ആർച്ച്ബിഷപ്പ് മാർ ജോസ്ഫ് പാംപ്ലാനി/ഘനശ്യാം വെള്ളിയൂർ എനിക്ക് രാഷ്ട്രീയമില്ല
അഭിമുഖം
ദൈവികതയിലൂന്നിയ മനുഷ്യപക്ഷം മാത്രം
നിലപാടുകൾകൊണ്ടും പ്രസ്താവനകൾകൊണ്ടും കേരളത്തിന്റെ പൊതുമണ്ഡലങ്ങളിൽ നിറഞ്ഞുനില്ക്കുകയാണ് ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. അടിസ്ഥാനജനതയുടെ ദുരിതങ്ങളെ മുൻനിറുത്തിയുള്ള സഭാപിതാവിന്റെ വാക്കുകൾ രാഷ്ട്രീയ കേരളത്തെ കുറച്ചൊന്നുമല്ല സംവാദാത്മകമാക്കുന്നത്.
മണിപ്പുര്‍ കലാപം ഇന്ത്യൻജനാധിപത്യത്തെ നഗ്നയാക്കി തെരുവിലൂടെ നടത്തുമ്പോൾ അദ്ദേഹത്തിന്റെ പ്രതികരണങ്ങൾക്ക് ദേശീയ പ്രാധാന്യം കൈവരുന്നു. രാഷ്ട്രീയമല്ല, രാഷ്ട്രത്തെക്കുറിച്ചുള്ള ആവലാതികളും ഇവിടത്തെ സാധാരണമനുഷ്യന്റെ ദുരിതങ്ങളുമാണ് അദ്ദേഹം ഉറക്കെ വിളിച്ചുപറയുന്നത്.
?മണിപ്പുര്‍ കലാപം ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷം എന്നതിലുപരി ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനുള്ള രാഷ്ട്രീയപദ്ധതിയുടെ ഭാഗമാണ്. ഇത് തിരിച്ചറിയാനും പ്രതികരിക്കാനും കത്തോലിക്കാസഭ വൈകിയോ? മണിപ്പുര്‍ വിഷയത്തിൽ താങ്കളുടെ പ്രതികരണം വ്യക്തമാക്കാമോ?
മണിപ്പുരിലെ കലാപം ഒരു ഗോത്രലഹളയായി ആരംഭിച്ചു എന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. അവിടെനിന്നുള്ള സഭാധികാരികളുടെ പരാമർശങ്ങളും തുടക്കത്തിൽ ആ രീതിയിൽത്തന്നെയായിരുന്നു. പ്രാദേശിക സഭാധികാരികളുമായിട്ടുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് സാധാരണയായി കേരളസഭ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായ രൂപീകരണം നടത്തുക.എന്നാല്‍, ആഴ്ചകൾക്കുശേഷം കലാപത്തിന്റെ സ്വഭാവവും ലക്ഷ്യവും മാറി. ഇരുഗോത്രങ്ങളിലും ഉൾപ്പെടുന്ന ക്രൈസ്തവരെ ആസൂത്രിതമായും ഭീകരമായും ആക്രമിക്കുന്ന അവസ്ഥയിലേക്ക് കലാപം നീങ്ങി. അതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ കേരളസഭയ്ക്ക് ലഭിച്ചുതുടങ്ങിയ സമയംമുതൽ മണിപ്പുർ വർഗീയ കലാപത്തെ സഭ സൂക്ഷ്മമായി വിശകലനം ചെയ്തുവരുന്നുണ്ട്. കലാപത്തിന്റെ ആദ്യഘട്ടത്തിൽ സഭ പ്രതികരിക്കാത്തതിന്റെ കാരണം, ഇതൊരു ഗോത്രകലാപമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ഗോത്രകലാപത്തെ വർഗീയവത്കരിച്ച് പ്രസ്താവനയിറക്കുന്നത് സമൂഹത്തിന് ഗുണകരമാവില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തുടക്കത്തിൽ സഭ പ്രതികരിക്കാതിരുന്നത്. വര്‍ഗീയകലാപം എന്ന തിരിച്ചറിവ് വന്നതോടെ സി.ബി.സി.ഐ,കെ.സി.ബി.സി, സീറോ മലബാര്‍ സഭ സിനഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.മണിപ്പുര്‍ വിഷയത്തിൽ കേരളത്തിൽ അഭിപ്രായപ്രകടനം നടത്തുന്ന പലരും പീഡിതരായ ക്രൈസ്തവരോടുള്ള കരുതലുകൊണ്ടല്ല, രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമാക്കിയാണ് പ്രതികരിക്കുന്നത് എന്ന്‍ വ്യക്തമാണ്.
?മണിപ്പുര്‍ കലാപത്തോടെ ബി.ജെ.പി – കത്തോലിക്കാസഭ മധുവിധു അവസാനിച്ചുവെന്ന രാഷ്ട്രീയവിമർശനത്തെ എങ്ങനെ നോക്കിക്കാണുന്നു. എം.എം. മണി, താങ്കളുടെ റബർവിലയുമായി ബന്ധപ്പെട്ട പ്രസ്താവനയ്ക്ക് മറുപടി പറഞ്ഞത് ശ്രദ്ധിച്ചുകാണുമല്ലോ. താങ്കളുടെ അഭിപ്രായങ്ങൾ വീണ്ടും ചർച്ചയാവുന്ന പശ്ചാത്തലത്തിൽ എന്താണ് പറയുവാനുള്ളത്?
ബി.ജെ.പി – കത്തോലിക്കാ മധുവിധു എന്നുള്ളത് ചില രാഷ്ട്രീയനേതാക്കളുടെയും മാധ്യമങ്ങളുടെയും സൃഷ്ടി മാത്രമാണ്. കത്തോലിക്കാസഭയും ബി.ജെ.പിയും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ബാന്ധവം നടന്നെങ്കിൽ മാത്രമേ മധുവിധുവിന്റെ പ്രസക്തിയുണ്ടാവുകയുള്ളൂ. അങ്ങനെയൊരു മധുവിധുവിന്റെ ആവശ്യമോ ആഗ്രഹമോ സഭയ്ക്കില്ല. സഭയ്ക്ക് എല്ലാ കാര്യങ്ങളെയും സംബന്ധിച്ച് വസ്തുനിഷ്ഠമായ നിലപാടുകളുണ്ട്. സമൂഹത്തിൽ ഓരോ വിഷയമുണ്ടാവുമ്പോഴും അവയെ വസ്തുതാപരമായി വിലയിരുത്തി പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്യുന്ന നിലപാടാണ് സഭയ്ക്കുള്ളത്.
ഏതാനുംപേർ അവരുടെ മനസ്സിലെ വര്‍ഗീയ സങ്കല്പങ്ങൾ സഭയുടെ മേൽ ആരോപിക്കുകയാണ്. യഥാർഥത്തിൽ ഈ ആരോപണം കേരളരാഷ്ട്രീയത്തിൽ വളരെ ആസൂത്രിതമായി നടക്കുന്ന ഗൂഢാലോചനയായിട്ടാണ് ഞങ്ങൾ കാണുന്നത്. അതായത് ക്രൈസ്തവരെക്കൂടി ബി.ജെ.പി പക്ഷത്ത് നിറുത്തിക്കഴിഞ്ഞാൽ ഇതര ന്യൂനപക്ഷങ്ങളുടെ പിന്തുണ തങ്ങൾക്കുറപ്പാക്കാൻ സാധിക്കും എന്നു ചിന്തിക്കുന്ന ഒരു രാഷ്ട്രീയകൗശലം ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. അവരുടെ ഇത്തരം കൗശലങ്ങളെ തിരിച്ചറിയാനും തിരസ്കരിക്കാനും തക്ക ചിന്താശേഷി സഭയ്ക്കുണ്ട്.
റബർവിലയുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ പ്രസ്താവനയെ കക്ഷിരാഷ്ട്രീയവുമായല്ല ബന്ധിപ്പിക്കേണ്ടത്. റബർ കർഷകർ ഇന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ഈ പ്രശ്‌നത്തിന് തീർച്ചയായും പരിഹാരം കാണണം. സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനുമാണ് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുക.
സംസ്ഥാന സർക്കാർ റബർകർഷകരോട് വലിയ ദ്രോഹമാണ് ചെയ്തിരിക്കുന്നത്. റബറിന് ഇരുനൂറ്റി അൻപത് രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കും എന്ന് പറഞ്ഞുവെങ്കിലും ഇതേവരെ ആ ഉറപ്പ് പാലിച്ചിട്ടില്ല. നയപരമായ നടപടികളിലൂടെ റബറിന്റെ വില വർധിപ്പിച്ചുതരാൻ സാധിക്കുക കേന്ദ്രസർക്കാരിന് മാത്രമാണ്. ഇറക്കുമതി നയങ്ങൾ രൂപപ്പെടുത്താനും അതിന്റെ തീരുവയും മറ്റും നിശ്ചയിക്കാനുമുള്ള അവകാശം കേന്ദ്രസർക്കാരിനാണ്. അപ്പോൾ കേന്ദ്രസർക്കാരിനോടാണ് ഞാൻ സംസാരിച്ചത്. ബി.ജെ.പി എന്ന വാക്ക് ആ അവസരത്തിൽ ഞാൻ ഉപയോഗിച്ചില്ല. അവിടെ ബി.ജെ.പി എന്ന പദം കുത്തിത്തിരുകി ഈ കര്‍ഷക ആവശ്യത്തെ വർഗീയവത്കരിക്കാൻ ശ്രമിച്ചത് ഇവിടത്തെ ചില ഇടതുപക്ഷ നേതാക്കന്മാരാണ്. ആ വർഗീയവത്കരണത്തെയാണ് ഞങ്ങൾ എതിർക്കുന്നത്. തിരുത്തപ്പെടേണ്ട വർഗീയചിന്തയാണിത്. പിന്നെ എം.എം. മണിയുടെ കാര്യം. അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് കേരളസമൂഹത്തിൽ ആരുംതന്നെ മറുപടി പറയാറില്ല അതുകൊണ്ടുതന്നെ അതിന് മറുപടി പറയാൻ ഞാനും ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ നാക്ക് അദ്ദേഹത്തിനുതന്നെ ബാധ്യതയായി മാറുന്നുണ്ട്.
?റബർ താങ്ങുവില വിവാദ പ്രസംഗത്തിനുശേഷം താങ്കൾ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. വളരെയധികം വിമർശനങ്ങൾ രാഷ്ട്രീയ, മാധ്യമ, സാംസ്‌കാരിക മണ്ഡലങ്ങളിൽനിന്ന്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. ഈ വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ, അന്ന് ആ പ്രസ്താവന ഒഴിവാക്കാമായിരുന്നു എന്ന് തോന്നിയിരുന്നോ? പഴയ പ്രസ്താവനയിൽ ഇപ്പോഴും ഉറച്ചുനില്ക്കുന്നുണ്ടോ?
ആ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു എന്നെനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കാരണം, ഞാൻ പറഞ്ഞത് എന്റെ ചുറ്റുവട്ടവുമുള്ള കർഷകജനതയുടെ ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന ആഗ്രഹംകൊണ്ടാണ്. ഈയൊരു പ്രസംഗത്തിലൂടെ കർഷകരുടെ പ്രശ്‌നങ്ങൾ മുഖ്യധാരയിൽ ചർച്ചാവിഷയമായി എന്നത് ഒരു വലിയ നേട്ടമാണ്.
ഇനി രാഷ്ട്രീയക്കാർ മലയോരകർഷകരെ സമീപിക്കുമ്പോൾ റബർ വിഷയത്തിൽ മറുപടി പറയാതെ അവരോട് വോട്ട് ചോദിക്കാൻ കഴിയില്ല. ഈ വിധത്തിൽ റബർവില ഒരു പൊതുചർച്ചയാക്കി മാറ്റാൻ കഴിഞ്ഞുവെന്നുള്ളത് ആ പ്രസംഗത്തിന്റെ നേട്ടമായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതിൽ യാതൊരുവിധത്തിലുള്ള പശ്ചാത്താപവും എനിക്കില്ലെന്നുമാത്രമല്ല ആ അഭിപ്രായത്തിൽ ഇപ്പോഴും, നൂറുശതമാനവും ഞാൻ ഉറച്ചുനില്ക്കുന്നു.
?ഏക സിവിൽ കോഡ് വിവാദം മണിപ്പുർ വിഷയത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണോ? ഏക സിവിൽ കോഡിന്റെ കാര്യത്തിൽ കത്തോലിക്കാസഭയുടെ നിലപാടെന്താണ്?
മണിപ്പുര്‍ വർഗീയ കലാപത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമായി ഏക സിവിൽ കോഡിനെ കാണേണ്ടതില്ല. ഇന്ത്യൻ ഭരണഘടനയിലെ 44-ാം ഖണ്ഡികയിൽ ഏക സിവിൽ കോഡിനെക്കുറിച്ച് പരാമർശിക്കുന്നുണ്ടല്ലോ. ഇതുമായി ബന്ധപ്പെട്ട് സഭ ഒരു നിലപാടെടുക്കണമെങ്കിൽ, ഏക സിവിൽ കോഡിലൂടെ എന്താണ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായി, ഉത്തരവാദപ്പെട്ട സമിതികളിൽ അവതരിപ്പിക്കണം. ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചുകഴിഞ്ഞാൽ അതേക്കുറിച്ച് അഭിപ്രായം പറയാം. ജനിക്കാത്ത കുഞ്ഞിന്റെ ജാതകമെഴുതാൻ കത്തോലിക്കാസഭയ്ക്കിപ്പോൾ താത്പര്യമില്ല.
ബിൽ അവതരിപ്പിച്ചു കഴിഞ്ഞാലേ അതിലടങ്ങിയിരിക്കുന്ന വ്യവസ്ഥകളിലെ ശരിതെറ്റുകളെയും അപകടങ്ങളെയും കുറിച്ച് പറയാൻ സാധിക്കൂ. അതുകൊണ്ടുതന്നെ ഏക സിവിൽ കോഡ് വിഷയത്തിൽ സഭ ഇപ്പോൾ ആധികാരികമായി പ്രതികരിക്കുന്നില്ല. അതേസമയം, ഭാരതത്തിന്റെ സാംസ്‌കാരികവൈവിധ്യത്തെ പരിഗണിക്കുമ്പോൾ ഏക സിവിൽ കോഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എത്രത്തോളം പ്രായോഗികമാവും എന്നുകൂടി നമ്മൾ ആലോചിക്കേണ്ടതുണ്ട്.
ഇത്തരം കാര്യങ്ങളിൽ ജനങ്ങൾക്കുണ്ടാവുന്ന ആശങ്കകൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ വികാരങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഈ വിഷയത്തിൽ സർക്കാർ നിലപാട് സ്വീകരിക്കുന്നതാണ് ഉചിതമെന്നാണ് കത്തോലിക്കാസഭയ്ക്ക് ഈ ഘട്ടത്തിൽ പറയാനുള്ളത്.
നമ്മുടെ രാജ്യത്തെ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ (പീനൽകോഡ്) ഏകീകരിക്കപ്പെട്ടതാണ്. സിവിൽ കോഡ് ഏകീകരിക്കുക എളുപ്പമല്ല. ഇത് ഏകീകരിക്കപ്പെടാതെ നില്ക്കുന്നതിനു കാരണം നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യമാണ്. ഏക സിവിൽ കോഡ് മുസ്ലീം സമുദായത്തെ മാത്രം ബാധിക്കുന്നതാണ് എന്ന് വരുത്തിത്തീർക്കുകയും അവർക്കിടയിൽ ഭീതി ജനിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനും സാമുദായിക ധ്രുവീകരണം നടത്താനുമുള്ള പരിശ്രമമാക്കി രാഷ്ട്രീയക്കാർ ഇതിനെ മാറ്റിത്തീർക്കുന്നു എന്നത് അപകടകരമാണ്.
?പക്ഷേ, പ്രധാനമന്ത്രിതന്നെ പറഞ്ഞതായി മാധ്യമങ്ങളിൽ വന്നല്ലോ ക്രൈസ്തവരെയും ചില ഗോത്രവർഗ ജനതയെയും ഏക സിവിൽ കോഡിൽനിന്ന്‍ ഒഴിവാക്കുമെന്ന്?
അങ്ങനെ ആര് ആരോട് പറഞ്ഞു? ഇതുവരെയും പ്രധാനമന്ത്രി ഔദ്യോഗികമായി ഇക്കാര്യം പറഞ്ഞിട്ടില്ല. ഉത്തരവാദപ്പെട്ട ആരും ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. ഏതോ ഒരു നേതാവ് കേന്ദ്രമന്ത്രിയെ കാണാൻ പോയപ്പോൾ കേന്ദ്രമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടു എന്ന് മാധ്യമങ്ങൾ പറഞ്ഞതല്ലാതെ ഔദ്യോഗികമായ ഒരറിയിപ്പും വന്നിട്ടില്ല. ക്രൈസ്തവരെ ഇതിനകത്തുനിന്ന്‍ ഒഴിവാക്കാനൊന്നും സാധ്യമല്ല. ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കിയാൽപ്പിന്നെ ഏകീകൃത സിവിൽകോഡ് എന്ന പദത്തിനുതന്നെ അർഥം നഷ്ടപ്പെടുകയാണല്ലോ. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളൊക്കെ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനുള്ളതാണ്.
?സി.പി.ഐഎമ്മിന്റെ നേതൃത്വത്തിൽ ഏക സിവിൽ കോഡിനെതിരെ നടത്തിയ സെമിനാറിനെ എങ്ങനെയാണ് കാണുന്നത്?
ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള പൊതുബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ സ്വാഗതാർഹമാണ്. സി.പി.എമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട സെമിനാറിൽ, അവർക്ക് അവരുടേതായ ലക്ഷ്യങ്ങൾ ഉണ്ടാവാം. അവ നേടിയെടുക്കുന്നതിനായി പ്രവർത്തിക്കാൻ അവർക്ക് അവകാശമുണ്ട്. ഒരുപക്ഷേ, ഇനി കോൺഗ്രസ്സുകാരും ലീഗുകാരും സെമിനാർ നടത്തുമായിരിക്കും. അതിനൊക്കെ പ്രഖ്യാപിത നിലപാടിനുള്ളിൽനിന്നുകൊണ്ട് സഭ സഹകരണം നല്കുന്നതായിരിക്കും.
?കേരളത്തിലെ കർഷകരുടെ പ്രശ്‌നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നുണ്ടോ?
കർഷകരുടെ പ്രശ്‌നങ്ങൾ ഇരു സർക്കാരുകളും അവഗണിക്കുന്നു എന്നത് വസ്തുതയാണ്. കുറെ കാര്യങ്ങളൊക്കെ അവർ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, കർഷകർക്ക് ഗുണകരമാകുന്ന രീതിയിൽ, പ്രായോഗികമായി സർക്കാർ ഒന്നും ചെയ്യുന്നില്ല. കൃഷി ഉപജീവനമാക്കിക്കൊണ്ട് ഇവിടെ ഒരു കുടുംബത്തിനും ജീവിക്കുവാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത്, സർക്കാർ കർഷകരോട് പുലർത്തുന്ന വൈമുഖ്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. കർഷകർ ഇന്ന് കടന്നുപോവുന്നത് സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെയാണ്. അത് അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. വന്യമൃഗങ്ങളുടെ ശല്യം കാരണം കൃഷിഭൂമികൾ മുഴുവനും നശിച്ചുകൊണ്ടിരിക്കുകയാണ്. മലയോരമേഖലയിൽ നട്ടുവളർത്തിയ സകല കൃഷികളും നശിപ്പിക്കപ്പെട്ടു. കർഷകന്റേതായ എല്ലാം വന്യമൃഗങ്ങളുടെ ആഹാരമായി മാറിക്കഴിഞ്ഞിരിക്കുന്നു.
വന്യമൃഗങ്ങളുടെ ആക്രമത്തിനിരയായി, കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ കണ്ണൂരിൽമാത്രം ഇരുപത്തിഅഞ്ചിലധികം മനുഷ്യർ കൊല്ലപ്പെട്ടു. ഇത്തരം പ്രശ്‌നങ്ങൾക്കൊന്നും കൃത്യമായ പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിയുന്നില്ല. സർക്കാരിന് ഇക്കാര്യത്തിൽ ആത്മാർഥതയില്ല എന്നുവേണം കരുതാൻ.
വനാതിർത്തിയും കൃഷിഭൂമിയും തമ്മിൽ വ്യക്തമായ വേർതിരിവുണ്ടാക്കാൻ സർക്കാർ തയാറാവണം. ആനമതിൽപോലുള്ള സംവിധാനം ഒരുക്കിയ ഇടങ്ങളിൽ കർഷകർ സുരക്ഷിതരാണ്. വനഭൂമി വനഭൂമിയായിത്തന്നെ നിലനിറുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. മൃഗങ്ങൾ കൃഷിഭൂമിയിലേക്ക് കടന്നുവരാതെ നോക്കേണ്ടതും സർക്കാരാണ്. അതുപോലെത്തന്നെ കർഷകർ വനഭൂമിയിൽ പ്രവേശിക്കാനും ആഗ്രഹിക്കുന്നില്ല. ഈയൊരു വേർതിരിവിനുവേണ്ട മതിലുകൾ, ഹാങ്ങിംഗ് സോളാർ ഫെൻസിംഗ് എന്നിവയൊക്കെ സ്ഥാപിക്കാൻ സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ സാധിക്കും. പക്ഷേ, കർഷകരെ പരിഗണിച്ച് മുന്നോട്ടുപോവാൻ സർക്കാരിന് താത്പര്യമില്ല എന്നാണ് വ്യക്തമാകുന്നത്.കർഷക പെൻഷന്റെ കാര്യംതന്നെ നോക്കൂ! അൻപത്തിഅഞ്ച് വയസ്സുവരെ ജോലിചെയ്യുന്ന ഒരു സർക്കാരുദ്യോഗസ്ഥന് ലഭിക്കുന്ന പെൻഷൻതുകയും ഇവിടത്തെ കർഷക പെൻഷൻ തുകയും ഒന്ന് താരതമ്യം ചെയ്തുനോക്കൂ. അപ്പോൾ മനസ്സിലാവും കർഷകനോടുള്ള സർക്കാരിന്റെ സമീപനത്തിലെ ആത്മാർഥതയില്ലായ്മ.
?മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കുവാൻ സർക്കാരും രാഷ്ട്രീയപാർട്ടികളും ആത്മാർഥമായി ശ്രമിക്കുന്നുണ്ടോ?
ഒട്ടും ശ്രമിക്കുന്നില്ല എന്നതാണ് വസ്തുത. ചെറിയ ഒരു ശ്രമമെങ്കിലും സർക്കാർ നടത്തിയിരുന്നെങ്കിൽ വന്യമൃഗങ്ങളെ വനാതിർത്തിക്കുള്ളിൽ ഒതുക്കിനിറുത്താൻ സാധിക്കുമായിരുന്നു. ആനമതിലും സോളാർ ഫെൻസിംഗുമൊക്കെ മികച്ച മാതൃകകളായി നമുക്കു മുന്നിലുണ്ട്. ആനയെയും കാട്ടുപന്നികളെയുമൊക്കെ ഒരു പരിധിവരെ അകറ്റിനിറുത്താൻ ഇവകൊണ്ട് സാധിക്കും. ഇന്ന് കാട്ടുപന്നികൾ കൃഷിഭൂമിയിൽത്തന്നെ പെറ്റുപെരുകി അവിടെത്തന്നെ ഒരു ആവാസവ്യവസ്ഥ ഉണ്ടാക്കിയെടുത്തു കഴിഞ്ഞു. കൃഷിഭൂമിയിൽ വളരുന്ന മൃഗങ്ങളും വന്യമൃഗങ്ങൾ എന്ന നിർവചനത്തിന്റെ പരിധിയിലാണ് വരുന്നത്. മനുഷ്യൻ കൃഷിചെയ്യുന്ന ഭൂമിയിൽ വന്യമൃഗങ്ങൾ പെറ്റുപെരുകുകയാണെങ്കിൽ ‘വന്യമൃഗം’ എന്ന പദവി നല്കാൻ പാടില്ല. അവയെ വളർത്തുമൃഗം എന്ന ഗണത്തിൽപ്പെടുത്തി യഥേഷ്ടം കൈകാര്യം ചെയ്യാനുള്ള അവകാശം കർഷകന് കൊടുക്കണം. പ്രത്യേകിച്ച് കാട്ടുപന്നി, ആന, മയിൽ, കുരങ്ങ് എന്നിവയാണ് കൂടുതൽ ശല്യമുണ്ടാക്കുന്നത്. ഒരുപക്ഷേ, കേന്ദ്രസർക്കാരിന്റെ പിന്തുണ ഇതിനാവശ്യമായിവരും. അതിനും സംസ്ഥാന സർക്കാർ മുൻകൈ എടുക്കണം.
കർഷകൻ നികുതിയടച്ച് സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്ന കൃഷിഭൂമി വന്യമൃഗങ്ങൾക്ക് തീറെഴുതേണ്ട അവസ്ഥയിലേക്കെത്തിക്കുന്നത് സർക്കാരിന്റെ അനാസ്ഥയാണ്.