്നുപോയെങ്കിൽ എനിക്കദ്ദേഹത്തോട് വേഗം സംസാരിക്കാമായിരുന്നു. അദ്ദേഹത്തിന് ഇഷ്ടപ്പെടാനിടയുള്ള  പുതിയ പുസ്തകങ്ങൾ കാണിച്ചുകൊടുത്ത് ബുക്സെല്ലർ  എന്ന നിലയിലെ എന്റെ പ്രാഗത്ഭ്യം അദ്ദേഹത്തെ കാണിക്കാമായിരുന്നു. ഞാൻ ഓരോരുത്തരെയും കഴിയുന്നത്രവേഗം ഒഴിവാക്കി. അദ്ദേഹം മെല്ലെ, അകത്തേക്ക് വന്നു. എന്റെ കൈയിലേക്കൊരു പത്തു രൂപ വച്ചുനീട്ടി. താഴെ നിന്നപ്പോൾ  ‘ഇന്ത്യ ടുഡേ’ വാരിക ചോദിച്ച് വന്നൊരാൾക്ക് ഞങ്ങളുടെ മാഗസിൻ സ്റ്റാൻഡിൽനിന്ന്‍ അതെടുത്തുകൊടുത്ത് പണം വാങ്ങിയിരിക്കുന്നു. മാഗസിൻ വില്പന സ്വയം നടത്തി എന്നെ സഹായിച്ചിരിക്കുന്നു. ആ നിമിഷം ഞാൻ മറ്റൊരു നിത്യചൈതന്യയതിയെ  അറിയുകയായിരുന്നു.


അങ്ങനെ തുടങ്ങിയ പരിചയം മരണംവരെ തുടർന്നു. തിരുവനന്തപുരത്തേക്കുള്ള ഓരോ വരവിലും ആ വലിയ മനുഷ്യൻ  എന്നെത്തേടിയെത്തി. അദ്ദേഹത്തെ ദരിദ്രനാക്കുന്ന സ്ഥാപനമെന്ന് പുസ്തകക്കടയെ ഒരു യോഗത്തിൽ വിശേഷിപ്പിച്ചു. ഓരോ വരവിലും വിചിത്രമായ അഭിരുചികളോടെ  പല പുസ്തകങ്ങളും വാങ്ങിക്കൊണ്ടിരുന്നു. ഇടയ്ക്കൊക്കെ സ്വന്തം പുസ്തകങ്ങൾ എനിക്ക് സമ്മാനിച്ചു. എന്റെ വായനയിലും ചിന്തയിലും ഞാനറിയാതെ ഇടപെട്ടുകൊണ്ടിരുന്നു.  1999 മെയ് 14-ന് ആ വെളിച്ചം എന്നന്നേക്കുമായി നഷ്ടമായി. പറഞ്ഞുവന്നത് ഞങ്ങൾക്കിടയിലെ  ആത്മബന്ധം ഇങ്ങനെയൊക്കെ ആയതിനാൽ കത്തിടപാടുകൾ വേണ്ടി വന്നില്ല, അഥവാ അതിനുള്ള അവസരം ഉണ്ടായില്ല  എന്നാണ്.


വായനയെക്കാൾ, സംഗീതം കേൾക്കുന്നതിനെക്കാൾ, ഒരുവേള അതേ ആനന്ദത്തോടെ  അദ്ദേഹം ആസ്വദിച്ച് ചെയ്ത ഒരു കാര്യം തന്നെത്തേടി വരുന്നവർക്ക് കത്തെഴുതുക എന്നതായിരുന്നു. അതെപ്പറ്റി നിത്യ തന്നെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്:


“ഞായറാഴ്ച ഒഴിച്ച് എല്ലാ ദിവസവും പോസ്റ്റ്മാൻ വരും. ചിലപ്പോൾ രണ്ടു പ്രാവശ്യം. അയാൾ വരുന്നതോടെ എന്റെ മുന്നിൽ ആശ്ചര്യം വിടരുകയായി. എപ്പൊഴോ ഒരിക്കൽ ആഹ്ലാദം തരുന്ന കത്ത്. പലപ്പോഴും കണ്ണുനീർ പകർന്നു തരുന്ന കത്ത്. ചില കത്തുകൾ കൈയിലെടുക്കുമ്പോൾ അതെഴുതിയ ആളിന്റെ നാഡീസ്പന്ദം അതിലിരുന്നു ത്രസിക്കുന്നതുപോലെ തോന്നും. മിക്കവാറും കത്തുകൾ ഒരിക്കലും കണ്ടിട്ടില്ലാത്തവരിൽനിന്നാണ്. അങ്ങനെ വന്നു തുടങ്ങിയ കത്തുകളിൽക്കൂടി ഇരുപതു വർഷത്തിലധികം നീണ്ടുപോകുന്ന ആത്മബന്ധം ഇതിനിടയ്ക്ക് ഉണ്ടായിട്ടുണ്ട്.”


<

span style=”font-family: lohith;”>ആ ആനന്ദത്തിന്റെ സാക്ഷ്യപത്രമായി ഒരു പുസ്തകം പുറത്തു വന്നിരിക്കുന്നു- ‘സ്നേഹപൂർവ്വം നിത്യ’ നിത്യചൈതന്യയതിയുടെ കത്തുകളുടെ ഒരു സമാഹാരമാണിത്. എത്രയോ മനുഷ്യർക്ക് വെളിച്ചംപകർന്ന ആയിരക്കണക്കിന് കത്തുകളിൽനിന്ന് തിരഞ്ഞെടുത്ത കത്തുകളുടെ ഒരു ബൃഹദ് സമാഹാരം (830 പേജുകൾ). ഒരു നിഴലുപോലെ നാലുവർഷത്തോളം അദ്ദേഹത്തോടൊപ്പം ജീവിച്ച ഷൗക്കത്താണ് ഇത് സമാഹരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിലെ പല കത്തുകളും നിത്യനിൽനിന്ന് കേട്ടെഴുതിയതും ഷൗക്കത്തായിരിക്കും.


ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ നമ്മൾ നിത്യചൈതന്യയതി എന്ന മനുഷ്യന്റെ വിശാലമായ മനസ്സിനെ തൊട്ടറിയുന്നു. അദ്ദേഹത്തിന്റെ ചിന്തകളുടെ തെളിച്ചം കാണുന്നു. അനുഷ എന്ന ഒരു കുട്ടിയ്ക്ക് എഴുതിയ കത്തിലെ ഒരു ഭാഗമിതാ:  ” … ഞാൻ ഇന്നലെ നടക്കാൻ പോയപ്പോൾ റോഡ് കുറുകേ കടന്നു പോകുന്ന ഒരു കൊച്ചുറുമ്പിനെ കണ്ടു. ആ ഉറുമ്പിന്റെ വായിൽ അതിന്റെ മൂന്നിരട്ടി വലിപ്പമുള്ള ചോളപ്പൊരി. ചോളപ്പൊരി ആയതുകൊണ്ട് വലിയ ഭാരം കാണുകയില്ല. എന്നാലും ഉറുമ്പ് അത് പൊക്കിപ്പിടിച്ചുകൊണ്ട് വളരെ സൂക്ഷിച്ചു നടക്കുകയാണ്.  ആ വഴി മുഴുവനും മുറിച്ചുകടന്ന്  രക്ഷാസങ്കേതത്തിൽ എത്തുന്നതുവരെ ഞാൻ അതിനെ നോക്കിനിന്നു. ആ ഉറുമ്പ് കിട്ടിയ പൊരി തിന്നാനല്ല ആഗ്രഹിച്ചത്. അതിന്റെ മാളത്തിൽ കൊണ്ടുപോയി മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനാണ്. എനിക്ക് ആ ഉറുമ്പിനോട് വലിയ ഒരു സ്നേഹാദരം തോന്നി…”. ഇങ്ങനെ കൊച്ചുകുട്ടിക്കുതൊട്ട് ഇ.എം.എസ് നമ്പൂതിരിപ്പാടിനുവരെ എഴുതിയ കത്തുകൾ ഞാനിതിൽ വായിച്ചു. ഭൂമിയിലെ മനുഷ്യാവസ്ഥയെ അറിയാനും സമൂഹത്തെ ആഴത്തിൽ മനസ്സിലാക്കാനും നിരന്തരം ശ്രമിച്ച ഒരു മനുഷ്യന്റെ മനസ്സും ധിഷണയും ഇതിലുണ്ട്. തന്നോടൊപ്പം ജീവിച്ചവരെ മെച്ചപ്പെട്ട മനുഷ്യരാവാൻ തന്നാലാവുംവിധം പരിശ്രമിച്ച, സഹായിച്ച ഒരു മനുഷ്യസ്നേഹിയോടൊപ്പമുള്ള  യാത്രകൂടിയാണ് ഈ പുസ്തകവായന. (സ്നേഹപൂർവ്വം നിത്യ – നിത്യചൈതന്യയതിയുടെ കത്തുകൾ – നിത്യാഞ്ജലി പബ്ലിഷേഴ്സ്. കാരമട)


നമ്പൂതിരിയുടെ ദൈവം


ഈയിടെ അന്തരിച്ച ആർട്ടിസ്റ്റ് നമ്പൂതിരിയെ  ഒരു യുഗപുരുഷൻ എന്ന് വിശേഷിപ്പിക്കുവാനാണ് ഞാനിഷ്ടപ്പെടുന്നത്. മലായാളിയുടെ കലാബോധത്തിൽ അത്രയ്ക്കും വിശേഷപ്പെട്ട ഇടപെടലുകളാണ് തന്റെപ്രവർത്തനങ്ങളിലൂടെ അദ്ദേഹം നടത്തിയിട്ടുള്ളത്. ശില്പം പഠിക്കാതെ വലിയ ശില്പിയായി. സ്കൂൾ വിദ്യാഭ്യാസംപോലും  നേടാത്ത ആ സാധാരണ മനുഷ്യൻ  ഇന്ത്യയിലെ ഉന്നതശീർഷനായ കലാകാരനായി അറിയപ്പെട്ടു. ചിന്തയിലും അദ്ദേഹം വേറിട്ടുനിന്നു. അദ്ദേഹത്തിന്റെ  ചിന്താശകലങ്ങൾ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. അദ്ദേഹവുമായി ദീർഘമായ  ഒരഭിമുഖസംഭാഷണം നടത്താൻ എനിക്കവസരമുണ്ടായി. ഞാനദ്ദേഹത്തോട് ദൈവസങ്കല്പത്തെപ്പറ്റി ചോദിച്ചു. അതിനദ്ദേഹം പറഞ്ഞ ഉത്തരം ഇതായിരുന്നു:


“സൗന്ദര്യപരമായ ഒരു കാഴ്ചപ്പാടാണ് വാസ്തവത്തിൽ ദൈവവിശ്വാസം എന്നാണ് ഞാൻ കരുതുന്നത്. ഇല്ലാത്ത ഒരു സാധനത്തെപ്പറ്റി അല്ലെങ്കിൽ ഉണ്ടോ എന്ന് നിശ്ചയമില്ലാത്ത ഒന്നിനെപ്പറ്റി ആലോചിക്കുക, ഓർക്കുക, വിശ്വസിക്കുക, മനസ്സിൽ ധ്യാനിക്കുക. അത് ഉള്ളിലുണർത്തുന്ന ഒരു ബോധമുണ്ട്. ഒരു ചൈതന്യത്തെപ്പറ്റിയുള്ള ബോധം. അതൊരു സൗന്ദര്യദർശനം തന്നെയാണ്. അത്തരമൊരു ചൈതന്യദർശനത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. അതിനെ എന്തു പേരിട്ടും വിളിക്കാം”.


എന്തൊരുയർന്ന ചിന്തയാണിത്. ദൈവത്തെപ്പറ്റി ഇത്രയും മനോഹരമായ ഒരു വ്യാഖ്യാനം ഞാൻ മറ്റെവിടെയും വായിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഉയർന്ന സാമൂഹികബോധത്തെ കാണിച്ചുതരുന്ന ഒരഭിപ്രായം കൂടി കാണുക, എന്റെ ചോദ്യം നമ്പൂതിരി സമുദായത്തെപ്പറ്റിയായിരുന്നു. ഉത്തരം: “ജാതി തന്നെ ആവശ്യമില്ലാത്ത കാര്യമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എന്നാലതുണ്ട് എന്നത് യാഥാർഥ്യവുമാണല്ലോ. ഞാനനുഭവിച്ച ദാരിദ്ര്യത്തെപ്പറ്റി പറഞ്ഞല്ലോ. എന്നോടൊപ്പം ജീവിച്ചവർ മറ്റൊരു ദാരിദ്ര്യംകൂടി കൊണ്ടുനടന്നു. മാനസികദാരിദ്ര്യം. ഒന്നും സ്വന്തമായി ചിന്തിച്ച് തീരുമാനമെടുക്കാൻ കഴിയാത്ത ഒരു സമൂഹമായിരുന്നു അത്. ഏതെങ്കിലും ഇല്ലത്ത് ചടഞ്ഞുകൂടിയിരിക്കും. കുളിയും ശാപ്പാടും ഉറപ്പായാൽ തൃപ്തിയായി. അതാണ് ഞാൻ ചെറുപ്പകാലത്ത് കണ്ട കാഴ്ച. എല്ലാറ്റിൽനിന്നും മാറി നിന്നുകൊണ്ടുള്ള ജീവിതം. എനിക്കന്നേ ഇതൊക്കെ ശരിയല്ല എന്ന തോന്നലുണ്ടായി. സമുദായത്തിന്റെ സ്വയം വരിഞ്ഞ പരിമിതികൾ എന്നെ ചെറുപ്പത്തിലേ അലട്ടിയിരുന്നു. വീട്ടിലെ മുതിർന്നവരുടെയും ഇളംതലമുറക്കാരുടെയും അലസത എനിക്ക് ദഹിച്ചിരുന്നില്ല. അതിനാൽ നമ്പൂതിരി എന്ന ഇത്തിരി വട്ടത്തെ ഞാൻ ബോധപൂർവം മറികടന്നു. അതുകൊണ്ട് എനിക്കെന്റെ ഇഷ്ടങ്ങളോടൊപ്പം വളരാൻ സാധിച്ചു.”