ആള്‍ക്കൂട്ടത്തിന്റെ വക്താവ് – സി. നാരായണന്‍

അധികാരത്തിലോ പൊതുരംഗത്തോ ജ്വലിച്ചു നില്ക്കുമ്പോൾ പൊടുന്നനെ മറഞ്ഞുപോകുന്ന ഒരു ജനകീയ നേതാവിന് ലഭിക്കാവുന്നത്ര അഭൂതപൂർവമായ ആള്‍ക്കൂട്ട ആദരാഞ്ജലി ഏറ്റുവാങ്ങിയാണ് ഉമ്മൻ ചാണ്ടി രാഷ്ട്രീയ കേരളത്തിന്റെ ഓര്‍മയിലേക്ക് മടങ്ങിയത്. ഏറെ വര്‍ഷങ്ങളായി അധികാരത്തിന്റെ അരികിലേ ഇല്ലാത്ത, എന്തിന് ഏറെ നാളായി പൊതുരംഗത്തുനിന്നുതന്നെ പിന്‍മടങ്ങിയിരുന്ന ഒരു നേതാവിന് എങ്ങിനെയാണ് ഇത്രയധികം ആള്‍ക്കൂട്ടം നിറഞ്ഞ ഒരു അന്ത്യയാത്ര ലഭിച്ചത് എന്നത് ഒരു ചോദ്യമാണ്. രാഷ്ട്രീയ എതിരാളികൾ മാത്രമാണ് ഇത് ചോദിക്കുന്നതെങ്കിൽ മനസ്സിലാക്കാം. എന്നാൽ, സ്വന്തം പാർട്ടിയിലുള്ളവർകൂടി ഈ ദുരൂഹമായ സമസ്യക്ക് ഉത്തരം തേടുന്നത് കാണുമ്പോഴാണ് കൗതുകം ഇരട്ടിയാകുന്നത്. ഇടതു-വലതു മുന്നണികളെ ഒരുപോലെ അങ്കലാപ്പിലാക്കിയ ഒരു മരണാനന്തരയാത്ര ഒരുപക്ഷേ, ഈ കേരളത്തിൽ ഉണ്ടായിട്ടേയില്ല. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെ ആര്‍ക്കും മനസ്സിലായിരുന്നില്ല എന്നതായിരുന്നുവോ ഇതിലെ സത്യം അതോ ഉമ്മൻ ചാണ്ടിയെ സ്‌നേഹിക്കുന്ന മനുഷ്യരെ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികൾ തിരിച്ചറിയാതെ പോയതോ. മരണമാണ് എല്ലാവര്‍ക്കും അതിനുള്ള ഉത്തരം നല്കിയത്. അതൊരു വലിയ പാഠവുംകൂടി ആയിരുന്നു അല്ലെങ്കിൽ ആണ്.


വെറും മൂന്നര മണിക്കൂർകൊണ്ട് എത്താൻ കഴിയുമായിരുന്ന ദൂരം 22 മണിക്കൂറിലേറെ സമയമെടുത്താണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ച ബസ് താണ്ടിയത് എന്നത് ഒരു കൗതുകം എന്നതിനപ്പുറം ചില സന്ദേശങ്ങൾ സമൂഹത്തിന് നല്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയെ കാണാൻ ഇരച്ചെത്തിയ പുരുഷാരം യഥാര്‍ഥത്തിൽ കോണ്‍ഗ്രസ്സുകാരനായ ഉമ്മൻ ചാണ്ടിയെ ആണോ കാണാൻ തിക്കിത്തിരിക്കിയത്. അദ്ദേഹത്തെ അവസാനമായി ഒന്നു കാണാൻ എത്തിയത് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ആള്‍ക്കൂട്ടമാണോ. അല്ല എന്നതാണ് വസ്തുത. ഉമ്മൻ ചാണ്ടി കേരളത്തിന്റെ പൊതു മനസ്സാക്ഷിയിൽ പതിച്ച കൈയൊപ്പ് മറ്റൊന്നായിരുന്നു. അത് ഒരു ജീവകാരുണ്യ രാഷ്ട്രീയം എന്നോ അനുകമ്പാരാഷ്ട്രീയം എന്നോ പേരിട്ട് വിളിക്കാവുന്ന ഒന്നായിരുന്നു.


തന്റെ രാഷ്ട്രീയത്തിന്റെ അനുയായികളുടെ നേതാവായിത്തീര്‍ന്നു എന്നതല്ല ഉമ്മൻ ചാണ്ടി നിർവഹിച്ച കര്‍മകാണ്ഡം.  പകരം, കേരളത്തിലെ ഓരോ മനുഷ്യരുടെയും ബന്ധു എന്നൊരു തോന്നൽ വലിയൊരു ജനസഞ്ചയത്തിന്റെ മനസ്സാക്ഷിയിൽ സൃഷ്ടിക്കാൻ ആ നേതാവിന് സാധിച്ചു എന്നതാണ്. അനുകമ്പാരാഷ്ട്രീയം എന്ന് ഇതിനെ പറയാം. ഇത് അരാഷ്ട്രീയമാണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. അരാഷ്ട്രീയതയിലേക്ക് തെന്നിമാറിപ്പോകാവുന്ന ഒരു ഘടകം ഇതിൽ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നത് സത്യമാണ്. എന്നാൽ അടിമുടി രാഷ്ട്രീയക്കാരനായ ഒരാൾ നടത്തുന്ന ജീവകാരുണ്യസദൃശമായ പ്രവര്‍ത്തനം വരവുവയ്ക്കപ്പെടുന്നത് രാഷ്ട്രീയത്തിന്റെ അക്കൗണ്ടിൽ തന്നെയായിരിക്കുമെന്ന് രാഷ്ട്രീയമര്‍മജ്ഞനായ ഉമ്മൻ ചാണ്ടിക്കറിയാമായിരുന്നു. എന്നാൽ, ഇത് കോണ്‍ഗ്രസ്സിലെ ഉമ്മൻ ചാണ്ടിയുടെ സഹയാത്രികർ പോലും അറിഞ്ഞില്ല.


2011-ൽ വെറും നാല് സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി കേരളത്തിന്റെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി നേരിട്ട വെല്ലുവിളി പ്രതിപക്ഷത്തിൽനിന്നു മാത്രമല്ല, പാര്‍ട്ടിക്കകത്തെ ‘പ്രതിപക്ഷ’ത്തിൽനിന്നു കൂടിയായിരുന്നു. ഈ ഇരട്ടപ്രഹരത്തെ മറികടക്കാൻ അദ്ദേഹം പുറത്തെടുത്ത ബ്രഹ്‌മാസ്ത്രമായിരുന്നു ഈ അനുകമ്പാരാഷ്ട്രീയം എന്ന് ഉമ്മൻ ചാണ്ടിയുടെ നാള്‍വഴികളെ വിലയിരുത്തിയാൽ തിരിച്ചറിയാനാവും. അതിന്റെ പശ്ചാത്തലം നോക്കാം.


2005-ൽ കെ.പി.സി.സി. അധ്യക്ഷനാകാൻ പാര്‍ട്ടിയിൽ ഏറ്റവും യോഗ്യത കണ്ടിരുന്നത് ജി.കാര്‍ത്തികേയനെയായിരുന്നെങ്കിലും അധ്യക്ഷനായത് രമേശ് ചെന്നിത്തലയായിരുന്നു. എ.കെ.ആന്റണിയാണ് ചെന്നിത്തലയുടെ പേര് നിർദേശിച്ചത്. അന്ന് ഇന്നത്തെപ്പോലെ ഐ-ഗ്രൂപ്പിലായിരുന്നില്ല  ചെന്നിത്തല, മൂന്നാം ഗ്രൂപ്പ് ആയിരുന്നു. എന്നാൽ ചെന്നിത്തലയ്ക്ക് ഏറ്റവും പിന്തുണനല്കിയ വ്യക്തിയായിരുന്നു എ-ഗ്രൂപ്പിന്റെ മുന്നണിനായകനായ ഉമ്മൻ ചാണ്ടി. പാര്‍ട്ടി അധ്യക്ഷനും പ്രതിപക്ഷ നേതാവും തോളോടു തോൾ ചേര്‍ന്നു സൗഹാർദപൂർവം നീങ്ങി.


എന്നാൽ 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല മത്സരിക്കാനൊരുങ്ങിയതോടെ ഉമ്മൻ ചാണ്ടി അതിലൊരു അപകടം തിരിച്ചറിഞ്ഞു. അവർ തമ്മിൽ പിണങ്ങി. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വളരെ നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. എന്നാൽ പ്രബലനായൊരു എതിരാളിയായി ചെന്നിത്തല ഉയര്‍ന്നുനിന്നു. അതൊരു വലിയ വടംവലിയുടെ വക്കിലെത്തിയപ്പോൾ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം ഇടപെട്ടു- ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കണം. വീണ്ടും പ്രശ്‌നം,ഏത് വകുപ്പ് നല്കും. ഉപമുഖ്യമന്ത്രി പദവിയും റവന്യൂ വകുപ്പും നല്കാമെന്ന് ഉമ്മൻ ചാണ്ടി നിലപാടെടുത്തു. എന്നാൽ തനിക്ക് ആഭ്യന്തരം തന്നെ വേണമെന്ന് രമേശ് വാശി പിടിച്ചു. അന്ന് ഉമ്മൻ ചാണ്ടിക്ക് ഒടുവിൽ വഴങ്ങേണ്ടി വന്നു.


പാളയത്തിൽ പടയുമായി സര്‍ക്കാരിനെ നയിക്കേണ്ട സാഹചര്യമുണ്ടായ ഈ ഘട്ടത്തിൽ ജനങ്ങളിലേക്കിറങ്ങി അപരാജിത സ്വീകാര്യത ഉറപ്പാക്കുക എന്ന തന്ത്രം ഉമ്മൻ ചാണ്ടി പുറത്തെടുത്തു. ഇതിന്റെ ഫലമാണ് അദ്ദേഹത്തിന് പിന്നീട് ഐക്യരാഷ്ട്രസഭയുടെ ആഗോള പുരസ്‌കാരംപോലും നേടിക്കൊടുത്ത മുഖ്യമന്ത്രിയുടെ ‘ജനസമ്പര്‍ക്ക പരിപാടി’. 19-20 മണിക്കൂറുകൾ തുടര്‍ച്ചയായി ജനങ്ങളുടെ പരാതി കേള്‍ക്കലും തല്‍സമയംതന്നെ പരിഹാരം തീരുമാനിക്കലും. കേരളത്തിന് അത്യപൂർവമായ കാഴ്ചയായിരുന്നു അത്. പക്ഷേ, ഉമ്മൻ ചാണ്ടി അത് നടപ്പാക്കി -‘അതിവേഗം ബഹുദൂരം’ എന്ന അടിക്കുറിപ്പോടുകൂടി. വില്ലേജ് ഓഫീസർ ചെയ്യേണ്ട പണി മുഖ്യമന്ത്രി ചെയ്യുന്നത് എന്തിന് എന്ന് അദ്ദേഹം പരിഹസിക്കപ്പെട്ടു. പക്ഷേ, നേടേണ്ടത് ഉമ്മൻ ചാണ്ടി നേടി – കേരളത്തിന്റ ജനകീയ മനസ്സാക്ഷിയിൽ എക്കാലത്തെയും വൈകാരികപിന്തുണയുടെ മുദ്ര. അന്ത്യയാത്രയ്‌ക്കൊപ്പം ചേര്‍ന്നുനടന്ന അപൂർവ ജനസഞ്ചയം അതിന്റെ അടയാളപ്പെടുത്തലായിരുന്നു.


രാഷ്ട്രീയപ്രവര്‍ത്തനത്തിലും ഭരണാധികാരത്തിലും ഉമ്മൻ ചാണ്ടി ആള്‍ക്കൂട്ടത്തിന്റെ വക്താവായിരുന്നു. ആള്‍ക്കൂട്ടത്തിലായിരുന്നു അദ്ദേഹം വിശ്രാന്തി കണ്ടെത്തിയിരുന്നത്. എല്ലാവരും തിരക്കില്‍പ്പെടാതിരിക്കാൻ കൊതിക്കുമ്പോൾ ഉമ്മൻ ചാണ്ടി തിരക്കില്‍പ്പെട്ടില്ലെങ്കിൽ ബുദ്ധിമുട്ടുന്ന വ്യക്തിയായിരുന്നു. ഇതേക്കുറിച്ച് രമേശ് ചെന്നിത്തല അടുത്തിടെ പറഞ്ഞ രസകരമായൊരു കാര്യമുണ്ട്.’ ആള്‍ക്കൂട്ടത്തിൽനിന്നാണ് വലിയ തീരുമാനങ്ങൾ സംബന്ധിച്ച ചര്‍ച്ചവരെ അദ്ദേഹം നടത്താറുണ്ടായിരുന്നത്. ഇത് ശരിയോ എന്ന് ഒരിക്കൽ ഞാൻ ചോദിച്ചു. ആള്‍ക്കൂട്ടത്തിലാകുമ്പോൾ ആരും ശ്രദ്ധിക്കില്ലെന്നും ഞാനും രമേശും ഒരു മുറിയിൽ അടച്ചിട്ടു ചര്‍ച്ച നടത്തിയാൽ പിന്നെ അതെന്തായിരിക്കും എന്ന അന്വേഷണം തുടങ്ങുമല്ലോ എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. ഇതിലൊരു യുക്തിയുണ്ടല്ലോ എന്ന് എനിക്കും തോന്നി. അതേ, ഇതാണ് ഉമ്മൻ ചാണ്ടി. അദ്ദേഹംതന്നെ പറഞ്ഞത് ജനങ്ങളാണ് എന്റെ പുസ്തകം എന്നാണ്. അനുകമ്പാരാഷ്ട്രീയത്തിന്റെ പാഠപുസ്തകം അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളായിരുന്നു. ജനങ്ങളുടെ തേടലാണ് നേതാവിനെ സൃഷ്ടിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പഠിക്കുകയായിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയിൽ ഈ രാഷ്ട്രീയം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു എന്നതാണ് കോണ്‍ഗ്രസ്സിന്റെ ആശയപരമായ പാപ്പരത്തം. ഉമ്മൻ ചാണ്ടിയെക്കാണാൻ എന്തുകൊണ്ട് ഇത്രവലിയ ജനക്കൂട്ടം എന്നു ചോദിക്കുന്ന കോണ്‍ഗ്രസ്സുകാർ ഇവിടെ തുടങ്ങണം. 79 വര്‍ഷത്തെ ജീവിതത്തിൽ 52 വര്‍ഷവും ഒരു നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടിയെ ഇടതടവില്ലാതെ തിരഞ്ഞെടുത്തയയ്ക്കാൻ കാരണം എന്തായിരിക്കും.


ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയജീവിതം ആകെ വിലയിരുത്തുമ്പോൾ അതിൽ പൂർവാപര ഘട്ടങ്ങൾ കാണാവുന്നതാണ്. കേരളരാഷ്ട്രീയത്തിലെതന്നെ ഭീഷ്മാചാര്യനായ കെ.കരുണാകരനെപ്പോലും നിലംപരിശാക്കിയതിനുപിന്നിലെ ചാണക്യതന്ത്രത്തിന്റെ ഉടമകളിലൊരാൾ. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ശക്തനായ തേരാളി. പലരെയും വെട്ടിവീഴ്ത്തുകയും ചവിട്ടിത്താഴ്ത്തുകയും ചെയ്തതിന് കാര്‍മികത്വം വഹിച്ച പ്രായോഗിക രാഷ്ട്രീയക്കാരൻ. കഴിവുറ്റ ഭരണാധികാരിയായിരിക്കുമ്പോള്‍ത്തന്നെ തന്ത്രശാലിയായൊരു രാഷ്ട്രീയക്കാരനും ആ വ്യക്തിയിലുണ്ടായിരുന്നു. ഇത് ഒരു ചിത്രം.


മറ്റൊരു ചിത്രവുംകൂടി ചേര്‍ത്തുവച്ചാലേ ഉമ്മൻ ചാണ്ടിയുടെ പരിണാമദൃശ്യം പൂര്‍ണമാകൂ. തന്നെ കല്ലെറിഞ്ഞു പരിക്കേല്പിച്ചവരെപ്പോലും കോടതിയിൽനിന്നു രക്ഷപ്പെടുത്തിയ വ്യക്തി. വ്യക്തിത്വഹത്യയുടെ ഹിമാലയൻ ആരോപണവുമായി ഇടതുപക്ഷം വളഞ്ഞിട്ടു പിടിച്ചപ്പോൾ അക്ഷോഭ്യനായി ജീവിച്ച നേതാവ്. ഇങ്ങനെ എടുത്തു പറയാൻ കുറേയുണ്ട്. വൈരാഗ്യബുദ്ധിയില്ലാതെ, വാക്കിലോ പെരുമാറ്റത്തിലോ അഹന്തയുടെയുടെയോ ധാര്‍ഷ്ട്യത്തിന്റെയോ കണികയില്ലാതെ, എതിരഭിപ്രായങ്ങളോട് അസഹിഷ്ണുതയില്ലാതെ, അധികാരത്തിന്റെ പ്രഭയില്ലാതെ നടന്നുനീങ്ങിയ ഒടുവിലത്തെ അരഡസൻ വര്‍ഷങ്ങളിലെ ഉമ്മൻ ചാണ്ടി. ഇത് രണ്ടും ചേര്‍ത്തുവച്ചു വേണം കേരളരാഷ്ട്രീയത്തിലെ ഈ വലിയ ജനനേതാവിന്റെ ജീവിതവും വീക്ഷണവും പരിണാമവും വിലയിരുത്താൻ.


സ്വയം പരിണമിച്ചതായി, നവീകരിച്ചതായി നമുക്ക് വിലയിരുത്താവുന്ന രാഷ്ട്രീയജീവിതമായിരുന്നു ഉമ്മൻ ചാണ്ടിയുടെത്. അതിന് അദ്ദേഹത്തിന്റെ അവസാനകാലത്തെ ഈ വാക്കുകൾ സാക്ഷ്യമാണ്: ‘രാഷ്ട്രീയത്തിൽ ദുരഭിമാനമോ അസഹിഷ്ണുതയോ പാടില്ല. വിമര്‍ശനത്തെ സ്വാഗതം ചെയ്യണം. ചോദ്യംചെയ്യപ്പെടാൻ പാടില്ലാത്ത ആളാണെന്ന് സ്വയം ധരിക്കരുത്, വഴിതെറ്റിപ്പോകും.’ ഉമ്മൻ ചാണ്ടി രാഷ്ട്രീയകേരളത്തിന് നല്കുന്ന പാഠവും ഇതുതന്നെയാണ്.