ഏകസിവിൽ കോഡ് – പുതിയ വിഭജനതന്ത്രം – കെ. ഫ്രാൻസിസ് ജോർജ്

മധ്യപ്രദേശിലെ ബി.ജെ.പി. പ്രവർത്തകയോഗത്തിൽ സംസാരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നു എന്ന പ്രസ്താവന നടത്തി വലിയ വിവാദത്തിനും ആശയസംഘർഷത്തിനും തുടക്കം കുറിച്ചിരിക്കുന്നു. പാർലമെന്റിന്റെ ഉടൻ നടക്കാൻ പോകുന്ന വർഷകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ അവത7രിപ്പിക്കാൻ ഉദ്ദേശിക്കുന്നു എന്നാണ് സർക്കാർവൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. ഇങ്ങനെ രാജ്യത്തെ വിവിധ വിഭാഗം ജനങ്ങളെ ബാധിക്കുന്ന, അവരുടെ നാളിതുവരെ തുടർന്നുവന്ന ആചാര്യമര്യാദകളെ മാറ്റിമറിക്കുന്ന ഒരു നിയമനിർമാണം  വിശദമായ ചർച്ചകളിലൂടെയും അഭിപ്രായസമന്വയത്തിലൂടെയും ആണ് നടപ്പിലാക്കേണ്ടത്.


ഈ നിയമനിർമാണത്തിന് പ്രധാന അടിസ്ഥാനമായി ബി.ജെ.പി. പറയുന്ന ന്യായം ഭരണഘടന ഇത് നടപ്പിലാക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നു എന്നാണ്. ഭരണഘടനയുടെ നാലാം ഭാഗമായ  രാഷ്ട്രനയത്തിന്റെ നിർദേശക തത്ത്വങ്ങളിൽ (Directive Principles of State Policy) 38 മുതൽ 51 വരെയുള്ള ഖണ്ഡികകളിൽ 44-ാം ഖണ്ഡികയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “Uniform civil code for the citizens – The State shall endeavour to secure for the citizens a uniform civil code throughout the territory of India”.(പൗരന്മാർക്ക് ഏകരൂപമായ സിവിൽ നിയമസംഹിത – പൗരന്മാർക്ക് ഭാരതത്തിന്റെ ഭൂപ്രദേശം ഒട്ടാകെ ഏകരൂപമായ ഒരു സിവിൽ നിയമസംഹിത സംപ്രാപ്തമാക്കുവാൻ രാഷ്ട്രം യത്‌നിക്കേണ്ടതാണ്.)


ഭരണഘടനയുടെ നാലാം ഭാഗമായ നിർദേശകതത്ത്വങ്ങൾ തീർച്ചയായും പ്രാധാന്യമുള്ളത് തന്നെയാ ണ്. ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുവാൻ ചെയ്യേണ്ട പ്രവർത്തനങ്ങൾ, അതിനുവേണ്ട നിയമനിർമാണ നടപടികൾ എന്നിവ ഭരണകൂടം ചെയ്യണം എന്നാണ് ഈ നിർദേശകതത്ത്വങ്ങൾ പറയുന്നത്. എന്നാൽ തുടക്കത്തിൽത്തന്നെ പറയുന്നു, ഈ ഭാഗത്തിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾ ഏതെങ്കിലും കോടതിവഴി നടപ്പാക്കാവുന്നതല്ല, എന്നാൽ രാജ്യഭരണത്തിൽ മൗലികവും നിയമനിർമാണത്തിൽ ഇവ നടപ്പിലാക്കുക എന്നത് രാഷ്ട്രത്തിന്റെ കർത്തവ്യം ആയിരിക്കുന്നതും ആകുന്നു.


സ്ത്രീപുരുഷ സമത്വം, ഭൗതികവിഭവങ്ങളുടെ ഉടമസ്ഥത, നിയന്ത്രണം, സാമ്പത്തിക കേന്ദ്രീകരണ നിയന്ത്രണം, തുല്യവേതനം, ആരോഗ്യം, വിദ്യാഭ്യാസ അവകാശങ്ങൾ, കുട്ടികളുടെ സംരക്ഷണം, സൗജന്യ നിയമസഹായം, ഗ്രാമപഞ്ചായത്തുകളെ ശക്തിപ്പെടുത്തൽ, സ്ത്രീകൾക്കും തൊഴിലാളികൾക്കുമുള്ള സംരക്ഷണം, എസ്.സി., എസ്.ടി മറ്റു ദുർബല ജനവിഭാഗങ്ങളുടെ താത്പര്യ സംരക്ഷണം, കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളുടെ പരിപോഷണം, പരിസ്ഥിതിസംരക്ഷണം, ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ, സ്ഥലങ്ങൾ എന്നിവയുടെ സംരക്ഷണം, നീതിന്യായമണ്ഡലത്തെ നിർവാഹകമണ്ഡലത്തിൽനിന്ന് വേർതിരിക്കുക, അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും അഭിവൃദ്ധിപ്പെടുത്തുക എന്നതുവരെ നമ്മുടെ ഭരണഘടനയുടെ നിർദേശകതത്ത്വങ്ങളിൽ ചേർത്തിട്ടുണ്ട്. നിർദേശകതത്ത്വത്തിൽ 44-ാം ഖണ്ഡികയിലാണ് ഏകീകൃത സിവിൽ നിയമസംഹിത നടപ്പിലാക്കാൻ യത്‌നിക്കണം എന്ന് പറയുന്നത്.


ഈ നിർദേശകതത്ത്വങ്ങളിൽ പ്രാധാന്യത്തോടെ പറഞ്ഞിട്ടുള്ള ജനക്ഷേമകരമായ നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ സ്വാതന്ത്ര്യം പ്രാപിച്ച് ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നമ്മൾ എത്രത്തോളം വിജയിച്ചു എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അതുപോലെതന്നെ ഇന്ത്യപോലെ വൈവിധ്യമാർന്ന ഒരു രാജ്യവും ജനതയും ഏകീകൃത സിവിൽ നിയമത്തിന് കീഴിൽ വരണമെന്നത് സർക്കാരിന്റെ ഭരണഘടനപരമായ ഉത്തരവാദിത്വമാണെന്ന പ്രധാനമന്ത്രിയുടെ വാദഗതി അംഗീകരിക്കുമ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയരും. ഇത്രയും പ്രധാനപ്പെട്ട ഒരു നിയമനിർമാണം സർക്കാർ നടപ്പിലാക്കേണ്ടത് ഭരണകാലാവധിയുടെ അവസാന നാളുകളിലാണോ വേണ്ടത്? ഇത് സംബന്ധിച്ച് ഒരു കരട് ബിൽ കേന്ദ്രസർക്കാർ തയാറാക്കിയിട്ടില്ല. ലോ കമ്മീഷൻ പുറത്തിറക്കിയ ഒരു ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ അഭിപ്രായ രൂപവത്കരണം നടത്തി നിയമ നിർമാണം നടത്തും എന്നാണ് പറയുന്നത്. ഇപ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വന്നിരിക്കുന്നു, ഗോത്രവർഗക്കാരെയും ക്രൈസ്തവരെയും ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കും എന്ന്. അപ്പോൾ ഏത് വിഭാഗത്തിന്റെ വ്യക്തിനിയമത്തിലാണ് മാറ്റങ്ങൾ വരുത്തുവാൻ ഉദ്ദേശിക്കുന്നത് എന്നതും ഈ നിയമത്തെ എങ്ങനെ ഏകീകൃത സിവിൽ നിയമം എന്ന് കരുതുവാൻ കഴിയും എന്നതും പ്രസക്തമാണ്.


നമ്മുടെ രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ, സിവിൽ നിയമങ്ങളിൽ, ബാങ്കിംഗ് നിയമം, കരാർ നിയമം, കമ്പനി നിയമം, രജിസ്‌ട്രേഷൻ നിയമം, സ്ത്രീധന നിരോധന നിയമം, ശൈശവ വിവാഹ നിരോധന നിയമം, ഗർഭഛിദ്ര നിയമം എന്നിവ എല്ലാ ജാതി, മതവിഭാഗങ്ങൾക്കും ഒന്നുപോലെ ബാധകമാണ്. സിവിൽ നിയമവിഭാഗത്തിൽ വിവാഹം, വിവാഹമോചനം, ദായക്രമം, ദത്തെടുക്കൽ, പിന്തുടർച്ചാവകാശം തുടങ്ങിയ കാര്യങ്ങളിലാണ് വ്യത്യസ്ഥത നിലനില്ക്കുന്നത്. ഈ വ്യക്തിനിയമമേഖലകളിൽ ഏകീകരണം നടപ്പിലാക്കണമോ എന്നതിനെക്കുറിച്ച് പഠനം നടത്തിയ കേന്ദ്ര ലോ കമ്മീഷൻ 2018-ൽ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് നമ്മുടെ രാജ്യത്തെ സാമൂഹിക സാഹചര്യങ്ങൾ മേൽസൂചിപ്പിച്ച വിഷയങ്ങളിൽ ഒരു ഏകീകൃത നിയമനിർമാണത്തിന് പാകമായിട്ടില്ല എന്നും, പാകമാകുന്നതുവരെ കാത്തിരിക്കുന്നതുമാണ് ഉചിതം എന്നുമാണ്. അപ്പോൾ ഭരണഘടനാശില്പികൾ നിർദേശിച്ച ഈ സുപ്രധാനമായ മാറ്റങ്ങൾ ഇന്ത്യപോലെ വൈവിധ്യതയുടെ ഒരു സംഗമഭൂമിയിൽ കൊണ്ടുവരുമ്പോൾ, അത് രാജ്യത്തെയും ജനങ്ങളെയും വർധമാനമായ രീതിയിൽ ഒന്നിപ്പിക്കാനും ശക്തിപ്പെടുത്താനും ഉതകുന്ന അന്തരീക്ഷം സൃഷ്ടിക്കും എന്നുറപ്പാക്കാൻ ഭരണാധികാരികൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്. കേവലം രാഷ്ട്രീയ നേട്ടത്തിനോ തിരഞ്ഞെടുപ്പ് വിജയത്തിനോവേണ്ടി സ്വീകരിക്കുന്ന ഒരു അടവുനയമായി ഭരണഘടനാ നിർദേശകതത്ത്വങ്ങളെ ഉപയോഗിക്കുവാൻ പാടില്ല. നമ്മുടെ ജനാധിപത്യ, മതേതര പാരമ്പര്യത്തിന് പോറലേൽക്കാതെ, വിശദമായ ചർച്ചകളിലൂടെയും സഹിഷ്ണുതയിലൂന്നിയ സംവാദത്തിലൂടെയുമാണ് വ്യക്തിനിയമങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തേണ്ടത്. അത് തുടങ്ങിവയ്‌ക്കേണ്ടത് ഇന്ത്യൻ ബഹുസ്വരതയുടെ രൂപമായ പാർലമെന്റിൽ ആകുന്നതിൽ തെറ്റില്ല. പക്ഷേ, തിടുക്കപ്പെട്ട് നിയമനിർമാണത്തിലേക്കല്ല, മറിച്ച് രാജ്യത്താകമാനം ചർച്ചകൾക്ക് തുടക്കം കുറിക്കുവാനും ഏറ്റവും ഉചിതവും കാലോചിതവുമായ, എന്നാൽ ഒരു വിഭാഗത്തെയും വ്രണപ്പെടുത്താതെയും സർവസമ്മതവുമായ  ഒരു തീരുമാനത്തിലേക്ക് എത്തുകയുമാണ് വേണ്ടത്.


ഇത്തരുണത്തിൽ ഭരണഘടന നിർമാണസഭയിൽ നിർദേശകതത്ത്വങ്ങൾ സംബന്ധിച്ച ചർച്ചകളിൽ ഉയർന്നുവന്ന അഭിപ്രായങ്ങളും അന്തിമതീരുമാനവും കാണേണ്ടതായിട്ടുണ്ട്. 1948 നവംബർ 19-ാം തീയതി നടന്ന നിർദേശകതത്ത്വങ്ങൾ സംബന്ധിച്ച ചർച്ചകളിൽ  ബ്രജേശ്വർ പ്രസാദ് (ബീഹാർ), കാസി സയ്യിദ് കരീമുദ്ദീൻ (കേന്ദ്ര  പ്രവിശ്യകളും ബെരാറും), എം. അനന്തശയനം അയ്യങ്കാർ (മദ്രാസ്), കെ.വി. കാമത്ത് (കേന്ദ്ര  പ്രവിശ്യകളും ബെരാറും), നസിറുദീൻ അഹമ്മദ് (പശ്ചിമ ബംഗാൾ), ഡോ. ബി.ആർ. അംബേദ്കർ (ബോംബെ) എന്നിവർ പങ്കെടുത്തു. ഇതിൽ കാസി സയ്യിദ് കരീമുദ്ദീനും, നസറുദ്ദീൻ അഹമ്മദും നിർദേശകതത്ത്വങ്ങൾ എന്നത് മാറ്റി അടിസ്ഥാന അഥവാ മൗലികതത്ത്വങ്ങൾ എന്ന ഭേദഗതി കൊണ്ടുവരികയും വാദിക്കുകയും ആണ് ചെയ്തത്. (Directive എന്നതിന് പകരം Fundamental Principles of State Policy എന്നാക്കുകയും, അവ കോടതിവഴി സ്ഥാപിച്ചെടുക്കുവാൻ കഴിയുന്ന അവകാശം ആക്കണം എന്ന് ശക്തമായി വാദിച്ചു.) എച്ച്.വി. കാമത്തും ഈ നിലപാട് സ്വീകരിച്ചെങ്കിലും അവസാനം തന്റെ ഭേദഗതി പിൻവലിച്ചു. കാമത്ത് പ്രധാനമായി പറഞ്ഞത് സർദാർ പട്ടേലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി 1947 ആഗസ്റ്റ് 30-ന് സമർപ്പിച്ച റിപ്പോർട്ടിൽ ഭരണഘടനയിലെ മൗലിക അവകാശങ്ങളോടൊപ്പം, ഭരണഘടനയിൽ, കോടതിവഴി സ്ഥാപിച്ചെടുക്കാൻ കഴിയാത്തതെങ്കിലും, ചില നിർദേശകതത്ത്വങ്ങൾ രാജ്യഭരണത്തിന്റെ അടിസ്ഥാന അഥവാ മൗലികതത്ത്വങ്ങളായി (Fundamental Principles of Governance)  ഉൾപ്പെടുത്തണം എന്നാണ്.


എം.അനന്തശയനം അയ്യങ്കാർ ഈ നിലപാടിനെ എതിർത്തുകൊണ്ട് ഈ നിർദേശക അഥവാ അടിസ്ഥാനതത്ത്വങ്ങൾ കോടതിവഴി സ്ഥാപിച്ചെടുക്കുവാൻ കഴിയുകയില്ല. 10 വർഷത്തിനകം ഈ നിർദേശങ്ങൾ സർക്കാർ നടപ്പിലാക്കാത്ത പക്ഷം കോടതിക്ക് എന്തു ചെയ്യാൻ കഴിയും, മറിച്ച് ശക്തമായ പൊതുജനാഭിപ്രായത്തിലൂടെയാണ് ഇവ നടപ്പാക്കേണ്ടത് എന്നാണ് അദ്ദേഹം വാദിച്ചത്. ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് സംസാരിച്ച ഡ്രാഫ്റ്റിംഗ് കമ്മറ്റി ചെയർമാൻ ബി.ആർ. അംബേദ്കർ നിർദേശകതത്ത്വങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭാവി നിയമനിർമാതാക്കൾക്കും, ഭരണകൂടങ്ങൾക്കും അവർ സ്വീകരിക്കേണ്ട നിലപാടുകളും നടപടികളും സംബന്ധിച്ച ഒരു ചൂണ്ടുപലക എന്നതാണെന്നും, അതുകൊണ്ട് നിർദേശകതത്ത്വങ്ങൾ എന്നത് നിലനിറുത്തണം എന്നും വാദിച്ചതിന്റെ അടിസ്ഥാനത്തിൽ സഭ അത് അംഗീകരിക്കുകയുമാണ് ഉണ്ടായത്.


ഇന്ന് രാജ്യത്ത് നിലവിലെ രാഷ്ട്രീയസാഹചര്യങ്ങൾ അനുസരിച്ച്, തിടുക്കത്തിൽ ഈ നിയമനിർമാണം നടത്തി വിവിധ സമുദായങ്ങൾക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. സാമുദായിക വിഭജനവും അതിലൂടെയുള്ള രാഷ്ട്രീയ നേട്ടവുമല്ല സർക്കാർ ലക്ഷ്യമെങ്കിൽ ഏകീകൃത സിവിൽ നിയമം നടപ്പാക്കൽ ഉപേക്ഷിക്കുന്നതാണ് നല്ലത്.


(ലേഖകന്‍, മുൻ പാര്‍ലമെന്റംഗം)