നാടകസ്ത്രീകൾ – ഇ.പി.രാജഗോപാലൻ
ചേർച്ച
ബാല്യവും യൗവനാരംഭവും ( ഇരുപത് വയസ്സു വരെ – 1980 ) ചെലവഴിച്ച അച്ഛന്റെ തറവാട്ടുവീടിനെപ്പറ്റി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വീണ്ടും പറയുകയാണ്. ആ വീട്ടിൽ സ്ഥിരതാമസക്കാരായി മൂന്നു സ്ത്രീകൾ ഉണ്ടായിരുന്നു. ഞങ്ങൾ കുട്ടികൾ അമ്മമ്മ എന്ന് വിളിച്ചിരുന്ന അച്ഛമ്മ, ഏട്ടിയമ്മ എന്ന് വിളിച്ചിരുന്ന അച്ഛന്റെ മൂത്ത പെങ്ങൾ, അമ്മ എന്നിവർ. അതേ വീട്ടുവളപ്പിൽത്തന്നെ ഉണ്ടായിരുന്നു അച്ഛന്റെ മറ്റൊരു പെങ്ങളുടെ വീട്. അവർക്ക് നാല് പെണ്മക്കൾ. സ്ത്രീകൾ നിറഞ്ഞ ഈ വീട്ടന്തരീക്ഷത്തെപ്പറ്റി ഇപ്പോൾ ആലോചിക്കുകയാണ്. പലതരം ആവിഷ്കാരങ്ങൾ ഈ ഉറ്റവരിൽനിന്ന് കണ്ടുകൊണ്ടാണ് വളർന്നത്. പാട്ട്, കവിതാവായന, തമാശ പറയൽ എന്നിവ (വീട്ടിലെ പാചകം, കൃഷികാര്യവിചാരം എന്നിവ കൂടാതെ) ഉണ്ടായിരുന്നു. വാസ്തവത്തിൽ പല സങ്കടങ്ങളും വന്നുപോവുകയും ചിലവ കൂടുകെട്ടിപ്പാർക്കുകയും ചെയ്യുന്ന വീടായിരുന്നു അത്.
എങ്കിലും അവിടത്തെ അന്തരീക്ഷത്തിൽ ഈ ആവിഷ്കാരങ്ങൾ നിലനിന്നു. പകൽനേരത്ത് പലപ്പോഴും അയൽക്കാരും മറ്റുമായ പല സ്ത്രീകളുടെ പെരുമാറ്റങ്ങളും ആ വീടിനെ സജീവമാക്കിയിരുന്നു.
ഈ അനൗപചാരിക സദസ്സിനെ അക്കാലത്താന്നും അതിന്റെ മൂല്യത്തോടെ തിരിച്ചറിയാൻ പറ്റിയില്ല. സ്ത്രീകളുടെ തനത് മുൻകൈ (initiative) എന്ന തത്ത്വവും അക്കാലത്തൊന്നും തെളിഞ്ഞു വന്നിരുന്നില്ല. യു.ആർ. അനന്തമൂർത്തിയോടാണ് ഈ അറിവിന്റെ കാര്യത്തിൽ നന്ദി പറയേണ്ടത്. അദ്ദേഹത്തിന്റെ (തീർത്ഥഹള്ളിയിലെയിലെയാവണം) തറവാട്ടുവീട്ടിന്റെ മുൻഭാഗത്ത് അച്ഛനും സുഹൃത്തുക്കളും മേളിച്ചിരുന്നു. രാഷ്ട്രീയവും ആദ്ധ്യാത്മികതയുമൊക്കയായിരുന്നു അവിടത്തെ വിഷയങ്ങൾ. പിന്നാമ്പുറത്തായിരുന്നു അമ്മയും ചുറ്റുവട്ടത്തെ സ്ത്രീകളും മിണ്ടിയും പറഞ്ഞുമിരിക്കാറ്. സന്തോഷവും സങ്കടവും അവിടെ വിഷയമാകാറുണ്ട്. സ്ത്രീ സർഗാത്മകതയുടെ ഇടം. അവിടത്തെ കൊള്ളക്കൊടുക്കകൾ ശ്രദ്ധിക്കാതിരുന്നെങ്കിൽ താൻ ഒരിക്കലും എഴുത്തുകാരനാകുമായിരുന്നില്ല എന്നാണ് അനന്തമൂർത്തി വെളിപ്പെടുത്തിയത്. അദ്ദേഹത്തെപ്പറ്റി ചന്ദൻ ഗൗഡ എഴുതിയ ഒരു ചെറിയ ലേഖനത്തിൽനിന്നാണ് ഈ കാര്യമറിഞ്ഞത്. അതോടെ ഞങ്ങളുടെ പഴയ തറവാട്ടുവീട്ടിലെ പെൺകൂട്ടായ്മകളുടെ നേരങ്ങൾക്ക് അർഥം കൈവന്നു. അവിടത്തെ ഭാവചലനങ്ങളും നിരീക്ഷണപാടവവും ഭാഷാനടനങ്ങളുമെല്ലാം സർഗാത്മകമാനങ്ങൾ ഉള്ളതായിരുന്നു എന്ന് വെളിവായി. അവയിലെ വ്യത്യസ്തത തെളിഞ്ഞുവരാൻ തുടങ്ങി. ആൺയുക്തികൾക്ക് ബദലായ പോരിമയുടെ അരങ്ങുകളായിരുന്നു അവയൊക്കെ എന്ന് അറിവായി.
തൃശൂരിലെ സംഗീത നാടക അക്കാദമി തിയേറ്ററിൽ സ്ത്രീകൾ മാത്രം അഭിനയിക്കുന്ന പതിനഞ്ച് ചെറിയ (അര മണിക്കൂർ വീതമുള്ള) നാടകങ്ങൾ കണ്ടുകൊണ്ടിരുന്നപ്പോൾ ഇതെല്ലാം ഓർമയിൽ എത്തിച്ചേർന്നു. കേരളത്തിൽ സ്ത്രീകൾമാത്രം അഭിനയിച്ച ആദ്യത്തെ നാടകം എന്ന് കരുതിപ്പോരുന്നത് ‘തൊഴിൽകേന്ദ്രത്തിലേക്ക് ‘ എന്നതാണ് (1948). അതൊരു പോരാട്ടത്തിന്റ ഭാഗമായിരുന്നു. അതിന്റെ രചിതപാഠവും സ്ത്രീകളുടെ കൂട്ടായ നിർമിതിയാണ് എന്നാണ് അറിവ്. പാരമ്പര്യത്തിന്റെ ദുഷ്ടതയിൽനിന്ന് മാറിനില്ക്കാൻ സ്വന്തമായി പണിയെടുത്ത് പണമുണ്ടാകാൻ സ്വയം സജ്ജരാവുന്ന സ്ത്രീസംഘമാണ് ആ നാടകത്തിൽ ഉള്ളത്.
ചില കോളെജുകളിലും മറ്റും കൗതുകത്തിന്റെ പേരിൽ സ്ത്രീകൾ അവതരിപ്പിച്ച നാടകങ്ങൾ ഉണ്ടായിട്ടുണ്ട്. സ്കൂളുകളിലും അത്തരം അവതരണങ്ങൾ നടന്നിട്ടുണ്ട്. ഞാൻ പഠിച്ച തൃക്കരിപ്പൂർ ഹൈസ്കൂളിൽ ഒരു വാർഷികാഘോഷത്തിന് പെൺകുട്ടികൾ മാത്രം നടിച്ച ഒരു നാടകം കണ്ട ഓർമയുണ്ട്. ഗേൾസ് സ്കൂളുകളിൽ ഇത് പതിവായി നടന്നു വരുന്നുണ്ടാകാം. കണിശമായ അറിവില്ല.
സംഗീതനാടക അക്കാദമി പത്തിരുപത്തഞ്ച് കൊല്ലം മുൻപു നടത്തിയ സ്ത്രീനാടകപ്പണിപ്പുരയും മാനുഷി, സമത തുടങ്ങിയ സംഘപ്രവർത്തനങ്ങളും നല്ല നീക്കങ്ങളായിരുന്നു. കേരളത്തിലെ സ്ത്രീനാടകചരിത്രത്തെപ്പറ്റിയുള്ള ഒരു നല്ല പുസ്തകം ഉണ്ട് : ഡോ. സജിത മഠത്തിലിന്റെ. സജിത പ്രശസ്തയായ നാടകപ്രവർത്തകയാണ്. നാടക-ചലച്ചിത്ര അഭിനേത്രിയും നാടകമെഴുത്തുകാരിയും സംവിധായികയും ഗവേഷകയുമാണ്. അവർ എഴുതിയ ചരിത്രത്തെ നാടകത്തിലെ സ്ത്രീസാന്നിധ്യത്തിന്റെ ഒരു ആധികാരിക രേഖയായിത്തന്നെ കാണണം. ഈ വിഷയത്തിലുള്ള അന്വേഷണം ഡോ.സജിത തുടരുന്നുമുണ്ട്.
കഴിഞ്ഞകൊല്ലം സംഗീത നാടക അക്കാദമിയുടെ ഒരു നാടകോത്സവത്തിൽ ‘തീണ്ടാരിപ്പച്ച’ എന്നൊരു നാടകം ഉണ്ടായിരുന്നു. തീണ്ടാരിപ്പേടിയുടെയും കുഞ്ഞുന്നാൾ തൊട്ടുള്ള ശാരീരിക ചൂഷണങ്ങളുടെയും ഉത്കണ്ഠകളും ഒപ്പം വരുന്ന പ്രത്യേകമായ (exclusive) അനുഭവങ്ങളും അറിയിക്കുന്ന നാടകമാണ്. എമിൽ മാധവി എഴുതി (ഡ്രമാറ്റർജി) ശ്രീജീത്ത് രമണൻ സംവിധാനം ചെയ്ത തീണ്ടാരിപ്പച്ചയിൽ അമ്മമാരും വിദ്യാർഥിനികളുമടങ്ങിയ പന്ത്രണ്ടോളം സ്ത്രീകളാണ് അഭിനേതാക്കൾ. മൗലിക പ്രാധാന്യമുള്ള അവതരണം.
തൃശൂരിൽ കണ്ടത് കുടുംബശ്രീ മിഷൻ നടത്തിയ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായുള്ള മത്സരത്തിലെ പതിനഞ്ചു നാടകങ്ങളാണ്. ജില്ലാ മത്സരങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങളാണ് എന്നറിഞ്ഞു. അപ്പോൾ നിരവധി (ചുരുങ്ങിയത് അമ്പത്) സ്ത്രീമാത്രനാടകങ്ങൾ ഇക്കൊല്ലം തന്നെ അരങ്ങിൽ വന്നിട്ടുണ്ടാവും എന്ന് കണക്കുകൂട്ടി. ഇത് തീർച്ചയായും വലിയ, പുതിയ കാര്യമാണ്.
Multitasking (ഒരേ സമയം ഒന്നിൽക്കൂടുതൽ പ്രവൃത്തികൾ ചെയ്യുക) എന്ന കഴിവ് ആണുങ്ങളെക്കാൾ പെണ്ണുങ്ങൾക്കാണുള്ളത്. പരമ്പരാഗതമായ അടുക്കളയിലെ നീക്കങ്ങൾ നോക്കിയാൽത്തന്നെ ഇത് അറിയാനാവും. ചെറിയ കുട്ടികളോട് ഇടപെടുന്ന അമ്മമാരുടെ അഭിനയമടക്കമുള്ള സിദ്ധികൾ സവിശേഷ പഠനത്തിനുള്ള വിഷയമാണ് എന്ന് തോന്നാറുമുണ്ട്. സമൂഹത്തിൽ സ്ത്രീകൾക്ക് വന്നിട്ടുള്ള, സ്ത്രീകൾ നേടിയെടുത്തിട്ടുള്ള ദൃശ്യതയും പ്രവർത്തനോർജവും വിശകലനശ്രദ്ധയും ആത്മവിശ്വാസവുമെല്ലാം തിയേറ്ററിലും പ്രതിഫലിക്കേണ്ടതുണ്ട്. ഇത് വെറും ആഗ്രഹമോ പ്രതീക്ഷയോ അല്ല എന്ന് കാണിക്കുന്ന അവതരണങ്ങളാണ് തൃശൂരിൽ നടന്നത്.
നാടകമത്സരത്തിൽ രണ്ടു തരത്തിൽ സ്ത്രീകളുടെ ക്രിയാത്മകത സ്ഥാനപ്പെടുകയുണ്ടായി. കഥാപാത്രങ്ങൾ പല രൂപ ഭാവങ്ങൾ ഉള്ളവരാണ്. എല്ലാ കഥാപത്രങ്ങളെയും അഭിനയംവഴി വ്യാഖ്യാനിക്കാൻ സ്ത്രീകൾക്കായി. ആണുങ്ങളെ അവതരിപ്പിക്കുമ്പോൾ കണിശമായും ആണുങ്ങളാവാനല്ല, ആണുങ്ങളെപ്പറ്റിയുള്ള തങ്ങളുടെ സങ്കല്പം അവതരിപ്പിക്കാനാണ് സ്ത്രീകൾ ശ്രദ്ധിച്ചത്. അനിവാര്യമായും കാർട്ടൂണിംഗിന്റെ ശൈലി പുരുഷവേഷങ്ങളുടെ അവതരണത്തിൽ ഉപയോഗിക്കുകയുണ്ടായി. ഏറ്റവും നല്ല അഭിനയത്തിനുള്ള സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെട്ടത് ഒരു ആൺ കഥാപാത്രത്തെ അവതരിപ്പിച്ച സ്ത്രീയാണ്. വിമർശനഹാസ്യത്തിന്റെ മിതവും സൂക്ഷ്മവുമായ വിനിയോഗമാണ് ഈ അഭിനയത്തിന്റെ സൗന്ദര്യശാസ്ത്രം.
നാടകത്തിലൂടെ ശരീരത്തിന്റെ സ്വാതന്ത്ര്യത്തെ കാഴ്ചപ്പെടുത്തുകയായിരുന്നു. ഏത് സങ്കീർണ കഥാപാത്രത്തെയും വ്യാഖ്യാനിക്കാനുള്ള നടനശേഷി ഉണ്ടെന്ന് സ്ത്രീകൾ കാണിച്ചുതന്നു. തീർച്ചയായും സാങ്കേതികമായ അഭിനയ പരിശീലനം കിട്ടിയ പെണ്ണാളുകളൊന്നുമല്ല അരങ്ങിലെത്തിയിട്ടുണ്ടാവുക. അതിന്റെ പതർച്ചയൊന്നും പൊതുവെ കണ്ടില്ല. നാടകാഭിനയം തൊഴിലാക്കിയ സ്ത്രീകൾ അത്രയൊന്നും പങ്കെടുത്തിട്ടുണ്ടാവില്ല. ഇനിമുതൽ നാടകത്തെ തങ്ങളുടെ മറ്റൊരു ആവിഷ്കാര സ്ഥലമാക്കാൻ തീരുമാനിച്ചവരുടെ പ്രകടനങ്ങളാണ് കണ്ടത്. നിലവാരം നന്നേ കുറഞ്ഞ നാലഞ്ച് നാടകങ്ങൾ ഉണ്ടായിരുന്നു. രചിതപാഠ (written text) മടക്കമുള്ള മൊത്തം രൂപഘടന തകരാറിലായിപ്പോയതാണ് കാരണം. അത്തരം നാടകങ്ങളിൽപ്പോലും അഭിനയംകൊണ്ട് അവയെ രക്ഷിച്ചെടുക്കാനുള്ള നല്ല ശ്രമം ഉണ്ടായി. ചിതറിപ്പോയ നാടകങ്ങളിൽ നല്ല അഭിനയം ഉണ്ടായി എന്നാണ് പറഞ്ഞുവരുന്നത്. ഹാസ്യത്തെ സ്ത്രീശൈലിയായി പ്രയോജനപ്പെടുത്താൻ കഴിയുന്ന നിരവധി അഭിനേത്രികളെ കണ്ടു.
സ്ത്രീശരീരം, ഫാഷൻലോകം, ഏകാന്തത, കീഴാളത്തം, മേലാളവർഗ ചൂഷണവും ചെറുത്തുനില്പും, ക്ലാസിക്കുകളുടെ സ്ത്രീപക്ഷ വായന, സ്വത്തവകാശം, തൊഴിലാളിത്തം തുടങ്ങിയ വിഷയങ്ങളാണ് നാടകങ്ങൾ പരിഗണിച്ചത്. അവയുടെ പരിചരണത്തിൽ പെണ്ണടയാളങ്ങൾ കാണാമായിരുന്നു. വ്യത്യസ്തമായ പാഠവത്‌കരണം നടന്നു എന്നർഥം. ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട നാടകത്തിൽ ട്രാൻസ്‍ജൻഡർ ജീവിതത്തിലേക്ക് കണ്ണ് തുറക്കുന്ന പ്രണയജീവിതത്തിന്റെയും ഇണജീവിതത്തിന്റെയും കലാത്മകമായ ആവിഷ്കാരമാണ് കണ്ടത്. രണ്ടാം സ്ഥാനത്തെത്തിയ ഒരു നാടകം സാറാ ജോസഫിന്റെ നോവലായ ‘ഊരുകാവലി’ ന്റെ ശക്തമായ അനുരൂപീകരണവും (adaptation). ഈ നാടകത്തിൽ വർഗീയഫാസിസത്തിന്റെ അധികാരചിഹ്നങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു വിമർശനപാഠംകൂടി രൂപപ്പെട്ടിരുന്നു.
കുടംബശ്രീ മിഷൻ ‘രംഗശ്രീ’ എന്ന പേരിൽ ഒരു തിയേറ്റർ വിദ്യാഭ്യാസപദ്ധതി നടപ്പാക്കി വരുന്നതായി അറിഞ്ഞു. അതിന്റെ സ്വാധീനംകൂടി ഈ അവതരണങ്ങളിൽ ഉണ്ടെന്ന് വരാം. പല നാടകങ്ങൾക്കും പുരുഷ സംവിധായകന്മാരാവും ഉണ്ടായിട്ടുണ്ടാവുക. അപ്പോഴും അരങ്ങിലെത്തുന്നത് സ്ത്രീശരീരങ്ങൾ തന്നെയാണ്. ആ പ്രകടനങ്ങളിലെ ശക്തിയും വൈവിധ്യവും കണ്ടറിയാനായി എന്നതാണ് പ്രേക്ഷകരുടെ അനുഭവം. ഭാവിയിൽ ഈ ആവിഷ്കാരങ്ങളുടെ വ്യാപ്തിയും നിലവാരവും സാമൂഹികസൂചകത്വവുമെല്ലാം കുറേക്കൂടി മെച്ചപ്പെടും എന്ന് പ്രതീക്ഷിക്കാൻ കഴിയും.