അശരണരെ മറക്കാത്ത ഭരണാധികാരി – കെ. ജയകുമാർ

ബൈബിളിൽ ഒരു സന്ദർഭമുണ്ടല്ലോ, ആൾക്കൂട്ടത്തിനിടയിലും തന്റെ  വസ്ത്രാഞ്ചലത്തിൽ സാന്ത്വനത്തിനായി സ്പർശിച്ച രോഗിയായ സ്ത്രീയെ യേശു തിരിച്ചറിയുന്ന ഉജ്ജ്വല സന്ദർഭം. പലരും യേശുവിനു ചുറ്റുമുണ്ട്. ചിലർ സ്പർശിക്കുന്നുമുണ്ട്. എന്നാൽ,  വിശ്വാസപൂർവം  തന്നെ തൊട്ട സ്ത്രീയെ യേശു  തത്ക്ഷണം തിരിച്ചറിയുന്നു. കരുണകൊണ്ട് ആർദ്രമായ മനസ്സിന് അത്തരം സ്പർശം തിരിച്ചറിയാനുള്ള സിദ്ധിയുണ്ട്. അത് മറ്റൊരു ഭാഷയാണ്. ഭാഷയ്ക്കതീതമായ ഒരു ഭാഷ.


കേരളരാഷ്ട്രീയത്തിൽ ഈ സ്പർശം തിരിച്ചറിയാൻ കഴിഞ്ഞിരുന്ന നേതാവായിരുന്നൂ, അനശ്വരതയിൽ വിലയംപ്രാപിച്ച ഉമ്മൻ ചാണ്ടി. അധികാരം തന്റെ നേട്ടങ്ങൾക്കോ, അഹംഭാവത്തിന്റെ സംതൃപ്തിക്കോ സ്ഥാന വലിപ്പത്തിനോ അല്ലെന്നും അതെപ്പോഴും ഇല്ലാത്തവരുടെയും നിസ്വരുടെയും അശരണരുടെയും ഉന്നമനത്തിനാണ് എന്നും പൂർണ ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അത് നിറവേറ്റുന്നതിന് ജാതി മത പരിഗണനകളോ  രാഷ്ട്രീയ വിവേചനമോ ഒരിക്കലും അവലംബിച്ചില്ല. അധികാരത്തിന്റെ കൂടപ്പിറപ്പായ അകലങ്ങളോ നാട്യങ്ങളോ ഔദ്ധത്യമോ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചില്ല. അതിനു കാരണവും ഈ കാഴ്ചപ്പാടായിരുന്നു. അധികാരം എന്തെന്നും എന്തിനെന്നുമുള്ള  സുവ്യക്തമായ ധാരണയാൽ  നയിക്കപ്പെട്ട  നേതാവായിരുന്നു, ഉമ്മൻ ചാണ്ടി.


അചഞ്ചലമായ ദൈവവിശ്വാസമായിരുന്നു  അദ്ദേഹത്തിന്റെ കരുത്തിനും ഊർജത്തിനും കർമശേഷിക്കും ആധാരം. സഹോദരങ്ങളെ വിസ്മരിച്ചവൻ എന്ന് വിധിക്കപ്പെടരുത് എന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു.   അർഹിക്കാത്ത ആരോപണങ്ങളിലൂടെ കടന്നു പോയപ്പോഴും അചഞ്ചലനായി നില്ക്കാനും ദൈവമഹത്ത്വത്തിലും സത്യത്തിലും വിശ്വാസം അർപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചത് വിശ്വാസത്തിന്റെ തീവ്രതകൊണ്ടായിരുന്നു.   മറ്റൊരാൾ പതറിപ്പോകുന്ന പരീക്ഷണഘട്ടങ്ങളിൽപ്പോലും അദ്ദേഹത്തിന്റെ  ഭാഷ ഒരിക്കലും പരുഷമാവുകയോ പ്രതികരണം അമാന്യമാവുകയോ ചെയ്തില്ല. ആരോടും ക്ഷോഭിച്ചില്ല, ആരെയും ഭർത്സിച്ചില്ല. വെളിച്ചത്തെ  ഇരുട്ടുകൊണ്ട് ഏത്രനേരം മൂടിവയ്ക്കാനാവും? ആ വിശ്വാസമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ധനം.


മന്ത്രിസഭായോഗങ്ങളിൽ ഒടുവിലായി പരിഗണിക്കുന്ന വിഷയമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സാമ്പത്തികസഹായത്തിനുള്ള അപേക്ഷകൾ. മന്ത്രിമാർതന്നെ അവർക്കു അറിവുള്ള കേസുകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. പലപ്പോഴും എത്ര സഹായം കൊടുക്കണമെന്ന് മന്ത്രിമാർ പറയാറില്ല. മുഖ്യമന്ത്രിയുടെ തീരുമാനത്തിന്  വിടും. അതെന്തുകൊണ്ടാണെന്നു പിന്നീടാണ് എനിക്ക് മനസ്സിലായത്. മുഖ്യമന്ത്രി തീരുമാനിച്ചാൽ ഒരിക്കലും സഹായത്തുക കുറഞ്ഞുപോവുകയില്ല എന്ന് മന്ത്രിമാർക്കറിയാം. ചിലപ്പോൾ ആരെങ്കിലും സൂചിപ്പിക്കും  ‘അമ്പതിനായിരം കൊടുക്കാൻ പറ്റിയാൽ നന്നായിരുന്നു’  എന്ന്. ആ അപേക്ഷയിൽ ഉമ്മൻ ചാണ്ടി അനുവദിക്കുക എഴുപത്തിഅയ്യായിരമായിരിക്കും. കിട്ടുമെന്ന് വിചാരിച്ചതിനെക്കാൾ പതിനായിരം രൂപയെങ്കിലും കൂടുതലേ   അദ്ദേഹം എഴുതൂ.


പണം അനുവദിക്കുന്ന കാര്യത്തിൽ മാത്രമല്ല, ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി നയപരമായ തീരുമാനങ്ങൾ സ്വീകരിക്കുന്നതിനും അദ്ദേഹം വലിയ താത്പര്യം കാട്ടി.  ഹീമോഫിലിയേ രോഗികളുടെ പ്രത്യേക പ്രശ്നങ്ങൾ, ശ്രവണസഹായി വേണ്ട കുട്ടികളുടെ ആവശ്യങ്ങൾ, കിടപ്പുരോഗികളുടെ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശദമായിത്തന്നെ അദ്ദേഹം പഠിക്കുകയും സാധ്യമായതെല്ലാം സർക്കാരിൽനിന്ന് ചെയ്യാൻ ഉത്സാഹിക്കുകയും ചെയ്തു. ജനസമ്പർക്ക പരിപാടികളിൽ അനേകം മണിക്കൂറുകളാണ് അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനുമായി  നീക്കിവച്ചത് . അത്തരം പരിപാടികൾ കഴിഞ്ഞുവരുമ്പോൾ, മന്ത്രിസഭായോഗങ്ങളിൽ നാട്ടുകാരുടെ ഇല്ലായ്മകളെക്കുറിച്ചു വ്യക്തമായ ചിത്രം അദ്ദേഹം നല്കിയിരുന്നു. അവരുടെ  പ്രശ്നപരിഹാരത്തിനാണ് സർക്കാർ മുൻഗണന നല്കേണ്ടതെന്ന് എപ്പോഴും ഓർമിപ്പിച്ചു.


സർക്കാരുകൾ ജനക്ഷേമ പരിപാടികളിൽ നേരിട്ടിടപെടുന്നത് എന്തോ വലിയ അപരാധമാണെന്ന മട്ടിലുള്ള പ്രചാരണത്തിന് ഇന്ന് ഒരു കുറവുമില്ല. സാധുക്കൾക്ക് സൗജന്യമായി ഭക്ഷ്യധാന്യമോ മറ്റോ നല്കുന്നത് മോശപ്പെട്ട സാമ്പത്തികശാസ്ത്രമാണെന്നു പ്രചരിപ്പിക്കുന്നവർക്കാണ് ഇക്കാലത്തു മാധ്യമങ്ങളിൽ സ്ഥാനം. അവർക്കാണ് ബുദ്ധിജീവി പരിവേഷവും. സ്വതന്ത്രവിപണിയെന്ന ദൈവത്തിൽ വിശ്വസിക്കുന്നവരുടെ പ്രത്യയശാസ്ത്രമാണത്. സാധാരണക്കാർക്ക്  ഗുണംചെയ്യാനും അവരുടെ ദുരിതങ്ങളിൽ  കൈത്താങ്ങാവാനും തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് ധാർമിക ബാധ്യതയുണ്ടെന്നു  വിശ്വസിച്ച ഉമ്മൻ ചാണ്ടി അധികാരം അന്ത്യോദയത്തിന് എന്ന് വിശ്വസിച്ച ഗാന്ധിജിയെ അനുസ്മരിപ്പിക്കുന്നു. രാഷ്‌ട്രീയസ്വാതന്ത്ര്യമെന്നത്  ‘ഓരോ കണ്ണിൽ നിന്നും കണ്ണീർ  തുടച്ചു മാറ്റാനുള്ള അവസര’മാണെന്നു പറഞ്ഞ ജവാഹർലാൽ നെഹ്‌റുവിനൊപ്പം ആയിരുന്നു. നിസ്വരോടൊപ്പം നടന്ന യേശുവിനെ എപ്പോഴും പിന്തുടർന്നു  ദൈവത്തിന്റെ  ഈ പ്രിയപുത്രൻ.